Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Wednesday, December 31, 2014

എവർ ലാസ്റ്റിംഗ്.......



യാത്രകളിൽ വശ്യമായ അനുഭൂതികൾ പകർന്നു  നല്കുന്നത് കാണാകാഴ്ചകൾ തേടി അറിയാ വഴികളിലൂടെയുള്ള  ചില പ്രയാണങ്ങൾ  തന്നെയാണ് എന്ന് തോന്നിപ്പോകാറുണ്ട് വിനോദ സഞ്ചാരംവീർപ്പു മുട്ടിക്കുന്ന പട്ടണങ്ങളിൽ നിന്ന്  മനോഹരങ്ങളായ ഗ്രാമങ്ങളിലേക്കുള്ള ചില യാത്രകൾ.....
അങ്ങനെയുള്ള ഒരു യാത്രയിൽ അവിചാരിതമെന്നൊണം എത്തപ്പെട്ട ചില വഴികൾ. 

വർഷങ്ങൾക്ക് ശേഷമുള്ള ഒരു ഊട്ടിയാത്രയായിരുന്നു അത് .ഊട്ടി എന്ന് പറയുമ്പോൾ  ഇന്നേവരെ ഓർമ്മയിൽ എത്തിയിരുന്നത് വിവിധ വർണങ്ങളിൽ  പൂക്കൾ നിറച്ച ബൊട്ടാണിക്കൽ ഗാർഡൻ,തേയിലക്കാടുകൾക്ക്  നടുവിലെ ടീ ഫാ ക്ട്ടറി , ഊട്ടി തടാകം  പിന്നെ മഞ്ഞനിറമുള്ള "ഒരു പിടി എവർ ലാസ്റ്റിംഗ്"  പൂക്കൾ  തുടങ്ങി ചിരപരിചിതങ്ങളായ ചില ബിംബങ്ങൾ ആയിരുന്നു.

ഊട്ടി ബോട്ട്‌  ഹൗസിലെ  പാർക്കിംഗ് ഏറിയ നന്നേ തിരക്കായിരുന്ന  ഒരു പകൽ .വീണ്ടും ഒന്നരകിലോമീറ്റർ  അകലെ ഉള്ള പാർക്കിംഗ്  ഏരിയ യിലേക്ക്  വഴികാട്ടി യായി നിന്ന  ട്രാ ഫിക്  പോലീസ്സ്നോട് നിരാശ നിറഞ്ഞ "നന്ദ്രി" പറഞ്ഞ്  അറിയാത്ത  നാട്ടു വഴിയിലൂടെ  ഒരു യാത്ര  .
അന്നാദ്യമാണ് ഊട്ടി യിലെ  സ്വർഗസമാനമായ മനോഹര ഗ്രാ മ വീഥികളിലൂടെ യാത്ര ചെയ്യുന്നത് .കാബേജും,കാരറ്റും, സ്റ്റ്രവ് ബെറിയും  സമ്രിധമായിനിറഞ്ഞ   താഴ് വരകൾ ,പച്ചപ്പട്ടണിഞ്ഞു  മഞ്ഞിനെ പുല്കി നില്ക്കുന്ന മലമടക്കുകൾ,അറിഞ്ഞുംകേട്ടിട്ടുമില്ലാത്ത സ്ഥല നാമങ്ങൾ.
ഫേണ്‍ ഹിൽ  പാലസ്സ് ,ഗുഡ്ഷെപ്പെർദ്  ഇന്റെർ നാഷണൽ സ്കൂൾ,എമറാൾഡ് തടാകം  തുടങ്ങിയ വഴികളിൽ   മനോഹരമായ കാഴ്ചകൾ ഒരുക്കിവെച്ചിരുന്നു അന്നത്തെ ആ  യാത്ര .



കാബേജ്ജ്  തോട്ടം കഴിഞ്ഞു വന്നു നിന്നത് ഫേ ണ്‍ ഹിൽ  പാലസ്സി ന്റെ അരികിലായിരുന്നു. 1844  -ൽ  ബ്രിട്ടീഷ്‌ ഭരണകാലത്താണ് ഫേണ്‍ ഹിൽകൊട്ടാരം നിർമ്മിച്ചത്‌. പിന്നീടിത് മൈസൂർ  മഹാരാജാവിന്റെ വേനൽക്കാല വസതി ആയിരൂന്നുവത്രേ .അമ്പത് ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന കൊട്ടാരം ഇന്ന് ഊട്ടിയിലെ തന്നെ ഒരു  പ്രധാന ഹോട്ടൽ ആയി പ്രവർത്തിക്കുന്നു.

 പാലസ്സിന്റെ  പ്രധാന കവാടത്തിനു  മുൻപിൽ വഴി നാലായി തിരിയുന്നു  .ബോട്ട് ഹൗസ്സിനെ  ലക്ഷ്യമാക്കി വന്ന യാത്രയാണ് ഇവിടെ എത്തിച്ചിരിക്കുന്നത് .
ചില വഴികൾ നാം ഹൃദയം കൊണ്ട് തൊട്ടറിയണം എന്ന് വിധി എവിടെയെങ്കിലും കുറിച്ചി ട്ടുണ്ടാകാം .അതായിരിക്കാം  "അവലാഞ്ചി "എന്ന വഴികാട്ടി ലക്ഷ്യമാക്കി  ആ യാത്ര തുടരുവാൻ  തോന്നിയത്   .

ഊട്ടി യിൽ     നിന്നും 27km മാറി   നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രദേശമാണ് അവലാഞ്ചി .മണ്ണിടിച്ചിൽ ,മല ഇടിച്ചിൽ എന്നെല്ലാം അർത്ഥം  വരുന്ന "അവലാഞ്ചി എന്ന  പ്രദേശം "1800 ൽ  ഉണ്ടായ   ഭീകരമായ മണ്ണിടിച്ചിലിൽ നിന്നുമാണ്  രൂപം കൊണ്ടത്‌ എന്ന് ചരിത്രം പറയുന്നു .
.മഴപെയ്താൽ പെട്ടെന്ന് അലിയുകയുംഒരു ചെറു വെയിലിൽ അതിലും വേഗം ഉറച്ചു പോവുകയും ചെയ്യുന്ന ഒരുപ്രണയിനിയുടെ ഭാവമാണ് ഈ മണ്ണിനെന്നു തോന്നും  



അവലാഞ്ചി യിലെ കാണാകാഴ്ച്ചകൾ  അഞ്ചാമത്തെ  ഹെയർ പിൻ  വളവു കഴിഞ്ഞപ്പോൾ കണ്ടു തുടങ്ങി. വിനോദ സഞ്ചാരികൾ എറേ ഇഷ്ട്ടപ്പെടുന്ന ഭൂപ്രകൃതിയാണ് ഇവിടെ ഉള്ളതെങ്കിലും ഊട്ടി  സന്ദർശിക്കുന്നഒട്ടു മിക്ക  ആളുകൾക്കും   ഈ ദേശത്തെക്കുറിച്ച് കേട്ടു കേഴ്വി പോലുമില്ല എന്നുള്ളതാണ് സത്യം 
ഒരു പക്ഷെ അധികം  മനുഷ്യ സ്പർശം  ഏൽക്കാത്തതിനാലാവും  ഒരു അചുംബിതപുഷ്പ്പം  പോലെ അവലാഞ്ചി ഇപ്പോഴും മനോഹരിയായി  നിൽക്കുന്നത് ,തമിഴ്നാട് വനം  വകുപ്പ് എക്കോ ടൂറിസ്സത്തിന്  വളരെ   പ്രാധാനം നല്കുന്ന മേഖലയാണ്  അവലാഞ്ചിയിലെ  കാടുകൾ .
ഇരുണ്ടമഴക്കാ ടുകളിൽ സൂചികാഗ്ര വൃക്ഷങ്ങളും സാധാരണ വൃക്ഷങ്ങളുംഇണപിരിയാതെ       അന്യോന്യം  സ്നേഹിച്ചും  ,സഹകരിച്ചും  ഒന്ന് ഒന്നിന് തണലായി ,വളമായി,ഇടതൂർന്ന്   വളരുന്ന അപൂർവമായ കാഴ്ച ഈ കാടിന്റെ പ്രത്യേകതയാണ് .നീലഗിരി മേഖലയിലായതിനാൽ  ഏറെ കുളിർമ്മയുള്ള അന്തരീക്ഷമാണ് ഇവി ടെയും.



അവലാഞ്ചിയിലേക്ക് പ്രവേശിച്ചപ്പോൾ  വഴിയിൽ വളവുകളോ  തിരിവുകളോ  ഉണ്ടായിരുന്നില്ല   എന്ന് മാത്രമല്ല വഴിയോരങ്ങളിൽ മനുഷ്യവാസം ഉള്ളതിന് ഒരു തെളിവും കണ്ടില്ല.മരങ്ങളിൽ  ചിലതിന്റെ ചില്ലകൾ  പാതി വഴി മുടക്കി കിടക്കുന്നു.
കഷ്ട്ടിച്ചു  ഒരു വാഹനത്തിനു പോകുവാൻ മാത്രം സൗകര്യം ഉള്ള കാട്ടുവഴിയായിരുന്നു അത് .  
 നിശബ്ദത മനുഷ്യ മനസ്സിൽ  ശൂന്യത നിറയ്ക്കും എന്ന എന്റെ നിഗമനം വളരെ ശരിയെന്നു തോന്നിയ നിമിഷങ്ങൾ .


വഴിയരികിൽ  "ഇത് ഞങ്ങളുടെ പ്രദേശം "എന്ന  ബോർഡിൽ  കണ്ട  കരടിയുടേയും ,കടുവയുടേയും ചിത്രങ്ങൾ  ഭയന്ന് ഉയർത്തിയ വിന്ഡോ ഗ്ലാസ്സ്  പതിയെ താഴ്ത്തി.നിശബ്ദ തയുടെശൂന്യത ഇല്ലാതാക്കിക്കൊണ്ട് കാടിൻറെ ഇരുളി ൽ ചീവീടിന്റെ   കാതടപ്പിക്കുന്ന ശബ്ദം ,  കാടിന്റെ സംഗീതം.
പ്രകൃതിയിലെ ഓരോ അണുവിലും സംഗീതം ഉണ്ടെന്നു പറഞ്ഞു തന്ന ഗുരുവിനെ  ഓർ ത്തു.വീണ്ടും കാതോർത്താൽ  കേൾക്കാം പക്ഷികളുടെ മധുര സ്വരം,ചെറു    
പ്രാണികളുടെ നേർത്ത ശബ്ദം....... 
വഴിയിൽ എങ്ങും ഒരു മനുഷ ജീവിപോലും ഇല്ല. 
റോഡിന്റെ ഒരു വശം കാടും മറുവശം നിറഞ്ഞൊഴുകുന്ന കാട്ടാറും..

