Sunday, March 18, 2012

മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ (5)

ഹിമശൈല സൈകത ഭൂവില്‍......

ശ്രീനഗര്‍ തണുപ്പിന്‍റെ പുതപ്പില്‍ നിന്നും ഉണര്‍ന്നെണീറ്റ മറ്റൊരു പകല്‍..
ഇന്ന് ഗുല്‍ മാര്‍ഗിലേക്ക് യാത്ര പോകുവാന്‍ മുന്‍കൂട്ടി തീരുമാനിച്ചതാണ്.നിനച്ചിരിക്കാതെ വന്ന ഹര്‍ത്താല്‍ കൊണ്ടുപോയത് കാശ്മീര്‍  യാത്രയിലെ രണ്ട് ദിവസങ്ങള്‍ .ഓരോ ദേശത്തിനും ഹര്‍ത്താലിന് ഓരോ മുഖങ്ങളാണെന്ന് തോന്നി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ യാത്രയുടെ ക്ഷീണം മാറ്റുവാന്‍ ഈ ഹര്‍ത്താലിനെ മാനസീകമായി ഉള്‍ക്കൊള്ളുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു .
തലേന്ന് നടന്ന ബോംബു സ്ഫോടനത്തില്‍ മരണപ്പെട്ട മത നേതാവിനെ അനുകൂലിക്കുന്ന മത സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആയതിനാല്‍ ശ്രീനഗറിലെ മിക്ക ഇടങ്ങളിലും ഈ പ്രതിഷേധം പൂര്‍ണമായിരിക്കും എന്ന് ഫയാസ്സ് ഫായി പറഞ്ഞു .കാലത്ത് വന്ന "ഗ്രേറ്റര്‍ കാശ്മീര്‍ "പത്രത്താളില്‍ മരണമടഞ്ഞ നേതാവിന്‍റെ പുഞ്ചിരി തൂകുന്ന മുഖം.അന്നേദിവസം കാശ്മീര്‍ പത്രങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തയും അത് തന്നെയായിരുന്നു.
മരണം,അത് ആര്‍ക്കാണെങ്കിലും വേദനതന്നെയാണ്.ചില മരണങ്ങള്‍ ചിലര്‍ക്ക് ആഘോഷമെങ്കില്‍ മറ്റ് ചിലര്‍ക്ക് തീരാത്ത നൊമ്പരവും .
കാശ്മീര്‍ മുഖ്യ മന്ത്രി ശ്രീ. ഒമര്‍ അബ്ദുള്ളയുടെ അനുശോചനവാക്കുകള്‍ ,മതനേതാക്കന്മാരുടെ,മത പണ്ഡിതന്മാരുടെ സ്വാന്തനിപ്പിക്കല്‍ തുടങ്ങി പല വാര്‍ത്തകളും നിറഞ്ഞ പത്രത്താളുകളില്‍ കണ്ണീര്‍ വറ്റാത്ത സ്ത്രീ ഹൃദയങ്ങളെ ഫിരണിലും ,ബുര്‍ഖയിലും മൂടി മറച്ചിരുന്നു.

അന്നത്തെ പ്രഭാത ഭക്ഷണം ചായയും ,കാശ്മീര്‍ റോട്ടിയും . ഹര്‍ത്താല്‍ പ്രമാണിച്ച് കിട്ടിയ അവധിയില്‍ സന്തോഷിച്ചിരിക്കുകയാണ് മുന്‍തസ്സിറും ,അര്‍ബിനയും .ഇളയ കുട്ടി രാവിലെ തന്നെ ഉറക്കമുണര്‍ന്നത് നഗീനുമായി അടുക്കളയില്‍ കലപില തുടങ്ങി.
ഉച്ച ഭക്ഷണത്തിന് മീന്‍ വാങ്ങി വരാമെന്ന് പറഞ്ഞ്‌ ഫയാസ്സ് ഫായി  പുറത്തേക്കു പോയി.



ഇന്നത്തെ ഹര്‍ത്താല്‍ യാത്ര അല്‍പ്പനേരം ഖാസി അങ്കിളിന്‍റെ വീടിന്‍റെ പിന്നിലെ ആപ്പിള്‍ തോട്ടത്തിലേക്കാവാം.കൂട്ടിന്‌ അര്‍ബിനയും  മുന്‍തസ്സിറും  ഉണ്ട് .തോട്ടത്തില്‍ അക്രൂട്ട്(വാല്‍ നട്ട് ) ,ആപ്പിള്‍ തുടങ്ങിയ മരങ്ങള്‍ നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നു.നഗീന്‍റെ സ്വന്തം അടുക്കളത്തോട്ടത്തില്‍ വിവിധയിനം ചീരകള്‍ .



അല്‍പ്പം മാറി നിറയെ പൂത്ത് നില്‍ക്കുന്ന കടുക് ചെടികള്‍....
ചുവന്ന പൂക്കള്‍ നിറച്ചു നില്‍ക്കുന്ന ഒരിനം റോസാ ചെടിയില്‍ പടര്‍ന്നു കയറിയ മുന്തിരി വള്ളിയില്‍ തളിരിട്ട ധാരാളം  ഇലകള്‍..
വിവിധയിനം പേരറിയാത്ത പൂക്കള്‍ അവിടെയെങ്ങും നിറഞ്ഞു നില്‍ക്കുന്നു  ണ്ടായിരുന്നു.
ക്രീം കളര്‍ പൂക്കള്‍ നിറഞ്ഞു തറയില്‍ പറ്റിപിടിച്ചു വളര്‍ന്നു നില്‍ക്കുന്ന ചെടി " സ്ട്രോ ബെറി" ആണെന്ന് അര്‍ബിനയാണ് പറഞ്ഞു തന്നത്.



ആ ചെടിയില്‍ നിറയെ പാകമാകാത്ത പച്ച നിറത്തിലുള്ള കായകള്‍ .നാട്ടിലേക്ക് പോരുമ്പോള്‍ കൂടെ കൊണ്ട് പോകണമെന്ന് പറഞ്ഞു അര്‍ബിന എനിക്കൊരു ഒരു ആപ്പിള്‍ തൈ കാട്ടി തന്നു .കുറച്ചു സ്ട്രോ ബെറി ചെടി കൂടെ എടുക്കാന്‍ ഓര്‍മ്മിപ്പിക്കണേ എന്ന് മുന്തസ്സിറിനോട് അപ്പോഴേ ഞാന്‍ പറഞ്ഞു വെച്ചു .നാട്ടിലെ മാവിന്‍റെ അരികിലായി ഒരു ആപ്പിള്‍ മരത്തിനു വളരുവാന്‍ മനസ്സുകൊണ്ട് കുറച്ചിടം ഞാന്‍ ഒരുക്കിയിട്ടു. ആ നിമിഷം എന്‍റെ വീട്ടുമുറ്റത്തു നിറഞ്ഞു പൂത്ത് നില്‍ക്കുന്ന ഒരു ആപ്പിള്‍ മരം മനസ്സില്‍ വ്യര്‍ത്ഥമായ സ്വപ്നം നിറച്ചു എന്നതും സത്യം.




ഉച്ച ഭക്ഷണത്തിനായി നഗീനോടൊപ്പം ചീരയ്ക്ക് സമാനമായ ചില ഇലകള്‍ ശേഖരിച്ചു.ഓരോ ദേശങ്ങളിലും ജീവിത ശൈലിയില്‍ എന്തെല്ലാം വ്യത്യസ്തതകള്‍..



മനുഷ്യരിലെന്നപോലെ ചെടികളില്‍ ,പൂക്കളില്‍ പോലും ആ വൈവിധ്യം എത്ര വ്യക്തം.ഓരോ ഇലകളിലും,ഓരോ പൂക്കളിലും....
"ഭാഷയും,രുചിയും വ്യത്യസ്തമെങ്കിലും കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഒരൊറ്റ ജനത ഒരേഒരിന്ത്യ "


ഹര്‍ത്താല്‍ ദിനത്തിലും തുറന്ന പ്രവര്‍ത്തിച്ച ഏതോ മാര്‍ക്കറ്റില്‍ നിന്നും ഫയാസ്സു ഫായി വാങ്ങിവന്ന മീന്‍ നഗീന്‍ നന്നായി കഴുകിയെടുത്ത് കൊണ്ടുവന്നു .കേരള തനിമയിലുള്ള മീന്‍ കറി എന്‍റെ വകയെന്ന് തീരുമാനം കൂടെയുള്ള മലയാളി മുഖങ്ങളില്‍ സന്തോഷം നിറച്ചു ,ഒപ്പം എന്നിലും.നാട്ടില്‍ നിന്നും വന്നിട്ട് രണ്ട് ആഴ്ചയോളം ആയി എന്ന്‌ മാത്രമല്ല മീന്‍ കറി ഒക്കെ കണ്ട ദിവസങ്ങളേ മറന്നു .
തിരുവനതപുരം സ്റ്റൈല്‍ മീന്‍ കറി വെയ്ക്കുവാനുള്ള ശ്രമം തേങ്ങയുടെ ദൗര്‍ല്ലഭ്യം മൂലം മനസ്സുകൊണ്ട് ആദ്യമേ ഉപേക്ഷിച്ചിരുന്നു . കുമരംപേരൂര്‍ സ്റ്റൈല്‍ കാശ്മീരി മുളകരച്ച കുടംപുളിയിട്ടു വെച്ച നല്ല ചുവന്ന മീന്‍ കറിയെ മനസ്സി ലോര്‍ത്ത് നഗീന്‍റെ അടുക്കളയില്‍ കയറി കറിക്കൂട്ടുകള്‍ പരതി .മുളക് ,മല്ലി,മഞ്ഞള്‍ തുടങ്ങി വിവിധയിനം പൊടികള്‍ ഞാന്‍ തന്നെ അലമാരയില്‍ നിന്നും തിരഞ്ഞു പിടിച്ചു.അടുക്കളക്കാരിയായ നഗീന് കാശ്മീരി ഭാഷയല്ലാതെ മറ്റൊന്നുമേ വഴങ്ങുന്നില്ല എന്ന സത്യം എന്നെ വീണ്ടും വിഷമിപ്പിച്ചു .ഏകദേശം ആ അടുക്കള മുഴുവന്‍ പരതിയിട്ടും മീനിന്‍റെ മുഖ്യ ചേരുവയായ പുളി മാത്രം കണ്ടു കിട്ടിയില്ല.പുളിയില്ലാതെ എങ്ങനെ ഒരു മീന്‍ കറി !
എന്‍റെ പരതല്‍ കണ്ടു നഗീന്‍ എന്ത് വേണമെന്നു കൈകൊണ്ടു ആംഗ്യ ഭാഷയില്‍ വീണ്ടും വീണ്ടും ചോദികൊണ്ടിരുന്നു."പുളി "എന്ന് പറഞ്ഞു ഫലിപ്പിക്കാന്‍ ഒരു ആംഗ്യ ഭാഷയില്ലാതെ ഞാന്‍ കഷ്ട്ടപ്പെടുന്നു എന്ന് നഗീന് തന്നെ ഒടുവില്‍ മനസ്സിലായി എന്ന് തോന്നുന്നു.അവസാനം നല്ല പഴുത്ത തക്കാളിയില്‍ കിടന്ന്‌ കാശ്മീരി മീന്‍ കഷണങ്ങള്‍ അടുപ്പില്‍ വെട്ടി തിളയ്ക്കുന്നത് കണ്ട് എന്‍റെ മനസ്സിന്‌ തൃപ്തിയടയേണ്ടി വന്നു.അന്നത്തെ ഉച്ചയൂണ് അങ്ങനെ പോയി.
(വീണ്ടുമൊരു ദിവസം നല്ല പുളിപ്പുള്ള കാശ്മീര്‍ സ്പെഷ്യല്‍ ഇറച്ചി കറിയില്‍ ചേര്‍ത്ത ചെരുവകകള്‍ക്കിടയില്‍ നഗീന്‍ കാട്ടിതന്ന നല്ല നാടന്‍ പുളി കണ്ട് എന്‍റെ മനസ്സ്കരഞ്ഞു.കാശ്മീര്‍ ഭാഷയില്‍ പുളിക്ക് നഗീന്‍ പറഞ്ഞ വാക്ക് വികാര വിക്ഷോപത്തിനിടയില്‍ എനിക്ക് ഓര്‍ത്തിരിക്കാന്‍ കഴിഞ്ഞില്ല. തേങ്ങാപ്പാലും ,പുളിയും ചേര്‍ത്ത ആ കാശ്മീരി ഇറച്ചിക്കറിയുടെ "രുചിയില്‍" "" ""പിന്നീട് ആ വാക്ക് വീണ്ടും ഓര്‍ക്കുവാനും മനസ്സു വന്നില്ല.)

