Saturday, March 26, 2011

പകലുകള്‍ പറയാതിരുന്നത് ............




"ഓപ്പോളേ................."

ചാറ്റ് വിന്‍ഡോയില്‍ അനന്തന്‍റെ ആര്‍ദ്രമായ വിളി അക്ഷരങ്ങളായി തെളിഞ്ഞു .

"ഉം ................" അതിലേറെ വാത്സല്യത്തോടെ ദേവി വിളികേട്ടു .

"ഓപ്പോള്‍ക്ക്‌ സുഖമാണോ ? ......"

"സുഖമാ .............അനിയന്‍ കുട്ടനോ?............"

"ഉം ....എനിക്കും ....."

"ഇന്ന് എനിക്ക് പോകാന്‍ സമയമായി .....ഞാന്‍ പൊയ്ക്കോട്ടേ ഓപ്പോളേ  ?"


"പോവ്വാണോ?"    ദേവിയുടെ മനസ്സില്‍ എവിടെയോ നൊന്തു.


"നാളെ എപ്പഴാ വരികാ ?"


"നാളെ ഓഫീസ്‌ അവധിയല്ലേ ....മറ്റന്നാള്‍ കാണാട്ടോ ......ഗുഡ് നൈറ്റ്‌ ഓപ്പോളേ........"


"ഗുഡ് നൈറ്റ്‌ ............."


ദേവി നോക്കിയിരിക്കെ ചാറ്റ് വിന്‍ഡോയില്‍ അനന്തന്‍റെ പേരിനു നേരെയുള്ള പച്ച വെളിച്ചം അണഞ്ഞു .
എവിടെയോ  ഒരു മൂകത ....
ഉള്ളില്‍ കത്തുന്ന ഗ്രീഷ്മത്തിന്റെ ചൂടില്‍ പിന്നെയും ദേവിയുടെ മനസ്സ്  നീറിത്തുടങ്ങി.വരാനിരിക്കുന്ന നാളെയുടെ വിരഹം ദേവിയെ വീര്‍പ്പുമുട്ടിച്ചു .


ഒരു ബ്ലോഗര്‍ ആയ ദേവിയുടെ  കഥകള്‍ക്ക് അഭിപ്രായം പറഞ്ഞുകൊണ്ടായിരുന്നു  അനന്തന്‍ എന്ന "അനിയന്‍ കുട്ടന്‍", ദേവി എന്ന "ഓപ്പോളുടെ"  മനസ്സിലേക്ക്   ചേക്കേറിയത്   .
ഒരക്കമുള്ള ദേവിയുടെ ഫോളോവേഴ്സ്  ലിസ്റ്റ് "അപ്ഗ്രേട്‌"   ചെയ്തു രണ്ടക്കത്തില്‍ എത്തിച്ചതും ഇതേ അനന്തന്‍ തന്നെ .എല്ലാം തികച്ചും സ്വാഭാവികം എന്നത് ദേവിയുടെ മനസ്സിന്‍റെ ഭാഷ്യം .


അന്നുവരെ ദേവിയുടെ പകലുകള്‍  വിരസവും ,രാത്രികള്‍ വരണ്ടതും ആയിരുന്നു .

കണ്മുന്‍പില്‍ കാണുന്നതെല്ലാം മൃഗത്രിഷ്ണകള്‍ ആണെന്ന് അറിയാമായിരുന്നിട്ടും ചില  ദിവസങ്ങളുടെ ഇടവേളകളിലെപ്പോഴോ അനന്തന്‍  "ഓപ്പോളുടെ"  പ്രിയപ്പെട്ട  "അനിയന്‍കുട്ടനായി "  മാറുകയായിരുന്നു,  "സൗഹൃദങ്ങളിലെ  തുല്യത"  പാടെ നിഷേധിച്ചു കൊണ്ട് .


