Thursday, June 11, 2020

ഓർമ്മയിലെ  ആ ഇൻസ്ട്രമെന്റ് ബോക്സ്........


കോപ്പിയടി ചാനൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുമ്പോൾ ആ അച്ഛന്റെ നെഞ്ചു തകരുന്ന കരച്ചിൽ വല്ലാതെ നോവിക്കുന്നു.പരീക്ഷ നടക്കുന്ന സമയത്ത് വിദ്യാർത്ഥി അഥവാ ഉദ്യോഗാർത്ഥി ഉത്തരങ്ങൾ കണ്ടെഴുത്തുക,ചോദിച്ചെഴുത്തുക,കേട്ടെഴുത്തുക തുടങ്ങിയവയെല്ലാം കോപ്പിയടി ഗണത്തിലാണ് വരിക. അതിന് ഉപയോഗിക്കുന്ന മാർഗങ്ങൾ, രീതികൾ  വ്യത്യസ്തവും. അധ്യാപിക ആയിരുന്നതിനാലും പലതവണ ഇൻവിജിലേറ്റർ ആയി നിൽക്കേണ്ടി വന്നിട്ടുള്ളതിനാലും ഇത്തരം  അനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്.

കുറേ വർഷങ്ങൾക്ക് മുൻപാണ്.സിസ്റ്റർ മാരുടെ ശിക്ഷണത്തിൽ  വിജയകരമായി പോകുന്ന സ്‌കൂളിലെ പരീക്ഷാഹാളിൽ ആണ് സംഭവം..ആദ്യ സെമസ്റ്റർ പരീക്ഷ .24കുട്ടികൾ ഇരിക്കുന്ന പരീക്ഷാമുറി.പ്രാർത്ഥനാഗാനം കഴിഞ്ഞാൽ സ്‌പീക്കർ വഴി കുട്ടികൾക്കുള്ള നിർദേശങ്ങൾ ആണ്  .ഞാനാകുന്ന ഇൻവിജിലേറ്ററി ന്റെ സാനിധ്യത്തിൽ, പരീക്ഷ തുടങ്ങി മണിക്കൂർ ഒന്ന് കഴിഞ്ഞു. മുറിയിൽ ഞാനും മുറിക്ക് പുറത്ത് പ്രിൻസിപ്പൽ  സിസ്റ്ററും റോന്തു ചുറ്റുന്നു.സൂചി വീണാൽ കേൾക്കുന്ന നിശബ്ദത.മുന്നിലത്തെ ബെഞ്ചിൽ  ഇരിക്കുന്ന കുട്ടി ഞാൻ അരികിലെത്തുമ്പോഴൊക്കെ വല്ലാതെ ഞെളിപിരി കൊള്ളുന്നു.. വെറുതെ ഇൻസ്ട്ര മെന്റ്‌ ബോക്സ്ഒന്നു തുറന്നു നോക്കി. അവന്റെ മുഖം ചോരവാർന്ന പോലെ വിളറി.ഒന്നും ചോദിക്കാൻ പോയില്ല. ആരും കാണാതെ,ആരെയും അറിയിക്കാതെ ആ ബോക്സിൽ സ്‌കെയിലിന്റെ അടിയിൽ  ഭംഗിയായി മടക്കി വെച്ചിരുന്ന തുണ്ട് പേപ്പർ ഞാനെടുത്തു.എഴുന്നേൽക്കാൻ തുടങ്ങിയ അവനെ തോളിൽ പിടിച്ച് ഞാൻ ഇരിക്കാൻ പറഞ്ഞു, പരീക്ഷ തുടർന്നു കൊള്ളുവാൻ ആംഗ്യത്തിലൂടെ അറിയിച്ചു.ഹാളിൽ അങ്ങനെ ഒരു സംഭവം നടന്നതായി ആരും അറിഞ്ഞില്ല.പരീക്ഷ തീരാൻ 10 മിനിട്ട് ബാക്കി ഉള്ളപ്പോൾ അവനോട്  'പരീക്ഷ കഴിഞ്ഞു ടീച്ചറിനെ കണ്ടിട്ടേ പോകാവൂ' എന്ന് കൂടി ഓർമ്മിപ്പിച്ചു.ആ കുട്ടി കോപ്പി കൊണ്ടു വന്നു എന്നത്‌ സത്യം,അവൻ അത്‌ പേപ്പറിൽ പകർത്തിയിട്ടില്ല എന്ന് ഉറപ്പ്. കുറ്റബോധത്തോടെ കണ്ണുകൾ നിറഞ്ഞ് ഒന്നും പറയാതെ തല കുനിച്ച് എന്റെ മുൻപിൽ നിന്ന ആ കുഞ്ഞിനെ ഇന്നും മറക്കാൻ പറ്റില്ല.

 'സോറി ടീച്ചർ....ഇനി ഇത് ആവർത്തിക്കില്ല.' എന്ന്  അവൻ പറഞ്ഞ വാക്ക് മതിയായിരുന്നു എനിക്ക്. 'കഴിഞ്ഞത് കഴിഞ്ഞു.....നാളത്തെ പരീക്ഷക്ക്‌ പോയിരുന്നു നന്നായി പഠിക്കൂ' എന്ന് പറഞ്ഞയച്ചു.സ്‌കൂളിന്റെ പതിവനുസരിച്ച്  ഇത്തരം സംഭവങ്ങൾ ഉടനെ റിപ്പോർട്ട് ചെയ്യണം .അത്‌ ആ കുട്ടിയ്ക്ക്‌ നന്നായി അറിയാം ,അതിന്റെ വരും വരായ്‌കകൾ എനിക്കും.  

ഞാനത് റിപ്പോർട്ട്  ചെയ്തില്ല ,മാത്രമല്ല സഹ അ ധ്യാപകരോട് ആരോടും അത് പറഞ്ഞതുമില്ല. ഒരു പക്ഷെ  കോപ്പിയടി എന്ന  ആ സാഹസം അവൻ ജീവിതത്തിൽ ആദ്യമായി ചെയ്തതും ആകാം. തെറ്റുകൾ ചെയ്താൽ ശിക്ഷ നൽകാം.എന്നാൽ  പൊറുക്കുവാൻ കഴിയുന്ന തെറ്റുകണ്ടാൽ ഉടനെ ശിക്ഷിക്കുക എന്നതിലുപരി അത്‌ തിരുത്താൻ അവസരം കൊടുക്കുകയാണ് അഭികാമ്യം.

പിന്നെയും പല തവണ എന്റെ മുൻപിൽ ഇരുന്ന് അവൻ പരീക്ഷ എഴുതിയിട്ടുണ്ട്. ഉയർന്ന മാർക്ക് കരസ്ഥമാക്കിയാണ് അവൻ സ്കൂൾ പഠനം പൂർത്തിയാക്കിയത്.ഉന്നത വിജയം നേടി ആ കുട്ടി  ഇന്ന് എവിടെയോ ഉണ്ട്. എല്ലാ അധ്യാ പകരും ഇനി ഇങ്ങനെ ചെയ്യണം എന്ന് പറയുന്നില്ല. പക്ഷെ ഇത്തരം സന്ദർഭങ്ങളിൽ നാം എടുക്കുന്ന തീരുമാനങ്ങളാണ് മുഖ്യം.
ഒരു ഉത്തമ അധ്യാപിക അത്തരത്തിൽ ചെയ്യാൻ പാടില്ല എന്ന് പറയുന്നവരുണ്ടാകാം. ആ സംഭവം ഞാൻ റിപ്പോർട്ട് ചെയ്തിരുന്നു എങ്കിൽ എന്റെ അധ്യാപകവൃത്തിയെ അവർ വാഴ്‌ത്തി പ്പാടുമായിരുന്നിരിക്കാം .പക്ഷെ അവനെ ഓർത്ത് നെഞ്ച് തകർന്നു കരയുന്ന ഒരച്ഛന്റെ മുഖം എത്ര നാൾ എന്റെ ഉറക്കം കെടുത്തുമായിരിന്നു.....!!! അങ്ങനെ ശിഷ്ട ജീവിതത്തിൽ  ഉറക്കമില്ലാത്ത ഒരു ഉത്തമ അധ്യാപിക ആകണ്ട എനിക്ക്‌...... 

Saturday, December 31, 2016

വർഷങ്ങൾ,ഓർമ്മകൾ ......



കടന്നു പോയ   ദിനങ്ങൾ ഓരോന്നും ഓരോ  ഓർമ്മപ്പെടുത്തലുകൾ ആണ് .കണ്ണ് ചിമ്മുന്നതിന് മുൻപ് നഷ്ട്ടപ്പെട്ടുപോയ  വർഷങ്ങൾ,സൗഹൃദങ്ങൾ ,ഓർമ്മകൾ ......

കൊൽക്കൊത്തയിൽ നിന്നായിരുന്നു ജയ പ്രീഡിഗ്രി ക്കു പഠിക്കുവാൻ വന്നത് .നൈജീരിയയിൽ നിന്ന് വന്ന മായ,അമേരിക്കയിൽ ഉള്ള  റീന ,ആഫ്രിക്കയിൽ നിന്ന് വന്ന സായ് മഞ്ജു .....അങ്ങനെ പലരും..... പത്തനംതിട്ട കാതോലിക്കറ്റ്  കോളേജിൽ  ഞാൻ പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പിലും  , ജയ സെക്കന്റ്‌  ഗ്രൂപ്പ്  ഹിന്ദി ബാച്ചിലും.ജയയുടെ ക്ലാസിലായിരുന്നു വിനോദ് മോഹൻ.ഫസ്റ്റ്  ഇയർ  ഇംഗ്ലീഷ് ട്യൂഷന് പോയപ്പോൾ  ഒരിക്കൽ ഡി. മാത്യു സാറിന്റെ ക്ലാസിൽ വെച്ചാണ് ജയ വിനോദിനെ എനിക്ക് കാട്ടി  തരുന്നത് .അധികം സുഹൃത്ത് ബന്ധങ്ങൾ ഇല്ലാത്ത, അല്പ്പം മാത്രം സംസാരിക്കുന്ന ജയ  വിനോദിനെ കുറിച്ച് സംസാരിക്കുമ്പോൾ മാത്രം   കണ്ണുകളിൽ ഒളിപ്പിച്ചു വെച്ച ,ആരും  അറിയാതെ പോയ ,ഞാൻ മാത്രം അറിഞ്ഞിരുന്ന ഒരു പ്രണയം ഉണ്ടായിരുന്നു.


ഒരിക്കൽ ആഴ്ചാവസാനം ഹോസ്റ്റലിൽ നിന്ന്  വീട്ടിലേക്കു പോകുന്ന വഴി പഴയ ട്രാൻസ്പോർട്ട്  ബസ്സ് സ്റ്റാൻഡിന്റെ  അടുത്തുള്ള  ഒരു വീട് കാണിച്ച് അത്‌  വിനോദിന്റെ അങ്കിളിന്റെ വീടാണെന്ന് പറഞ്ഞത് ജയയാണ് ,വിനോദ് അങ്കിളിനോടൊപ്പം  നിന്നാണ് പഠിക്കുന്നതെന്നും അച്ഛനും അമ്മയുമൊക്കെ വിദേശത്തോ മറ്റോ ആണ് എന്നും. 
  വർഷങ്ങൾക്ക്  മുൻപ്..........  മുല്ല വള്ളികൾ മുകളിലേക്ക് പടർന്നു കയറിയ ആ  ഉമ്മറ തിണ്ണയിൽ ഇരുന്നു നാലര വയസ്സോളമുള്ള എന്നോടൊപ്പം ചതുരംഗം കളിച്ച ഒരു കുട്ടി യെ ഓർമ്മ വന്നു ,നല്ല വെളുത്ത്  തുടുത്ത ഒരു അഞ്ചു വയസ്സുകാരൻ .ചെസ്സ് എന്നകളിയുടെ ബാല പാഠങ്ങൾ എനിക്കാദ്യം പറഞ്ഞു തന്ന കുട്ടി. അവനെ അവന്റെ അങ്കിൾ സ്നേഹത്തോടെ വിളിച്ചിരുന്നത് "വിനുക്കുട്ടാ" എന്നായിരുന്നു. 

"ആ കുട്ടി  നീ  ആയിരുന്നോ?? "എന്ന് പിന്നീട് വിനോദിനോട് ചോദിക്കാൻ മാത്രം ഒരു സൗഹൃദം എനിക്ക് അവനോട് ഇല്ലായിരുന്നല്ലോ.
പ്രീഡിഗ്രി പഠനം കഴിഞ്ഞു ജയ വീണ്ടും കൊൽക്കൊത്തയിലേക്ക്  തിരികെ പോയി എന്നാണ് ഓർമ്മ .
 ജയയുടെ പ്രണയവും അങ്ങനെ മനസ്സിൽ ഒളിപ്പിച്ച്‌ അടക്കം ചെയ്തു കാണണം .കാരണം  ആ  നിശബ്ദ പ്രണയം വെളിപ്പെടുത്താൻ മാത്രം ധൈര്യം   ഒരിക്കലും  അവൾക്ക് ഉണ്ടായിരുന്നില്ല.
എത്ര വർഷങ്ങൾ  കഴിഞ്ഞിരിക്കുന്നു !
ഇന്ന്  ജയയും വിനോദും എവിടെയെന്ന് അറിയില്ല.
"പ്രീഡിഗ്രി" കോളേജിന്റെ ഹൃദയത്തിൽ നിന്ന് എന്നേക്കും അടർത്തിമാറ്റിയപ്പോൾ ഓർമ്മകളും അടർന്നു പോയിരിക്കാം.
ഇന്ന്.....

വീണ്ടും ഒരു വർഷാന്ത്യത്തിന്റെ  അവസാന നിമിഷങ്ങൾ .....
ഓർമ്മകൾ കടലുപോലെ അങ്ങനെ ആർത്തലയ് ക്കുകയാണ്.
 വേർപിരിഞ്ഞു പോയവർ എവിടെയൊക്കെയോ ഉണ്ട് .
പറയാതെ  പോയ പ്രണയം  മോക്ഷം കിട്ടാതെ അവിടെയൊക്കെ അലയുന്നുണ്ടാകാം .


Tuesday, December 29, 2015

മകരവും മനസ്സും അന്നും ഇന്നും .........


 
അന്ന് ........
 കുമരം പേരൂരിലെ വൃശ്ചിക തണുപ്പിന് മധുരയിലെ ജമന്തിപൂക്കളുടെ മണമായിരുന്നു .
വാദ്യഘോഷത്തി ന്റെയും ആരവങ്ങളുടെയും അകമ്പടിയോടെ അച്ചൻ കോവിൽ കൊടി തേക്കിൻ കാടിറങ്ങി ഒരിക്കൽ കുമരംപേരൂരിൽ എത്തിയിരുന്നു. ജാതിമത ഭേദമന്യേ ഗ്രാമവാസികളിൽ ഏവരും    വർഷത്തിൽ ഒരിക്കൽ കാത്തിരുന്ന  സുദിനം .സ്വാമി അയ്യപ്പന് വേണ്ടി കാണിക്ക ഇടുമ്പോൾ കിട്ടുന്ന പ്രസാദം  ഭക്ത്യാദരവോടെ ഒരു ദൈവങ്ങൾക്കും കണക്കു ബോധിപ്പിക്കാതെ നെഞ്ചോട്‌ ചേർത്ത  നിമിഷങ്ങൾ.ശ്രീ അയ്യപ്പന്  വാവര് സ്വാമിയോടുള്ള അടുപ്പത്തി ന്റെ  സൗഹൃദ പച്ചയിൽ നെയ്യും തേങ്ങയും നേർച്ച അർപ്പിക്കുന്ന റാവുത്തർ കുടുംബങ്ങളും ഉണ്ടായിരുന്നു അന്ന്.

