Saturday, December 31, 2011

മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ (4)



നാഗലോകവും കുങ്കുമപ്പൂക്കളും....







മഴ മാറിനിന്ന ഒരു പകല്‍കൂടി .ശ്രീനഗറില്‍ വന്നിട്ട് സൂര്യനെ കാണുന്ന മറ്റൊരു ദിവസം.പകലിന്‍റെ തെളിച്ചം കണ്ടുകൊണ്ട് ഫയാസ്സു ഫായിയാണ് പറഞ്ഞത് ഇന്നത്തെ യാത്ര അകലെയുള്ള ഒരുസ്ഥലത്തേക്ക് ആകാമെന്ന്.അങ്ങനെ ഷാലിമാര്‍ കാഴ്ച ഒരു ദിവസത്തേക്ക് മാറ്റി അധികം വൈകാതെ വെരിനാഗിലേക്ക് ഞങ്ങള്‍ യാത്ര പുറപ്പെട്ടു.


കശ്മീരിലെ  ചില സ്ഥലനാമങ്ങള്‍ക്ക് (ഉദാ :വെരിനാഗ് ,കൊക്കെര്‍ നാഗ് ,അനന്ത് നാഗ്,നാരായന്‍ നാഗ്,വീചാര്‍ നാഗ് )നാഗങ്ങളുമായുള്ള  ബന്ധം "കാശ്മീര്‍ രാജാവാഴ്ചയില്‍" ആണ് ആദ്യം ഞാന്‍ വായിച്ചറിഞ്ഞത് ."ഹൈന്തവ പുരാണങ്ങളില്‍  പറയുന്ന നാഗലോകം ഈ കാശ്മീര്‍  ആണെന്നും,സുന്ദരികളായ നാഗകന്യകമാര്‍ വാണിരുന്നത്‌ ഇവിടെയുള്ള തടാകങ്ങളുടെ അഗാധതകളില്‍ ആണെന്നും ,അവരുടെ പിന്‍മുറക്കാരാണ് ജലാശയങ്ങളില്‍ ഇന്നും ജീവിക്കുവാന്‍ ഇഷ്ട്ടപെടുന്ന കാശ്മീര്‍ സുന്ദരികള്‍ " എന്നും ചില വിവരണങ്ങള്‍.. ......
ഐതിഹ്യങ്ങളും ,മിത്തുകളും ,വിശ്വാസങ്ങളും എന്ത് തന്നെയാണെങ്കിലും "കോക്കര്‍ നാഗ് "കാര്‍ക്കോടകനും  " അനന്ത് നാഗ് " അനന്തനും  ആണോ  എന്ന് എനിക്കും സംശയം തോന്നാതിരുന്നില്ല. 
അനന്ത് നാഗ് 


യാത്രയില്‍ ചരിത്രത്തിന്‍റെ അവശേഷിപ്പുകളില്‍ ഒന്നായി അവന്തിപൂര്‍ .ശ്രീനഗര്‍  നിന്ന്   29 കിലോമീറ്റര്‍  മാറി ജമ്മു -ശ്രീനഗര്‍ ഹൈവേയിലാണ് അവന്തിപുര്‍ എന്ന പ്രദേശം  .എ ഡി 855 -883 കാലഘട്ടങ്ങളില്‍
കാശ്മീര്‍ ഭരിച്ചിരുന്ന അവന്തിവര്‍മന്‍ ആണ്‌ അവന്തിപുര്‍ എന്ന ഈ ദേശത്തിന്‍റെസ്ഥാപകന്‍. ..അദ്ദേഹം പണി കഴിപ്പിച്ച പ്രസിദ്ധമായ രണ്ട് ക്ഷേത്രങ്ങളില്‍ ഒന്നിന്‍റെ  അവശിഷ്ടങ്ങള്‍  ഇന്നും അവിടെ കാണുവാന്‍ കഴിയുന്നു. കല്‍ മതിലുകള്‍ കൊണ്ടു ചുറ്റപ്പെട്ട ഈ ക്ഷേത്രശേഷിപ്പുകള്‍ക്ക് കാവല്‍ക്കാരായി പ്രത്യേകസേനയെ നിയോഗിച്ചിട്ടുമുണ്ട്.


കുങ്കുമപ്പൂക്കളുടെ ദേശമാണ്‌ പാംമ്പൂര്‍.. .......നോക്കെത്താ ദൂരത്ത് കുങ്കുമപ്പൂ വുകള്‍ നിറഞ്ഞ പാടങ്ങള്‍.. .വഴിയരികില്‍ "സഫ്രോണ്‍ സിറ്റി" എന്ന ബോര്‍ഡ്‌ കണ്ടപ്പോള്‍ അന്‍സാരി വാഹനം ഒതുക്കി നിര്‍ത്തി.
പാംമ്പൂര്‍.. എന്ന ഈ ദേശത്തിന്‌  കുങ്കുമ പൂക്കളുമായുള്ള ബന്ധത്തിനു പിന്നില്‍ ഒരു കഥയുണ്ട്.പണ്ട് കാശ്മീര്‍ നാഗലോകം ആയിരുന്ന കാലം,അന്ന് ഒരു നാഗ രാജാവിനു വന്ന മാറാരോഗം സുഖപ്പെടുത്തിയത് "പടംപൂര്‍" """എന്ന ദേശത്തെ ഒരു ഭിഷഗ്വരന്‍ ആയിരുന്നുവത്രേ.അതിന് പ്രത്യുപകാരമായി നാഗരാജാവ് വിശിഷ്ട്ടമായ ഈ കുങ്കുമപ്പൂവ്  ഭിഷഗ്വരനുനല്‍കുകയും ആ കുങ്കുമപ്പൂക്കള്‍ കൃഷി ചെയ്ത "പടംപൂര്‍" "  " പില്‍ക്കാലത്ത് "പാംമ്പൂര്‍  " എന്ന  കുങ്കുമ നഗരമായി മാറിയെന്നുമാണ് കഥ.എന്തുതന്നെയാണെങ്കിലും കുങ്കുമ പ്പൂക്കള്‍ക്ക് ദിവ്യമായ എന്തെല്ലാമോ ഔഷധഗുണങ്ങള്‍ ഉണ്ട് എന്നത് സമ്മതിക്കാതെ തരമില്ല .പുല്ലിന്‍റെ വര്‍ഗ്ഗത്തില്‍പ്പെ ട്ട ഒരിനം ചെടികളില്‍ ആണ്‌ ഈ പൂക്കള്‍ ഉണ്ടാവുക.വയലറ്റ് നിറമാണ് പൂക്കള്‍ക്ക്.പൂക്കളുടെ കേസരിയെയാണ് കുങ്കുമ പ്പൂവ്(സഫ്രോണ്‍ അഥവാ കേസര്‍ ) എന്ന് പറയുന്നത്..ഒരു ഗ്രാം സഫ്രോണ്‍ കിട്ടണമെങ്കില്‍ വളരയേറെ പൂക്കള്‍ ശേഖരിക്കേണ്ടിവരും. മാര്‍ക്കെറ്റില്‍ ഒരു ഗ്രാം സഫ്രോണ്‍ 250 ,350 രൂപ വില വരും.ഒരു കിലോ കുങ്കുമപൂവ് വാങ്ങുന്ന ആ ചിലവില്‍ ഒരു കാശ്മീര്‍ യാത്ര പോയി വരാം എന്ന് സാരം .
ഇന്നും വിദേശ മാര്‍ക്കെറ്റുകളില്‍ കാശ്മീര്‍ കുങ്കുമപ്പൂക്കള്‍ക്ക് പ്രിയം കൂടുതല്‍ തന്നെ.കുങ്കുമപ്പൂവ്  ശുദ്ധമായ തിളപ്പിച്ച പാലില്‍ ചേര്‍ത്ത് ഗര്‍ഭവതികള്‍ കഴിച്ചാല്‍ പിറക്കാനിരിക്കുന്ന ശിശുവിന് സൗന്ദര്യവും  നിറവും ഉണ്ടാകും എന്ന് പണ്ടേ കേട്ടിട്ടുണ്ട്.ഇന്നും ആഹാരത്തില്‍, പ്രത്യേകിച്ച് "റോയല്‍ ഫുഡ് "ലെ ഒരു മുഖ്യ ചേരുവ കുങ്കുമ പൂവ് ആണെന്ന് എന്ന് അന്‍സാരി പറഞ്ഞു.കാശ്മീര്‍ സ്ത്രീ സൗന്ദര്യം കാണുമ്പോള്‍ അതിന് പിന്നിലെ രഹസ്യം ഈ ദിവ്യമായ പൂക്കള്‍ തന്നെയോ എന്ന് എനിക്ക് സംശയം തോന്നാതിരുന്നില്ല.പോകും മുന്‍പ്  പാംമ്പൂരിലെ അംഗീകൃതപീടികയില്‍ നിന്നും ഒരല്‍പ്പം സഫ്രോണ്‍  വാങ്ങുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
പൂവിട്ട കടുക്പാടങ്ങള്‍ക്കരികിലൂടെ......


വേരിനാഗിലെ യാത്രയിലുടനീളം കണ്ണിനുകുളിര്‍മയേകുന്ന കാഴ്ചകളായിരുന്നു .വാഹനം കുന്നു കയറി മുകളിലേക്ക് നീങ്ങുമ്പോള്‍ താഴ്വരയിലേക്കുള്ള നോട്ടം ഉള്ളിലൊരു ആളല്‍ ഉണ്ടാക്കിയെങ്കിലും പൂത്തുനിറഞ്ഞു നില്‍ക്കുന്ന കടുക് പാടങ്ങളും ,മഞ്ഞുമൂടി നില്‍ക്കുന്ന മലനിരകളും ഭയത്തിനപ്പുറം മറ്റേതോ വികാരം മനസ്സില്‍ നിറച്ചു കൊണ്ടിരുന്നു.കുന്നിന്‍ മുകളില്‍ എത്തിയപ്പോഴേക്കും നിനച്ചിരിക്കാതെ  മഴ പെയ്തു തുടങ്ങി.ദേവ ദാരു നിഴല്‍ വിരിച്ച ഇടുങ്ങിയ വഴികളില്‍ മഴയും മഞ്ഞും പ്രണയിക്കുന്ന കാഴ്ച വഴിനടന്നു കാണുവാന്‍ ഒരു തരം ഭ്രാന്തമായ ആവേശം അപ്പോള്‍ മനസ്സില്‍ നിറഞ്ഞെങ്കിലും വിജനമായ ആ വഴിയോരത്ത് വാഹനം നിര്‍ത്തുന്നത് അത്ര നല്ലതല്ല എന്ന അന്‍സാരിയുടെ വാക്കുകള്‍ അനുസരിക്കുകയെ നിവര്‍ത്തി യുണ്ടായിരുന്നുള്ളൂ.

വെരിനാഗ് എത്തുമ്പോള്‍ തുള്ളി തോരാതെ പെയ്യുന്ന മഴയായിരുന്നു.ബനിഹാല്‍ ചുരത്തിനു  താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു  പ്രദേശമാണ്‌ വെരിനാഗ്.മുഗള്‍ സുന്ദരി നൂര്‍ജഹാന് പ്രിയമുള്ള ഒരു ഉദ്യാനം വേരിനാഗില്‍ ഉണ്ട് .മുഗള്‍ കാലഘട്ടത്തെ  മറ്റൊരു അത്ഭുതം കൂടി അവിടെ കാണുവാന്‍ കഴിഞ്ഞു.ജ്ഹലം നദിയിലെ ജലത്തിന്‍റെ നല്ലൊരു പങ്കും വേരിനാഗില്‍ നിന്നുമാണ് .മലയിറങ്ങി വരുന്ന ജലം വലിയ ഒരു ജല സംഭരണിയില്‍(()  (ഒക്ടഗണല്‍ ടാങ്ക്) ഇളം മരതക വര്‍ണ്ണം നിറച്ചു കിടക്കുന്നു.മുഗള്‍ ഭരണാധികാരി  ജഹാംഗീര്‍  തുടങ്ങി വെച്ച ഈ ഒക്ടഗണല്‍ ടാങ്ക് ന്‍റെ  പണി പൂര്‍ത്തീകരിച്ചത് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ  കാലത്താണ് .
രണ്ടു ഭരണാധികാരികളുടെയും പേരുകള്‍ പതിച്ച ഫലകങ്ങള്‍ അവിടെ കാണാം.
ഒക്ടഗണല്‍ ടാങ്ക്

മഴയിലേക്കിറങ്ങിയപ്പോള്‍ വെള്ളം കാലുകളെ മരവിപ്പിച്ചു.അത്രയ്ക്ക് തണു പ്പായിരുന്നു  ഓരോ തുള്ളിക്കും. മഴയുടെ ആരവം കുറയുകയും പിന്നെ ഉച്ച സ്ഥായിയില്‍ ആവുകയും ചെയ്തു.നിറഞ്ഞ്കിടക്കുന്ന ജലസംഭരണിയുടെ അടുത്തേക്ക് തോരാമഴയില്‍ കുടചൂടി നീങ്ങി.ജ്ഹലം നദിയുടെ ജലവും മഴവെള്ളവും നിറഞ്ഞ് സംഭരണിയുടെ വക്കോളം എത്തി നിറഞ്ഞ് കവിഞ്ഞ്‌ താഴേക്കു തീര്‍ത്ത ചാനലിലൂടെ കലപില ശബ്ദം ഉണ്ടാക്കി ഒഴുകുന്നു. മുട്ടോളം വെള്ളത്തില്‍ ഇറങ്ങി  നില്‍ക്കുമ്പോള്‍ കാലിലെ മരവിപ്പ് കാരണമോ എന്തോ  തണുപ്പിന്‍റെ കാഠിന്യം അപ്പോള്‍  അറിഞ്ഞതെയില്ല ?.സംഭരണിയുടെ കൂടുതല്‍ അടുത്തേക്ക്  പോകേണ്ട എന്ന സമീപവാസിയുടെ നിര്‍ദേശം ബഹുമാനിച്ചു തിരികെ ജലപാതക്കരികിലൂടെ നടന്നു.



വഴിയിലെ  മഴവെള്ളത്തില്‍ നനഞ്ഞു കിടന്ന ഒരില  കൗതുകം  തോന്നി എടുത്തു .വശ്യമായ ഏന്തോ ഒന്ന് ആ ഇലകള്‍ക്ക് ഉള്ളത് പോലെ ഒരു തോന്നല്‍. ... മുന്‍പ് എവിടെയൊക്കെയോ ഈ ഇലയുടെ ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്.കാശ്മീരില്‍ വന്ന നാള്‍ മുതല്‍ ഞാന്‍ തേടി നടന്ന ചിനാര്‍ മരത്തിന്‍റെ ഇലയാണ് അതെന്നു  ഫയാസ്സ്  ഫായി പറയുമ്പോള്‍ മാത്രമാണ്  അറിഞ്ഞത് .കഴിഞ്ഞ ദിവസങ്ങളില്‍ പല തവണ ചിനാര്‍ മരങ്ങള്‍ കണ്ടിട്ടും ആകാശം മുട്ടി നിന്നിരുന്ന ഈ മരങ്ങളുടെ ഇലകള്‍ കാഴ്ച്ചക്കപ്പുറം  ആയതു കൊണ്ടാണോ ഞാന്‍  ശ്രദ്ധിക്കാതെ പോയത്?.എന്‍റെ ഡയറിത്താളിനുള്ളില്‍ വേരിനാഗ് എനിക്ക് നല്‍കിയ  സമ്മാനം പോലെ ആ ഇല ഞാന്‍ ഭദ്രമായി വെച്ചു.ഇലയിലെ നനവ് അക്ഷരങ്ങളില്‍ മഷി പടര്‍ത്തുമ്പോള്‍ പണ്ടെങ്ങോ മാനം കാണാതെ ഒളിപ്പിച്ച ഒരു മയില്‍‌പ്പീലിത്തുണ്ടിന്‍റെ  നനവുള്ള ഓര്‍മ്മകള്‍ മനസ്സില്‍ നിറഞ്ഞോ?. മഞ്ഞിന്‍റെ  നേരിയ പുക മറയില്‍ സബര്‍വന്‍ മലനിരകള്‍ തെളിയുകയും മങ്ങുകയും  ,ചിലപ്പോഴൊക്കെ വെള്ളിപതക്കം പോലെ വെട്ടിത്തിളങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു.


