Friday, October 21, 2011

പവനുരുകിയ ദൈറാള.....




വെയില്‍ നാളങ്ങള്‍ പൊഴിഞ്ഞു വീണ ദൈറാളയിലെ ഗോതമ്പുപാടത്തില്‍ കണ്ണെത്താ ദൂരത്തോളം സ്വര്‍ണം വിളഞ്ഞു നില്‍ക്കുന്നു.പാടവരമ്പിലൂടെ പവന്‍ നടന്നു,ഇരുപത്തി നാല് വര്‍ഷത്തെ കാത്തിരിപ്പിന്‍റെ അവസാനംഎന്നപോലെ.
ഉച്ച വെയിലിന് വര്‍ഷങ്ങളുടെ പഴക്കം.

ജയ്പൂരില്‍ വണ്ടിയിറങ്ങുമ്പോള്‍ നന്നേ ചൂടായിരുന്നു.പൂജാ എക്സ്പ്രസ്സ്‌ സ്റ്റേഷനില്‍ നിന്നപ്പോള്‍ മിനറല്‍വാട്ടറിന്‍റെ ഒഴിഞ്ഞ കുപ്പികള്‍  പെറുക്കുവാന്‍ എത്തിയ നാടോടിക്കുട്ടികള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം.ഈ  പൊരി വെയിലത്ത്‌ ഇനിയും ഏറെ ദൂരം യാത്ര ചെയ്യണം.മുണ്ട്രുവില്‍ ചെന്നിട്ടു ദൈറാളയില്‍പോകുന്നതാണ് നല്ലതെന്ന് പവന് അറിയാം.അമ്മാവന്‍ പറഞ്ഞു കേട്ട ഓര്‍മ്മയല്ലാതെ വഴികള്‍ പവന് അത്ര നിശ്ചയമില്ല .

വര്‍ഷങ്ങളായി കല്‍ക്കയിലെ  തണുപ്പുമായി പോരുത്തപ്പെട്ടുപോയ പവന്‍റെ ശരീരത്തിന് ജയ്പൂരിലെ  ഈ ചൂട് താങ്ങുവാന്‍ കഴിയുന്നില്ല.വെയില്‍ച്ചൂട് തട്ടാത്ത മനസ്സില്‍ ജീവിതം നല്‍കിയ പൊള്ളലുകള്‍ അപ്പോഴും നീറുന്നതായി പവന് തോന്നി. 

പതിവില്ലാതെ ഏതോ ഒരു ഉള്‍പ്രേരണയില്‍ ഇറങ്ങി പുറപ്പെട്ടതാണ്.പോരുമ്പോള്‍ അരുന്ധതി ഈ യാത്രക്ക് എതിരൊന്നും പറഞ്ഞതുമില്ല  അല്ലെങ്കില്‍ത്തന്നെ വിവാഹ ജീവിതം തുടങ്ങിയ നാള്‍ മുതല്‍ ഇന്നേ വരെ പവന്‍ എന്ത് പറഞ്ഞാലും അതിനപ്പുറം ഒരു വാക്കും അരുന്ധതിക്കില്ല .യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഇളയ മകളെ ഒക്കത്തിരുത്തി വീടിന്‍റെ വാതില്‍പ്പടിയും കടന്ന് അരുന്ധതി വന്നു.ഉച്ച ഭക്ഷണം ആയി ചോളപ്പൊടി ചേര്‍ത്തുണ്ടാക്കിയ ചപ്പാത്തിയും,സബ്ജിയും കൈയില്‍ വാങ്ങുമ്പോള്‍ കരിമംഗലം തെളിഞ്ഞുവരുന്ന കവിള്‍ത്തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ ചാലുകള്‍ കണ്ടില്ല എന്ന് ഭാവിച്ചു പവന്‍.

റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ട് ബസ്സ്സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ നല്ല തിരക്ക്.മുണ്ട്രുവിലേക്കുള്ള ബസ്സ് യാത്രയും പവന് പൊള്ളുന്ന തീച്ചൂളയില്‍ എന്നപോലെ .എങ്കിലും, കടലയും ഗോതമ്പും വിളഞ്ഞ വിജനമായ പാടങ്ങള്‍ക്കിടയിലെ "സികാര്‍ റോഡി" ലൂടെ വളരെ വേഗത്തില്‍ ബസ്സ് പോകുമ്പോള്‍ വീശിയടിക്കുന്ന ഉഷ്ണകാറ്റില്‍ എവിടെനിന്നോ പവന്‍റെ നെറുകയില്‍ തണുത്ത ഒരു വിരല്‍സ്പര്‍ശം.