ഇന്ന് ....
വൃശ്ചികം ധനുമാസക്കുളിരിൽ വിറയ്ക്കുമ്പോൾ മകര മഞ്ഞ് പെയ്യുവാൻ ഇനി ദിനങ്ങൾ  ബാക്കി .
കാടിറങ്ങി ഇപ്പോൾ കന്നി അയ്യപ്പന്മാർ ഈ വഴി വരാറേയില്ല .
ശരണം വിളികൾ  വഴിമാറി മറ്റേതോ ഗ്രാമം തേടി പോയി തുടങ്ങി. പുതിയ തലമുറകളിലെ യുവത്വം അന്യോന്യം മത്സരബുദ്ധിയോടെ ദൈവങ്ങൾക്ക് വേണ്ടി ശക്തി പ്രകടനങ്ങൾ നടത്തുമ്പോൾ  കുമരം പേരൂരി ന്‌  നഷ്ടമായിപ്പോകുന്നത്    ഒരു  ഗ്രാമത്തിലെ മത സൗഹാർദത്തിന്റെ ഊഷ്മള ഗന്ധമാണ് .
ഈ ധനുമാസ പുലരികൾക്ക്   മതത്തിന്റെ മനം മടുപ്പിക്കുന്ന ഗന്ധമാണെന്ന്   തോന്നി തുടങ്ങിയിരിക്കുന്നു .വിശ്വാസപ്രമാണങ്ങളുടെ അധിനിവേശ ചൂടിൽ പൊള്ളി തുടങ്ങുന്ന കുമരംപേരൂരിൽ ഇനി എന്നെങ്കി ലും  അച്ചൻ കോവിൽ കൊടിയുടെ വാദ്യഘോഷങ്ങൾ മുഴങ്ങുമോ ??  മധുരയിൽ നിന്നും ചെങ്കോ ട്ടയിൽ നിന്നും   കാൽനടയായി എത്തുന്ന അയ്യപ്പന്മാരുടെ ജമന്തിപൂമാലകൾക്ക് കണ്‍ പാർത്ത്   എവിടെയെങ്കിലും റാവുത്തർ ബാല്യങ്ങൾ ജന്മംകൊള്ളുമോ ???

Wednesday, December 31, 2014

എവർ ലാസ്റ്റിംഗ്.......



യാത്രകളിൽ വശ്യമായ അനുഭൂതികൾ പകർന്നു  നല്കുന്നത് കാണാകാഴ്ചകൾ തേടി അറിയാ വഴികളിലൂടെയുള്ള  ചില പ്രയാണങ്ങൾ  തന്നെയാണ് എന്ന് തോന്നിപ്പോകാറുണ്ട് വിനോദ സഞ്ചാരംവീർപ്പു മുട്ടിക്കുന്ന പട്ടണങ്ങളിൽ നിന്ന്  മനോഹരങ്ങളായ ഗ്രാമങ്ങളിലേക്കുള്ള ചില യാത്രകൾ.....
അങ്ങനെയുള്ള ഒരു യാത്രയിൽ അവിചാരിതമെന്നൊണം എത്തപ്പെട്ട ചില വഴികൾ. 

വർഷങ്ങൾക്ക് ശേഷമുള്ള ഒരു ഊട്ടിയാത്രയായിരുന്നു അത് .ഊട്ടി എന്ന് പറയുമ്പോൾ  ഇന്നേവരെ ഓർമ്മയിൽ എത്തിയിരുന്നത് വിവിധ വർണങ്ങളിൽ  പൂക്കൾ നിറച്ച ബൊട്ടാണിക്കൽ ഗാർഡൻ,തേയിലക്കാടുകൾക്ക്  നടുവിലെ ടീ ഫാ ക്ട്ടറി , ഊട്ടി തടാകം  പിന്നെ മഞ്ഞനിറമുള്ള "ഒരു പിടി എവർ ലാസ്റ്റിംഗ്"  പൂക്കൾ  തുടങ്ങി ചിരപരിചിതങ്ങളായ ചില ബിംബങ്ങൾ ആയിരുന്നു.

ഊട്ടി ബോട്ട്‌  ഹൗസിലെ  പാർക്കിംഗ് ഏറിയ നന്നേ തിരക്കായിരുന്ന  ഒരു പകൽ .വീണ്ടും ഒന്നരകിലോമീറ്റർ  അകലെ ഉള്ള പാർക്കിംഗ്  ഏരിയ യിലേക്ക്  വഴികാട്ടി യായി നിന്ന  ട്രാ ഫിക്  പോലീസ്സ്നോട് നിരാശ നിറഞ്ഞ "നന്ദ്രി" പറഞ്ഞ്  അറിയാത്ത  നാട്ടു വഴിയിലൂടെ  ഒരു യാത്ര  .
അന്നാദ്യമാണ് ഊട്ടി യിലെ  സ്വർഗസമാനമായ മനോഹര ഗ്രാ മ വീഥികളിലൂടെ യാത്ര ചെയ്യുന്നത് .കാബേജും,കാരറ്റും, സ്റ്റ്രവ് ബെറിയും  സമ്രിധമായിനിറഞ്ഞ   താഴ് വരകൾ ,പച്ചപ്പട്ടണിഞ്ഞു  മഞ്ഞിനെ പുല്കി നില്ക്കുന്ന മലമടക്കുകൾ,അറിഞ്ഞുംകേട്ടിട്ടുമില്ലാത്ത സ്ഥല നാമങ്ങൾ.
ഫേണ്‍ ഹിൽ  പാലസ്സ് ,ഗുഡ്ഷെപ്പെർദ്  ഇന്റെർ നാഷണൽ സ്കൂൾ,എമറാൾഡ് തടാകം  തുടങ്ങിയ വഴികളിൽ   മനോഹരമായ കാഴ്ചകൾ ഒരുക്കിവെച്ചിരുന്നു അന്നത്തെ ആ  യാത്ര .



കാബേജ്ജ്  തോട്ടം കഴിഞ്ഞു വന്നു നിന്നത് ഫേ ണ്‍ ഹിൽ  പാലസ്സി ന്റെ അരികിലായിരുന്നു. 1844  -ൽ  ബ്രിട്ടീഷ്‌ ഭരണകാലത്താണ് ഫേണ്‍ ഹിൽകൊട്ടാരം നിർമ്മിച്ചത്‌. പിന്നീടിത് മൈസൂർ  മഹാരാജാവിന്റെ വേനൽക്കാല വസതി ആയിരൂന്നുവത്രേ .അമ്പത് ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന കൊട്ടാരം ഇന്ന് ഊട്ടിയിലെ തന്നെ ഒരു  പ്രധാന ഹോട്ടൽ ആയി പ്രവർത്തിക്കുന്നു.

 പാലസ്സിന്റെ  പ്രധാന കവാടത്തിനു  മുൻപിൽ വഴി നാലായി തിരിയുന്നു  .ബോട്ട് ഹൗസ്സിനെ  ലക്ഷ്യമാക്കി വന്ന യാത്രയാണ് ഇവിടെ എത്തിച്ചിരിക്കുന്നത് .
ചില വഴികൾ നാം ഹൃദയം കൊണ്ട് തൊട്ടറിയണം എന്ന് വിധി എവിടെയെങ്കിലും കുറിച്ചി ട്ടുണ്ടാകാം .അതായിരിക്കാം  "അവലാഞ്ചി "എന്ന വഴികാട്ടി ലക്ഷ്യമാക്കി  ആ യാത്ര തുടരുവാൻ  തോന്നിയത്   .

ഊട്ടി യിൽ     നിന്നും 27km മാറി   നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രദേശമാണ് അവലാഞ്ചി .മണ്ണിടിച്ചിൽ ,മല ഇടിച്ചിൽ എന്നെല്ലാം അർത്ഥം  വരുന്ന "അവലാഞ്ചി എന്ന  പ്രദേശം "1800 ൽ  ഉണ്ടായ   ഭീകരമായ മണ്ണിടിച്ചിലിൽ നിന്നുമാണ്  രൂപം കൊണ്ടത്‌ എന്ന് ചരിത്രം പറയുന്നു .
.മഴപെയ്താൽ പെട്ടെന്ന് അലിയുകയുംഒരു ചെറു വെയിലിൽ അതിലും വേഗം ഉറച്ചു പോവുകയും ചെയ്യുന്ന ഒരുപ്രണയിനിയുടെ ഭാവമാണ് ഈ മണ്ണിനെന്നു തോന്നും  



അവലാഞ്ചി യിലെ കാണാകാഴ്ച്ചകൾ  അഞ്ചാമത്തെ  ഹെയർ പിൻ  വളവു കഴിഞ്ഞപ്പോൾ കണ്ടു തുടങ്ങി. വിനോദ സഞ്ചാരികൾ എറേ ഇഷ്ട്ടപ്പെടുന്ന ഭൂപ്രകൃതിയാണ് ഇവിടെ ഉള്ളതെങ്കിലും ഊട്ടി  സന്ദർശിക്കുന്നഒട്ടു മിക്ക  ആളുകൾക്കും   ഈ ദേശത്തെക്കുറിച്ച് കേട്ടു കേഴ്വി പോലുമില്ല എന്നുള്ളതാണ് സത്യം 
ഒരു പക്ഷെ അധികം  മനുഷ്യ സ്പർശം  ഏൽക്കാത്തതിനാലാവും  ഒരു അചുംബിതപുഷ്പ്പം  പോലെ അവലാഞ്ചി ഇപ്പോഴും മനോഹരിയായി  നിൽക്കുന്നത് ,തമിഴ്നാട് വനം  വകുപ്പ് എക്കോ ടൂറിസ്സത്തിന്  വളരെ   പ്രാധാനം നല്കുന്ന മേഖലയാണ്  അവലാഞ്ചിയിലെ  കാടുകൾ .
ഇരുണ്ടമഴക്കാ ടുകളിൽ സൂചികാഗ്ര വൃക്ഷങ്ങളും സാധാരണ വൃക്ഷങ്ങളുംഇണപിരിയാതെ       അന്യോന്യം  സ്നേഹിച്ചും  ,സഹകരിച്ചും  ഒന്ന് ഒന്നിന് തണലായി ,വളമായി,ഇടതൂർന്ന്   വളരുന്ന അപൂർവമായ കാഴ്ച ഈ കാടിന്റെ പ്രത്യേകതയാണ് .നീലഗിരി മേഖലയിലായതിനാൽ  ഏറെ കുളിർമ്മയുള്ള അന്തരീക്ഷമാണ് ഇവി ടെയും.



അവലാഞ്ചിയിലേക്ക് പ്രവേശിച്ചപ്പോൾ  വഴിയിൽ വളവുകളോ  തിരിവുകളോ  ഉണ്ടായിരുന്നില്ല   എന്ന് മാത്രമല്ല വഴിയോരങ്ങളിൽ മനുഷ്യവാസം ഉള്ളതിന് ഒരു തെളിവും കണ്ടില്ല.മരങ്ങളിൽ  ചിലതിന്റെ ചില്ലകൾ  പാതി വഴി മുടക്കി കിടക്കുന്നു.
കഷ്ട്ടിച്ചു  ഒരു വാഹനത്തിനു പോകുവാൻ മാത്രം സൗകര്യം ഉള്ള കാട്ടുവഴിയായിരുന്നു അത് .  
 നിശബ്ദത മനുഷ്യ മനസ്സിൽ  ശൂന്യത നിറയ്ക്കും എന്ന എന്റെ നിഗമനം വളരെ ശരിയെന്നു തോന്നിയ നിമിഷങ്ങൾ .


വഴിയരികിൽ  "ഇത് ഞങ്ങളുടെ പ്രദേശം "എന്ന  ബോർഡിൽ  കണ്ട  കരടിയുടേയും ,കടുവയുടേയും ചിത്രങ്ങൾ  ഭയന്ന് ഉയർത്തിയ വിന്ഡോ ഗ്ലാസ്സ്  പതിയെ താഴ്ത്തി.നിശബ്ദ തയുടെശൂന്യത ഇല്ലാതാക്കിക്കൊണ്ട് കാടിൻറെ ഇരുളി ൽ ചീവീടിന്റെ   കാതടപ്പിക്കുന്ന ശബ്ദം ,  കാടിന്റെ സംഗീതം.
പ്രകൃതിയിലെ ഓരോ അണുവിലും സംഗീതം ഉണ്ടെന്നു പറഞ്ഞു തന്ന ഗുരുവിനെ  ഓർ ത്തു.വീണ്ടും കാതോർത്താൽ  കേൾക്കാം പക്ഷികളുടെ മധുര സ്വരം,ചെറു    
പ്രാണികളുടെ നേർത്ത ശബ്ദം....... 
വഴിയിൽ എങ്ങും ഒരു മനുഷ ജീവിപോലും ഇല്ല. 
റോഡിന്റെ ഒരു വശം കാടും മറുവശം നിറഞ്ഞൊഴുകുന്ന കാട്ടാറും..

 വളവും തിരിവും ഇല്ലാത്ത വഴികൾ കഴിഞ്ഞു ചെന്നത് ഒരു ഗസ്റ്റ് ഹൗസ്സിന്റെ അരികിലായിട്ടാണ്. മനുഷ്യവാസത്തിന്റെ നേരിയ ഒരു   സാമിപ്യം  അനുഭവിച്ച പ്രതീതി.പക്ഷെ  ഒരു മനുഷ്യരെ പോലും കാണുവാനില്ല.മറ്റു തിരിവുകൾ ഇല്ലാത്തതിനാൽ വഴി തെറ്റിയില്ല എന്ന് ഉറപ്പിച്ചു . ഒരു അഞ്ച്  ആറ്  കിലോമീറ്റർ മുൻപ് കണ്ട വഴികാട്ടിയിൽ വീണ്ടും വിശ്വാസം അർപ്പിച്ചായി പിന്നെ യാത്ര . അൽപ്പ  ദൂരം കഴിഞ്ഞപ്പോൾ ആശ്വാസത്തിന്റെ കണിക എന്നോണം മുൻപിലൊരു ചെക്ക്‌ പോസ്റ്റ്‌ .യൂണീ ഫോം ധരിച്ച ഒരു വനപാലകൻ  കാറിന്റെ  അരികിലേക്ക് വന്നു.ഇന്നിനി അവലാഞ്ചിയിലേക്ക് യാത്ര അനുവദിക്കില്ല എന്നും  നാളെ കാലത്താ ണ്  അടുത്ത  പ്രവേശന സമയമെന്നുമായി. 
വളരെ ദൂരെനിന്നാണ് കേരളത്തിന്റെ തെക്കേയറ്റം നിന്നാണ് എന്നെല്ലാം പറഞ്ഞിട്ടും ഒരു രക്ഷയുമില്ല ..
പെട്ടെന്ന് ഞങ്ങൾക്ക്  പുറകിലായി കൊടികൾ വെച്ച ഒന്ന് രണ്ടു വാഹനങ്ങൾ ചീറി  പാഞ്ഞു വരികയും വനപാലകൻ ഓടി അവർക്കരികിൽ എത്തുകയും എന്തോ  സംസാരിച്ചു ചെക്ക്‌ പോസ്റ്റ്‌ വേഗം തുറന്നു കൊടുക്കുകയും   ഞങ്ങളെ  പിന്നിലാക്കി  അതിവേഗം ആ ശകടങ്ങൾ പാഞ്ഞു പോവുകയും ചെയ്തു  .എന്തായാലും പിന്നൊന്നും ചോദിക്കാതെ ആ ഉദ്യോഗസ്ഥൻ  ഞങ്ങളോ ടും ആ വാഹനത്തോടൊപ്പം പോയ്  കൊള്ളാ ൻ ആംഗ്യം കാട്ടി .

അവലാഞ്ചിക്കാർ ക്ക്  നമ്മളെന്ത്  ബ്ലോഗർ !