രണ്ടുദിവസ ഹര്‍ത്താല്‍ ദിനങ്ങളും നല്ല തെളിഞ്ഞ അന്തരീക്ഷമായിരുന്നു.ശ്രീനഗര്‍ ദിനങ്ങള്‍ ഇത്രയേറെ തെളിഞ്ഞു വരിക അപൂര്‍വമാണ്.ഗുല്‍മാര്‍ഗ് പോകുവാന്‍ ഏറ്റവും നല്ല കാലാവസ്ഥ ആയിരുന്നു അതെന്ന് ഫയാസ്സു ഫായി പറഞ്ഞു.നാട്ടില്‍ നിന്ന് ഖാസി അങ്കിള്‍ വിവരങ്ങള്‍ അറിയാന്‍ ആ ദിവസവും വിളിച്ചിരുന്നു.കഴിഞ്ഞ ആഴ്ച എത്തിയ ബാബാ(ഫയാസ്സ്ഫായിയുടെ അച്ഛന്‍ )പിറ്റേന്ന് കൊല്‍ഗാമിലേക്ക് തിരികെ പോകുന്നു എന്ന് പറഞ്ഞു  .അന്നേദിവസ ഹര്‍ത്താല്‍ വാര്‍ത്തകള്‍ പറയുന്ന കൂട്ടത്തില്‍ മുന്‍പ് ശ്രീനഗറിലെ ഹര്‍ത്താല്‍ മാസങ്ങള്‍ നീണ്ടു നിന്നിട്ടുണ്ട് എന്ന് ബാബ പറയുമ്പോള്‍ ഫയാസ്സ് ഫായി പുഞ്ചിരിച്ച്‌ ഞങ്ങളെ കടന്നു പോയി.എന്തിനായിരുന്നു ആ ചിരി എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല .ഒരു പക്ഷെ കഴിഞ്ഞ നാളുകള്‍ ശ്രീനഗര്‍ നേരിട്ട അരക്ഷിതത്വം,അസ്വാതന്ത്ര്യം,വേദന,നൊമ്പരം അങ്ങനെ പലതും ആ ചിരിയില്‍ഉണ്ടായിരിക്കാം .

തിങ്കളാഴ്ച അതിരാവിലെ തന്നെ ഞങ്ങള്‍ ഗുല്‍ മാര്‍ഗിലേക്ക് പുറപ്പെട്ടു.ശ്രീനഗര്‍ നിന്നും നാല്പത്തിയാറു കിലോമീറ്റര്‍ അകലെയാണ് ഗുല്‍ മാര്‍ഗ്ഗ് .തലേന്ന് രാത്രി വീണ്ടും പെയ്തു തുടങ്ങിയ മഴ ഗുല്‍ മാര്‍ഗ്ഗ് യാത്ര മാറ്റി വെക്കേണ്ടി വരുമോ എന്ന എന്‍റെ വിഷമം കണ്ടിട്ടാകണം പ്രഭാതമായപ്പോഴേക്കും മാറി നിന്നു.കാശ്മീര്‍ ദിനങ്ങളില്‍ മനോഹരങ്ങളായ ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു യാത്രയായിരുന്നു അത്. ദാല്‍ തടാകം ഉണരും മുന്‍പ് ഞങ്ങള്‍ ഹസ്രത് ബാല്‍ കഴിഞ്ഞിരുന്നു.രാത്രിമഴയില്‍ കുളിച്ച ശ്രീനഗറിന്‌ പതിവിലും തണുപ്പ് കൂടിയത് കൊണ്ടാവണം ദല്‍ കുളിരിന്‍റെ മൂടല്‍ മഞ്ഞു പുതച്ച് ഉറങ്ങി ഉണരാന്‍ വൈകിയെതെന്നു തോന്നി.കാശ്മീര്‍ പ്രഭാതങ്ങളാണോ സന്ധ്യകളാണോ മനോഹരമെന്നു ചോദിച്ചാല്‍ ആകെ കുഴങ്ങി പോകും.ഈ പകല്‍ക്കാഴ്ചയില്‍ മഞ്ഞു മൂടിയ ഈ പ്രഭാതമാണ്‌ കൂടുതല്‍ സുന്ദരിയെന്ന് ഞാന്‍ പറഞ്ഞാല്‍ ഒരു പക്ഷെ കാശ്മീര്‍ സന്ധ്യകള്‍ എന്നോട് പരിഭവിക്കും .

വഴിയോരങ്ങളില്‍ നിറയെ വില്ലോ മരങ്ങള്‍ .നിറഞ്ഞൊഴുകുന്ന ഹിമ വാഹിനികളെ ഒരു നോക്കു കാണുവാന്‍ കാറിന്‍റെ ചില്ല് ജാലകം ഞാന്‍ താഴ്ത്തി. മനസ്സില്‍ ചിനാബ് നദിയുടെ ഓര്‍മ വന്നു .കാശ്മീരിന്‍റെയും പാകിസ്ഥാനിലെ പഞ്ചാബിന്‍റെയും വറ്റാത്ത നീരുറവയാണ് ചിനാബ്. ഹിമാചല്‍ പ്രദേശിലെ മലനിരകളില്‍ നിന്നും ജന്മം കൊണ്ട ചിനാബ് ജമ്മു പ്രവശ്യ വഴി ഒഴുകി  പാകിസ്താനിലെത്തുന്നു .
1960 സെപ്റ്റംബര്‍ 19 തിന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയും(ജവഹര്‍ലാല്‍ നെഹ്‌റു) പാകിസ്താന്‍ പ്രസിഡന്റും  (മുഹമ്മദ്‌ ആയുബ് ഖാന്‍) ))കറാച്ചിയില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് (Indus Waters Treaty )ചെനാബ് നദിയിലെ ജലം ഇരു രാജ്യങ്ങളും ഇന്നും പങ്കിട്ടെടുക്കുന്നത് .ഇത്തരത്തിലുള്ള കരാറുകളുടെ പിന്‍ബലത്തിലാണ് തങ്ങള്‍ ഒഴുകുന്നത്‌ എന്നറിയാതെ ഇനിയും എത്രയോ നദികള്‍ ഇന്നും നമുക്ക് ദാഹജലം നല്‍കുന്നുണ്ട്. ജ്ഹലം,സിന്ധു ,സത് ലജ് ,രവി ........അങ്ങനെ പലതും.
അതിരുകള്‍ അറിയാതെ ഒഴുകിയ നദികള്‍ക്കറിയില്ലല്ലോ നമ്മള്‍ വേര്‍തിരിച്ചിട്ട അതിര്‍ത്തികള്‍ .
നമ്മള്‍ നയിക്കുന്ന വഴിയിലൂടെ ഒഴുകാന്‍ മാത്രം പഠിച്ചവരാണല്ലോ പാവം നീര്‍ച്ചാലുകള്‍..
അതിരുകള്‍ തിരിക്കുന്നതും അണകള്‍ കെട്ടി തടയുന്നതും സ്വാര്‍ത്ഥരായ നമ്മള്‍ മനുഷ്യര്‍ .
എന്നിരിക്കിലും പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ആരോ ഒരാള്‍ ഒരിക്കല്‍ പറഞ്ഞുപോല്‍ "India and Pakistan can go on shouting on Kashmir for all time to come, but an early settlement on the Indus waters is essential for maintenance of peace in the sub-continent"എന്ന്.

നദിയുടെ കാഴ്ചകള്‍ കണ്ണില്‍ നിന്നും മറഞ്ഞു .
ശ്രീനഗര്‍ - ലേ (Sreenagar -lay )നാഷണല്‍ ഹൈവേയില്‍ വാഹനങ്ങളുടെ നല്ല തിരക്കാണ്

ഇടതടവില്ലാതെ ഒഴുകി വരുന്ന പട്ടാള വണ്ടികള്‍ ആണ് പിന്നീടുള്ള കാഴ്ച.കാശ്മീരിന്‍റെ വടക്ക് ദിക്ക് ലക്ഷ്യമാക്കി നീങ്ങുന്ന ഈ ശകടങ്ങളില്‍ ഇരിക്കുന്ന ധീര ജവാന്‍മാരുടെ മുഖങ്ങള്‍ കാര്‍ഗില്‍ ഓര്‍മ്മകള്‍ മനസ്സില്‍ നിറച്ചു.പെട്ടെന്ന് മനസ്സില്‍ വന്നത് ക്യാപ്റ്റന്‍ ജെറി പ്രേം രാജിനെയാണ്.എന്നെ കടന്നു പോകുന്ന ഓരോ സൈനീക വാഹങ്ങളിലും ഞാന്‍ കാണുന്നത് കാര്‍ഗില്‍ യുദ്ധത്തില്‍ പൊലിഞ്ഞു പോയ ആ ധീര യോദ്ധാവിന്‍റെ മുഖം തന്നെയോ എന്ന് എനിക്ക് തോന്നി.ഇന്നും ഓരോ ജൂലൈ 7 കടന്നു പോകുമ്പോഴും ഓര്‍മ്മയുടെ കണ്ണീരില്‍ തെളിയാറുള്ള  ആ ധീര മുഖങ്ങള്‍........ ഏതെല്ലാമാണ് !