ആദ്യം തോന്നിയ ഒരു ആവേശത്തിലാണ് ജലസംഭരണിയുടെ അടുത്തേക്ക് പോയി കാലുകള്‍ നനച്ചത്‌ .ഇപ്പോള്‍ ഒരു തരം മരവിപ്പ് കലര്‍ന്ന വേദന."ഇതിന്‍റെ വല്ല  ആവശ്യവും ഉണ്ടായിരുന്നോ "എന്ന അര്‍ത്ഥത്തില്‍ കൂടെയുള്ളവര്‍ എന്നെ നോക്കുന്നുണ്ട്.വീണ്ടും പെയ്തു തുടങ്ങിയ മഴയില്‍ നടന്നിറങ്ങുമ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഇടവപ്പാതി മനസ്സില്‍ തെളിഞ്ഞു.തിമര്‍ത്തു പെയ്ത  ആ പെരുമഴയില്‍ കളിവള്ളം ഉണ്ടാക്കി നനയുമ്പോള്‍ "പുതു മഴ നനഞ്ഞാല്‍ പനി വരില്ലേ  ? "എന്ന് വാത്സല്യ പൂര്‍വ്വം ശാസിച്ചത് ആരായിരുന്നു .മറവിയുടെ മഞ്ഞിന്‍  മറ നീങ്ങിയപ്പോള്‍ ഓര്‍മ്മ യില്‍  തെളിഞ്ഞു വരുന്ന ആ മുഖം ആരുടെതാണാവോ?.

വേരിനാഗില്‍ നിന്നും തിരികെ പോരുമ്പോള്‍ മഴയും എന്നോടൊപ്പം ഉണ്ടായിരുന്നു .പിന്നെ ഏതോ ഗ്രാമ വഴികള്‍ ചുറ്റിയിറങ്ങിയപ്പോള്‍ കൂടെ  വന്ന മഴ വഴി തെറ്റി എങ്ങോട്ടോ പോയി.
നഗരവല്‍ക്കരണം അധികം പോറലേല്‍പ്പിക്കാത്ത ഏതോ നാട്ടു  വഴികളിലൂടെയായിരുന്നു പിന്നീട് ഞങ്ങളുടെ യാത്ര . അക്രൂട്ട്(വാല്‍ നട്ട് ) ,ബദാം ,ആപ്പിള്‍ തുടങ്ങിയ മരങ്ങള്‍ നിറഞ്ഞ കൃഷിയിടങ്ങള്‍ക്കിടയിലൂടെയുള്ള  മഴ നനച്ചിട്ട മണ്‍ പാതയിലൂടെ വളരെ സൂഷ്മതയോടെ അന്‍സാരി ഡ്രൈവ് ചെയ്തു. ഇവിടെ ആപ്പിള്‍ മരങ്ങള്‍ ഇലപൊഴിച്ചു നില്‍ക്കുന്നു ,ഖാസി അങ്കിളിന്‍റെ  വീട്ടിലെ മരങ്ങള്‍ എന്താണാവോ നേരെത്തെ പൂവിട്ടത് ?.ഗ്രാമത്തില്‍ കാണുന്ന മരപ്പലകകള്‍ പാകിയ വീടുകളുടെ മുറ്റത്ത്‌ മുഷിഞ്ഞഫിരനും , പഴകിയസ്വെറ്ററും  ധരിച്ച് ഗ്രാമീണര്‍ പതിവ്ചര്യകളില്‍ ഏര്‍പ്പെടുന്നു.വീട്ടുമുറ്റത്ത്‌  കോഴികുഞ്ഞുങ്ങളേയും ചെമ്മരിയാട്ടിന്‍ കുട്ടികളെയും കാണാം.വഴികള്‍ പിന്നിട്ട് പോയപ്പോള്‍ പൂത്ത് നില്‍ക്കുന്ന ആപ്പിള്‍ മരങ്ങള്‍ വീണ്ടും.വരുന്ന ഓഗസ്റ്റ്‌ മാസം നിറയെ ആപ്പിള്‍ നിറച്ചു നില്‍ക്കുന്ന   ഈ തോട്ടങ്ങളില്‍ ഒരു കൂടയുമായി ഗ്രാമത്തിലെ പെണ്‍കൊടികളോടൊപ്പം ആപ്പിള്‍ ഇറുത്തു  നടക്കുന്ന എന്നെ ഞാന്‍ സ്വപ്നം കണ്ടു.മഞ്ഞു പൊഴിയുന്ന ഈ താഴ്വാരത്തിലൂടെയുള്ള എന്‍റെ ആ മനോഹര സ്വപ്നത്തിന് കടിഞ്ഞാണിട്ട് ഒന്നു രണ്ട് ചെറുപ്പക്കാര്‍ പെട്ടെന്ന് ഞങ്ങളുടെ  വാഹനം തടഞ്ഞു നിര്‍ത്തി.എനിക്കറിയാത്ത ഏതോ  ഭാഷയില്‍  അന്‍സാരിയോട് അവര്‍ എന്തെല്ലാമോ പറഞ്ഞു .ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് അന്‍സാരി വാഹനം സ്പീഡ് കൂട്ടി മുന്‍പോട്ടെടുത്തത് സത്യത്തിന്‍ ഞാനുള്‍പ്പെടെയുള്ളവരെ ഞെട്ടിച്ചു.അല്പ്പദൂരം ചെന്നിട്ടാണ് അന്‍സാരി കാര്യം പറഞ്ഞത്.പുറത്തുനിന്നുള്ള സഞ്ചാരികളെ ഗ്രാമീണര്‍ ഉള്ളിലേക്ക് കടത്തിവിടില്ല എന്നും,പോരുന്ന വഴി അപകടമാണെന്ന് പറഞ്ഞ്  തിരിച്ചയക്കുകയും ചെയ്യുമത്രേ.മിക്കവാറും ഈവഴി ടൂറിസ്റ്റ് കളുമായി  വരുന്ന തനിക്കു  ഈ റൂട്ട് നല്ല  പരിചിതമായമാണെന്നും പേടിക്കണ്ട എന്നും അന്‍സാരി ഉറപ്പുതന്നു.
നാട്ടുവഴിയിലും ഇന്ത്യന്‍ സേന കാവല്‍ ഉണ്ട് .വഴിയില്‍ ഒരു  ചെക്ക് പോസ്റ്റില്‍ വീണ്ടും വാഹനം നിര്‍ത്തേണ്ടി വന്നു. തോക്കേന്തിയ രണ്ടു ഭടന്മാര്‍ അന്‍സാ രിയോട് ഞങ്ങള്‍ ആരാണെന്നും ,എവിടെനിന്നുള്ളവാരാണെന്നും ചോദിക്കുന്നുണ്ടായിരുന്നു.സൗത്തില്‍ നിന്നും കാശ്മീര്‍ കാണുവാന്‍ വന്നവരാണെന്ന് പറഞ്ഞപ്പോള്‍  കൂട്ടത്തിലുള്ള മുതിര്‍ന്ന ഭടന്‍ വളരെ ആകാംഷയോടെ ,അതിലേറെ ഇഷ്ട്ടതോടെ ഞങ്ങളോട് ഓരോ വിശേഷങ്ങളും ചോദിച്ചു ."കന്യാകുമാരിയില്‍ നിന്നും കാശ്മീര്‍വരെ വന്നുവല്ലേ ,നിങ്ങള്‍ക്ക് കാശ്മീര്‍ ഇഷ്ട്ടപ്പെട്ടോ ,നിങ്ങള്‍ നേരില്‍ കണ്ടില്ലേ ഇപ്പോള്‍ കാശ്മീര്‍ ശാന്തമല്ലെ ?മീഡിയ പറയുന്നതുപോലെയുള്ള പ്രശ്നങ്ങള്‍ ഇവിടെ ഉണ്ടെന്നു തോന്നുന്നുണ്ടോ ? കശ്മീരികള്‍ നല്ല സ്നേഹമുള്ള വരല്ലേ ?......."തുടങ്ങി നിരവധി ചോദ്യങ്ങള്‍ .....പട്ടാളക്കാരുടെ പതിവ് ഗൗരവം ഇല്ലാതെ വളരെ സൗഹൃദത്തോടെ സംസാരിച്ച ആ ധീര യോദ്ധാവിനോട് എനിക്കെന്തെന്നില്ലാത്ത ആദരവും ,ഇഷ്ട്ടവും തോന്നി .കാറിന്‍റെ ഗ്ലാസ്സ് താ ഴ്‌ത്തുമ്പോള്‍ മാത്രമാണ് പുറത്തെ തണുപ്പിനെ കുറിച്ച് ഞാന്‍ ബോധവതി യാകുന്നത് .ഈ കൊടും തണുപ്പില്‍ രാജ്യ രക്ഷക്ക് വേണ്ടി  വിജനമായ ഈ പ്രദേശത്തും കാവല്‍ നില്‍ക്കേണ്ടി വരുന്ന ഇന്ത്യന്‍ ഭടന്മാരോട് എങ്ങനെയാണ് നാം നന്ദി പറയുക...!!!

വഴിയിലൊരു സ്ഥലത്ത് വാഹനം നിര്‍ത്തി ചായ കുടിക്കാമെന്ന് അന്‍സാ രിയാണ് പറഞ്ഞത് .രണ്ടോ മൂന്നോ പീടികകള്‍ ഉള്ള ഒരു കൊച്ചു ഗ്രാമത്തില്‍ വാഹനം നിര്‍ത്തി .അപരിചിതമുഖങ്ങള്‍ കണ്ടത് കൊണ്ടാകാം ചിലര്‍ കടയുടെ ഉള്ളില്‍ നിന്നും തല പുറത്തേക്കിട്ടു നോക്കുന്നു.മുഷിഞ്ഞ  ഒരു ഗ്രാമാന്തരീക്ഷം ആണെങ്കിലും ഓരോ മുഖത്തും ഗ്രാമത്തിന്‍റെ നിഷ്ക്കളങ്കത കാണാം  .ഞങ്ങള്‍ കടയിലേക്ക് കയറിയപ്പോള്‍ കടയില്‍ ഇരുന്നവര്‍  വീട്ടില്‍ അതിഥികള്‍ വന്ന പോലെ എഴുന്നേറ്റു മാറുന്നു .ഒരു തകര പാത്രത്തില്‍ കുറെ മുട്ട ബ‍ജി ഉണ്ടാക്കി നിറച്ചുവെച്ചിരിക്കുന്നു.ഈ തണുപ്പില്‍ ഈച്ചയോ,ഉറുമ്പുകളോ ശല്യം ചെയ്യാന്‍ വരില്ലല്ലോ .കടക്കാരന്‍ വളരെ ആദിത്യമര്യാദയോടെ രുചിയുള്ള മസാലചായ ഗ്ലാസില്‍ പകര്‍ന്നു തന്നു.പൊതുവേ അധികം ചൂടുള്ള പാനീയങ്ങള്‍ കുടിക്കാത്ത എനിക്ക്  അപ്പോള്‍ ആ തണുപ്പില്‍ ആവിപറക്കുന്ന ചായ കുടിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഉന്മേഷം തോന്നി.പട്ടണത്തിന്‍റെ ഒരു ജാടകളും എത്തി നോക്കിയിട്ടില്ലാത്ത തനി ഗ്രാമം.ഗ്രാമവാസികള്‍ എന്തെല്ലാമോ ഭാഷ സംസാരിക്കുന്നുണ്ട്.ഒന്നോര്‍ത്താല്‍ ഈ ഭാഷ എന്നത് ഒരത്ഭുതം തന്നെ .ജനിച്ചു വീഴുമ്പോള്‍ എന്ത് കേള്‍ക്കുന്നോ അതാണല്ലോ ഏവര്‍ക്കും അവരുടെ ഭാഷ.ഓരോ നാട്ടിലും ഒരോ ജീവികള്‍ക്കും ആശയം കൈമാറാന്‍  ഒരോ   ശബ്ദങ്ങള്‍... .ലോകത്തില്‍ എത്ര ഭാഷകള്‍ ഉണ്ട്.അതില്‍ നമുക്കറിയാവുന്നത്‌ കേവലം മൂന്നോ നാലോ മാത്രം.സ്നേഹം,ദേഷ്യം, പിണക്കം,ഇണക്കം എല്ലാത്തിനും ഭാഷ വേണോ? സത്യത്തില്‍ കണ്ണുകള്‍ പറയുന്നതാണ് ഭാഷ എന്ന് എനിക്ക് തോന്നാറുണ്ട് .ഒരാള്‍ക്ക് ഒരാളുടെ വികാരം ഒരു നോട്ടത്തില്‍ മനസ്സിലാകാം,അല്ലെങ്കില്‍ ഒരു പുഞ്ചിരിയില്‍ ,അതുമല്ലെങ്കില്‍ ഒരു സ്പര്‍ശനത്തില്‍ ..... വികാരപ്രകടനങ്ങള്‍ക്ക് ഭാഷ വേണം എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ?.

കൊക്കെര്‍നാഗ് 







കൊക്കെര്‍നാഗിലെത്തിയപ്പോള്‍ സമയം ഉച്ചയോട്  അടുത്തു.ശ്രീനഗര്‍ നിന്നും 70കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്തും ഒരു മുഗള്‍  ഉദ്യാനം ഉണ്ട് .നിറയെ ചിനാര്‍ ,പൈന്‍ ,ഫിര്‍ മരങ്ങള്‍,നിറഞ്ഞ്‌ മനോഹരമാണ്  ആ ഉദ്യാനം .പണ്ടെങ്ങോ കഥകളില്‍  കേട്ടു മറന്ന ഒരുസ്വര്‍ഗ്ഗ പൂന്തോട്ടം .

മനോഹരങ്ങളായ പൂക്കളും,ചെടികളും ഉള്ള  ഒരു ബോട്ടാണിക്കല്‍ ഗാര്‍ഡനും കൊക്കെര്‍നാഗില്‍ ഉണ്ട്.രോഗസംഹാരിയെന്നു വിശേഷിപ്പിക്കുന്ന ഉറവകള്‍ ഈ പൂന്തോട്ടത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. ഗാര്‍ഡന്‍റെ  അരികില്‍ സമ്രിധമായി നില്‍ക്കുന്ന പുല്‍ത്തകിടിക്ക് അരികില്‍ ഇരുന്നായിരുന്നു ഉച്ച ഭക്ഷണം.വിശപ്പ്‌ അധികമായതു കൊണ്ടോ എന്തോ നഗീന്‍ പാകം ചെയ്ത ബസുമതി ചോറിനും ,സബ്ജിക്കും,ചീര വിഴുക്കിനും (കാശ്മീര്‍ സ്റ്റൈല്‍)) )) )എന്തെന്നില്ലാത്ത  രുചി തോന്നി ..


ഉദ്യാനത്തിലെ പുല്‍ത്തകിടികള്‍ ഒരു പ്രത്യേക തരം പൂക്കള്‍ നിറച്ച് നില്‍ക്കുന്നു.നാട്ടിലെ വെള്ളനിറത്തിലുള്ള  ജമന്തി പൂക്കളോട് സമാനത തോന്നുന്നപേരറിയാത്ത പൂക്കള്‍ക്ക് എന്തെന്നില്ലാത്ത ഒരു ആകര്‍ഷണീയത.ഭംഗിയുള്ള ആ പൂക്ക ളുടെ ഉറവിടം തേടി ക്യാമറയും തൂക്കി പുല്ലുകള്‍ക്കിടയില്‍ പരതുന്ന എന്നെ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ സെക്യുരിറ്റി സംശയത്തോടെ നോക്കി .