കൊ ടി വെച്ചു പായുന്ന ഇന്നോവ യ്ക്ക്  പിറകിലായി കൊടിയില്ലാത്ത ഞങ്ങളുടെ ചെറുവണ്ടിയും  പാഞ്ഞു .കുറച്ച്  സമയത്തിനുള്ളിൽ അവലാഞ്ചി എന്ന ലോകത്ത് എത്തി ചേർന്നു.
അവിടെ എത്തിയപ്പോൾ എനിക്കേറ്റവും അത്ഭുതമായി തോന്നിയത്  ഒരു പൂരത്തിനുള്ള ആളുകൾ അവലാഞ്ചി യിൽ ഉണ്ടായിരുന്നു 
എന്നതാണ് .ആ  ഉൾക്കാട്ടിൽ  എനിക്ക് മുൻപേഎത്തിച്ചേർന്നവർ.  പ്രകൃതി സ്നേഹികൾ!.

ബോട്ട് ക്ലബ്ബിൽ  വാഹനം പാർക്ക്  ചെയ്യുവാൻ സൗകര്യമില്ല  എന്ന കാരണത്താൽ നീണ്ടു പോയ ഒരു യാത്രയായിരുന്നല്ലോ  അത്  ..ഇരുപത്തിഏഴ് കിലോമീറ്റർ കഴിഞ്ഞുള്ള ഉൾക്കാട്ടിലും   അതേ അവസ്ഥ .അല്പ്പം കഷ്ട്ടപ്പെ ട്ട് വണ്ടി പാർക്ക് ചെയ്ത്  പൂരം എന്തെന്നറിയാൻതിരക്കിലേക്ക് ഊർന്നിറങ്ങി   .
ഇവിടെ  ട്ര ക്കിംഗ് ,സഫാരി എല്ലാം ഉണ്ട്.ഒരു കൂട്ടര് സഫാരിക്ക് പോയിരിക്കുന്നു.ഇനിയും ഗ്രൂപ്പുകളായി വന്നവർ  ക്യൂവിലും.ചെക്ക്‌ പോസ്സ്റ്റിൽ  വെച്ച് വനപാലകൻ "ഇന്നത്തെ പ്രവേശന സമയം കഴിഞ്ഞു"  സൂച്ചിപ്പിച്ചതിന്റെ പൊരുൾ ഏകദേശം മനസ്സിലായി .  ഊണിന്റെ സമയം  ആയതിനാൽ അവിടെയുള്ള ചെറിയ ക്യാന്റീനിൽ നിന്നും   പലരും ഭക്ഷണം  വാങ്ങി കഴിക്കുന്നു.
അന്നത്തെ ഉച്ചഭക്ഷണം  ഊട്ടി യാത്രയിലെ വേറിട്ട മറ്റൊരനുഭവംആയി .ചൂട് ചോറും സാമ്പാറും പപ്പടവും അച്ചാ റിനും എന്തെന്നില്ലാത്ത സ്വാദ് .വടക്കേ ഇന്ത്യാ ക്കാരായ  ധാരാളം സഞ്ചാരികളും ഉണ്ട്.പലരും  കിട്ടിയ സ്ഥലങ്ങളിൽ  ഇരുന്ന് പൊരി വെയിലെങ്കിലും വിശപ്പടക്കുന്നു.
യാത്രകൾ എന്നാൽ എല്ലാം അനുഭവിച്ചറിയണം.രുചിയിലെ വ്യത്യസ്തത,വിവിധ സംസ്കാരങ്ങൾ,ഭാഷകൾ ,വേഷ  
വൈവിധ്യങ്ങൾ ,പ്രതികൂല സാഹചര്യങ്ങൾ അങ്ങനെ എല്ലാം.പാഠ പുസ്തകവും ജീവിതവും പഠിപ്പിക്കാൻ ബാക്കി വെച്ചത് ചില യാത്രകൾ നമ്മെ പഠി പ്പിക്കും.അവലാഞ്ചിയിലെ കാടിന്റെ സൌന്ദര്യം ആസ്വദിച്ച്   അധികം വൈകാതെ തിരികെ യാത്ര .



വഴിയിലൊരിടത്തായി എമറാൾഡ്
അണക്കെട്ടിന്റെ ഓരത്തിലൂടെ  അല്പ്പം നടന്നു .ഒരു മഴയുടെ അകമ്പടി എന്നോണം അങ്ങ് ദൂരെ കണ്ട മിന്നൽപ്പിണരുകൾ മലമടക്കുകളിൽ മറ്റൊരു വിസ്മയം സൃഷ്ടിച്ചുകൊണ്ടേയിരുന്നു .
ആരോരും കാഴ്ചക്കാരായി ഇല്ലാത്ത എമറാൾഡ്അണക്കെട്ടും പരിസരവും ചാറ്റൽ മഴയിൽ നനഞ്ഞു തുടങ്ങിയിരുന്നു   .മഴയുടെടെ വരവിൽ ഇരുൾ നിറച്ച  തേയില കാടിന്റെ  മനോഹാരിത അനിർവചനീയം.കുളിർമയുള്ള കാറ്റിന്റെ അകമ്പടിയിൽ കുന്നുകളുടെ ചരിവുകളിൽ   അസ്തമയ സൂര്യൻ ഇരുളിന്റെ മറവിൽ സ്വർണം വിതറുന്ന  കാഴ്ച.


തിരികെ യാത്ര തിമർത്തു പെയ്യുന്ന മഴയോടൊപ്പമായിരുന്നു.ഇടയ്ക്കിടെ മഞ്ഞുകട്ടകൾ പൊഴിയുകയും പെട്ടെന്ന് അലിഞ്ഞിലാതാവുകയും ചെയ്യുന്ന മനോഹര കാഴ്ച.ദൂരെ കുന്നിൻ  ചരിവുകളിൽ പൂത്തുലഞ്ഞു നിന്നഎവർ ലാസ്റ്റിംഗ്പൂവുകൾ മഴയുടെ മറവിൽ നിറം മങ്ങിയ മഞ്ഞ പ്പട്ടു പോലെ കാണാമായിരുന്നു.ആളൊഴിഞ്ഞ ബോട്ട് ക്ലബ്ബും പരിസരവും മറ്റൊരു പ്രഭാതത്തിനായി കാത്തിരിക്കുന്നു.
മഴയിൽ  കുതിർന്ന  ഊട്ടി നഗരം ഇരുട്ടില്ന്റെ മറവിൽ ഒളിച്ചു നിന്നത് നന്നായി എന്ന് തോന്നി.തിരക്കുകളിലൂടെ  തണുത്തു വിറച്ച് റൂമിൽ എത്തുവോളം മഴ തോരാതെ  പെയ്തു കൊണ്ടേയിരുന്നു.............

Sunday, March 03, 2013

കാന്തിക ധ്രുവങ്ങള്‍ക്കിടയിലെ നാലാമത്തെ മുഖം




                                               കാര്യങ്ങളെല്ലാം ശുഭമായി  നടക്കുമെന്ന ആത്മ വിശ്വാസമായിരുന്നു ഇത്തവണ അയാളെ അസ്വസ്ഥനാക്കിയത്.വിജനമെന്ന്  അയാള്‍ക്ക്‌ മാത്രം തോന്നിയ സാമാന്യം തിരക്കുള്ള റോഡി ലൂടെ അയാള്‍ ഓടുകയും ഇടയ്ക്കു വഴിയരികില്‍ മുട്ടുകുത്തിയിരിക്കുകയും ആകാശത്തേക്ക് നോക്കി ഉച്ചവെയില്‍ സൂര്യനെ അവ്യക്തമായ ശബ്ദത്തില്‍ പ്രാകുകയും,  വീണ്ടും എഴുന്നേറ്റ് എങ്ങോട്ടെന്നില്ലാതെ നടക്കുകയും ചെയ്തു .തോളിലെ  മുഷിഞ്ഞ സഞ്ചിയില്‍ നിന്നും ഇടക്കൊക്കെ കാറല്‍ മാര്‍ക്ക്സ്സും ,മാക്സിം ഗോര്‍ക്കിയും ,കുറ്റവും ശിക്ഷയും എത്തി നോക്കുന്നുണ്ടായിരുന്നു .അയാള്‍ പലപ്പോഴും സംസാരിച്ചിരുന്നത് മഹാനായ ടോള്‍സ്റ്റോയിയോടായിരുന്നു  .അന്നയെപ്പറ്റിയും ,അലക്സ്സിയെപ്പറ്റി യും അയാള്‍ അദ്ദേഹത്തോട് വാതോരാതെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു.  "അമ്മ" യിലെ നതാഷയെ അയാള്‍ പ്രണയിക്കുന്നു വെന്ന്‌ ഉറക്കെ വിളിച്ചു പറഞ്ഞു . അങ്ങനെ  മാക്സിം ഗോര്‍ക്കിയുമായി നതാഷയെപ്പറ്റിയുള്ള ഒരു സംവാദത്തിനിടയിലാണ് ഞാനും അയാളോടൊപ്പം കൂടിയത്. ഞാന്‍  ദെസ്തെയേവിസ്കിയെ  ആരാധിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അയാള്‍ എന്‍റെ കൈകള്‍ കവരുകയും "ദൈവത്തിന്‍റെ  കൈയ്യൊപ്പുള്ള ഹൃദയത്തെ സ്നേഹിക്കുന്ന ഹൃദയമേ "എന്ന് പറഞ്ഞ്‌ എന്‍റെ നെറുകയില്‍ ചുംബിക്കുകയും ചെയ്തു .
ഞാന്‍ മരിയ ഇസയേവിനെക്കുറിച്ച് പുകഴ്ത്തി പറഞ്ഞപ്പോള്‍  നോട്ടം കൊണ്ട് വേദനിപ്പിക്കുന്ന ഒരു ചാട്ടുളി എന്‍റെ ഇടം കണ്ണിലേക്ക് അയാള്‍  തൊടുത്തു വിട്ടു .
ഒരിക്കല്‍  ടോല്സ്റ്റൊയിയുമായി അയാള്‍ അത്താഴം കഴിച്ചുവെന്നും  വ്രോന്‍സ്ക്കിയോടു കുതിര പന്തയത്തില്‍ വാതു വെച്ചുവെന്നും  പറഞ്ഞപ്പോഴാണ് മരിയാ ഇസയേവിനോടൊപ്പം ഒരു പകല്‍ കഴിയണം എന്ന എന്‍റെ സ്വകാര്യമായ ജീവിതാഭിലാഷം ഞാന്‍ അയാളോട് പറഞ്ഞത് .അങ്ങനെയായിരുന്നു ഞങ്ങള്‍  മരിയയെ കാത്ത് ആ റെയില്‍വേ സ്റ്റേഷനില്‍ അന്ന് നിന്നത്. അയാള്‍ പറഞ്ഞ പ്രകാരം മരിയ എന്നെ കാണുവാന്‍ അവിടെ  അന്നെത്തുമെന്നും അന്നുമുതല്‍ രണ്ട് പകലുകള്‍   അവര്‍ എന്നോടൊപ്പം  ചിലവഴിക്കുമെന്നും  അയാള്‍ എനിക്ക് വാക്ക് തന്നിരുന്നു. 

നട്ടുച്ചയ്ക്ക് ജ്വലിച്ചു നിന്നിരുന്ന  സൂര്യനെ അപ്പോഴുംഅയാള്‍ ചീത്ത വിളിച്ചു .പ്ലാറ്റ് ഫോമിലെ ഒഴിഞ്ഞ കസേരകളില്‍ ഞങ്ങള്‍  രണ്ടാളും ഇരുന്നെങ്കിലും അയാള്‍ പലപ്പോഴും എഴുന്നേല്‍ക്കുകയും തോള്‍ സഞ്ചിയിലേക്ക് ഇടയ്ക്കിടെ നോക്കി ആരോടോ സംസാരിച്ചു  കൊണ്ട് നടക്കുകയും ചെയ്തു .ടോള്‍സ്റ്റോയിയുടെ അന്ന മരിച്ചത് ഈ  റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണെന്ന് അയാള്‍ ഒരു രഹസ്യമെന്നോണം എന്നോട്   പറഞ്ഞു.വ്രോന്‍സ്സ്കിയില്‍ പിറന്ന   അന്നയുടെ കുഞ്ഞിന്‍റെ  കരച്ചില്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു എന്ന് പറഞ്ഞിട്ട് അയാള്‍ ഏതോ കരച്ചിലിന് കാതോര്‍ക്കുകയും പിന്നെ പൊട്ടിക്കരയുകയും ചെയ്തു .അയാളോടൊപ്പം കരയാന്‍ ഞാന്‍ പലതവണ ശ്രമിച്ചിട്ടും കരയുന്നതെങ്ങിനെയെന്നു ഞാന്‍ മറന്നു പോയതോര്‍ത്ത് ഒരുള്‍ ഭയം എന്നെ വരിഞ്ഞു മുറുക്കിക്കൊണ്ടിരുന്നു,മാത്രമല്ല   മരിയയെ നേരില്‍ കാണുമ്പോള്‍ ചിരി എന്ന വികാരവും ഞാന്‍ മറക്കുമോ എന്നുമുള്ള ചില അനാവശ്യ ചിന്തകള്‍ എന്നെ വല്ലാതെ അസ്വസ്ഥനാക്കി.എന്‍റെ കൈവിരലുകള്‍ കവര്‍ന്ന് "ദൈവത്തിന്‍റെ കയ്യൊപ്പ് ,ദൈവത്തിന്‍റെ കയ്യൊപ്പ് ........"എന്ന് പറഞ്ഞു അയാള്‍ ഉറക്കെ കരയുമ്പോള്‍  എന്‍റെ ചുണ്ടുകളോട് ചിരിക്കേണ്ടത് എങ്ങനെ എന്ന് പഠിപ്പിച്ചുകൊണ്ടിരുന്നു ഞാന്‍. .

സ്റ്റേഷനില്‍ നിര്‍ത്താതെ കടന്നു പോയ നാല് തീവണ്ടികളില്‍ ഒന്നിന് അന്നയുടെ വെഡിംഗ് ഗൌ ണിന്‍റെ   നിറമാണെന്ന്  ഇടക്കയാള്‍ പറഞ്ഞു.അലക്സ്സിയുമായുള്ള വിവാഹച്ചടങ്ങില്‍ അന്നയ്ക്ക് വേണ്ടി ആ നിറം  തിരഞ്ഞെടുക്കേണ്ടി വന്ന നിമിഷങ്ങളെക്കുറിച്ചോര്‍ത്ത് അയാള്‍ വാചാലനായപ്പോഴൊക്കെ എന്‍റെ മനസ്സില്‍ മരിയ ഇന്ന് അണിഞ്ഞു വരുന്ന ഉടയാടകളെ  കുറിച്ചായിരുന്നു ചിന്തകള്‍.....

 ഫയദോര്‍ അവള്‍ക്കുവേണ്ടി പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ചു  സമ്മാനിച്ച ആ കറുത്ത ക്യാപ്പ് അവള്‍  അണിഞ്ഞിട്ടുണ്ടാകും എന്ന് ഞാന്‍ പൂര്‍ണ്ണ മായി വിശ്വസിച്ചു ,പിന്നെ  ആ വെള്ള ഗൗണും 
ഇളം പിങ്ക് നിറത്തിലുള്ള പൂക്കള്‍ നിറച്ച പൂക്കൂട തീര്‍ച്ചയായും അവളുടെ കയ്യില്‍ കാണും.
നേരില്‍ കാണുമ്പോള്‍ ആദ്യ ചിരിക്ക് ശേഷം മരിയയോട് ചോദിക്കുവനുള്ളതെല്ലാം ഞാന്‍ ഓര്‍ത്തെടുത്തു.
പതിവ് അന്വേഷണങ്ങള്‍ക്ക് ശേഷമുള്ള ആദ്യ ചോദ്യം ഇതാവണം
"നീ ശരിക്കും ആരെയാണ് മരിയ സ്നേഹിച്ചിരുന്നത്....... അലക്സാണ്ടര്‍ ഇസയേവിനെയോ? "
ബുദ്ധിമതിയും അപാര പാണ്ഡിത്യവുമുള്ള മരിയാ ഇസയേവ് എന്‍റെ ചോദ്യത്തിന് മുന്‍പില്‍ ചൂളി പോകുമോ ആവോ 
നിശബ്ദത തളംകെട്ടി നില്‍ക്കുമ്പോള്‍ ഞാന്‍ തന്നെ ഉത്തരം പറയും.
" ഇസയേവിനെക്കാള്‍ എന്ത്  പാവമായിരുന്നു ഫയദോര്‍ ........ ...."