 വളവും തിരിവും ഇല്ലാത്ത വഴികൾ കഴിഞ്ഞു ചെന്നത് ഒരു ഗസ്റ്റ് ഹൗസ്സിന്റെ അരികിലായിട്ടാണ്. മനുഷ്യവാസത്തിന്റെ നേരിയ ഒരു   സാമിപ്യം  അനുഭവിച്ച പ്രതീതി.പക്ഷെ  ഒരു മനുഷ്യരെ പോലും കാണുവാനില്ല.മറ്റു തിരിവുകൾ ഇല്ലാത്തതിനാൽ വഴി തെറ്റിയില്ല എന്ന് ഉറപ്പിച്ചു . ഒരു അഞ്ച്  ആറ്  കിലോമീറ്റർ മുൻപ് കണ്ട വഴികാട്ടിയിൽ വീണ്ടും വിശ്വാസം അർപ്പിച്ചായി പിന്നെ യാത്ര . അൽപ്പ  ദൂരം കഴിഞ്ഞപ്പോൾ ആശ്വാസത്തിന്റെ കണിക എന്നോണം മുൻപിലൊരു ചെക്ക്‌ പോസ്റ്റ്‌ .യൂണീ ഫോം ധരിച്ച ഒരു വനപാലകൻ  കാറിന്റെ  അരികിലേക്ക് വന്നു.ഇന്നിനി അവലാഞ്ചിയിലേക്ക് യാത്ര അനുവദിക്കില്ല എന്നും  നാളെ കാലത്താ ണ്  അടുത്ത  പ്രവേശന സമയമെന്നുമായി. 
വളരെ ദൂരെനിന്നാണ് കേരളത്തിന്റെ തെക്കേയറ്റം നിന്നാണ് എന്നെല്ലാം പറഞ്ഞിട്ടും ഒരു രക്ഷയുമില്ല ..
പെട്ടെന്ന് ഞങ്ങൾക്ക്  പുറകിലായി കൊടികൾ വെച്ച ഒന്ന് രണ്ടു വാഹനങ്ങൾ ചീറി  പാഞ്ഞു വരികയും വനപാലകൻ ഓടി അവർക്കരികിൽ എത്തുകയും എന്തോ  സംസാരിച്ചു ചെക്ക്‌ പോസ്റ്റ്‌ വേഗം തുറന്നു കൊടുക്കുകയും   ഞങ്ങളെ  പിന്നിലാക്കി  അതിവേഗം ആ ശകടങ്ങൾ പാഞ്ഞു പോവുകയും ചെയ്തു  .എന്തായാലും പിന്നൊന്നും ചോദിക്കാതെ ആ ഉദ്യോഗസ്ഥൻ  ഞങ്ങളോ ടും ആ വാഹനത്തോടൊപ്പം പോയ്  കൊള്ളാ ൻ ആംഗ്യം കാട്ടി .

അവലാഞ്ചിക്കാർ ക്ക്  നമ്മളെന്ത്  ബ്ലോഗർ !

കൊ ടി വെച്ചു പായുന്ന ഇന്നോവ യ്ക്ക്  പിറകിലായി കൊടിയില്ലാത്ത ഞങ്ങളുടെ ചെറുവണ്ടിയും  പാഞ്ഞു .കുറച്ച്  സമയത്തിനുള്ളിൽ അവലാഞ്ചി എന്ന ലോകത്ത് എത്തി ചേർന്നു.
അവിടെ എത്തിയപ്പോൾ എനിക്കേറ്റവും അത്ഭുതമായി തോന്നിയത്  ഒരു പൂരത്തിനുള്ള ആളുകൾ അവലാഞ്ചി യിൽ ഉണ്ടായിരുന്നു 
എന്നതാണ് .ആ  ഉൾക്കാട്ടിൽ  എനിക്ക് മുൻപേഎത്തിച്ചേർന്നവർ.  പ്രകൃതി സ്നേഹികൾ!.

ബോട്ട് ക്ലബ്ബിൽ  വാഹനം പാർക്ക്  ചെയ്യുവാൻ സൗകര്യമില്ല  എന്ന കാരണത്താൽ നീണ്ടു പോയ ഒരു യാത്രയായിരുന്നല്ലോ  അത്  ..ഇരുപത്തിഏഴ് കിലോമീറ്റർ കഴിഞ്ഞുള്ള ഉൾക്കാട്ടിലും   അതേ അവസ്ഥ .അല്പ്പം കഷ്ട്ടപ്പെ ട്ട് വണ്ടി പാർക്ക് ചെയ്ത്  പൂരം എന്തെന്നറിയാൻതിരക്കിലേക്ക് ഊർന്നിറങ്ങി   .
ഇവിടെ  ട്ര ക്കിംഗ് ,സഫാരി എല്ലാം ഉണ്ട്.ഒരു കൂട്ടര് സഫാരിക്ക് പോയിരിക്കുന്നു.ഇനിയും ഗ്രൂപ്പുകളായി വന്നവർ  ക്യൂവിലും.ചെക്ക്‌ പോസ്സ്റ്റിൽ  വെച്ച് വനപാലകൻ "ഇന്നത്തെ പ്രവേശന സമയം കഴിഞ്ഞു"  സൂച്ചിപ്പിച്ചതിന്റെ പൊരുൾ ഏകദേശം മനസ്സിലായി .  ഊണിന്റെ സമയം  ആയതിനാൽ അവിടെയുള്ള ചെറിയ ക്യാന്റീനിൽ നിന്നും   പലരും ഭക്ഷണം  വാങ്ങി കഴിക്കുന്നു.
അന്നത്തെ ഉച്ചഭക്ഷണം  ഊട്ടി യാത്രയിലെ വേറിട്ട മറ്റൊരനുഭവംആയി .ചൂട് ചോറും സാമ്പാറും പപ്പടവും അച്ചാ റിനും എന്തെന്നില്ലാത്ത സ്വാദ് .വടക്കേ ഇന്ത്യാ ക്കാരായ  ധാരാളം സഞ്ചാരികളും ഉണ്ട്.പലരും  കിട്ടിയ സ്ഥലങ്ങളിൽ  ഇരുന്ന് പൊരി വെയിലെങ്കിലും വിശപ്പടക്കുന്നു.
യാത്രകൾ എന്നാൽ എല്ലാം അനുഭവിച്ചറിയണം.രുചിയിലെ വ്യത്യസ്തത,വിവിധ സംസ്കാരങ്ങൾ,ഭാഷകൾ ,വേഷ  
വൈവിധ്യങ്ങൾ ,പ്രതികൂല സാഹചര്യങ്ങൾ അങ്ങനെ എല്ലാം.പാഠ പുസ്തകവും ജീവിതവും പഠിപ്പിക്കാൻ ബാക്കി വെച്ചത് ചില യാത്രകൾ നമ്മെ പഠി പ്പിക്കും.അവലാഞ്ചിയിലെ കാടിന്റെ സൌന്ദര്യം ആസ്വദിച്ച്   അധികം വൈകാതെ തിരികെ യാത്ര .



വഴിയിലൊരിടത്തായി എമറാൾഡ്
അണക്കെട്ടിന്റെ ഓരത്തിലൂടെ  അല്പ്പം നടന്നു .ഒരു മഴയുടെ അകമ്പടി എന്നോണം അങ്ങ് ദൂരെ കണ്ട മിന്നൽപ്പിണരുകൾ മലമടക്കുകളിൽ മറ്റൊരു വിസ്മയം സൃഷ്ടിച്ചുകൊണ്ടേയിരുന്നു .
ആരോരും കാഴ്ചക്കാരായി ഇല്ലാത്ത എമറാൾഡ്അണക്കെട്ടും പരിസരവും ചാറ്റൽ മഴയിൽ നനഞ്ഞു തുടങ്ങിയിരുന്നു   .മഴയുടെടെ വരവിൽ ഇരുൾ നിറച്ച  തേയില കാടിന്റെ  മനോഹാരിത അനിർവചനീയം.കുളിർമയുള്ള കാറ്റിന്റെ അകമ്പടിയിൽ കുന്നുകളുടെ ചരിവുകളിൽ   അസ്തമയ സൂര്യൻ ഇരുളിന്റെ മറവിൽ സ്വർണം വിതറുന്ന  കാഴ്ച.


തിരികെ യാത്ര തിമർത്തു പെയ്യുന്ന മഴയോടൊപ്പമായിരുന്നു.ഇടയ്ക്കിടെ മഞ്ഞുകട്ടകൾ പൊഴിയുകയും പെട്ടെന്ന് അലിഞ്ഞിലാതാവുകയും ചെയ്യുന്ന മനോഹര കാഴ്ച.ദൂരെ കുന്നിൻ  ചരിവുകളിൽ പൂത്തുലഞ്ഞു നിന്നഎവർ ലാസ്റ്റിംഗ്പൂവുകൾ മഴയുടെ മറവിൽ നിറം മങ്ങിയ മഞ്ഞ പ്പട്ടു പോലെ കാണാമായിരുന്നു.ആളൊഴിഞ്ഞ ബോട്ട് ക്ലബ്ബും പരിസരവും മറ്റൊരു പ്രഭാതത്തിനായി കാത്തിരിക്കുന്നു.
മഴയിൽ  കുതിർന്ന  ഊട്ടി നഗരം ഇരുട്ടില്ന്റെ മറവിൽ ഒളിച്ചു നിന്നത് നന്നായി എന്ന് തോന്നി.തിരക്കുകളിലൂടെ  തണുത്തു വിറച്ച് റൂമിൽ എത്തുവോളം മഴ തോരാതെ  പെയ്തു കൊണ്ടേയിരുന്നു.............

Monday, June 11, 2012

മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ (6)



ശിലയായ് പിറവിയുണ്ടെങ്കില്‍ ..........


പഹല്‍ഗാമിലേക്കുള്ള യാത്ര മിക്ക സഞ്ചാരികള്‍ക്കും ദിവ്യമായ ഒരു  തീര്‍ത്ഥാടനാനുഭവമാണ് നല്‍കുന്നത്‌ .പ്രകൃതി സുന്ദരമായ ഈ പ്രദേശത്ത് നിന്നും പതിനാറു കിലോമീറ്റര്‍ അകലെയുള്ള ചന്ദന്‍ വാരിയില്‍നിന്നുമാണ്  പ്രസിദ്ധമായ അമര്‍നാഥ്‌  തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കുന്നത് എന്നതാവാം ഒരു പക്ഷെ ഇതിനു കാരണം .സിനിമകളില്‍ മാത്രം കണ്ട് പരിചയമുള്ള പഹല്‍ഗാം നേരില്‍ കാണുവാന്‍ പോകുന്ന ആവേശമായിരുന്നു മനസ്സില്‍ . 
കാശ്മീര്‍  യാത്രയിലെ ദൂരെ കാഴ്ചകള്‍ പഹല്‍ഗാം  യാത്രയോടെ അവസാനിക്കുന്നു എന്നൊരു വിഷമം കൂടി മനസ്സിലുണ്ട്  .വെരിനാഗ് യാത്രയില്‍ കണ്ട പാംപുര്‍,അവന്തിപൂര്‍ ദേശങ്ങള്‍ വീണ്ടും കണ്ണില്‍ നിറഞ്ഞു.സംഗം ഗ്രാമത്തിലൂടെ പോകുമ്പോള്‍ വഴിയരികില്‍  തടിക്കഷണങ്ങള്‍  മനോഹരമായി അടുക്കിവെച്ചിരിക്കുന്നു .  ക്രിക്കെറ്റ്   ബാറ്റുക്കള്‍ക്ക് പ്രസിദ്ധിയുള്ള ഒരു  ചെറു ഗ്രാമമാണ്‌സംഗം . ബാറ്റുകള്‍  നിര്‍മ്മിക്കുവാന്‍ ഇവിടെ ഉപയോഗിക്കുന്നത്  കാശ്മീര്‍ വില്ലോ മരങ്ങള്‍ ആണ്.1920 കാലങ്ങളില്‍ പോലും ബ്രിട്ടീഷ്‌കാര്‍  കാശ്മീര്‍   വില്ലോ മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചിരുന്ന ബാറ്റുകള്‍ വാങ്ങിയിരുന്നു എന്ന് ചില വിവരണങ്ങള്‍ പറയുന്നു .ഇന്ത്യയില്‍ മാത്രമല്ല  ലോകരാജ്യങ്ങള്‍ക്കിടയില്‍ പോലും കശ്മീര്‍ വില്ലോ ബാറ്റുകള്‍ പേരുകേട്ടവയാണ് .  മാര്‍ക്കെറ്റില്‍ അഞ്ഞൂറ് മുതല്‍ പതിനായിരം  വരെ വിലമതിക്കുന്ന ഈ ഇനം ബാറ്റുകള്‍ ഇംഗ്ലീഷ് വില്ലോ  ബാറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരം കൂടുതല്‍ ഉള്ളവയെന്നും പറയപ്പെടുന്നു. 
ഇന്ന് കാശ്മീരിലെ ക്രിക്കെറ്റ്  ബാറ്റ് വ്യവസായം തീര്‍ത്തും പ്രതിസന്ധിയിലാണ്  .വിപണിയില്‍ ഇംഗ്ലീഷ് വില്ലോ   ക്രിക്കെറ്റ് ബാറ്റുകളുമായുള്ള മത്സരവും,ഭീകര വാദങ്ങളും ഈ വ്യവസായത്തിനെ ഒരു പരിധിവരെ വിപരീതമായി ബാധിക്കുന്നു എന്ന് പറയാം. എങ്കിലും ശ്രീനഗറില്‍ സംഗം പോലെയുള്ള  ചില ഗ്രാമങ്ങളില്‍ ഇന്നും  ക്രിക്കെറ്റ്   ബാറ്റ്  വ്യവസായം കുറഞ്ഞരീതിയിലെങ്കിലും നടക്കുന്നുണ്ട്.






