Sunday, September 16, 2012

കുമരംപേരൂരിലേക്കുള്ള വഴി (3 )


മഴമുല്ല പൂവിട്ടനാള്‍  





കുമരം പേരൂരില്‍ വീണ്ടും വരുന്നു എങ്കില്‍ അതൊരു   മഴക്കാലത്ത്‌   തന്നെ ആവണമെന്ന് ആഗ്രഹിച്ചിരുന്നു.നിറഞ്ഞൊഴുകുന്നആറിന്‍റെ  തീരത്തിരുന്ന്  ഈ  കാടിന്‍റെ   പരിഭവം കേള്‍ക്കണം,പൂത്ത് മറിഞ്ഞ ആറ്റു വഞ്ചിയില്‍നിന്നും കൊഴിഞ്ഞു വീണ പൂവുകള്‍ പുഴയുടെ തെളിനീരില്‍  ഒഴുകി വരുന്നത് കാണണം,തിമര്‍ത്തു പെയ്യുന്ന പുതു മഴ കാടിനേയും,പുഴയേയും പ്രണയിക്കുന്നത്‌ കണ്ടിരിക്കണം..........


മഴക്കാലത്താവും  അച്ഛന്‍ കോവിലാര്‍ കൂടുതല്‍ സുന്ദരിയാവുക.കിഴക്കന്‍ മലകളില്‍ നിന്നും ജന്മം കൊണ്ട്  " തൊണ്ണൂറ്  തോടും ,തൊണ്ടിയാറും ചേര്‍ന്ന " എന്ന് പഴമക്കാര്‍ പറയുന്നവള്‍. ,പണ്ട്  കാടിന്‍റെ അതിര്‍ത്തികളില്‍ എന്നോ പൂവിട്ട  നീലക്കൊടുവേലിയുടെ മിത്തുകള്‍  കെട്ടു  പിണഞ്ഞു  കിടക്കുന്ന  അഗാധതയുടെ കഥകള്‍ മനസ്സില്‍ നിറച്ചവള്‍ , എത്ര തിരഞ്ഞിട്ടു എനിക്ക് കാണുവാന്‍ കഴിയാത്ത ആ നീലക്കൊടുവേലി പൂക്കളുടെ സുഗന്ധം പേറി ഇന്നും  ഒഴുകുന്നവള്‍......................... ........
 കിഴക്കു  നിന്നും  ഒഴുകിവരുന്ന   മഴവെള്ളം നിറഞ്ഞ്,പലതരം  കാട്ടിലകളും പൂക്കളും നിറച്ച്‌   വീണ്ടും അവള്‍ എന്നെ മോഹിപ്പിച്ച്  ഒഴുകുന്നു .......
 ബാല്യം എത്ര മനോഹരം !

നീര്‍ നിറഞ്ഞ് നീ വീണ്ടും ഒഴുകുമ്പോള്‍ ......

തെളിനീരില്‍ അവര്‍ കണ്ണാടി നോക്കുമ്പോള്‍ ....നീയോ മണലില്‍ ചിത്രം വരയ്ക്കുന്നു........

നൂലായി മാറുമോ ഈ പുഴയും...............


 അതിരുകള്‍ എപ്പോഴും എനിക്ക് വിലങ്ങുകളാണ് "നല്ല ഒഴുക്കാണ് വെള്ളത്തിലേക്ക്‌  ഇറങ്ങണ്ട "ത്രെ.കുമരം പേരൂരിന് ഇന്നും ഞാന്‍ ചെറിയ കുട്ടിയാണ്.
മുളപൊട്ടിയ പുതു ചെടികള്‍ക്ക് ഞാന്‍ അന്യയെങ്കിലും ഈ മണ്ണിന്‍റെ  .സുഗന്ധം എന്നെ ഇപ്പോഴും  തിരിച്ചറിയുന്നുണ്ട്.പുതിയ പൂക്കള്‍ ,പുതിയ ഇലകള്‍ .പഴമയുടെ  വേരോടുന്ന മണ്ണില്‍ എന്നെ വരവേല്‍ക്കാന്‍ എല്ലാം പുതുമനിറച്ചു നില്‍ക്കുന്നു. 
.

പൊട്ടിത്തകര്‍ന്ന കിനാക്കള്‍.......

തണുത്ത വെള്ളത്തില്‍ ഇറങ്ങി തോട് കടന്ന് കാട്ടിലേക്ക് ......കഴിഞ്ഞ  മലവെള്ളപ്പാ ച്ചിലില്‍ തോടിനു കുറെകെയുള്ള പാലം തകര്‍ന്നു പോയിട്ടുണ്ട് കാടിന്‍റെ അതിര്‍ത്തിയിലെ  തേക്കുമരങ്ങള്‍ വെട്ടി മാറ്റി പുതു വൃക്ഷ തൈകള്‍  വെച്ചിരിക്കുന്നു എന്ന് കേട്ടത് ഓര്‍മവന്നു.ഞാന്‍ പ്രണയിച്ചിരുന്ന കാടിന്‍റെ ആ ഇരുളിമ നഷ്ട്ടപ്പെട്ടപോലെ .പുതുനാമ്പുകള്‍ തളിര്‍ത്ത് വരുന്ന അശോകച്ചെടികള്‍ക്ക് എന്നെ തീരെ പരിചയമില്ല.
 പണ്ട് ഈ തോട് കടന്നായിരുന്നു കുമരം പേരൂരിലെ പൈക്കിടാങ്ങള്‍ കാട്ടില്‍ തീറ്റ തേടി  പോയിരുന്നത് .തോടിന്‍റെ  ഓരം  ചേര്‍ന്ന പഴയ തറവാട്ടു സ്ഥലം റബ്ബര്‍ നിറഞ്ഞു  നില്‍ക്കുന്നു. തേക്ക് മരങ്ങള്‍ വെട്ടിയിട്ടും നോവേല്‍ക്കാതെ ആ പഴയ ആ ചീനി മരം ആകാശം തൊട്ട് അവിടെത്തന്നെയുണ്ട്‌.