മരിയയുടെ കണ്ണുകള്‍ അപ്പോള്‍  ജ്വലിക്കും ."നിനക്ക് തെറ്റി ......"
പൊട്ടിത്തെറിച്ച് മരിയ എന്നെ രൂക്ഷമായി നോക്കും .

"നശിച്ചു പോകും നീ ......"
അത് മരിയയുടെ സ്വരമല്ല 
തോള്‍ സഞ്ചി മുറുകെ പിടിച്ച്‌ എന്‍റെ വലതു ഭാഗത്ത്‌ നിന്നവന്‍ ഉച്ച വെയിലിനെ പ്രാകുന്നത്   ഞാന്‍ കേട്ടു.
വീണ്ടും മരിയ പറഞ്ഞു തുടങ്ങുന്നു 
"മൂന്ന് പേര്‍ .....മൂന്ന്  ധ്രുവങ്ങള്‍ .......ഒരിക്കലും കൂട്ടി ചേര്‍ക്കുവാന്‍ കഴിയാത്തവര്‍ .അതാണ്‌ ഫയദോരും, ഇസയേവും,വെര്‍ഗുണോവും    .....
വികര്‍ഷണ ശേഷിയുള്ള വ്യത്യസ്ത  ധ്രുവങ്ങള്‍ .അത്യധികം കാന്തിക ശേഷിയുള്ള ഇവക്കിടയില്‍ പെട്ട് വീര്‍പ്പുമുട്ടി ,ശ്വാസം അടക്കിപ്പിടിച്ച്എത്ര നാള്‍ ....!"
 മരിയ പറഞ്ഞു നിര്‍ത്തിയിടത്തുനിന്നും തുടങ്ങാന്‍ ഞാന്‍ ഒരു പാഴ് ശ്രമം നടത്തി ,
കാരണം......മരിയ ഒരു പാവമായിരുന്നു."സ്നേഹിക്കപ്പെടാന്‍ കൊതിച്ച് ,എന്ത് ത്യാഗവും സഹിച്ച്‌ ,ഏത്  ഭൂമി യോളവും താഴ്ന്നു പോയിരുന്നവള്‍.....
   .ജീവിതത്തിന്‍റെ അവസാന വാക്ക് സ്നേഹം എന്ന് കരുതിയവള്‍
ആരെയും വല്ലാതെ ആകര്‍ഷിക്കുന്ന അവളുടെ ദൌര്‍ബല്യങ്ങള്‍ ,ആ ദുര്‍ബലമായ മനസ്സിനെ ചൂഷണം ചെയ്തവര്‍ ......."
 ..
എന്നിട്ടും ഇവള്‍ എന്തിനാണ് ഇസയേവിനെ മറന്നത്‌വെര്‍ഗുണോവിനെ ഉപേക്ഷിച്ചത് ....ഫയദോറില്‍ നിന്നും മാനസീകമായി അകന്നത് .....
ഒരു സ്ത്രീ  ഒരുവനില്‍ തകര്‍ന്നു പോയ തന്‍റെ ഹൃദയം മറ്റ്  രണ്ട് പുരുഷന്മാര്‍ക്ക് പങ്കുവെക്കുക....!   അതായിരുന്നല്ലോ  മരിയ ചെയ്തത്.ഇസയേവിന്‍റെ പത്നിയായിരിക്കെ അവര്‍ ഫയദോറിനെ പ്രണയിച്ചു.സ്നേഹത്തിനു വേണ്ടി കൊതിച്ച മനുഷ്യന് നല്‍കുന്ന സ്നേഹത്തിനു മൂല്യം കൂടുമെന്ന് ഇസയേവിനോട് അവള്‍ വാദിച്ചു. 
സെന്‍റ് പീറ്റെഴ്സ്സ്  ബര്‍ഗില്‍ നിന്നും വരുമ്പോള്‍ ഫയദോര്‍ ആ കറുത്ത തൊപ്പി അവള്‍ക്കു സമ്മാനിച്ച രാത്രിയില്‍ .....എത്ര ഭംഗിയായിരുന്നു അവളെ കാണുവാന്‍. 
ഭാര്യയും ഒരു കുഞ്ഞിന്റെ അമ്മയുമായ മരിയയെ ഫയദോര്‍ എത്രമാത്രം സ്നേഹിച്ചിരുന്നു.

പോളിനയെ കണ്ടപ്പോള്‍ ഫയദോര്‍ മരിയയുടെ ഓര്‍മ്മകള്‍ മറന്നോ.ദൈവത്തിന്‍റെ കൈയ്യൊപ്പ് വീണ ഹൃദയം ഇത്ര ചഞ്ചലമാണോ.
അപ്പോള്‍ അന്ന.........ഫയദോര്‍ തന്റെ എല്ലാ ദുഖങ്ങളും ഇറക്കിവെച്ച മനസ്സിന്‍റെ ഉടമ അന്ന.

"അന്നയോ......???"
എന്റെ ചിന്തകള്‍ ഞാനറിയാതെ ശബ്ദമായി  മാറിയത് അയാള്‍ കേട്ടിരിക്കുന്നു.
"ടോള്‍സ്റ്റോയിയുടെ അന്ന ........അലക്സിയുടെ അന്ന......വ്രോന്‍സ്കിയുടെ അന്ന ...അവളാണ് യഥാര്‍ഥ അന്ന....."
പിന്നെയും എന്തെല്ലാമോ പുലമ്പി ക്കൊണ്ട് തോള്‍ സഞ്ചിയില്‍ നിന്നും  കീറിപ്പറിഞ്ഞ അഴുക്കു പുരണ്ട ഒരു ബുക്ക്‌ അയാള്‍  വലിച്ചെടുത്തു.
അന്നയുടെ ദ്രവിച്ചു  പോയ അനേകം എണ്ണ ഛായ  ചിത്രങ്ങള്‍ എനിക്കയാള്‍ കാട്ടിത്തന്നു.
അലക്സ്സിയോടൊപ്പം കുതിരപ്പന്തയം കാണുന്ന അന്ന, വ്രോന്‍സ്കിയോടൊപ്പം വികാര വിവശയായിരിക്കുന്ന അന്ന,മാഗിയില്‍ നിന്നും കുഞ്ഞിനെ കൈയ്കളില്‍ വാങ്ങുന്ന അന്ന.......നിരവധി ചിത്രങ്ങള്‍.......
അവസാന താളിലെ ചിത്രം ഞാന്‍ കാണാതിരിക്കുവാനെന്നോണം അയാള്‍ മനപൂര്‍വം മറച്ച് പിടിച്ചു.
ഫയദോറിന്‍റെ  പ്രിയപ്പെട്ട അന്നയുടെ ഒരു ചിത്രം പോലും എന്‍റെ കൈയ്യില്‍ ഇല്ലല്ലോ എന്ന് ഞാന്‍ സ്വയം പഴിച്ചു.

പഴകിയ  ലതര്‍ പെഴ്സ്സില്‍ ഉണ്ടായിരുന്ന നിറം മങ്ങിയ ഒരു വിവാഹ ഫോട്ടോ അയാള്‍ എനിക്ക് നേരെ നീട്ടി  .മുഖം പൂപ്പല്‍ പിടിച്ചു പോയ അതിലെ സ്ത്രീ രൂപത്തെ തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല.ആ ചിത്രത്തിലെ പുരുഷരൂപത്തിന്  ആ തോള്‍ സഞ്ചികാരന്‍റെ നല്ല ഛായ.
എനിക്കവ്യക്തമായ ആ സ്ത്രീയിലേക്ക് വിരലുകള്‍ ചൂണ്ടി അയാള്‍ പറഞ്ഞു "ഇത് അന്ന..............അന്ന അലക്സ്സി കരീം .....ഇപ്പോള്‍ അന്ന വ്രോന്‍സ്കി ......ഈ ഫോട്ടോയില്‍ കാണുന്നത്  അലക്സ്സി കരീം ആണ് ......അന്നയുടെ യഥാര്‍ത്ഥ ഭര്‍ത്താവ്..."
അവളെ  വ്രോന്‍സ്കി ചതിച്ചതാ  എന്‍റെ അന്നയെ അവന്‍ ചതിച്ചു......."വീണ്ടും അതെ വാക്കുകള്‍ അയാള്‍ ഉരുവിട്ടു.തറയില്‍ മുട്ടുകുത്തി കൈകള്‍ നെഞ്ചോട്‌  ചേര്‍ത്ത് കരയുന്ന അയാളുടെ ഹൃദയം പൊട്ടിപ്പോകുമെന്ന് ഞാന്‍ ഭയന്നു.
"എന്‍റെ അന്നയെ അവന്‍ ചതിച്ചു......."ആവര്‍ത്തിക്കുന്ന ആ വാക്കുകള്‍ എന്നെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു .

ആര് ആരെയാണ് ചതിച്ചത്‌ ?
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന  മുഖം വീണ്ടും വീണ്ടും മറന്നു പോകുന്നു.ചിരിക്കുമ്പോള്‍ ഇടം കവിളില്‍ തെളിഞ്ഞു വരാറുള്ള നുണക്കുഴി മാത്രം ഓര്‍മയുണ്ട് .
"നീയാണ് എല്ലാത്തിനും കാരണം.നീ ഒരുത്തന്‍ "
പപ്പയുടെ ക്ഷീണിച്ച ശബ്ദം 
"നീ ഒരിക്കലും നന്നായി വരില്ല "
ശാപവാക്കുകള്‍ എപ്പോഴും പറയുന്ന പപ്പയുടെ മുഖം മറക്കനേ പറ്റുന്നില്ല.എത്ര ശ്രമിച്ചിട്ടും......
ഇഷ്ട്ടമി ല്ലാത്തമുഖങ്ങള്‍ മാത്രം സ്വപ്നത്തില്‍ വരുന്നു .
ഇതൊരത്ഭുതം തന്നെ.ഓര്‍ക്കുവാന്‍ ശ്രമിക്കുന്നത്‌  മറന്നു പോകുന്നു.മറക്കുവാന്‍ ആഗ്രഹിക്കുന്നത്‌ വീണ്ടും വീണ്ടും ഓര്‍ക്കുന്നു.

"നീ എല്ലാംനോക്കിക്കോണം  .നിന്‍റെ പപ്പയൊരു പാവമാ. അമ്മച്ചി പോകുവാ.......  "
യാത്രാമൊഴി എഴുതിയ കീറിയ പേപ്പേര്‍ത്തുണ്ട്‌  തന്ന നല്ല പൊക്കമുള്ളകറുത്ത ആ  പോലീസ്സ്കാരന്‍റെ മുഖത്തിന്‍റെ മങ്ങിയ ഒരോര്‍മ്മ ഇപ്പോഴും മനസ്സില്‍  ഉണ്ട് ....
വേര്‍പെട്ടുപോയ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒന്നിച്ചു വെച്ച് എല്ലാം വായിച്ചെടുത്തു.
കീറി മുറിച്ചു തുന്നിക്കെട്ടി പായയില്‍ അമ്മച്ചിയെ പൊതിഞ്ഞു കൊണ്ട് വന്നപ്പോള്‍ മാത്രമാണ് അന്നാദ്യം പപ്പ ഹൃദയം പൊട്ടി  വിളിച്ചു കരഞ്ഞത് എന്നും തോന്നി.സ്നേഹത്തിന്റെ നീരോട്ടമുള്ള ഒരു ഹൃദയം പപ്പക്ക് കൈമോശം വന്നിട്ടില്ല എന്ന് അന്ന്  മനസ്സിലായി. 

കണ്ണീര്‍ കണ്ട്‌ വീണ്ടും തളര്‍ന്നത് ദിയ നീസ്സ് യാത്ര പറഞ്ഞരാത്രിയില്‍ ആയിരുന്നു .കവിളില്‍ നുണക്കുഴികള്‍ ഇല്ലാത്തവള്‍....... ......

രാത്രി മഴയില്‍ നനഞ്ഞ് കുതിര്‍ന്ന  റോഡിന്‍റെ അരികു ചേര്‍ത്ത് നിര്‍ത്തിയിട്ട കാറിന്‍റെ ഉള്ളില്‍ തണുത്തുറഞ്ഞു  പോയ അവസാന വാക്കുകള്‍ ...... 

"എന്നോട് പോകണ്ടാ എന്ന് ഒരു വാക്ക് പറയു.......നമുക്കൊന്നിച്ച്‌ ജീവിക്കാം "
കവിളില്‍ നനഞ്ഞ ചുണ്ടുകള്‍ അമര്‍ന്നപ്പോള്‍ പരശതം വാഹനങ്ങള്‍  മിന്നിയും തെളിച്ചും തീര്‍ത്ത പ്രകാശത്തില്‍ ഓരോ   മഴത്തുള്ളികളും വജ്രക്ക ട്ടകളായി ജ്വലിക്കുന്നത് നോക്കിയിരുന്നു .
മഴയുടെ ആരവത്തിനും ദിയയുടെ തേങ്ങലിനും അന്ന് ഒരേ താളമായിരുന്നു.
 വരണ്ടുപോയ മണ്ണിനെ മഴ തണുപ്പിച്ചിട്ടും മനസ്സിനെ തണുപ്പിക്കാന്‍ ആ രാത്രി പെയ്ത കണ്ണുനീരിന് കഴിഞ്ഞതേയില്ല 
അവളോട്‌ "പോകണമെന്നോ ,പോകണ്ട "എന്നോ .... "ഒന്നിച്ചു ജീവിക്കമെന്നൊ ,മരിക്കാമെന്നോ"പറഞ്ഞില്ല . എത്ര ബുദ്ധിപൂര്‍വമുള്ള നീക്കങ്ങള്‍..!!!!.!!
അവള്‍ പൊട്ടിക്കരയുമ്പോള്‍ ചിരിയാണ് വന്നത് .അടക്കിപിടിച്ച നിഗൂഡമായ ആ ചിരി അവള്‍ കണ്ടില്ല.

അല്ലെങ്കിലും ഈ സ്ത്രീകളെല്ലാം മരിയയെ പോലെയാണ്.സ്നേഹിക്കപ്പെടാന്‍ കൊതിച്ച് ,എന്ത് ത്യാഗവും സഹിച്ച്‌ ,ഏത്  ഭൂമിയോളവും താഴ്ന്നു പോകുന്നവര്‍ ,ജീവിതത്തിന്‍റെ അവസാന വാക്ക് സ്നേഹം എന്ന് കരുതുന്നവര്‍ .ചിലപ്പോള്‍ ഈ ദൗര്‍ബല്യത്തോട് വെറുപ്പ്‌ തോന്നുന്നു .......മറ്റ് ചിലപ്പോള്‍ ഇതേ  ദൗര്‍ബല്യത്തെ  പ്രണയിക്കുവാന്‍ തോന്നുന്നു.എന്തൊരു വൈരുദ്ധ്യാത്മകത.........! 


"നീ പോയി തുലയ്‌....... ........." "    "
പ്ലാറ്റ് ഫോം കടന്ന്‌ ഹുങ്കാര ശബ്ദത്തില്‍ പോയ തീവണ്ടിയെ അയാള്‍ ചീത്ത പറഞ്ഞു.
കാത്തിരിപ്പിന്‍റെ  തീവ്രതയില്‍ എന്നിലെ പ്രണയം എരിഞ്ഞടങ്ങുന്നത് അറിഞ്ഞിട്ടെന്നോണം അയാള്‍ ചില   ചോദ്യങ്ങള്‍ എറിഞ്ഞുകൊണ്ടേയിരുന്നു .

