കടന്നു പോയ ദിനങ്ങൾ ഓരോന്നും ഓരോ ഓർമ്മപ്പെടുത്തലുകൾ ആണ് .കണ്ണ് ചിമ്മുന്നതിന് മുൻപ് നഷ്ട്ടപ്പെട്ടുപോയ വർഷങ്ങൾ,സൗഹൃദങ്ങൾ ,ഓർമ്മകൾ ......
കൊൽക്കൊത്തയിൽ നിന്നായിരുന്നു ജയ പ്രീഡിഗ്രി ക്കു പഠിക്കുവാൻ വന്നത് .നൈജീരിയയിൽ നിന്ന് വന്ന മായ,അമേരിക്കയിൽ ഉള്ള റീന ,ആഫ്രിക്കയിൽ നിന്ന് വന്ന സായ് മഞ്ജു .....അങ്ങനെ പലരും..... പത്തനംതിട്ട കാതോലിക്കറ്റ് കോളേജിൽ ഞാൻ പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പിലും , ജയ സെക്കന്റ് ഗ്രൂപ്പ് ഹിന്ദി ബാച്ചിലും.ജയയുടെ ക്ലാസിലായിരുന്നു വിനോദ് മോഹൻ.ഫസ്റ്റ് ഇയർ ഇംഗ്ലീഷ് ട്യൂഷന് പോയപ്പോൾ ഒരിക്കൽ ഡി. മാത്യു സാറിന്റെ ക്ലാസിൽ വെച്ചാണ് ജയ വിനോദിനെ എനിക്ക് കാട്ടി തരുന്നത് .അധികം സുഹൃത്ത് ബന്ധങ്ങൾ ഇല്ലാത്ത, അല്പ്പം മാത്രം സംസാരിക്കുന്ന ജയ വിനോദിനെ കുറിച്ച് സംസാരിക്കുമ്പോൾ മാത്രം കണ്ണുകളിൽ ഒളിപ്പിച്ചു വെച്ച ,ആരും അറിയാതെ പോയ ,ഞാൻ മാത്രം അറിഞ്ഞിരുന്ന ഒരു പ്രണയം ഉണ്ടായിരുന്നു.
ഒരിക്കൽ ആഴ്ചാവസാനം ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്കു പോകുന്ന വഴി പഴയ ട്രാൻസ്പോർട്ട് ബസ്സ് സ്റ്റാൻഡിന്റെ അടുത്തുള്ള ഒരു വീട് കാണിച്ച് അത് വിനോദിന്റെ അങ്കിളിന്റെ വീടാണെന്ന് പറഞ്ഞത് ജയയാണ് ,വിനോദ് അങ്കിളിനോടൊപ്പം നിന്നാണ് പഠിക്കുന്നതെന്നും അച്ഛനും അമ്മയുമൊക്കെ വിദേശത്തോ മറ്റോ ആണ് എന്നും.
വർഷങ്ങൾക്ക് മുൻപ്.......... മുല്ല വള്ളികൾ മുകളിലേക്ക് പടർന്നു കയറിയ ആ ഉമ്മറ തിണ്ണയിൽ ഇരുന്നു നാലര വയസ്സോളമുള്ള എന്നോടൊപ്പം ചതുരംഗം കളിച്ച ഒരു കുട്ടി യെ ഓർമ്മ വന്നു ,നല്ല വെളുത്ത് തുടുത്ത ഒരു അഞ്ചു വയസ്സുകാരൻ .ചെസ്സ് എന്നകളിയുടെ ബാല പാഠങ്ങൾ എനിക്കാദ്യം പറഞ്ഞു തന്ന കുട്ടി. അവനെ അവന്റെ അങ്കിൾ സ്നേഹത്തോടെ വിളിച്ചിരുന്നത് "വിനുക്കുട്ടാ" എന്നായിരുന്നു.
"ആ കുട്ടി നീ ആയിരുന്നോ?? "എന്ന് പിന്നീട് വിനോദിനോട് ചോദിക്കാൻ മാത്രം ഒരു സൗഹൃദം എനിക്ക് അവനോട് ഇല്ലായിരുന്നല്ലോ.
പ്രീഡിഗ്രി പഠനം കഴിഞ്ഞു ജയ വീണ്ടും കൊൽക്കൊത്തയിലേക്ക് തിരികെ പോയി എന്നാണ് ഓർമ്മ .
ജയയുടെ പ്രണയവും അങ്ങനെ മനസ്സിൽ ഒളിപ്പിച്ച് അടക്കം ചെയ്തു കാണണം .കാരണം ആ നിശബ്ദ പ്രണയം വെളിപ്പെടുത്താൻ മാത്രം ധൈര്യം ഒരിക്കലും അവൾക്ക് ഉണ്ടായിരുന്നില്ല.
എത്ര വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു !
ഇന്ന് ജയയും വിനോദും എവിടെയെന്ന് അറിയില്ല.
"പ്രീഡിഗ്രി" കോളേജിന്റെ ഹൃദയത്തിൽ നിന്ന് എന്നേക്കും അടർത്തിമാറ്റിയപ്പോൾ ഓർമ്മകളും അടർന്നു പോയിരിക്കാം.
ഇന്ന്.....
വീണ്ടും ഒരു വർഷാന്ത്യത്തിന്റെ അവസാന നിമിഷങ്ങൾ .....
ഓർമ്മകൾ കടലുപോലെ അങ്ങനെ ആർത്തലയ് ക്കുകയാണ്.
വേർപിരിഞ്ഞു പോയവർ എവിടെയൊക്കെയോ ഉണ്ട് .
പറയാതെ പോയ പ്രണയം മോക്ഷം കിട്ടാതെ അവിടെയൊക്കെ അലയുന്നുണ്ടാകാം .