ഇടയ്ക്കൊരു സ്ഥലത്ത് വെച്ച്‌ റോഡു രണ്ടായി പിരിഞ്ഞു .ഞങ്ങളെ പിന്തുടര്‍ന്ന് വന്ന സൈനീക വാഹനങ്ങള്‍ ബാരമുള്ളയിലേക്ക് തിരിയുന്ന മറ്റൊരു റോഡു ലക്ഷമാക്കി നീങ്ങവേ അന്‍സാരി ഞങ്ങളുടെ വാഹനം ഗുല്‍ മാര്‍ഗിന്‍റെ വഴിയിലേക്ക് തിരിച്ചു വിട്ടു.

"പൂക്കളുടെ താഴ്വാരം" എന്ന്‌ കൂടി പ്രസിദ്ധമായ ഗുല്‍ മാര്‍ഗിലെ ഓരോ പുല്‍ ചെടികളിലും പൂവുകള്‍ക്ക് പകരമായി മഞ്ഞിന്‍റെ വിസ്മയ കാഴ്ചകള്‍ നിറച്ചിരുന്നു അന്ന്. പ്രഭാതം പൊട്ടിവിരിഞ്ഞു തുടങ്ങിയെങ്കിലും തണുപ്പിന്‍റെ തലോടല്‍ വിട്ടു ഉണര്‍ന്നെണീക്കാന്‍ എന്നെപ്പോലെ ഓരൊ പുല്‍ക്കൊടിക്കും മടി പോലെ .വഴിയോരങ്ങളില്‍ പെയ്തൊഴിഞ്ഞ മഴവെള്ളത്തില്‍ കുതിര്‍ന്ന് കാശ്മീര്‍ സൗന്ദര്യം അലിഞ്ഞു പോയോ എന്നും എനിക്ക് തോന്നി. ഗ്രാമാതിര്‍ത്തി കഴിഞ്ഞാല്‍ പിന്നെ കാടിന്‍റെ ഒരു അനിര്‍വച്ചനീയ സൗന്ദര്യമാണ് .പൈന്‍,ഫിര്‍ മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന കുന്നിന്‍ ചരിവുകളിലൂടെ അന്‍സാരിയുടെ കാര്‍ അനായാസം മുന്‍പോട്ടു പോയി.കാടിന്‍റെ ഇരുട്ടില്‍ വീണ്ടും അന്തിമയങ്ങിയ പ്രതീതി.ഒരു വേള കണ്മുന്‍പിലെ റോഡ്‌ മൂടല്‍ മഞ്ഞില്‍ മുങ്ങി കാടിന്‍റെ നിഗൂഡതകളെല്ലാം  മഞ്ഞില്‍ മറഞ്ഞ മനോഹരമായ ഒരു കാണാക്കാഴ്ച സമ്മാനിച്ചപ്പോള്‍ അന്‍സാരി വാഹനത്തിന്‍റെ വേഗത കുറച്ചു.

.മുകളിലേക്ക് കയറുന്ന വാഹനങ്ങളും എതിരെ വരുന്ന വാഹനങ്ങളും മഞ്ഞ ലൈറ്റ് തെളിച്ച് ഇടയ്ക്കിടക്ക് ഹോണ്‍ മുഴക്കിക്കൊണ്ടിരുന്നു.റോഡിന്‍റെ ഒരു വശം അഗാധ ഗര്‍ത്തമെങ്കില്‍ മറുവശം ഇളകുന്ന മണ്ണിന്‍ കൂനകളില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്ന വഴി മരങ്ങള്‍.. .
മഴയെങ്ങാന്‍ പെയ്തു പോയാല്‍ ദുര്‍ഘടമാകുന്ന വഴികളെക്കുറിച്ച് അന്‍സാരി പറഞ്ഞു താരതെതന്നെ ഏകദേശ ധാരണ മനസ്സില്‍ ഉണ്ടായി. വഴിയോരങ്ങളില്‍ ചിലയിടങ്ങളില്‍ "മാര്‍ബിള്‍ "എന്ന്‌ എന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ഉരുകാതെ അവശേഷിച്ച മഞ്ഞിന്‍റെ പാളികള്‍.. കണ്ടു .ഹിമവാന്‍റെ ശിരസ്സില്‍ നിന്നും താഴേക്കുള്ള ഒഴുക്കിനിടയില്‍ ശാപം കിട്ടിയതിനാലോ, എന്നോ ഒരുനാള്‍ ഹിമ ശിലയായ് മാറി ഇന്നും ശാപ മോക്ഷം കാത്തുകിടക്കുന്ന അനേകം കൊച്ചരുവികളും ആ വഴിയാത്രയിലെ പുതിയ കാഴ്ചകള്‍ ആയിരുന്നു .ഗുല്‍ മാര്‍ഗിലേക്ക് അടുക്കുംതോറും മഞ്ഞു പൂവിട്ട മരങ്ങള്‍ കണ്ടുതുടങ്ങി .റോഡിനിരു വശങ്ങളിളിലും മഞ്ഞിന്‍റെ കൂമ്പാരം .വെളുത്ത പൂക്കള്‍ക്കിടയില്‍ വഴിനടക്കുവാന്‍ ആരോ വിരിച്ചിട്ട തിളങ്ങുന്ന കറുത്ത പട്ടുപോലെ തോന്നിച്ചു ടാറിട്ട റോഡ്‌ .സഞ്ചാരികളുടെ വാഹനങ്ങള്‍ കടന്നു പോകുന്നതിനാല്‍ റോഡുകളില്‍ മഞ്ഞിന്‍റെ പരലുകള്‍ കാണാനേയില്ല.


സമുദ്രനിരപ്പില്‍ നിന്നും 2653 മീറ്റര്‍ ഉയരത്തില്‍ പീര്‍ പഞ്ചാല്‍ മലനിരയുടെ ചരുവില്‍ കിലന്‍ മാര്‍ഗ് അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു മനോഹര താഴ്വരയാണ് ഗുല്‍ മാര്‍ഗ്ഗ്.കാശ്മീരിലെ അവസാന സ്വതന്ത്രഭരണാധികാരിയായിരുന്ന യുസുഫ് ഖാന്‍ ചൗക് ആണ് ഈ മനോഹര ദേശം ലോകത്തിനു മുന്‍പില്‍ കാട്ടിക്കൊടുത്തത് എന്ന്‌ ചില രേഖകള്‍ വ്യക്തമാക്കുന്നു. അദ്ദേഹം തന്‍റെ പ്രിയ പത്നിയും കവിതകള്‍ രചിക്കുകയും ചെയ്യുമായിരുന്ന ഹബ്ബ ഖാടൂനോടൊപ്പം പലപ്പോഴും ഗുല്‍മാര്‍ഗ് സന്ദര്‍ശിച്ചിരുന്നു എന്നും പറയപ്പെടുന്നു.പിന്നീട്‌ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ പ്രിയ സഖി നൂര്‍ജഹാനോടൊപ്പം ശ്രീനഗറില്‍ ഗ്രീഷ്മം തുടങ്ങുന്ന നാള്‍ ഈ സ്വര്‍ഗ്ഗ ഭൂമിയില്‍ വിശ്രമ വേളകള്‍ ചിലവഴിച്ചതായും ചില കുറിപ്പുകളില്‍ ഉണ്ട് . സര്‍ വാള്‍ട്ടര്‍ ലോറെന്‍സ്(ദി ലാന്‍ഡ്‌ സെറ്റില്‍മെന്റ്റ് ഓഫീസര്‍ from 1889  to 1895 -കാശ്മീര്‍ ) അദ്ദേഹത്തിന്റെ "ദി വാലി ഓഫ്‌ കാശ്മീര്‍" എന്ന ഗ്രന്ഥത്തില്‍ പറയുന്ന പ്രകാരം മുന്‍ കാലങ്ങളില്‍ ചില യൂറോപ്യന്‍ സഞ്ചാരികള്‍ ഗുല്‍ മാര്‍ഗില്‍ വന്നിട്ടുണ്ട്. അവര്‍ അവിടെ ചെറിയ കുടിലുകള്‍ നിര്‍മ്മിക്കുകയും വളരെ നാളുകള്‍ക്കു ശേഷം ഈ കുടിലുകള്‍ വേനല്‍ക്കാല വസതികളായി മാറുകയും ചെയ്തത്രേ .വീണ്ടും അനേക വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഗുല്‍ മാര്‍ഗ്ഗ് മഞ്ഞുകാല വിനോദങ്ങള്‍ക്കുള്ള ഒരു സ്ഥലമായിമാറിയത് എന്നും ചരിത്രം സൂചിപ്പിക്കുന്നു.
സഞ്ചാരികള്‍ക്ക് പ്രകൃതി ഭംഗികള്‍ ആവോളം ആസ്വദിക്കാന്‍ ധാരാളം സൗകര്യങ്ങള്‍ ഇന്ന് ഗുല്‍ മാര്‍ഗില്‍ ലഭ്യമാണ്. ജമ്മു ആന്‍ഡ്‌ കാശ്മീര്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്റ് ശ്രീനഗര്‍ നിന്നും ഗുല്‍ മാര്‍ഗിലേക്ക് പ്രത്യേകം ഹെലിക്കോപ്പ്റ്റെര്‍ സര്‍വീസും മഞ്ഞു കാലം ആസ്വദിക്കാന്‍ ജോംഗ ( ഒരു പ്രത്യേക തരം ജീപ്പ് ) സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട് .


ഏപ്രില്‍ മാസങ്ങളില്‍ മഞ്ഞു പൂക്കള്‍ മാത്രം വിരിയുന്ന ആ പൂക്കളുടെ താഴ്വര ഞങ്ങളെ എതിരേറ്റത്‌ എനിക്കപരിചിതമായ ഒരു കാഴ്ച സമ്മാനിച്ചു കൊണ്ടായിരുന്നു .റോഡില്‍ നിറഞ്ഞു കിടക്കുന്ന മഞ്ഞിന്‍ കട്ടകള്‍ മുറിച്ചു മാറ്റുകയാണ് ഒരു വാഹനം .അന്നാട്ടുകാരായ ചിലരും ചില സഞ്ചാരികള്‍ക്കുമൊപ്പം വളരെ ആകാംഷയോടെ ഞാനും അല്‍പ്പ നേരം ആ കാഴ്ച ആസ്വദിച്ചു .