കാറ്റില്‍ ഇളകിയാടുന്ന വില്ലോമരങ്ങള്‍ നിറഞ്ഞ ഗ്രാമ കാഴ്ച്ച വളരെ മനോഹരം എന്ന് പറയാതെ വയ്യ.രണ്ട്  വര്‍ഷങ്ങള്‍ക്കു മുന്‍പ്‌     ഫോറെസ്റ്റ്  റിസര്‍ച്ച് ഇനിസ്സ്റ്റിട്ട്യുട്ടില്‍ ( FRI- ഡെറാഡൂണ്‍  ) ഒറ്റപ്പെട്ടു നില്ക്കുന്ന ഒരു വില്ലോ മരത്തിനെ "ക്രിക്കെറ്റ്  ബാറ്റ്  നിര്‍മിക്കുന്ന മരമെന്ന്" അത്ഭുതത്തോടെ നോക്കി നിന്നതും,ആരാധനയോടെ ആ മരച്ചില്ലകളില്‍  തൊട്ടു നോക്കിയതും ഓര്‍മവന്നു .വഴിയരികില്‍ ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന  രൂപം വരുത്തിയ മര ക്കഷ ണങ്ങള്‍ ബാറ്റുകള്‍ നിര്‍മ്മിക്കുവാനുള്ളവയാണെന്ന് മുന്തസിര്‍ കുട്ടികളോട്  രഹസ്യമായി പറയുന്നത് കേള്‍ക്കാമായിരുന്നു. റോഡിനിരു വശങ്ങളിലും ക്രിക്കെറ്റ് ബാറ്റുകള്‍ നിര്‍മിക്കുന്ന ധാരാളം കെട്ടിടങ്ങള്‍ .സംഗം കഴിഞ്ഞാല്‍ എത്തിയ ഖാസീഖുണ്ട് എന്ന സ്ഥലത്ത്  അനേകം കടകളില്‍ ക്രിക്കെറ്റ് ബാറ്റുകള്‍ വില്പ്പനയ് ക്കായ്  നിരത്തി വെച്ചിരിക്കുന്നു  .അരികി ലിരിക്കുന്ന കുട്ടി ക്രിക്കെറ്റ് ഭ്രാന്തന്മാരുടെ ബാറ്റു  വാങ്ങുവാനുള്ള ആവേശം നിര്‍ബന്ധമായി മാറിയപ്പോള്‍ എന്‍റെ പുറം കാഴ്ചകളുടെ ആവേശം കുറഞ്ഞുപോയോ എന്നും തോന്നി. ശ്രീനഗര്‍ നിന്നും ജമ്മുവിലേക്ക് പോകുന്ന ദിവസം ഇവിടെ ഇറങ്ങാമെന്നും ,അപ്പോള്‍ ക്രിക്കെറ്റ് ബാറ്റുകള്‍ വാങ്ങാമെന്നുമുള്ള സമാധാനകരാറില്‍  അന്‍സാരിയുടെ സാനിധ്യത്തില്‍  ഒപ്പ് വെയ്ക്കുമ്പോള്‍ വഴിയരികിലെ കടയില്‍ വില്‍പ്പനക്കായി തൂക്കിയിട്ട കാങ്കിടിയിലൊന്നില്‍ എന്‍റെ കണ്ണുകള്‍ ആരും അറിയാത്ത ഒരു മോഹം മനസ്സില്‍ ഒളിപ്പിച്ച്‌ ഉടക്കി നിന്നു.








ജമ്മു ശ്രീനഗര്‍ ഹൈവേയില്‍  ജമ്മുവിലേക്കുള്ള മാര്‍ഗ മദ്ധ്യേ പഹല്‍ഗാമിലേക്കുള്ള വഴി തിരിയുന്നു. ശ്രീ നഗറില്‍  നിന്നുംതൊണ്ണൂറ്റി നാല്  കിലോമീറ്റര്‍ അകലെ, ലടാര്‍ നദിയുടെതീരത്ത് ലടാര്‍ താഴ്വര യിലായി സമുദ്ര നിരപ്പില്‍ നിന്നു 2195  മീറ്റര്‍ ഉയരത്തില്‍ ആണ്‌  പഹല്‍ഗാം.അനേകം ചെറു ഗ്രാമങ്ങള്‍ താണ്ടിയുള്ള ആ യാത്ര പഹല്ഗാമിലെത്തിയപ്പോള്‍ സമയം പതിനൊന്നു മണി.  ലടാര്‍   നദി വല്ലാത്ത   ശബ്ദം മുഴക്കി ഒഴുകുന്നു.നദിയുടെ മറുകരയില്‍ ദേവദാരു നിറഞ്ഞ പച്ചക്കാടുകള്‍ക്കിടയില്‍ മഞ്ഞു മൂടിയ മലനിരകള്‍ അവിടവിടെ തെളിഞ്ഞു കാണാം.അമര്‍ നാഥ്‌  തീര്‍ത്ഥാടനം തുടങ്ങിയിട്ടില്ലാത്തതിനാല്‍ പഹല്‍ഗാമില്‍ അത്ര തിരക്കനുഭവപ്പെട്ടില്ല.
തലേന്ന് പെയ്ത മഴയില്‍ നനഞ്ഞ പ ഹല്‍ഗാം അത്രകണ്ട് സുന്ദരിയെന്ന്  എനിക്ക് തോന്നിയില്ല.നനയുമ്പോള്‍ സുന്ദരി ശ്രീനഗര്‍ തന്നെ.റോഡരികില്‍ ചിലയിടത്ത്  ഉരുകാതെ അവശേഷിക്കുന്ന  വലിപ്പമുള്ള മഞ്ഞിന്‍റെ കട്ടകള്‍.മലിനമായ ഓടകളില്‍ മഞ്ഞുരുകിയ വെള്ളം നിറഞ്ഞൊഴുകുന്നു. തീര്‍ത്ഥാടന  കേന്ദ്രങ്ങള്‍ മലിനമാകാതെ സൂക്ഷിക്കാന്‍ നാം ഇന്ത്യാക്കാര്‍ ഇന്നും  പഠിച്ചിട്ടില്ലല്ലോ എന്ന് തോന്നി.തണുപ്പില്‍ മരവിച്ചു പോയതിനാല്‍ ഇവിടെ മലിന വസ്തുകള്‍ക്കൊന്നും  ഒരു  പരിധിവിട്ടുള്ള ദുര്‍ഗന്ധം അനുഭവപ്പെടുന്നില്ല എന്നത് വളരെ   ആശ്വാസമായി.  സൈനീക കാവലാള്‍ ഇവിടെയും ധാരാളം. പൊതു ശൌചാലയങ്ങള്‍ക്ക് അരികില്‍ പോലും കാവല്‍ നില്‍ക്കേണ്ടി വരുന്ന ധീര യോദ്ധാക്കള്‍!

അന്‍സാരി കാര്‍ പാര്‍ക്കിംഗ് ഏരിയ തിരയുമ്പോള്‍ വളരെ ക്ഷീണിതനായ ഒരു സര്‍ദാര്‍ജി  അരികില്‍ വന്ന്‌ കുറച്ച്‌ അകലെയുള്ള ഒരു സ്ഥലം കാട്ടി അവിടെ വാഹങ്ങള്‍ പാര്‍ക്ക്‌ ചെയ്യാം എന്ന്  പറഞ്ഞുതന്നു.
പാര്‍ക്കിംഗ് ഏരിയയില്‍ എത്തി വാഹനം പാര്‍ക്ക്  ചെയ്ത്  പഹല്‍ ഗാമിലെ  ഒന്ന് രണ്ട് ഫോട്ടോ കാമറയില്‍ പകര്‍ത്തി  തിരികെ വരുമ്പോള്‍ ആ സര്‍ദാര്‍ജി രൂപം ഞങ്ങളെയും കാത്ത് അവിടെത്ത ന്നെ നില്‍ക്കുന്നു.ആള്‍ നടത്തുന്ന ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാമെന്ന ആവശ്യമായിരുന്നു ആ കാത്ത് നില്‍പ്പിന്‌ പിന്നില്‍ എന്ന് മനസ്സിലായി. ഒരു ഇടുങ്ങിയ വഴിയില്‍ കൂടി സാമാന്യം വലിപ്പമുള്ള ഒരു കടയിലേക്ക്   ഞങ്ങള്‍ ആനയിക്കപ്പെട്ടു.
"ഇത് സര്‍ദാര്‍ജിയുടെ ഹോട്ടലാണ്....."എന്ന്    ഫയാസ്സ് ഫായി പതുക്കെ പറഞ്ഞു.ഫയാസ്സു ഭായിക്കും ,നഗീനും അവിടെ  കയറിയത് അത്ര ഇഷ്ട്ടമായില്ല എന്നത്  വളരെ വ്യക്തമായി ആ മുഖങ്ങളിള്‍  നിന്നും ഞാന്‍ വായിച്ചെടുത്തു..
ശ്രീനഗര്‍ ചില ഹോട്ടലുകളുടെ  മുന്‍പില്‍ "മുസ്ലിം ഹോട്ടല്‍ "എന്ന് മൂന്ന് ഭാഷകളില്‍ വലിയ അക്ഷരത്തില്‍ എഴുതി വെച്ചിരുന്നത് ഓര്‍മ വന്നു.ഫയാസ്സ്- നഗീന്‍ ദമ്പതികളുടെ അനിഷ്ട്ടത്തെ ചെറുത്ത് നില്‍ക്കുവാന്‍  ഒരു പുഞ്ചിരി മാത്രമായിരുന്നു അപ്പോഴും എന്‍റെ ആയുധം . 
ഹോട്ടലിലെ അടുക്കളയില്‍ പാചകം ചെയ്യുന്നത്  മറ്റൊരു സര്‍ദാര്‍ജി.
സംസാരത്തില്‍ നിന്നും അവര്‍ സഹോദരങ്ങളെന്നു മനസ്സിലായി.
യാത്രയില്‍ മിക്കപ്പോഴും ഭക്ഷണ സമയത്തിന് കൃത്യ  നിഷ്ട്ടകള്‍ പാലിക്കാന്‍ കഴിയാറില്ല  മണി  പതിനൊന്ന്‌ കഴിഞ്ഞതിനാല്‍ ഞങ്ങളുടെ പതിവ് കാശ്മീര്‍ പ്രഭാത ഭക്ഷണമായ   ബ്രഡ്‌ - ഓംലറ്റ് ഓര്‍ഡര്‍ ചെയ്തു.
ഒരു നിമിഷം എന്തോ ആലോചിച്ച്  മിണ്ടാതെ നിന്ന സര്‍ദാര്‍ജി ബ്രേക്ക്‌ ഫാസ്ടിനുള്ള ഓര്‍ഡര്‍  അകത്തുള്ള സഹോദരനെ ഏല്‍പ്പിച്ചിട്ട് പുറത്തേക്കിറങ്ങി .
അല്‍പ്പം കഴിഞ്ഞ്‌ കടലാസ്സില്‍ പൊതിഞ്ഞ കുറേ മുട്ടകളുമായി ആള്‍ തിരികെ വന്നു.
സത്യത്തില്‍ അതൊരു സസ്യ ഭക്ഷണ  ശാല ആയിരുന്നു.
അമര്‍നാഥ്‌  തീര്‍ത്ഥാടകരെ  ഉദ്ദേശിച്ചാണ് പഹല്‍  ഗാമിലെ  ഹോട്ടലുകള്‍ മിക്കവയും പ്രവര്‍ത്തിക്കുന്നത്. വന്നു കയറിയ അതിഥികളെ വിഷമിപ്പിക്കെണ്ടാ എന്ന്   കരുതിയിട്ടോ എന്തോ നോണ്‍ വെജ് വില്‍പ്പന യ് ക്ക്   സര്‍ദാര്‍ജി തയ്യാറായത് .
ഒന്നും അറിയാതെ ഓംലെറ്റ്‌ ഓര്‍ഡര്‍ ചെയ്തു പോയതോര്‍ത്ത്‌ വിഷമവും തോന്നി എനിക്ക്  .ആഹാരത്തിനു ശേഷം കൊടുത്ത രൂപയുടെ ബാക്കി തിരികെ  വാങ്ങാതെ ഞങ്ങള്‍ യാത്ര പറയുമ്പോള്‍ സര്‍ദാര്‍ജിയുടെ കണ്ണുകള്‍ നിറയുന്നത് കണ്ടു.
ഞങ്ങള്‍  ഇരുന്ന അത്രയും നേരവും  ആ കടയില്‍ ആരുമേ അന്ന്  വന്നിരുന്നില്ല .
പഹല ഗാമിലെ ഇതേപോലെയുള്ള ജീവിതങ്ങള്‍ പച്ചപിടിക്കുക  അമര്‍നാഥ്‌  തീര്‍ത്ഥാടന സമയത്ത് മാത്രമാണ്.വഴിവാണിഭ കടകള്‍ കാണുവാന്‍ വഴി തിരഞ്ഞു നടക്കുമ്പോള്‍ വീണ്ടും വരുന്ന അടുത്ത അതിഥികളെ കാത്ത്  തലപ്പാവ്  കെട്ടിയ മെലിഞ്ഞ ആ  ആള്‍ രൂപം ദൂരെ നില്‍ക്കുന്നത് കാണാമായിരുന്നു.