ഉദ്യാനമധ്യത്തിലൂടെ ഒഴുകുന്ന നദിയിലെ വെള്ളത്തില്‍ ധാരാളം മത്സ്യക്കു ഞ്ഞുങ്ങള്‍ ഉണ്ടെന്ന് ഫയാസ്സ് ഫായി പറഞ്ഞുവെങ്കിലും ഒന്നിനെ പോലും എനിക്ക് കാണുവാന്‍ കഴിഞ്ഞില്ല .


ഈ പൂന്തോട്ടത്തിന്‍റെ ഏകദേശം അരികിലായുള്ള   ജമ്മു ആന്‍ഡ്‌ കാശ്മീര്‍ ഫിഷറീസ് വകുപ്പിന്‍റെ   മത്സ്യ പ്രജനന പ്രൊജക്റ്റ്‌  മീനുകളെ കണ്ടില്ല എന്ന പരാതി അപ്പാടെ തീര്‍ത്തു.ഫയാസ്സ്  ഫായിയാണ് അവിടെ പോകുവാന്‍ താല്പര്യം കാണിച്ചത്.ശാസ്ത്രീയമായി മത്സ്യത്തെ ഉല്‍പ്പാദിപ്പിക്കുകയും ,ശാസ്ത്രീയമായിത്തന്നെ അവയെ പരിപാലിക്കുകയും ചെയ്യുന്ന  ഒരു പ്രൊജക്റ്റ്‌ ആണ്‌ അത്.ദേവദാരു ,പൈന്‍,മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന ഒരു കുന്നിന്‍റെ താഴ്വാരയിലാണ് ഈ പ്രദേശം.ഫാമില്‍ ജോലി ചെയ്യുന്നവരുടെ താമസത്തിനായുള്ള മനോഹര സൗധങ്ങള്‍  അവിടെ കാണാം. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു ഗേഹം ഇതേപോലെ ഒരു കുന്നിന്‍ ചരുവില്‍ വെണമെന്ന് ഈ കാഴ്ച കാണുന്ന ആരും കൊതിച്ചുപോകും.പണ്ട്  ചിത്രങ്ങളില്‍ മാത്രം കണ്ടിരുന്ന കാശ്മീരിന്‍റെ മുഖം ഇതായിരുന്നു എന്ന് ഓര്‍ത്തു പോയി.മഞ്ഞുമൂടിയ മലനിരയുടെ താഴ്വരയില്‍ പൈന്‍ മരങ്ങളുടെ തണലിടങ്ങളില്‍ പൂക്കള്‍ നിറച്ച തടങ്ങളുള്ള അരുവിയുടെ അരികിലായി   മനോഹര വര്‍ണ്ണങ്ങളില്‍ പെയിന്റു ചെയ്ത ഒരു കൊച്ചു വീട്.

സഞ്ചാരികള്‍ അധികമൊന്നും വരാത്ത പ്രദേശമാണിത്.നഗരത്തില്‍ നിന്നും ദൂരെ മാറി തിരക്കുകള്‍ ഒന്നുമേയില്ലാത്ത ശാന്ത സുന്ദരമായ ഒരു ഭൂമി .

വളര്‍ച്ചയെത്തിയ മത്സ്യത്തെ നഗരത്തിലുള്ളവര്‍ ഇവിടെനിന്ന് മൊത്തമായി വാങ്ങിക്കൊണ്ട് പോകാറുണ്ട് .അങ്ങനെ മത്സ്യം വാങ്ങുവാന്‍ വന്ന ഒരു വാഹനവും അതിലുള്ള ഒന്നു രണ്ട് ആള്‍ക്കാരും ഞങ്ങളും അല്ലാതെ പുറത്തുനിന്നുമുള്ള ആരും തന്നെ അവിടെ അപ്പോള്‍ ഉണ്ടായിരുന്നില്ല.വെള്ളം നിറച്ച ടാങ്കുകളില്‍ കിടന്നുകലപില കൂട്ടുന്ന  വളര്‍ച്ചയെത്തിയ മീനുകളെ ചെറിയ കൈ വലകളില്‍ കോരി ബക്കറ്റുകളില്‍ ചിലര്‍ നിറയ്ക്കുന്നു.ബാക്കറ്റിനുള്ളില്‍ വീഴാതെ പുറത്തേക്കു വഴുതി വീഴുന്നവ ആയുര്‍ ദൈര്‍ഘ്യം  കൊണ്ട് വീണ്ടും ടാങ്കിലെ  വെള്ളത്തിലേക്ക്‌ എടുത്തെറിയപ്പെട്ടു.ബാക്കിയുള്ളവ നഗരത്തില്‍ തങ്ങളെ കാത്തിരിക്കുന്ന തീന്‍ മേശകളിലേക്കും.ഫാമിന് ചുറ്റും നടന്നുകാണുവാന്‍ തുടങ്ങിയാല്‍ തിരികെ പോരുവാന്‍ തോന്നില്ല.സമ്രിധമായി ജലം നിറഞ്ഞൊഴുകുന്ന അരുവിയുടെ തീരങ്ങളില്‍ മനോഹരമായ നിരവധി പുഷ്പ്പങ്ങള്‍.ആ പൂച്ചെടികള്‍ ആരുമേ നട്ടുവളര്‍ത്തിയവയല്ല വഴിതെറ്റി വന്ന് ,വരിതെറ്റി പൂത്ത് നില്‍ക്കുന്ന കാട്ട് ചെടികള്‍.. .. ..ഇത്ര മാത്രം ജല സ്രോതസ്സുള്ള ഇങ്ങനെയുള്ള ഒരു പ്രദേശം ഇത്തരം ഒരു പ്രോജെക്ട്ടിന് തിരഞ്ഞെടുത്തത് തന്നെ അഭിനന്ദനീയം .വരുന്ന മഞ്ഞു കാലത്ത്  ഈ പ്രദേശം മഞ്ഞില്‍പ്പുതച്ചു കിടക്കും,അപ്പോള്‍ ഈ മീന്‍ കുഞ്ഞുങ്ങള്‍ എന്ത് ചെയ്യുമോ ആവോ ?

ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ ......!!!!













മത്സ്യങ്ങളെ ശാസ്ത്രീയമായി പരിപാലിക്കുന്ന മുറികള്‍ 


ദൂരെ മലയോരം തഴുകി വരുന്ന കാറ്റിന് പതിവിലും തണുപ്പ്.വേരിനാഗിലെ തോരാമഴയില്‍ സ്വെറ്റര്‍ തീര്‍ത്തും നനഞ്ഞിരിക്കുകയാണ്.നാട്ടില്‍ ഒരു തുള്ളി മഴവെള്ളം തലയില്‍ വീണാല്‍ ജലദോഷം വരുന്ന എനിക്ക് ഈ തണുത്ത മഴത്തുള്ളികള്‍ ഒരു ദോഷവും ഉണ്ടാക്കുന്നില്ല.അരുവിയിലെ ജലം മാത്രമല്ല മഴവെള്ളവും രോഗ സംഹാരിയെന്ന് എനിക്ക് തോന്നി.കൊക്കെര്‍ നാഗില്‍ നിന്നും തിരികെ വരുമ്പോള്‍ സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു.അന്തി മയക്കത്തില്‍ മലകളും ,താഴ്വരകള്‍ക്കും കൂടുതല്‍ ഭംഗി. കടുക് പാടങ്ങളില്‍ അഗ്നി പൂവിട്ട് നില്‍ക്കുന്നു .മനസ്സിലും ,ഹൃദയത്തിലും നനുത്ത മഞ്ഞു തുള്ളികള്‍ പൊഴിഞ്ഞു വീണ ആ സന്ധ്യാ നേരം ഇരുട്ട് മൂടി തുടങ്ങിയ കൊക്കെര്‍നാഗിന്‍റെ വഴികള്‍ പിന്നിട്ട്  ശ്രീ നഗറിലേക്കൊരു മടക്കയാത്ര .
വഴിയോരങ്ങളില്‍ മേയുന്ന ചെമ്മരിയാട്ടിന്‍ കൂട്ടങ്ങള്‍ 


നിലാവില്ലാത്ത  ഇരുട്ട് എന്നും എന്നില്‍ ഭീതിയാണ് നിറയ്ക്കുന്നത്  .ബാല്യത്തിലെ ഇരുളിന്‍റെ മറവില്‍ പതിയിരിക്കുന്ന "ഉക്കൂക്കിയും", "അഞ്ച് കണ്ണനും" മനസ്സിനോടൊപ്പം ഭയമായി വളര്‍ന്നു വന്നിരുന്നെങ്കിലും ഈ ഇരുട്ട് എനിക്കേറെ ഇഷ്ട്ടം തോന്നുന്നു.തണുപ്പിന്‍റെ പുതപ്പിനുള്ളില്‍ കാങ്കിടിയുടെ ചൂടേറ്റ്കമ്പിളി പുതപ്പിന്‍റെ മണം നുകര്‍ന്നുറങ്ങിയ മറ്റൊരു രാത്രി കൂടി കടന്നു പോയി. 

വീണ്ടുമൊരു ശ്രീനഗര്‍  പ്രഭാതം  വെളിച്ചം നിറച്ചു.പകലുകള്‍ തെളിച്ചമുള്ളവയെങ്കില്‍ കാശ്മീര്‍ മുഖങ്ങള്‍ തെളിയും. തലേന്ന് മാറ്റിവെച്ച ഷാലിമാര്‍ ബാഗ് യാത്ര  ഇന്നാണ് .യാത്രക്ക് ഡ്രൈവര്‍ അന്‍സാരി വരാമെന്ന്പറഞ്ഞ സമയം ആകുവാന്‍ ഇനിയും സമയം ഉണ്ട്.ഖാസി അങ്കിളിന്‍റെ വീട്ടിലെ അന്തേവാസികളായ പ്രാവുകളെല്ലാം പതിവില്ലാതെ തെളിഞ്ഞ സൂര്യന്‍റെ  ചൂടേല്‍ക്കാന്‍ ചിറകുകള്‍ വിരിച്ച്‌ അയല്‍ വീടിന്‍റെ  മുകളില്‍ വിശ്രമിക്കുന്നു.
മുന്തസിറും ,അര്‍ബിനയും വീടിന്‍റെ പിന്നിലെ ആപ്പിള്‍ മരത്തിന്‍റെ തണലില്‍ ഇരുന്ന് ഹോം വര്‍ക്ക്‌ ചെയ്യുകയാണ്.
കാലത്ത് അടുക്കളയില്‍ എന്‍റെ സ്വന്തം പാചകം.നാട്ടിലെ രുചിയില്‍ ചായയും പിന്നെ ബ്രട് -ഓംലറ്റ്.
സ്വെറ്റര്‍ ഇളം വെയിലില്‍ ഉണക്കിയെടുത്തു.നാട്ടില്‍ നിന്ന് വന്നിട്ട് മൂന്നാഴ്ച ആകുന്നു. യാത്രയുടെ തിരക്കില്‍ പലരെയും ഒന്ന് വിളിക്കുവാന്‍ കഴിഞ്ഞില്ല ല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോള്‍  നാട്ടില്‍ നിന്ന് പ്രതീക്ഷിക്കാതെ ഒരു കാള്‍ .ബാബു അണ്ണന്‍ (ടൂര്‍ ബാബു എന്ന് സ്നേഹപൂര്‍വ്വം ഞങ്ങള്‍ വിളിക്കാറുള്ള ) ന്‍റെ ആയിരുന്നു ആ ഫോണ്‍ കാള്‍ .
"ശ്രീനഗര്‍ എന്തോ പ്രശ്നം ഉണ്ടെന്ന് ന്യൂസ്‌ കണ്ടു..." എന്ന് ചോദിച്ച് വല്ലാതെ പരിഭ്ര മിച്ചായിരുന്നു ആ കാള്‍ .
ശ്രീനഗര്‍ സിറ്റിയില്‍  ബോംബ്‌ ബ്ലാസ്റ്റ് എന്നൊരു ന്യൂസ്‌ ടിവി യില്‍ കണ്ടു,ശരിയാണോ ?ഞങ്ങള്‍ സുരക്ഷിതരാണോ എന്നറിയാന്‍ ആണ് ആള്‍ വിളിച്ചത്  .വീട്ടിന്‍റെ  അകത്ത് തന്നെ ഇരുന്നത് കാരണം കാലത്ത് പുറത്ത് നടന്ന സംഭവങ്ങള്‍ ഒന്നും അറിയാന്‍ കഴിഞ്ഞില്ല.ഇന്നലെവരെ നടന്ന കാശ്മീര്‍ വിവരങ്ങള്‍ കാലത്തെ പത്രത്തില്‍ വായിച്ചു .ഇതേവരെ ഒരു പ്ര ശ്നങ്ങളും ഉള്ളതായി അറിവില്ല.

കൂടുതല്‍ അന്വേഷിച്ചറിയുവാന്‍ ഫയസ്സു ഫായി പുറത്ത് പോയി ഉടന്‍ തന്നെ തിരിച്ചു വന്നു.ലാല്‍ ചൌക്കിന്റെ അടുത്തു ഒരു പള്ളിയുടെ പ്രവേശന കവാടത്തില്‍ സ്ഫോടനം നടന്നിട്ടുണ്ടെന്നും,ഒരു മത പണ്ഡിതന്‍ കൊല്ലപ്പെട്ടുവെന്നും ഫായി വളരെ നിസ്സംഗതയോടെ പറയുന്നത് വല്ലാത്തൊരു ഭയപ്പാടോടെയാണ്  ഞാന്‍ കേട്ടു നിന്നത്.കൃത്യം അര മണിക്കൂര്‍ മുന്‍പ് തൊട്ടടുത്തുനടന്നസംഭവം ഞങ്ങള്‍  അറിഞ്ഞത് വളരെദൂരെയുള്ള കേരളത്തിലെ ഒരു ഫോണ്‍ കാളിലും.
അന്‍സാരി ഇപ്പോള്‍ തന്നെ എത്തും.ഷാലിമാര്‍ ബാഗ് കാണുവാന്‍ കരുതിവെച്ച ആവേശമെല്ലാം ചോര്‍ന്നു പോയതുപോലെ.വെള്ളിയാഴ്ച ആയതു കാരണം ഹ സ്രത് ബാല്‍   പോകണം എന്ന് കൂടി കരുതിയിരുന്നതാണ്.ഭയത്തിന്‍റെ  ഒരു തരം മരവിപ്പ്  മനസ്സില്‍ അരിച്ചിറങ്ങുവാന്‍ തുടങ്ങി."കാശ്മീരില്‍ സ്ഫോടനം" എന്നെല്ലാം പത്രത്തില്‍  വായിച്ചും ,ടിവിയില്‍ കേട്ടും ഉള്ള അറിവ് മാത്രം. അന്നേവരെ ഇത്തരം അനുഭവം മനസ്സിനെ ഇത്രമേല്‍ ഭയപ്പെടുത്തിയിട്ടില്ല.
"ഇന്ന് ഈ അവസ്ഥയില്‍ പുറത്തേക്കു പോകുന്നത് കുഴപ്പമല്ലേ" എന്ന് ചോദിച്ചപ്പോള്‍ ഫയാസ്സു ഫായിയുടെ മറുപടി എനിക്ക് അതിശയിപ്പിക്കുന്ന ഒരു ധൈര്യം പകര്‍ന്നു തന്നു.
 "പ്രശ്നം നടന്നത് അല്‍പ്പം ദൂരെയാണെന്നും .ഇതിലൊന്നും ഭയക്കേണ്ടാതായി ഒന്നു മില്ലെന്നും......."ഇടയ്ക്കിടയ്ക്ക് ഞാന്‍ എന്‍റെ  മനസ്സിനോട് പറഞ്ഞു കൊണ്ടിരുന്നു.