"നീ ഉറങ്ങിയോ വാവേ......"
കണ്ണുകള്‍ മെല്ലെത്തുറന്നു കൊച്ചു പവന്‍.പൊള്ളുന്ന പനിച്ചൂടില്‍ വിറച്ചുകിടക്കുന്ന അവന്‍റെ നെറ്റിയില്‍ തലോടിക്കൊണ്ട്അമ്മ അടുത്തു നില്‍ക്കുന്നു.
നെറ്റിയില്‍ ചുവന്ന സിന്ദൂരം, മുഖം പാതി മറച്ച ചുവന്ന ഉത്തരീ യത്തിനിടയിലൂടെ തിളങ്ങുന്ന പച്ച മൂക്കുത്തി.
"അമ്മാ ......ഒരു പാട്ട് പാട് അമ്മ "
പവന്‍ കണ്ണുകള്‍ വീണ്ടും അടച്ചു.വീശിയടിച്ച ചൂട് കാറ്റിന്‍റെ താളത്തില്‍  അമ്മയുടെ ഉറക്കു പാട്ടിന്‍റെ ഈരടികള്‍.

വീണ്ടും ഒരു പിറന്നാള്‍ ദിനം . കൊച്ചു പവന് അന്ന് മൂന്നു വയസ്സ്.
പാടത്തില്‍ അങ്ങിങ്ങായി കൊയ്ത്ത് കഴിഞ്ഞു കൂട്ടിയ ഗോതമ്പ് കറ്റകള്‍ അടുക്കി വെച്ച ഒരു സന്ധ്യാ സമയം.

ദൈറോളയിലെ കൊച്ചു വീട്ടില്‍ അന്ന് ഉത്സവം പോലെ സന്തോഷം പൂത്തുലഞ്ഞു.
അച്ഛനും അമ്മയോടുമൊപ്പം അന്ന് പവന്‍ അമര്‍സറിലെ  ദേവി മാതാ ക്ഷേത്രത്തില്‍ തൊഴുതു.അപ്പോഴും അമ്മയുടെ പച്ച മൂക്കുത്തിക്ക് നല്ല തിളക്കമായിരുന്നു,നെറ്റിയിലെ സിന്ദൂരത്തിന്  പതിവിലും ചുവപ്പും.  തിരികെ ഗോതമ്പ് പാടവരമ്പില്‍ക്കൂടി അച്ഛന്‍റെ തോളില്‍ ഇരുന്നായിരുന്നു പവന്‍റെ യാത്ര.കതിരുകള്‍ കൊയ്ത പാടത്ത് അന്ന് വീശിയ കാറ്റിന് നല്ല തണുപ്പായിരുന്നു .പവന്‍ വീട്ടില്‍  എത്തും മുന്‍പേപെയ്തുപോയ മഴയില്‍ ഗ്രാമവാസികള്‍  കൊയ്തു  കൂട്ടിയ കറ്റകള്‍ മിക്കതും നനഞ്ഞു.
എങ്കിലും ചുടു കാറ്റില്‍ പൊള്ളിയ ദൈറാളയെ ആ മഴ ഒന്നു തണുപ്പിച്ചു.മണ്ണി ന്‍റെ ഗന്ധം അന്ന് ദൈറാളയിലെ ഭൂമിമുഴുവന്‍ നിറഞ്ഞു നിന്നു.

കൊച്ചു പവന്‍  മഴ നേരില്‍  കാണുന്നത് അത് രണ്ടാം തവണ.
പക്ഷെ നിനച്ചിരിക്കാതെ പെയ്ത മഴ ദൈറോളയില്‍ നിന്നും തിരികെ പോയത് പവന്‍റെ അച്ഛനേയും കൊണ്ടാണ്.രാത്രിയില്‍ പതിവിലും നേരത്തെ  ഉറങ്ങിപ്പോയ പവന്‍ ,അച്ഛന്‍  ഒരിക്കലും ഉണരാത്ത  ഉറക്കത്തിലേക്കു പോയത് അറിഞ്ഞതുമില്ല .
പിറ്റേന്ന് മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങിയ വീട്ടില്‍,ആള്‍ത്തിരക്കിനിടയില്‍ അമ്മയെ പവന്‍ കണ്ടു. പക്ഷെ ആ പച്ചക്കല്ല്  മൂക്കുത്തിയോ,സിന്ദൂരപ്പോട്ടോഅമ്മയില്‍ കണ്ടില്ല,അമ്മയുടെ തലയിലെ ചുവന്ന ഉത്തരീയത്തിന്‍റെ നിറം മങ്ങി വെള്ള ആയതു പോലെ അവന് തോന്നി .
ഉറക്കത്തില്‍ ഉണര്‍ന്ന പവന്‍ പലതും  ചോദിച്ചിട്ടും  അമ്മ മറുപടി ഒന്നും പറഞ്ഞതുമില്ല .