ഗുല്‍ മാര്‍ഗ് എങ്ങും മഞ്ഞില്‍ നിറഞ്ഞു കിടക്കുന്ന മനോഹര കാഴ്ച .മഞ്ഞു മലകളില്‍ പോകുമ്പോള്‍ ധരിക്കാറുള്ള വിന്റെര്‍ ബൂട്സ് പിന്നെ സൂട്ടും തുടങ്ങിയവ ഒരു കടയില്‍ നിന്നും വളരെ തുശ്ചമായ വാടകയ്ക്ക് വാങ്ങി .അന്‍സാരിയുടെ സഹായമുള്ളതിനാല്‍ അധികം വിലപേശല്‍ ഉണ്ടായില്ല . സഞ്ചാരികള്‍ പലരും പറ്റിക്കപ്പെടുക ഇത്തരം സാധനങ്ങള്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ ആണെന്നുള്ള മുന്‍ അനുഭവത്തിന്‍റെ ഓര്‍മ്മയില്‍ കോട്ടും ബൂട്സ് അണിഞ്ഞ്‌ മഞ്ഞ്‌ നിറഞ്ഞ ഗുല്‍ മാര്‍ഗ്ഗ് കാഴ്ചകള്‍ ആസ്വദിക്കാന്‍ ഞാന്‍ തയ്യാറായി.വലിക്കുന്ന ഒരു തരം വണ്ടിയുമായി ഒരു കൂട്ടം ആളുകള്‍ അപ്പോള്‍ ഞങ്ങളുടെ പിന്നാലെ കൂടി.കുതിരകളുമായി മാറ്റൊരു കൂട്ടര്‍ വേറെയും .ഗുല്‍ മാര്‍ഗ്ഗ് ചുറ്റി കാണിച്ചു തരാമെന്നായി ഇരുവരും .മുന്‍പൊരിക്കല്‍ ആഗ്ര റിവേ റെയില്‍വേ സ്റ്റേഷന്‍ ഇറങ്ങിയപ്പോള്‍ ഞങ്ങളെ പൊതിഞ്ഞ് കൂടെ കൂടിയ റിക്ഷ വണ്ടികള്‍ ഓര്‍മവന്നു .
.ഗുല്‍ മാര്‍ഗ് മുഴുവന്‍ ചുറ്റിക്കാണി ക്കാം എന്നായി കുതിരക്കാരന്‍.
വലിക്കുന്ന വണ്ടിയില്‍ ഒരു യാത്ര പോകാന്‍ 800 രൂപ മതിയാകുമെന്നു മറ്റേ കൂട്ടര്‍ വില പേശല്‍ തുടങ്ങി.
ആളുകള്‍ വലിക്കുന്ന വണ്ടികള്‍ കണ്ടപ്പോള്‍ പണ്ട് കുട്ടികാലത്ത് നാട്ടില്‍ കവുങ്ങില്‍ പാളയില്‍ കുട്ടികളെ ഇരുത്തി വലിച്ചു കൊണ്ട് പോകുന്ന ഓര്‍മ വന്നു.



ദൂരെ പലരും ഈ "പാളയാത്ര" നടത്തുന്നത് മങ്ങി കാണാം .ഈ "സ്ലെട്ജു " "പോണി "വാലകളെ പറഞ്ഞു വിടാന്‍ തന്നെ അല്‍പ്പം കഷ്ട്ടപ്പെടെണ്ടി വന്നു.
എന്നെപോലെ ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍ ഓരൊ വേഷം കെട്ടേണ്ടി വരുന്ന പാവം മനുഷ്യ ജന്മങ്ങള്‍ !

അങ്ങനെ മഞ്ഞു മൂടിക്കിടക്കുന്ന വിശാലമായ ഭൂമിയിലേക്ക് ഞങ്ങള്‍ ഇറങ്ങി. .
കാഴ്ചകളുടെ ഒരു പകുതിയും മഞ്ഞില്‍ മൂടിയിരുന്നു എന്നത് സത്യം.
മുന്‍പ് മണാലിയില്‍(( ((kullu -manaali -ഹിമാചല്‍ പ്രദേശ്‌  ) മഞ്ഞിന്‍റെ ദ്രിശ്യ വിസ്മയം കണ്ടിട്ടുണ്ട് എങ്കിലും .
കാഴ്ചകളെ ഇങ്ങനെ പൂര്‍ണമായി മറയ്ക്കുന്ന "വൈറ്റ് ഔട്ട്‌ "എന്ന പ്രതിഭാസം അന്ന് ആദ്യമായി ആസ്വദിച്ചു.
ഭൂമിയും ,ആകാശവും ,ചക്രവാളവും ഒന്നും തന്നെ വേര്‍തിരിച്ചറിയുവാന്‍ കഴിയാത്ത ഒരത്ഭുത ലോകം.
എങ്ങും മഞ്ഞിന്‍റെ നിറം,മണം,വികാരം.......ആകാശമില്ല ,ഭൂമിയില്ല ,സൂര്യനില്ല ഒരു വൃക്ഷങ്ങള്‍ പോലുമില്ല .വളരെ നേരിയ ഒരു വെള്ളപ്പുതപ്പ് കൊണ്ട് സര്‍വ്വം മൂടിയിട്ട പോലെ .
ഭൂമിയില്‍ നിന്നും ഒരു നിമിഷ നേരത്തേക്ക് മറ്റേതോ ഒരു ലോകത്ത് എത്തിയ പ്രതീതി.തൊട്ടടുത്ത്‌ നില്‍ക്കുന്ന വ്യക്തിയെപോലും കാണുവാന്‍ കഴിയാതെ, കാഴ്ചകള്‍ എന്തെന്നറിയാതെ ഏതോ മായിക ലോകത്തില്‍ പറന്ന് നടക്കുന്ന ഭാരമില്ലാത്ത പഞ്ഞികെട്ട് പോലെ തോന്നിക്കുന്ന അവസ്ഥ .......
ഇടയ്ക്കു മൂടല്‍ മഞ്ഞില്‍ തെളിഞ്ഞു വന്നത് അല്‍പ്പം ദൂരെയുള്ള ഒരു ക്ഷേത്ര ഗോപുരമാണെന്ന് മനസ്സിലായി. നോക്കിനില്‍ക്കുമ്പോള്‍ തന്നെ അത് തെളിയുകയും പിന്നെ മറഞ്ഞ് മഞ്ഞിന്‍റെ നിറത്തോട് ചേരുകയും ചെയ്തു.

സഞ്ചാരികളെ വലിച്ച് കൊണ്ട് പോകുന്നവരുടെ ആര്‍പ്പു വിളികള്‍ കാതോര്‍ത്താല്‍ കേള്‍ക്കാം.അല്‍പ്പം അകലെയുള്ള അമ്പലത്തില്‍ നിന്നും മുഴങ്ങുന്ന പ്രാര്‍ഥനാ ഗീതങ്ങള്‍ കാറ്റിന്‍റെ ദിശക്കനുസരിച്ച് ശബ്ദം കൂടിയും കുറഞ്ഞും കേട്ടുകൊണ്ടിരുന്നു . സത്യത്തില്‍ ഞാന്‍ ഭൂമിയില്‍ തന്നെയാണ് നില്‍ക്കുന്നതെന്ന തിരിച്ചറിവ് എന്നില്‍ ഉണ്ടാക്കിയത് ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്ന ആ പ്രാര്‍ഥനാ ഗീതമായിരുന്നു.
പരിസരം അല്‍പ്പം തെളിഞ്ഞു വന്നപ്പോള്‍ തൊട്ടടുത്ത്‌ നിന്ന ആകാംഷ നിറഞ്ഞ പുഞ്ചിരിക്കുന്ന മുഖങ്ങള്‍ കണ്ടു തുടങ്ങി.
കൈകള്‍ പരസ്പ്പരം കോര്‍ത്ത്‌ നിമിഷ വിരഹം മറക്കുമ്പോള്‍ മഞ്ഞിന്‍റെ പുതപ്പ് വീണ്ടും ഞങ്ങളെ മറച്ചു നിന്നു.

സമയം ഒരു മണിയായി എന്ന്‌ കാറില്‍ അന്‍സാരിയോടൊപ്പം വിശ്രമിച്ചിരുന്ന ഫയാസ്സു ഫായി പറയുമ്പോഴാണ് അറിയുന്നത്.കാലവും സമയവും തിരിച്ചറിയാന്‍ കഴിയാത്ത ഒരു ലോകത്താണല്ലോ അപ്പോള്‍ നില്‍ക്കുന്നത് .
തണുപ്പിന്‍റെ കാഠിന്യത്തില്‍ ഊണ് കഴിക്കുവാന്‍ തണുത്ത വെള്ളത്തില്‍ കൈ കഴുകുവാന്‍ തന്നെ എനിക്ക് മടി തോന്നി.
അടുത്തായി കണ്ട ഒരു കടയുടെ ഉള്ളില്‍ അവരുടെ അനുവാദത്തോടെ ഉച്ചഭക്ഷണം കഴിച്ചു തുടങ്ങി.കൈകള്‍ തണുപ്പിക്കുവാനുള്ള ഒരു നെരിപ്പോട് കടക്കുള്ളില്‍ അല്‍പ്പം ചൂടിന്‍റെ സുഖം നിറച്ചു.നഗീന്‍റെ സ്പെഷ്യല്‍ ചീര കറിയും ,ചിക്കനും അന്നത്തെ ഊണ് സ്വാദിഷ്ട്ടമാക്കി.വളരെ ഇഷ്ട്ടത്തോടെ ചോറും കറികളും എല്ലാവര്‍ക്കും വിളമ്പിത്തന്നത് ഫയാസ്സു ഫായി ആയിരുന്നു.












ഭക്ഷണ ശേഷം വീണ്ടും അല്‍പ്പനേരം മഞ്ഞില്‍ കളിക്കമെന്നായി കുട്ടികള്‍.
തമ്മില്‍ കാണുവാന്‍ കഴിയുമെന്നായപ്പോള്‍ പരസ്പ്പരം മഞ്ഞിന്‍റെ കട്ടകള്‍ എറിഞ്ഞ്‌ കുഞ്ഞുങ്ങള്‍ കളികള്‍ തുടങ്ങി.