അല്‍പ്പം കഴിഞ്ഞ് ഹ സ്രത്ബാല്‍  അരികില്‍ കൂടി പോകുമ്പോള്‍ ഫയാസ്സ്  ഫായി പറഞ്ഞത് വളരെ സത്യമാണെന്ന്  ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു.ജുമാ കഴിഞ്ഞു വരുന്ന ജനങ്ങളുടെ അനിയന്ത്രിതമായ തിരക്കായിരുന്നു അവിടെ ,കിലോ മീറ്റര്‍ അടുത്ത് എന്തെങ്കിലും അനിഷ്ടസംഭവം നടന്നതായി ഒരു മുഖങ്ങളിലും എനിക്ക് വായിക്കുവാന്‍ കഴിഞ്ഞില്ല..ഷാലിമാര്‍ബാഗ്‌ എത്തിയപ്പോഴും അതേ അവസ്ഥ.ഒന്നിലും ഭയപ്പെടാതെ കാഴ്ചകള്‍ ആസ്വദിക്കുന്നവര്‍ . ഭയന്നു വീട്ടിലിരുന്നുവെങ്കില്‍ കശ്മീരിലെ ഈ ഒരു ദിവസം എനിക്ക് നഷ്ട്ടപ്പെട്ടേനെ എന്ന് ഞാന്‍ ഓര്‍ത്തു.വെയിലിന്‍റെ  വെളിച്ചത്തില്‍ എല്ലാ മുഖങ്ങളിലും പതിവിലും തിളക്കം.
ഒരു മഴയില്‍ പെട്ടെന്ന് അലിയുന്നതാണ് കാശ്മീരിലെ മണ്ണ്.
ഉറപ്പില്ലാത്തത് ഇവിടുത്തെ മണ്ണിനു മാത്രമാണ് എന്ന് എനിക്ക് തോന്നി , മനുഷ്യ മനസ്സിന്‌ നല്ല ഉറപ്പ്‌..
അല്‍പ്പം മുന്‍പുവരെ മനസ്സിലുണ്ടായ ഭയപ്പാടുകള്‍ മഞ്ഞുപോലെ ഉരുകി പോകുന്നത് ഞാന്‍ അറിഞ്ഞു .ഈ പ്രകൃതിക്ക് മനസ്സിനെ പോലും മാറ്റുവാനുള്ള ഒരു അഭൗമ ശക്തിയുള്ളത്‌പോലെ.ചില കാഴ്ചകള്‍,ചില സാമീപ്യങ്ങള്‍ അങ്ങനെയാണ്,നിമിഷനേരം കൊണ്ട് ചിന്തകളെ മാറ്റി മറിച്ചു കളയും ......


സ്വര്‍ഗ്ഗത്തിലെ ഉദ്യാനപാലകര്‍..........

നിശാത് ബാഗ്‌, ഷാലിമാര്‍ ബാഗ്‌ എന്നിവ മുഗള്‍  ഉദ്യാനങ്ങളില്‍ കീര്‍ത്തി കേട്ടവയാണ് .ഈ ഉദ്യാനങ്ങള്‍ തമ്മില്‍ 3 കിലോ മീറ്റര്‍ അകലമാണ് .ശ്രീനഗറില്‍ മുഗള്‍ ഉദ്യാനങ്ങളില്‍ മിക്കവയുടെ പശ്ചാത്തലത്തിലും ദല്‍ തടാകം കാണുവാന്‍ കഴിയും.മുഗള്‍ രാജാവായ ജഹാംഗിറിന്‍റെ പ്രിയ സഖി നൂര്‍ജഹാന്‍റെ സഹോദരന്‍ അസിഫ് ഖാന്‍ ആണ്‌ നിശാത് ബാഗ്‌ നിര്‍മ്മിച്ചത്നോ.മനോഹര വര്‍ണങ്ങളില്‍  നിരവധി പൂക്കള്‍ നിറഞ്ഞതാണ്  ഈ ഉദ്യാനക്കാഴ്ച.വര്‍ഷങ്ങള്‍ പഴക്കമുള്ള അനേകം ചിനാര്‍ ,പോപ്ലര്‍ വൃക്ഷങ്ങള്‍ ഇവിടെ കാണുവാന്‍ കഴിയുന്നു.
പൂന്തോട്ടത്തിനു പിന്നിലായി മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന സബര്‍വന്‍ മലനിരകളാണ് മറ്റൊരു കാഴ്ച.വര്‍ഷങ്ങള്‍ക്കു മുന്‍പ് നൂര്‍ജഹാന്‍ ആഗ്രഹ പ്രകാരം ഇഷ്ട്ട വൃക്ഷമായ പോപ്ലര്‍ ടിബറ്റില്‍ നിന്നോ മറ്റോ ആണ്‌ ഇവിടെ കൊണ്ടുവരപ്പെട്ടതെന്നും പറയപ്പെടുന്നു.മയില്‍പ്പീ ലികള്‍  തൂക്കിയിട്ടത് പോലെ തോന്നും വിധമുള്ള ഈ ഇനം വൃക്ഷങ്ങള്‍ ഉദ്യാനങ്ങള്‍ക്ക് ഒരു പ്രത്യേക ചാരുത നല്‍കുന്നു.പേരറിയാത്ത അനേകം ചെടികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ആ പൂന്തോട്ടത്തില്‍ ഞാന്‍ അന്ന് ആദ്യമായി ഒരിനം പക്ഷികളെ കണ്ടു.തലയില്‍ കിരീടം ഉള്ള ആ സുന്ദരി പക്ഷി "ബുള്‍ ബുള്‍" "ആണെന്ന് മുന്തസിര്‍ ആണ്‌ പറഞ്ഞത് .ഖാസി അങ്കിളിന്‍റെ വീടിനരികില്‍ പലപ്പോഴും ഇവ വരാരുണ്ടാത്രേ.
അറബിക്കഥകളിലാണ്‌ ഈ ഇനം പക്ഷികളെ കുറിച്ച് ഞാന്‍ മുന്‍പ് കേട്ടിട്ടുള്ളത്. ലൈല മജ്നു പ്രണയങ്ങളില്‍ പറയുന്നതും ഇതേ പക്ഷി തന്നെയാവുമോ?.സമയത്തില്‍ ഏറിയ പങ്കും  " നിശാത് ബാഗില്‍ ചിലവഴിച്ചു.പൂക്കള്‍ക്കിടയില്‍ ബാല്യങ്ങള്‍ കളിച്ചു തിമര്‍ക്കുന്നു.കളികള്‍ തുടങ്ങിയാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ തണുപ്പൊന്നും ഒരുപ്രശ്നമേയല്ല.കാശ്മീര്‍,മലയാളി ബാല്യങ്ങള്‍ ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഇല്ലാതെ ആര്‍ത്തുല്ലസിക്കുന്നു .കുഞ്ഞുങ്ങള്‍ക്ക്‌ അന്യോന്യം മനസ്സിലാക്കാന്‍ ഭാഷയേ വേണ്ട.ഈ കുഞ്ഞുങ്ങള്‍ക്ക്‌ എവിടെപോയാലും ബാറ്റും ,ബാളും,കൂടെ കളിക്കുവാന്‍ രണ്ടു കൂട്ടുകാരെയും  കിട്ടിയാല്‍ പിന്നെ ലോകം അവരുടെ തറവാടാകുന്നു .ഇവിടെ മത സ്പര്‍ദയില്ല,വാതു വെയ്പ്പില്ല,അന്യോന്യം മനസ്സിലാക്കാന്‍ ഒരു പൊതു ഭാഷയില്ല.മലയാളത്തില്‍  പറയുന്നത് കാശ്മീരി കുഞ്ഞുങ്ങള്‍ക്കും,അവരുടെ കാശ്മീര്‍ ഭാഷ ഈ മലയാളി ബാല്യങ്ങള്‍ക്കും അക്ഷരം പ്രതി മനസ്സിലാകുന്നു.വിശക്കുമ്പോള്‍ ഒന്നിച്ചിരുന്നു "ലെയ്സ് " കഴിക്കുന്നു.ദാഹിക്കുമ്പോള്‍ ഒരേ ബോട്ടിലിലെ വെള്ളം കുടിക്കുന്നു.നമ്മള്‍ മുതിര്‍ന്നവര്‍ ഇടപെടാതിരുന്നാല്‍ അവരുടെ ലോകം സ്വര്‍ഗ്ഗമാണ്.

എന്നാലും നമ്മള്‍ ഇടപെട്ടു പോകും ...അതാണ്‌ നമ്മള്‍ .നമ്മളെ ആരാലും മറ്റുവാനാകില്ലല്ലോ.

നിശാത് ബാഗില്‍ നിന്നും അല്പ്പദൂരം പിന്നിട്ട് ഷാലിമാര്‍ ബാഗിലേക്കായി അടുത്ത യാത്ര , ദല്‍ തീരത്ത് കൂടി തടാകത്തില്‍ ഒഴുകിനടക്കുന്ന ശിക്കാറകളും,ജല നൗകകളും കണ്ടു മറ്റൊരു സ്വപ്ന യാത്ര .മുഗള്‍ ഉദ്യാനങ്ങളില്‍ വെച്ച്‌ ഏറ്റവും മനോഹരം എന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ് ഷാലിമാര്‍ .1619  ല്‍ ജഹാംഗിര്‍ തന്‍റെ പ്രിയ പത്നിനൂര്‍ജഹാന് വേണ്ടി നിമ്മിച്ചതാണ് ഈ ഉദ്യാനം.അവിടെയുള്ള മനോഹരമായ ജലധാരയില്‍ നിന്നും ഉദ്യാന മധ്യത്തിലൂടെ തെളിഞ്ഞ തണുത്ത ജലം ഒഴുകുന്നു.നാല് തട്ടുകളായിട്ടാണ് ഈ പൂന്തോട്ടം നിര്‍മിച്ചിരിക്കുന്നത് .ഇതില്‍ അവസാനത്തേതും  നാലാമത്തേതുമായ തട്ട് അന്തപ്പുരത്തിലെ സ്ത്രീകളെ കരുതി നിര്‍മിച്ചവയാണ്.വളരെ മനോഹര പുഷ്പ്പങ്ങളും ,രുചികരമായ ഫലവൃക്ഷങ്ങളും  നിറഞ്ഞ ഈ പൂന്തോട്ടം മറ്റേതു മുഗള്‍ ഉദ്യാനത്തേക്കാളും പ്രാധാന്യം അര്‍ഹിക്കുന്നു.
സഞ്ചാരികള്‍ക്ക്  ദല്‍ തടാകത്തിലൂടെ ശിക്കാറയിലോ ,റോഡ്‌ മാര്‍ഗാമോ ഇവിടെ എത്തിച്ചേരാം .

ഷാലി മാറില്‍ നിന്നും തിരികെ ഇറങ്ങുമ്പോള്‍ നന്നേ ഇരുട്ടിയിരുന്നു.ദല്‍ തടാകത്തില്‍ നിന്നും വീശിയടിക്കുന്ന കാറ്റിന്‌ നല്ല തണുപ്പും .റോഡിന്‍റെ  അരികിലായി ധാരാളം കടകള്‍ . കൂട്ടത്തിലൊരു കടക്കാരന്‍ ഞങ്ങളുടെ അടുത്തു വന്ന് "കടയില്‍ ദോശയും സാമ്പാറും "കിട്ടുമെന്ന് പറഞ്ഞു.സംഭാഷണത്തില്‍ നിന്നും ഞങ്ങള്‍ തെക്കെ ഇന്ത്യാക്കാരാണെന്നു മനസ്സിലായിരിക്കണം. കടയിലെ അടുപ്പില്‍ തിളയ്ക്കുന്നത് സാമ്പാര്‍ തന്നെയെന്നു ഞങ്ങള്‍ക്ക് ആള്‍ ഉറപ്പും തന്നു . നാട്ടില്‍ നിന്നും പോന്നിട്ട് ആഴ്ച മൂന്നായി.പുട്ടും കടലയും,ദോശയും  സാമ്പാറുമെല്ലാം കണ്ടിട്ട് വര്‍ഷങ്ങള്‍ ആയ പ്രതീതി. അതുകൊണ്ട് തന്നെ ദോശയും സാമ്പാറും എന്ന് കേട്ടപ്പോള്‍ ത്തന്നെ അന്നേവരെ തോന്നാത്ത ഒരു ദോശക്കൊതി .കടയുടെ പുറത്ത് ഇരിപ്പിടങ്ങള്‍ ഒരിക്കിയിട്ട് കടക്കാരന്‍ "വണ്‍ മാന്‍ ഷോ "എന്നപോല്‍ കടയില്‍ കയറി ദോശയുടെ പാചകം ആരംഭിച്ചു .ആള്‍ പറഞ്ഞത് സത്യമാണ് "സ്പെഷ്യല്‍ മസാലദോശ "എന്ന് എഴുതി കടയുടെ മുകളില്‍ വലിയ ബോര്‍ഡും ഉണ്ട് . .അരമണിക്കൂര്‍  കഴിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ ഓര്‍ഡര്‍ ചെയ്ത പ്രകാരം സാധാരണ ദോശയും സാമ്പാറും,ചട്നിയും മേശയില്‍ നിരന്നു.വെജിറ്റെറിയന്‍ ഹോട്ടലില്‍ എവിടെ പോയാലും മസാല ദോശ  വാങ്ങി ശീലമുള്ള ഞാന്‍ ഒരു മടക്കിയ പായയുടെ രൂപത്തില്‍  ഉള്ളില്‍ മസാലയൊക്കെ നിറച്ച്  എനിക്ക് വേണ്ടി വരുന്ന സ്പെഷ്യല്‍ മസാല ദോശയും  സ്വപ്നം കണ്ട് കാത്തിരുന്നു.  ഫയാസ്സു ഫായിയും ,നഗീനും ,കുട്ടികളും ആദ്യമായിട്ടാണ് ദോശ കാണുന്നത് എന്ന് അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്‌ .അര്‍ബിനയെയും  മുന്തസിരിനെയും  ദോശ തിന്നേണ്ട രീതി ഞാന്‍ കാണിച്ചുകൊടുത്തു.ഇന്നേവരെ അറിയാത്ത ഒരു  ഭക്ഷണംആദ്യമായി രു ചിച്ചു നോക്കുന്ന ഭാവം കുട്ടികളുടെ മുഖത്ത് ? .മുന്തസിര്‍ തൃപ്തനെങ്കിലും അര്ബിനയുടെ മുഖത്ത് അത്ര സന്തോഷം ഇല്ല.പരാതിയൊന്നും പറയാതെ "അ ച്ഹാ  .. ...."എന്ന് പറഞ്ഞു ഭയാസ്സു ഭായി ദോശ കഴിച്ചു തുടങ്ങി.
അര മണിക്കൂര്‍ കഴിഞ്ഞിട്ടും വരാത്ത മസാല ദോശയെക്കുറിച്ചായിരുന്നു പിന്നെ എന്‍റെ ചിന്ത.ഇഷ്ട്ടമുള്ള ആഹാരം ഉണ്ടെന്നറിഞ്ഞാല്‍ വിശപ്പിന്‍റെ "അസ്ക്യത" അല്പം കൂടും എന്നത് എന്‍റെ പണ്ടേയുള്ള സ്വഭാവമാണ്.അധികം താമസിയാതെ എന്‍റെ കാത്തിരിപ്പിന് വിരാമമിട്ടു മസാലദോശയും കൊണ്ട് കടക്കാരന്‍  എത്തി. ജീവിതത്തില്‍ ഇന്നേവരെ മസാല ദോശ കണ്ട് ആര്‍ക്കും അറ്റാക്ക്‌ വന്നതായി എന്‍റെ അറിവിലില്ല.അങ്ങനെ ഒന്ന് സംഭവിച്ചു എങ്കില്‍ ആ വ്യക്തി ഒരു പക്ഷെ ഞാന്‍ ആകുമായിരുന്നു .
എന്റെ മുന്‍പിലെ പ്ലേറ്റില്‍ അഞ്ചായി മുറിച്ച മെലിഞ്ഞ നാല് കഷങ്ങള്‍ ചൂണ്ടി കാണിച്ച്  "ഇതാ മസാല ദോശ കഴിച്ചോളൂ മാഡം....." എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നിര്‍വികാരയായി ഇരുന്നു പോയത് എനിക്കിനി ഹൃദയത്തിന്‍റെ കുറവുള്ളത് കൊണ്ട് ആയിരിക്കുമോ.
വിശപ്പും ചിലപ്പോള്‍ ഭയം പോലെയാണ് ചില കാഴ്ചകള്‍ അതിനെയും കെടുത്തിക്കളയും.ജീവിതത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത സാദാ ദോശ തിന്ന് പാവം അര്‍ബിന പോലും തൃപ്ത യായപ്പോള്‍ കടയുടെ മുന്‍പിലെ ബോര്‍ഡു ഞാന്‍ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി."സ്പെഷ്യല്‍  മദ്രാസി ദോശ "
.തണുപ്പിന്‍റെ കാഠിന്യം കൂടിയാല്‍ കണ്ണിനു കാഴ്ചയും കുറയും എന്ന് എനിക്കന്നു മനസ്സിലായി.അല്ലെങ്കില്‍ ഞാന്‍  "മദ്രാസ്സി ദോശ " എന്നത് "മസാല ദോശ "എന്ന് വായിക്കുമോ.....