സഞ്ചാരികളെ ഉന്നമിട്ടു ധാരാളം കടകള്‍ പഹല്‍ ഗാമില്‍ ഉണ്ട്.ചില കാശ്മീരി കടകളുടെ മുന്‍പില്‍ എത്തുമ്പോള്‍ ഉള്ള "ചിങ്കു ചിങ്കു "എന്ന വിളി അരോചകമായി തോന്നി.മുന്‍പ്‌ മണാലിയില്‍ വസിഷ്ട്ടു ഹോട്ട്  വാട്ടര്‍  സ്പ്രിംഗ് (ചൂടുള്ള നീരുറവ )കാണുവാന്‍ പോയപ്പോള്‍ ചുറ്റും വളഞ്ഞ "ചിങ്കു"വാലകളെ ഓര്‍മവന്നു.ഒരുതരം കമ്പിളി പുതപ്പിന്‍റെ വില്പ്പന യ് ക്കായി പല തന്ത്രങ്ങളും പറയുവാനുള്ള ഇവരുടെ കഴിവ് അപാരമെന്ന മുന്‍പരിചയം ആവാം ആ വിളി എപ്പോള്‍ ,എവിടെ  കേള്‍ക്കുമ്പോഴും അരോചകമായി തോന്നുന്നതിന് കാരണം. 
ഉണങ്ങിയ വാല്‍നട്ട്  , ബദാം ഇവ ധാരാളമായി വില്‍പ്പനയ്ക്കുണ്ട്. ഇതില്‍ ബദാം വാങ്ങിക്കുന്നവര്‍ ചിലപ്പോള്‍ വഞ്ചിതരാകാറുണ്ട്‌  എന്നതാണ് മറ്റൊരു തമാശ . പീച്ച്‌ പഴത്തിന്‍റെ കുരുവിന്  ബദാമുമായി വളരെ രൂപ സാദ്രിശ്യമുള്ളതിനാല്‍ അത്  പൊട്ടിച്ച്  ഭക്ഷിക്കും വരെ നാം കബളിപ്പിക്കപ്പെട്ട വിവരം അറിയാന്‍ കഴിയില്ല. 

കടകള്‍ പലതും പിന്നിട്ട് ലടാര്‍ തീരത്ത് എത്തിയപ്പോഴേക്കും മഞ്ഞ് പെയ്യുവാന്‍ തുടങ്ങി.മലമുകളില്‍ നിന്നും ഒഴുകി വരുന്നമിനുസമുള്ള ഉരുളന്‍ കല്ലുകള്‍  നിറഞ്ഞതാണ്‌ ലടാര്‍ നദി.പുരാണത്തില്‍  പറയപ്പെടുന്ന ലംബോധരി നദിയാണ്  ഈ ലദാര്‍.കാശ്മീര്‍ വിവരണമായ കല്‍ഹണന്‍റെ രാജതരംഗിണിയില്‍ ഈ നദിയെ ക്കുറിച്ചും ഇതിന്റെ തീരങ്ങളില്‍ നടന്ന സംഭവങ്ങളെ കുറിച്ചും വിവരിക്കുന്നുണ്ട്.നദിയുടെ കൈവഴികള്‍ മത്സ്യ ബന്ധനത്തിന് പേര് കേട്ടവയാണ്.ലംബോധരിയുടെ രണ്ട് കൈവഴികളുടെ സംഗമ സ്ഥാനവും പഹല്‍ഗാം തന്നെ എന്നതാണ് മറ്റൊരു പ്രത്യേകത .കൊല്‍ഹായ് ഗ്ലേഷ്യറില്‍ നിന്നുത്ഭവിച്ച്  "ആറു" വില്‍ എത്തുന്നതാണ് ഒരു കൈവഴി. ശേഷ നാഗ് തടാകത്തില്‍ നിന്നൊഴുകി ചന്ദന്‍ വാഡി വഴിയെത്തുന്ന രണ്ടാമത്  കൈവഴിയുടെ തീരത്തിലൂടെയാണ് അമര്‍നാഥിലേക്കുള്ള പാത.
വര്‍ഷകാലത്ത്  മഴവെള്ളവും വേനല്‍ക്കാലത്ത്  മഞ്ഞുരുകിയും  എല്ലാ ഋതുക്കളിലും നിറഞ്ഞൊഴുകുന്ന ഹിമ വാഹിനികളെക്കുറിച്ച് പണ്ട് ചരിത്ര ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട് .കശ്മീരിലെ മിക്ക നദിളേയുംപോലെ  ലദാരിനും ഇതേ സ്വഭാവം തന്നെയാണ്.

മഞ്ഞുമഴയോടൊപ്പം  വീശിയ തണുത്ത കാറ്റില്‍ വല്ലാതെ തണുത്തു വിറച്ചു എല്ലാവരും. 
.ഭക്തിയുടെ നിറവില്‍ തണുപ്പിന്‍റെ കാഠിന്യമറിയാതെ ശിവ സ്തുതികള്‍ ഉരുവിട്ട്  നീങ്ങുന്ന ഭക്തന്മാരെ ചിലയിടങ്ങളില്‍ കാണുവാന്‍ കഴിഞ്ഞു.ഏ. ഡി ഒന്നാം നൂറ്റാണ്ടില്‍ കാശ്മീര്‍ ഭരിച്ചിരുന്ന രാജാക്കന്മാര്‍ പോലും അമര്‍ നാഥ്‌ ഗുഹയിലെത്തി പൂജകള്‍ അര്‍പ്പിച്ചിരുന്നതായി വിവരങ്ങള്‍ പറയുന്നു.ശ്രാവണ പൂര്‍ണിമ യാണ് അമര്‍നാഥ്‌  തീര്‍ഥാടനത്തിന്  അനിയോജ്യമായ സമയം. ഗുഹയ്ക്കുള്ളിലെ ഹിമലിംഗം പൂര്‍ണരൂപം പ്രാപിക്കുന്ന  അതേ ദിവസം തന്നെയാണ് അമര്‍നാഥ്‌ ഉത്സവം നടക്കുന്നതും.അമര്‍ നാഥ്‌   തീര്‍ത്ഥാട നമായാല്‍ അമരത്വം തേടി ദര്‍ശനത്തിനെത്തുന്ന ഭക്തന്മാരാല്‍  പഹല്ഗാമില്‍ തിരക്കാവും.ഇപ്പോള്‍ വിജനമായി കിടക്കുന്ന ലടാര്‍ തീരങ്ങളില്‍ അന്ന്  പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ഒഴുകും.ചന്ദന്‍ വാരിയിയില്‍  നിന്ന്   അമര്‍ നാഥിലേക്ക്  കാല്‍നടയായി ആണ്‌ തീര്‍ത്ഥാടകര്‍ പോകാറ്‌.വാര്‍ധക്യത്തിന്‍റെ  അവശതകള്‍ ദൈവത്തില്‍ അര്‍പ്പിച്ചു പുണ്യം കിട്ടാന്‍ മലകള്‍ കയറി ഇവര്‍ തീര്‍ത്ഥാടനം ചെയ്യുന്നു. അവശരെ തോളിലേറ്റി പാപങ്ങള്‍ കഴുകി കളയുന്നവര്‍ വേറെയും.മഞ്ഞ് പുതച്ച വഴിയിലൂടെ ഈ കൊടും തണുപ്പില്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത്  അമര്‍നാഥ്‌ ഗുഹയില്‍ എത്തുന്നവരും,പാതിവഴിയില്‍ മോക്ഷം കിട്ടി സ്വര്‍ഗംപൂകുന്നവരും ഈ കൂട്ടത്തില്‍ ഉണ്ട്  .മോക്ഷം കിട്ടിയവരെ താഴ്വാരത്തില്‍ എത്തിക്കുന്നത്‌  തന്നെ ഒരു കൂട്ടര്‍ക്ക്‌  ജീവിതമാര്‍ഗമാണ് .അറിഞ്ഞോ അറിയാതെയോ അജ്ഞാത മൃതദേഹങ്ങള്‍ ആയി ആ മണ്ണിനോട് ചേര്‍ന്നവരും  ധാരാളം.   മോക്ഷം കിട്ടിയവരെ കാണുമ്പോള്‍ മല കയറുന്നവര്‍  ദീര്‍ഘ  നിശ്വാസത്തോടെ അന്യോന്യം പറയു മത്രേ  "യേ ശാന്തി ഹോ ഗയാ........"  .
ഒരിക്കല്‍ അമര്‍നാഥ്‌  തീര്‍ത്ഥാട നത്തിനുസാക്ഷ്യം വഹിച്ച സുഹൃത്ത്  പറഞ്ഞു കേട്ട സംഭവം ഓര്‍മവന്നു.
വൃദ്ധയായ അമ്മയുമായി  തീര്‍ത്ഥാട നത്തിന് പോയ ഒരു മകന്‍റെ കഥ.മലകയറി മകനുമായി അമര്‍നാഥ്‌ എത്തിയ ആ അമ്മ അവിടെവെച്ച് മോക്ഷം പ്രാപിച്ചു .തിരികെ മൃതദേഹം പഹല്‍ഗാം എത്തിക്കാന്‍ ഏറെ ചിലവാണ്‌.നിസ്സഹായനായ മകന്‍ അമ്മയുടെ ദേഹം അവിടെ ഉപക്ഷിച്ച്‌ താഴ്വാര ത്തേക്ക്‌ പോന്നു.അജ്ഞാത മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ സൗജന്യമായി എത്തിക്കുമെന്ന് ആ മകന് നന്നായി അറിയാം.ദിവസങ്ങള്‍ കാത്തിരുന്നു മലയിറ ങ്ങിവന്ന അമ്മയുടെ ദേഹം ഏറ്റു   വാങ്ങുവാന്‍  ആ മകന്‍ ചന്ദന്‍ വാരിയില്‍ കാത്ത്  നിന്നത്രേ 
പാപ പരിഹാരത്തിന് ഇനിയും നാം ഏത് മലകള്‍ ചവിട്ടും !!! 