 ഉച്ച വെയില്‍ ചുട്ടു പഴുപ്പിച്ച ഗോതമ്പ് പാടങ്ങള്‍ക്കിടയിലൂടെ കൊട്ടും,കുരവയും, ആരവവും ആയി പോകുന്ന ഗ്രാമവാസികള്‍ക്കൊപ്പം പവനും പോയി.അമ്മയുടെ മുഖത്ത് നോക്കുമ്പോഴെല്ലാം അവന് വല്ലാതെ വിഷമം തോന്നിഅമ്മയുടെ ഉത്തരീയതിന്‍റെ  തുമ്പു പറ്റി നടക്കുന്ന കൊച്ചു പവനെ ആരൊക്കെയോ ചേര്‍ന്ന് ദൂരേക്ക്‌ മാറ്റി നടത്തി .
.ഒടുവില്‍ വിജനമായ ഏതോ ഒരു സ്ഥലത്ത് എല്ലാവരും  ഒത്തു ചേര്‍ന്നപ്പോള്‍ ഒഴിഞ്ഞൊരു മരച്ചുവട്ടില്‍ ഇരിക്കുന്ന അമ്മയുടെ അരികില്‍ വന്ന്  പവന്‍ വീണ്ടും ആ മുഖത്തേക്ക് നോക്കി ,ആ പച്ചക്കല്ല് മൂക്കുത്തി കാണുന്നില്ല.....
കുറച്ചകലെയായി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും,ആര്‍പ്പുവിളിക്കുന്നതും പവന്‍ കണ്ടു .
അപ്പോഴും വീട് വിട്ട് ഈ ഉച്ച നേരത്ത് എല്ലാവരും ഈ സ്ഥലത്തേക്ക് വന്നതെന്തിനെന്ന് കുഞ്ഞ് പവന് മനസ്സിലായതേയില്ല .

വെയില്‍ നാളങ്ങള്‍ ദൂരെ  കൊയ്തൊഴിഞ്ഞ  പാടത്തേക്കു ചാഞ്ഞു തുടങ്ങിയിരുന്നു. പിന്നെപ്പോഴോ മന്ത്രോച്ചാരണങ്ങള്‍  മുഴങ്ങിയപ്പോള്‍ അമ്മയെ ആരെല്ലാമോ വന്നു കൂട്ടി കൊണ്ടു പോകുന്നത് പവന്‍ കണ്ടു .അമ്മയുടെ സാരി തുമ്പില്‍ തൂങ്ങി കരയുവാന്‍ തുടങ്ങിയ  പവനെ മുതിര്‍ന്നവരില്‍ ആരോ എടുത്തു കൊണ്ടു പോകുവാനും ശ്രമിച്ചു .പോകും മുന്‍പ് ഒരു  വട്ടം അമ്മ പവനെ വാരി എടുക്കുക്കുകയും നെറുകയില്‍ ചുംബിക്കുകയും ചെയ്തു.അതുവരെയുള്ള നിശബ്ദത വിട്ട് അമ്മ ഉറക്കെ കരയുന്നതും പവന്‍ കേട്ടു.അമ്മ കരഞ്ഞാല്‍ പവന് എന്നും വിഷമമാണ്.അകന്നുപോകുന്ന അമ്മയുടെ കരച്ചില്‍ ആരവങ്ങളില്‍ അലിഞ്ഞു ചേര്‍ന്നപ്പോള്‍ ,ആളിക്കത്തുന്ന അഗ്നിയില്‍ അച്ഛനോടൊപ്പം അമ്മയും എരിഞ്ഞടങ്ങിതറിയാതെ,കരഞ്ഞ്  കരഞ്ഞ് പവന്‍ മുത്തച്ഛന്‍റെ  തോളില്‍ കിടന്ന്  ഉറങ്ങിപ്പോയി.


ദൈറാളയിലെ ഭൂമിക്ക് അന്ന് കരിഞ്ഞുപോയ മണ്ണിന്‍റെ ഗന്ധമായിരുന്നു.  അഗ്നിയില്‍ അമര്‍ന്നുപോയ തേങ്ങലുകള്‍ അന്ന് പ്രകൃതിപോലും കേട്ടില്ല.ഒരു കണ്ണുനീരിനും കെടുത്തുവാനാകാതെ ആളിക്കത്തിയ ആ അഗ്നിയില്‍ നിന്നും വീണ്ടും ഒരു "സതി മാതാ" ജന്മം കൊണ്ടതറിയാതെ പവന്‍ അമ്മാവനോടൊപ്പം ആ രാത്രിയില്‍ ദൈറോള വിട്ട് കല്‍ക്കയിലേക്ക് യാത്രയായി.

ഗോതമ്പ് പാടത്തിനരികിലെ ആ പഴയ ഇടവഴി കാണാനേയില്ല.ഈ പാട വരമ്പിലൂടെയാണ് അച്ഛന്‍ പവനെ  തോളിലേറ്റി നടക്കാറുണ്ടായിരുന്നത്‌ .ദൈറോള ആകെ മാറിയിരിക്കുന്നു .മണ്‍പാതകള്‍ പലതും ടാറിട്ട റോഡുകള്‍,പാതയോരത്ത് പുതിയ പുതിയ കെട്ടിടങ്ങള്‍.കണ്മുന്‍പില്‍ കണ്ട മുഖങ്ങളില്‍ പവന്പരിചയമുളള ആരുമേയില്ല .കൊയ്തൊഴിഞ്ഞ ചില പാടങ്ങളില്‍ കുട്ടികള്‍ ക്രിക്കെറ്റ്  കളിക്കുന്നു.