ഷാലിമാറില്‍ നിന്ന് അന്ന് തിരികെ പോരുമ്പോള്‍ മനോഹര കാഴ്ചകള്‍ക്കൊപ്പം മനസ്സിന്‍റെ  ഉള്ളറയില്‍  അഞ്ചായി  മുറിച്ച ഒരു  മസാല ദോശയും ഉണ്ടായിരുന്നു.ആ രാത്രി തണുപ്പിന്‍റെ പുതപ്പിനുള്ളില്‍ ഉറങ്ങുമ്പോള്‍  പറയുവാനാകാത്ത ഒരു വിഷമം ,കാലത്ത് കേട്ട സ്ഫോടന വാര്‍ത്ത പെട്ടെന്ന് മനസ്സില്‍ ഓര്‍മ്മ വന്നു .സത്യത്തില്‍ അതിനെപ്പറ്റി വീണ്ടും ഞാന്‍ ഓര്‍ക്കുന്നത് അപ്പോഴാണ് .ആരാവും മരണപ്പെട്ടിരിക്കുക?ശ്രീനഗറില്‍ ഇനി എന്താവും ഉണ്ടാവുക?,സ്ഫോടന പരമ്പരകള്‍ വല്ലതും ഇനിയും ഉണ്ടാകുവാന്‍ സാധ്യതയുണ്ടോ?ഇന്ന് വരെ അനുഭവിച്ച ശാന്തത ശ്രീനഗറിന്‍റെനാളേക്ക് നഷ്ട്ട പ്പെടുമോ?  എന്താകും എനിക്ക് വേണ്ടി കാശ്മീരിലെ അടുത്ത  പ്രഭാതം കരുതിയിട്ടുണ്ടാവുക ?
മനസ്സില്‍ തിങ്ങി നിറഞ്ഞ നൂറു കൂട്ടം ചോദ്യങ്ങള്‍ക്കിടയില്‍ വിശപ്പെന്ന വികാരം ദാഹമായി ആ രാത്രിയില്‍ എനിക്ക് തോന്നിയോ ?തൊട്ടരികിലെ ഫ്ലാസ്സ്ക്കില്‍ നിന്നും ഒരു കപ്പ്‌ വെള്ളം കുടിക്കുവാന്‍ ഒന്ന് എഴുന്നേല്‍ക്കാന്‍ തന്നെ മടിയാകുന്നു.തണുപ്പിന്‍റെ കരങ്ങള്‍ ഒന്ന് അനങ്ങുവാന്‍  കൂടി എന്നെ സമ്മതിക്കുന്നില്ല.ചൂളം കുത്തുന്ന തണുത്ത കാറ്റും ഞാനും അല്ലാതെ ശ്രീനഗറില്‍ എല്ലാവരും അപ്പോഴേക്കും ഉറങ്ങികഴിഞ്ഞിരുന്നു.......
                                                                                                 (തുടരും ......)


മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(1)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(2)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(3)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(4)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(5)

Monday, December 05, 2011

വായനയുടെ കാണാപ്പുറങ്ങള്‍









യാത്രകള്‍ എന്നും എനിക്ക് ആഹ്ലാദമാണ്‌,ആവേശമാണ്  .ഓരോ മധ്യവേനല്‍ അവധികളും സമ്മാനിക്കുന്നത് ഓരോ യാത്രാനുഭവങ്ങള്‍.കാഴ്ചകളുടെ അനുഭവ സമ്പത്ത് മനസ്സില്‍ നിറഞ്ഞ് കിടന്നതല്ലാതെ ഒന്നും ഒരിക്കല്‍പ്പോലും അക്ഷരങ്ങളായി പുസ്തകത്താളില്‍ തെളിഞ്ഞില്ല.2011 ഏപ്രില്‍ അവധിക്കാലം  ഞാനുമായി പങ്കിട്ട  കശ്മീര്‍ യാത്രയുടെ അനുഭവങ്ങള്‍ മനസ്സ് കവിഞ്ഞൊഴുകിയ വേളയിലാണ് "മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ "എന്ന പേരില്‍ ആ അനുഭവങ്ങള്‍ "വയല്‍പൂവുകള്‍ "എന്ന എന്‍റെ  ബ്ലോഗില്‍  ഞാന്‍ എഴുതുവാന്‍ തുടങ്ങിയത് .ഒരു പക്ഷെ ശ്രീ എസ്സ്.കെ പൊറ്റക്കാടിന്‍റെ "കാശ്മീര്‍ ഒരു രാജവാഴ്ചയില്‍  "എന്ന വിവരണത്തില്‍ നിന്നും ഉള്‍ക്കൊണ്ട  പ്രചോദനം ആകാം അങ്ങനെ ഒരു സാഹസം ചെയ്യുവാന്‍ എന്നെ പ്രേരിപ്പിച്ചത് എന്ന് പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല.കാശ്മീര്‍ യാത്രകള്‍ ആ നാളുകളില്‍ നന്നേ ബ്ലോഗുകളില്‍ കുറവായിരുന്നതുകൊണ്ടും, വായനക്കാരുടെ പ്രോത്സാഹനം ഒന്നുകൊണ്ടും ഒരു പരമ്പര എന്നോണം  ആ യാത്ര ബ്ലോഗില്‍ തുടര്‍ന്നു. 


ഈ വിവരണത്തിന്‍റെ രണ്ടാം  ഭാഗം പോസ്റ്റ്‌ ചെയ്ത നാളുകളില്‍ അവിചാരിതം എന്നോണം "നൂറാനുന്‍"എന്ന കാശ്മീര്‍ ബന്ധമുള്ള ഒരു ആര്‍ട്ടിക്കിള്‍ വായിക്കുവാനിടയായി."യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ "എന്ന യാത്രാ വിവരണത്തിലെ ഒരു ഭാഗമായിരുന്നു അത്.എഴുതിയത് ചരിത്ര സ്മ്രിതികള്‍ ഉറങ്ങുന്ന  ചെറുവാടി എന്ന ദേശത്തിലെ  ശ്രീ അബ്ദു ചെറുവാടി എന്ന സാഹിത്യകാരന്‍.കാശ്മീര്‍ യാത്രയില്‍ അദ്ദേഹത്തിനുണ്ടായ ഒരനുഭവം വളരെ ഹൃദയസ്പര്‍ശിയായി എഴുതിയ ആ ലേഖനം മനസ്സിനെ വല്ലാതെ നോവിച്ചു കൊണ്ടിരുന്നു.ബ്ലോഗില്‍ സജീവ സാനിധ്യമുള്ള ശ്രീ മന്‍സൂര്‍ ചെറുവാടി ( ശ്രീ അബ്ദു ചെറുവാടിയുടെ മകന്‍) യുടെ  "സെന്റര്‍ കോര്‍ട്ട് "എന്ന ബ്ലോഗില്‍ വന്ന  ഒരു വിവരണത്തില്‍ നിന്നുമാണ് "നൂറാനുന്‍"എന്ന ലേഖനം  എഴുതിയ ആ പ്രിയ എഴുത്തുകാരന്‍  ഇന്ന് നമ്മോടൊപ്പം ഇല്ല എന്ന ദുഃഖ സത്യം ഞാന്‍ അറിയുന്നത് .




 ദിവസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ "പൂര്‍ണ പബ്ളിക്കേഷന്‍ "പുറത്തിറക്കിയ "യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ "എന്ന ഗ്രന്ഥം എനിക്ക് സ്വന്തമായി.കേവലം എട്ട് ലേഖനങ്ങള്‍ അടങ്ങുന്ന ഒരു ചെറിയ പുസ്തകമാണ് അതെങ്കിലും പതിറ്റാണ്ടുകള്‍ നെഞ്ചേറ്റുന്ന പല നൊമ്പരങ്ങളും അതില്‍ നിറഞ്ഞ് നിന്നിരുന്നു.

"പ്രിയപ്പെട്ട ഉപ്പക്കും,വാത്സല്യം ചൊരിഞ്ഞ ഉമ്മക്കും"സമര്‍പ്പണമായി തുടങ്ങുന്ന പുസ്തകത്തിലെ ഓരോ വരികളും അത്യധികം ആകാംഷയോടെ  ഞാന്‍ വായിച്ചു തീര്‍ത്തു. ഗ്രന്ഥത്തിന്‍റെ അവതാരികയില്‍ പ്രശസ്ത സാഹിത്യകാരന്‍ ശ്രീ സക്കറിയ തന്നെ പറയുന്നു "അബ്ദു ചെറുവാടി നമുക്ക് ഇവിടെ നല്‍കുന്നത് ഒരു യാത്രയുടെ വിവരണമല്ല,പല യാത്രകളിലൂടെ അദ്ദേഹത്തിനുണ്ടായ അനുഭവങ്ങളുടെ കഥകളാണ്" എന്ന്. വായനയിലെ ഓരോ സന്ദര്‍ഭങ്ങളിലും മിക്ക ലേഖനങ്ങളും  അനുഭവങ്ങളില്‍ ചാലിച്ച ഓരോ കഥ തന്നെയോ എന്ന് എനിക്കും തോന്നി.അത്ര മനോഹരമായി മനുഷ്യബന്ധങ്ങളുടെ ഓരോ കണ്ണികളും കൂട്ടി ചേര്‍ത്തിരിക്കുന്നു ഓരോന്നിലും .


ലിസ്ബന്‍  ജയിലില്‍ പിറന്ന ആയിശ  ,ആഗ്ര റെയില്‍വേ സ്റ്റേനിലെ ഖദര്‍ സൂട്ടുകാരന്‍ ,തല്‍ത്തോലബാസാറിലെ മുഗള്‍ ചക്രവര്‍ത്തി,അഗൂഷിയും സുറാത്തിനയും,രണ്ട് ഫോട്ടോകള്‍ ഉണ്ടാക്കിയതൊന്തിരവ് ,ദില്ലിയിലെ കാളരാത്രി,അജ്മീറിലെ ഒരു വെളിപാട്,നൂറാനൂന്‍ ഇവയാണ് എട്ട് ലേഖനങ്ങള്‍ .ഏകദേശം 39 പേജുകളില്‍ അക്ഷരങ്ങള്‍ കൊണ്ടു ഹൃദയങ്ങള്‍ വരച്ചിട്ട ആ മഹാമനസ്സിനെ നമിക്കുന്നു. ചരിത്രവും,ബന്ധങ്ങളും,വേദനയും ,നൊമ്പരങ്ങളും ,കൊച്ചു സന്തോഷങ്ങളും വാക്കുകളില്‍ കലര്‍ത്തി ഒരു മായിക ലോകം തന്നെ വായനക്കാരില്‍ സൃഷ്ട്ടിക്കുവാന്‍ ഓരോ ലേഖനത്തിനും കഴിഞ്ഞിട്ടുണ്ട്.ഇതില്‍ മിക്കവയും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മുന്‍പ് ലേഖനമായി വന്നിട്ടുളളവയായിരുന്നു.


1982 സെപ്റ്റംബറിലെ ഒരു കാശ്മീര്‍ യാത്രയില്‍പരിചയപ്പെടുന്ന പോര്ച്ചുഗീസ്സുകാരിയായ ഗവേഷണ  വിദ്യാര്‍ഥി അപ്രതീക്ഷിതമായി "നിങ്ങള്‍ക്ക് ഐഷയെ പരിചയമുണ്ടോ "എന്ന്  ചോദിച്ച ചോദ്യത്തിന്‌ വ്യക്തമായ ഒരു ഉത്തരം നല്‍കുവാന്‍ കഴിയാതെ അതിന്‍റെ  പൊരുള്‍ തേടിയുള്ള മനസ്സിന്‍റെ വിഹ്വലതകളാ ണ് "ലിസ്ബന്‍  ജയിലില്‍ പിറന്ന ആയിശ " എന്ന ലേഖനം പറയുന്നത് . പോച്ചുഗീസ്സുകാര്‍  മലബാര്‍ തീരത്ത് അധിനിവേശം നടത്തുന്ന കാലത്ത് വടക്കന്‍ മലബാറില്‍ ഉണ്ടായിരുന്നതായി പറയുന്ന "ആയിഷ"എന്ന യുവതി സത്യാമോ മിഥ്യയൊ എന്ന് കണ്ടെത്തുവാന്‍ നടത്തുന്ന നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ ഉത്തരം കിട്ടുവാന്‍ ലേഖകന്‍ ചരിത്ര ഗവേഷകര്‍ക്ക്‌ മുന്‍പില്‍ അപേക്ഷിക്കുമ്പോള്‍ പോര്‍ച്ചുഗീസ്സു നാവികരുടെ ക്രൂരമായ പീഡനങ്ങള്‍ക്കിരയായി ഒടുവില്‍ കടലിലേക്ക്‌ എറിയപ്പെട്ട "ഐഷയും " ആ മൃഗീയ വിനോദത്തെ എതിര്‍ത്തതിന്‍റെ  പേരില്‍ പോര്ച്ചുഗീസ്സു സൈന്യം രാജ്യദ്രോഹക്കുറ്റം ചുമത്തി  ലിസ്ബണ്‍ ജയിലില്‍ ഏകാന്തതടവില്‍ പാര്‍പ്പിച്ച ആ അജ്ഞാത നാവികനും അദ്ദേഹത്തിന്‍റെ  "ആയിശ"എന്ന വിലാപകാവ്യവും മനസ്സില്‍ നൊമ്പരമാകുന്നു.


 ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടുവിട്ടു പോയ അമ്മാവനെ  അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന ഭാഗമാണ് "ആഗ്ര റെയില്‍വേ സ്റ്റേനിലെ ഖദര്‍ സൂട്ടുകാരന്‍" . റെയില്‍വേ  സ്റ്റേഷനിലെ ടിക്കറ്റ്‌ കൌണ്ടറില്‍ വെച്ച് കണ്ടിട്ടും തന്നോട് യാതൊരു പരിചയവും കാണിക്കാതെ പോയ,അമ്മാവന്‍റെ  രൂപ സാദ്രിശ്യം തോന്നിയ ആ ഖദര്‍ സൂട്ടുകാരനോട് ഒരു വാക്കുപോലും  മിണ്ടുവാന്‍ കഴിയാതെ പോയതിലുള്ള നഷ്ട്ടബോധം പിന്നീടുള്ള യാത്രയില്‍ അദ്ദേഹം വേദനയോടെ വീണ്ടും ഓര്‍ക്കുന്നു.

