മലയാള സിനിമയ്ക്ക്ഒരു കാലഘട്ടത്തിന്റെനേര്‍കാഴ്ചകള്‍ സമ്മാനിച്ച ശ്രീ ലോഹിതദാസ് എന്ന അനശ്വര കലാകാരന് കാല യവനികക്കുള്ളില്‍ മറഞ്ഞിട്ട് ഈ ജൂണ്‍ 28 ന് രണ്ട് വര്‍ഷം തികയുന്നു .നൊമ്പരങ്ങളുടേയും ,ഓര്‍മകളുടെയും കണ്ണീര് പൂക്കള്‍ അമരാവതിയില്‍ സിന്ധുവിന് കൂട്ടായി ഇന്നും ,ഇപ്പോഴും ഉണ്ട് ശ്രീ ലോഹിതദാസ് സാറിന്റെ പ്രിയപ്പെട്ട ചിന്തുവിന്...... എന്റെ സിന്ധു ചേച്ചിക്ക് .
മുത്തപ്പനില്ലാതെ(ലോഹിസാറിനെ അങ്ങനെയാണ് സിന്ധു ചേച്ചി വിളിക്കാറ്) വീണ്ടും ഒരു ഓണം കൂടി സിന്ധുചേച്ചിയെതേടി വരുന്നു .ആയുസ്സില്‍ രണ്ട് വര്‍ഷം കുറഞ്ഞുകിട്ടിയല്ലോ എന്ന് ആശ്വസിക്കുകയാണ് ആ മനസ്സ്. സിന്ധു ചേച്ചി മുത്തപ്പന് വെച്ചുവിളമ്പി ,ഊട്ടിയ കറികളില്‍ പലതും എനിക്കിന്ന് മനപ്പാഠമാണ്
.ഓരോ സംഭാഷണങ്ങളിലും ഓരോ കറിക്കൂട്ടുകള്‍ എന്നെ പഠിപ്പിച്ച് , ഓര്‍മകളിലൂടെ കഴിഞ്ഞുപോയ ഓണക്കാലം ആഘോഷിക്കുകയായിരുന്നു സിന്ധു ചേച്ചി .ഓര്‍മകളുടെ വേലിയേറ്റങ്ങളില്‍പ്പെട്ട് വല്ലാതെ ഉലയുമ്പോഴും തീരത്തടുക്കുന്ന മനസ്സിന്റെ തിരമാലകള്‍ക്ക് നിറഞ്ഞ ശാന്തത.
അമരാവതിയിലൂടെ ഒഴുകുമ്പോള്‍ മാത്രംമാണ് സിന്ധുവിലെ ഓളങ്ങള്‍ക്ക് ഈ ശാന്തത .അവിടുത്തെ കാറ്റും, കിളികളും ,പൂക്കളും, കുളവും ,പച്ചപ്പും വിട്ട് സിന്ധുവിന് ഇനിയൊരു ഒഴുക്കില്ല.
സത്യത്തില്‍ സിന്ധു ഇന്ന് ,ഒഴുകുന്ന നദിയാണോ ?ഭാരമില്ലാതെ പൊങ്ങിപ്പറക്കുന്ന തൂവലാണോ ?.
അമരാവതിയിലെ ജീവ വായുവിലും ,അവിടെ പൊഴിയുന്ന മഴയിലും ,പെയ്തിറങ്ങുന്ന വെയിലിലും നിറയെ തന്റെ മുത്തപ്പന്റെ സാനിധ്യം ചിന്തു അറിയുന്നു .ആ അന്തരീക്ഷത്തെ ചൂഴ്ന്നു നില്ക്കുന്ന മൂകതപോലും ചിന്തുവിന്റെ മനസ്സിന് ഇന്ന് ആഹ്ലാദമാണ്.
ലോഹിസാര്‍ പോയ ശേഷം ഒറ്റ യുക്ക് നടന്ന വഴികളിലെല്ലാം മുള്പ്പടര്പ്പുകള് മാത്രം ,ആവശ്യമില്ലാതെ കുത്തി വേദനിപ്പിക്കുന്നു അതിലെ മുള്ളുകള്‍.കവിതകളോടും ,കഥകളോടും മാത്രം പരിഭവങ്ങള്‍ പറയുന്ന സമയങ്ങള്‍ ഒഴിച്ചാല്‍ ശിഷ്ട്ടജീവിതം കടമകള്‍ നിറവേറ്റാന്‍ മാത്രം എന്ന് സിന്ധുചേച്ചി ആശ്വസിക്കുന്നു .
കഴിഞ്ഞ വേനലില്‍ അമരാവതിയിലെ കുളത്തിലെ വെള്ളം പരിഭവിച്ചു പടിയിറങ്ങി പോയെന്നും ,പിന്നെ ചിന്തുവിന്റെ വിഷമം കണ്ടു തിരിച്ചു വന്നു വെന്നും പറയുമ്പോള്‍ ലോഹിസാറിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ആ മണ്ണും ,അവിടുത്തെ കുളവും, ആ കുളത്തില്‍ മുഖം നോക്കുന്ന ചുറ്റു വട്ടമുള്ള വൃക്ഷ ജാലങ്ങളും ,അതില്‍ സഹവസിക്കുന്ന നാനാ ജാതി ജീവ ജാലങ്ങളും എന്റെ സിന്ധുചേച്ചിയുടെ ഹൃദയതുടിപ്പുകളായി മാറുന്നത് ഞാന്‍ അറിയുന്നു .