ഭൂമിയോട്പിണങ്ങി......ആകാശം തൊട്ട ചീനിമരം 



ഇവിടെ എവിടെയോ ആയിരുന്നുഊരാളിക്ക്‌ നേര്‍ച്ച വെച്ചിരുന്ന ആ കുഞ്ഞു വൃക്ഷം 

വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഊരാളി  നേര്‍ച്ച ഓര്‍മ വരുന്നു.
പണ്ട് കാട്ടില്‍ വിറകു ശേഖരിക്കാന്‍ പോകുന്നവര്‍ വെറ്റിലയും,പാക്കും പുകയിലയും,ചുണ്ണാമ്പും  കൂടി വെക്കും ഈ മരത്തിനടുത്തെവിടെയോ .
"ഇതാരാ  എടുക്ക ?"എന്ന എന്‍റെ ബാലിശമായ ചോദ്യത്തിന് ഒരിക്കല്‍കുഞ്ഞമ്മ പറഞ്ഞു 

 " ഊരാളിക്ക് നേര്‍ച്ച വെക്കണതാ "ന്ന് .
വൈകിട്ട് ആകുമ്പോഴേക്കും ഊരാളി വന്ന്‍ നേര്‍ച്ച എടുക്കുമത്രേ 
ആരാണ് ഈ "ഊരാളി" എന്ന് അറിയില്ല,അന്ന് ചോദിച്ചതുമില്ല .
പണ്ട് ആറ്റില്‍ പോയി വൈകി തിരികെ വരുമ്പോള്‍ ചീനി മരത്തിനെ വരിഞ്ഞു മുറുക്കിയ ഇരുട്ടിലേക്ക്   ഞാന്‍ ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു "ഊരാളി" വന്നു നേര്‍ച്ച എടുത്തിട്ടുണ്ടകുമോന്ന് അറിയാന്‍..
"അങ്ങോട്ട്‌ നോക്കണ്ട  കുട്ടി.......ഇരുട്ടിലവിടെ അവര്‍ മുറുക്കാന്‍ ചവക്കുകയാവും.നമ്മള്‍ നോക്കിയാല്‍ അവര്‍  നേര്‍ച്ച   എടുക്കാതെ പോകും "
നോക്കിപോയല്ലോ എന്ന കുറ്റബോധവും,അകാരണമായ ഭയവുമായിരുന്നു മനസ്സില്‍ അന്ന് .
നോട്ടം തെറ്റി  മാറ്റിയ തണുത്ത കരങ്ങളുടെ കുളിര്‍മ്മ ഇപ്പോഴും ഓര്‍ക്കുന്നു. 
മാനം തൊട്ടു നില്‍ക്കുന്ന ചീനി മരത്തിന്‍റെ  ചുവട്ടില്‍  ഊരാളിക്ക് മുറുക്കാന്‍ കൂട്ട് വെക്കുന്ന ആ ചെറിയ മരം ആരോ വെട്ടിക്കളഞ്ഞിരിക്കുന്നു. .വിശ്വാസത്തിന്‍റെ  മതില്‍ കെട്ടുകള്‍  മുറുകുമ്പോള്‍ ഇന്നും ഊരാളിക്ക് ആരെങ്കിലും നേര്‍ച്ച വെക്കുന്നുണ്ടാകുമോ  ...?
എന്‍റെ സംശയം തീര്‍ക്കാന്‍ ഇന്ന് ആരും  അരികിലില്ല.അകാലത്തില്‍ സ്വര്‍ഗത്തിലേക്ക് പറന്ന് പോയ എന്‍റെ കുഞ്ഞമ്മയുടെ വേദനിക്കുന്ന ഓര്‍മ്മകള്‍ മാത്രം ഒരു നോവായി ഇപ്പോഴും ഉണ്ട്.

ചീനി മരത്തോടു ചേര്‍ന്ന് ഇന്ന് ഫോറെസ്റ്റ് സ്റ്റേഷന്‍റെ അടുക്കളയും മറ്റുമായി ചെറിയ  ഒരു കോണ്‍ ക്രീറ്റ് കെട്ടിടം ഉയര്‍ന്നിട്ടുണ്ട്.
കാടിന്‍റെ അതിര്‍ത്തിയില്‍ പണ്ടേയുള്ള ഫോറെസ്റ്റ് ചെക്ക്‌ പോസ്റ്റിന് ഒരു മാറ്റവുമില്ല .അതിര്‍ത്തി കടക്കാന്‍ ഇന്നും വാഹനങ്ങള്‍ക്ക് അനുവാദം വേണം .


തുരുമ്പെടുത്ത നിയമങ്ങള്‍ 
 വാഹനത്തില്‍ വന്നിരിന്നുവെങ്കില്‍ ഒരു പക്ഷെ കുമരം പേരൂര്‍  കാടിന്‍റെ അതിര്‍ത്തി    എനിക്കും സ്വാതന്ത്ര്യം നിഷേധിക്കുമായിരുന്നു 
ചെക്ക്‌ പോസ്സ്റ്റിനരികിലായി ജീര്‍ണിച്ചു തുടങ്ങിയ ഒന്ന് രണ്ട് തടിക്കഷണങ്ങള്‍  കണ്ടു.