രാജസ്ഥാന്‍ മരുഭൂമിയിലൂടെ ചൂളം വിളിച്ച് കടന്നു പോകുന്ന ജോധ്പൂര്‍ എക്സസ് പ്രസ്സില്‍ ഇരുന്നു പുറം കാഴ്ചകള്‍ കാണുമ്പോള്‍  ലേഖകന്‍റെ തപ്തമായ മനസ്സിനോടൊപ്പം വായനക്കാരന്‍റെ  മനസ്സും "ആഗ്ര കന്റോന്‍ മെന്‍ന്റ്റ്  സ്റ്റേഷനിലെ അലഹബാദ് കൌണ്ടറില്‍ ചുറ്റിത്തിരിയുന്നു" . പിന്നീട് വളരെ നാളുകള്‍ക്ക്‌ ശേഷം വീണ്ടുമൊരു യാത്രാ വേളയിലെ അവരുടെ പുനസമാഗമം കഥാപാത്രങ്ങളില്‍ എന്നപോലെ വായനക്കാരിലും അവാച്യമായ ഒരു തരം അനുഭൂതി ഉളവാകുന്നു.

മുഗള്‍ രാജ ഭരണത്തിന്‍റെ അവസാനത്തെ കണ്ണി തേടിയുള്ള ഒരു യാത്രയാണ് "തല്‍തോലബാസാറിലെ മുഗള്‍ ചക്രവര്‍ത്തി".വായനയില്‍ എന്‍റെ മനസ്സിനെ ഏറ്റവും ഉലച്ചതും ഈ ലേഖനം ആയിരുന്നു. നാനൂറ്റി എണ്‍പത് കൊല്ലം ഇന്ത്യ  ഭരിച്ച ഒരു രാജവംശത്തിന്‍റെ അവസാന കണ്ണികള്‍ പശ്ചിമ ബംഗാളിലെഹൗറ ചേരിയില്‍ ഇന്ന് ജീവിച്ചിരിക്കുന്നു എന്നത് എനിക്ക് ആ വായനയില്‍ കിട്ടിയ പുതിയ അറിവ്  .മുഗള്‍ സുന്ദരി നൂര്‍ജഹാന്‍ വിശ്രമിച്ചിരുന്ന നിശാത് ,ഷാലിമാര്‍ ഉദ്യാനങ്ങള്‍  കാശ്മീര്‍ യാത്രയിലെ ഓര്‍മ്മയില്‍ പൂക്കള്‍ നിറച്ചുനില്‍ക്കുമ്പോള്‍ അതിന്‍റെ പിന്‍മുറക്കാരിയായ ഒരു ബീഗം വൃത്തിഹീനമായ ഒരു ചേരിയില്‍ വസിക്കുന്നു എന്നത് എന്‍റെ മനസ്സിന്‌  വിശ്വസിക്കാന്‍ കഴിയാത്ത മറ്റൊരു സമസ്യയായി മാറി .ലേഖകന്‍ തന്‍റെ ദീര്‍ഘമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ "ചേരിയിലെ മുഗള്‍ കൊട്ടാരത്തില്‍" നിന്നും തിരികെ വരുന്ന വേളയില്‍  മാര്‍ക്കെറ്റിലെ അഴുക്കുചാലുകള്‍ക്കിടയില്‍ മത്സ്യവില്‍പ്പനക്കാരന്‍റെ അരികില്‍ നില്‍ക്കുന്ന പതിനഞ്ചുകാരനെ ചേര്‍ത്ത് പിടിച്ച്‌ "ഇതാണ് ഹിസ്‌ ഹൈനെസ്സ് മുസാഫിര്‍ കമാല്‍ ഹുസൈന്‍  ..... ഇപ്പോഴത്തെ മുഗള്‍ ചക്രവര്‍ത്തി "എന്ന് നമുക്ക് പരിചയപ്പെടുത്തുമ്പോള്‍ ഒരു കാലഘട്ടത്തിന്‍റെ പ്രതാപങ്ങള്‍ എല്ലാം മനസ്സില്‍ ഒരുനിമിഷം കൊണ്ടു നിറഞ്ഞ് വിങ്ങി കണ്ണുകള്‍ നിറയ്ക്കുന്നു.


ഹജ്ജു നാളുകളില്‍ കണ്ടു മുട്ടുന്ന ഇന്ത്യനേഷ്യന്‍ വിദ്യാര്‍ത്ഥികള്‍ ആണ്‌ "അഗൂഷിയും,സുറാത്തിനയും".ഹജ്ജുതീര്‍ഥാടനനാളുകളില്‍ കണ്ടുമുട്ടുന്ന ഈ വിദ്യാര്‍ത്ഥിദമ്പതികളുമായി ഗ്രന്ഥ കര്‍ത്താവിന് തോന്നുന്ന ആത്മബന്ധമാണ് ഈ ലേഖനത്തിന്‍റെ  ഉള്ളടക്കം.ദിസങ്ങളുടെ ഇടവേളയില്‍ ആ വിദ്യാര്‍ത്ഥിദമ്പതികളെ കാണുവാന്‍ കഴിയാതെ വരുമ്പോള്‍ ,മിനാദുരന്തത്തില്‍പ്പെട്ടവരുടെ പട്ടികയില്‍ അവരെ തിരയുവാന്‍ പോകുന്ന ലേഖകനെ പ്രിയ പത്നി സ്വാന്തന പൂര്‍വ്വം വിലക്കുന്ന രംഗം വായനക്കാരനെ പ്രതീക്ഷയുടെയും ശുഭാപ്തി വിശ്വാസത്തി ന്‍റെയും പുതിയൊരു തുരുത്തില്‍  എത്തിക്കുന്നു .

'നാളെ രാവിലെ ഇന്ത്യനേഷ്യന്‍ ഹജ്ജ്ജു മിഷനില്‍ ഒന്ന് പോയി നോക്കാം .മിന ദുരന്തത്തില്‍ പെട്ടവരുടെ പട്ടിക അവിടെ കാണുമല്ലോ .പെട്ടെന്നവള്‍ എന്‍റെ കൈ പിടിച്ചു "പോകരുത് ,ഒരിക്കലും അവിടെ പോകണ്ടാ ,മരണചീട്ടു പരതുകയും വേണ്ട.അഗൂഷിയും സുറാ ത്തിനയും ജീവിച്ചിരിക്കട്ടെ ,നമുക്കവരെ കാണാന്‍ പറ്റിയില്ലെങ്കിലും !പത്താം തിയതി തന്നെ പസഫിക്കിന് മീതെ പറന്ന്ജക്കാര്‍ത്തയില്‍ ഇറങ്ങട്ടെ.നമ്മുടെ ഖുബൈസ്സിനെപ്പോലെ ഒരു ഖുബൈസ്സു അവര്‍ക്കും പിറക്കട്ടെ !"
അവളുടെ തൊണ്ട ഇടറിയോ ?.'ബാബുന്നവ ' യുടെ മാര്‍ബിള്‍ പടികളില്‍ രണ്ടിറ്റു കണ്ണുനീര്‍ വീണു എന്നുറപ്പ് '


ജബല്‍ ഖുബൈസ്സിനു മുകളില്‍ "രണ്ട് നക്ഷത്രങ്ങള്‍ തിളങ്ങി" നില്‍ക്കുമ്പോള്‍ മക്കയുടെ പുണ്യങ്ങള്‍ ഉള്‍ക്കൊണ്ട ഒരു വായനാനുഭവം കൂടി നമുക്ക് കിട്ടുന്നു.


ചില വെളിപാടുകള്‍ ദൈവ നിശ്ചയമെന്നു സൂചിപ്പിക്കുന്ന ഒരനുഭവക്കുറിപ്പാ ണ് "അജ്മീറിലെ ഒരു വെളിപാട്".ഖ്വാജാ മൊയ്നുദീന്‍ ചിശ്തിയുടെ ദല്ലാളന്മാരുടെ കടന്നാക്രമണം ,ലേഖകന്‍ പറയുന്നത് പോലെ ഇന്നും ഈ അടുത്തനാളിലും ഉണ്ടെന്നുള്ളത് അനുഭവസ്ഥയായ  ഞാനും സമ്മതിക്കുന്ന മറ്റൊരു സത്യം.

"രണ്ട് ഫോട്ടോകള്‍ ഉണ്ടാക്കിയ തോന്തിരവ് ,ദില്ലിയിലെ കാളരാത്രി," ദില്ലി യാത്രയുടെ സ്മരണകള്‍ ഉള്‍ക്കൊണ്ടു എഴുതിയവയാണ്.

കശ്മീരിലെ യാത്രയില്‍ ആദിത്യമരുളിയ  റസൂല്‍ ഭായിയുടെയും  മകള്‍ നൂറാനൂനിന്‍റെയും ഓര്‍മകളാണ് "നൂറാനൂന്‍ " എന്ന എട്ടാമത്തെ ലേഖനം . 

1982 കളിലെ യാത്രയില്‍ കാശ്മീരില്‍  ലേഖകന്‍ കണ്ട അതേ  പ്രകൃതി ഭംഗികള്‍  വര്‍ഷങ്ങള്‍ക്കു ശേഷം എനിക്ക് അതേ അളവില്‍ ആസ്വദിക്കാന്‍ കഴിഞ്ഞു എന്നത്‌ മറ്റൊരത്ഭുതം. ഗ്രന്ഥകാരന്‍റെ  കാശ്മീര്‍ സന്ദര്‍ശന വേളയില്‍ തികച്ചും ആകസ്മികമായി കാശ്മീര്‍ സിംഹം  ഷേക്ക്‌ അബ്ദു ളള  മരണപ്പെടുന്നതും അതിനെത്തുടര്‍ന്ന്  അപ്രതീക്ഷിതമായി വന്ന ഹര്‍ത്താല്‍ ,യാത്രകള്‍ ബുദ്ധി  മുട്ടില്‍ ആക്കുന്നതും വര്‍ഷങ്ങള്‍ക്കു ശേഷം കാശ്മീര്‍സന്ദര്‍ശിച്ച എനിക്കും സമാനമായ ചില  അനുഭവങ്ങള്‍ ഉണ്ടായതും തികച്ചും യാദ്രിശ്ചികം .റസൂല്‍ ഫായിയും ,നൂറാനൂനും വെച്ചു വിളമ്പിയ ഭക്ഷണം കഴിക്കുന്ന ചില വരികള്‍ വായിക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞത്‌ കാശ്മീരില്‍ എന്നെ അകമഴിഞ്ഞ് സ്വീകരിച്ച  ഫയാസ്സ് ഭായിയും,നഗീനും,മക്കളും.
"നൂറാനുന്‍" മനസ്സില്‍ മറ്റൊരു നോവായി പടരുന്നത്‌ ലേഖനത്തിന്‍റെ അവസാന ഭാഗത്ത്‌ വളരെ  ഹൃദയ സ്പര്‍ശിയായി പറയുന്നുണ്ട് 


ഒരുകാലത്ത് സാഹിത്യത്തില്‍ സജീവ സാനിധ്യമായിരുന്ന ശ്രീ അബ്ദു ചെറുവാടി ഇന്ന്  നമ്മോടൊപ്പം ഇല്ല.
35 വര്‍ഷത്തെ അദ്ധ്യാപക ജീവിതത്തിനു ശേഷം  പ്രധാനാദ്ധ്യാപകനായി വിരമിക്കുമ്പോള്‍ വാത്സല്യം തുളുമ്പുന്ന അനേകം ശിഷ്യ സമ്പത്തിന്‌ ഉടമയായിരുന്നു അദ്ദേഹം."അറിയപ്പെടുന്ന ചരിത്രകാരന്‍ ,ഫ്രീ ലാന്‍സ്സ്  ജേര്‍ണലിസ്റ്റ് ,എന്നും യാത്രകള്‍ ഇഷ്ട്ടപ്പെട്ടിരുന്ന അന്വേഷി ,സ്നേഹസമ്പന്നനായ ഒരു അദ്ധ്യാപകന്‍,അതിനെല്ലാം  ഉപരി വാത്സല്യ നിധിയായ ഒരു പിതാവ് ,സ്നേഹമയനായ ഒരു ഭര്‍ത്താവ് അങ്ങനെ അനേകം വ്യക്തിത്വത്തിന്‍റെ ഉടമആയിരുന്നു ശ്രീ അബ്ദു ചെറുവാടി.പല വട്ടം ആത്മമിത്രങ്ങള്‍ ആവശ്യപ്പെട്ടത്തും ,നൂറില്‍പരം സഞ്ചാര ലേഖനങ്ങള്‍ എഴുതിയ അദ്ദേഹത്തിന് എല്ലാം ചേര്‍ത്ത് ഒരു ഗ്രന്ഥമായി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നുണ്ട് .പിന്നീടൊരിക്കല്‍  പ്രിയ സുഹൃത്ത് ശ്രീ സക്കറിയ കൊടുത്ത പ്രോത്സാഹനം കൂടിയാണ് ആണ്‌ "യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ "എന്നത് ഒരു പുസ്തകമാകുവാന്‍ കാരണം.

ഒരു നല്ല യാത്രികന്‍റെ  നിരീക്ഷണ പാടവം ഈ യാത്രാ വിവരണത്തിന്‍റെ   ഓരോ ഭാഗങ്ങളിലും നമുക്ക് കാണുവാന്‍ കഴിയും.കശ്മീര്‍,അജ്മീര്‍ ,ഡല്‍ഹി,കൊല്‍ക്കൊത്ത ....തുടങ്ങി മക്ക,മദീന വരെ ലേഖനത്തില്‍ സൂചിപ്പിക്കുന്ന ഓരോ സ്ഥലങ്ങളിലും നമ്മെ കൂടെ കൂട്ടി കൊണ്ട് പോകുന്ന ഒരു മാസ്മര ശക്തി ഇതിലെ വരികള്‍ക്കുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്.

ചെറുവാടി ദേശത്ത് നിന്ന് എഴുത്തിന്‍റെ ലോകത്ത് അദ്ദേഹത്തിന്‍റെ  പാത പിന്‍ തുടരുവാന്‍ അദ്ദേഹത്തിന്‍റെ  മകനായ മന്‍സൂര്‍ ചെറുവാടിക്ക് ഒരു പരിധിവരെ കഴിയുന്നുണ്ട് എന്നത് ചെറുവാടിയുടെ  "സെന്റര്‍ കോര്‍ട്ട് "എന്ന ബ്ലോഗ്‌ വെളിപ്പെടുത്തുന്നു.

വായനയുടെയും ,എഴുത്തിന്‍റെയും ,യാത്രയുടെയും  ലോകത്ത് ജീവിക്കുവാന്‍ ഏറെ ഇഷ്ട്ടപ്പെടുന്ന എന്‍റെ പ്രിയ സുഹൃത്തുകള്‍ക്ക് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ ശ്രീ അബ്ദു ചെറുവാടി എന്ന ആരാധ്യനായ സാഹിത്യകാരന്‍റെ രചനകള്‍ വളരെ ഏറെ പ്രയോജനപ്പെടും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.


ഓര്‍മ്മകളുടെ മഞ്ചലില്‍ യാത്രയായ ആ പ്രതിഭാധനന്‍ ജീവിതത്തിന്‍റെ അവസാന നാളുകളില്‍ അദ്ദേഹത്തിന്‍റെ  അപ്രകാശിതമായ "സുറുമി  ടീച്ചറും കുട്ടികളും "എന്ന ബാലസാഹിത്യത്തിന്‍റെ  മുഖക്കുറിപ്പില്‍ ഇങ്ങനെ എഴുതി

".......ആഗ്രഹങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നു.എന്ത് ചെയ്യാന്‍.സുറുമി ടീച്ചറും  കുട്ടികളും കോഴിക്കോട് നഗരം ചുറ്റിയപ്പോഴെക്കും ഞാന്‍ കാലിടറി തളര്‍ന്നു വീണുപോയല്ലോ ദൈവക്രിപയില്‍ മാത്രം പ്രതീക്ഷയുള്ള അഗാധ പതനം .എന്‍റെ പ്രിയ വായനക്കാരെ സ്നേഹധാരയില്‍ വീര്‍പ്പുമുട്ടിച്ച സുഹൃത്തുക്കളെ എല്ലാവര്‍ക്കും ഹൃദയം തുളുമ്പി തൂവുന്ന നന്ദി......"




