ശിലയായ് പിറവിയുണ്ടെങ്കില്‍ ..........
പഹല്‍ഗാമിലേക്കുള്ള യാത്ര മിക്ക സഞ്ചാരികള്‍ക്കും ദിവ്യമായ ഒരു തീര്‍ത്ഥാടനാനുഭവമാണ് നല്‍കുന്നത് .പ്രകൃതി സുന്ദരമായ ഈ പ്രദേശത്ത് നിന്നും പതിനാറു കിലോമീറ്റര്‍ അകലെയുള്ള ചന്ദന്‍ വാരിയില്‍നിന്നുമാണ് പ്രസിദ്ധമായ അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കുന്നത് എന്നതാവാം ഒരു പക്ഷെ ഇതിനു കാരണം .സിനിമകളില്‍ മാത്രം കണ്ട് പരിചയമുള്ള പഹല്‍ഗാം നേരില്‍ കാണുവാന്‍ പോകുന്ന ആവേശമായിരുന്നു മനസ്സില്‍ .
കാശ്മീര്‍ യാത്രയിലെ ദൂരെ കാഴ്ചകള്‍ പഹല്‍ഗാം യാത്രയോടെ അവസാനിക്കുന്നു എന്നൊരു വിഷമം കൂടി മനസ്സിലുണ്ട് .വെരിനാഗ് യാത്രയില്‍ കണ്ട പാംപുര്‍,അവന്തിപൂര്‍ ദേശങ്ങള്‍ വീണ്ടും കണ്ണില്‍ നിറഞ്ഞു.സംഗം ഗ്രാമത്തിലൂടെ പോകുമ്പോള്‍ വഴിയരികില്‍ തടിക്കഷണങ്ങള്‍ മനോഹരമായി അടുക്കിവെച്ചിരിക്കുന്നു . ക്രിക്കെറ്റ് ബാറ്റുക്കള്‍ക്ക് പ്രസിദ്ധിയുള്ള ഒരു ചെറു ഗ്രാമമാണ്സംഗം . ബാറ്റുകള്‍ നിര്‍മ്മിക്കുവാന്‍ ഇവിടെ ഉപയോഗിക്കുന്നത് കാശ്മീര്‍ വില്ലോ മരങ്ങള്‍ ആണ്.1920 കാലങ്ങളില്‍ പോലും ബ്രിട്ടീഷ്കാര്
കാശ്മീര്‍ വില്ലോ മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചിരുന്ന ബാറ്റുകള്‍ വാങ്ങിയിരുന്നു എന്ന് ചില വിവരണങ്ങള്‍ പറയുന്നു .ഇന്ത്യയില്‍ മാത്രമല്ല ലോകരാജ്യങ്ങള്‍ക്കിടയില്‍ പോലും കശ്മീര്‍ വില്ലോ ബാറ്റുകള്‍ പേരുകേട്ടവയാണ് . മാര്‍ക്കെറ്റില്‍ അഞ്ഞൂറ് മുതല്‍ പതിനായിരം വരെ വിലമതിക്കുന്ന ഈ ഇനം ബാറ്റുകള്‍ ഇംഗ്ലീഷ് വില്ലോ ബാറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരം കൂടുതല്‍ ഉള്ളവയെന്നും പറയപ്പെടുന്നു.
ഇന്ന് കാശ്മീരിലെ ക്രിക്കെറ്റ്
ബാറ്റ് വ്യവസായം തീര്‍ത്തും പ്രതിസന്ധിയിലാണ് .വിപണിയില്‍ ഇംഗ്ലീഷ് വില്ലോ ക്രിക്കെറ്റ് ബാറ്റുകളുമായുള്ള മത്സരവും,ഭീകര വാദങ്ങളും ഈ വ്യവസാ
യത്തിനെ ഒരു പരിധിവരെ വിപരീതമായി ബാധിക്കുന്നു എന്ന് പറയാം. എങ്കിലും ശ്രീനഗറില്‍ സംഗം പോലെയുള്ള ചില ഗ്രാമങ്ങളില്‍ ഇന്നും ക്രിക്കെറ്റ് ബാറ്റ്
വ്യവസായം കുറഞ്ഞരീതിയിലെങ്കിലും നടക്കുന്നുണ്ട്.
കാറ്റില്‍ ഇളകിയാടുന്ന വില്ലോമരങ്ങള്‍ നിറഞ്ഞ ഗ്രാമ കാഴ്ച്ച വളരെ മനോഹരം എന്ന് പറയാതെ വയ്യ.രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫോറെസ്റ്റ് റിസര്‍ച്ച് ഇനിസ്സ്റ്റിട്ട്യുട്ടില്‍ ( FRI- ഡെ
റാഡൂണ്‍ ) ഒറ്റപ്പെട്ടു നില്ക്കുന്ന ഒരു വില്ലോ മരത്തിനെ "ക്രിക്കെറ്റ് ബാറ്റ് നിര്‍മിക്കുന്ന മരമെന്ന്" അത്ഭുതത്തോടെ നോക്കി നിന്നതും,ആരാധനയോടെ ആ മരച്ചില്ലകളില്‍ തൊട്ടു നോക്കിയതും ഓര്‍മവന്നു .വഴിയരികില്‍ ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന രൂപം വരുത്തിയ മര ക്കഷ ണങ്ങള്‍ ബാറ്റുകള്‍ നിര്‍മ്മിക്കുവാനുള്ളവയാണെന്ന് മുന്തസിര് കുട്ടികളോട് രഹസ്യമായി പറയുന്നത് കേള്‍ക്കാമായിരുന്നു. റോഡിനിരു വശങ്ങളിലും ക്രിക്കെറ്റ് ബാറ്റുകള്‍ നിര്‍മിക്കുന്ന ധാരാളം കെട്ടിടങ്ങള്‍ .സംഗം കഴിഞ്ഞാല്‍ എത്തിയ ഖാസീഖുണ്ട് എന്ന സ്ഥലത്ത് അനേകം കടകളില്‍ ക്രിക്കെറ്റ് ബാറ്റുകള്‍ വില്പ്പനയ് ക്കായ് നിരത്തി വെച്ചിരിക്കുന്നു .അരികി ലിരിക്കുന്ന കുട്ടി ക്രിക്കെറ്റ് ഭ്രാന്തന്മാരുടെ ബാറ്റു വാങ്ങുവാനുള്ള ആവേശം നിര്‍ബന്ധമായി മാറിയപ്പോള്‍ എന്റെ പുറം കാഴ്ചകളുടെ ആവേശം കുറഞ്ഞുപോയോ എന്നും തോന്നി. ശ്രീനഗര്‍ നിന്നും ജമ്മുവിലേക്ക് പോകുന്ന ദിവസം ഇവിടെ ഇറങ്ങാമെന്നും ,അപ്പോള്‍ ക്രിക്കെറ്റ് ബാറ്റുകള്‍ വാങ്ങാമെന്നുമുള്ള സമാധാനകരാറില്‍ അന്‍സാരിയുടെ സാനിധ്യത്തില്‍ ഒപ്പ് വെയ്ക്കുമ്പോള്‍ വഴിയരികിലെ കടയില്‍ വില്‍പ്പനക്കായി തൂക്കിയിട്ട കാങ്കിടിയിലൊന്നില്‍ എന്റെ കണ്ണുകള്‍ ആരും അറിയാത്ത ഒരു മോഹം മനസ്സില്‍ ഒളിപ്പിച്ച് ഉടക്കി നിന്നു.