"നീ കാത്ത് നില്‍ക്കുന്ന മരിയ വിവാഹിതയല്ലല്ലോ.........ഇനി അവള്‍ക്കുമുണ്ടോ ഭര്‍ത്താവും കുട്ടികളും?"

ഒരു മിന്നല്‍ പിണര്‍ പോലെ മൂന്ന് അവ്യക്ത മുഖങ്ങള്‍ മനസ്സില്‍  തെളിയുന്നു.ഫയദോര്‍....... ,ഇസയേവ് ,വെര്‍ഗുണോവ്  ......
.............. മൂന്ന് കാന്തിക  ധ്രുവങ്ങക്കിടയില്‍പ്പെട്ട് ശ്വാസം മുട്ടുന്ന മരിയയുടെ   നാലാമത്തെ മുഖവും. 

അയാളുടെ വാക്കുകള്‍ വീണ്ടും  മുഴങ്ങുന്നു.
"വെറുതേ അവളും ഈ തീവണ്ടിക്കു തല വെയ്ക്കും.........ചുവന്ന പുഷ്പ്പങ്ങള്‍ പാളങ്ങളില്‍ ചിതറി വീഴും .......
അവള്‍ക്കും മക്കള്‍ കാണും,താലിച്ചരട് മുറുക്കിയ ഒരു പുരുഷന്‍ കാണും ...... .......ദൈവത്തിന്‍റെ കയ്യൊപ്പുള്ള ഹൃദയങ്ങളെ ഇവരെ വെറുതേ വിട്ടേക്കുക....."

ചാഞ്ഞ സൂര്യന്‍ അന്തി മാനത്തേക്ക് മറഞ്ഞു.അവസാനത്തെ തീവണ്ടി  വരാന്‍ സമയമായി എന്ന് അയാള്‍ ഉറക്കെ വിളിച്ച്‌ പറഞ്ഞു.

തോള്‍ സഞ്ചിക്കാരാന്‍ എന്നോടൊപ്പം ചേര്‍ന്നിരുന്നു.മഴയുടെ നേരിയ ആരവത്തോടൊപ്പം അവസാന വണ്ടി സ്റ്റേഷനില്‍  വന്നു  നിന്നു.
വെള്ള ഗൌണും  കറുത്ത ക്യാപ്പും ധരിച്ച് ,പിങ്ക് പൂക്കള്‍ നിറച്ചപൂക്കൂടയും ഏന്തി വരുന്ന മരിയ ഇസയേവിന്‍റെ കാഴ്ചയില്‍പ്പെടാതിരിക്കുവാന്‍ ഞാന്‍ അയാളുടെ മുഷിഞ്ഞ നിഴലിലേക്ക്‌ മറഞ്ഞു.
പഴം തുണികള്‍ നിറച്ച ഭാണ്‌ഡ ക്കെട്ടില്‍ നിന്നും അന്നയും ,വ്രോന്‍സ്കി യും എന്നെ "ഭീരു ....ചതിയന്‍ "എന്നുറക്കെ വിളിച്ചു....

മഴയൊഴിഞ്ഞ സ്റ്റേഷന്‍ വിട്ട്  പോകുന്ന വണ്ടിയോടൊപ്പം അയാള്‍ കുറെദൂരം ഓടുന്നത് ഞാന്‍ കണ്ടു ,ഇടയ്ക്ക് മുട്ടുകുത്തിയിരുന്ന്‌ ആകാശത്തേക്ക് നോക്കി പുലമ്പുന്നതും 
എത്ര ഒതുക്കിയിട്ടും ഉള്ളില്‍ നിറഞ്ഞ പ്രണയം എന്നില്‍ കണ്ണുനീരായി  ഒഴുകുമ്പോള്‍ അയാള്‍ ഉറക്കെ ഉറക്കെ ചിരിച്ചുകൊണ്ടിരുന്നു.
ഇടക്കെപ്പോഴോ "ദൈവത്തിന്‍റെ കൈയ്യൊപ്പുള്ള ഹൃദയത്തെ  സ്നേഹിക്കുന്ന ഹൃദയമേ......നീ കരയരുത്‌ "എന്ന സമാധാനവാക്കുകള്‍ ചൊരിഞ്ഞ് കൊണ്ട്  എന്‍റെ നെറുകയില്‍ അയാള്‍  സ്നേഹപൂര്‍വ്വം ചുംബിച്ചു.  


ചിത്രം :ഗൂഗിള്‍ 

Wednesday, November 07, 2012

തമോഗര്‍ത്തങ്ങളിലേക്ക്





തമോഗര്‍ത്തങ്ങളിലേക്കുള്ള   എന്‍റെ ആദ്യ യാത്രയായിരുന്നു അത് .എന്നെ  സംബന്ധിച്ച് ഇന്നേവരെ ഞാന്‍ ജീവിച്ച പ്രപഞ്ച വിസ്മയത്തില്‍ നിന്നും വ്യത്യസ്ഥമായിരുന്നു മനുഷ്യ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമുള്ള തമോഗര്‍ത്തങ്ങള്‍..  
വെളിച്ചത്തില്‍ നിന്നും പെട്ടെന്ന് ഇരുട്ടിലേക്ക് ഒരു പ്രയാണം.ഇവന്‍റ് ഹോറിസണ്‍ കടക്കുംവരെ സാധാരണവേഗതയിലായിരുന്ന പേടകത്തിലിരിക്കുമ്പോള്‍ എത്ര സുഖകരമായിരുന്നു ഓര്‍മ്മകള്‍ , പ്രകാശ തുല്യ വേഗതയില്‍ തമോഗര്‍ത്തത്തിന്‍റെ  കേന്ദ്ര ബിന്ദുവായ സിംഗുലാരിട്ടിയില്‍ മറയും വരെ ഒരേ തീവ്ര വേഗതയില്‍ അനുഭവിച്ച വൈരുദ്ധ്യങ്ങള്‍ .  ഇരുട്ടിലുടനീളം തിരഞ്ഞിട്ടും ഞാന്‍ കാണാതിരുന്നത് ബൈനറി നക്ഷത്രങ്ങളെ യാണ്‌.. , എനിക്ക് കൂട്ട് വന്ന്  ഒടുവില്‍ കറുത്ത കുള്ളനായി മാറിപ്പോയ അതിലെ വെളുത്ത ചങ്ങാതിയെ .നക്ഷത്രങ്ങള്‍ ഇങ്ങനെ  ഇരുളടഞ്ഞു പോകുന്നത്  ഗുരുത്വാകര്‍ഷണ തകര്‍ച്ചയിലൂടെയാണത്രെ. സ്വന്തം ആകര്‍ഷണ ശക്തിക്ക് അടിമപ്പെട്ടു സ്വയം തകര്‍ന്നു പോകുന്ന അവസ്ഥ.പരിധികള്‍ നിര്‍വചിച്ച് വെള്ള ക്കുള്ളന്മാരായി രൂപം പ്രാപിച്ച പലരെയും ഞാന്‍ മനസ്സില്‍ കണ്ടു. 
അപ്പോഴൊക്കെ ചൂടുള്ള നക്ഷത്ര നിശ്വാസമായി മെറ്റില്‍ഡ എന്‍റെ   തണുത്തുറഞ്ഞു കൊണ്ടിരുന്ന ഓര്‍മകളെ  പൊള്ളിച്ചു  കൊണ്ടേയിരുന്നു. 
    
 .ആസ്ട്രോ ഫിസിക്സ്‌ റിസര്‍ച്ച് ചെയ്ത നാള്‍ ബ്രിസ്റ്റോള്‍ വെച്ചാണ് മെറ്റില്‍ഡയെ  ഞാന്‍  ആദ്യം  കാണുന്നത്.
.ഓര്‍ക്കുവാന്‍   ബ്രിസ്റ്റോള്‍    എനിക്ക് തന്നത്  മെറ്റില്‍ഡയെ മാത്രമായിരുന്നില്ലല്ലോ.
പ്രൊജക്റ്റ്‌ വ ര്‍ക്കുകള്‍ ഇല്ലാതെ വെറുതേയിരുന്ന സായാഹ്നങ്ങ ളില്‍ പലപ്പോഴും ഹസീന ഫൈസല്‍  ചാറ്റ് വിന്റോയിലൂടെപറന്ന് വന്ന്  എന്‍റെ ശീതികരണ മുറിയില്‍ അരികു ചേര്‍ന്ന് തോളില്‍  തല ചായ്ച്ചിരുന്നു.
"ജീവിതം വല്ലാതെ മടുക്കുന്നു     ദേവന്‍ ............"

   ഇന്‍ബോക്സില്‍ നിറയുന്ന മിസ്സിസ്സ്ഫൈസലിന്‍റെ  മെസേജുകള്‍ അവഗണിക്കുമ്പോള്‍ ഒരു കൈയിലെ വിരല്‍ മൌസിലെ റൈറ്റ് ബട്ടനിലും  മറു കൈ കെന്നി റോസ്സ് ഡിസില്‍വ എന്ന പോര്‍ട്ട്ഗീസ്സ്കാരിയുടെ പഞ്ഞിപോലുള്ള ഇടത്‌ തുടയിലും യാന്ത്രികമായി  ക്ലിക്ക്  ചെയ്തു കൊണ്ടിരുന്നു .
"നീ എന്നാണ് ഇന്ത്യയിലേക്ക് തിരികെ പോകുക. ?"വെളുത്തു  ചുവന്ന വിരലുകളില്‍ നിന്നും ഒരു വൈദ്യുത പ്രവാഹം എന്നിലേക്ക് പകര്‍ന്ന്  എനിക്കത്ര പരിചയം ഇല്ലാത്ത ഭാഷയില്‍  കെന്നി ഡിസില്‍വ കൊഞ്ചി. 

"........അടുത്ത സോളാര്‍ എക്ലിപ്പ്സ്സ് നമ്മള്‍  ഇന്ത്യയില്‍ ആഘോഷിക്കും "സ്വര്‍ണ മുടിയിഴകള്‍ പാറിനടന്ന അവളുടെ ചെവിയില്‍ അമര്‍ത്തി കടിച്ച്  മന്ത്രിക്കുമ്പോള്‍ ഉള്ള് കൊണ്ട് ചിരിച്ചു .വാക്കുകള്‍ കൊണ്ട് ഈ പെണ്ണുങ്ങളെ പറ്റിക്കുവാന്‍ എത്ര എളുപ്പം.പ്രത്യേകിച്ച് പ്രണയ പരവശരായ സ്ത്രീകളെ .
 സൂര്യ ഗ്രഹണങ്ങള്‍ പിന്നെയും എത്രയോ കഴിഞ്ഞു. കെന്നി റോസ്സ് ഒരിക്കല്‍[പോലും ഇന്ത്യയിലെ  ഗ്രഹണം കണ്ടില്ല. 
ബ്രിസ്ട്ടള്‍ നിന്നും നാട്ടില്‍  വന്ന നാള്‍  ഹസീനയെ വിളിക്കുവാന്‍  പഴയ ഫോണ്‍ നമ്പര്‍  വീണ്ടും ശരിയാക്കി. 
:ദേവാ...നീ നാട്ടില്‍ വന്നു അല്ലെ ................."
 കപട സ്നേഹം വാക്കുകളില്‍ പുരട്ടിയ മറുപടികള്‍ പറഞ്ഞുകൊണ്ടേയിരുന്നു. 
കടങ്ങളുടെ കണക്കുകള്‍ നിരത്തി,പ്രാരാബ്ദങ്ങളുടെ കെട്ടുകള്‍ മുറുക്കുവാന്‍ ഹസീന തുടങ്ങിയപ്പോള്‍ മൊബൈല്‍ മനപൂര്‍വ്വം സ്വിച്ച് ഓഫ്‌  ചെയ്തു .
"ഒരു കുടുംബോം കുട്ട്യോളുമൊക്കെയായി ജീവിക്കേണ്ട സമയ നിനക്ക് ................കണ്ട മദാമ്മ പെണ്ണുങ്ങ ളോടൊപ്പം നാട് ചുറ്റുയെ  "
അമ്മാമയുടെ  പരാതികള്‍ ക്കൊടുവില്‍  സ്വാതിമേനോന്‍  ജീവിത സഖിയായി.
 .

താലിച്ചരടില്‍ കെട്ടി മുറുക്കിയിട്ട ഒരു ബന്ധം ,അതായിരുന്നു എനിക്ക് സ്വാതി .അനുഗ്രഹങ്ങള്‍ ചൊരിയാന്‍ കാത്തിരുന്ന അമ്മമ്മ അതിന് മുന്‍പേ ഓര്‍മയായി.

നാട്ടില്‍   സര്‍ക്കാര്‍ ജോലി കിട്ടിയപ്പോള്‍ അച്ഛനായിരുന്നു ഏറെ ആഹ്ലാദം .
മറുനാട്ടില്‍ നിന്ന് ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് പറിച്ചു നടേണ്ടി   വന്ന  നക്ഷത്ര ജീവിതം 
ആകാശവും നക്ഷത്രങ്ങളും കൂട്ടുകാരായിരുന്നിടത്ത്  കുന്നു കൂടിയ സര്‍ക്കാര്‍ ഫയലുകള്‍. 
"നിനക്കിതു മതി ......നാട്ടിലാകുമ്പോ കണ്ണടയും വരെ  കാണാല്ലോ ഞങ്ങള്‍ക്ക് "അമ്മയും നിശബ്ദമായി പറഞ്ഞത് അതായിരിക്കണം. 

സ്വാതിയോടോപ്പം ഉറക്കം വരാതെ കിടന്ന പല   രാത്രികളിലും   ആകാശ വിസ്മയങ്ങള്‍ പാതി തുറന്ന ജനവാതിലിലൂടെ കൂട്ട് വന്നു. ഒരേ ആകാശം,ഒരേ നക്ഷത്രങ്ങള്‍ .കെന്നിയോടൊപ്പം ,മെറ്റില്‍ഡയോടൊപ്പം കണ്ട കാഴ്ചകള്‍ അതേപടി ഒരുമാറ്റവുമില്ലാതെ ഇപ്പോഴും......
പക്ഷെ മെറ്റില്‍ഡയോടൊപ്പം നോര്‍വേയിലെ  തണുപ്പ് നുകര്‍ന്ന്  ഓസ്‌ലോ ആകാശത്ത് കണ്ട പ്രകാശ വിസ്മയം പിന്നീട് ഒരിക്കലും കാണുവാന്‍ കഴിഞ്ഞില്ല .
 ആകാശ നക്ഷത്രങ്ങളില്‍ നെലെണ്ണത്തിനെ മാറ്റിനിര്‍ത്തി  മെറ്റില്‍ഡ   പഠിപ്പിച്ചുതന്ന ലൈന്‍ ക്ലിപ്പിംഗ് അല്‍ഗോരിതം ഉണ്ടാക്കി തുടങ്ങിയത് സ്വാതി നേരെത്തെ ഉറങ്ങിയ രാത്രികളില്‍ ആയിരുന്നു. കൃത്യമായ വിന്‍ഡോ ,വ്യൂ പോയിന്റുകള്‍ക്കിടയില്‍   ഇരുട്ടില്‍ പല രൂപങ്ങള്‍ തെളിഞ്ഞു വന്നു . ആകാശ ഗോളങ്ങളെ ഉപയോഗിച്ച് ഇത്തരം സാങ്കല്‍പ്പിക രൂപങ്ങള്‍ ഉണ്ടാക്കുവാന്‍ ഏറെ മിടുക്കി കെന്നിഡിസില്‍വ  തന്നെയായിരുന്നു. 

