Saturday, June 30, 2012

മുസാഫിര്‍




മുസാഫിര്‍ ആണ്‌ പറഞ്ഞത് അന്ന് അഡ്രിയ മാളില്‍ വെച്ചുകാണാമെന്ന്. ഒരു യാത്ര പറച്ചിലായിരുന്നു ആ കൂടിക്കാ ഴ്ച്ചയുടെ അര്‍ത്ഥമെന്ന്എനിക്ക്‌ ബോധ്യം വന്നതും അവനെ നേരില്‍കണ്ടതില്‍പ്പിന്നെ മാത്രം .അവന്‍റെ ചാര നിറമുള്ള കൃഷ്ണ മണികള്‍ക്ക് പതിവിലും തിളക്കം കുറഞ്ഞോ എന്നും തോന്നി.

തിരക്കേറിയ തെരുവിലേക്ക് ഇറങ്ങിയ ഞങ്ങള്‍ അല്‍പ്പനേരം പരസ്പ്പരം മൗനം പാലിച്ചു. വെയില്‍ വീണു പൊള്ളിയ ബെഞ്ചിലെ കരിയിലകളെ ഞെരുക്കി അവന്‍ ഇരുന്നു,അരികിലായി ഞാനും. 
ദേഷ്യവും വിഷമവും വാക്കുകളായി കടമെടുത്ത്‌ ,വരാമെന്നു പറഞ്ഞ സമയം പാലിക്കാത്തതില്‍ ഞാന്‍ അവനോട് പതിവുപോലെ പരിഭവിച്ചു .
പഠിത്തം ഉപേക്ഷിക്കുന്നുവെന്നും നാട്ടിലേക്ക് ഉടന്‍ തിരികെപ്പോകുമെന്നും അവന്‍ പറഞ്ഞത് എന്നെ വല്ലാതെ വേദനിച്ചു. 
വഴിയോരക്കടയില്‍ നിന്നും ചൂടുള്ള കോഫി കുടിച്ച് എന്‍റെ നാവു പൊള്ളവേ കത്തിയെരിയുന്ന തന്‍റെ ജന്മനാടിനെക്കുറി ച്ചും അവന്‍റെ പ്രിയപ്പെട്ട കുടുംബ ത്തെക്കുറിച്ചും അവന്‍ സങ്കടം പറഞ്ഞു.
"ഇനി ഒരിക്കലും നമ്മള്‍ കാണില്ലേ?" എന്നുള്ള എന്‍റെ ചോദ്യം വിധിക്ക് വിട്ടുകൊടുത്ത് അന്ന് അവന്‍ യാത്രപറഞ്ഞു .

തീര്‍ത്തും അവിചാരിതമായി വീണ്ടും ഒരിക്കല്‍ കൂടി ഞങ്ങള്‍ കണ്ടു.ജുഹു ബീച്ചില്‍ വെച്ച്‌.
ഒരു പുതുവര്‍ഷദിനത്തിന്‍റെ തലേന്നുള്ള ആഘോഷ വേളയില്‍.. 
ഒരു ചാണ്‍ തുണിയില്‍ നാണം മറച്ച ഒരു ജെര്‍മ്മന്‍കാരിയോടൊപ്പം തോളുരുമ്മി നടന്നു പോകുന്ന മുസാഫിര്‍ . 
വെറും "ഹായ് "യില്‍ പരിചയം പുതുക്കുവാനുള്ള ഒരു ധൈര്യം അവനെപ്പോലെ അപ്പോള്‍ എനിക്കില്ലാതെ പോയി.
ആ ജെര്‍മ്മന്‍ സുന്ദരിയോട്‌ ചുണ്ടുകള്‍ കോര്‍ത്ത്‌ ഒരു വെസ്റ്റേണ്‍ "ബൈ "പറഞ്ഞ അവന്‍ എനിക്കൊരു കോഫീ ഓഫര്‍ ചെയ്തു.മേശയുടെ ഇരു ധ്രുവങ്ങളില്‍ ഞങ്ങള്‍ ഇരിക്കവേ ജന്മ നാടായ പാലസ്തീനെ കുറിച്ച് അവന്‍ വാതോരാതെ സംസാരിച്ചു ,തകര്‍ന്നുപോയ അവന്‍റെ കുടുംബത്തെക്കുറിച്ചും .
ഇസ്രയേലിനെ അവന്‍ ചീത്ത വിളിച്ചു ,സ്വന്തം നാടിന്‍റെ അസ്ഥിത്വം കളഞ്ഞ്‌ വിദേശത്തലയുന്ന ഇന്ത്യന്‍ ജനതയെ പറ്റിപ്പ റഞ്ഞപ്പോള്‍ മാത്രം ഞാന്‍ പ്രതികരിച്ചു.എന്നിലുണ്ടായ മാറ്റങ്ങളില്‍ ഞാന്‍പൂര്‍ണ്ണ ബോധവതിയായിരുന്നതിനാല്‍ അവന്‍ ഏറെ മാറിപ്പോയി എന്നതില്‍ ഒരത്ഭുതവും എനിക്ക് തോന്നിയില്ല .
അത് ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയായിരുന്നു. 