ജമ്മു ശ്രീനഗര്‍ ഹൈവേയില്‍ ജമ്മുവിലേക്കുള്ള മാര്‍ഗ മദ്ധ്യേ പഹല്‍ഗാമിലേക്കുള്ള വഴി തിരിയുന്നു. ശ്രീ നഗറില്‍ നിന്നുംതൊണ്ണൂറ്റി നാല് കിലോമീറ്റര്‍ അകലെ, ലടാര്‍ നദിയുടെതീരത്ത് ലടാര്‍ താഴ്വര യിലായി സമുദ്ര നിരപ്പില്‍ നിന്നു 2195 മീറ്റര്‍ ഉയരത്തില്‍ ആണ് പഹല്‍ഗാം.അനേകം ചെറു ഗ്രാമങ്ങള്‍ താണ്ടിയുള്ള ആ യാത്ര പഹല്ഗാമിലെത്തിയപ്പോള് സമയം പതിനൊന്നു മണി. ലടാര്‍ നദി വല്ലാത്ത ശബ്ദം മുഴക്കി ഒഴുകുന്നു.നദിയുടെ മറുകരയില്‍ ദേവദാരു നിറഞ്ഞ പച്ചക്കാടുകള്‍ക്കിടയില്‍ മഞ്ഞു മൂടിയ മലനിരകള്‍ അവിടവിടെ തെളിഞ്ഞു കാണാം.അമര്‍ നാഥ് തീര്‍ത്ഥാടനം തുടങ്ങിയിട്ടില്ലാത്തതിനാല്‍ പഹല്‍ഗാമില്‍ അത്ര തിരക്കനുഭവപ്പെട്ടില്ല.
തലേന്ന് പെയ്ത മഴയില്‍ നനഞ്ഞ പ ഹല്‍ഗാം അത്രകണ്ട് സുന്ദരിയെന്ന് എനിക്ക് തോന്നിയില്ല.നനയുമ്പോള്‍ സുന്ദരി ശ്രീനഗര്‍ തന്നെ.റോഡരികില്‍ ചിലയിടത്ത് ഉരുകാതെ അവശേഷിക്കുന്ന വലിപ്പമുള്ള മഞ്ഞിന്റെ കട്ടകള്‍.മലിനമായ ഓടകളില്‍ മഞ്ഞുരുകിയ വെള്ളം നിറഞ്ഞൊഴുകുന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ മലിനമാകാതെ സൂക്ഷിക്കാന്‍ നാം ഇന്ത്യാക്കാര്‍ ഇന്നും പഠിച്ചിട്ടില്ലല്ലോ എന്ന് തോന്നി.തണുപ്പില്‍ മരവിച്ചു പോയതിനാല്‍ ഇവിടെ മലിന വസ്തുകള്‍ക്കൊന്നും ഒരു പരിധിവിട്ടുള്ള ദുര്‍ഗന്ധം അനുഭവപ്പെടുന്നില്ല എന്നത് വളരെ ആശ്വാസമായി. സൈനീക കാവലാള്‍ ഇവിടെയും ധാരാളം. പൊതു ശൌചാലയങ്ങള്‍ക്ക് അരികില്‍ പോലും കാവല്‍ നില്‍ക്കേണ്ടി വരുന്ന ധീര യോദ്ധാക്കള്‍!
അന്‍സാരി കാര്‍ പാര്‍ക്കിംഗ് ഏരിയ തിരയുമ്പോള്‍ വളരെ ക്ഷീണിതനായ ഒരു സര്‍ദാര്‍ജി അരികില്‍ വന്ന് കുറച്ച് അകലെയുള്ള ഒരു സ്ഥലം കാട്ടി അവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം എന്ന് പറഞ്ഞുതന്നു.
പാര്‍ക്കിംഗ് ഏരിയയില്‍ എത്തി വാഹനം പാര്‍ക്ക് ചെയ്ത് പഹല്‍ ഗാമിലെ ഒന്ന് രണ്ട് ഫോട്ടോ കാമറയില്‍ പകര്‍ത്തി തിരികെ വരുമ്പോള്‍ ആ സര്‍ദാര്‍ജി രൂപം ഞങ്ങളെയും കാത്ത് അവിടെത്ത ന്നെ നില്ക്കുന്നു.ആള് നടത്തുന്ന ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാമെന്ന ആവശ്യമായിരുന്നു ആ കാത്ത് നില്പ്പിന് പിന്നില്‍ എന്ന് മനസ്സിലായി. ഒരു ഇടുങ്ങിയ വഴിയില്‍ കൂടി സാമാന്യം വലിപ്പമുള്ള ഒരു കടയിലേക്ക് ഞങ്ങള്‍ ആനയിക്കപ്പെട്ടു.
"ഇത് സര്‍ദാര്‍ജിയുടെ ഹോട്ടലാണ്....."എന്ന് ഫയാസ്സ് ഫായി പതുക്കെ പറഞ്ഞു.ഫയാസ്സു ഭായിക്കും ,നഗീനും അവിടെ കയറിയത് അത്ര ഇഷ്ട്ടമായില്ല എന്നത് വളരെ വ്യക്തമായി ആ മുഖങ്ങളിള്‍ നിന്നും ഞാന്‍ വായിച്ചെടുത്തു..
ശ്രീനഗര്‍ ചില ഹോട്ടലുകളുടെ മുന്പില് "മുസ്ലിം ഹോട്ടല്‍ "എന്ന് മൂന്ന് ഭാഷകളില്‍ വലിയ അക്ഷരത്തില്‍ എഴുതി വെച്ചിരുന്നത് ഓര്മ വന്നു.ഫയാസ്സ്- നഗീന് ദമ്പതികളുടെ അനിഷ്ട്ടത്തെ ചെറുത്ത് നില്ക്കുവാന് ഒരു പുഞ്ചിരി മാത്രമായിരുന്നു അപ്പോഴും എന്റെ ആയുധം .