ഈ ജൂണ്‍ 28 ന് രാവിലെ അമരാവതിയില്‍ അനുസ്മരണ യോഗം ചേരുന്നുണ്ടെന്ന് സിന്ധു ചേച്ചി പറഞ്ഞു. .സമൂഹത്തിന്റെ നാനാ തുറയില്‍പെട്ടവര്‍ ആ ഓര്‍മ്മകള്‍ പങ്കുവെക്കുവാന്‍ അവിടെയുണ്ടാകും.നാടിന്റെ പലഭാഗത്തും അനുസ്മരണ യോഗങ്ങള്‍ അന്നേ ദിവസം നടത്തുന്നുണ്ടാകും . പ്രിയപ്പെട്ട ചലച്ചിത്രകാരനെ ,അദ്ദേഹത്തിന്റെകഥകളെ ,നെഞ്ചേറ്റിയ നാം അറിഞ്ഞോ , അറിയാതെയോ മറന്ന് പോയ ചില സ്വകാര്യദുഃഖങ്ങള്‍ ഉണ്ട് .ഒഴിയാത്ത ജീവിത പ്രശ്നങ്ങള്‍ക്കും ,തീരാത്ത കട ബാധ്യതകള്‍ക്കുംഇടയില്‍ ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ ജീവിക്കുന്ന പലരെയും നാം കാണാതെ പോകുന്നു ,അല്ലെങ്കില്‍ മനപൂര്‍വം മറക്കുന്നു. ഭൂതക്കണ്ണാടിയിലൂടെ നോക്കി എല്ലാം തനിയാവര്‍ത്തനങ്ങള്‍ എന്ന് പറഞ്ഞ് പിന്തിരിഞ്ഞു
നടക്കുവാന്‍ നാം ഏവരും പഠിച്ചിരിക്കുന്നു.
കിരീടവും ചെങ്കോലും മറ്റുള്ളവര്‍ക്കേകി ഓര്‍മകളില്‍ മറഞ്ഞു പോയ ആ പ്രതിഭാശാലിയുടെ കഥകള്‍ ,അഭ്രപാളികളില്‍ കണ്ടു നാം കണ്ണീരോഴുക്കുമ്പോള്‍ അമരാവതിയുടെ ആത്മസംഘര്‍ഷങ്ങള്‍ നമ്മില്‍ എത്ര പേരാണ് ഓര്‍ക്കുക ?
ഒറ്റപ്പാലത്തിനടുത്ത് പഴയ ലക്കിടിയിലെ അമരാവതിയില്‍ ഈ അനശ്വര പ്രതിഭയുടെ സ്മൃതി കുടീരത്തില്‍ കഴിഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് ഒരു സ്മാരകം പോലും ഉയര്‍ന്നിട്ടില്ല എന്നുള്ളത് വേദനിപ്പിക്കുന്ന മറ്റൊരു സത്യം. ലോഹി സാര്‍ തന്റെ തൂലികയിലൂടെ കഥകളുടെ വസന്തം വിരിയിച്ച അമരാവതിയുടെ ഹൃദയം വിട്ട് പോകുവാന്‍ സിന്ധു ചേച്ചി ക്ക് ഒരിക്കലും കഴിയില്ല.ഏകാന്തതയില്‍ പെയ്യുന്ന കണ്ണീര് മഴയോട് കലഹിച്ചും ,പാതി വിടരുന്ന പൂക്കളോട് സല്ലപിച്ചും,ഒറ്റപ്പെടലിനെ പ്രണയിച്ചും ഈ ജന്മം മുഴുവന്‍ അമരാവതിയിലൂടെ സിന്ധു ഒഴുകും.കല്‍പ്പടവുകള്‍ കയറി എന്നെങ്കിലും തന്റെ മുത്തപ്പന് "ചിന്തൂ......"എന്ന് വിളിച്ച് തിരികെ വരുമെന്ന് ഇപ്പോഴും കാത്തിരിക്കുന്നുണ്ടാകും എന്റെ സിന്ധു ചേച്ചി .അക്ഷരങ്ങളില്‍ സങ്കടങ്ങളെ മറക്കുവാന്‍ ശ്രമിച്ച്,കടമകള്‍ നിറവേറ്റാന്‍ ഓരോദിവസവും തള്ളിനീക്കി ,ആയുസ്സിന്റെ പുസ്തകത്താളുകള്‍ അവസാനിക്കുന്നത് കണ്ട് സ്വയം ആശ്വസിച്ച് ഇനിയും എത്ര ദിവസങ്ങള്‍...........ഇങ്ങനെ !
ഓര്‍മ്മകളില്‍ ഇന്നും ജീവിക്കുന്ന ലോഹിസാറിനും ,ആ ഓര്‍മകളെ ഹൃദയത്തിലേറ്റി ജീവിക്കുന്ന ലോഹിസാറിന്റെചിന്തുവിനും,അവരുടെ പ്രിയപ്പെട്ട കുഞ്ഞുവിനും ,പൊന്നുവിനും ഇത് സമര്‍പ്പിക്കുന്നു.
,