1990 -1996വര്‍ഷങ്ങളില്‍ കശ്മീര്‍ പൊള്ളിയ നാളുകളില്‍ അമര്‍നാഥ്‌ തീര്‍ഥാടനം നിരോധിച്ചിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു.പിന്നീട് നാല് വര്‍ഷങ്ങള്‍ക്കു ശേഷം 2000 ത്തില്‍  പഹല്ഗാമില്‍ നടന്ന  ഒരു കൂട്ടക്കൊല ആ മണ്ണിന്‍റെ ഹൃദയത്തില്‍ ഉണങ്ങാത്ത  മുറിവായി ഇന്നും ശേഷിക്കുന്നു, പുണ്യം തേടിയുള്ള ഈ യാത്രയിലെ വേദനിപ്പിക്കുന്ന ഓര്‍മ്മയായി........

ബോളിവുഡ് സിനിമകളില്‍ സുന്ദരിയായി തിളങ്ങിയ പഹല്‍ഗാം കാണാതെ  ഞാന്‍ നാട്ടിലേക്ക് പോയിരുന്നുവെങ്കില്‍ എത്ര നഷ്ട്ടമായി പോയേനെ എന്നോര്‍ത്തു  .തിരികെയുള്ള യാത്ര പ്രകൃതി ഭംഗികള്‍ ആവോളം ആസ്വദിച്ചായിരുന്നു.മലയുടെ ചരിവുകള്‍ ഇറങ്ങി തണുപ്പിനെ പുല്‍കി ദേവദാരു മരങ്ങള്‍ക്കിടയിലൂടെ ഒരു യാത്ര.....നഷ്ട്ടപെട്ടു പോകുന്ന ഓരോ കാഴ്ചകളും ജീവിതത്തില്‍ ഒരിക്കലും ഇനി കാണുവാന്‍ കഴിയില്ലല്ലോ എന്ന വിഷമം തണുപ്പിനോടൊപ്പം മനസ്സിനെ ഇടയ്ക്കിടെ കുത്തി നോവിച്ചു കൊണ്ടിരുന്നു. വഴികള്‍,ഗ്രാമങ്ങള്‍  ഒക്കെയും ഒരു നിമിഷം കൊണ്ട് കാഴ്ചയില്‍ നിന്നും അകന്നുപോയിക്കൊണ്ടിരിക്കുന്നു .ഭൂമിയിലെ സ്വര്‍ഗത്തില്‍ എനിക്ക് അവശേഷിക്കുന്നത് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം.മലയിറങ്ങി വരുമ്പോള്‍ താഴ്വരയില്‍ ശ്രീനഗര്‍ സുന്ദരിയായി മഞ്ഞപ്പട്ടുടുത്തു നില്‍ക്കുന്നു.
ഹസ്രത് ബാല്‍ എത്തുവോളം അന്‍സാരി പഴയ കാശ്മീര്‍ ദിനങ്ങളെ ക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.
സമാധാനവും സന്തോഷവും  നിറഞ്ഞ കുറേ നല്ല  ഓര്‍മ്മകള്‍ കശ്മീര്‍ മനസ്സുകളില്‍ ഇന്നും ഉണ്ട്‌,ഇത് "ഭൂമിയിലെ സ്വര്‍ഗമെന്ന്"  നല്ല മനസ്സുകള്‍ വാഴ്ത്തിപ്പാടിയ സുന്ദര ദിനങ്ങള്‍ .പക്ഷെ നിസ്സഹായരായ കശ്മീര്‍ ജനതയെ ഇന്നും  വേട്ടയാടുന്നത് സംഘര്‍ഷങ്ങള്‍ നിറഞ്ഞ ഭീകര നിമിഷങ്ങളും ,അതിന്‍റെ ബാക്കി പത്രങ്ങളും  മാത്രമാണ്  .  സ്വയം പര്യാപ്തത കൈവരിച്ചു എന്ന് തോന്നലുണ്ടാകുമ്പോള്‍ അണു  കുടുംബങ്ങളായി കൂട് മാറുവാന്‍ കൊതിക്കുന്ന നമ്മളെ പോലെയാണ് ഇന്ന് കാശ്മീരിലെ ഒരു വിഭാഗം ജനത,എന്ത് വന്നാലും ഭാരത  മണ്ണില്‍ ചേര്‍ന്ന് ജീവിക്കുമെന്ന് പ്രതി ജ്ഞ    എടുത്തവര്‍  മറ്റൊരു കൂട്ടര്‍,ഇതിലൊന്നും പെടാത്ത മനസ്സുള്ള ബാക്കിചിലര്‍.സാഹചര്യങ്ങള്‍ ,അനുഭവങ്ങള്‍ മനുഷ്യ മനസ്സുകളെ,തങ്ങളുടെ ചിന്തകളെ അപ്പാടെ മാറ്റിക്കളയുന്നു എന്നതിന് വ്യക്തമായ ഉദാഹരങ്ങള്‍ ആണ്‌ ഇന്ന് കശ്മീര്‍ മണ്ണില്‍ ജീവിക്കുന്ന ഈ പാവം ജനങ്ങള്‍.  സൈനീക കാവല്‍ തങ്ങളുടെ സര്‍വ സ്വാതന്ത്ര്യവും നിഷേധിക്കുന്നു എന്ന തോന്നല്‍ എല്ലാ മനസ്സുകളിലും ചെറിയൊരു മുറിവായി  ഇന്നും ശേഷിക്കുന്നു.എന്നാല്‍ കാവലാള്‍ ഇല്ലാത്ത ഒരു കാശ്മീരിനെ കുറിച്ച് ഇന്നത്തെ സാഹചര്യം ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നില്ല എന്നതാണ് മറ്റൊരു  സത്യം .കശ്മീര്‍ കാണുവാന്‍ എത്തുന്ന  സഞ്ചാരികള്‍ക്ക് ഇവിടുത്തുകാര്‍  നല്‍കുന്ന അകമഴിഞ്ഞ സ്നേഹത്തിന്  മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ഊഷ്മളത ഏറിയിട്ടുണ്ട്  എങ്കിലും അതിഥികളെ സ്വീകരിക്കാനാന്‍  ഇന്ന് കാശ്മീരില്‍ ആതിഥേയര്‍ കുറവാണ് എന്ന് വേണം കരുതാന്‍.കാശ്മീര്‍ ജനതയിലെ മുന്തിയ കച്ചവടക്കാര്‍ ഏറിയ പങ്കും സ്വന്തം ഭൂമിയെ വിട്ട് ഇന്ന് അന്യ സംസ്ഥാനങ്ങളില്‍ ചേക്കേറിയിരിക്കുന്നു.സ്വാത ന്ത്ര്യം നിഷേധിച്ച,സമാധാനം നിഷേധിച്ച  സ്വര്‍ഗത്തില്‍ നിന്നും ഒരു പടിയിറക്കം  .ഇന്ന്  ലോകത്തിന്‍റെ എതൊരു കോണില്‍ പോയാലും ഈ  സുന്ദരമുഖങ്ങളെ കാണുവാന്‍ കഴിയുന്നതിന് കാരണവും മറ്റൊന്നുമല്ല  . സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍   ഇന്നും അതേ സ്വര്‍ഗത്തില്‍ എല്ലാം നൊമ്പരങ്ങളും ഉള്ളിലൊതുക്കി വാഴുന്നു.

എല്ലാം വിളയുന്ന പുണ്യ ഭൂമിയായ കാശ്മീരിന്‍റെ  മണ്ണില്‍ എന്നെങ്കിലും ഒരിക്കല്‍ സമാധാനം പൂത്തുലയുന്ന നിമിഷങ്ങളെ കുറിച്ചുള്ള സ്വപ്നങ്ങള്‍ അന്‍സാരിയുടെ ഓരോ വാക്കിലും ഉണ്ടായിരുന്നു.സത്യത്തില്‍ കശ്മീര്‍ ഒരു പുണ്യ ഭൂമി തന്നെയാണ്.ഈ മണ്ണ് ഇവിടെയുള്ള മനുഷ്യര്‍ക്ക്‌ എല്ലാം നല്‍കുന്നു,"വെജിറ്റബിള്‍ ഗോള്‍ഡ്‌ "എന്ന് പേര് കേട്ട കുങ്കുമ പൂവുവരെ ......എന്നിട്ടും സമാധാനം  ഇന്നും ഇവര്‍ക്കൊരു കിട്ടാക്കനിയാകുന്നത്തിന് ആരാണ് ഉത്തരവാദികള്‍ ? 

ശ്രീനഗര്‍ കടക്കുന്നതിനു തൊട്ടു മുന്‍പ്‌ ഒന്ന് രണ്ട്  സൈനീകര്‍ യന്ത്ര തോക്കുകളുമായി വാഹനം തടഞ്ഞു .ഒരു ജവാന്‍ കാറിനുള്ളിലേക്കും ,കാറിനുള്ളിലെ എല്ലാ മുഖ ങ്ങളിലെക്കും ടോര്‍ച്ചു മിന്നിച്ചു.പരിശോധനകള്‍ക്ക് ശേഷം കാര്‍ സ്ട്രാറ്റ് ചെയ്ത  അന്‍സാരി വല്ലാതെ പ്രകോപിതനായി."നിങ്ങള്‍ സ്ത്രീകള്‍ വാഹനത്തില്‍ ഉണ്ട് അതാണ്‌ ടോര്‍ച്ചു മിന്നിച്ചുള്ള ഈ   പരിശോധന" .ഇന്ത്യന്‍ ജവാന്മാരെ കുറിച്ച് ആവേശത്തോടെ  ഞാന്‍ പറയുന്നതൊന്നും തന്നെ അംഗീകരിക്കാന്‍ ഒരിക്കല്‍ പോലും അന്‍സാരി തയ്യാറായില്ല  .ശ്രീനഗര്‍ മുതല്‍ അധിനിവേശ കാശ്മീര്‍ വരെ കാവല്‍ നില്‍ക്കുന്ന ധീര  യോദ്ധാക്കളോട് അന്‍സാരിക്ക് യാതൊരു മമതയും ഉണ്ടായിരുന്നില്ല എന്നും എനിക്ക് തോന്നി.കാര്‍ഗില്‍ യുദ്ധത്തിന്റെ ഓര്‍മ്മയില്‍ നീറിക്കൊണ്ടിരിക്കുന്ന എന്‍റെ മനസ്സ്  അന്‍സാരി വീണ്ടും പറഞ്ഞുകൊണ്ടിരുന്നവാര്‍ത്തകള്‍   കേട്ട്  പ്രതികരിക്കാന്‍ കഴിയാതെ മനപൂര്‍വം ഉറങ്ങിപോയി.