ഹോട്ടലിലെ അടുക്കളയില്‍ പാചകം ചെയ്യുന്നത് മറ്റൊരു സര്‍ദാര്‍ജി.
സംസാരത്തില്‍ നിന്നും അവര്‍ സഹോദരങ്ങളെന്നു മനസ്സിലായി.
യാത്രയില്‍ മിക്കപ്പോഴും ഭക്ഷണ സമയത്തിന് കൃത്യ നിഷ്ട്ടകള്‍ പാലിക്കാന്‍ കഴിയാറില്ല മണി പതിനൊന്ന് കഴിഞ്ഞതിനാല്‍ ഞങ്ങളുടെ പതിവ് കാശ്മീര്‍ പ്രഭാത ഭക്ഷണമായ
ബ്രഡ് - ഓംലറ്റ് ഓര്‍ഡര്‍ ചെയ്തു.
ഒരു നിമിഷം എന്തോ ആലോചിച്ച് മിണ്ടാതെ നിന്ന സര്‍ദാര്‍ജി ബ്രേക്ക് ഫാസ്ടിനുള്ള ഓര്‍ഡര്‍ അകത്തുള്ള സഹോദരനെ ഏല്‍പ്പിച്ചിട്ട് പുറത്തേക്കിറങ്ങി .
അല്‍പ്പം കഴിഞ്ഞ് കടലാസ്സില്‍ പൊതിഞ്ഞ കുറേ മുട്ടകളുമായി ആള് തിരികെ വന്നു.
സത്യത്തില്‍ അതൊരു സസ്യ ഭക്ഷണ ശാല ആയിരുന്നു.
അമര്‍നാഥ് തീര്‍ത്ഥാടകരെ ഉദ്ദേശിച്ചാണ് പഹല്‍ ഗാമിലെ ഹോട്ടലുകള്‍ മിക്കവയും പ്രവര്‍ത്തിക്കുന്നത്. വന്നു കയറിയ അതിഥികളെ വിഷമിപ്പിക്കെണ്ടാ എന്ന് കരുതിയിട്ടോ എന്തോ നോണ്‍ വെജ് വില്‍പ്പന യ് ക്ക് സര്‍ദാര്‍ജി തയ്യാറായത് .
ഒന്നും അറിയാതെ ഓംലെറ്റ് ഓര്‍ഡര്‍ ചെയ്തു പോയതോര്‍ത്ത് വിഷമവും തോന്നി എനിക്ക് .ആഹാരത്തിനു ശേഷം കൊടുത്ത രൂപയുടെ ബാക്കി തിരികെ വാങ്ങാതെ ഞങ്ങള്‍ യാത്ര പറയുമ്പോള്‍ സര്‍ദാര്‍ജിയുടെ കണ്ണുകള്‍ നിറയുന്നത് കണ്ടു.
ഞങ്ങള്‍ ഇരുന്ന അത്രയും നേരവും ആ കടയില്‍ ആരുമേ അന്ന് വന്നിരുന്നില്ല .
പഹല ഗാമിലെ ഇതേപോലെയുള്ള ജീവിതങ്ങള്‍ പച്ചപിടിക്കുക അമര്‍നാഥ്
തീര്‍ത്ഥാടന സമയത്ത് മാത്രമാണ്.വഴിവാണിഭ കടകള്‍ കാണുവാന്‍ വഴി തിരഞ്ഞു നടക്കുമ്പോള്‍ വീണ്ടും വരുന്ന അടുത്ത അതിഥികളെ കാത്ത് തലപ്പാവ് കെട്ടിയ മെലിഞ്ഞ ആ ആള് രൂപം ദൂരെ നില്‍ക്കുന്നത് കാണാമായിരുന്നു.
സഞ്ചാരികളെ ഉന്നമിട്ടു ധാരാളം കടകള്‍ പഹല്‍ ഗാമില്‍ ഉണ്ട്.ചില കാശ്മീരി കടകളുടെ മുന്പില് എത്തുമ്പോള്‍ ഉള്ള "ചിങ്കു ചിങ്കു "എന്ന വിളി അരോചകമായി തോന്നി.മുന്‍പ് മണാലിയില്‍ വസിഷ്ട്ടു ഹോട്ട് വാട്ടര്‍ സ്പ്രിംഗ് (ചൂടുള്ള നീരുറവ )കാണുവാന്‍ പോയപ്പോള്‍ ചുറ്റും വളഞ്ഞ "ചിങ്കു"വാലകളെ ഓര്‍മവന്നു.ഒരുതരം കമ്പിളി പുതപ്പിന്റെ വില്‍പ്പന യ് ക്കായി പല തന്ത്രങ്ങളും പറയുവാനുള്ള ഇവരുടെ കഴിവ് അപാരമെന്ന മുന്‍പരിചയം ആവാം ആ വിളി എപ്പോള്‍ ,എവിടെ കേള്‍ക്കുമ്പോഴും അരോചകമായി തോന്നുന്നതിന് കാരണം.
ഉണങ്ങിയ വാല്‍നട്ട് , ബദാം ഇവ ധാരാളമായി വില്‍പ്പനയ്ക്കുണ്ട്. ഇതില്‍ ബദാം വാങ്ങിക്കുന്നവര്‍ ചിലപ്പോള്‍ വഞ്ചിതരാകാറുണ്ട് എന്നതാണ് മറ്റൊരു തമാശ . പീച്ച് പഴത്തിന്റെ കുരുവിന് ബദാമുമായി വളരെ രൂപ സാദ്രിശ്യമുള്ളതിനാല്‍ അത് പൊട്ടിച്ച് ഭക്ഷിക്കും വരെ നാം കബളിപ്പിക്കപ്പെട്ട വിവരം അറിയാന്‍ കഴിയില്ല.
കടകള്‍ പലതും പിന്നിട്ട് ലടാര്‍ തീരത്ത് എത്തിയപ്പോഴേക്കും മഞ്ഞ് പെയ്യുവാന്‍ തുടങ്ങി.മലമുകളില്‍ നിന്നും ഒഴുകി വരുന്നമിനുസമുള്ള ഉരുളന്‍ കല്ലുകള്‍ നിറഞ്ഞതാണ് ലടാര്‍ നദി.പുരാണത്തില്‍ പറയപ്പെടുന്ന ലംബോധരി നദിയാണ് ഈ ലദാര്‍.കാശ്മീര്‍ വിവരണമായ കല്‍ഹണന്റെ രാജതരംഗിണിയില്‍ ഈ നദിയെ ക്കുറിച്ചും ഇതിന്റെ തീരങ്ങളില്‍ നടന്ന സംഭവങ്ങളെ കുറിച്ചും വിവരിക്കുന്നുണ്ട്.നദിയുടെ കൈവഴികള്‍ മത്സ്യ ബന്ധനത്തിന് പേര് കേട്ടവയാണ്.ലംബോധരിയുടെ രണ്ട് കൈവഴികളുടെ സംഗമ സ്ഥാനവും പഹല്‍ഗാം തന്നെ എന്നതാണ് മറ്റൊരു പ്രത്യേകത .കൊല്‍ഹായ് ഗ്ലേഷ്യറില്‍ നിന്നുത്ഭവിച്ച് "ആറു" വില്‍ എത്തുന്നതാണ് ഒരു കൈവഴി. ശേഷ നാഗ് തടാകത്തില്‍ നിന്നൊഴുകി ചന്ദന്‍ വാഡി വഴിയെത്തുന്ന രണ്ടാമത് കൈവഴിയുടെ തീരത്തിലൂടെയാണ് അമര്‍നാഥിലേക്കുള്ള പാത.