ജീര്‍ണിച്ച ഓര്‍മ്മകള്‍....

ഒരോ സ്വപ്നവും ശേഷിപ്പിക്കുന്നത്............

ഇനിയും ഇവിടെ എത്രനാള്‍ ...........?

പണ്ടത്തെ കടത്തു വള്ളമാണ് 
എത്രയോനാള്‍ ഇതേ   വള്ളത്തില്‍ അമ്മയോടൊപ്പം ഞാന്‍  ഈ പുഴ കടന്നിട്ടുണ്ട്.
പണ്ട് സ്കൂളില്‍ പോകുവാന്‍ തീരത്ത് ഓടി എത്തുമ്പോഴേക്കുംഅക്കരെപോകാന്‍ വഞ്ചി തിരക്കിട്ടു നില്‍പ്പുണ്ടാവും .ആളുകള്‍ തിങ്ങി നിറഞ്ഞ വഞ്ചിയിലെ ഇരിപ്പിടത്തില്‍ എന്നെ  ചേര്‍ത്ത് പിടിച്ചിരിക്കുന്ന അമ്മയോടൊപ്പം കലങ്ങി മറിഞ്ഞൊഴുകുന്ന   വെള്ളത്തിലേക്ക്‌ നോക്കി ഞാന്‍ എത്രവട്ടം ഭയന്നിരുന്നിട്ടുണ്ട്.അന്ന് ടാറിടാത്ത കുമാരംപേരൂര്‍ റോഡില്‍ വാഹന സൗകര്യങ്ങളും തീരെകുറവായിരുന്നു. 

പണ്ട് ആറിന്‍റെ അക്കരെയുള്ള കല്ലേലി തോട്ടം ഭാഗത്തേക്ക് പോകുവാന്‍ കുമരം പേരൂര്‍ കര്‍ഷകര്‍ ആശ്രയിച്ചിരുന്നത് ഇതേ  കടത്ത് വഞ്ചിയെ  ആയിരുന്നു.അതിലും വളരെ മുന്‍പ്‌  സായിപ്പിന്‍റെ തേയില തോട്ടത്തില്‍ പണിയെടുക്കുവാന്‍ പോകുന്നവര്‍,നാട്ടിലെ കൃഷിയിടങ്ങളില്‍ വിളഞ്ഞ വിളകള്‍ വില്‍ക്കുവാനും കിട്ടുന്ന  പൈസക്ക് കല്ലേലി തോട്ടം ചന്തയില്‍ നിന്നും പുതു സാധങ്ങള്‍ വാങ്ങുവാനും  പോകുന്നവര്‍ ഒക്കെ കടത്ത്‌ കടന്നിരുന്നതും  ഇതേ വഞ്ചിയിലായിരുന്നു .പിന്നൊരുനാള്‍ മധുവിധു സ്വപ്നങ്ങളുമായി ആഴങ്ങളിലേക്ക് ആണ്ടുപോയ  പ്രണയം നിറച്ച ഹൃദയങ്ങള്‍ അവസാന യാത്ര ചെയ്തതും ഇതേ വഞ്ചിയില്‍ ........
 ഇന്ന് കടവില്‍ കടത്തു വഞ്ചിയില്ല. വഞ്ചി തുഴയാന്‍ ആര്‍ക്കും പരിചയവുമില്ല. അക്കരയ്ക്ക് ഇന്ന് ആര്‍ക്കും പോകണ്ട .
അത്രത്തോളം നിറഞ്ഞ് കവിഞ്ഞ്‌ ഇപ്പോള്‍ ഈ പുഴ ഒഴുകുന്നതും വല്ലപ്പോഴും മാത്രം .
ജീര്‍ണിച്ചു മണ്ണോടു ചേരുന്ന ഓര്‍മയായി ഈ കടത്തു വഞ്ചി ഇവിടെ ഇനി എത്ര നാള്‍...........................
കുമരംപേരൂര്‍ ഫോറസ്സ്ട്ട്‌ സ്റ്റേഷന്‍   

പണ്ട് കുമരം പേരൂര്‍ കാടുകളില്‍ മേഞ്ഞുനടന്ന കാലിക്കൂട്ടങ്ങള്‍ ഇന്ന് അന്യം നിന്നു പോയി എന്ന് പലപ്പോഴും പരിഭവിച്ചിരുന്നു ഞാന്‍...
കാലിത്തീറ്റ തിന്നുന്ന കന്നുകളേയും  കവര്‍ പാല്‍ കുടിക്കുന്ന ബാല്യങ്ങളേയും   ഓര്‍ത്ത് വേദനിച്ച് ,ജീവിതത്തില്‍ ഒരിക്കലും ഇനി അങ്ങനെ ഒരു  കാഴ്ച  കാണുവാന്‍ കഴിയില്ല   എന്നും  കരുതിയിരുന്ന ഞാന്‍  കാടിറങ്ങി വരുന്ന പൈക്കളെ കണ്ട്‌  അത്ഭുതപ്പെട്ടു.വെളുത്ത്‌ കൊഴുത്ത പൈയ്ക്കിടാങ്ങള്‍ കാടിറങ്ങി നാട്ടിലേക്ക്.
ഇവരുടെ കഴുത്തില്‍ കയറിട്ട പാടുകളോ ,കുടമണിയൊ ഇല്ല .
ഈ കാലികൂട്ടങ്ങള്‍ കാട്ടില്‍ വളരുന്നവയെന്നത്‌ എന്‍റെ ജന്മനാടിനെ കുറിച്ചുള്ള  പുതുമയുള്ള അറിവുകളില്‍ ഒന്നായി.
കോലക്കുഴല്‍ വിളി കേട്ടോ..........