ഹസ്രത് ബാല്‍ എത്തിയപ്പോള്‍ പതിവുപോലെ തണുപ്പിന്‍റെ കാറ്റ് വീശി തുടങ്ങി.സബര്‍വന്‍ മലനിരകളെ തഴുകി ,ദല്‍ തടാകത്തെ ഉറക്കി വീശി വന്ന തണുത്ത കാറ്റില്‍ ഞാന്‍ എന്നെയും തണുപ്പ് ഞങ്ങളെയും പുണര്‍ന്നുറങ്ങിയ  ഒരു രാത്രികൂടി കടന്നു പോയി.

കണികണ്ടുണരാന്‍ കൊന്നപ്പൂക്കളില്ലാത്ത ഒരു മേട വിഷു പിറന്ന ദിവസം .
.ഉച്ചയൂണിന് ശേഷം വൈകാതെ ലാല്‍ ചൗക്കിലേക്ക് പുറപ്പെട്ടു. ഹസ്രത് ബാല്‍ നിന്നും വീണ്ടും ഒരു ബസ്സ് യാത്ര.പോകുന്ന വഴിയില്‍നല്ല തിരക്കായിരുന്നു .നാട്ടില്‍ വിഷു വെങ്കില്‍ ഇവിടെ വൈശാഖി ആഘോഷങ്ങള്‍.സിഖ് മതത്തിന്‍റെ  ജനനം ആണ്‌  വൈശാഖി  ആയി ഇവര്‍ ആഘോഷിക്കുന്നത് .ഹിന്ദു മത വിശ്വാസം അനുസരിച്ച്  വൈശാഖി   എന്നത് പുതുവര്‍ഷ ആഘോഷം കൂടിയാണ് ,മാത്ര മല്ല  അനേകായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ സ്വര്‍ഗത്തില്‍  നിന്ന്   ഭൂമിയിലേക്ക്‌ ഇറങ്ങിവന്ന വന്ന ഗംഗയുടെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ ആഘോഷം . ബുദ്ധ മത വിശ്വാസികള്‍ക്കും വൈശാഖി  സുപ്രാധാന  ദിനമാണ്  .മക്ദൂം സാഹിബ്‌ എത്തിയപ്പോള്‍ ഗുരുദ്വാരയിലും പരിസരത്തും അഭൂതപൂര്‍വമായ തിരക്ക്.പുതു പുത്തന്‍ ഉടുപ്പിട്ട്കൊച്ചു സിഖ് കുഞ്ഞുങ്ങള്‍ മാതാപിതാക്കളോടൊപ്പം വൈശാഖി ആഘോഷിക്കുന്നു .

"സെലി ബ്രേറ്റ്  ദി ഈവ്  ഓഫ് വൈശാഖി  ദി   ബര്‍ത്ത്   ഓഫ് സിഖ്സ്"
എന്ന് എഴുതിയ ബാനറുകള്‍ മിക്കയിടങ്ങളിലും കാണുവാന്‍ കഴിഞ്ഞു .വഴിയിലുടനീളം ഇതേ തിരക്ക് തന്നെ .നന്നേ ഇടുങ്ങിയ വഴിയിടങ്ങള്‍ ഉത്സവ ലഹരിയില്‍ അമര്‍ന്നപ്പോള്‍ കടന്നു പോകുവാന്‍ വഴികളില്ലാതെ വാഹനങ്ങള്‍ക്കും ആലഹരി നുകര്‍ന്ന് മണിക്കൂറുകള്‍ വഴിയില്‍ കിടക്കേണ്ടി വന്നു .



ദല്‍ ഗേറ്റു  കടക്കുമ്പോള്‍ ദല്‍ തടാകത്തിന്‍റെ കൈവഴികളില്‍ ഒന്നില്‍ മനോഹരങ്ങളായ അനേകം ഹൗസ്സ്   ബോട്ടുകള്‍ കണ്ടു.തടാകത്തില്‍ സഞ്ചാരികളെ കാത്ത് ശിക്കാറകള്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു 


പതിവിലും തെളിഞ്ഞ ഒരു പ്രഭാതം ആയിരുന്നു അന്ന്  .ലാല്‍ ചൗക്കില്‍ നന്നേ തിരക്ക്.വെള്ളിയാഴ്ച മരണപ്പെട്ട മത നേതാവിന്‍റെ ഭൌതീക ശരീരം വഹിച്ചുകൊണ്ട്‌ നിറഞ്ഞുതിങ്ങിയ വിലാപയാത്ര  ഇതേ ലാല്‍  ചൗക്കിലൂടെ കടന്നു പോകുന്ന ഒരു ചിത്രം  കഴിഞ്ഞ ദിവസത്തെ പത്രത്താളില്‍ കണ്ടതാണ്.കാശ്മീരിന്‍റെ  കഴിഞ്ഞ നാളുകളില്‍ പലപ്പോഴും അപരാധികളുടെയും, നിരപരാധികളുടെയും രക്തം ചിന്തിയ വീഥികളിലേക്കാണ് ഇറങ്ങുവാന്‍ പോകുന്നത് എന്നുള്ള തയ്യാറെടുപ്പും ഉള്ളുകൊണ്ട് ഞാന്‍ എടുത്തു.ഇടുങ്ങിയ തെരുവുകളില്‍ ആണ്‌ മിക്ക കടകളും .സുന്ദരികളും സുന്ദരന്മാരും ഒഴുകിനടക്കുന്ന ഒരു ലോകം. പര്‍ദയില്‍ മറച്ച കാശ്മീര്‍  സൗന്ദര്യത്തിനു പത്തരമാറ്റ് തിളക്കം .നിരനിരയായി കടകളില്‍ വില്‍പ്പനയ് ക്കായി  പ്രദര്‍ശിപ്പിച്ചിരിക്കുന്ന  പലതരം വസ്ത്രങ്ങള്‍ ,  കൗതുക വസ്തുക്കള്‍,വളരെ ആകാംഷയോടെ അത് തിരഞ്ഞെടുക്കുന്ന കാശ്മീര്‍ സുന്ദരികള്‍.അലങ്കാര വസ്തുക്കളോടും ,പെര്‍ഫ്യൂമുകളോടും കാശ്മീരികള്‍ക്ക്‌ പ്രിയമെന്ന്  തോന്നി.മിക്ക ഭവനങ്ങളിലും  കാര്‍പെറ്റുകളുടെ ഉപയോഗമുള്ളതിനാല്‍  മാര്‍ക്കെറ്റില്‍ എവിടെയും വിവിധ ഡിസൈനുകളില്‍ ഉള്ള പലയിനം  കാര്‍പെറ്റുകള്‍  വില്‍പ്പനയ്ക്കായി കാണുവാന്‍ കഴിഞ്ഞു .കാശ്മീരില്‍ കിട്ടുന്ന "പഷ്മിന" ഷാള്‍ ലോക പ്രസിദ്ധി  യാര്‍ജിച്ചവയാണ്  .ഹിമാലയന്‍ മലനിരകളില്‍ കാണുന്ന ഒരു പ്രത്യേകതരം ആടിന്‍റെ(Changthangi or Pashmina goat ) രോമത്തില്‍ നിന്നും നിര്‍മ്മിക്കുന്ന  പഷ്മിന തുണിത്തരങ്ങള്‍ തണുപ്പിനെ ഏറെ പ്രതിരോധിക്കുന്നു.ശുദ്ധമായ ഉരുകിയ നെയ്യ് പഷ്മിന യില്‍ പോതിഞ്ഞ് മഞ്ഞില്‍ മൂടിയിട്ടാല്‍ അത് ഉറയാതെ തന്നെ കാണും എന്നും പറയപ്പെടുന്നു.സുന്ദരികളുടെയും ,സുന്ദരന്‍മാരുടെയും ,വര്‍ണങ്ങളുടെയും ഒരു മായിക പ്രപഞ്ചമാണ്‌ ലാല്‍ ചൌക്ക്. വിലപേശിയാല്‍ വളരെ കുറഞ്ഞ വിലയില്‍ സാധങ്ങള്‍ പലതും  നമുക്ക് വാങ്ങാം.കശ്മീര്‍ വന്നതിന് ശേഷം അന്തരീക്ഷത്തിന് അല്‍പ്പം ചൂട് അനുഭവപ്പെട്ട ദിവസമായിരുന്നു അന്ന്  .നല്ല തെളിഞ്ഞ സൂര്യന്‍,കച്ചവടക്കാരുടെ മുഖത്തെല്ലാം സൂര്യനെപോലെ നിറഞ്ഞ തിളക്കം .അടുത്തു കണ്ട ഒരു ബേക്കറിയില്‍ നിന്നും ഞങ്ങള്‍  ഐസ് ക്രീം വാങ്ങി കഴിച്ചു.ആദ്യ ദിനങ്ങളില്‍  കശ്മീര്‍ കാഴ്ചകള്‍ കാണുവാന്‍ പോയ ചില വേളകളില്‍   ഐസ് ക്രീം പരസ്യങ്ങള്‍ ഉളള ബോര്‍ഡുകള്‍ ചിലയിടങ്ങളില്‍ കണ്ടിരുന്നു.തണുപ്പില്‍ വിറയ്ക്കുന്ന ഈ കാശ്മീര്‍ ജനതയേയും  ,ഐസ് ക്രീമും എത്ര ആലോചിച്ചിട്ടും കൂട്ടി വായിക്കുവാന്‍ കഴിഞ്ഞില്ല .ഇളം ചീരപോലെ അര്‍ബിന വാടിതള ര്‍ന്നു പോയ  ആ ചൂടില്‍ എന്നെ തണുപ്പിക്കാന്‍ ആ നിമിഷം ഒരു കപ്പ്‌ കാശ്മീര്‍  ഐസ്ക്രീം തന്നെ വേണമായിരുന്നു.



ഉണങ്ങിയ വാല്‍ നട്ട് വില്‍ക്കുന്ന കടയില്‍ വില ചോദിച്ചു.കൊലഗാമില്‍ നിന്നും അബ്ബ കൊണ്ടുവന്ന അക്രൂട്ട് തലേന്ന് രാത്രി മുന്തസിര്‍ ഞങ്ങള്‍ക്ക് തോടിളക്കി കഴിക്കാന്‍ തന്നിരുന്നു.ബാദാമിനെക്കാള്‍ സ്വാദുള്ളതായിതോന്നി അക്രൂട്ട്(വാല്‍ നട്ട് ).നാട്ടിലേക്ക്  കൊണ്ടുപോരാന്‍  ഫയാസ്സു ഭായി തന്നെ വില പറഞ്ഞ്   അക്രൂട്ട് വാങ്ങിത്തന്നു.ചെറിയ ഷോപ്പിംഗിന് ശേഷം  വൈകുന്നേരത്തോടെ  ലാല്‍ ചൌക്കിന് തൊട്ടടുത്തുള്ള ഇഖ്ബാല്‍  പാര്‍ക്കില്‍ അല്‍പ്പ സമയം വിശ്രമം.ചിനാര്‍ മരങ്ങള്‍ ആകാശം  തൊട്ടുനില്‍ക്കുന്ന ആ പാര്‍ക്കില്‍ പ്രണയ സല്ലാപത്തില്‍ മുഴുകിയ യുവ മിധുനങ്ങള്‍ തണലിടം തേടി നേരത്തെ ഇരിപ്പുറപ്പി ച്ചിരിക്കുന്നു .കാശ്മീര്‍ പൂന്തോട്ടങ്ങള്‍ ജന്മം കൊണ്ടത്‌ തന്നെ ഇത്തരം പ്രണയാതുര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനായിരുന്നല്ലോ  . മരങ്ങളുടെ ഇത്തിരിപോന്ന തണലിടങ്ങളില്‍ ഇരുന്ന്‌ സ്വകാര്യം പറയുന്നത്  ജഹാന്ഗീര്‍ രാജകുമാരനും പ്രിയ സഖി നൂര്‍ജഹാനും ആകുമോ ?അതോ ഷാജഹാനും മുംന്താസുമോ !