വര്‍ഷകാലത്ത് മഴവെള്ളവും വേനല്‍ക്കാലത്ത് മഞ്ഞുരുകിയും എല്ലാ ഋതുക്കളിലും നിറഞ്ഞൊഴുകുന്ന ഹിമ വാഹിനികളെക്കുറിച്ച് പണ്ട് ചരിത്ര ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട് .കശ്മീരിലെ മിക്ക നദിളേയുംപോലെ ലദാരിനും ഇതേ സ്വഭാവം തന്നെയാണ്.
മഞ്ഞുമഴയോടൊപ്പം വീശിയ തണുത്ത കാറ്റില്‍ വല്ലാതെ തണുത്തു വിറച്ചു എല്ലാവരും.
.ഭക്തിയുടെ നിറവില്‍ തണുപ്പിന്റെ കാഠിന്യമറിയാതെ ശിവ സ്തുതികള്‍ ഉരുവിട്ട് നീങ്ങുന്ന ഭക്തന്മാരെ ചിലയിടങ്ങളില്‍ കാണുവാന്‍ കഴിഞ്ഞു.ഏ. ഡി ഒന്നാം നൂറ്റാണ്ടില്‍ കാശ്മീര്‍ ഭരിച്ചിരുന്ന രാജാക്കന്മാര് പോലും അമര്‍ നാഥ് ഗുഹയിലെത്തി പൂജകള്‍ അര്‍പ്പിച്ചിരുന്നതായി വിവരണങ്ങള്‍ പറയുന്നു.ശ്രാവണ പൂര്‍ണിമ യാണ് അമര്‍നാഥ്
തീര്‍ഥാടനത്തിന് അനിയോജ്യമായ സമയം. ഗുഹയ്ക്കുള്ളിലെ ഹിമലിംഗം പൂര്‍ണരൂപം പ്രാപിക്കുന്ന അതേ ദിവസം തന്നെയാണ് അമര്‍നാഥ് ഉത്സവം നടക്കുന്നതും.അമര്‍ നാഥ് തീര്‍ത്ഥാട നമായാല്‍ അമരത്വം തേടി ദര്‍ശനത്തിനെത്തുന്ന ഭക്തന്മാരാല് പഹല്‍ഗാമില്‍ തിരക്കാവും.ഇപ്പോള്‍ വിജനമായി കിടക്കുന്ന ലടാര്‍ തീരങ്ങളില്‍ അന്ന് പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ഒഴുകും.ചന്ദന്‍ വാരിയിയില്‍ നിന്ന് അമര്‍ നാഥിലേക്ക് കാല്‍നടയായി ആണ് തീര്‍ത്ഥാടകര്‍ പോകാറ്.വാര്‍ധക്യത്തിന്റെ അവശതകള്‍ ദൈവത്തില്‍ അര്‍പ്പിച്ചു പുണ്യം കിട്ടാന്‍ മലകള്‍ കയറി ഇവര്‍ തീര്‍ത്ഥാടനം ചെയ്യുന്നു. അവശരെ തോളിലേറ്റി പാപങ്ങള്‍ കഴുകി കളയുന്നവര്‍ വേറെയും.മഞ്ഞ് പുതച്ച വഴിയിലൂടെ ഈ കൊടും തണുപ്പില്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് അമര്‍നാഥ് ഗുഹയില്‍ എത്തുന്നവരും,പാതിവഴിയില്‍ മോക്ഷം കിട്ടി സ്വര്‍ഗംപൂകുന്നവരും ഈ കൂട്ടത്തില്‍ ഉണ്ട് .മോക്ഷം കിട്ടിയവരെ താഴ്വാരത്തില്‍ എത്തിക്കുന്നത് തന്നെ ഒരു കൂട്ടര്‍ക്ക് ജീവിതമാര്‍ഗമാണ് .അറിഞ്ഞോ അറിയാതെയോ അജ്ഞാത മൃതദേഹങ്ങള്‍ ആയി ആ മണ്ണിനോട് ചേര്‍ന്നവരും ധാരാളം. മോക്ഷം കിട്ടിയവരെ കാണുമ്പോള്‍ മല കയറുന്നവര്‍ ദീര്‍ഘ നിശ്വാസത്തോടെ അന്യോന്യം പറയു മത്രേ "യേ ശാന്തി ഹോ ഗയാ........" .
ഒരിക്കല്‍ അമര്‍നാഥ് തീര്‍ത്ഥാട നത്തിനുസാക്ഷ്യം വഹിച്ച സുഹൃത്ത് പറഞ്ഞു കേട്ട സംഭവം ഓര്‍മവന്നു.
വൃദ്ധയായ അമ്മയുമായി തീര്‍ത്ഥാട നത്തിന് പോയ ഒരു മകന്റെ കഥ.മലകയറി മകനുമായി അമര്‍നാഥ് എത്തിയ ആ അമ്മ അവിടെവെച്ച് മോക്ഷം പ്രാപിച്ചു .തിരികെ മൃതദേഹം പഹല്‍ഗാം എത്തിക്കാന്‍ ഏറെ ചിലവാണ്.നിസ്സഹായനായ മകന് അമ്മയുടെ ദേഹം അവിടെ ഉപക്ഷിച്ച് താഴ്വാര ത്തേക്ക് പോന്നു.അജ്ഞാത മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ സൗജന്യമായി എത്തിക്കുമെന്ന് ആ മകന് നന്നായി അറിയാം.ദിവസങ്ങള്‍ കാത്തിരുന്നു മലയിറ ങ്ങിവന്ന അമ്മയുടെ ദേഹം ഏറ്റു വാങ്ങുവാന്‍ ആ മകന് ചന്ദന്‍ വാരിയില്‍ കാത്ത് നിന്നത്രേ
പാപ പരിഹാരത്തിന് ഇനിയും നാം ഏത് മലകള്‍ ചവിട്ടും !!!