 സ്വര്‍ണ്ണമലമടക്കുകള്‍  പോലെ അഴിച്ചിട്ട മുടി ഇളം കാറ്റില്‍ ഉലച്ച്‌ ആകാശ ചരുവില്‍ നിന്നും ഒടുവില്‍ "ചൊവ്വയിലെ  സ്ത്രീ" വന്നു .*എബ്രഹാം ജോണ്‍** പറഞ്ഞ അതേ രൂപം ,പക്ഷെ മെറ്റില്‍ഡയുടെ നിറവും കെന്നി റോസ്സിന്‍റെ മുടിയഴകുമുള്ളവള്‍. എന്നത് സത്യം.
നക്ഷത്രങ്ങളുടെ വെളിച്ചം ഒന്നൊന്നായി ഊതി അണച്ച് ഇവള്‍ എന്തിനുള്ള പുറപ്പാടാണ് ?.

കാച്ചിയ എണ്ണയുടെ ചൂടുള്ള നിശ്വാസം  മുഖത്തേക്കടിച്ചപ്പോള്‍ കണ്ണുകള്‍ തുറന്നു.
"ഇതെന്തൊരു ഉറക്കമാണേട്ട...?"
അഴിച്ചിട്ട മുടിയുമായി മുന്‍പില്‍ നില്‍ക്കുന്നു ചൊവ്വയിലെ സ്ത്രീ ....ഇവളെ ആരാണ് പുളിയിലക്കരനേരിയതുടുപ്പിച്ചത് !.
"ഇതെന്താ മിഴിച്ചു നോക്കുന്നെ .....ചായ ഫ്ലാസ്ക്കില്‍ ഇരിപ്പുണ്ട്  .ഞാന്‍ ഇറങ്ങുന്നു ഇപ്പോള്‍ തന്നെ വൈകി"
 ചൊവ്വയിലെ സ്ത്രീയുടെ ശബ്ദം അകന്നു പോകുന്നു .
"ടൂണ്‍സില്‍ നിന്ന്‌ എബി മൂന്ന് തവണ വിളിച്ചിരുന്നു.തിരിച്ചു വിളിക്കണേ  ട്ടോ" 
ആകാശ വാതിലുകള്‍ ശബ്ദത്തോടെ  അടച്ച്‌ പോകും  മുന്‍പ്‌ സ്വാതി പറഞ്ഞു . 
വീണ്ടും ഒരു സൂര്യോദയം കൂടി.
പത്ര  താളുകളില്‍ പതിവ് വാര്‍ത്തകള്‍.
"സാറിന്  ഇന്ന് നല്ല ക്ഷീണം ....?രാത്രി ഉറക്കം  ശരിയായില്ല , ല്ലേ?"
സതീശനോട് ചൊവ്വയിലെ സ്ത്രീ യെക്കുറിച്ച് പറഞ്ഞാലോ .
കണ്ണടച്ചപ്പോഴൊക്കെ തെളിഞ്ഞു വന്ന മുടിയഴിച്ചിട്ട ആരൂപം കഴിഞ്ഞ രാത്രി മുഴുവന്‍ തന്‍റെ ഉറക്കം കള ഞ്ഞ കാര്യം.

പിന്‍സീറ്റില്‍ നിന്ന്‌ ബാഗു എടുത്തു തന്ന് കാറിന്‍റെ  ഡോര്‍ അടക്കുമ്പോള്‍ സതീശന്‍ വലതു കൈയില്‍ സ്നേഹപൂര്‍വ്വം പിടിച്ചു പറഞ്ഞു 
"ഞാന്‍ തമാശു  പറഞ്ഞതല്ല  നല്ല  ക്ഷീണം ഉണ്ട് സാറിന്‍റെ  മുഖത്ത് .ഇന്ന് തന്നെ പോയി ഡോക്‌ട്ടറെ കണ്ട്‌  ഒരു ഫുള്‍ ചെക്ക്‌ അപ്പ്‌ ചെയ്യണം ...."
ഓഫീസിന്‍റെ പടികള്‍ കയറുമ്പോള്‍ സതീശന്‍റെ  സ്പര്‍ശന മേറ്റ വിരലുകളില്‍ വല്ലാത്ത മരവിപ്പ്.

സ്നേഹപൂര്‍വമുള്ള  സ്പര്‍ശനങ്ങള്‍ക്കും   ഇപ്പോള്‍ പിശുക്ക്   വന്നിരിക്കുന്നു.
കമ്പ്യൂട്ടറിന്‍റെ  മൌസിനെയാണോ തന്നെയാണോ കൂടുതല്‍ സ്നേഹിക്കുന്നതെന്ന്‌ സ്വാതി ചോദിച്ചതില്‍ ഒരത്ഭുതവും തോന്നുന്നില്ല.

"ഇന്ന് റാങ്ക് ലിസ്റ്റ് ഇടണം ..അവന്മാരെ ഒരു പാഠം പഠിപ്പിക്കണം."
പുതിയ എല്‍ ഡിസിറാങ്ക് ലിസിട്നെ കുറിച്ച് ഭാസ്കരന്‍ വാചാലനായി
കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തപ്പോള്‍ സ്ക്രീനില്‍ തെളിഞ്ഞ വന്ന  ചുവന്ന മണ്‍കൂനകള്‍ക്കിടയില്‍ക്കിടയിലേക്ക് എത്തി നോക്കി .
"എന്താ ഇന്നും  സിസ്റ്റം പണിമുടക്കിയോ ?"
മോനിട്ടറിന്‍റെ   അതിരുകള്‍ കടന്ന് നോട്ടം പോയത് കാഷ്യര്‍ രാധാമണി ശ്രദ്ധിച്ചിരിക്കുന്നു .
 ചൊവ്വയിലെ  ചുവന്ന മണ്ണിലെ കാഴ്ചകള്‍ മറ്റാരെയും കാണിക്കാതെ മോനിട്ടറിന്‍റെ  സ്ഥാനം അല്‍പ്പം മാറ്റി, സ്ക്രീനിന്റെ മറവില്‍ ഇപ്പോള്‍  രാധാ മണിക്ക് തന്‍റെ മുഖ  ഭാവങ്ങള്‍  കാണുവാനേ കഴിയില്ല .എത്ര വേഗമാണ് ഒന്ന് ഒന്നിനെ മറയ്ക്കുന്നത്.

പതിവില്ലാതെ ഗോളാന്തര വാര്‍ത്തകള്‍ തേടി ഒരു യാത്ര .
ചുവന്ന ഭൂമിയില്‍ തെളിഞ്ഞു വന്ന മല മടക്കുകളില്‍ അതാ അവള്‍.
ഇരുളില്‍ തെളിഞ്ഞ കണ്ണുകളില്‍ ഭയപ്പാട്.ജീവന്‍റെ  സ്പന്ദനമില്ലാത്ത ,പുരുഷ സാമിപ്യമില്ലാത്ത ചൊവ്വയില്‍ ഇവള്‍ ആരെയാണ് ഭയക്കുന്നതെന്ന്   ചോദിക്കുവാന്‍ തോന്നി.
ഇവളുടെ പിന്‍ കഴുത്തില്‍ ആരെങ്കിലും ചുംബിച്ചിരിക്കുമോ?അല്ലെങ്കില്‍ ഒരു ദന്ത ക്ഷതം...
പുരുഷനില്ലാത്ത  ചൊവ്വയില്‍ ഇവളെ   ക്ഷതമേല്‍പ്പിക്കുന്നത് ആരാണ്?
പുരുഷ സ്പര്‍ശനമേല്‍ക്കാത്ത ലോകത്തെ ആദ്യത്തെ സ്ത്രീ ഇവള്‍ തന്നെയാകും ,അവസാനത്തെയും.
കാമവും രതിയും അറിയാത്തവള്‍,പ്രണയവും വഞ്ചനയും അറിയാത്തവള്‍.
ചിരിയും കരച്ചിലും അറിയുമോ ഇവള്‍ക്ക്......
കൈ വിരലുകള്‍ സ്ക്രീനില്‍ തെളിഞ്ഞ് വന്ന ചൊവ്വയിലെ സ്ത്രീയുടെ  നഗ്നമായ മാറിടം തഴുകി.
"അനാവശ്യ സൈറ്റുകള്‍ തുറക്കുന്നവര്‍ക്കെതിരെ സൈബര്‍ കേസ് വരും ..."
ഞെട്ടിപ്പോയി ,പ്രതീക്ഷിക്കാതെ റൂമിലേക്ക്‌ വന്ന ശ്യാം സ്ക്രീനിലേക്ക് പാളി നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. 
 വിരലുകള്‍ സ്ക്രീനില്‍ നിന്നും തെന്നി മേശമേല്‍ വീണു.
ശ്യാം ആരോടെന്നില്ലാതെ രോഷം കൊണ്ടു .
"ഇവന്മാര്‍ക്കൊന്നും വേറെ ജോലിയില്ലെന്നെ....സൈബര്‍ കേസ് അത്രെ ........."
     "
ശ്യാമിന് ഒന്നും തോന്നാതിരിക്കുവാന്‍ മേശമേല്‍ ഇരുന്ന ഫയല്‍ അലസമായ ഭാവത്തില്‍ മറിച്ചു.
"ഇത് നീ ഉദ്ദേശിക്കുന്ന  സൈറ്റ് അല്ല ശ്യാം......യു  ആര്‍  എല്‍  തരാം നോക്കു.സംതിംഗ് ഇന്ട്രെസ്റിംഗ്....ചൊവ്വയിലെ സ്ത്രീ."

"ചുമ്മാ .......മാഷിനു വേറെ ജോലിയില്ലേ ....ചോവ്വയിലെസ്ത്രീ  !!!...ജീവന്റെ കണികയില്ലാത്തിടത്ത്  സ്ത്രീയോ ......ആരോ പൊട്ടത്തരം പറഞ്ഞു...മാഷിത് വിശ്വസിച്ചോ .ഒക്കെ കള്ളത്തരങ്ങള്‍....
  "

ശ്യാം പോയപ്പോള്‍ റീപ്ലേ ചെയ്തു .....മലയിറങ്ങി വീണ്ടും അവള്‍ വരുന്നു ...ഒരു നേരിയ നൂല്‍ബന്ധവും ഇല്ലാതെ പൂര്‍ണ്ണ നഗ്നയായി .
അവ്യക്തമായ അവയവ പകര്‍ച്ചകള്‍......
പിന്നില്‍ കാലൊളം അഴിച്ചിട്ട മുടിയിഴകളുടെ നിഴല്‍  വളരെ വ്യക്തം.
ഇത് തന്നെ യാണ് തലേന്ന് കണ്ട സ്വപ്നവും.
ചുവന്ന മണ്ണില്‍ നിന്നും  വന്നവള്‍ ഭൂമിയിലേക്ക്‌ ഇറങ്ങി വന്നു.
ഇരുട്ടില്‍  തന്‍റെ  നെഞ്ചോട്‌ ചേര്‍ന്ന്   അമര്‍ന്ന് കിടന്നു.
നോര്‍വയിലെ രാവില്‍ അറിഞ്ഞ അതേ തണുപ്പ്‌ ...... 
സ്വാതി ഉണരുമെന്നായിരുന്നു ഭയം.
പുരുഷന്‍റെ ഗന്ധമേല്‍ക്കാത്ത സ്ത്രീയെ ജീവിതത്തില്‍ അന്നാദ്യം പുണര്‍ന്നു.നനവുള്ള രാവ്‌ പുലരും മുന്‍പ്‌ നക്ഷത്രങ്ങള്‍ ഓരോന്നായി അണഞ്ഞു.
ഇരുട്ട്  വരിഞ്ഞ കിടക്കയില്‍ ഇടം കൈകൊണ്ടു തപ്പി നോക്കി. സ്വാതി  അടുത്തുണ്ട്. ശീതളി നെ കെട്ടിപ്പിടിച്ചുറങ്ങുന്നു .
കിടക്കയില്‍ നിന്ന് കയ്യെത്തി ജനവാതില്‍ തുറന്നു . ഒരു നക്ഷത്രവും ഇല്ല . ചുവന്ന ഗ്രഹം പൊട്ടുപോലെ ദൂരെയെങ്ങും കാണുന്നുമില്ല.
വലം കൈയ്യിലെ വിരലുകളില്‍ ഒരു ഉന്മാദ ഗന്ധം 
ഇടക്കെപ്പോഴോ പാതി കണ്ണുകള്‍ തുറന്നു  സ്വാതി  ചോദിച്ചു "ഇതേതു പെര്‍ ഫ്യുമാ  ഏട്ട.........നല്ല മണം......"
"ഇത് അവളുടെ ഗന്ധം......ചൊവ്വയിലെ സ്ത്രീയുടെ ഗന്ധം........."
വാക്കുകള്‍ വാക്കുകളായി വിഴുങ്ങി.
ഉറക്കത്തില്‍ വല്ലാത്തൊരു ശബ്ദം  ഉണ്ടാക്കി സ്വാതി   നെഞ്ചോട്‌ ചേര്‍ന്നു .
പിന്നീട് ഉറക്കം വന്നതേയില്ല  .ഇതിപ്പോള്‍ പതിവാണ് ,ഒന്നും രണ്ടും പ്രാവിശ്യമല്ല  .സ്ഥിരമായി ഒരു സ്വപ്നം തന്നെ വീണ്ടും വീണ്ടും കാണുക.വിശകലനം ചെയ്യാമെന്ന് വെച്ചാല്‍ ശ്യാം പറഞ്ഞ സിഗ്മണ്ട് ഫ്രോയിഡിന്‍റെ പുസ്തകം കിട്ടാനുമില്ല.

ബസ്സ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ മെറ്റില്‍ഡയുടെ മിഴികളുള്ള  ശ്രേയ അടുത്തു വന്നു
"ഇന്നെന്തേ മാഷ്‌ വൈകി.......?"
കണ്ണുകളില്‍ ഇവള്‍ ഒളിപ്പിച്ചു വെക്കുന്ന ദുരൂഹമായ വാക്കുകള്‍  എങ്ങനെ വായിച്ചെടുക്കാന്‍.
"സുഖമില്ലേ ?"
ഇവളും തന്നെ ഒരു രോഗിയാക്കുന്നോ...
പരിചിതമായ ആ  സുഗന്ധം.വലം കയ്യിലെ വിരലുകളില്‍ നിന്നാണോ ? അതോ ഇവളില്‍ നിന്നോ ? 
ശ്രേയ ഒന്ന് കൂടി അടുത്തേക്ക് നിന്നെങ്കില്‍  എന്ന് തോന്നി. ചൊവ്വയിലെ സ്ത്രീയുടെ അതേ സുഗന്ധം . 
കോളേജ് ബസ്സ് വന്നപ്പോള്‍ "ബൈ "പറ ഞ്ഞ്  അവള്‍ പോയി.
ഇവള്‍ ചൊവ്വയിലെ സ്ത്രീ യുടെ ഭാവങ്ങള്‍ കാട്ടുന്നതെന്തിന്?
അന്നും അടുക്കളയിലെ മനം മടുപ്പിക്കുന്ന ഗന്ധവുമായി സ്വാതി അടുത്ത് വന്നു കിടന്നു.
"നിനക്ക് ഞാന്‍ വാങ്ങിത്തന്ന ഏപ്രിന്‍ എവിടെ ?"
"ഓ അതവിടെ എവിടെയോ ഉണ്ട് ....തിരക്കില്‍ ഇതൊക്കെ കെട്ടി ജോലി ചെയ്യാന്‍ എവിടാ  സമയം."
മുറിയില്‍  ഉയര്‍ന്നു താഴുന്ന  നിശ്വാസങ്ങള്‍ക്ക് മുഷിഞ്ഞ തുണിയുടെ മടുപ്പിക്കുന്ന മണം.
ശബ്ദത്തിന്‍റെയും  വെളിച്ചത്തിന്‍റെയും  കണികകള്‍ അപ്രത്യക്ഷമായ മറ്റൊരുലോകം .
 സിംഗുലാരിട്ടിയില്‍ നിഴല്‍പ്പാടായി വീണ്ടും പലതും തെളിഞ്ഞു വരുന്നു  .....ഹസീന,മെറ്റിഡാ ,കെന്നി റോസ്സ് ........