സന്ധ്യ മയങ്ങിയപ്പോള്‍ ദല്‍ ഗേറ്റിനരികിലെത്തി എത്തി.മുനിഞ്ഞു  കത്തുന്ന വിളക്കുകള്‍ നിറച്ച്‌ ദല്‍ തടാകത്തില്‍ നിരവധി ജലയാനങ്ങള്‍.കാലത്ത് മാറിനിന്ന മഴ അല്‍പ്പാല്‍പ്പമായി പെയ്യുന്നുണ്ട്.മഴ തൊട്ടാല്‍ കശ്മീര്‍ മണ്ണിന്‌ വല്ലാത്ത കുളിരാണ്.മണ്ണിലൂടെ ആ കുളിര് നമ്മിലേക്കും പകര്‍ന്ന് നല്‍കും  ഈ നാട് ,അല്ലെങ്കില്‍ ഈ കുളിര് നാമായി കവര്‍ന്നെടുത്തു കളയും എന്ന് അറിയാം ഇവര്‍ക്ക്
.അതുകൊണ്ടുതന്നെയാവും മരുഭൂമിയിലിരിക്കുമ്പോഴും "കാശ്മീര്‍ "എന്ന് കേള്‍ക്കുമ്പോള്‍ നാം അറിയാതെ നമ്മുടെ മനസ്സിലേക്ക് ഒരു മഞ്ഞ് മഴ പെയ്തിറങ്ങുന്നത് .

ദല്‍ ഗേറ്റിനരികിലെ ഒരു ഹോട്ടല്‍ നിന്ന് നല്ല രുചിയുള്ള കാശ്മീരി മസാല ടീ വാങ്ങി കുടിച്ചു .ഹോട്ടല്‍ റിസ്സപ്ഷനില്‍  കശ്മീരിന്‍റെ  മഞ്ഞുകാല ചിത്രങ്ങള്‍ ഫ്രെയിം ചെയ്തു തൂക്കിയിട്ടിരിക്കുന്നു.അതില്‍ ഒന്നില്‍ എനിക്ക് എന്തെന്നില്ലാത്ത കൗതുകം തോന്നി . ഉറഞ്ഞു കിടക്കുന്ന ദല്‍ തടാകത്തിലൂടെ സൈക്കിള്‍ ചവിട്ടുന്ന ഒരു കുട്ടിയുടെ ചിത്രമായിരുന്നു അത്. 
ദല്‍ ഗേറ്റിനരികിലുള്ള മഞ്ഞ് പൊഴിഞ്ഞ റോഡിലൂടെ വെറുതേ ഒരു നടത്തം.ഒരു വശത്ത്  വാഹനങ്ങളും   മറുവശത്ത് ദല്‍ തടാകത്തിന്‍റെ കൈവഴിയും.മെല്ലെ വീശിയടിക്കുന്ന തണുത്ത കാറ്റ് കൊണ്ട് വന്ന മഞ്ഞുത്തുള്ളികള്‍ നെറുകയില്‍ വീണ്‌ ചിതറി തെറിച്ചു.നക്ഷത്രങ്ങളും   നിലാവും ഇല്ലാതിരുന്നിട്ടും ഏതോ വെളിച്ചം വീണ്‌ ആകാശം തെളിഞ്ഞു 
തണുപ്പ് തണുപ്പിനെ പുല്‍കുന്ന ആസന്ധ്യയില്‍   മഞ്ഞ് മഴയില്‍ നനഞ്ഞ്‌  അങ്ങനെ നടക്കുമ്പോള്‍ , ജഗജിത് സിംഗിന്‍റെ ശബ്ദ മാധുരിയില്‍ എന്‍റെ ആ ഇഷ്ട്ട   ഗസല്‍ കൂടി അകമ്പടിയായി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് കൊതിച്ചുപോയി.
ഹസ്രത് ബാല്‍ തിരികെ എത്തിയപ്പോള്‍ നന്നേ വൈകി.ഈ ശ്രീനഗറില്‍  എനിക്കുവേണ്ടി.ഇനി രണ്ട് രാത്രിയും ഒരുപകലും ,നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കങ്ങള്‍ നാളെ തുടങ്ങണം.അന്ന്  ,തണുപ്പും മഴയും നേരത്തെ എന്നെ   ഉറക്കുവാന്‍ പരിശ്രമിച്ചുവെങ്കിലും വരാനിരിക്കുന്ന  ദിനങ്ങള്‍ എനിക്കുവേണ്ടി കരുതിയിരിക്കുന്ന കാശ്മീര്‍ വിരഹത്തിന്‍റെ  വേദന ചൂടുള്ള  ഒരു നോവായി ആ രാത്രി ഓരോ ഉണര്‍വിലും എന്‍റെ മനസ്സിനെ  വേദനിപ്പിച്ചു കൊണ്ടേയിരുന്നു..........

(തുടരും )


Sunday, March 18, 2012

മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ (5)

ഹിമശൈല സൈകത ഭൂവില്‍......

ശ്രീനഗര്‍ തണുപ്പിന്‍റെ പുതപ്പില്‍ നിന്നും ഉണര്‍ന്നെണീറ്റ മറ്റൊരു പകല്‍..
ഇന്ന് ഗുല്‍ മാര്‍ഗിലേക്ക് യാത്ര പോകുവാന്‍ മുന്‍കൂട്ടി തീരുമാനിച്ചതാണ്.നിനച്ചിരിക്കാതെ വന്ന ഹര്‍ത്താല്‍ കൊണ്ടുപോയത് കാശ്മീര്‍  യാത്രയിലെ രണ്ട് ദിവസങ്ങള്‍ .ഓരോ ദേശത്തിനും ഹര്‍ത്താലിന് ഓരോ മുഖങ്ങളാണെന്ന് തോന്നി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ യാത്രയുടെ ക്ഷീണം മാറ്റുവാന്‍ ഈ ഹര്‍ത്താലിനെ മാനസീകമായി ഉള്‍ക്കൊള്ളുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു .
തലേന്ന് നടന്ന ബോംബു സ്ഫോടനത്തില്‍ മരണപ്പെട്ട മത നേതാവിനെ അനുകൂലിക്കുന്ന മത സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആയതിനാല്‍ ശ്രീനഗറിലെ മിക്ക ഇടങ്ങളിലും ഈ പ്രതിഷേധം പൂര്‍ണമായിരിക്കും എന്ന് ഫയാസ്സ് ഫായി പറഞ്ഞു .കാലത്ത് വന്ന "ഗ്രേറ്റര്‍ കാശ്മീര്‍ "പത്രത്താളില്‍ മരണമടഞ്ഞ നേതാവിന്‍റെ പുഞ്ചിരി തൂകുന്ന മുഖം.അന്നേദിവസം കാശ്മീര്‍ പത്രങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തയും അത് തന്നെയായിരുന്നു.
മരണം,അത് ആര്‍ക്കാണെങ്കിലും വേദനതന്നെയാണ്.ചില മരണങ്ങള്‍ ചിലര്‍ക്ക് ആഘോഷമെങ്കില്‍ മറ്റ് ചിലര്‍ക്ക് തീരാത്ത നൊമ്പരവും .
കാശ്മീര്‍ മുഖ്യ മന്ത്രി ശ്രീ. ഒമര്‍ അബ്ദുള്ളയുടെ അനുശോചനവാക്കുകള്‍ ,മതനേതാക്കന്മാരുടെ,മത പണ്ഡിതന്മാരുടെ സ്വാന്തനിപ്പിക്കല്‍ തുടങ്ങി പല വാര്‍ത്തകളും നിറഞ്ഞ പത്രത്താളുകളില്‍ കണ്ണീര്‍ വറ്റാത്ത സ്ത്രീ ഹൃദയങ്ങളെ ഫിരണിലും ,ബുര്‍ഖയിലും മൂടി മറച്ചിരുന്നു.

അന്നത്തെ പ്രഭാത ഭക്ഷണം ചായയും ,കാശ്മീര്‍ റോട്ടിയും . ഹര്‍ത്താല്‍ പ്രമാണിച്ച് കിട്ടിയ അവധിയില്‍ സന്തോഷിച്ചിരിക്കുകയാണ് മുന്‍തസ്സിറും ,അര്‍ബിനയും .ഇളയ കുട്ടി രാവിലെ തന്നെ ഉറക്കമുണര്‍ന്നത് നഗീനുമായി അടുക്കളയില്‍ കലപില തുടങ്ങി.
ഉച്ച ഭക്ഷണത്തിന് മീന്‍ വാങ്ങി വരാമെന്ന് പറഞ്ഞ്‌ ഫയാസ്സ് ഫായി  പുറത്തേക്കു പോയി.



ഇന്നത്തെ ഹര്‍ത്താല്‍ യാത്ര അല്‍പ്പനേരം ഖാസി അങ്കിളിന്‍റെ വീടിന്‍റെ പിന്നിലെ ആപ്പിള്‍ തോട്ടത്തിലേക്കാവാം.കൂട്ടിന്‌ അര്‍ബിനയും  മുന്‍തസ്സിറും  ഉണ്ട് .തോട്ടത്തില്‍ അക്രൂട്ട്(വാല്‍ നട്ട് ) ,ആപ്പിള്‍ തുടങ്ങിയ മരങ്ങള്‍ നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നു.നഗീന്‍റെ സ്വന്തം അടുക്കളത്തോട്ടത്തില്‍ വിവിധയിനം ചീരകള്‍ .



അല്‍പ്പം മാറി നിറയെ പൂത്ത് നില്‍ക്കുന്ന കടുക് ചെടികള്‍....
ചുവന്ന പൂക്കള്‍ നിറച്ചു നില്‍ക്കുന്ന ഒരിനം റോസാ ചെടിയില്‍ പടര്‍ന്നു കയറിയ മുന്തിരി വള്ളിയില്‍ തളിരിട്ട ധാരാളം  ഇലകള്‍..
വിവിധയിനം പേരറിയാത്ത പൂക്കള്‍ അവിടെയെങ്ങും നിറഞ്ഞു നില്‍ക്കുന്നു  ണ്ടായിരുന്നു.
ക്രീം കളര്‍ പൂക്കള്‍ നിറഞ്ഞു തറയില്‍ പറ്റിപിടിച്ചു വളര്‍ന്നു നില്‍ക്കുന്ന ചെടി " സ്ട്രോ ബെറി" ആണെന്ന് അര്‍ബിനയാണ് പറഞ്ഞു തന്നത്.



ആ ചെടിയില്‍ നിറയെ പാകമാകാത്ത പച്ച നിറത്തിലുള്ള കായകള്‍ .നാട്ടിലേക്ക് പോരുമ്പോള്‍ കൂടെ കൊണ്ട് പോകണമെന്ന് പറഞ്ഞു അര്‍ബിന എനിക്കൊരു ഒരു ആപ്പിള്‍ തൈ കാട്ടി തന്നു .കുറച്ചു സ്ട്രോ ബെറി ചെടി കൂടെ എടുക്കാന്‍ ഓര്‍മ്മിപ്പിക്കണേ എന്ന് മുന്തസ്സിറിനോട് അപ്പോഴേ ഞാന്‍ പറഞ്ഞു വെച്ചു .നാട്ടിലെ മാവിന്‍റെ അരികിലായി ഒരു ആപ്പിള്‍ മരത്തിനു വളരുവാന്‍ മനസ്സുകൊണ്ട് കുറച്ചിടം ഞാന്‍ ഒരുക്കിയിട്ടു. ആ നിമിഷം എന്‍റെ വീട്ടുമുറ്റത്തു നിറഞ്ഞു പൂത്ത് നില്‍ക്കുന്ന ഒരു ആപ്പിള്‍ മരം മനസ്സില്‍ വ്യര്‍ത്ഥമായ സ്വപ്നം നിറച്ചു എന്നതും സത്യം.