ഡല്‍ഹിയില്‍ ഋതുക്കള്‍ മാറിയും മറിഞ്ഞും കണക്കുകള്‍ തെറ്റിച്ചു വന്ന കാലം.ബോംബെ കത്തിയെരിഞ്ഞ ഒരു നവംബര്‍ സന്ധ്യക്ക്‌ പാലികാ ബസാറിനടുത്തുള്ള മെട്രോ സ്റ്റേഷനിലെ ഫ്ലാറ്റ്‌ സ്ക്രീനില്‍ പലവട്ടം തെളിഞ്ഞ വന്ന ജീവനില്ലാത്ത ഒരു മുഖത്തിന്‌ അവന്‍റെ നേരിയ ഛായ ഉണ്ടായിരുന്നു .സി എസ്സ് ടി റെയില്‍വേ സ്റ്റേഷനില്‍ ചിതറിക്കിടന്ന ബാഗുകളില്‍ ഒന്ന് അവന്‍റെതെന്ന്‌ എന്‍റെ മനസ്സ് സംശയിച്ചു.

മെട്രോയുടെ പടിക്കെട്ടുകള്‍ ഇറങ്ങവേ അവന്‍റെ ആ പഴയ ഫോണ്‍ നമ്പറില്‍ വളരെ നാളുകള്‍ക്ക്‌ ശേഷം അന്ന് ഞാന്‍വിളിച്ചു .
എനിക്കൊരു മറുപടിയെന്നോണം അവസാനമില്ലാതെ ജഗജിത് സിംഗിന്റെ ഗസല്‍ കേട്ടുകൊണ്ടേയിരുന്നു .

ഇന്ന് ,ഇപ്പോള്‍ അതേ നമ്പറില്‍ വീണ്ടും ഞാന്‍ വിളിച്ചു,
കേള്‍ക്കുന്നത് "ഇങ്ങനെ ഒരു നമ്പര്‍ നിലവില്‍ ഇല്ല" എന്ന പെണ്‍ മൊഴിയും .






ചിത്രം :ഗൂഗിള്‍ 

23 comments:

  1. നമ്പറില്‍ സീറോ ചേര്‍ക്കണം .എന്നിട്ടും കിട്ടുന്നില്ലെങ്കില്‍ നമ്പര്‍ ബി എസ് എന്‍ എല്ലിന്റെയാണോ എന്ന് ചെക്ക് ചെയ്യുക .പിന്നെയും കിട്ടുന്നില്ല എങ്കില്‍ അത് തന്നെ ..കുറച്ചു സമയത്തിനു ശേഷം വീണ്ടും വിളിക്ക്കൂ .കഥ തീരെ ഇഷ്ടമായില്ല എന്ന് കൂടി പറയട്ടെ .യാതൊരു ഫീലും കിട്ടുന്ന്നില്ല കഥയില്‍ നിന്നും .

    ReplyDelete
  2. പഴയ സൗഹൃദങ്ങളും കണ്ടു മുട്ടലുകളും ചിലപ്പൊ ആ അവസാന പെണ്മൊഴിയെന്നു സാരം, "ഇങ്ങനെ ഒരു നമ്പര്‍ നിലവില്‍ ഇല്ല" എന്ന പെണ്‍ മൊഴി

    ReplyDelete
  3. സുജയുടെ നല്ല രചനകള്‍ വായിച്ചിട്ടുള്ളതുകൊണ്ടും, കൂടുതല്‍ പ്രതീക്ഷിക്കുന്നതുകൊണ്ടുമാകാം ഈ കഥക്ക് ഒരു കമന്റും പറയാന്‍ തോന്നാത്തത്!

    ReplyDelete
  4. എഴുത്തിനും ആരോഗ്യത്തിനും ആശംസകള്‍ ,പ്രാര്‍ത്ഥനകള്‍.

    ReplyDelete
  5. ഇഷ്ടായി സുജാ.. പതിവുശൈലിയില്‍ നിന്നും മാറിപറഞ്ഞൊരു മിനിക്കഥ.

    ReplyDelete
  6. സ്ക്രീനില്‍ എന്ന പോലെ കഥയിലൂടെ പല രംഗങ്ങള്‍ മിന്നി മറഞ്ഞു പോയി. വ്യക്തത ഇല്ലാതെ, എന്നാല്‍ സൗഹൃദം, കലാപം, ലഹരി, പ്രണയം, മനസ്സുകളുടെ ഒറ്റപ്പെടല്‍ അങ്ങിനെ പലതും ചേര്‍ത്തു വായിക്കാന്‍ ഉണ്ട് താനും.

    ReplyDelete
  7. ഇന്റര്‍നാഷണല്‍ കഥ...അവിശ്വസനീയവും.

    ReplyDelete
  8. കുറഞ്ഞു പോയോ കഥയുടെ ദൈര്ഘ്യം എഴുതുക കൂടുതല്‍ വായിക്കുക ആശംസകള്‍

    ReplyDelete
  9. അനുഭവം തന്നെയല്ലേ എഴുത്തിന്റെ ഉദ്ഭവം..ഉള്‍ ഭാവം !ആശംസകള്‍ !!