ഇനിയും വരാഞ്ഞതെന്തേ.......?




ആകാശം ഒന്ന് മയങ്ങിയ വേള .....

മധുരം ആവോളം നുകരട്ടെ.................

നാട്ടുകാര്‍ പറഞ്ഞു തന്ന കഥയിങ്ങനെ 
ആറിനക്കരെയുള്ള കല്ലേലി തോട്ടം നിവാസികളുടെ കന്നിന്‍ കൂട്ടങ്ങള്‍ മുന്‍പ്‌ ആറ്‌ കടന്ന്‌ കുമരംപേരൂര്‍ കാട്ടില്‍ വരിക പതിവായിരുന്നു.
ഒരിക്കല്‍ കാട്ടില്‍ മേയുവാന്‍ വന്ന ഒരു കൂട്ടം കാലികള്‍ക്ക്‌ മലവെള്ളപാച്ചിലില്‍ നിറഞ്ഞൊഴുകുന്ന അച്ഛന്കൊവിലാര്‍  കടക്കാന്‍ നിവാഹമില്ലാതെ കാട്ടില്‍ കഴിയേണ്ടിവന്നു..മഴപോയി വെള്ളം വറ്റി വഴിതെളിഞ്ഞിട്ടും  ഇവര്‍ സ്വന്തം വീട്ടിലേക്ക് തിരികെ പോയില്ല.തങ്ങളുടെ കാലിക്കൂട്ട ങ്ങളെ തേടിവന്ന ഉടമസ്ഥര്‍ കാടായ കാടൊക്കെ തിരഞ്ഞിട്ടും ഒന്നിനെ പോലും കണ്ടുകിട്ടിയതുമില്ല. ദിവസങ്ങളും ആഴ്ചകളും നീണ്ടു നിന്ന അന്വേഷണത്തിനൊടുവില്‍ നിരാശരായി അവര്‍ തിരികെ മടങ്ങിയപ്പോള്‍ കാട്ട് പൊന്തകളില്‍ ഒളിച്ചിരുന്ന കന്നുകള്‍ ആഹ്ലാദം പങ്കിട്ടു കാണണം.നാടിനേക്കാളും  എന്തുകൊണ്ടും   സ്വസ്ഥം കാടാണെന്ന് ഈ മിണ്ടാപ്രാണികള്‍ അറിഞ്ഞിരിക്കണം.
പിന്നെ കുടുംബമായി കുട്ടികളായി കാട്ടില്‍ത്തന്നെ അവര്‍ സ്ഥിര താമസവുമാക്കി .
കുമരംപെരൂരിലെ സായാഹ്നങ്ങള്‍ ചിലവഴിക്കാന്‍ ഇവര്‍ കൂട്ടത്തോടെ കാടിറങ്ങി നാട്ടിലേക്ക് വരുന്നു,കൃഷിയിടങ്ങളില്‍ യഥേഷ്ടം സ്വര്യ വിഹാരം നടത്തുന്നു, ആര്‍ക്കും പിടിതരാതെ കണ്ണു വെട്ടിച്ചു കാട്ടിലേക്ക് മയുന്നു
ആ വൈകുന്നേരം ഞാനാ കാലിക്കൂട്ടങ്ങളെ നേരില്‍ കണ്ടു.പറഞ്ഞുകേട്ട അത്ഭുതം നേരില്‍ കണ്ടപ്പോള്‍ അനിര്‍വചനീയമായ ആഹ്ലാദവും.ക്യാമറയും കൊണ്ട് അടുത്തേക്ക്‌ വരുന്ന എനിക്കുവേണ്ടി അവരില്‍ ചിലര്‍ പോസ്സു ചെയ്തു പച്ചപ്പുനിറഞ്ഞ കാടിന്‍റെ വഴിയിടങ്ങളില്‍ വിശ്രമിച്ചു കിടക്കുന്ന അവരില്‍ പലരും എന്നെ കണ്ടതിലുള്ള പരിഭ്രമം കണ്ണിലോളിപ്പിക്കുന്നുണ്ടായിരുന്നു.കൂട്ടത്തില്‍ പശുക്കുട്ടികളും ,ഒരു മൂരിക്കുട്ടനും നിറവയറോടെ  ഒരു കന്നും  ഉണ്ടായിരുന്നു.ഇവള്‍ ജന്മം നല്‍കുന്ന കുഞ്ഞിന് മതിവരുവോളം അമ്മയുടെ പാല്‍ കുടിച്ചു വളരാമല്ലോ എന്നോര്‍ത്തു. 
മനുഷ്യരുടെ സ്പര്‍ശനം ഒരിക്കല്‍പോലും ഏല്‍ക്കാത്ത ആ കാലികൂട്ടങ്ങള്‍ കാഴചയില്‍ അതീവ സുന്ദരികളായിരുന്നു. നാടിനെ വെറുത്തു കാടിനെ സ്നേഹിച്ചവര്‍.