കുറച്ചു സമയം കുട്ടികളോടൊപ്പം ഞങ്ങളെല്ലാവരും അവരുടെ കളിയില്‍ പങ്കാളികളായി എന്ന്‌ തന്നെ പറയാം. ആര്‍ത്തു ല്ലസ്സിക്കുന്ന ബാല്യത്തിനെ കളികള്‍ ഏല്‍പ്പിച്ച് അല്‍പ്പം അകലെ കണ്ട ഐസ് മൂടിയ തടാകം ലക്ഷ്യമാക്കി ഞാന്‍ നടന്നു. മുകള്‍ ഭാഗം വെള്ളം ഐസ് ആയി ഉറഞ്ഞു കിടക്കുന്ന ഒരു ചെറിയ തടാകം. കരയും വെള്ളവും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ.ഉള്ളില്‍ നിറഞ്ഞു കിടക്കുന്ന ജലത്തിന്‍റെ ആഴത്തെക്കുറിച്ച് യാതൊരു വ്യക്തതയുമില്ല.കരയില്‍ ഇരുന്ന് വെള്ളത്തിലേക്ക്‌ തൊട്ടപ്പോള്‍ വിരലുകള്‍ മരവിച്ചു. മുകള്‍പ്പരപ്പിലുള്ള ഐസ് പാളികള്‍ പതുക്കെ മാറ്റി ഉള്ളിലെ തണുപ്പുള്ള വെള്ളം കൈയില്‍ കോരിയെടുത്തു.ക്യാമറയില്‍ ഒന്ന് രണ്ട് ചിത്രങ്ങള്‍ എടുക്കുവാനുള്ള ആഗ്രഹത്തില്‍ കൂടെയുള്ളവരെ വിളിക്കുവാന്‍ തിരിഞ്ഞ എന്‍റെ ഉള്ളില്‍ ഒരു നിമിഷം രക്തമുറഞ്ഞപോലെയായി..ഒന്നുമേ കാണുവാന്‍ കഴിയുന്നില്ല ,വീണ്ടും ആ വൈറ്റ് ഔട്ട്‌" .
ദിക്കും ദിശയുമറിയാതെ ആകാശവും ഭൂമിയും തിരിച്ചറി യാതെ എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയ ആ നിമിഷം.

നടന്നു വന്ന വഴിയെ തിരികെ പോകാന്‍ ധൈര്യമില്ല. വഴിയെങ്ങാന്‍ തെറ്റിപോയാലോ എന്ന ഉള്‍ഭയം.മുന്‍പ് കേട്ട ആ ഭക്തിഗീതം ദൂരെ എവിടെയോ കേള്‍ക്കുന്നു.പതറിപ്പോകാതിരിക്കാന്‍ അപ്പോള്‍ എന്‍റെ മനസ്സിന്‌ ആ സ്നേഹഗീതം താങ്ങായി എന്ന്‌ പറയുന്നതാവും ഏറെ സത്യം. ഏതു ഭാഷയിലെന്നോ അതിന്‍റെ അര്‍ദ്ധമെന്തെന്നോ അറിയുന്നില്ല.എങ്കിലും മനസ്സിന്‌ വല്ലാത്തൊരു ധൈര്യം തോന്നിയ നിമിഷമായിരുന്നു അത്.അല്‍പ്പ സമയത്തിനുള്ളില്‍ ചിലരുടെ സംഭാഷണ ശബ്ദങ്ങള്‍ കേട്ടുതുടങ്ങി .നിന്ന സ്ഥലത്ത് നിന്നും ഒരു ചുവടു പോലും മുന്‍പോട്ടു വെക്കാന്‍ കഴിയാതെ നില്‍ക്കുകയാണ് .അടക്കി പിടിച്ച ശബ്ദത്തോടൊപ്പം മഞ്ഞിന്‍റെ മറയില്‍ തെളിഞ്ഞു വരുന്ന പരിചിത മുഖങ്ങള്‍... കണ്ട് പരിസരം മറന്ന് അവരുടെ അടുത്തേക്ക് ഓടുകയായിരുന്നു. "പറയാതെ ഇതെങ്ങോട്ട് പോയി ?"എന്ന പരിഭവം കലര്‍ന്ന കണ്ണുകളോട് മറുപടി പറയുവാന്‍ തണുപ്പും,ഭയവും അനുവദിക്കുന്നില്ല.
ഈ നിമിഷ വിരഹത്തിന്‌ ഒരു വിരല്‍ സ്പര്‍ശം മതിയാകുമോ ?


ഏറെ നേരം കളിച്ചു തിമര്‍ത്ത ബാല്യം കളിമതിയാക്കിയപ്പോള്‍ ഞങ്ങള്‍ ഗുല്‍ മാര്‍ഗില്‍ നിന്നും തിരികെ യാത്ര തുടര്‍ന്നു.
മഞ്ഞിന്‍റെ വഴികള്‍ പിന്നിട്ടു കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ അന്‍സാരിയാണ് പറഞ്ഞത് സഞ്ചാരികള്‍ അധികം വരാറില്ലാത്ത ഒരു സ്ഥലത്തേക്ക് പോകാമെന്ന്. കാടിന്‍റെ ഊടുവഴികള്‍ പിന്നിട്ട് വാഹനം മഞ്ഞില്‍ പുതച്ച മറ്റൊരു കുന്നു കയറി. വഴിലൊരിടത് "ബാബാ ഋഷി "എന്നൊരു വഴികാട്ടി കണ്ടു. കുന്നിന്‍ നെറുകയിലുള്ള ഒരു പള്ളിയിലേക്കായിരുന്നു ആ യാത്ര. "ബാബാ ഋഷി "എന്ന്‌ പേരുള്ള ഒരു ആരാധനാലയം.വഴിയോരങ്ങളിലെ മരക്കൂട്ടങ്ങളില്‍ നിറയെ പഞ്ഞിക്കെട്ടുപോലെ മഞ്ഞു നിറഞ്ഞു നിന്നു. തണുപ്പിന്‍റെ കൈകള്‍ക്ക് ഒരു പ്രാര്‍ഥനാ മന്ത്രത്തിന്റെ സാന്ത്വനം .
പണ്ട് കാശ്മീര്‍ ഭരിച്ചിരുന്ന സൈനുല്ലാബ്ദീന്‍ എന്ന രാജാവിന്‍റെ കൊട്ടാരത്തിലെ പണ്ഡിത ശ്രേഷ്ടനായിരുന്നു ബാബാ ഋഷി.
ലാര്‍ പ്രദേശത്ത് ജനിച്ച ബാബാ പായം ഉദ്ദിന്‍ ആണ് പില്‍ കാലത്ത് ബാബാ ഋഷി എന്ന്‌ അറിയപ്പെട്ടത് എന്നും പറയപ്പെടുന്നു.എങ്കിലും ബാബ  ഋഷിയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നുംതന്നെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.
ലോകത്തിന്‍റെ കഷ്ട്ടകളില്‍ മനം നൊന്തു ജീവിത സുഖങ്ങള്‍ എല്ലാം ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ച ഒരു ഋഷി വര്യന്‍ ആയിരുന്നു ബാബാ.സന്യാസം സ്വീകരിക്കുവാന്‍ വീട് വിട്ടു ഇറങ്ങുമ്പോള്‍ പത്നി ഗര്‍ഭവതി ആയിരുന്നു എന്നും, "താന്‍ മാര്‍ഗ്ഗ് "എന്ന സ്ഥലത്ത് നിന്നും മൂന്നു മൈല്‍ അകലെ ഗുല്മാര്‍ഗിനടുത്തു വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്നും,ചില വിവരണങ്ങള്‍ പറയുന്നു.
ബാബയുടെ ജീവിതത്തിന് ഭഗവാന്‍ ശ്രീ ബുദ്ധന്‍റെ ജീവിതവുമായി എവിടെയോക്കെയോ എനിക്ക് സാമ്യത തോന്നി.

പള്ളിയുടെ അല്‍പ്പം അകലെയായി ഞങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്തു.
അന്‍സാരി പറഞ്ഞത് വളരെ സത്യമാണ്. തിരക്ക് അല്‍പ്പം പോലും ഇല്ലാത്ത ശാന്ത സുന്ദരമായ ഒരിടം. പടിക്കെട്ടുകള്‍ കയറി പോയാല്‍ പഗോഡ മാതൃകയില്‍ ഉള്ള ഒരു പള്ളി കാണാം,പരിസരങ്ങളില്‍ അവിടവിടെ ഉരുകി തീരാത്ത വലിപ്പമുള്ള മഞ്ഞു കട്ടകളും .ദേവദാരു മരങ്ങളെ തഴുകി വരുന്ന തണുത്ത കാറ്റിനും എന്തെന്നില്ലാത്ത ഒരു സാന്ത്വന സ്പര്‍ശം .
അല്‍പ്പം മുന്‍പ് ദിക്കറിയാതെ ഒരു നിമിഷം ഈ ഭൂമിയില്‍ പെട്ട് പോയ നിമിഷത്തെ കുറിച്ച് അപ്പോള്‍ ഓര്‍ത്തു.
മനസ്സിന്‌ ധൈര്യം പകര്‍ന്ന്  ദൂരെ മുഴങ്ങിയ ഏതോ  പ്രാര്ത്ഥനാ മന്ത്രവും.

1480 കളിലെ ഈ ആരാധനാലയം പേര്‍ഷ്യന്‍ ,മുഗള്‍ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.അനേകം വിശ്വാസികള്‍ രാജ്യത്തിന്‍റെ നാനാഭാഗത്തുനിന്നും ഇവിടെ ഓരൊ വര്‍ഷവും എത്തുന്നു എന്നും പറയപ്പെടുന്നു.കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതികള്‍ സന്താന സൗഭാഗ്യത്തിനു വേണ്ടി പ്രത്യേക നേര്‍ച്ച അര്‍പ്പിക്കുന്നു എന്നതും ഈ ആരാധനാലയത്തിന്‍റെ സവിശേഷതയാണ് ,പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ക്ക് വേണ്ടി.ബാബാ ഋഷി അന്ത്യ വിശ്രമം കൊള്ളുന്ന ഈ പള്ളിയില്‍ ഏതെങ്കിലും രീതിയില്‍ അഗ്നി ബാധ ഉണ്ടാകുന്നു എങ്കില്‍ അത് കാശ്മീര്‍ ജനതയ്ക്ക് വരാനിരിക്കുന്ന ഏതോ അത്യാപത്തുകളുടെ സൂചനയാണ് എന്നൊരു വിശ്വാസവും കൂടി ഈ ദേശക്കാരില്‍ ഉള്ളതായി അറിയുവാന്‍ കഴിഞ്ഞു .