നന്നായി കഥകള്‍ എഴുതിയിരുന്നു ദേവി .
ഒരു ബ്ലോഗ്ഗര്‍ ആയ തനിക്കും  ,തന്റെ കഥകള്‍ക്കും  കിട്ടാതെ പോകുന്ന അംഗീകാരങ്ങളെ  ഓര്‍ത്തു  ദേവിക്ക് എന്നുംനിരാശയായിരുന്നു. ഒഴിഞ്ഞു കിടക്കുന്ന കമന്റ്‌ ബോക്സ്‌ ,  ഒരക്കത്തില്‍ നിന്ന് ഒരു മാറ്റവുമില്ലാതെ  നില  നില്‍ക്കുന്ന ഫോളോവേഴ്സ്  ലിസ്റ്റ്........ ....അങ്ങനെ തീരെ നിസ്സാരമെന്നു മറ്റുള്ളവര്‍ക്ക് തോന്നുന്ന  പലതും കഴിഞ്ഞുപോയ ഓരോ രാത്രികളിലും ദേവിയുടെ ഉറക്കം കെടുത്തിയിരുന്നു .


  സൗഹൃദങ്ങള്‍ വളരെ കുറവായിരുന്നു ദേവിക്ക്.പ്രത്യേകിച്ചു പുരുഷ സൗഹൃദങ്ങള്‍


  പുരുഷന്‍റെ ഏതു സൗഹൃദവും   അവസാനിക്കുന്നത്  അവിഹിതമായ തലങ്ങളില്‍ ആണെന്നും ,സ്ത്രീയുടെ കാമുക സങ്കല്പം  രതിബന്ധത്തില്‍   മാത്രം ഒതുങ്ങുന്നതല്ല, എന്നും ഉള്ള വ്യക്തമായചില  കാഴ്ചപാടുകള്‍ ദേവിക്കുണ്ടായിരുന്നു.


അതുകൊണ്ടുതന്നെയാവണം   "ഓപ്പോള്‍ ","അനിയന്‍ കുട്ടന്‍"എന്ന അതിര്‍ വരമ്പുകള്‍ക്കിടയില്‍ താന്‍ എന്നും സുരക്ഷിതയാണെന്ന ഒരു ധാരണ ദേവി സ്വയം സൃഷ്ട്ടിച്ചെടുത്തത് .    
എന്നിരിക്കിലും അനന്തന്‍റെ     "ഓപ്പോളേ ................"
എന്ന  വിളികള്‍ക്കുവേണ്ടി പലപ്പോഴും ദേവി കാത്തിരുന്നു എന്നത് മറ്റൊരു സത്യം.

ഇന്ന് ദേവിയുടെ പകലുകള്‍ക്ക്  വിരസതയില്ല,രാത്രികള്‍ക്ക് വരള്‍ച്ചയും .
മഹി ഓഫീസിലേക്ക് പോയിക്കഴിഞ്ഞാല്‍,വിഷ്ണുമായയെ  സ്കൂളിലേക്ക് വിട്ടു കഴിഞ്ഞാല്‍ പിന്നെ ദേവിയുടെ ലോകം അനന്തമാണ്‌.
കൃത്യം ഒരു മണിക്കൂറിനുള്ളില്‍  വീട്ടു ജോലികളെല്ലാം തീര്‍ത്തിട്ടുണ്ടാവും  ദേവി .
പിന്നെ ഒരു ആവേശമാണ് ,ചാറ്റ് വിന്‍ഡോ ഓപ്പണ്‍ ചെയ്യും , ഇന്റെര്‍നെറ്റിന്റെ  അനന്ത വിഹായസ്സില്‍ എവിടെയെങ്കിലും ആ   വെളിച്ചം തെളിയുന്നുണ്ടോ എന്ന് കാത്തിരിക്കും ........
"ഓപ്പോളേ ........" എന്ന  "അക്ഷര"  വിളിക്ക് കണ്ണുംനട്ട്