    ReplyDelete
  10. ആദ്യായാ ഞാന്‍ വയല്‍ പൂവുകളില്‍ വന്നത് ...!
    കഥ വായിച്ചു ...ഇനിയും വായിക്കാന്‍ വരുന്നുണ്ട് ...!!

    ReplyDelete
  11. കഥയുടെ ഘടനയും, ഗതിയും ഇഷ്ടമായി......

    ReplyDelete
  12. കഥ വായിച്ചു.ഉള്ളില്‍ കൊണ്ടു.

    ReplyDelete
  13. ഈ മുസാഫിര്‍ പലസ്തീനിയാണോ.. ഒരു ക്ലാരിറ്റി കുറവ്.

    ReplyDelete
  14. കഥയ്ക്ക് ഭയങ്കര സ്പീഡ്‌. ഒരു ക്ലാരിറ്റി കുറവും. ന്യൂ ജെനറേഷന്‍ സിനിമ കണ്ടിറങ്ങിയപോലെ .....

    ReplyDelete
  15. ----------------------------
    മുസാഫിര്‍ ( യാത്രക്കാരന്‍), ആ പേരിനെ അനര്‍ത്ഥമാക്കി മറ്റൊരു ലോകത്തേക്ക് കഥാപാത്രം യാത്രയായി ,,സമകാലിക ലോകത്തില്‍ സംഭവിക്കാവുന്ന ഒരു കഥ ,,ആശംസകള്‍!!!
    ---------------------------

    ReplyDelete
  16. ഈ കഥ തിരക്കുപിടിച്ച് മിനിക്കഥയാക്കേണ്ടിയിരുന്നില്ലെന്നാണ് എന്‍റെ
    അഭിപ്രായം.സംഭവബഹുലമായ കഥയ്ക്ക് ദുര്‍ഗ്രഹത സംഭവിച്ചത്
    സൂചനകളുടെ അഭാവം മൂലമാണ്.
    ആശംസകള്‍

    ReplyDelete
  17. ചുരുങ്ങി ചുരുങ്ങി ഇല്ലാതായ ഒരു സുഹൃത്ത് സ്മരണ!!
    കഥയ്ക്ക് നീളം കുറഞ്ഞാലും കൂടിയാലും കുറ്റം :)

    ReplyDelete
  18. എത്ര പെട്ടെന്ന് ഇല്ലാതാവുന്നു
    ചില വാക്കുകള്‍.

    ReplyDelete
  19. ഒട്ടും ഇഷ്ടമായില്ല എന്ന് പറയുന്നതില്‍ സങ്കടമുണ്ട്.. ഈ വയല്പൂവില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നത് തന്നെ കാരണം ...!

    ReplyDelete
  20. എഴുതുന്നത്‌ പലപ്പോഴും എഴുത്തുകാരന്റെ സ്വകാര്യതയിലാണ് . എഴുത്തുകാരന്റെ ചുറ്റുവട്ടത്തിലും അപ്പോള്‍ ആരും ഉണ്ടാവില്ല. അയാളുടെ മാത്രം ലോകം. എന്നാല്‍ അത് വായനക്കാരുടെ മുന്നിലേക്ക്‌ ഇട്ടുകൊടുക്കുമ്പോള്‍ ആണ് പ്രശ്നം . വായനക്കാരന്‍ തന്റെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം എടുത്താണ് വായിക്കുന്നത്. എഴുത്തുകാരന്‍ "ഇത് ഞാന്‍ ഇങ്ങനെ വിചാരിച്ച് എഴുതിയതാണ്. ഇത് ഇങ്ങനെ വായിക്കണം" എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. സ്വതന്ത്രമായി നില്‍ക്കുന്ന രചനകള്‍ നിലനില്‍ക്കും . മുസാഫിര്‍ എന്നാ രചനയുടെ കുഴപ്പം അവിടെയാണ്.

    ReplyDelete
  21. വീണ്ടും കണ്ടുമുട്ടിയ ശേഷം ഒന്നും അങ്ങട് കത്തുന്നില്ല! എന്താണോ എന്തോ!

    ബൈ ദി ബൈ, ആ ജര്‍മന്‍ കാരിയെ കുറച്ചു നേരം കൂടി വിവരിക്കാമായിരുന്നു :-)

    വീണ്ടും എഴുതുക, ആശംസകള്‍ :-)

    ReplyDelete
  22. സുഖമാണോ? കഥയുടെ തീം നന്നായി. സുജക്ക്‌ കുറച്ചൂടെ നന്നായി പറയാമായിരുന്നു ഈ കഥ... സുജയുടെ മറ്റു രചന്കളോട് താരതമ്യം ചെയ്യുമ്പോള്‍ ഉള്ള തോന്നല്‍...
    എഴുത്തിന് ആശംസകള്‍... നന്മ നേരുന്നു.

    ReplyDelete

daemon tools, limewire