1990 -1996വര്‍ഷങ്ങളില്‍ കശ്മീര്‍ പൊള്ളിയ നാളുകളില്‍ അമര്‍നാഥ് തീര്‍ഥാടനം നിരോധിച്ചിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു.പിന്നീട് നാല് വര്‍ഷങ്ങള്‍ക്കു ശേഷം 2000 ത്തില്‍ പഹല്‍ഗാമില്‍ നടന്ന ഒരു കൂട്ടക്കൊല ആ മണ്ണിന്റെ ഹൃദയത്തില്‍ ഉണങ്ങാത്ത മുറിവായി ഇന്നും ശേഷിക്കുന്നു, പുണ്യം തേടിയുള്ള ഈ യാത്രയിലെ വേദനിപ്പിക്കുന്ന ഓര്‍മ്മയായി........
ബോളിവുഡ് സിനിമകളില്‍ സുന്ദരിയായി തിളങ്ങിയ പഹല്‍ഗാം കാണാതെ ഞാന്‍ നാട്ടിലേക്ക് പോയിരുന്നുവെങ്കില്‍ എത്ര നഷ്ട്ടമായി പോയേനെ എന്നോര്‍ത്തു .തിരികെയുള്ള യാത്ര പ്രകൃതി ഭംഗികള്‍ ആവോളം ആസ്വദിച്ചായിരുന്നു.മലയുടെ ചരിവുകള്‍ ഇറങ്ങി തണുപ്പിനെ പുല്കി ദേവദാരു മരങ്ങള്‍ക്കിടയിലൂടെ ഒരു യാത്ര.....നഷ്ട്ടപെട്ടു പോകുന്ന ഓരോ കാഴ്ചകളും ജീവിതത്തില്‍ ഒരിക്കലും ഇനി കാണുവാന്‍ കഴിയില്ലല്ലോ എന്ന വിഷമം തണുപ്പിനോടൊപ്പം മനസ്സിനെ ഇടയ്ക്കിടെ കുത്തി നോവിച്ചു കൊണ്ടിരുന്നു. വഴികള്‍,ഗ്രാമങ്ങള്‍ ഒക്കെയും ഒരു നിമിഷം കൊണ്ട് കാഴ്ചയില്‍ നിന്നും അകന്നുപോയിക്കൊണ്ടിരിക്കുന്നു .ഭൂമിയിലെ സ്വര്‍ഗത്തില്‍ എനിക്ക് അവശേഷിക്കുന്നത് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം.മലയിറങ്ങി വരുമ്പോള്‍ താഴ്വരയില് ശ്രീനഗര്‍ സുന്ദരിയായി മഞ്ഞപ്പട്ടുടുത്തു നില്ക്കുന്നു.
ഹസ്രത് ബാല്‍ എത്തുവോളം അന്‍സാരി പഴയ കാശ്മീര്‍ ദിനങ്ങളെ ക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.
സമാധാനവും സന്തോഷവും നിറഞ്ഞ കുറേ നല്ല ഓര്‍മ്മകള്‍ കശ്മീര്‍ മനസ്സുകളില്‍ ഇന്നും ഉണ്ട്,ഇത് "ഭൂമിയിലെ സ്വര്‍ഗമെന്ന്" നല്ല മനസ്സുകള്‍ വാഴ്ത്തിപ്പാടിയ സുന്ദര ദിനങ്ങള്‍ .പക്ഷെ നിസ്സഹായരായ കശ്മീര്‍ ജനതയെ ഇന്നും വേട്ടയാടുന്നത് സംഘര്‍ഷങ്ങള്‍ നിറഞ്ഞ ഭീകര നിമിഷങ്ങളും ,അതിന്റെ ബാക്കി പത്രങ്ങളും
മാത്രമാണ് . സ്വയം പര്യാപ്തത കൈവരിച്ചു എന്ന് തോന്നലുണ്ടാകുമ്പോള്‍ അണു കുടുംബങ്ങളായി കൂട് മാറുവാന്‍ കൊതിക്കുന്ന നമ്മളെ പോലെയാണ് ഇന്ന് കാശ്മീരിലെ ഒരു വിഭാഗം ജനത,എന്ത് വന്നാലും ഭാരത മണ്ണില്‍ ചേര്‍ന്ന് ജീവിക്കുമെന്ന് പ്രതി ജ്ഞ എടുത്തവര്‍ മറ്റൊരു കൂട്ടര്,ഇതിലൊന്നും പെടാത്ത മനസ്സുള്ള ബാക്കിചിലര്‍.സാഹചര്യങ്ങള്‍ ,അനുഭവങ്ങള്‍ മനുഷ്യ മനസ്സുകളെ,തങ്ങളുടെ ചിന്തകളെ അപ്പാടെ മാറ്റിക്കളയുന്നു എന്നതിന് വ്യക്തമായ ഉദാഹരങ്ങള്‍ ആണ് ഇന്ന് കശ്മീര്‍ മണ്ണില്‍ ജീവിക്കുന്ന ഈ പാവം ജനങ്ങള്‍. സൈനീക കാവല്‍ തങ്ങളുടെ സര്‍വ സ്വാതന്ത്ര്യവും നിഷേധിക്കുന്നു എന്ന തോന്നല്‍ എല്ലാ മനസ്സുകളിലും ചെറിയൊരു മുറിവായി ഇന്നും ശേഷിക്കുന്നു.എന്നാല്‍ കാവലാള്‍ ഇല്ലാത്ത ഒരു കാശ്മീരിനെ കുറിച്ച് ഇന്നത്തെ സാഹചര്യം ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നില്ല എന്നതാണ് മറ്റൊരു സത്യം .കശ്മീര്‍ കാണുവാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇവിടുത്തുകാര്‍ നല്കുന്ന അകമഴിഞ്ഞ സ്നേഹത്തിന് മുന്പുണ്ടായിരുന്നതിനേക്കാള് ഊഷ്മളത ഏറിയിട്ടുണ്ട് എങ്കിലും അതിഥികളെ സ്വീകരിക്കാനാന്‍ ഇന്ന് കാശ്മീരില്‍ ആതിഥേയര്‍ കുറവാണ് എന്ന് വേണം കരുതാന്‍.കാശ്മീര്‍ ജനതയിലെ മുന്തിയ കച്ചവടക്കാര്‍ ഏറിയ പങ്കും സ്വന്തം ഭൂമിയെ വിട്ട് ഇന്ന് അന്യ സംസ്ഥാനങ്ങളില്‍ ചേക്കേറിയിരിക്കുന്നു.സ്വാത ന്ത്ര്യം നിഷേധിച്ച,സമാധാനം നിഷേധിച്ച സ്വര്‍ഗത്തില്‍ നിന്നും ഒരു പടിയിറക്കം .ഇന്ന് ലോകത്തിന്റെ എതൊരു കോണില്‍ പോയാലും ഈ സുന്ദരമുഖങ്ങളെ കാണുവാന്‍ കഴിയുന്നതിന് കാരണവും മറ്റൊന്നുമല്ല . സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര് ഇന്നും അതേ സ്വര്‍ഗത്തില്‍ എല്ലാം നൊമ്പരങ്ങളും ഉള്ളിലൊതുക്കി വാഴുന്നു.