വെയിലിന്‍റെ ചൂടിന്‌ കാഠിന്യം കൂടി വരുന്നു.
വഴിയോരത്ത് കണ്ട വിജനമായ ഒരു സ്ഥലം പവന്‍റെ ഓര്‍മകളെ പൊള്ളിച്ചു.
ഒറ്റപ്പെട്ട് നില്‍ക്കുന്ന ആ മരത്തണലില്‍ ആണ്‌ പവന്‍ അന്ന് അവസാനമായി അമ്മയോടൊപ്പം ഇരുന്നത്. ഇലകള്‍ പൊഴിച്ചു നിന്ന ആ മരത്തിന്‍റെ ഉണങ്ങിയ  ചില്ലകള്‍ പരിചയ ഭാവത്തോടെ പവനെ നോക്കി.തൊട്ടപ്പുറത്തെ ക്ഷേത്രത്തിലെ പൊട്ടിപൊളിഞ്ഞ മതിലില്‍ അമ്മയുടെ വിരലുകള്‍ പതിപ്പിച്ചിട്ടുണ്ടാകുമോ ?
ക്ഷേത്ര വാതിലില്‍ കണ്ട നിറം മങ്ങിയ അക്ഷരങ്ങള്‍ പവന്‍ വായിച്ചു "സതി മാതാ കീ  ജയ് ....സതി  കി  പതി  കീ ജയ്  "
അക്ഷരങ്ങള്‍ക്കിടയില്‍ ഒരു പച്ചക്കല്‍ മൂക്കുത്തി ആ വെയിലില്‍ തിളങ്ങിയോ?ക്ഷേത്രത്തിലെ വിഗ്രഹങ്ങളില്‍ ഒന്നിന്‍റെ  നെറ്റിയില്‍ ഒരു ചുവന്ന സിന്ദൂരപ്പൊ ട്ടും .........?


സ്വര്‍ണം വിളഞ്ഞ ഗോതമ്പു വയലുകളില്‍ വീശിയടിച്ച ചൂടുകാറ്റില്‍ പവന്‍ ആ സ്വരം തിരിച്ചറിഞ്ഞു .

"വാവേ .....ഉറങ്ങിക്കോട്ടോ"


കാറ്റിലൂടെ ഒഴുകിയെത്തിയ ഒരു താരാട്ട് പാട്ടിന്‍റെ ചുട്ടുപൊള്ളിക്കുന്ന  ഓര്‍മ്മകളില്‍ പവന്‍ കണ്ണുകള്‍ ഇറുകെ അടച്ചു.





സതി -ഭര്‍ത്താവിന്‍റെ ചിതയില്‍ ചാടി ഭാര്യയും ജീവന്‍ ഹോമിക്കുന്ന ഒരു ആചാരം 
സതിമാത-സതി അനുഷ്ട്ടിക്കുന്ന സ്ത്രീക്ക് നല്‍കുന്ന വിളിപ്പേര്.
ദൈറാള -രാജസ്ഥാനിലെ സികാര്‍ ജില്ലയിലെ ഒരു ഗ്രാമം .
അമര്‍സര്‍-രാജസ്ഥാനിലെ മറ്റൊരു  ഗ്രാമം 
കല്‍ക്ക-ഹരിയാനയിലെ പഞ്ചകുള ജില്ലയില്‍ ഉള്‍പെട്ട പ്രദേശം 





കുറിപ്പ് :ചരിത്രത്തിന്‍റെ  ഏടുകളില്‍ ഇന്നും നൊമ്പരമാകുന്ന "സതി" എന്ന അനാചാരം നിര്‍ത്തലാക്കിയത് പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ്‌ .എന്നിട്ടും 1987  രാജസ്ഥാനിലെ ദൈറാളഗ്രാമം ഒരു "സതി"ക്ക് സാക്ഷിയാകേണ്ടി വന്നു.ദൈറാളയില്‍ അന്ന് സതി അനുഷ്ട്ടിച്ച  "രൂപ്‌ കാന്‍വാര്‍ "എന്ന പെണ്‍കുട്ടിയു മായോ,അവരുടെ  ജീവിതപശ്ചാത്തലവുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവും ഇല്ല എന്ന് തീര്‍ത്തും പറയുന്നു .സ്വതന്ത്ര ഇന്ത്യയില്‍  നാം അറിയാതെ സംഭവിച്ച ആ അക്ഷരത്തെറ്റിന് ഇനി എന്ത് പ്രായാശ്ചിത്തമാണ് ചെയ്യുക  ?
അന്ന് അഗ്നിയില്‍ പൊലിഞ്ഞുപോയ "രൂപ്‌ കാന്‍വാര്‍"ന് വേണ്ടി,വിധിയുടെ നിയോഗത്താല്‍ സതി അനുഷ്ട്ടിക്കേണ്ടിവന്ന നിരവധി സ്ത്രീ ജന്മങ്ങള്‍ക്കു  വേണ്ടി ,അന്ധവിശ്വാസം അനാഥമാക്കപ്പെട്ട പിഞ്ചു ബാല്യങ്ങള്‍ക്ക്‌ വേണ്ടി ഞാന്‍ഈ കഥ സമര്‍പ്പിക്കുന്നു. 