ചിലപ്പോള്‍ നാട്ടിലെത്തുന്ന പശുക്കളെ ചിലര്‍ കെട്ടിയിടാറുണ്ടത്രേ .പാല് കറന്നെടുത്ത് പകരംവെള്ളവുംതീറ്റയും  നല്‍കി വീണ്ടും അഴിച്ച്‌ കാടിന്‍റെ ലോകത്തേക്ക് .....നമ്മള്‍ മനുഷ്യര്‍ എന്ത്  സ്വാര്‍ത്ഥരാണെന്ന് അവര്‍ക്ക് മനസ്സിലായിട്ടുണ്ടാകുമെന്ന് ഉറപ്പ്‌.
  നാട്ടില്‍ വരുന്ന കാലികളുടെ എണ്ണം മുന്‍പുള്ളതിലും   കുറഞ്ഞു വരുന്നു എന്നും അറി യുവാന്‍ കഴിഞ്ഞു.പ്രത്യേകിച്ച് പുരുഷ പ്രജകളുടെ എണ്ണം.കെണിവെച്ച്‌ പിടിച്ചു ചിലര്‍ ഈ മിണ്ടാപ്രാണികളെ കൊന്നിട്ടണ്ടെന്നത്‌ വേദനയോടെ ,നൊമ്പരത്തോടെ 
ഓര്‍ത്തു.വന്യ മൃഗങ്ങള്‍ അല്ലാത്തതിനാല്‍ ഇവരുടെ സംരക്ഷണം ഏത്  നിയമ പരിധിയില്‍ വരും ???
കാലം കടന്നു പോകുമ്പോള്‍ എല്ലാവരും മാറി പോകുന്നു. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന  ഒരു കൂട്ടം ഗ്രാമാവാസികളാണ്  ഇന്നും കുമരം പേരൂര്‍ നിവാസികള്‍. .മാറുന്നത് ചില മനുഷരും ,അവരുടെ മനസ്സും മാത്രമാണ്    കാറ്റില്‍  കൊഴിഞ്ഞു വീഴുന്ന മണി മരുതിന്‍റെ പൂക്കള്‍ക്ക് ആ പഴയ നിറം തന്നെ.
കിഴക്കന്‍ മലകളില്‍ നിന്നും തേക്കിന്‍ കാടുകള്‍ തഴുകി വരുന്ന കാറ്റിന്‍റെ സുഗന്ധത്തിനും ഒരു മാറ്റവുമില്ല .
 തോടിന്‍റെ  വക്കിലെ ചീനിമരത്തിന്‍റെ ചില്ലകള്‍ ഭൂമിയോട് പിണങ്ങി ആകാശത്തോട് കിന്നാരം പറയുന്നു.വഴിയിലാകെ നിറഞ്ഞു നില്‍ക്കുന്ന പാണനിലയുടെ തുമ്പത്ത് ചുവന്ന കായകളും വെളുത്ത പൂക്കളും. ആറിന്‍റെ  വക്കില്‍ നിറഞ്ഞു നില്‍ക്കുന്ന ഈഞ്ചക്കാ ടുകള്‍ ഇപ്പോഴും ഉണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള ആറ്റുമാവില്‍ ഇത്തവണ മാമ്പഴം ഇല്ല. ഞാന്‍ വരുമെന്ന് "മുന്‍കൂട്ടി അറിയക്കാഞ്ഞതെന്ത്"  എന്ന പരിഭവം മാവിന്‍റെ  തളിരിട്ട ചില്ലകള്‍ക്ക് ഉണ്ട് .പണ്ട് കടത്തുവള്ളം കെട്ടിയിടാറുള്ള തീരത്തുള്ള  മണി മരുത് നിറയെ  പൂക്കള്‍ നിറച്ച്‌ നില്‍ക്കുന്നു .ആറ്റുവക്കില്‍ വഴിതെറ്റിവന്നു പൂത്ത പാരിജാതത്തിന്‍റെ പൂക്കള്‍ നിറഞ്ഞ ചില്ലകള്‍   ഒടിച്ചെടുത്തു. ഇളം പച്ചനിറത്തിലുള്ള പൂവുകള്‍ക്ക് അതി സുഗന്ധം,പ്രണയത്തിന്‍റെ  ഓര്‍മ്മകള്‍ തിരികെ നല്‍കുന്ന  ഒരു വല്ലാത്ത സുഗന്ധം......

കിഴക്കന്‍ കാടുകളില്‍ മഴപെയ്തിട്ടില്ല എന്ന് മനസ്സിലായി,രൌദ്ര ഭാവമില്ലാതെ അച്ഛന്‍ കൊവിലാര്‍ ഒഴുകുന്നു. പരിഭവമില്ലാതെ,പിണക്കമില്ലാതെ ...നീര്‍ വറ്റിയ തീരങ്ങളില്‍ ഏതോ കാട്ട് മൃഗത്തിന്‍റെ കാലടയാളങ്ങള്‍........
അന്യമാകുന്ന കാല്‍പ്പാടുകള്‍ .........

കാണേ നൂല്‍പുഴ എങ്ങോ മാഞ്ഞൂ....................... 


 തീരത്ത് ഒറ്റക്കിരുന്നാല്‍  ഈ കാടും പുഴയും എന്നോട്‌ ഒരുപാട്‌ കഥകള്‍ പറയും.മനസ്സിന്‍റെ ചെപ്പില്‍ ആരോടും പറയാതെ  സൂക്ഷിക്കുന്ന പല രഹസ്യങ്ങളും എനിക്ക് ഇവരോടും പറയാം .പക്ഷെ ഇവള്‍ പരിഭവം പറയാതെ എനിക്കെങ്ങനെ മനസ്സ് തുറക്കുവാനാകും
മഴമുല്ല പൂവിടുന്നു 
മഴ വന്നു തൊട്ടപ്പോള്‍.... നീ വന്നു തൊട്ടപോല്‍ ........................