ഗ്രന്ഥകര്‍ത്താവിന്‍റെ കൃതികള്‍ :

യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ 
വാഗണ്‍ ട്രാജഡി
പ്രശ്നങ്ങള്‍ പ്രതികരണങ്ങള്‍
ഹുമയൂണ്‍ ഒളിച്ചോടുന്നു.
ബാബറിന്‍റെ   സാഹസങ്ങള്‍
ഷാജഹാന്‍റെ യും മുംതസിന്‍റെ യും കഥ
ഔറംഗസീബിന്‍റെ രണ്ട് മുഖം
അക്ഷരം അറിയാത്ത അക്ബര്‍
ജഹാംഗീറും കൂടെ നൂര്‍ജഹാനും
അക്കാദമിക് ഗ്രന്ഥങ്ങള്‍ ,ബാലസാഹിത്യങ്ങള്‍.
കൊടിയത്തൂര്‍ അംശം ചെറുവാടി ദേശം 

Saturday, December 03, 2011

വീണ്ടും ഓര്‍മ്മകള്‍ക്കെന്തുസുഗന്ധം .......!





"ഇന്ന്  മഴപെയ്തപ്പോള്‍   മണ്ണിന്‍റെ  സുഗന്ധം  ത്   ഓര്‍മ്മകളെയാണ്  തിരികെ തന്നത് ?  

സുഗന്ധവും, ഓര്‍മ്മകളും തമ്മില്‍  എന്ത്  ബന്ധംഎന്ന് തോന്നിയോ

ചില  സുഗന്ധങ്ങള്‍ അങ്ങനെയാണ്, വര്‍ഷങ്ങള്‍  പിന്നിലേക്ക്‌  നമ്മളെ കൂ ട്ടിക്കൊണ്ട്  പോകും.എന്നോ കണ്ടു  മറന്ന കാഴ്ചകള്‍,മുഖങ്ങള്‍,അറ്റുപോയ  ബന്ധങ്ങള്‍ ,വേദനകള്‍ ,സന്തോഷങ്ങള്‍ ,അങ്ങനെ എന്തെല്ലാം നമുക്ക്തിരികെ  തരുമെന്നോ...

പൊടി പിടിച്ചു കിടന്ന പഴയൊരു പുസ്തകത്തിന്‍റെതാളുകള്‍  മറിച്ചപ്പോള്‍,  ഇന്ന്  അയല്‍ വീട്ടിലെപിച്ചകം  പൂവിട്ടപ്പോള്‍  എപ്പോഴോ  ഒരു  നന്തിയാര്‍വട്ട  പൂവിന്‍റെ   മണം  നുകര്‍ന്നപ്പോള്‍,എങ്ങോ  പുകഞ്ഞു   കത്തുന്നചന്ദനത്തിരിയുടെ സുഗന്ധം കാറ്റ് കൊണ്ട്വന്നപ്പോള്‍ ………… എത്ര  എത്ര സുഗന്ധങ്ങള്‍,അതിലേറെ ഓര്‍മ്മള്‍  !

എങ്കിലും  ഇന്നോളം  ഞാന്‍   തേടിയിട്ടു  കണ്ടു  കിട്ടാതിരുന്നത്  ബാല്യത്തിലെന്നോ കണ്ടുമറന്ന  ഇലഞ്ഞിപ്പൂക്കളുടെ   സുഗന്ധമാണ്,പണ്ടെങ്ങോ കൈമോശം വന്ന   പൂക്കളെ  നാളിന്നേവരെ  ഞാന്‍  കണ്ടിട്ടില്ല ,  സുഗന്ധം അറിഞ്ഞിട്ടില്ല .

     കാടുകള്‍  വേരറ്റു പോയില്ലെങ്കില്‍....കാവുകള്‍ അന്യം  നിന്ന് പോയില്ലെങ്കില്‍....എന്‍റെ   നഷ്ട്ട  ബാല്യങ്ങളുടെ  ഓര്‍മ്മകള്‍ തിരികെ  തരാന്‍ എനിക്കുവേണ്ടി  എവിടെയെങ്കിലും  പൂത്ത്‌ നില്‍പ്പുണ്ടാകും   ഒരു ഇലഞ്ഞി  മരം "
(ഓര്‍മകള്‍ക്കെന്തുസുഗന്ധം....)

എനിക്കുവേണ്ടി പൊഴിഞ്ഞു വീണ നക്ഷത്ര കുഞ്ഞുങ്ങള്‍..... 


ഈ വരികള്‍ ഞാന്‍ എഴുതിയത്‌ കുറേ നാള്‍ മുന്‍പാണ് ,ബൂലോകത്തേക്ക് വന്ന ആദ്യ വേളകളില്‍ .ഗന്ധങ്ങള്‍ എത്രമേല്‍ എന്‍റെ ഓര്‍മ്മകളെ സ്വാധീനിക്കുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളില്‍ മനസ്സില്‍ കോറിയിട്ട  വരികള്‍ പിന്നീട് എപ്പോഴോ അക്ഷരങ്ങളായി തെളിയുകയായിരുന്നു.
കൈമോശം വന്നു എന്ന് ഞാന്‍ പരിഭവിച്ച ഒരു സുഗന്ധം  "ഓര്‍മകള്‍ക്കെന്തു സുഗന്ധം "എന്നതില്‍ എന്നെ നോവിച്ച് എപ്പോഴും നിറഞ്ഞു നിന്നിരുന്നു. വര്‍ഷങ്ങള്‍ മറച്ചുകളഞ്ഞ കുറേ ഇലഞ്ഞിപൂക്കളുടെ സുഗന്ധം.

ഓര്‍മ്മകളില്‍ സുഗന്ധം മാത്രം ശേഷിപ്പിച്ച്‌ കടന്നുപോയ എന്‍റെ പ്രിയപ്പെട്ട ആ പൂക്കളെ ഇനിയും വേരറ്റു പോകാത്ത കാടുകളിലും ,ഇന്നും അന്യം നിന്ന് പോകാത്ത കാവുകളുടെ പുറം കാഴ്ചകളിലും ഞാന്‍ തേടിയിരുന്നു.

ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ മരത്തണലില്‍ എന്നെ കൊണ്ടു വന്നു നിര്‍ത്തിയ ആ അദൃശ്യ ശക്തി ഏതാണ്?.ആകാശമരത്തില്‍ നിന്നും  'പകല്‍നക്ഷത്രങ്ങള്‍' പൊഴിയുന്നുവോ ?.
ഭൂമിയില്‍ പൊഴിഞ്ഞു വീണ് കിടക്കുന്ന നക്ഷത്ര കുഞ്ഞുങ്ങളെ കണ്ട് ഒരു നിമിഷം സ്വപ്നമോ എന്ന് സംശയിച്ച്‌ മുകളിലേക്ക് നോക്കുമ്പോള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നുഒരു ചെറിയഇലഞ്ഞി മരം .

വഴിയരികില്‍ എവിടെയെങ്കിലും പൊഴിഞ്ഞു  വീണ ഇലഞ്ഞിപ്പൂക്കള്‍  കിട്ടിയാല്‍ എനിക്ക് വേണ്ടി കരുതാന്‍ നീ മറക്കണ്ട......."

ഓര്‍മ്മകളില്‍ വീണ്ടും "നക്ഷത്രങ്ങളുടെ സുഗന്ധം" .....................

ഇലഞ്ഞിമരചോട്ടില്‍ എന്നെ നോക്കി ചിരിച്ച്‌ ചിതറി കിടക്കുന്ന സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന പകല്‍ നക്ഷത്രങ്ങളെ ആവേശത്തോടെ പെറുക്കിയെടുത്തു ഞാന്‍ .ഒന്നല്ല ,രണ്ടല്ല ........കൈ നിറയുവോളം.
എന്‍റെ അരികില്‍ നിന്ന എനിക്കപരിചിതരായ കുരുന്നുകളുടെകാതുകളില്‍ പതുക്കെ ചൊല്ലി..... "ഇതാണ് ഇലഞ്ഞി പൂക്കള്‍.........ഒരുനാള്‍ ആകാശമരത്തില്‍ നിന്നും  ഭൂമിയില്‍ ചിതറി വീണ നക്ഷത്രകുഞ്ഞുങ്ങള്‍ .....
കാറ്റില്‍ ഉലഞ്ഞ മാനത്തിന്‍റെ  ചില്ലയില്‍ നിന്നു അടര്‍ന്നു വീണ പൊന്‍പൂക്കള്‍".

കൈകുമ്പിള്‍ നിറഞ്ഞപ്പോള്‍ മണത്തു നോക്കി.ഇതാകുമോ  "ആകാശത്തിന്‍റെ സുഗന്ധം ,നിലാവിന്‍റെയും  നക്ഷത്രങ്ങളുടെയും സുഗന്ധം"

സുഗന്ധം എന്നെ വഴി നടത്തുകയാണ് ,സംവത്സരങ്ങള്‍ പിന്നിലേക്ക്‌.കണ്ണടച്ചപ്പോള്‍  ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്ന ഭൂതകാലത്തിന് നഷ്ട്ട ബാല്യത്തിന്‍റെ നേര്‍ത്ത മധുരം...
 ഈ പ്രഭാതം എനിക്ക് കരുതിവെച്ച സമ്മാനം എനിക്കേറ്റവും പ്രിയപ്പെട്ടതാകുന്നു.

ഇന്നിന്‍റെ ബാല്യത്തിന്  ഓര്‍ക്കുവാന്‍ ഈ പൂക്കള്‍ ഒരു ഓര്‍മ്മകൂട്ടായെങ്കില്‍....!
കാലങ്ങള്‍ കഴിയുമ്പോള്‍ ഇവരില്‍ ഒരാളെങ്കിലും ഈ സുഗന്ധം സ്വപ്നത്തില്‍ നിറച്ച്‌  വീണ്ടും ഒരിലഞ്ഞി മരം തേടി നടക്കുമായിരിക്കും ....

അന്നും എവിടെയെങ്കിലും പൂവിട്ടു നില്‍ക്കുമായിരിക്കും ഈ ഇലഞ്ഞി മരങ്ങള്‍ .......

കാലം നമുക്കായി ഓരോന്ന് കരുതും.
നഷ്ട്ട സ്വപ്നങ്ങളില്‍ മറഞ്ഞവയെന്ന്‌ നമ്മള്‍ കരുതുന്ന ചിലതൊക്കെ  എത്ര വൈകിയാലും ഒരിക്കല്‍ നമുക്ക് തിരിച്ചു കിട്ടും.
കാത്തിരിപ്പിനൊടുവില്‍  കിട്ടുന്നത് ഏറെ പ്രിയകരവുമാകും ....

പ്രതീക്ഷകള്‍ ഒന്നും വ്യര്‍ത്ഥമല്ല.ഇന്നിന്‍റെ പ്രതീക്ഷകള്‍ പുലരിടുന്ന നാളെകള്‍ ആണല്ലോ........

എന്നും നിറമുള്ള സ്വപ്‌നങ്ങള്‍ കാണുവാന്‍ പഠിപ്പിച്ച ആ മനസ്സിന് ആയിരം നന്ദി ......



Friday, October 21, 2011

പവനുരുകിയ ദൈറാള.....




വെയില്‍ നാളങ്ങള്‍ പൊഴിഞ്ഞു വീണ ദൈറാളയിലെ ഗോതമ്പുപാടത്തില്‍ കണ്ണെത്താ ദൂരത്തോളം സ്വര്‍ണം വിളഞ്ഞു നില്‍ക്കുന്നു.പാടവരമ്പിലൂടെ പവന്‍ നടന്നു,ഇരുപത്തി നാല് വര്‍ഷത്തെ കാത്തിരിപ്പിന്‍റെ അവസാനംഎന്നപോലെ.
ഉച്ച വെയിലിന് വര്‍ഷങ്ങളുടെ പഴക്കം.

ജയ്പൂരില്‍ വണ്ടിയിറങ്ങുമ്പോള്‍ നന്നേ ചൂടായിരുന്നു.പൂജാ എക്സ്പ്രസ്സ്‌ സ്റ്റേഷനില്‍ നിന്നപ്പോള്‍ മിനറല്‍വാട്ടറിന്‍റെ ഒഴിഞ്ഞ കുപ്പികള്‍  പെറുക്കുവാന്‍ എത്തിയ നാടോടിക്കുട്ടികള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം.ഈ  പൊരി വെയിലത്ത്‌ ഇനിയും ഏറെ ദൂരം യാത്ര ചെയ്യണം.മുണ്ട്രുവില്‍ ചെന്നിട്ടു ദൈറാളയില്‍പോകുന്നതാണ് നല്ലതെന്ന് പവന് അറിയാം.അമ്മാവന്‍ പറഞ്ഞു കേട്ട ഓര്‍മ്മയല്ലാതെ വഴികള്‍ പവന് അത്ര നിശ്ചയമില്ല .

വര്‍ഷങ്ങളായി കല്‍ക്കയിലെ  തണുപ്പുമായി പോരുത്തപ്പെട്ടുപോയ പവന്‍റെ ശരീരത്തിന് ജയ്പൂരിലെ  ഈ ചൂട് താങ്ങുവാന്‍ കഴിയുന്നില്ല.വെയില്‍ച്ചൂട് തട്ടാത്ത മനസ്സില്‍ ജീവിതം നല്‍കിയ പൊള്ളലുകള്‍ അപ്പോഴും നീറുന്നതായി പവന് തോന്നി. 

പതിവില്ലാതെ ഏതോ ഒരു ഉള്‍പ്രേരണയില്‍ ഇറങ്ങി പുറപ്പെട്ടതാണ്.പോരുമ്പോള്‍ അരുന്ധതി ഈ യാത്രക്ക് എതിരൊന്നും പറഞ്ഞതുമില്ല  അല്ലെങ്കില്‍ത്തന്നെ വിവാഹ ജീവിതം തുടങ്ങിയ നാള്‍ മുതല്‍ ഇന്നേ വരെ പവന്‍ എന്ത് പറഞ്ഞാലും അതിനപ്പുറം ഒരു വാക്കും അരുന്ധതിക്കില്ല .യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഇളയ മകളെ ഒക്കത്തിരുത്തി വീടിന്‍റെ വാതില്‍പ്പടിയും കടന്ന് അരുന്ധതി വന്നു.ഉച്ച ഭക്ഷണം ആയി ചോളപ്പൊടി ചേര്‍ത്തുണ്ടാക്കിയ ചപ്പാത്തിയും,സബ്ജിയും കൈയില്‍ വാങ്ങുമ്പോള്‍ കരിമംഗലം തെളിഞ്ഞുവരുന്ന കവിള്‍ത്തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ ചാലുകള്‍ കണ്ടില്ല എന്ന് ഭാവിച്ചു പവന്‍.

റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ട് ബസ്സ്സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ നല്ല തിരക്ക്.മുണ്ട്രുവിലേക്കുള്ള ബസ്സ് യാത്രയും പവന് പൊള്ളുന്ന തീച്ചൂളയില്‍ എന്നപോലെ .എങ്കിലും, കടലയും ഗോതമ്പും വിളഞ്ഞ വിജനമായ പാടങ്ങള്‍ക്കിടയിലെ "സികാര്‍ റോഡി" ലൂടെ വളരെ വേഗത്തില്‍ ബസ്സ് പോകുമ്പോള്‍ വീശിയടിക്കുന്ന ഉഷ്ണകാറ്റില്‍ എവിടെനിന്നോ പവന്‍റെ നെറുകയില്‍ തണുത്ത ഒരു വിരല്‍സ്പര്‍ശം.