ചിത്രങ്ങള്‍ :കടപ്പാട് ഗൂഗിള്‍(സതി അനുഷ്ട്ടിച്ച വനിതകളുടെ കൈവിരലുകള്‍ പതിച്ചതിന്‍റെ ചിത്രം,  മാള്‍സിംഗ് ശെഖാവത്-രൂപ് കന്‍വര്‍ ദമ്പതികളുടെ വിവാഹ ഫോട്ടോ )


21 comments:

  1. വളരെ നല്ല കഥ.
    കഥയുടെ ഇതിവൃത്തത്തിനു.പ്രത്യേകം അഭിനന്ദനം.
    ആശംസകള്‍

    ReplyDelete
  2. നല്ല കഥ.
    ഒരു പാകൃതമായ ആചാരത്തിന്റെ പാക്ശാതലത്തില്‍ പറഞ്ഞു എന്നത് മാത്രമല്ല. നഷ്ടപ്പെടലിന്റെ വേദന അറിയുന്ന വരികള്‍. പവന്റെ നൊമ്പരങ്ങളിലൂടെ നന്നായി പറഞ്ഞു.
    ആശംസകള്‍

    ReplyDelete
  3. നല്ല കഥ എന്നതിലുപരി ഈ ഇതിവൃത്തം പ്രാധാന്യം അര്‍ഹിക്കുന്നു. നമ്മില്‍ പലരും അറിയുക പോലും ചെയ്യാത്ത ഈ ആചാരം ഇന്നും ഇന്ത്യയില്‍ എവിടെയെങ്കിലും നടക്കുന്നുണ്ടാവും.

    ReplyDelete
  4. വടക്കേ ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള മറ്റൊരു മനോഹരമായ കഥ കൂടി. ഒരു അനാചാരം വഴി അനാഥമായി പോയ ബാല്യവും, മുതിര്‍ന്നിട്ടും ആ ദുഃഖം മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരാളിന്റെ മാനസികാവസ്ഥയും ഉള്ളില്‍ തട്ടുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു.
    (ഓ:ടോ : കല്‍ക്ക - ഈ സ്ഥലനാമം മറ്റൊരു രീതിയില്‍ പരിചിതമാണ്. ഷിംല മൌണ്ടന്‍ ട്രെയിന്‍ ഹിമാചല്‍ പ്രദേശിന്റെ അതിര്‍ത്തിയിലുള്ള ഈ പട്ടണത്തില്‍ നിന്നുമാണ് ഓട്ടം തുടങ്ങുന്നത് )

    ReplyDelete
  5. സതിയുടെ പശ്ചാത്തലത്തില്‍ എഴുതിയ കഥ ഇഷ്ടപ്പെട്ടു .രൂപ്‌ കാന്‍വാര്‍ എന്ന പെണ്‍കുട്ടിയെ ഗ്രാമവാസികള്‍ ബലമായി സതി മാതാവാക്കി ഭര്‍ത്താവിന്റെ ചിതയില്‍ തള്ളിയിട്ടു ചുട്ടു കൊന്ന സംഭവം എന്റെയും ഓര്‍മയിലുണ്ട് .കോളേജു വിദ്യാര്‍ഥി യായിരിക്കെ യായിരുന്നു ആ നടുക്കുന്ന സംഭവം ..

    ReplyDelete
  6. "ആളിക്കത്തുന്ന അഗ്നിയില്‍ അച്ഛനോടൊപ്പം അമ്മയും എരിഞ്ഞടങ്ങിതറിയാതെ,കരഞ്ഞ് കരഞ്ഞ് പവന്‍ മുത്തച്ഛന്‍റെ തോളില്‍ കിടന്ന് ഉറങ്ങിപ്പോയി."
    വായിച്ച് ഇവിടം വരെ എത്തിയപ്പോള്‍ വല്ലാത്തൊരു പിടച്ചില്‍ .
    നല്ല എഴുത്ത്.

    ReplyDelete
  7. സമീപ കാല ചരിത്രത്തിലെ ഇന്ത്യയുടെ ദേശീയ മാനക്കേടായിരുന്നു രൂപ്കംവറിന്‍റെ സതി. പിന്നീട് അങ്ങനെയൊന്ന് കേട്ടിട്ടില്ല. ഇപ്പോള്‍ പ്രസക്തമാണോ ഈ കഥ? പക്ഷെ പറഞ്ഞ രീതി ഇഷ്ടപ്പെട്ടു.