മഴനീരില്‍ തളിര്‍ത്തു പോയ്‌ പുഴയും..............

നിഴലും വെളിച്ചവും കൂട്ടിന് 

പുഴയും മഴയും പ്രണയ കേളികള്‍ .........



അങ്ങനെ............. പുഴയില്‍  നോക്കി നില്‍ക്കെ കാട്  ഇരുണ്ടു. മാനത്ത് നിന്നും വാരിവിതറിയ മഴപൂക്കള്‍ ആറിന്‍റെ തെളിനീരില്‍ പെയ്തിറങ്ങി.ചൂളം കുത്തി വന്ന ഒരു കിഴക്കന്‍ കാറ്റ് വല്ലാത്തൊരു ആരവത്തോടെ തിരികെ കാട്ടിലേക്ക് പോയി.  വഴിയരികില്‍ നിന്നും ഒടിച്ചെടുത്ത വെള്ള കൊടുവേലിത്തണ്ടുകള്‍ പച്ചിലയില്‍ പൊതിഞ്ഞെടുത്തു.കുടയില്ലാതെ മഴനഞ്ഞ ആ ബാല്യം ഓര്‍ത്ത്  കാട്ട്‌ വഴിയില്‍ കൂടി പുതുമഴനഞ്ഞു നടന്നു.വിജനമായ തേക്കിന്‍ കാടുകളില്‍ കന്നിന്‍ കൂട്ടങ്ങള്‍ നനയാതെ  ഒതുങ്ങി നില്‍ക്കുന്നു. ഈ മഴയിലും ഒരു പൈക്കിടാവ് അമ്മയോട് ചേര്‍ന്ന് പാല്‍ നുകരുന്നു. വഴിയരികിലെ കാട്ടു ചെമ്പിലയെ  നനക്കാന്‍ മഴത്തുള്ളികള്‍ പണ്ടേപോലെ മത്സരിക്കുന്നുണ്ടായിരുന്നു  .മഴയങ്ങനെ കുളിര്‍ന്നു പെയ്യുകയാണ് ..........മണ്ണും മനസ്സും തണുപ്പിച്ച്‌.............

 "വെറുതേ പുതുമഴ നനയല്ലേ ......"
ദേഷ്യം കലര്‍ന്ന് വാത്സല്യപൂര്‍വ്വം ശാസിച്ചതരാണ്........ഓര്‍മ്മകള്‍ പിന്നെയും എന്നെ വലിച്ചിഴച്ചു കൊണ്ട് പോകുന്നു..... എന്‍റെ കുമരംപേരൂരിലേക്ക്........
നാനഞ്ഞ പാരിജാത പൂക്കളുടെ സുഗന്ധം വീണ്ടും മനസ്സില്‍ ഓര്‍മ്മകള്‍ നിറയ്ക്കുന്നു.
ഒരു പക്ഷെ പുലരുവോളം  ഈ മഴ എനിക്ക് കൂട്ടിനുണ്ടാകും............
വരും സന്ധ്യകളിലും......
ഈ രാത്രിയിലും ..............
"മഴയോടൊപ്പം നീ കരയുക .......മിഴിത്തുള്ളിയും മഴത്തുള്ളികളും ഒന്നു ചേരുമ്പോള്‍ അവന്‍  നിന്‍റെ കവിളില്‍ ചുംബിക്കാതിരിക്കട്ടെ......മഴമുല്ലപ്പൂവുകള്‍ക്ക്  കണ്ണീരിന്‍റെ   മധുരവും ,കാടിന്‍റെ സുഗന്ധവുമെന്ന് അവന്‍ പറഞ്ഞാലോ ......!!! "

26 comments:

  1. മനോഹരമായ ഇമേജറികൾ കൊണ്ട് സമ്പന്നമായിരിക്കുന്നു, സ്വന്തം ഗ്രാമഭൂമിയിലേക്ക് സുജ നടത്തിയ ഈ മടക്കയാത്ര.
    വിവരണത്തിന് അനയോജ്യമായ മിഴിവാർന്ന ചിത്രങ്ങൾ കൂടി ആസ്വദിക്കവെ ഞാനും ആ ഗ്രാമവിശുദ്ധിയിൽ ലയിച്ചുപോയി എന്നു പറഞ്ഞുകൊള്ളട്ടെ....

    ReplyDelete
  2. കുമരം പേരൂരിലെക്കുള്ള വഴിയിലൂടെ ഞാനും നടന്നു കുറെ നേരം. കാടിറങ്ങി വരുന്ന പശുക്കളെ കണ്ടും കിളിപ്പാട്ട് കേട്ടും പുഴയിലെ തണുത്ത വെള്ളത്തില്‍ കാലു നനച്ചും ഏറെ നേരം. മനുഷ്യന്റെ കൈക്രിയകള്‍ ഏറെ ക്ഷതമേല്പ്പിക്കാത്ത ഈ പ്രകൃതി സൌഭാഗ്യം എത്ര ചേതോഹരമായ കാഴ്ചയാണ്.

    യാത്രാവിവരണം എന്നതിനപ്പുറം അതീവ ഹൃദ്യമായ ഭാഷയുടെ വശ്യസൌന്ദര്യം കൂടിയുണ്ട് ഈ പോസ്റ്റിനു. എഴുത്തിന്റെ ഈ ലാളിത്യം കാനന വഴിയിലെ ദൃശ്യചാരുതയ്ക്ക് മാറ്റ് കൂട്ടി.