എല്ലാം വിളയുന്ന പുണ്യ ഭൂമിയായ കാശ്മീരിന്റെ മണ്ണില്‍ എന്നെങ്കിലും ഒരിക്കല്‍ സമാധാനം പൂത്തുലയുന്ന നിമിഷങ്ങളെ കുറിച്ചുള്ള സ്വപ്നങ്ങള്‍ അന്‍സാരിയുടെ ഓരോ വാക്കിലും ഉണ്ടായിരുന്നു.സത്യത്തില്‍ കശ്മീര്‍ ഒരു പുണ്യ ഭൂമി തന്നെയാണ്.ഈ മണ്ണ് ഇവിടെയുള്ള മനുഷ്യര്‍ക്ക് എല്ലാം നല്കുന്നു,"വെജിറ്റബിള്‍ ഗോള്‍ഡ് "എന്ന് പേര് കേട്ട കുങ്കുമ പൂവുവരെ ......എന്നിട്ടും സമാധാനം ഇന്നും ഇവര്‍ക്കൊരു കിട്ടാക്കനിയാകുന്നത്തിന് ആരാണ് ഉത്തരവാദികള്‍ ?
ശ്രീനഗര്‍ കടക്കുന്നതിനു തൊട്ടു മുന്‍പ് ഒന്ന് രണ്ട് സൈനീകര്‍ യന്ത്ര തോക്കുകളുമായി വാഹനം തടഞ്ഞു .ഒരു ജവാന് കാറിനുള്ളിലേക്കും ,കാറിനുള്ളിലെ എല്ലാ മുഖ ങ്ങളിലെക്കും ടോര്‍ച്ചു മിന്നിച്ചു.പരിശോധനകള്‍ക്ക് ശേഷം കാര്‍ സ്ട്രാറ്റ് ചെയ്ത അന്‍സാരി വല്ലാതെ പ്രകോപിതനായി."നിങ്ങള്‍ സ്ത്രീകള്‍ വാഹനത്തില്‍ ഉണ്ട് അതാണ് ടോര്‍ച്ചു മിന്നിച്ചുള്ള ഈ പരിശോധന" .ഇന്ത്യന്‍ ജവാന്മാരെ കുറിച്ച് ആവേശത്തോടെ ഞാന്‍ പറയുന്നതൊന്നും തന്നെ അംഗീകരിക്കാന്‍ ഒരിക്കല്‍ പോലും അന്‍സാരി തയ്യാറായില്ല .ശ്രീനഗര്‍ മുതല്‍ അധിനിവേശ കാശ്മീര്‍ വരെ കാവല്‍ നില്ക്കുന്ന ധീര യോദ്ധാക്കളോട് അന്‍സാരിക്ക് യാതൊരു മമതയും ഉണ്ടായിരുന്നില്ല എന്നും എനിക്ക് തോന്നി.കാര്‍ഗില്‍ യുദ്ധത്തിന്റെ ഓര്‍മ്മയില്‍ നീറിക്കൊണ്ടിരിക്കുന്ന എന്റെ മനസ്സ് അന്‍സാരി വീണ്ടും പറഞ്ഞുകൊണ്ടിരുന്നവാര്‍ത്തകള്‍ കേട്ട് പ്രതികരിക്കാന്‍ കഴിയാതെ മനപൂര്‍വം ഉറങ്ങിപോയി.
ഹസ്രത് ബാല്‍ എത്തിയപ്പോള്‍ പതിവുപോലെ തണുപ്പിന്റെ കാറ്റ് വീശി തുടങ്ങി.സബര്‍വന്‍ മലനിരകളെ തഴുകി ,ദല് തടാകത്തെ ഉറക്കി വീശി വന്ന തണുത്ത കാറ്റില്‍ ഞാന്‍ എന്നെയും തണുപ്പ് ഞങ്ങളെയും പുണര്‍ന്നുറങ്ങിയ ഒരു രാത്രികൂടി കടന്നു പോയി.
കണികണ്ടുണരാന്‍ കൊന്നപ്പൂക്കളില്ലാത്ത ഒരു മേട വിഷു പിറന്ന ദിവസം .
.ഉച്ചയൂണിന് ശേഷം വൈകാതെ ലാല്‍ ചൗക്കിലേക്ക് പുറപ്പെട്ടു. ഹസ്രത് ബാല്‍ നിന്നും വീണ്ടും ഒരു ബസ്സ് യാത്ര.പോകുന്ന വഴിയില്‍നല്ല തിരക്കായിരുന്നു .നാട്ടില്‍ വിഷു വെങ്കില്‍ ഇവിടെ വൈശാഖി ആഘോഷങ്ങള്‍.സിഖ് മതത്തിന്റെ ജനനം ആണ് വൈശാഖി ആയി ഇവര്‍ ആഘോഷിക്കുന്നത് .ഹിന്ദു മത വിശ്വാസം അനുസരിച്ച് വൈശാഖി എന്നത് പുതുവര്‍ഷ ആഘോഷം കൂടിയാണ് ,മാത്ര മല്ല അനേകായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്ന വന്ന ഗംഗയുടെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ ആഘോഷം . ബുദ്ധ മത വിശ്വാസികള്‍ക്കും വൈശാഖി
സുപ്രാധാന ദിനമാണ് .മക്ദൂം സാഹിബ് എത്തിയപ്പോള്‍ ഗുരുദ്വാരയിലും പരിസരത്തും അഭൂതപൂര്‍വമായ തിരക്ക്.പുതു പുത്തന്‍ ഉടുപ്പിട്ട്കൊച്ചു സിഖ് കുഞ്ഞുങ്ങള്‍ മാതാപിതാക്കളോടൊപ്പം വൈശാഖി ആഘോഷിക്കുന്നു .
"സെലി ബ്രേറ്റ് ദി ഈവ് ഓഫ് വൈശാഖി ദി ബര്‍ത്ത് ഓഫ് സിഖ്സ്"
എന്ന് എഴുതിയ ബാനറുകള്‍ മിക്കയിടങ്ങളിലും കാണുവാന്‍ കഴിഞ്ഞു .വഴിയിലുടനീളം ഇതേ തിരക്ക് തന്നെ .നന്നേ ഇടുങ്ങിയ വഴിയിടങ്ങള്‍ ഉത്സവ ലഹരിയില്‍ അമര്ന്നപ്പോള് കടന്നു പോകുവാന്‍ വഴികളില്ലാതെ വാഹനങ്ങള്‍ക്കും ആലഹരി നുകര്‍ന്ന് മണിക്കൂറുകള്‍ വഴിയില്‍ കിടക്കേണ്ടി വന്നു .