    ReplyDelete
  8. ഒരു അനാചാരതിന്റെ ചരിത്രം മനസ്സിലേക് ഒഴുക്കിയ താങ്കളുടെ ഈ വരികള്‍ക്ക് എന്റെ എല്ലാ വിധ ഭാവുകങ്ങളും

    ReplyDelete
  9. നല്ല അവതരണം.നന്നായി സുജാ..

    ReplyDelete
  10. ഹൃദയസ്പർശിയായി അവതരിപ്പിച്ചു.. ആശംസകൾ..

    ReplyDelete
  11. ഒരു അനാചാര പ്രവര്‍ത്തന പാശ്ചാ തലത്തിലൂടെ പറഞ്ഞ ഈ കഥ വളരെ മനോഹരമായി

    ReplyDelete
  12. സുജചേച്ചി..

    ഈ കഥ ഇഷ്ടമായി.. ഉത്തരേന്ധ്യന്‍ സംസ്ഥാനങ്ങളില്‍ നില നിന്നിരുന്ന ഈ ദുരാചാരം ഇപ്പോള്‍ നിലവില്‍ ഇല്ല എന്ന് വിശ്വസിക്കാം.. പുറം ലോകവുമായി ഒരു രീതിയിലും ബന്ധമില്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളും ഊരാളകുടിയും ഇന്നും അവിടെയുണ്ട്.. നമ്മള്‍ അറിയാതെ അവിടെ നടക്കുന്നുണ്ടാവുമോ ഇപ്പോഴും ഇവ്വിധം അനാചാരങ്ങള്‍ .. ഇല്ലെന്നു കരുതി സ്വയം ആശ്വസിക്കാം... ഈ കഥയെ കഥയായി കാണുവാന്‍ തന്നെ ഞാന്‍ ആഗ്രഹിക്കുന്നു.. ആഖ്യാനം കൊണ്ട് മികവ് പുലര്‍ത്തുന്നുണ്ട് ഈ കഥ..

    പിന്നെ കഥയുടെ കാലിക പ്രസക്തിയെ കുറിച്ച് സന്ദേഹപ്പെടുന്നവരോട് ഒന്നേ പറയാനുള്ളൂ.. art is for art sake.. not for the social sake.. തൂലിക പടവാളാക്കണം എന്നൊന്നുമില്ല.. യഥാര്‍ത്ഥ കല അതിനുമൊക്കെ മീതെയാണ്.. അത് ശക്തമായ വിചാരങ്ങളുടെ വികാരങ്ങളുടെ ഒരു കുത്തൊഴുക്കാണ്.. ഏകാന്തതയിലവയുടെ സമാഹരണമാണ് ഒരു കലാകാരന്‍ നടത്തുന്ന സര്‍ഗ്ഗസപര്യയെന്നത്‌.. തുടരൂ ഈ എഴുത്ത്...

    സ്നേഹപ്പൂര്‍വ്വം

    ReplyDelete
  13. കഥ വളരെയേറെ ഇഷ്ടപ്പെട്ടു അതുകൊണ്ടുതന്നെ ഈ കഥക്ക് ശേഷം കഥാകാരി കൊടുത്ത കുറിപ്പിനെ ഞാന്‍ എന്റെ കമന്റില്‍ മാറ്റുന്നു.."ദൈറാളയില്‍ പണ്ട് സതി അനുഷ്ട്ടിച്ച "രൂപ്‌ കാന്‍വാര്‍ "എന്ന പെണ്‍കുട്ടിയു ജീവിതപശ്ചാത്തലവുമായി ഈ കഥയ്ക്ക് ബന്ധം ഉണ്ട് ഒരു പക്ഷെ അവരുടെ മകനായിരിക്കാം പവന്‍ എന്ന ചിന്തിച്ചാല്‍ ഈ കഥക്ക് വല്ലാത്തൊരു ശക്തികിട്ടും.അങ്ങ്ങ്ങനെ ചിന്തിക്കാന്‍ എന്റെ മനസ്സ്‌ പറയുന്നു ...കാരണം രമേശ് സൂജിപ്പിച്ച്പോലെ .രൂപ്‌ കാന്‍വാര്‍ എന്ന പെണ്‍കുട്ടിയെ ഗ്രാമവാസികള്‍ ബലമായി സതി മാതാവാക്കി ഭര്‍ത്താവിന്റെ ചിതയില്‍ തള്ളിയിട്ടു ചുട്ടു കൊന്ന സംഭവം എന്റെയും ഓര്‍മയിലുണ്ട് .അന്ന്‍ ഞങ്ങള്‍ അതിനെതിരെ ശക്തമായ സമരങ്ങ്ങ്ങള്‍ നടത്ത്തിയിരുന്നൂ...ഈ കഥക്ക് എന്റെ ഭാവുകങ്ങള്‍

    ReplyDelete
  14. സുജ തന്റെ ഉജ്വലമായ രചനാ പാടവത്തിനു ഈ കഥ കൊണ്ട് അടിവരയിടുന്നു ,ഹൃദയാവര്‍ജ്ജകം ഈ കഥ

    ReplyDelete
  15. മനോഹരമായ കഥ..ഹൃദ്യമായി അവതരിപ്പിച്ചു.