"നീ ഉറങ്ങിയോ വാവേ......"
കണ്ണുകള്‍ മെല്ലെത്തുറന്നു കൊച്ചു പവന്‍.പൊള്ളുന്ന പനിച്ചൂടില്‍ വിറച്ചുകിടക്കുന്ന അവന്‍റെ നെറ്റിയില്‍ തലോടിക്കൊണ്ട്അമ്മ അടുത്തു നില്‍ക്കുന്നു.
നെറ്റിയില്‍ ചുവന്ന സിന്ദൂരം, മുഖം പാതി മറച്ച ചുവന്ന ഉത്തരീ യത്തിനിടയിലൂടെ തിളങ്ങുന്ന പച്ച മൂക്കുത്തി.
"അമ്മാ ......ഒരു പാട്ട് പാട് അമ്മ "
പവന്‍ കണ്ണുകള്‍ വീണ്ടും അടച്ചു.വീശിയടിച്ച ചൂട് കാറ്റിന്‍റെ താളത്തില്‍  അമ്മയുടെ ഉറക്കു പാട്ടിന്‍റെ ഈരടികള്‍.

വീണ്ടും ഒരു പിറന്നാള്‍ ദിനം . കൊച്ചു പവന് അന്ന് മൂന്നു വയസ്സ്.
പാടത്തില്‍ അങ്ങിങ്ങായി കൊയ്ത്ത് കഴിഞ്ഞു കൂട്ടിയ ഗോതമ്പ് കറ്റകള്‍ അടുക്കി വെച്ച ഒരു സന്ധ്യാ സമയം.

ദൈറോളയിലെ കൊച്ചു വീട്ടില്‍ അന്ന് ഉത്സവം പോലെ സന്തോഷം പൂത്തുലഞ്ഞു.
അച്ഛനും അമ്മയോടുമൊപ്പം അന്ന് പവന്‍ അമര്‍സറിലെ  ദേവി മാതാ ക്ഷേത്രത്തില്‍ തൊഴുതു.അപ്പോഴും അമ്മയുടെ പച്ച മൂക്കുത്തിക്ക് നല്ല തിളക്കമായിരുന്നു,നെറ്റിയിലെ സിന്ദൂരത്തിന്  പതിവിലും ചുവപ്പും.  തിരികെ ഗോതമ്പ് പാടവരമ്പില്‍ക്കൂടി അച്ഛന്‍റെ തോളില്‍ ഇരുന്നായിരുന്നു പവന്‍റെ യാത്ര.കതിരുകള്‍ കൊയ്ത പാടത്ത് അന്ന് വീശിയ കാറ്റിന് നല്ല തണുപ്പായിരുന്നു .പവന്‍ വീട്ടില്‍  എത്തും മുന്‍പേപെയ്തുപോയ മഴയില്‍ ഗ്രാമവാസികള്‍  കൊയ്തു  കൂട്ടിയ കറ്റകള്‍ മിക്കതും നനഞ്ഞു.
എങ്കിലും ചുടു കാറ്റില്‍ പൊള്ളിയ ദൈറാളയെ ആ മഴ ഒന്നു തണുപ്പിച്ചു.മണ്ണി ന്‍റെ ഗന്ധം അന്ന് ദൈറാളയിലെ ഭൂമിമുഴുവന്‍ നിറഞ്ഞു നിന്നു.

കൊച്ചു പവന്‍  മഴ നേരില്‍  കാണുന്നത് അത് രണ്ടാം തവണ.
പക്ഷെ നിനച്ചിരിക്കാതെ പെയ്ത മഴ ദൈറോളയില്‍ നിന്നും തിരികെ പോയത് പവന്‍റെ അച്ഛനേയും കൊണ്ടാണ്.രാത്രിയില്‍ പതിവിലും നേരത്തെ  ഉറങ്ങിപ്പോയ പവന്‍ ,അച്ഛന്‍  ഒരിക്കലും ഉണരാത്ത  ഉറക്കത്തിലേക്കു പോയത് അറിഞ്ഞതുമില്ല .
പിറ്റേന്ന് മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങിയ വീട്ടില്‍,ആള്‍ത്തിരക്കിനിടയില്‍ അമ്മയെ പവന്‍ കണ്ടു. പക്ഷെ ആ പച്ചക്കല്ല്  മൂക്കുത്തിയോ,സിന്ദൂരപ്പോട്ടോഅമ്മയില്‍ കണ്ടില്ല,അമ്മയുടെ തലയിലെ ചുവന്ന ഉത്തരീയത്തിന്‍റെ നിറം മങ്ങി വെള്ള ആയതു പോലെ അവന് തോന്നി .
ഉറക്കത്തില്‍ ഉണര്‍ന്ന പവന്‍ പലതും  ചോദിച്ചിട്ടും  അമ്മ മറുപടി ഒന്നും പറഞ്ഞതുമില്ല .

 ഉച്ച വെയില്‍ ചുട്ടു പഴുപ്പിച്ച ഗോതമ്പ് പാടങ്ങള്‍ക്കിടയിലൂടെ കൊട്ടും,കുരവയും, ആരവവും ആയി പോകുന്ന ഗ്രാമവാസികള്‍ക്കൊപ്പം പവനും പോയി.അമ്മയുടെ മുഖത്ത് നോക്കുമ്പോഴെല്ലാം അവന് വല്ലാതെ വിഷമം തോന്നിഅമ്മയുടെ ഉത്തരീയതിന്‍റെ  തുമ്പു പറ്റി നടക്കുന്ന കൊച്ചു പവനെ ആരൊക്കെയോ ചേര്‍ന്ന് ദൂരേക്ക്‌ മാറ്റി നടത്തി .
.ഒടുവില്‍ വിജനമായ ഏതോ ഒരു സ്ഥലത്ത് എല്ലാവരും  ഒത്തു ചേര്‍ന്നപ്പോള്‍ ഒഴിഞ്ഞൊരു മരച്ചുവട്ടില്‍ ഇരിക്കുന്ന അമ്മയുടെ അരികില്‍ വന്ന്  പവന്‍ വീണ്ടും ആ മുഖത്തേക്ക് നോക്കി ,ആ പച്ചക്കല്ല് മൂക്കുത്തി കാണുന്നില്ല.....
കുറച്ചകലെയായി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും,ആര്‍പ്പുവിളിക്കുന്നതും പവന്‍ കണ്ടു .
അപ്പോഴും വീട് വിട്ട് ഈ ഉച്ച നേരത്ത് എല്ലാവരും ഈ സ്ഥലത്തേക്ക് വന്നതെന്തിനെന്ന് കുഞ്ഞ് പവന് മനസ്സിലായതേയില്ല .

വെയില്‍ നാളങ്ങള്‍ ദൂരെ  കൊയ്തൊഴിഞ്ഞ  പാടത്തേക്കു ചാഞ്ഞു തുടങ്ങിയിരുന്നു. പിന്നെപ്പോഴോ മന്ത്രോച്ചാരണങ്ങള്‍  മുഴങ്ങിയപ്പോള്‍ അമ്മയെ ആരെല്ലാമോ വന്നു കൂട്ടി കൊണ്ടു പോകുന്നത് പവന്‍ കണ്ടു .അമ്മയുടെ സാരി തുമ്പില്‍ തൂങ്ങി കരയുവാന്‍ തുടങ്ങിയ  പവനെ മുതിര്‍ന്നവരില്‍ ആരോ എടുത്തു കൊണ്ടു പോകുവാനും ശ്രമിച്ചു .പോകും മുന്‍പ് ഒരു  വട്ടം അമ്മ പവനെ വാരി എടുക്കുക്കുകയും നെറുകയില്‍ ചുംബിക്കുകയും ചെയ്തു.അതുവരെയുള്ള നിശബ്ദത വിട്ട് അമ്മ ഉറക്കെ കരയുന്നതും പവന്‍ കേട്ടു.അമ്മ കരഞ്ഞാല്‍ പവന് എന്നും വിഷമമാണ്.അകന്നുപോകുന്ന അമ്മയുടെ കരച്ചില്‍ ആരവങ്ങളില്‍ അലിഞ്ഞു ചേര്‍ന്നപ്പോള്‍ ,ആളിക്കത്തുന്ന അഗ്നിയില്‍ അച്ഛനോടൊപ്പം അമ്മയും എരിഞ്ഞടങ്ങിതറിയാതെ,കരഞ്ഞ്  കരഞ്ഞ് പവന്‍ മുത്തച്ഛന്‍റെ  തോളില്‍ കിടന്ന്  ഉറങ്ങിപ്പോയി.


ദൈറാളയിലെ ഭൂമിക്ക് അന്ന് കരിഞ്ഞുപോയ മണ്ണിന്‍റെ ഗന്ധമായിരുന്നു.  അഗ്നിയില്‍ അമര്‍ന്നുപോയ തേങ്ങലുകള്‍ അന്ന് പ്രകൃതിപോലും കേട്ടില്ല.ഒരു കണ്ണുനീരിനും കെടുത്തുവാനാകാതെ ആളിക്കത്തിയ ആ അഗ്നിയില്‍ നിന്നും വീണ്ടും ഒരു "സതി മാതാ" ജന്മം കൊണ്ടതറിയാതെ പവന്‍ അമ്മാവനോടൊപ്പം ആ രാത്രിയില്‍ ദൈറോള വിട്ട് കല്‍ക്കയിലേക്ക് യാത്രയായി.

ഗോതമ്പ് പാടത്തിനരികിലെ ആ പഴയ ഇടവഴി കാണാനേയില്ല.ഈ പാട വരമ്പിലൂടെയാണ് അച്ഛന്‍ പവനെ  തോളിലേറ്റി നടക്കാറുണ്ടായിരുന്നത്‌ .ദൈറോള ആകെ മാറിയിരിക്കുന്നു .മണ്‍പാതകള്‍ പലതും ടാറിട്ട റോഡുകള്‍,പാതയോരത്ത് പുതിയ പുതിയ കെട്ടിടങ്ങള്‍.കണ്മുന്‍പില്‍ കണ്ട മുഖങ്ങളില്‍ പവന്പരിചയമുളള ആരുമേയില്ല .കൊയ്തൊഴിഞ്ഞ ചില പാടങ്ങളില്‍ കുട്ടികള്‍ ക്രിക്കെറ്റ്  കളിക്കുന്നു.

വെയിലിന്‍റെ ചൂടിന്‌ കാഠിന്യം കൂടി വരുന്നു.
വഴിയോരത്ത് കണ്ട വിജനമായ ഒരു സ്ഥലം പവന്‍റെ ഓര്‍മകളെ പൊള്ളിച്ചു.
ഒറ്റപ്പെട്ട് നില്‍ക്കുന്ന ആ മരത്തണലില്‍ ആണ്‌ പവന്‍ അന്ന് അവസാനമായി അമ്മയോടൊപ്പം ഇരുന്നത്. ഇലകള്‍ പൊഴിച്ചു നിന്ന ആ മരത്തിന്‍റെ ഉണങ്ങിയ  ചില്ലകള്‍ പരിചയ ഭാവത്തോടെ പവനെ നോക്കി.തൊട്ടപ്പുറത്തെ ക്ഷേത്രത്തിലെ പൊട്ടിപൊളിഞ്ഞ മതിലില്‍ അമ്മയുടെ വിരലുകള്‍ പതിപ്പിച്ചിട്ടുണ്ടാകുമോ ?
ക്ഷേത്ര വാതിലില്‍ കണ്ട നിറം മങ്ങിയ അക്ഷരങ്ങള്‍ പവന്‍ വായിച്ചു "സതി മാതാ കീ  ജയ് ....സതി  കി  പതി  കീ ജയ്  "
അക്ഷരങ്ങള്‍ക്കിടയില്‍ ഒരു പച്ചക്കല്‍ മൂക്കുത്തി ആ വെയിലില്‍ തിളങ്ങിയോ?ക്ഷേത്രത്തിലെ വിഗ്രഹങ്ങളില്‍ ഒന്നിന്‍റെ  നെറ്റിയില്‍ ഒരു ചുവന്ന സിന്ദൂരപ്പൊ ട്ടും .........?


സ്വര്‍ണം വിളഞ്ഞ ഗോതമ്പു വയലുകളില്‍ വീശിയടിച്ച ചൂടുകാറ്റില്‍ പവന്‍ ആ സ്വരം തിരിച്ചറിഞ്ഞു .

"വാവേ .....ഉറങ്ങിക്കോട്ടോ"


കാറ്റിലൂടെ ഒഴുകിയെത്തിയ ഒരു താരാട്ട് പാട്ടിന്‍റെ ചുട്ടുപൊള്ളിക്കുന്ന  ഓര്‍മ്മകളില്‍ പവന്‍ കണ്ണുകള്‍ ഇറുകെ അടച്ചു.





സതി -ഭര്‍ത്താവിന്‍റെ ചിതയില്‍ ചാടി ഭാര്യയും ജീവന്‍ ഹോമിക്കുന്ന ഒരു ആചാരം 
സതിമാത-സതി അനുഷ്ട്ടിക്കുന്ന സ്ത്രീക്ക് നല്‍കുന്ന വിളിപ്പേര്.
ദൈറാള -രാജസ്ഥാനിലെ സികാര്‍ ജില്ലയിലെ ഒരു ഗ്രാമം .
അമര്‍സര്‍-രാജസ്ഥാനിലെ മറ്റൊരു  ഗ്രാമം 
കല്‍ക്ക-ഹരിയാനയിലെ പഞ്ചകുള ജില്ലയില്‍ ഉള്‍പെട്ട പ്രദേശം 





കുറിപ്പ് :ചരിത്രത്തിന്‍റെ  ഏടുകളില്‍ ഇന്നും നൊമ്പരമാകുന്ന "സതി" എന്ന അനാചാരം നിര്‍ത്തലാക്കിയത് പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ്‌ .എന്നിട്ടും 1987  രാജസ്ഥാനിലെ ദൈറാളഗ്രാമം ഒരു "സതി"ക്ക് സാക്ഷിയാകേണ്ടി വന്നു.ദൈറാളയില്‍ അന്ന് സതി അനുഷ്ട്ടിച്ച  "രൂപ്‌ കാന്‍വാര്‍ "എന്ന പെണ്‍കുട്ടിയു മായോ,അവരുടെ  ജീവിതപശ്ചാത്തലവുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവും ഇല്ല എന്ന് തീര്‍ത്തും പറയുന്നു .സ്വതന്ത്ര ഇന്ത്യയില്‍  നാം അറിയാതെ സംഭവിച്ച ആ അക്ഷരത്തെറ്റിന് ഇനി എന്ത് പ്രായാശ്ചിത്തമാണ് ചെയ്യുക  ?
അന്ന് അഗ്നിയില്‍ പൊലിഞ്ഞുപോയ "രൂപ്‌ കാന്‍വാര്‍"ന് വേണ്ടി,വിധിയുടെ നിയോഗത്താല്‍ സതി അനുഷ്ട്ടിക്കേണ്ടിവന്ന നിരവധി സ്ത്രീ ജന്മങ്ങള്‍ക്കു  വേണ്ടി ,അന്ധവിശ്വാസം അനാഥമാക്കപ്പെട്ട പിഞ്ചു ബാല്യങ്ങള്‍ക്ക്‌ വേണ്ടി ഞാന്‍ഈ കഥ സമര്‍പ്പിക്കുന്നു. 


ചിത്രങ്ങള്‍ :കടപ്പാട് ഗൂഗിള്‍(സതി അനുഷ്ട്ടിച്ച വനിതകളുടെ കൈവിരലുകള്‍ പതിച്ചതിന്‍റെ ചിത്രം,  മാള്‍സിംഗ് ശെഖാവത്-രൂപ് കന്‍വര്‍ ദമ്പതികളുടെ വിവാഹ ഫോട്ടോ )