ദല് ഗേറ്റു കടക്കുമ്പോള്‍ ദല് തടാകത്തിന്റെ കൈവഴികളില്‍ ഒന്നില്‍ മനോഹരങ്ങളായ അനേകം ഹൗസ്സ് ബോട്ടുകള്‍ കണ്ടു.തടാകത്തില്‍ സഞ്ചാരികളെ കാത്ത് ശിക്കാറകള്‍ അണിഞ്ഞൊരുങ്ങി നില്ക്കുന്നു
പതിവിലും തെളിഞ്ഞ ഒരു പ്രഭാതം ആയിരുന്നു അന്ന് .ലാല്‍ ചൗക്കില്‍ നന്നേ തിരക്ക്.വെള്ളിയാഴ്ച മരണപ്പെട്ട മത നേതാവിന്റെ ഭൌതീക ശരീരം വഹിച്ചുകൊണ്ട് നിറഞ്ഞുതിങ്ങിയ വിലാപയാത്ര ഇതേ ലാല്‍ ചൗക്കിലൂടെ കടന്നു പോകുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസത്തെ പത്രത്താളില്‍ കണ്ടതാണ്.കാശ്മീരിന്റെ കഴിഞ്ഞ നാളുകളില്‍ പലപ്പോഴും അപരാധികളുടെയും, നിരപരാധികളുടെയും രക്തം ചിന്തിയ വീഥികളിലേക്കാണ് ഇറങ്ങുവാന്‍ പോകുന്നത് എന്നുള്ള തയ്യാറെടുപ്പും ഉള്ളുകൊണ്ട് ഞാന്‍ എടുത്തു.ഇടുങ്ങിയ തെരുവുകളില്‍ ആണ് മിക്ക കടകളും .സുന്ദരികളും സുന്ദരന്മാരും ഒഴുകിനടക്കുന്ന ഒരു ലോകം. പര്‍ദയില്‍ മറച്ച കാശ്മീര്‍ സൗന്ദര്യത്തിനു പത്തരമാറ്റ് തിളക്കം .നിരനിരയായി കടകളില്‍ വില്പ്പനയ് ക്കായി
പ്രദര്‍ശിപ്പിച്ചിരിക്കുന്ന പലതരം വസ്ത്രങ്ങള്‍ ,
കൗതുക വസ്തുക്കള്‍,വളരെ ആകാംഷയോടെ അത് തിരഞ്ഞെടുക്കുന്ന കാശ്മീര്‍ സുന്ദരികള്‍.അലങ്കാര വസ്തുക്കളോടും ,പെര്‍ഫ്യൂമുകളോടും കാശ്മീരികള്‍ക്ക് പ്രിയമെന്ന് തോന്നി.മിക്ക ഭവനങ്ങളിലും കാര്‍പെറ്റുകളുടെ ഉപയോഗമുള്ളതിനാല്‍ മാര്‍ക്കെറ്റില്‍ എവിടെയും വിവിധ ഡിസൈനുകളില്‍ ഉള്ള പലയിനം കാര്പെറ്റുകള് വില്‍പ്പനയ്ക്കായി കാണുവാന്‍ കഴിഞ്ഞു .കാശ്മീരില്‍ കിട്ടുന്ന "പഷ്മിന" ഷാള്‍ ലോക പ്രസിദ്ധി യാര്‍ജിച്ചവയാണ് .ഹിമാലയന്‍ മലനിരകളില്‍ കാണുന്ന ഒരു പ്രത്യേകതരം ആടിന്റെ(Changthangi or Pashmina goat ) രോമത്തില്‍ നിന്നും നിര്‍മ്മിക്കുന്ന പഷ്മിന തുണിത്തരങ്ങള്‍ തണുപ്പിനെ ഏറെ പ്രതിരോധിക്കുന്നു.ശുദ്ധമായ ഉരുകിയ നെയ്യ് പഷ്മിന യില്‍ പോതിഞ്ഞ് മഞ്ഞില്‍ മൂടിയിട്ടാല്‍ അത് ഉറയാതെ തന്നെ കാണും എന്നും പറയപ്പെടുന്നു.സുന്ദരികളുടെയും ,സുന്ദരന്മാരുടെയും ,വര്‍ണങ്ങളുടെയും ഒരു മായിക പ്രപഞ്ചമാണ് ലാല്‍ ചൌക്ക്. വിലപേശിയാല്‍ വളരെ കുറഞ്ഞ വിലയില്‍ സാധങ്ങള്‍ പലതും നമുക്ക് വാങ്ങാം.കശ്മീര്‍ വന്നതിന് ശേഷം അന്തരീക്ഷത്തിന് അല്‍പ്പം ചൂട് അനുഭവപ്പെട്ട ദിവസമായിരുന്നു അന്ന് .നല്ല തെളിഞ്ഞ സൂര്യന്,കച്ചവടക്കാരുടെ മുഖത്തെല്ലാം സൂര്യനെപോലെ നിറഞ്ഞ തിളക്കം .അടുത്തു കണ്ട ഒരു ബേക്കറിയില്‍ നിന്നും ഞങ്ങള്‍ ഐസ് ക്രീം വാങ്ങി കഴിച്ചു.ആദ്യ ദിനങ്ങളില്‍ കശ്മീര്‍ കാഴ്ചകള്‍ കാണുവാന്‍ പോയ ചില വേളകളില്‍ ഐസ് ക്രീം പരസ്യങ്ങള്‍ ഉളള ബോര്‍ഡുകള്‍ ചിലയിടങ്ങളില്‍ കണ്ടിരുന്നു.തണുപ്പില്‍ വിറയ്ക്കുന്ന ഈ കാശ്മീര്‍ ജനതയേയും ,ഐസ് ക്രീമും എത്ര ആലോചിച്ചിട്ടും കൂട്ടി വായിക്കുവാന്‍ കഴിഞ്ഞില്ല .ഇളം ചീരപോലെ അര്‍ബിന വാടിതള ര്‍ന്നു പോയ ആ ചൂടില്‍ എന്നെ തണുപ്പിക്കാന്‍ ആ നിമിഷം ഒരു കപ്പ് കാശ്മീര്‍ ഐസ്ക്രീം തന്നെ വേണമായിരുന്നു.