പടിക്കെട്ടുകള്‍ തീരുന്നിടത്ത് തോക്കേന്തിയ ഒരു ജവാന്‍ നില്‍പ്പുണ്ട്.ചെരുപ്പ് പള്ളിക്ക് പുറത്ത് ഇടണമെന്ന് അദ്ദേഹം തന്നെയാണ് ആവശ്യപ്പെട്ടതും.മാര്‍ബിള്‍ തറയില്‍ ചവിട്ടിയപ്പോള്‍ തണുപ്പിന്‍റെ വൈദ്ദ്യുത പ്രവാഹം ഉള്ളം കാലില്‍നിന്നും അരിച്ചു കയറി.അകത്തളത്തില്‍ വിരിച്ച കാര്‍പെറ്റില്‍ ചവുട്ടി ഉള്ളിലേക്ക് കയറി.
ബാബാ ഋഷിയുടെ ഖബറിടമായിരുന്നു അവിടെ.ഞങ്ങളെ കൂടാതെ അവിടെയുണ്ടായിരുന്നത് ഒരു പഞ്ചാബി കുടുംബം മാത്രം . അവരുടെ കൈ കുഞ്ഞിനു വേണ്ടിയുള്ള ഏതോ നേര്‍ച്ചയാണെന്ന് കാഴ്ചയില്‍ത്തന്നെ മനസ്സിലായി.
മതത്തിന്‍റെ അതിരുകള്‍ വിശ്വാസങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നില്ല എന്നത് മനസ്സില്‍ സന്തോഷം തോന്നിച്ചു.
പള്ളിയില്‍ ഒരു ഭാഗത്ത്‌ ഒരു ജനല്‍ പാളി പോലെ തോന്നിക്കുന്ന ഇടത്ത് പട്ടു നൂലുകളും,സ്വര്‍ണ്ണ വളകളും ,തങ്ക മോതിരങ്ങളും നേര്‍ച്ചയായി കെട്ടിയിട്ടിരിക്കുന്നതും കണ്ടു. മഞ്ഞില്‍ മൂടി കിടക്കുന്ന ഈ ഗിരി ശിഖരത്തിലും സമാധാനം തേടി, സന്തോഷം തേടി മനുഷ്യര്‍ വന്നെത്തണമെങ്കില്‍ അതിനു പിന്നിലെ അദൃശ്യ ശക്തി എന്താകും.?
തിരിച്ചിറങ്ങുമ്പോള്‍ ചിലര്‍ അവിടെനിന്നും പ്രസാദമായി എന്തോ വാങ്ങുന്നത് കണ്ടു.കാണിക്ക അര്‍പ്പിക്കണമെന്ന് യാതൊരു നിര്‍ബന്ധമില്ല. ഇഷ്ട്ടമുള്ളത്‌ കൊടുക്കാം. നിര്‍ബന്ധ പൂര്‍വ്വം കാണിക്കകള്‍ വാങ്ങുന്ന പേര് കേട്ട ആരാധനാലയങ്ങള്‍ ഓര്‍മവന്നു.മനസ്സിരുത്തി പ്രാര്‍ത്ഥിക്കുവാന്‍ പോലും സാവകാശം തരാതെ തിരക്കുകള്‍ക്കിടയില്‍ "നിസ്സഹായനായ ദൈവത്തിന്‍റെ "മുന്‍പില്‍ നമ്മള്‍ ആരുമല്ലാതായി തീരുന്ന നിമിഷങ്ങള്‍... എത്രയോ അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്.
നേര്‍ച്ചപ്പെട്ടിയുടെ അരികില്‍ ഇരിക്കുന്ന ആള്‍ ഒരു ചെറിയ പൊതിയും അല്‍പ്പം മലരും എനിക്ക് തന്നു തന്നു.പ്രസാദമായി പൊതിഞ്ഞു തന്നത് ചാര നിറത്തിലുള്ള മധുരമുള്ള ഒരു പൊടിയായിരുന്നു.
മനസ്സില്‍ ടെന്‍ഷന്‍ തോന്നുമ്പോള്‍ ഇതില്‍ ഒരു നുള്ള് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാന്‍ ആള്‍ പറഞ്ഞു.അന്ധമായി നാം  ഒന്നിലും വിശ്വസിക്കുന്നില്ല എങ്കിലും ചില നിമിഷങ്ങളില്‍ സമാധാനത്തിനു വേണ്ടി ഏതു ശക്തിയോടും അപേക്ഷിച്ച് പോകും എന്ന സത്യം ഒരു സത്യം തന്നെയാണ്.
ആള്‍ പറഞ്ഞത് സത്യമാണെങ്കില്‍ ?അതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടെങ്കില്‍ ?
ബാബ റിഷിയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ആ പൊതി ഞാന്‍ ഭദ്രമായി എന്‍റെ ഹാന്‍ഡ്‌ ബാഗില്‍ സൂക്ഷിച്ചു.ഗുല്‍ മാര്‍ഗില്‍ നിന്നും മഞ്ഞു മലയിറങ്ങി വന്ന യാത്രയിലെ ക്ഷീണം തീര്‍ത്തും ഇല്ലാതെയായി എന്നൊരു തോന്നല്‍. .
മനസ്സ് നിറഞ്ഞ്‌ അല്‍പ്പ നേരം സര്‍വേശ്വരനോട്  പ്രാര്‍ത്ഥിച്ചത് കൊണ്ടാവാം   .പള്ളിയുടെ പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ മനസ്സിന്‌ എന്തെന്നില്ലാത്ത ഉന്മേഷം.നമ്മള്‍ മനുഷ്യര്‍ എന്നും കൊതിക്കുന്നത് സാന്ത്വനവും ,സമാധാനവുമാണ്.വേദനിക്കുമ്പോള്‍ ഒന്ന് ആശ്വസിപ്പിക്കാന്‍,ഒന്ന് സ്വാന്തനിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എല്ലാ വിഷമങ്ങളും മാറും.ഈ സാന്ത്വനം നല്‍കുന്നത് ഒരു വ്യക്തിയാകണമെന്നും ഇല്ല.ചിലപ്പോള്‍ പ്രാര്ത്ഥനയില്‍  നിന്നാകാം,ചില ദര്‍ശനങ്ങളില്‍ നിന്ന് ആകാം .
പള്ളിയില്‍ നിന്നും കിട്ടിയ ആ മധുരത്തിന്‍റെ പൊതിയില്‍ എന്തുമായിക്കോട്ടേ ,അന്ന് വൈകി ഖാസി അങ്കിളിന്‍റെ വീടെത്തുമ്പോള്‍ എന്‍റെ പെട്ടിയില്‍ അത് പവിത്രമായിത്തന്നെ സൂക്ഷിക്കണം എന്ന്‌ ഞാന്‍ തീരുമാനിച്ചു.








മലയിറങ്ങുന്ന വഴിയില്‍ മഞ്ഞു മൂടിയ ഒരു ഭാഗത്തായി അന്‍സാരിയോട് ആവശ്യപ്പെട്ടു വാഹനം നിര്‍ത്തി.
കാട്ട് പാതയുടെ ഇരു വശങ്ങളിലും മഞ്ഞു പുതച്ച് കിടക്കുന്ന പ്രദേശം.ദേവദാരു പൈന്‍ ,ഫിര്‍ മരങ്ങള്‍ ധാരാളമായി നിറഞ്ഞു നില്‍ക്കുന്ന ഇരുളിമയില്‍ മഞ്ഞിന്‍റെ ശുഭ്ര നിറം കാഴ്ചകള്‍ കൂടുതല്‍ ഭംഗിയുള്ളതാക്കി.
മരങ്ങളുടെ ഇടയില്‍, കുന്നിന്‍ ചരുവില്‍,ഇലകളില്‍ എവിടെയും മഞ്ഞിന്‍റെ വിസ്മയം. റോഡിനരികിലെ മഞ്ഞു തിട്ടയില്‍ വിരലുകള്‍ കൊണ്ട് ഓര്‍മകളുടെ ചിത്രങ്ങളും അക്ഷരങ്ങളും നിറച്ചു.കുത്തനെയുള്ള മലയുടെ ചെരുവിലെ മഞ്ഞില്‍ ചവുട്ടി മുകളിലേക്ക് കയറാന്‍ ഒരു വിഫല ശ്രമം .മരങ്ങള്‍ പൊഴിച്ചിട്ട ഇലകള്‍ മഞ്ഞുമായി കൂടി കലര്‍ന്ന് വല്ലാത്ത വഴുക്കല്‍ ഉണ്ട് എന്ന്‌ തോന്നി.പരസ്പ്പരം കൈകള്‍ കോര്‍ത്ത്‌ ഭാവിയില്‍ എനിക്ക് താങ്ങാകുവാന്‍ പോകുന്ന ബാല്യത്തിന്‍റെ ചെറു കൈതാങ്ങില്‍ ഒരു സാഹസീക യാത്ര.
മഞ്ഞു മലയുടെ മുകള്‍പ്പരപ്പില്‍ എത്തി താഴെ വാഹനം കിടക്കുന്ന റോഡിലേക്ക് നോക്കിയപ്പോള്‍ ഒരാവേശം,ഒന്ന് കൂടി മുകളിലേക്ക് പോകുവാന്‍.. ..അതിനും മുകളിലെ മഞ്ഞിന്‍റെ സ്വര്‍ഗ്ഗം വശ്യമായി ആകര്‍ഷിക്കും പോലെ .സാഹസം കൂടുന്നു എന്ന്‌ തോന്നിയതിനാലാവണം അന്‍സാരിയും ,ഫയാസ്സ് ഫായിയും താഴെനിന്നും ഉറക്കെ വിളിച്ചു പറഞ്ഞു കൂടുതല്‍ മുകളിലേക്ക് പോകുന്നത് അപകടമാണെന്ന് ..ആലോചിച്ചപ്പോള്‍ സത്യമാണ് .തീരെ പരിചയമില്ലാത്ത സ്ഥലം.മഞ്ഞി ന്‍റെ പാളികള്‍ക്കിടയില്‍ പതിയിരിക്കുന്ന അഗാധ ഗര്‍ത്തങ്ങള്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. ഒരു ചുവടു വെയ്ക്കുന്നത് മഞ്ഞിന്‍റെ പൂക്കളിലെങ്കില്‍ അടുത്ത ചുവട്‌ .......