    ReplyDelete
  16. @റോസാ പൂക്കള്‍
    വളരെ നന്ദി.ഈ വരവിനും വായനയ്ക്കും

    @ചെറുവാടി
    നന്ദി മന്‍സൂര്‍
    നഷ്ട്ടപ്പെടലിന്‍റെ വേദന.....അതെന്നും നൊമ്പരം തന്നെയാണ്.....എല്ലാംവിധിയുടെ നിയോഗമെങ്കിലും.........

    @Vp Ahmed
    ഒരു കാലത്ത് ഉത്തരേന്ത്യയില്‍ ഈ ആചാരം ഉണ്ടായിരുന്നു(രജപുത്ര കുടുംബങ്ങളില്‍ 1800 തുടക്കത്തിലും അതിനു മുന്‍പും ).നിയമപരമായി പിന്നീട് അത്‌ നിരോധിക്കുകയും ചെയതു.
    രൂപ്‌ കാന്‍വാര്‍ "സതി" യിലൂടെയാണ് പിന്നീടിത് പുറം ലോകം അറിയുന്നത്.ഇന്നും നാം അറിയാതെ പല ആചാരങ്ങളും ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നടക്കുന്നുണ്ട് എന്നതും സത്യം.
    വളരെ നന്ദി ഈ വായനയ്ക്ക്.

    @ഹാഷിക്

    നന്ദി ഹാഷിക് ഈ അഭിപ്രായത്തിന്‌.

    കഥയില്‍ പറഞ്ഞിരിക്കുന്നത് ഹാഷിക് സൂചിപ്പിച്ച അതേ "കല്‍ക്ക "(ഹരിയാന)തന്നെയാണ്.
    ഷിംലയില്‍ പോകും വഴി ഒരിക്കല്‍ ഹരിയാന-ഹിമാചല്‍ പ്രദേശ്‌ അതിര്‍ത്തിയിലുള്ള ഈ കല്‍ക്കയില്‍ ഞാനും പോയിട്ടുണ്ട്.പക്ഷെ ഷിംല മൌണ്ടന്‍ ട്രെയിന്‍ കയറാന്‍ സാധിച്ചില്ല.റോഡ്‌ മാര്‍ഗം പോകുമ്പോള്‍ മൌണ്ടന്‍ ട്രെയിന്‍ മല കയറി പോകുന്നത് കണ്ടു.(മൌണ്ടന്‍ ട്രെയിന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഊട്ടി യാത്രയാണ് ഓര്‍മ വരിക)

    @രമേശ്‌ അരൂര്‍

    നന്ദി .
    "രൂപ്‌ കാന്‍ വാര്‍ " എന്നും മനസ്സില്‍ ഒരു നൊമ്പരമാണ്.മയങ്ങാന്‍ ഉള്ള ഏന്തോ കൊടുത്ത് ഗ്രാമവാസികളും ബന്ധുക്കളും നിര്‍ബന്ധപൂര്‍വ്വം അവരെക്കൊണ്ട് "സതി" അനുഷ്ട്ടിപ്പിച്ചെന്നും ,ഭര്‍ത്താവില്ലാത്ത ജീവിതം ദുസ്സഹമായതിനാല്‍ അവര്‍ സ്വമനസ്സാലെ സതി അനുഷ്ട്ടിച്ചെന്നും വാര്‍ത്തകള്‍ പറയുന്നു.
    മാധ്യമങ്ങള്‍ പറയുന്നത് നമ്മള്‍ വിശ്വസിക്കുന്നു......

    @ദിവാരേട്ടn

    വളരെ നന്ദി ഈ വരവിനും,അഭിപ്രായത്തിനും.
    വീണ്ടും വരണം.

    @Arif Zain

    രൂപ്‌ -കാന്‍ വാര്‍ വാര്‍ത്ത എന്‍റെ കുട്ടികാലത്ത് കേട്ട അറിവാണ്.അന്നേ മനസ്സില്‍ വല്ലാതെ വിഷമം തോന്നിയിരുന്നു.ഒരു കഥ "സതി"യുടെ പശ്ചാത്തലത്തില്‍ എഴുതണം എന്ന് മനസ്സില്‍ തോന്നിയപ്പോഴും ഓര്‍മയില്‍ ആദ്യം വന്നത് രൂപ്‌ -കാന്‍വര്‍ ആണ്‌.
    (കാലിക പ്രസക്തിയൊന്നും കണക്കില്‍ എടുത്ത് എഴുതിയ ഒരു കഥയല്ലിത് )
    ഈ വായനയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.