അബോധ ബോധ മനസ്സുകള്‍ക്കിടയില്‍പ്പെട്ട് ഞെരിഞ്ഞമരുന്ന എന്‍റെ  ഓര്‍മ്മകള്‍. എത്ര തിരഞ്ഞിട്ടും കാണാതിരുന്നത് ചൊവ്വയിലെ സ്ത്രീയെ ആയിരുന്നു.
ചുവന്ന മണ്‍കൂനകള്‍ക്കിടയില്‍ നിന്ന് ,അഴിഞ്ഞുലഞ്ഞ മുടിയുമായി നഗ്നയായി അവള്‍ ഇറങ്ങി വരുന്നതും കാത്ത്  ഇരുട്ടില്‍ ഞാന്‍  കിടന്നു,  . മുറിയിലാകെ പരക്കുവാന്‍ പോകുന്ന ആ സുഗന്ധം തേടി ശ്വാസം പിടിച്ച് ......കണ്ണുകള്‍ ഇറുകെ അടച്ച് ....

 

Sunday, September 16, 2012

കുമരംപേരൂരിലേക്കുള്ള വഴി (3 )


മഴമുല്ല പൂവിട്ടനാള്‍  





കുമരം പേരൂരില്‍ വീണ്ടും വരുന്നു എങ്കില്‍ അതൊരു   മഴക്കാലത്ത്‌   തന്നെ ആവണമെന്ന് ആഗ്രഹിച്ചിരുന്നു.നിറഞ്ഞൊഴുകുന്നആറിന്‍റെ  തീരത്തിരുന്ന്  ഈ  കാടിന്‍റെ   പരിഭവം കേള്‍ക്കണം,പൂത്ത് മറിഞ്ഞ ആറ്റു വഞ്ചിയില്‍നിന്നും കൊഴിഞ്ഞു വീണ പൂവുകള്‍ പുഴയുടെ തെളിനീരില്‍  ഒഴുകി വരുന്നത് കാണണം,തിമര്‍ത്തു പെയ്യുന്ന പുതു മഴ കാടിനേയും,പുഴയേയും പ്രണയിക്കുന്നത്‌ കണ്ടിരിക്കണം..........


മഴക്കാലത്താവും  അച്ഛന്‍ കോവിലാര്‍ കൂടുതല്‍ സുന്ദരിയാവുക.കിഴക്കന്‍ മലകളില്‍ നിന്നും ജന്മം കൊണ്ട്  " തൊണ്ണൂറ്  തോടും ,തൊണ്ടിയാറും ചേര്‍ന്ന " എന്ന് പഴമക്കാര്‍ പറയുന്നവള്‍. ,പണ്ട്  കാടിന്‍റെ അതിര്‍ത്തികളില്‍ എന്നോ പൂവിട്ട  നീലക്കൊടുവേലിയുടെ മിത്തുകള്‍  കെട്ടു  പിണഞ്ഞു  കിടക്കുന്ന  അഗാധതയുടെ കഥകള്‍ മനസ്സില്‍ നിറച്ചവള്‍ , എത്ര തിരഞ്ഞിട്ടു എനിക്ക് കാണുവാന്‍ കഴിയാത്ത ആ നീലക്കൊടുവേലി പൂക്കളുടെ സുഗന്ധം പേറി ഇന്നും  ഒഴുകുന്നവള്‍......................... ........
 കിഴക്കു  നിന്നും  ഒഴുകിവരുന്ന   മഴവെള്ളം നിറഞ്ഞ്,പലതരം  കാട്ടിലകളും പൂക്കളും നിറച്ച്‌   വീണ്ടും അവള്‍ എന്നെ മോഹിപ്പിച്ച്  ഒഴുകുന്നു .......
 ബാല്യം എത്ര മനോഹരം !

നീര്‍ നിറഞ്ഞ് നീ വീണ്ടും ഒഴുകുമ്പോള്‍ ......

തെളിനീരില്‍ അവര്‍ കണ്ണാടി നോക്കുമ്പോള്‍ ....നീയോ മണലില്‍ ചിത്രം വരയ്ക്കുന്നു........

നൂലായി മാറുമോ ഈ പുഴയും...............


 അതിരുകള്‍ എപ്പോഴും എനിക്ക് വിലങ്ങുകളാണ് "നല്ല ഒഴുക്കാണ് വെള്ളത്തിലേക്ക്‌  ഇറങ്ങണ്ട "ത്രെ.കുമരം പേരൂരിന് ഇന്നും ഞാന്‍ ചെറിയ കുട്ടിയാണ്.
മുളപൊട്ടിയ പുതു ചെടികള്‍ക്ക് ഞാന്‍ അന്യയെങ്കിലും ഈ മണ്ണിന്‍റെ  .സുഗന്ധം എന്നെ ഇപ്പോഴും  തിരിച്ചറിയുന്നുണ്ട്.പുതിയ പൂക്കള്‍ ,പുതിയ ഇലകള്‍ .പഴമയുടെ  വേരോടുന്ന മണ്ണില്‍ എന്നെ വരവേല്‍ക്കാന്‍ എല്ലാം പുതുമനിറച്ചു നില്‍ക്കുന്നു. 
.

പൊട്ടിത്തകര്‍ന്ന കിനാക്കള്‍.......

തണുത്ത വെള്ളത്തില്‍ ഇറങ്ങി തോട് കടന്ന് കാട്ടിലേക്ക് ......കഴിഞ്ഞ  മലവെള്ളപ്പാ ച്ചിലില്‍ തോടിനു കുറെകെയുള്ള പാലം തകര്‍ന്നു പോയിട്ടുണ്ട് കാടിന്‍റെ അതിര്‍ത്തിയിലെ  തേക്കുമരങ്ങള്‍ വെട്ടി മാറ്റി പുതു വൃക്ഷ തൈകള്‍  വെച്ചിരിക്കുന്നു എന്ന് കേട്ടത് ഓര്‍മവന്നു.ഞാന്‍ പ്രണയിച്ചിരുന്ന കാടിന്‍റെ ആ ഇരുളിമ നഷ്ട്ടപ്പെട്ടപോലെ .പുതുനാമ്പുകള്‍ തളിര്‍ത്ത് വരുന്ന അശോകച്ചെടികള്‍ക്ക് എന്നെ തീരെ പരിചയമില്ല.
 പണ്ട് ഈ തോട് കടന്നായിരുന്നു കുമരം പേരൂരിലെ പൈക്കിടാങ്ങള്‍ കാട്ടില്‍ തീറ്റ തേടി  പോയിരുന്നത് .തോടിന്‍റെ  ഓരം  ചേര്‍ന്ന പഴയ തറവാട്ടു സ്ഥലം റബ്ബര്‍ നിറഞ്ഞു  നില്‍ക്കുന്നു. തേക്ക് മരങ്ങള്‍ വെട്ടിയിട്ടും നോവേല്‍ക്കാതെ ആ പഴയ ആ ചീനി മരം ആകാശം തൊട്ട് അവിടെത്തന്നെയുണ്ട്‌.


ഭൂമിയോട്പിണങ്ങി......ആകാശം തൊട്ട ചീനിമരം 



ഇവിടെ എവിടെയോ ആയിരുന്നുഊരാളിക്ക്‌ നേര്‍ച്ച വെച്ചിരുന്ന ആ കുഞ്ഞു വൃക്ഷം 

വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഊരാളി  നേര്‍ച്ച ഓര്‍മ വരുന്നു.
പണ്ട് കാട്ടില്‍ വിറകു ശേഖരിക്കാന്‍ പോകുന്നവര്‍ വെറ്റിലയും,പാക്കും പുകയിലയും,ചുണ്ണാമ്പും  കൂടി വെക്കും ഈ മരത്തിനടുത്തെവിടെയോ .
"ഇതാരാ  എടുക്ക ?"എന്ന എന്‍റെ ബാലിശമായ ചോദ്യത്തിന് ഒരിക്കല്‍കുഞ്ഞമ്മ പറഞ്ഞു 

 " ഊരാളിക്ക് നേര്‍ച്ച വെക്കണതാ "ന്ന് .
വൈകിട്ട് ആകുമ്പോഴേക്കും ഊരാളി വന്ന്‍ നേര്‍ച്ച എടുക്കുമത്രേ 
ആരാണ് ഈ "ഊരാളി" എന്ന് അറിയില്ല,അന്ന് ചോദിച്ചതുമില്ല .
പണ്ട് ആറ്റില്‍ പോയി വൈകി തിരികെ വരുമ്പോള്‍ ചീനി മരത്തിനെ വരിഞ്ഞു മുറുക്കിയ ഇരുട്ടിലേക്ക്   ഞാന്‍ ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു "ഊരാളി" വന്നു നേര്‍ച്ച എടുത്തിട്ടുണ്ടകുമോന്ന് അറിയാന്‍..
"അങ്ങോട്ട്‌ നോക്കണ്ട  കുട്ടി.......ഇരുട്ടിലവിടെ അവര്‍ മുറുക്കാന്‍ ചവക്കുകയാവും.നമ്മള്‍ നോക്കിയാല്‍ അവര്‍  നേര്‍ച്ച   എടുക്കാതെ പോകും "
നോക്കിപോയല്ലോ എന്ന കുറ്റബോധവും,അകാരണമായ ഭയവുമായിരുന്നു മനസ്സില്‍ അന്ന് .
നോട്ടം തെറ്റി  മാറ്റിയ തണുത്ത കരങ്ങളുടെ കുളിര്‍മ്മ ഇപ്പോഴും ഓര്‍ക്കുന്നു. 
മാനം തൊട്ടു നില്‍ക്കുന്ന ചീനി മരത്തിന്‍റെ  ചുവട്ടില്‍  ഊരാളിക്ക് മുറുക്കാന്‍ കൂട്ട് വെക്കുന്ന ആ ചെറിയ മരം ആരോ വെട്ടിക്കളഞ്ഞിരിക്കുന്നു. .വിശ്വാസത്തിന്‍റെ  മതില്‍ കെട്ടുകള്‍  മുറുകുമ്പോള്‍ ഇന്നും ഊരാളിക്ക് ആരെങ്കിലും നേര്‍ച്ച വെക്കുന്നുണ്ടാകുമോ  ...?
എന്‍റെ സംശയം തീര്‍ക്കാന്‍ ഇന്ന് ആരും  അരികിലില്ല.അകാലത്തില്‍ സ്വര്‍ഗത്തിലേക്ക് പറന്ന് പോയ എന്‍റെ കുഞ്ഞമ്മയുടെ വേദനിക്കുന്ന ഓര്‍മ്മകള്‍ മാത്രം ഒരു നോവായി ഇപ്പോഴും ഉണ്ട്.

ചീനി മരത്തോടു ചേര്‍ന്ന് ഇന്ന് ഫോറെസ്റ്റ് സ്റ്റേഷന്‍റെ അടുക്കളയും മറ്റുമായി ചെറിയ  ഒരു കോണ്‍ ക്രീറ്റ് കെട്ടിടം ഉയര്‍ന്നിട്ടുണ്ട്.
കാടിന്‍റെ അതിര്‍ത്തിയില്‍ പണ്ടേയുള്ള ഫോറെസ്റ്റ് ചെക്ക്‌ പോസ്റ്റിന് ഒരു മാറ്റവുമില്ല .അതിര്‍ത്തി കടക്കാന്‍ ഇന്നും വാഹനങ്ങള്‍ക്ക് അനുവാദം വേണം .


തുരുമ്പെടുത്ത നിയമങ്ങള്‍ 
 വാഹനത്തില്‍ വന്നിരിന്നുവെങ്കില്‍ ഒരു പക്ഷെ കുമരം പേരൂര്‍  കാടിന്‍റെ അതിര്‍ത്തി    എനിക്കും സ്വാതന്ത്ര്യം നിഷേധിക്കുമായിരുന്നു 
ചെക്ക്‌ പോസ്സ്റ്റിനരികിലായി ജീര്‍ണിച്ചു തുടങ്ങിയ ഒന്ന് രണ്ട് തടിക്കഷണങ്ങള്‍  കണ്ടു.


ജീര്‍ണിച്ച ഓര്‍മ്മകള്‍....

ഒരോ സ്വപ്നവും ശേഷിപ്പിക്കുന്നത്............

ഇനിയും ഇവിടെ എത്രനാള്‍ ...........?

പണ്ടത്തെ കടത്തു വള്ളമാണ് 
എത്രയോനാള്‍ ഇതേ   വള്ളത്തില്‍ അമ്മയോടൊപ്പം ഞാന്‍  ഈ പുഴ കടന്നിട്ടുണ്ട്.
പണ്ട് സ്കൂളില്‍ പോകുവാന്‍ തീരത്ത് ഓടി എത്തുമ്പോഴേക്കുംഅക്കരെപോകാന്‍ വഞ്ചി തിരക്കിട്ടു നില്‍പ്പുണ്ടാവും .ആളുകള്‍ തിങ്ങി നിറഞ്ഞ വഞ്ചിയിലെ ഇരിപ്പിടത്തില്‍ എന്നെ  ചേര്‍ത്ത് പിടിച്ചിരിക്കുന്ന അമ്മയോടൊപ്പം കലങ്ങി മറിഞ്ഞൊഴുകുന്ന   വെള്ളത്തിലേക്ക്‌ നോക്കി ഞാന്‍ എത്രവട്ടം ഭയന്നിരുന്നിട്ടുണ്ട്.അന്ന് ടാറിടാത്ത കുമാരംപേരൂര്‍ റോഡില്‍ വാഹന സൗകര്യങ്ങളും തീരെകുറവായിരുന്നു. 

പണ്ട് ആറിന്‍റെ അക്കരെയുള്ള കല്ലേലി തോട്ടം ഭാഗത്തേക്ക് പോകുവാന്‍ കുമരം പേരൂര്‍ കര്‍ഷകര്‍ ആശ്രയിച്ചിരുന്നത് ഇതേ  കടത്ത് വഞ്ചിയെ  ആയിരുന്നു.അതിലും വളരെ മുന്‍പ്‌  സായിപ്പിന്‍റെ തേയില തോട്ടത്തില്‍ പണിയെടുക്കുവാന്‍ പോകുന്നവര്‍,നാട്ടിലെ കൃഷിയിടങ്ങളില്‍ വിളഞ്ഞ വിളകള്‍ വില്‍ക്കുവാനും കിട്ടുന്ന  പൈസക്ക് കല്ലേലി തോട്ടം ചന്തയില്‍ നിന്നും പുതു സാധങ്ങള്‍ വാങ്ങുവാനും  പോകുന്നവര്‍ ഒക്കെ കടത്ത്‌ കടന്നിരുന്നതും  ഇതേ വഞ്ചിയിലായിരുന്നു .പിന്നൊരുനാള്‍ മധുവിധു സ്വപ്നങ്ങളുമായി ആഴങ്ങളിലേക്ക് ആണ്ടുപോയ  പ്രണയം നിറച്ച ഹൃദയങ്ങള്‍ അവസാന യാത്ര ചെയ്തതും ഇതേ വഞ്ചിയില്‍ ........
 ഇന്ന് കടവില്‍ കടത്തു വഞ്ചിയില്ല. വഞ്ചി തുഴയാന്‍ ആര്‍ക്കും പരിചയവുമില്ല. അക്കരയ്ക്ക് ഇന്ന് ആര്‍ക്കും പോകണ്ട .
അത്രത്തോളം നിറഞ്ഞ് കവിഞ്ഞ്‌ ഇപ്പോള്‍ ഈ പുഴ ഒഴുകുന്നതും വല്ലപ്പോഴും മാത്രം .
ജീര്‍ണിച്ചു മണ്ണോടു ചേരുന്ന ഓര്‍മയായി ഈ കടത്തു വഞ്ചി ഇവിടെ ഇനി എത്ര നാള്‍...........................
കുമരംപേരൂര്‍ ഫോറസ്സ്ട്ട്‌ സ്റ്റേഷന്‍   

പണ്ട് കുമരം പേരൂര്‍ കാടുകളില്‍ മേഞ്ഞുനടന്ന കാലിക്കൂട്ടങ്ങള്‍ ഇന്ന് അന്യം നിന്നു പോയി എന്ന് പലപ്പോഴും പരിഭവിച്ചിരുന്നു ഞാന്‍...
കാലിത്തീറ്റ തിന്നുന്ന കന്നുകളേയും  കവര്‍ പാല്‍ കുടിക്കുന്ന ബാല്യങ്ങളേയും   ഓര്‍ത്ത് വേദനിച്ച് ,ജീവിതത്തില്‍ ഒരിക്കലും ഇനി അങ്ങനെ ഒരു  കാഴ്ച  കാണുവാന്‍ കഴിയില്ല   എന്നും  കരുതിയിരുന്ന ഞാന്‍  കാടിറങ്ങി വരുന്ന പൈക്കളെ കണ്ട്‌  അത്ഭുതപ്പെട്ടു.വെളുത്ത്‌ കൊഴുത്ത പൈയ്ക്കിടാങ്ങള്‍ കാടിറങ്ങി നാട്ടിലേക്ക്.
ഇവരുടെ കഴുത്തില്‍ കയറിട്ട പാടുകളോ ,കുടമണിയൊ ഇല്ല .
ഈ കാലികൂട്ടങ്ങള്‍ കാട്ടില്‍ വളരുന്നവയെന്നത്‌ എന്‍റെ ജന്മനാടിനെ കുറിച്ചുള്ള  പുതുമയുള്ള അറിവുകളില്‍ ഒന്നായി.
കോലക്കുഴല്‍ വിളി കേട്ടോ..........