മഞ്ഞു കാഴചകള്‍ ക്യാമറയില്‍ പകര്‍ത്തി .മൂടല്‍ മഞ്ഞു കുറവായതിനാല്‍ ചിത്രങ്ങള്‍ നന്നേ വ്യക്തമായിരുന്നു. റോഡിലൂടെ സൈനീക വാഹങ്ങളില്‍ ചിലത് കടന്നു പോയി.ചില സഞ്ചാരികള്‍ മഞ്ഞു മലയില്‍ നില്‍ക്കുന്ന ഞങ്ങളെ നോക്കി ആര്‍ത്തു വിളിച്ചു കൊണ്ട് പോകുന്നതും കണ്ടു
മുകളിലേക്ക് കയറുമ്പോലെ അത്ര എളുപ്പമല്ല തിരിച്ചുള്ള യാത്ര എന്ന്‌ മനസ്സിലാക്കുവാന്‍ ഏതാനും നിമിഷങ്ങളേ  വേണ്ടി വന്നുള്ളൂ
വല്ലാതെ വഴുതി പോകുന്ന കാലടികള്‍..
ഒന്ന് കാല് തെറ്റിയാല്‍ പിന്നെ താഴെയുള്ള റോഡില്‍ ചെന്ന് നില്‍ക്കുന്ന അവസ്ഥ.
വീണ്ടും കൈകള്‍ പരസ്പ്പരം കോര്‍ത്ത്‌ ക്യാമറ കഴുത്തില്‍ തൂക്കി മലയിറങ്ങി.
മഞ്ഞിന്‍ പൂക്കള്‍ കാലടികളില്‍ ഞെരിഞ്ഞമര്‍ന്നു
വിന്‍റര്‍ ബൂട്സ് ഇല്ലാത്ത വിരലുകള്‍ തണുപ്പ് തിരിച്ചറിയാന്‍ കഴിയാത്തത് പോലെ മരവിച്ചുപോയിരുന്നു .അടുത്ത് കണ്ട ഫിര്‍ മരത്തിന്‍റെ  അരികില്‍ നിന്ന് വീണ്ടും ഫോട്ടോക്ക് പോസ് ചെയ്തു .
കാഴ്ചകള്‍ വിട്ട് തിരികെ പോകുവാന്‍ എന്‍റെ കണ്ണുകള്‍ എന്നെ സമ്മതിക്കുന്നില്ല.കണ്ണെത്താ ദൂരമെല്ലാം മഞ്ഞിന്‍റെ പുതപ്പില്‍ .

ചുവടുകള്‍ സൂക്ഷിച്ച് വീണ്ടും താഴേക്ക്‌ വെച്ച ആരുടെ കാലടികളാണാവോ പിഴച്ചു പോയത് .മറ്റൊന്ന് ചിന്തിക്കുവാന്‍ സമയം കിട്ടും മുന്‍പ് രണ്ട് മീറ്റര്‍ താഴെയുള്ള ദേവ ദാരുവിനെ സാഷ്ടാംഗം നമസ്ക്കരിച്ചു ഞാന്‍ കാശ്മീര്‍ മണ്ണില്‍ കിടക്കുന്നു .റോഡിന്‍റെ ഭാഗത്തുനിന്നും കൂവലും ,വിളിയും,ഒപ്പമുള്ളവരിലെ ചിരിയുംഎന്നെ ഉണര്‍ത്തിയപ്പോള്‍ എന്‍റെ ക്യാമറയയെയാണ് ഞാന്‍ ആദ്യം നോക്കിയത്.ഭാഗ്യത്തിന് ഒരു കുഴപ്പവുമില്ല.മഞ്ഞില്‍ മരവിച്ച എനിക്കും ഒരു പ്രശ്നവും ഇല്ല എന്ന്‌ സ്വയം സമാധാനിച്ചു.
ചിരിയും തമാശയുമായി തിരികെ കാറില്‍ കയറുമ്പോള്‍ മലമുകളിലെ മഞ്ഞില്‍ എന്നെ രക്ഷിച്ച ദേവ ദാരുവിനെ ഒരു വട്ടം ഒന്ന് തിരിഞ്ഞു നോക്കി.ഒരു കൈത്താങ്ങ്‌ തന്നതിന് ,ആ ഒരു നിമിഷത്തിന്‌ ഞാന്‍ മൗനമായി നന്ദി പറഞ്ഞു . മഞ്ഞിന്‍റെ പൂക്കള്‍ വിരിഞ്ഞ ഇലകള്‍ ഉലച്ചു എനിക്കവന്‍ യാത്ര മംഗളങ്ങള്‍ നേര്‍ന്നു.ചില ബന്ധങ്ങള്‍ അങ്ങനെയാണ് നിമിഷങ്ങള്‍ മാത്രം അനുഭവിക്കാന്‍ ഭാഗ്യം.ജന്മാന്തരങ്ങള്‍ കാണുവാന്‍ കഴിയാതെ അകന്നു പോകുന്ന ചില നൈമീഷിക ബന്ധങ്ങള്‍.......

അന്‍സാരി വാഹനം സ്ട്രാറ്റ് ചെയ്തു ,
ജമ്മു ശ്രീനഗര്‍ ഹൈവേയില്‍ എത്തിയപ്പോള്‍ തണുപ്പിനു അല്‍പ്പം കുറവ് വന്നപോലെ.
കാറിന്‍റെ ഗ്ലാസ്‌ താഴ്ത്തി കാശ്മീര്‍ നാട്ടു കാഴ്ചകളിലേക്ക് കുറച്ചു നേരം .
ബാരമുള്ള റോഡിലേക്ക് പോകുവാനുള്ള സൈനീക വാഹനങ്ങളുടെ തിരക്ക് അപ്പോഴും ഉണ്ട് .
ഹര്‍ത്താല്‍ ദിവസത്തെ ബാക്കി പത്രങ്ങളായ കല്ലും ,തടികളും വഴിയോരങ്ങളില്‍ ചിതറി കിടക്കുന്നു.ഗുല്‍ മാര്‍ഗിലേക്കുള്ള യാത്രയില്‍ ഈ കല്ലും ,മരത്തടികളും കണ്ണില്‍ പെട്ടതും ഇല്ല.
അധികം മുന്‍പോട്ടു പോകും മുന്‍പ് വഴിയില്‍ ഒരിടത്ത്‌ കുറച്ച്‌ ആള്‍ കൂട്ടം കണ്ടു .യാത്രയുടെ ക്ഷീണം കാരണം കുട്ടികളെല്ലാം അപ്പോള്‍ ഉറക്കമായിരുന്നു. അന്‍സാരി ഹോണ്‍ അടിച്ചു വാഹനം സ്പീഡ് കൂട്ടി .പെട്ടെന്ന് വഴിയോരത്ത് ഇടവഴിയില്‍ ഒന്ന് രണ്ട് സൈനീകര്‍ തോക്കുമേന്തി ഓടുന്നതും ,മറഞ്ഞു നിന്നു ഒരു സൈനികന്‍ വെടിയുതിര്‍ക്കുന്നതും മിന്നല്‍ പോലെ കണ്ണില്‍ മറഞ്ഞു പോയി ,അതിനെ പിന്‍ തുടര്‍ന്ന് പിന്നെയും കുറേ വെടിയൊച്ചകളും.
എന്തെന്നോ ഏതെന്നോ ചോദിക്കും മുന്‍പ് വാഹനം ഏറെ ദൂരം പിന്നിട്ട് കഴിഞ്ഞിരുന്നു  .
"അവിടെ എന്തോ പ്രശ്നമാണ് അത് നമ്മള്‍ അറിയേണ്ട കാര്യമില്ലല്ലോ "
എന്നായിരുന്നു അന്‍സാരിയുടെ മറുപടി.
ഒന്നും അറിയാതെ ഉറങ്ങുന്ന കുഞ്ഞുങ്ങള്‍ .
നിഷ്കളങ്ക ബാല്യം.
സമയം സന്ധ്യ മയങ്ങി തുടങ്ങി.
വിന്‍ഡോ ഗ്ലാസില്‍ കൂടെ തണുപ്പ് എന്‍റെ ഉള്ളിലേക്കും അരിച്ചിറങ്ങി .
എന്തായിരിക്കും അവിടെ നടന്നത് എന്നറിയാന്‍ ഒരു മാര്‍ഗവുമില്ല.
മുന്‍പ് കേട്ട ആ വെടിയോച്ചയുടെ ശബ്ദം കാതില്‍ നിന്നും പോകുന്നതേയില്ല .
ഫയസ്സു ഫായിയുടെ മൊബൈലില്‍ നിന്നും ആ പഴയ കാശ്മീരി ഗാനം ഒന്ന് കേട്ടിരുന്നുവെങ്കില്‍ .
ശരീരത്തിലെ മരവിപ്പ് മാറിയപ്പോള്‍ എവിടെയൊക്കെയോ വേദന തുടങ്ങിയെന്നൊരു തോന്നല്‍
മഞ്ഞിലെ വീഴ്ചയുടെ സമ്മാനമാണ് .അണച്ച് പിടിച്ച ദേവ ദാരുവിനെ ഓര്‍മവന്നു,മഞ്ഞിന്‍റെ തണുത്ത തലോടലും.
സമയം വളരെ വൈകി ഖാസി അങ്കിളിന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ ആരോ ചോദിച്ചു
"ഒന്നൂടെ മല കയറുന്നോ ....ഒരു വീഴ്ചകൂടെ......?"
കൂടെയുള്ളവര്‍ കളിയാക്കി ആര്‍ത്തു ചിരിച്ചു.
ചില വീഴ്ചകള്‍ മറ്റുള്ളവരെ ചിരിപ്പിക്കുന്നു.
വേദനകള്‍ നമുക്ക് മാത്രവും.
ഓരോ വീഴ്ചകളും ഓരോ പാഠങ്ങള്‍
ഓരോ യാത്രകളും ഓരോ അനുഭവങ്ങള്‍ ......
(തുടരും )


മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(1)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(2)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(3)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(4)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(6)



26 comments:

  1. സുജയുടെ കാശ്മീര്‍ വിശേഷങ്ങള്‍ ഓരോ ലക്കവും വളരെ താല്പര്യത്തോടെയാണ് വായിച്ചു പോരുന്നത് .
    പലപ്പോഴും പോസ്റ്റിന്‍റെ നീളം കൂടിപോകുമെങ്കിലും ഭംഗിയായി പറയുന്നത് കൊണ്ട് വായനയില്‍ മുഷിപ്പ് അനുഭവപ്പെടാറില്ല.
    കാശ്മീരിനെ , അവിടത്തെ ഓരോ അനുഭവത്തെയും ഇങ്ങിനെ വരികളിലൂടെ വീണ്ടും ജീവിപ്പിക്കാന്‍ കഴിയുന്നത്‌ ഭാഗ്യം തന്നെ. ആ യാത്ര എത്രത്തോളം ആസ്വദിച്ചു എന്നത് ഇതില്‍ നിന്നും അറിയാം.

    "അതിരുകള്‍ അറിയാതെ ഒഴുകിയ നദികള്‍ക്കറിയില്ലല്ലോ നമ്മള്‍ വേര്‍തിരിച്ചിട്ട അതിര്‍ത്തികള്‍ .
    അതിരുകള്‍ തിരിക്കുന്നതും അണകള്‍ കെട്ടി തടയുന്നതും സ്വാര്‍ത്ഥരായ നമ്മള്‍ മനുഷ്യര്‍ "

    ഈ പോസ്റ്റിലെ ഏറ്റവും നല്ല വരികള്‍ ആണിത്. ചിന്തയും ഭാവവും ഉള്ള വരികള്‍. .