    @ഷാജു അത്താണിക്കല്‍

    നന്ദി .
    ചരിത്രത്തിന്‍റെ ഓര്‍മകളിലേക്ക് ഒരു തിരിച്ചുപോക്ക് അല്ലെ .ഇങ്ങനെയും കുറെ ഏടുകള്‍ ഉണ്ട് ഇന്ത്യന്‍ ചരിത്രത്തിന്.....
    വീണ്ടും വരുമല്ലോ

    @മുല്ല

    വളരെ നന്ദി മുല്ലേ.

    @jefu Jailaf

    ആശംസകള്‍ക്ക് നന്ദി
    വീണ്ടും വരണം

    @കൊമ്പന്‍
    വളരെ നന്ദി

    @Sandeep.A.K

    സന്ദീപ്‌, കഥ ഇഷ്ട്ടമായി എന്ന് അറിഞ്ഞതില്‍ സന്തോഷിക്കുന്നു."സതി" എന്ന ആചാരം ഇന്ന് ലോകത്ത് ഒരിടത്തും ഇല്ലെന്നു തന്നെ നമുക്ക് വിശ്വസി ക്കാം . സന്ദീപ്‌ പറഞ്ഞത് പോലെ പുറം ലോകവുമായി അധികം ബന്ധമില്ലാത്ത എത്രയോ ഗ്രാമങ്ങള്‍ ഇന്നും ഇന്ത്യയില്‍ ഉണ്ട്.അവിടെയൊക്കെ അന്ധവിശ്വാസത്തിന്‍റെ മറവില്‍ എന്തെല്ലാം ആചാരങ്ങള്‍ നടക്കുന്നുണ്ടാവും.

    നന്ദി സന്ദീപ്‌

    @അനില്‍കുമാര്‍ . സി. പി

    നന്ദി
    @ചന്തു നായർ

    "രൂപ്‌ കാന്‍ വാര്‍ " ഓര്‍മ്മകള്‍ ഈ നിമിഷവും മനസ്സിനെ പൊള്ളിക്കുന്നു.

    "ഒരു പക്ഷെ അവരുടെ മകനായിരിക്കാം പവന്‍ എന്നു ചിന്തിച്ചാല്‍ ഈ കഥക്ക് വല്ലാത്തൊരു ശക്തികിട്ടും.അങ്ങനെ ചിന്തിക്കാന്‍ എന്‍റെ മനസ്സ്‌ പറയുന്നു ....."വളരെ നന്ദി ഈ അഭിപ്രായത്തിന്.

    ചരിത്രത്തിന്‍റെ വഴിയില്‍.എത്രയോ "പവനുകള്‍ " ഇങ്ങനെ ഉരുകി തീര്‍ന്നിട്ടുണ്ടാകും .......മാതാപിതാക്കള്‍ നഷ്ട്ടപ്പെട്ട അവരുടെ പിന്നീടുള്ള ജീവിതം എങ്ങനെ ആയിരുന്നുവെന്ന് ആരെങ്കിലും ഓര്‍ത്തിട്ടുണ്ടാവുമോ ?

    വീണ്ടും ഒരിക്കല്‍ കൂടി നന്ദി പറയുന്നു .

    @സിയാഫ് അബ്ദുള്‍ഖാദര്‍

    നന്ദി സിയാഫ് ഈ വായനയ് ക്ക് .
    വീണ്ടും വരണം.

    @Vipin K Manatt (വേനൽപക്ഷി)

    നന്ദി വിപിന്‍

    ReplyDelete
  17. സുജ,
    അപ്രതീക്ഷിതമായി സന്ദര്‍ശിച്ചതാണ് ഈ ബ്ലോഗ്ഗില്‍..വെറുതേ ആയില്ല അത്. നല്ല ഒതുക്കത്തില്‍ പറഞ്ഞു പവന്‍റെ കഥ..ഇഷ്ടപ്പെട്ടു..ഇനിയും വരാം.നല്ല എഴുത്തുകള്‍ വായിക്കാന്‍...
    സ്നേഹത്തോടെ മനു..

    ReplyDelete
  18. അവസാനം നടന്ന രൂപ്‌ കന്‍ വര്‍ ഇരയായ സതി ഇന്ത്യയും ലോകത്തെയും ഞെട്ടിച്ചിരുന്നല്ലോ. എന്ന് പ്രസക്തമായ ഒരു വിഷയം തന്നെ കഥയില്‍ കൊണ്ട് വന്നത് നന്നായി. വളരെ നല്ല പോസ്റ്റ്‌. ആശംസകള്‍.

    ReplyDelete
  19. കഥക്ക് ഭാവുകങ്ങള്‍! ആരിഫ്‌ ജി...താങ്കളുടെ സംശയം പ്രസക്തം തന്നെ. പക്ഷെ,ഈ കഥയുടെ പ്രസക്തി ഇന്ന് സതി എന്ന അനാചാരം നിലവിലുണ്ടോ എന്നതിലല്ല. honur killing , black magic എന്നിങ്ങനെയുള്ള അക്രമങ്ങള്‍ നടക്കുന്ന കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്നതിലാണ്.

    ReplyDelete

daemon tools, limewire