ഇനിയും വരാഞ്ഞതെന്തേ.......?




ആകാശം ഒന്ന് മയങ്ങിയ വേള .....

മധുരം ആവോളം നുകരട്ടെ.................

നാട്ടുകാര്‍ പറഞ്ഞു തന്ന കഥയിങ്ങനെ 
ആറിനക്കരെയുള്ള കല്ലേലി തോട്ടം നിവാസികളുടെ കന്നിന്‍ കൂട്ടങ്ങള്‍ മുന്‍പ്‌ ആറ്‌ കടന്ന്‌ കുമരംപേരൂര്‍ കാട്ടില്‍ വരിക പതിവായിരുന്നു.
ഒരിക്കല്‍ കാട്ടില്‍ മേയുവാന്‍ വന്ന ഒരു കൂട്ടം കാലികള്‍ക്ക്‌ മലവെള്ളപാച്ചിലില്‍ നിറഞ്ഞൊഴുകുന്ന അച്ഛന്കൊവിലാര്‍  കടക്കാന്‍ നിവാഹമില്ലാതെ കാട്ടില്‍ കഴിയേണ്ടിവന്നു..മഴപോയി വെള്ളം വറ്റി വഴിതെളിഞ്ഞിട്ടും  ഇവര്‍ സ്വന്തം വീട്ടിലേക്ക് തിരികെ പോയില്ല.തങ്ങളുടെ കാലിക്കൂട്ട ങ്ങളെ തേടിവന്ന ഉടമസ്ഥര്‍ കാടായ കാടൊക്കെ തിരഞ്ഞിട്ടും ഒന്നിനെ പോലും കണ്ടുകിട്ടിയതുമില്ല. ദിവസങ്ങളും ആഴ്ചകളും നീണ്ടു നിന്ന അന്വേഷണത്തിനൊടുവില്‍ നിരാശരായി അവര്‍ തിരികെ മടങ്ങിയപ്പോള്‍ കാട്ട് പൊന്തകളില്‍ ഒളിച്ചിരുന്ന കന്നുകള്‍ ആഹ്ലാദം പങ്കിട്ടു കാണണം.നാടിനേക്കാളും  എന്തുകൊണ്ടും   സ്വസ്ഥം കാടാണെന്ന് ഈ മിണ്ടാപ്രാണികള്‍ അറിഞ്ഞിരിക്കണം.
പിന്നെ കുടുംബമായി കുട്ടികളായി കാട്ടില്‍ത്തന്നെ അവര്‍ സ്ഥിര താമസവുമാക്കി .
കുമരംപെരൂരിലെ സായാഹ്നങ്ങള്‍ ചിലവഴിക്കാന്‍ ഇവര്‍ കൂട്ടത്തോടെ കാടിറങ്ങി നാട്ടിലേക്ക് വരുന്നു,കൃഷിയിടങ്ങളില്‍ യഥേഷ്ടം സ്വര്യ വിഹാരം നടത്തുന്നു, ആര്‍ക്കും പിടിതരാതെ കണ്ണു വെട്ടിച്ചു കാട്ടിലേക്ക് മയുന്നു
ആ വൈകുന്നേരം ഞാനാ കാലിക്കൂട്ടങ്ങളെ നേരില്‍ കണ്ടു.പറഞ്ഞുകേട്ട അത്ഭുതം നേരില്‍ കണ്ടപ്പോള്‍ അനിര്‍വചനീയമായ ആഹ്ലാദവും.ക്യാമറയും കൊണ്ട് അടുത്തേക്ക്‌ വരുന്ന എനിക്കുവേണ്ടി അവരില്‍ ചിലര്‍ പോസ്സു ചെയ്തു പച്ചപ്പുനിറഞ്ഞ കാടിന്‍റെ വഴിയിടങ്ങളില്‍ വിശ്രമിച്ചു കിടക്കുന്ന അവരില്‍ പലരും എന്നെ കണ്ടതിലുള്ള പരിഭ്രമം കണ്ണിലോളിപ്പിക്കുന്നുണ്ടായിരുന്നു.കൂട്ടത്തില്‍ പശുക്കുട്ടികളും ,ഒരു മൂരിക്കുട്ടനും നിറവയറോടെ  ഒരു കന്നും  ഉണ്ടായിരുന്നു.ഇവള്‍ ജന്മം നല്‍കുന്ന കുഞ്ഞിന് മതിവരുവോളം അമ്മയുടെ പാല്‍ കുടിച്ചു വളരാമല്ലോ എന്നോര്‍ത്തു. 
മനുഷ്യരുടെ സ്പര്‍ശനം ഒരിക്കല്‍പോലും ഏല്‍ക്കാത്ത ആ കാലികൂട്ടങ്ങള്‍ കാഴചയില്‍ അതീവ സുന്ദരികളായിരുന്നു. നാടിനെ വെറുത്തു കാടിനെ സ്നേഹിച്ചവര്‍.

ചിലപ്പോള്‍ നാട്ടിലെത്തുന്ന പശുക്കളെ ചിലര്‍ കെട്ടിയിടാറുണ്ടത്രേ .പാല് കറന്നെടുത്ത് പകരംവെള്ളവുംതീറ്റയും  നല്‍കി വീണ്ടും അഴിച്ച്‌ കാടിന്‍റെ ലോകത്തേക്ക് .....നമ്മള്‍ മനുഷ്യര്‍ എന്ത്  സ്വാര്‍ത്ഥരാണെന്ന് അവര്‍ക്ക് മനസ്സിലായിട്ടുണ്ടാകുമെന്ന് ഉറപ്പ്‌.
  നാട്ടില്‍ വരുന്ന കാലികളുടെ എണ്ണം മുന്‍പുള്ളതിലും   കുറഞ്ഞു വരുന്നു എന്നും അറി യുവാന്‍ കഴിഞ്ഞു.പ്രത്യേകിച്ച് പുരുഷ പ്രജകളുടെ എണ്ണം.കെണിവെച്ച്‌ പിടിച്ചു ചിലര്‍ ഈ മിണ്ടാപ്രാണികളെ കൊന്നിട്ടണ്ടെന്നത്‌ വേദനയോടെ ,നൊമ്പരത്തോടെ 
ഓര്‍ത്തു.വന്യ മൃഗങ്ങള്‍ അല്ലാത്തതിനാല്‍ ഇവരുടെ സംരക്ഷണം ഏത്  നിയമ പരിധിയില്‍ വരും ???
കാലം കടന്നു പോകുമ്പോള്‍ എല്ലാവരും മാറി പോകുന്നു. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന  ഒരു കൂട്ടം ഗ്രാമാവാസികളാണ്  ഇന്നും കുമരം പേരൂര്‍ നിവാസികള്‍. .മാറുന്നത് ചില മനുഷരും ,അവരുടെ മനസ്സും മാത്രമാണ്    കാറ്റില്‍  കൊഴിഞ്ഞു വീഴുന്ന മണി മരുതിന്‍റെ പൂക്കള്‍ക്ക് ആ പഴയ നിറം തന്നെ.
കിഴക്കന്‍ മലകളില്‍ നിന്നും തേക്കിന്‍ കാടുകള്‍ തഴുകി വരുന്ന കാറ്റിന്‍റെ സുഗന്ധത്തിനും ഒരു മാറ്റവുമില്ല .
 തോടിന്‍റെ  വക്കിലെ ചീനിമരത്തിന്‍റെ ചില്ലകള്‍ ഭൂമിയോട് പിണങ്ങി ആകാശത്തോട് കിന്നാരം പറയുന്നു.വഴിയിലാകെ നിറഞ്ഞു നില്‍ക്കുന്ന പാണനിലയുടെ തുമ്പത്ത് ചുവന്ന കായകളും വെളുത്ത പൂക്കളും. ആറിന്‍റെ  വക്കില്‍ നിറഞ്ഞു നില്‍ക്കുന്ന ഈഞ്ചക്കാ ടുകള്‍ ഇപ്പോഴും ഉണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള ആറ്റുമാവില്‍ ഇത്തവണ മാമ്പഴം ഇല്ല. ഞാന്‍ വരുമെന്ന് "മുന്‍കൂട്ടി അറിയക്കാഞ്ഞതെന്ത്"  എന്ന പരിഭവം മാവിന്‍റെ  തളിരിട്ട ചില്ലകള്‍ക്ക് ഉണ്ട് .പണ്ട് കടത്തുവള്ളം കെട്ടിയിടാറുള്ള തീരത്തുള്ള  മണി മരുത് നിറയെ  പൂക്കള്‍ നിറച്ച്‌ നില്‍ക്കുന്നു .ആറ്റുവക്കില്‍ വഴിതെറ്റിവന്നു പൂത്ത പാരിജാതത്തിന്‍റെ പൂക്കള്‍ നിറഞ്ഞ ചില്ലകള്‍   ഒടിച്ചെടുത്തു. ഇളം പച്ചനിറത്തിലുള്ള പൂവുകള്‍ക്ക് അതി സുഗന്ധം,പ്രണയത്തിന്‍റെ  ഓര്‍മ്മകള്‍ തിരികെ നല്‍കുന്ന  ഒരു വല്ലാത്ത സുഗന്ധം......

കിഴക്കന്‍ കാടുകളില്‍ മഴപെയ്തിട്ടില്ല എന്ന് മനസ്സിലായി,രൌദ്ര ഭാവമില്ലാതെ അച്ഛന്‍ കൊവിലാര്‍ ഒഴുകുന്നു. പരിഭവമില്ലാതെ,പിണക്കമില്ലാതെ ...നീര്‍ വറ്റിയ തീരങ്ങളില്‍ ഏതോ കാട്ട് മൃഗത്തിന്‍റെ കാലടയാളങ്ങള്‍........
അന്യമാകുന്ന കാല്‍പ്പാടുകള്‍ .........

കാണേ നൂല്‍പുഴ എങ്ങോ മാഞ്ഞൂ....................... 


 തീരത്ത് ഒറ്റക്കിരുന്നാല്‍  ഈ കാടും പുഴയും എന്നോട്‌ ഒരുപാട്‌ കഥകള്‍ പറയും.മനസ്സിന്‍റെ ചെപ്പില്‍ ആരോടും പറയാതെ  സൂക്ഷിക്കുന്ന പല രഹസ്യങ്ങളും എനിക്ക് ഇവരോടും പറയാം .പക്ഷെ ഇവള്‍ പരിഭവം പറയാതെ എനിക്കെങ്ങനെ മനസ്സ് തുറക്കുവാനാകും
മഴമുല്ല പൂവിടുന്നു 
മഴ വന്നു തൊട്ടപ്പോള്‍.... നീ വന്നു തൊട്ടപോല്‍ ........................

മഴനീരില്‍ തളിര്‍ത്തു പോയ്‌ പുഴയും..............

നിഴലും വെളിച്ചവും കൂട്ടിന് 

പുഴയും മഴയും പ്രണയ കേളികള്‍ .........



അങ്ങനെ............. പുഴയില്‍  നോക്കി നില്‍ക്കെ കാട്  ഇരുണ്ടു. മാനത്ത് നിന്നും വാരിവിതറിയ മഴപൂക്കള്‍ ആറിന്‍റെ തെളിനീരില്‍ പെയ്തിറങ്ങി.ചൂളം കുത്തി വന്ന ഒരു കിഴക്കന്‍ കാറ്റ് വല്ലാത്തൊരു ആരവത്തോടെ തിരികെ കാട്ടിലേക്ക് പോയി.  വഴിയരികില്‍ നിന്നും ഒടിച്ചെടുത്ത വെള്ള കൊടുവേലിത്തണ്ടുകള്‍ പച്ചിലയില്‍ പൊതിഞ്ഞെടുത്തു.കുടയില്ലാതെ മഴനഞ്ഞ ആ ബാല്യം ഓര്‍ത്ത്  കാട്ട്‌ വഴിയില്‍ കൂടി പുതുമഴനഞ്ഞു നടന്നു.വിജനമായ തേക്കിന്‍ കാടുകളില്‍ കന്നിന്‍ കൂട്ടങ്ങള്‍ നനയാതെ  ഒതുങ്ങി നില്‍ക്കുന്നു. ഈ മഴയിലും ഒരു പൈക്കിടാവ് അമ്മയോട് ചേര്‍ന്ന് പാല്‍ നുകരുന്നു. വഴിയരികിലെ കാട്ടു ചെമ്പിലയെ  നനക്കാന്‍ മഴത്തുള്ളികള്‍ പണ്ടേപോലെ മത്സരിക്കുന്നുണ്ടായിരുന്നു  .മഴയങ്ങനെ കുളിര്‍ന്നു പെയ്യുകയാണ് ..........മണ്ണും മനസ്സും തണുപ്പിച്ച്‌.............

 "വെറുതേ പുതുമഴ നനയല്ലേ ......"
ദേഷ്യം കലര്‍ന്ന് വാത്സല്യപൂര്‍വ്വം ശാസിച്ചതരാണ്........ഓര്‍മ്മകള്‍ പിന്നെയും എന്നെ വലിച്ചിഴച്ചു കൊണ്ട് പോകുന്നു..... എന്‍റെ കുമരംപേരൂരിലേക്ക്........
നാനഞ്ഞ പാരിജാത പൂക്കളുടെ സുഗന്ധം വീണ്ടും മനസ്സില്‍ ഓര്‍മ്മകള്‍ നിറയ്ക്കുന്നു.
ഒരു പക്ഷെ പുലരുവോളം  ഈ മഴ എനിക്ക് കൂട്ടിനുണ്ടാകും............
വരും സന്ധ്യകളിലും......
ഈ രാത്രിയിലും ..............
"മഴയോടൊപ്പം നീ കരയുക .......മിഴിത്തുള്ളിയും മഴത്തുള്ളികളും ഒന്നു ചേരുമ്പോള്‍ അവന്‍  നിന്‍റെ കവിളില്‍ ചുംബിക്കാതിരിക്കട്ടെ......മഴമുല്ലപ്പൂവുകള്‍ക്ക്  കണ്ണീരിന്‍റെ   മധുരവും ,കാടിന്‍റെ സുഗന്ധവുമെന്ന് അവന്‍ പറഞ്ഞാലോ ......!!! "