    പോസ്റ്റിലെ ഓരോ അനുഭവങ്ങളും നന്നായി. അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. "അതിരുകള്‍ അറിയാതെ ഒഴുകിയ നദികള്‍ക്കറിയില്ലല്ലോ നമ്മള്‍ വേര്‍തിരിച്ചിട്ട അതിര്‍ത്തികള്‍ .
      അതിരുകള്‍ തിരിക്കുന്നതും അണകള്‍ കെട്ടി തടയുന്നതും സ്വാര്‍ത്ഥരായ നമ്മള്‍ മനുഷ്യര്‍ "
      ...............മനുഷ്യമനസ്സുകളും ഇന്ന് അതിരുകള്‍ കെട്ടി വേര്‍തിരിച്ചിരിക്കുന്നു മന്‍സൂര്‍.

      ആശംസകള്‍ക്ക് നന്ദി
      വളരെ സന്തോഷം .
      വീണ്ടും വരണം.

      Delete
  2. സുജ...കാശ്മീർ വിശേഷങ്ങൾ മനോഹരമായിരിയ്ക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ..മൻസ്സുകൊണ്ട് അക്ഷരങ്ങളിലൂടെ ഒരു കാശ്മീർ യാത്ര നടത്തുവാൻ വേണ്ടുന്ന വിഭവങ്ങളെല്ലാം സുജയുടെ വിവരണക്കുറിപ്പിൽ അടങ്ങിയിട്ടുണ്ട്.. മനോഹരമായ ചിത്രങ്ങൾ കുറിപ്പുകളുടെ മനോഹാരിത ഏറെ വർദ്ധിപ്പിയ്ക്കുന്നു. ആശംസകൾ.

    ReplyDelete
    Replies
    1. ഷിബു...
      നന്ദി ഈ വിശദമായ വായനയ്ക്കും,ആശംസകള്‍ക്കും ....
      ഇവിടേയ്ക്ക് ഇനിയും വരുമെന്ന് കരുതുന്നു.

      Delete
  3. ഞാനാദ്യമാണ്‍ ഇവിടെയെന്ന് തോന്നുന്നു.. മനോഹരമായ യാത്രാവിവരണം.. ഒരുപാട് തിരക്കുകള്‍ക്കിടയിലാണ്‍ വന്നതെങ്കിലും വായിച്ചു തുടങ്ങിയപ്പോള്‍ പൂര്‍ണ്ണമാകാതെ അവസാനിപ്പിക്കാനായില്ല എന്നതാണ്‍ സത്യം. പലവരികളും ഒരു കഥപറച്ചലിന്‍റെ വശ്യതയേകി.. ഇനിയും വരാം..ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ഇലഞ്ഞിപൂക്കള്‍ ,
      "വീണ്ടും ഓര്‍മകള്‍ക്കെന്ത് സുഗന്ധം " എന്ന പോസ്റ്റ്‌ വായിക്കുവാന്‍ ഒരിക്കല്‍ വന്നിരുന്നു ഇവിടെ, ഇപ്പോള്‍ ഈ കാശ്മീര്‍ കാണുവാന്‍ വന്നു എന്ന്‌ അറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നുന്നു .
      ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.

      Delete
  4. ആദ്യമായാണ് ഇവിടെ.
    വിശദമായി ഒന്ന് വായിക്കാനുള്ള അത്ര വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ടല്ലോ! സമയം പോലെ വീണ്ടും വരാം.
    ആശംസകള്‍

    ReplyDelete
    Replies
    1. വളരെ സന്തോഷം ജോസെലെറ്റ്‌.
      ആശംസകള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി.

      Delete
  5. കശ്മീര്‍ ഇന്ത്യയുടെ കാല്‍പനിക അനുഭവം തന്നെ. കലാപകാലങ്ങള്‍ കടന്നുപോകുമെന്നും, പഴയ പ്രതാപങ്ങളിലേക്ക് കാശ്മീര്‍ തിരിച്ചുവരുമെന്നും ആഗ്രഹിക്കുന്നു. ഇതിനിടയ്ക്കും അവിടെ പോയി നല്ല വിവരണത്തിലൂടെയും ചിത്രങ്ങളിലൂടെയും കാശ്മീരിനെ പകര്‍ന്നുതന്ന സുജയ്ക്ക് നന്ദി!

    ReplyDelete
    Replies
    1. "പഴയ പ്രതാപങ്ങളിലേക്ക് കാശ്മീര്‍ തിരിച്ചുവരുമെന്നും ആഗ്രഹിക്കുന്നു....."
      ആഗ്രഹിക്കാം അല്ലേ .
      വളരെ നന്ദി ഈ വായനയ്ക്ക്........

      Delete
  6. വിവരണങ്ങളും,ചിത്രങ്ങളും ശ്രദ്ധയോടെ വായിക്കുകയും,കാണുകയും ചെയ്തു.
    നല്ല വിഭവങ്ങള്‍ സ്വാദിഷ്ടമായി.നന്ദി.
    ആശംസകളോടെ

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി .
      വീണ്ടും ഈ വഴി വരുമെന്ന് പ്രതീക്ഷിക്കട്ടെ ......

      Delete
  7. എഴുത്താണോ ചിത്രങ്ങളാണോ കൂടുതല്‍ മനോഹരം എന്ന് പറയാന്‍ വയ്യ.

    ReplyDelete
    Replies
    1. വളരെ നന്ദി ഈ വായനയ്ക്ക്........

      Delete
  8. പവിത്രമായി സൂക്ഷിക്കേണ്ട മധുരം ഈ എഴുത്തുകള്‍ ..ഭൂമിയിലെ സ്വര്‍ഗ്ഗം വാക്കുകളില്‍ സൃഷ്ടിക്കുന്ന വയല്പ്പൂവിനു അഭിനന്ദനങ്ങള്‍ നേരുന്നു ...

    ReplyDelete
    Replies
    1. വളരെ സന്തോഷം സിയാഫ്.
      ഈ വാക്കുകള്‍ക്ക്‌ ഹൃദയം നിറഞ്ഞ് നന്ദി പറയുന്നു .
      സസ്നേഹം
      സുജ -വയല്‍പൂവുകള്‍

      Delete
  9. നല്ല യാത്രാ വിവരണം....എല്ലാ ഭാവുകങ്ങളും...ഇതിനെക്കുറിച്ച് കൂടുതലായി പറയാൻ ആഗ്രഹിക്കുന്നത് അടുത്തലക്കം ഇരിപ്പിടത്തിൽ കാണാം....എല്ലാ ഭാവുകങ്ങളും....

    ReplyDelete
    Replies
    1. വളരെ സന്തോഷം തോന്നുന്നു
      നന്ദിപൂര്‍വ്വം.
      സുജ

      Delete
  10. വായിച്ചു നന്നായി എന്റെ ബ്ലോഗ് http://etipsweb.blogspot.in/

    ReplyDelete
    Replies
    1. നന്ദി ഈ വായനയ്ക്ക്........

      Delete
  11. കാശ്മീരിനെ കുറിച്ചുള്ള അറിവുകള്‍ എന്നും ഹരം പിടിപ്പിക്കുന്നതാണ്. ഒരല്പം അസൂയയോടെ വായിച്ചു. ഈ സുന്ദരഭൂവില്‍ യുദ്ധങ്ങള്‍ ഉണ്ടാവുന്നു എന്നത് വേദനിപ്പിക്കുന്നു. ഒരു പക്ഷെ ദൈവം എല്ലാം എല്ലാവര്‍ക്കും കൊടുക്കില്ല എന്ന് പറയുന്നത് ഇതാവും അല്ലേ..സൌന്ദര്യം കൊടുത്തപ്പോള്‍ അവിടത്തെ ജനങ്ങള്‍ക്ക് മന:സമാധാനം നല്‍കിയില്ല :) കാശ്മീരിനെ പറ്റിയായത് കൊണ്ട് അതോട് ചേര്‍ത്ത് നമുക്കായി അതിര്‍ത്തികാക്കുന്ന ധീരജവാന്മാരെ ഓര്‍ക്കാതിരിക്കുവാന്‍ കഴിയുന്നില്ല. സത്യമാണ് അതിരുകള്‍ തിരിക്കുന്നത് നമ്മള്‍ വെറും പുഴുക്കളായ മനുഷ്യര്‍ തന്നെ..

    ReplyDelete
    Replies
    1. സൗന്ദര്യം കൂടുന്നിടത്ത് സമാധാനം കുറയും എന്നത് സത്യമായിരിക്കാം .....
      തീര്‍ച്ചയായും കാശ്മീര്‍ എന്ന്‌ പറയുമ്പോള്‍ മഞ്ഞിന്‍റെ തണുപ്പിനോടൊപ്പം പലപ്പോഴും നമ്മുടെ ഓര്‍മ്മയില്‍ വരിക അതിര്‍ത്തികാക്കുന്ന ആ ധീരജവാന്മാര്‍ തന്നെയാണ്.
      അവസാനത്തെ ഒരു തരി മണ്ണിനു പോലും അതിര്‍ത്തിക്കണക്കുകള്‍ പറയുന്നു മനുഷ്യരായിപ്പോയല്ലോ നമ്മള്‍ .......

      നന്ദി മനോരാജ് ഈ വായനയ്ക്ക് .വീണ്ടും വരുമല്ലോ.

      Delete
  12. നല്ല വിവരണം. യാത്രയില്‍ അനുഭവിച്ച ഭീതി വരികള്‍ക്കിടയില്‍ വ്യക്തമാണ്.

    ReplyDelete
  13. ഫിയൊനിക്സ്,
    വളരെ നന്ദി ഈ വായനയ്ക്ക്.

    സസ്നേഹം
    സുജ

    ReplyDelete
  14. നല്ല ശൈലിയില്‍, വിശദമായ വിവരണം.ഈ യാത്രക്ക് എല്ലാ ആശംസകളും....

    ReplyDelete
  15. കാശ്മീരിനെ കുറിച്ച് രോസ്ലി ചേച്ചിയുടെ "റോസാപ്പൂക്കള്‍ " എന്ന ബ്ലോഗിലാണ് ആദ്യം വായിച്ചത്. ഇപ്പോള്‍ ഈ ബ്ലോഗില്‍ കൂടെയും കാശ്മീര്‍ വായിച്ചറിയുമ്പോള്‍, കശ്മീര്‍ സന്ദര്‍ശനം എന്ന എന്‍റെ ആഗ്രഹത്തിന് ശക്തി കൂടിയിരിക്കുന്നു. നല്ല എഴുത്തിനു , അഭിനന്ദനങ്ങള്‍ ..ആശംസകള്‍ ..

    ReplyDelete

daemon tools, limewire