    ReplyDelete
  3. മനോഹരമായ വിവരണം ... വെറുതെ ഞാനും മോഹിക്കുന്നു ഈ വഴികളിലൂടെ ഒന്ന് നടക്കാന്‍....

    ReplyDelete
  4. വെക്കേഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്നതിനു മുന്‍പായിരുന്നു ഇത് വായിച്ചിരുന്നതെങ്കില്‍ ഒരുപക്ഷേ ഞാനവിടെ എത്തിയേനെ. ഇങ്ങിനെ കൊതിപ്പിക്കാതെ പൂവേ.. പ്രകൃതിയുടെ മനോഹാരിത ഈ ഭാഷയ്ക്കുമുണ്ടെന്നത് എഴുത്തിന്‍റെ മാറ്റ് കൂട്ടുന്നു.

    ReplyDelete
  5. മഴമുല്ല പൂവിടുന്നു...

    മനോഹരമായിരിക്കുന്നു സുജ. കിട്ടുന്ന ഇലകളെയും കൂട്ടി നമുക്കൊരു ട്രിപ്പ്‌ പ്ലാന്‍ ചെയ്താലോ?

    ReplyDelete
  6. ഓര്‍മ്മകള്‍ മഴ പെയ്യിക്കുന്ന ആ നാട്ടിലേക്ക് വീണ്ടും അല്ലേ..മുമ്പ് എഴുതിയ പോലെ കാട് അതിരിടുന്ന കുമരംപേരൂരില്‍ .
    നാടിനെ കുറിച്ച് എഴുതുമ്പോഴെല്ലാം സുജയുടെ വരികള്‍ക്ക് വല്ലാത്തൊരു ഭാവം വരാറുണ്ട്. പഴയ ഓര്‍മകളെ വാരിക്കൂട്ടി ഇന്നത്തെ നഷ്ടങ്ങളുമായി കൂട്ടിക്കുഴക്കുമ്പോള്‍ അതൊരു അനുഭവമാക്കാന്‍ അത്രക്കും ആ കാലത്തെ ഉള്‍കൊണ്ട ഒരാള്‍ക്കേ സാധിക്കൂ.
    ഊരാളിക്ക് നേര്‍ച്ച വെക്കുന്ന ആ കഥ, പുഴയും കാടും ഒരനുഭവമാകുന്നത്, അങ്ങിനെ ഓരോ കാഴ്ചയും മനോഹര വര്‍ണ്ണനയിലൂടെ നല്ലൊരു വായന സമ്മാനിച്ചിട്ടുണ്ട് ഇവിടെ. എന്തിന് ചിത്രങ്ങളും അതിന് നല്‍കിയ അടികുറിപ്പുകളും വായിച്ചാല്‍ തന്നെ ഇതൊരു നല്ല പോസ്റ്റ്‌ ആയി.
    ഈ കാട്ടുവഴികള്‍ എന്നെയും മോഹിപ്പിക്കുന്നു. ഒരു യാത്രക്ക് മനസ്സ് കൊതിക്കുന്നല്ലോ....

    ReplyDelete
  7. അത്യുഗ്രന്‍ ഓരോ ചിത്രവും ഓരോ കാപ്ഷനും വളരെ യോജിച്ചത് ......

    ReplyDelete
  8. കുമാരംപേരൂരിലേക്കുള്ള ഓരോ യാത്രയും സുജ ആസ്വദിക്കുന്നത്പോലെ വായനക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്നു. വിവരണവും ചിത്രങ്ങളും അത്ര മനോഹരം. നാട്ടുവഴികളും കാട്ടുവഴികളും പിന്നെ മഴത്തുള്ളികള്‍ വീണൊഴുകുന്ന അച്ചന്‍കോവിലാറും. മണിമലയാറിന്റെ അടുത്തുണ്ടായിരുന്ന ഞങ്ങളുടെ പഴയവീട് ഓര്‍മ്മിപ്പിച്ചു. പിന്നിട്ട ബാല്യത്തിലെ നിറംമങ്ങിയ ഓര്‍മ്മകള്‍ മാത്രമല്ല അനുഭവങ്ങളും ഇങ്ങനെ വല്ലപ്പോഴുമെങ്കിലും തിരിച്ചുപിടിക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യം തന്നെ.

    ReplyDelete
  9. കണ്ണിന് കുളിരേകുന്ന കാഴ്ചകളും മനോഹരമായ വിവരണവും
    ഹൃദ്യമായി.
    ആശംസകള്‍

    ReplyDelete
  10. ഹൃദ്യമായ രചന ,മനോഹരമായ ചിത്രങ്ങള്‍

    ReplyDelete
  11. സൌന്ദര്യം അതിന്‍റെ മണിമുത്തു വിരലുകള്‍ കൊണ്ട് എന്നെ ആകെ തലോടിയതു പോലെ....എത്ര മോഹനമാണു സുജയുടെ എഴുത്ത്.....

    അതീവ ഹൃദ്യമായി...എല്ലാ ആശംസകളും .........

    ReplyDelete
  12. മോഹിപ്പിക്കുന്ന വനഭംഗികള്‍ ,അതിലേറെ മോഹിപ്പിക്കുന്ന എഴുത്ത് .ഓരോ വരിയിലും തിളങ്ങുന്ന കയ്യടക്കം .ഹൃദ്യമായി ഈ വിവരണം ..

    ReplyDelete
  13. ചിത്രങ്ങള്‍/ഫോട്ടോസ് തകര്‍പ്പന്‍! ക്യാമറ ഏതാണ്, സുജ?