ഉണങ്ങിയ വാല് നട്ട് വില്‍ക്കുന്ന കടയില്‍ വില ചോദിച്ചു.കൊലഗാമില്‍ നിന്നും അബ്ബ കൊണ്ടുവന്ന അക്രൂട്ട് തലേന്ന് രാത്രി മുന്തസിര് ഞങ്ങള്‍ക്ക് തോടിളക്കി കഴിക്കാന്‍ തന്നിരുന്നു.ബാദാമിനെക്കാള്‍ സ്വാദുള്ളതായിതോന്നി അക്രൂട്ട്(
വാല് നട്ട് ).നാട്ടി
ലേക്ക് കൊണ്ടുപോരാന്‍ ഫയാസ്സു ഭായി തന്നെ വില പറഞ്ഞ് അക്രൂട്ട് വാങ്ങിത്തന്നു.ചെറിയ ഷോപ്പിംഗിന് ശേഷം വൈകുന്നേരത്തോടെ ലാല്‍ ചൌക്കിന് തൊട്ടടുത്തുള്ള ഇഖ്ബാല്‍ പാര്‍ക്കില്‍ അല്‍പ്പ സമയം വിശ്രമം.ചിനാര്‍ മരങ്ങള്‍ ആകാശം തൊട്ടുനില്ക്കുന്ന ആ പാര്‍ക്കില്‍ പ്രണയ സല്ലാപത്തില്‍ മുഴുകിയ യുവ മിധുനങ്ങള്‍ തണലിടം തേടി നേരത്തെ ഇരിപ്പുറപ്പി ച്ചിരിക്കുന്നു .കാശ്മീര്‍ പൂന്തോട്ടങ്ങള്‍ ജന്മം കൊണ്ടത് തന്നെ ഇത്തരം പ്രണയാതുര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനായിരുന്നല്ലോ . മരങ്ങളുടെ ഇത്തിരിപോന്ന തണലിടങ്ങളില്‍ ഇരുന്ന് സ്വകാര്യം പറയുന്നത് ജഹാന്ഗീര് രാജകുമാരനും പ്രിയ സഖി നൂര്‍ജഹാനും ആകുമോ ?അതോ ഷാജഹാനും മുംന്താസുമോ !
സന്ധ്യ മയങ്ങിയപ്പോള്‍ ദല് ഗേറ്റിനരികിലെത്തി എത്തി.മുനിഞ്ഞു കത്തുന്ന വിളക്കുകള്‍ നിറച്ച് ദല് തടാകത്തില്‍ നിരവധി ജലയാനങ്ങള്‍.കാലത്ത് മാറിനിന്ന മഴ അല്‍പ്പാല്‍പ്പമായി പെയ്യുന്നുണ്ട്.മഴ തൊട്ടാല്‍ കശ്മീര്‍ മണ്ണിന് വല്ലാത്ത കുളിരാണ്.മണ്ണിലൂടെ ആ കുളിര് നമ്മിലേക്കും പകര്‍ന്ന് നല്‍കും ഈ നാട് ,അല്ലെങ്കില്‍ ഈ കുളിര് നാമായി കവര്‍ന്നെടുത്തു കളയും എന്ന് അറിയാം ഇവര്‍ക്ക്
.അതുകൊണ്ടുതന്നെയാവും മരുഭൂമിയിലിരിക്കുമ്പോഴും "കാശ്മീര്‍ "എന്ന് കേള്‍ക്കുമ്പോള്‍ നാം അറിയാതെ നമ്മുടെ മനസ്സിലേക്ക് ഒരു മഞ്ഞ് മഴ പെയ്തിറങ്ങുന്നത് .
ദല് ഗേറ്റിനരികിലെ ഒരു ഹോട്ടല്‍ നിന്ന് നല്ല രുചിയുള്ള കാശ്മീരി മസാല ടീ വാങ്ങി കുടിച്ചു .ഹോട്ടല്‍ റിസ്സപ്ഷനില്‍ കശ്മീരിന്റെ മഞ്ഞുകാല ചിത്രങ്ങള്‍ ഫ്രെയിം ചെയ്തു തൂക്കിയിട്ടിരിക്കുന്നു.അതില്‍ ഒന്നില്‍ എനിക്ക് എന്തെന്നില്ലാത്ത കൗതുകം തോന്നി . ഉറഞ്ഞു കിടക്കുന്ന ദല് തടാകത്തിലൂടെ സൈക്കിള്‍ ചവിട്ടുന്ന ഒരു കുട്ടിയുടെ ചിത്രമായിരുന്നു അത്.
ദല് ഗേറ്റിനരികിലുള്ള മഞ്ഞ് പൊഴിഞ്ഞ റോഡിലൂടെ വെറുതേ ഒരു നടത്തം.ഒരു വശത്ത് വാഹനങ്ങളും മറുവശത്ത് ദല് തടാകത്തിന്റെ കൈവഴിയും.മെല്ലെ വീശിയടിക്കുന്ന തണുത്ത കാറ്റ് കൊണ്ട് വന്ന മഞ്ഞുത്തുള്ളികള്‍ നെറുകയില്‍ വീണ് ചിതറി തെറിച്ചു.നക്ഷത്രങ്ങളും നിലാവും ഇല്ലാതിരുന്നിട്ടും ഏതോ വെളിച്ചം വീണ് ആകാശം തെളിഞ്ഞു
തണുപ്പ് തണുപ്പിനെ പുല്കുന്ന ആസന്ധ്യയില്‍ മഞ്ഞ് മഴയില്‍ നനഞ്ഞ് അങ്ങനെ നടക്കുമ്പോള്‍ , ജഗജിത് സിംഗിന്റെ ശബ്ദ മാധുരിയില്‍ എന്റെ ആ ഇഷ്ട്ട ഗസല്‍ കൂടി അകമ്പടിയായി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് കൊതിച്ചുപോയി.
ഹസ്രത് ബാല്‍ തിരികെ എത്തിയപ്പോള്‍ നന്നേ വൈകി.ഈ ശ്രീനഗറില്‍ എനിക്കുവേണ്ടി.ഇനി രണ്ട് രാത്രിയും ഒരുപകലും ,നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കങ്ങള്‍ നാളെ തുടങ്ങണം.അന്ന് ,തണുപ്പും മഴയും നേരത്തെ എന്നെ ഉറക്കുവാന്‍ പരിശ്രമിച്ചുവെങ്കിലും വരാനിരിക്കുന്ന ദിനങ്ങള്‍ എനിക്കുവേണ്ടി കരുതിയിരിക്കുന്ന കാശ്മീര്‍ വിരഹത്തിന്റെ വേദന ചൂടുള്ള ഒരു നോവായി ആ രാത്രി ഓരോ ഉണര്‍വിലും എന്റെ മനസ്സിനെ വേദനിപ്പിച്ചു കൊണ്ടേയിരുന്നു..........
(തുടരും )