ദേവിയിലെ മാറ്റങ്ങള്‍ മഹിയെ  വല്ലാതെ അത്ഭുതപ്പെടുത്തി .
വാക്കിലും ,നോക്കിലും ,പ്രവര്‍ത്തിയിലും ദേവിക്കാകെ മാറ്റം.
ദിനചര്യകള്‍ പോലും മാറിയിരിക്കൂന്നു .
എല്ലാക്കാര്യങ്ങള്‍ക്കും  ഒരിക്കലും കണ്ടിട്ടില്ലാത്ത ക്രിത്യനിഷ്ഠത,അടുക്കും ചിട്ടയും .
കിടപ്പറയില്‍ പോലും "അവള്‍" ആ പഴയ "വരണ്ട ദേവി" അല്ല എന്ന സത്യം മഹിക്ക് മനസ്സിലായി.


കഴിഞ്ഞ രാത്രി മഹി ദേവിയോട് ചോദിക്കുകപോലും ചെയ്തു
"എന്ത് പറ്റി ?എന്‍റെ ദേവിക്ക് ആ പഴയ പരിഭവം പറച്ചില്‍ ഒന്നും ഇല്ല .......വളരെ ഉത്സാഹവതി ആയിരിക്കുന്നു............"


ഉറങ്ങികിടന്ന വിഷ്ണുമായയെ മെല്ലെ   നീക്കി കിടത്തി മഹി തന്‍റെ   അടുത്തേക്ക് ചേര്‍ന്നു കിടന്നപ്പോള്‍ ദേവി വല്ലാതെ അസ്വസ്തയായി .
മഹിയുടെ നനുത്ത സ്പര്‍ശനങ്ങളേറ്റ്  കണ്ണുകള്‍ ഇറുകെ അടച്ചപ്പോള്‍ ,ഉള്ളില്‍ എങ്ങോ  ഉറങ്ങിക്കിടന്ന  "ഓപ്പോളേ............."എന്ന ആര്ദ്രതയാര്‍ന്ന വിളികളില്‍ ദേവി വിയര്‍ത്തു പോയി .
തന്‍റെ  നിശ്വാസത്തിന്‍റെ  തീവ്രത  മഹി തിരിച്ചറിയുമോ എന്ന ഉള്‍ഭയത്താല്‍  ദേവി   മഹിക്ക് കീഴടങ്ങിക്കൊണ്ടേയിരുന്നു .


മനസ്സിലെ ,സൗഹൃദങ്ങളുടെ നിര്‍വ്വചനങ്ങള്‍  തിരുത്തിയെഴുതിക്കൊണ്ടുള്ള ദേവിയുടെ ആദ്യത്തെ കീഴടങ്ങല്‍ ..........


 പകലുകള്‍ രാവിനും ,രാവുകള്‍ ആര്ദ്രതക്കും വഴിമാറിയ നിമിഷങ്ങള്‍ ........
അനന്തനുമായുള്ള ചാറ്റ് റൂമുകളില്‍ ദേവിയുടെ പകലുകള്‍ പൂക്കുകയും,വാടുകയും ,കൊഴിയുകയും ചെയ്തുകൊണ്ടിരുന്നു ....

അങ്ങനെ........ഏതോ ഒരു രാത്രിയുടെ അവസാന യാമത്തില്‍ വിഷ്ണുമായയെ ചേര്‍ത്തുപിടിച്ചു മഹിയോടൊപ്പം ദേവി ഉറങ്ങുമ്പോള്‍ ,അടുത്ത ദിവസം  "ഓപ്പോളി" നോട് "അനിയന്‍കുട്ടന്" പറയുവാനുള്ള  "അക്ഷരകൂട്ടങ്ങള്‍ "  മനസ്സില്‍ ഉരുവിട്ട് ഉറങ്ങാതെ കിടക്കുകയായിരുന്നു മഹി എന്ന മഹാദേവന്‍...............