    വാക്കുകള്‍ അതിലേറെ മനോഹരം!

    ReplyDelete
  14. നന്നായിരിക്കുന്നു
    വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  15. കുമരം പെരൂരിനെ ക്കുറിച്ച് പറഞ്ഞ പോസ്ട്ടുകളിലോക്കെ വല്ലാത്ത ക്രേസി ആ വരികളില്‍ കാണാം ,വരും തലമുറയ്ക്കായി എന്തെങ്കിലും ബാക്കിവെക്കുമോ ഇന്നത്തെ തലമുറ ?നല്ല കുറിപ്പ് അതിലും നല്ല ചിത്രങ്ങള്‍ !!

    ReplyDelete
  16. ഊരാളിമാരെ കുറിച്ചു ഞാനും കേട്ടിട്ടുണ്ട് സുജെ ..!
    ഹൃദ്യമായ വിവരണം ..എഴുത്തും ,ചിത്രങ്ങളും നന്നായിട്ടുണ്ട്..


    മണിയാറ്, സീതത്തോട് ,ചിറ്റാര്‍ ഭാഗം ആണല്ലേ ??
    നല്ല മനോഹരമായ സ്ഥലമാണ്

    ReplyDelete
  17. കഥ പറയുന്ന ചിത്രങ്ങള്‍....മനോഹരം ..കുറിപ്പും ആസ്വാദ്യകരമായി

    ReplyDelete
  18. നാട്ടു ഭംഗി പകര്‍ത്തി നാട്ടോര്‍മ്മകള്‍ മനസ്സില്‍ തന്ന ഒരു പോസ്റ്റ്... ഓരോ ചിത്രവും വിളിച്ചു പറയുന്നു ദൈവത്തിന്റെ സ്വന്തം നാടിന്‍റെ പെരുമ....

    ReplyDelete
  19. വീണ്ടും ഒരു മനോഹര യാത്രാവിവരണം ഉള്ള ബ്ലോഗ്‌ ഞാന്‍ കണ്ടെത്തി :).ബ്ലോഗിങ്ങില്‍ പുതിയ ആളായത് കൊണ്ടാണ് എത്താന്‍ വൈകിയത്. ചിത്രങ്ങള്‍ ആണ് ആദ്യം പറയേണ്ടത്. വ്യത്യസ്തമായ്‌ വീക്ഷണത്തില്‍ എടുത്തവയായി തോന്നി. യാത്ര പോകാന്‍ മോഹിപ്പിക്കുന്ന വിവരണവും

    ReplyDelete
  20. കാടുമായി ചങ്ങാത്തം കൂടുന്ന കുമരംപേരൂര്‍, ആറ്റുവഞ്ചി പൂക്കളെ തോളിലെടുത്തു, കാടിനോട് കിന്നാരം പറഞ്ഞോഴുകുന്ന പുഴ. ഈ മനോഹര കാഴ്ചകള്‍ ഗംഭീര ചിത്രങ്ങളില്‍ പകര്‍ത്തി വെച്ച്, ഗൃഹാതുരത്വം തുളുമ്പുന്ന വാക്കുകളില്‍ പകര്‍ന്നുതന്നതിനു നന്ദി.

    ReplyDelete
  21. മനോഹരമായ വിവരണം...അതി മനോഹരമായ ചിത്രങ്ങള്‍..... .

    ReplyDelete
  22. അല്‍പം നീണ്ടുപ്പോയെങ്കിലും വായിച്ചുരസിക്കാവുന്ന ഒരു യാത്രാവിവരണത്തിന് നന്ദി.

    ReplyDelete
  23. ഓരോ വരിയിലും കാടിന്‍റെ സംഗീതം കേള്‍ക്കുകയായിരുന്നു സുജ. അതിമനോഹരം ഈ നാടന്‍ യാത്ര...!
    കാട് എന്‍റെയും സ്വപ്നമാണ്. നാട്ടില്‍ പോകുമ്പോള്‍ എന്നും മനസ്സ് നിറയെ നുകരാറുണ്ട് വന്യഭംഗികള്‍....
    ആശംസകള്‍... അഭിനന്ദനങ്ങള്‍....

    ReplyDelete
  24. ഈ മരുഭൂമിയിൽ ഇരിക്കുന്ന ഞങ്ങളെ ഇങ്ങനെ തന്നെ കൊതിപ്പിച്ച് ശിക്ഷിക്കണം കേട്ടോ...

    ReplyDelete
  25. എത്ര സുന്ദരം ..ഈ കാഴ്ചകള്‍.

    മീനച്ചിലാറിന്റെ തീരത്ത് വീടായതുകൊണ്ടാവണം , ആറും പരിസരങ്ങളും വര്‍ണ്ണിക്കുന്ന പോസ്റ്റുകള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാകുന്നത്. ഇങ്ങു പ്രവാസലോകതിരിക്കുംമ്പോഴേ പണ്ട് ആറ്റില്‍ ചാടിക്കുളിച്ചതിന്റെ സുഖം മനസ്സിലാകൂ...


    താമസിച്ചുള്ള വരവിനു ക്ഷമാപണം..




    (അച്ഛന്‍ കോവില്‍ ആറ്...അച്ചന്‍ കോവില്‍ ആറ് എന്നാണു എന്ന് എന്റെ ഓര്‍മ്മ.. )

    ReplyDelete
  26. നൊസ്റ്റാൾജിയ ഉണർത്തുന്ന വിവരണം. അഭിനന്ദനങ്ങൾ.

    ReplyDelete

daemon tools, limewire