ഉച്ച ഭക്ഷണത്തിനായി നഗീനോടൊപ്പം ചീരയ്ക്ക് സമാനമായ ചില ഇലകള്‍ ശേഖരിച്ചു.ഓരോ ദേശങ്ങളിലും ജീവിത ശൈലിയില്‍ എന്തെല്ലാം വ്യത്യസ്തതകള്‍..



മനുഷ്യരിലെന്നപോലെ ചെടികളില്‍ ,പൂക്കളില്‍ പോലും ആ വൈവിധ്യം എത്ര വ്യക്തം.ഓരോ ഇലകളിലും,ഓരോ പൂക്കളിലും....
"ഭാഷയും,രുചിയും വ്യത്യസ്തമെങ്കിലും കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഒരൊറ്റ ജനത ഒരേഒരിന്ത്യ "


ഹര്‍ത്താല്‍ ദിനത്തിലും തുറന്ന പ്രവര്‍ത്തിച്ച ഏതോ മാര്‍ക്കറ്റില്‍ നിന്നും ഫയാസ്സു ഫായി വാങ്ങിവന്ന മീന്‍ നഗീന്‍ നന്നായി കഴുകിയെടുത്ത് കൊണ്ടുവന്നു .കേരള തനിമയിലുള്ള മീന്‍ കറി എന്‍റെ വകയെന്ന് തീരുമാനം കൂടെയുള്ള മലയാളി മുഖങ്ങളില്‍ സന്തോഷം നിറച്ചു ,ഒപ്പം എന്നിലും.നാട്ടില്‍ നിന്നും വന്നിട്ട് രണ്ട് ആഴ്ചയോളം ആയി എന്ന്‌ മാത്രമല്ല മീന്‍ കറി ഒക്കെ കണ്ട ദിവസങ്ങളേ മറന്നു .
തിരുവനതപുരം സ്റ്റൈല്‍ മീന്‍ കറി വെയ്ക്കുവാനുള്ള ശ്രമം തേങ്ങയുടെ ദൗര്‍ല്ലഭ്യം മൂലം മനസ്സുകൊണ്ട് ആദ്യമേ ഉപേക്ഷിച്ചിരുന്നു . കുമരംപേരൂര്‍ സ്റ്റൈല്‍ കാശ്മീരി മുളകരച്ച കുടംപുളിയിട്ടു വെച്ച നല്ല ചുവന്ന മീന്‍ കറിയെ മനസ്സി ലോര്‍ത്ത് നഗീന്‍റെ അടുക്കളയില്‍ കയറി കറിക്കൂട്ടുകള്‍ പരതി .മുളക് ,മല്ലി,മഞ്ഞള്‍ തുടങ്ങി വിവിധയിനം പൊടികള്‍ ഞാന്‍ തന്നെ അലമാരയില്‍ നിന്നും തിരഞ്ഞു പിടിച്ചു.അടുക്കളക്കാരിയായ നഗീന് കാശ്മീരി ഭാഷയല്ലാതെ മറ്റൊന്നുമേ വഴങ്ങുന്നില്ല എന്ന സത്യം എന്നെ വീണ്ടും വിഷമിപ്പിച്ചു .ഏകദേശം ആ അടുക്കള മുഴുവന്‍ പരതിയിട്ടും മീനിന്‍റെ മുഖ്യ ചേരുവയായ പുളി മാത്രം കണ്ടു കിട്ടിയില്ല.പുളിയില്ലാതെ എങ്ങനെ ഒരു മീന്‍ കറി !
എന്‍റെ പരതല്‍ കണ്ടു നഗീന്‍ എന്ത് വേണമെന്നു കൈകൊണ്ടു ആംഗ്യ ഭാഷയില്‍ വീണ്ടും വീണ്ടും ചോദികൊണ്ടിരുന്നു."പുളി "എന്ന് പറഞ്ഞു ഫലിപ്പിക്കാന്‍ ഒരു ആംഗ്യ ഭാഷയില്ലാതെ ഞാന്‍ കഷ്ട്ടപ്പെടുന്നു എന്ന് നഗീന് തന്നെ ഒടുവില്‍ മനസ്സിലായി എന്ന് തോന്നുന്നു.അവസാനം നല്ല പഴുത്ത തക്കാളിയില്‍ കിടന്ന്‌ കാശ്മീരി മീന്‍ കഷണങ്ങള്‍ അടുപ്പില്‍ വെട്ടി തിളയ്ക്കുന്നത് കണ്ട് എന്‍റെ മനസ്സിന്‌ തൃപ്തിയടയേണ്ടി വന്നു.അന്നത്തെ ഉച്ചയൂണ് അങ്ങനെ പോയി.
(വീണ്ടുമൊരു ദിവസം നല്ല പുളിപ്പുള്ള കാശ്മീര്‍ സ്പെഷ്യല്‍ ഇറച്ചി കറിയില്‍ ചേര്‍ത്ത ചെരുവകകള്‍ക്കിടയില്‍ നഗീന്‍ കാട്ടിതന്ന നല്ല നാടന്‍ പുളി കണ്ട് എന്‍റെ മനസ്സ്കരഞ്ഞു.കാശ്മീര്‍ ഭാഷയില്‍ പുളിക്ക് നഗീന്‍ പറഞ്ഞ വാക്ക് വികാര വിക്ഷോപത്തിനിടയില്‍ എനിക്ക് ഓര്‍ത്തിരിക്കാന്‍ കഴിഞ്ഞില്ല. തേങ്ങാപ്പാലും ,പുളിയും ചേര്‍ത്ത ആ കാശ്മീരി ഇറച്ചിക്കറിയുടെ "രുചിയില്‍" "" ""പിന്നീട് ആ വാക്ക് വീണ്ടും ഓര്‍ക്കുവാനും മനസ്സു വന്നില്ല.)

രണ്ടുദിവസ ഹര്‍ത്താല്‍ ദിനങ്ങളും നല്ല തെളിഞ്ഞ അന്തരീക്ഷമായിരുന്നു.ശ്രീനഗര്‍ ദിനങ്ങള്‍ ഇത്രയേറെ തെളിഞ്ഞു വരിക അപൂര്‍വമാണ്.ഗുല്‍മാര്‍ഗ് പോകുവാന്‍ ഏറ്റവും നല്ല കാലാവസ്ഥ ആയിരുന്നു അതെന്ന് ഫയാസ്സു ഫായി പറഞ്ഞു.നാട്ടില്‍ നിന്ന് ഖാസി അങ്കിള്‍ വിവരങ്ങള്‍ അറിയാന്‍ ആ ദിവസവും വിളിച്ചിരുന്നു.കഴിഞ്ഞ ആഴ്ച എത്തിയ ബാബാ(ഫയാസ്സ്ഫായിയുടെ അച്ഛന്‍ )പിറ്റേന്ന് കൊല്‍ഗാമിലേക്ക് തിരികെ പോകുന്നു എന്ന് പറഞ്ഞു  .അന്നേദിവസ ഹര്‍ത്താല്‍ വാര്‍ത്തകള്‍ പറയുന്ന കൂട്ടത്തില്‍ മുന്‍പ് ശ്രീനഗറിലെ ഹര്‍ത്താല്‍ മാസങ്ങള്‍ നീണ്ടു നിന്നിട്ടുണ്ട് എന്ന് ബാബ പറയുമ്പോള്‍ ഫയാസ്സ് ഫായി പുഞ്ചിരിച്ച്‌ ഞങ്ങളെ കടന്നു പോയി.എന്തിനായിരുന്നു ആ ചിരി എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല .ഒരു പക്ഷെ കഴിഞ്ഞ നാളുകള്‍ ശ്രീനഗര്‍ നേരിട്ട അരക്ഷിതത്വം,അസ്വാതന്ത്ര്യം,വേദന,നൊമ്പരം അങ്ങനെ പലതും ആ ചിരിയില്‍ഉണ്ടായിരിക്കാം .

തിങ്കളാഴ്ച അതിരാവിലെ തന്നെ ഞങ്ങള്‍ ഗുല്‍ മാര്‍ഗിലേക്ക് പുറപ്പെട്ടു.ശ്രീനഗര്‍ നിന്നും നാല്പത്തിയാറു കിലോമീറ്റര്‍ അകലെയാണ് ഗുല്‍ മാര്‍ഗ്ഗ് .തലേന്ന് രാത്രി വീണ്ടും പെയ്തു തുടങ്ങിയ മഴ ഗുല്‍ മാര്‍ഗ്ഗ് യാത്ര മാറ്റി വെക്കേണ്ടി വരുമോ എന്ന എന്‍റെ വിഷമം കണ്ടിട്ടാകണം പ്രഭാതമായപ്പോഴേക്കും മാറി നിന്നു.കാശ്മീര്‍ ദിനങ്ങളില്‍ മനോഹരങ്ങളായ ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു യാത്രയായിരുന്നു അത്. ദാല്‍ തടാകം ഉണരും മുന്‍പ് ഞങ്ങള്‍ ഹസ്രത് ബാല്‍ കഴിഞ്ഞിരുന്നു.രാത്രിമഴയില്‍ കുളിച്ച ശ്രീനഗറിന്‌ പതിവിലും തണുപ്പ് കൂടിയത് കൊണ്ടാവണം ദല്‍ കുളിരിന്‍റെ മൂടല്‍ മഞ്ഞു പുതച്ച് ഉറങ്ങി ഉണരാന്‍ വൈകിയെതെന്നു തോന്നി.കാശ്മീര്‍ പ്രഭാതങ്ങളാണോ സന്ധ്യകളാണോ മനോഹരമെന്നു ചോദിച്ചാല്‍ ആകെ കുഴങ്ങി പോകും.ഈ പകല്‍ക്കാഴ്ചയില്‍ മഞ്ഞു മൂടിയ ഈ പ്രഭാതമാണ്‌ കൂടുതല്‍ സുന്ദരിയെന്ന് ഞാന്‍ പറഞ്ഞാല്‍ ഒരു പക്ഷെ കാശ്മീര്‍ സന്ധ്യകള്‍ എന്നോട് പരിഭവിക്കും .

വഴിയോരങ്ങളില്‍ നിറയെ വില്ലോ മരങ്ങള്‍ .നിറഞ്ഞൊഴുകുന്ന ഹിമ വാഹിനികളെ ഒരു നോക്കു കാണുവാന്‍ കാറിന്‍റെ ചില്ല് ജാലകം ഞാന്‍ താഴ്ത്തി. മനസ്സില്‍ ചിനാബ് നദിയുടെ ഓര്‍മ വന്നു .കാശ്മീരിന്‍റെയും പാകിസ്ഥാനിലെ പഞ്ചാബിന്‍റെയും വറ്റാത്ത നീരുറവയാണ് ചിനാബ്. ഹിമാചല്‍ പ്രദേശിലെ മലനിരകളില്‍ നിന്നും ജന്മം കൊണ്ട ചിനാബ് ജമ്മു പ്രവശ്യ വഴി ഒഴുകി  പാകിസ്താനിലെത്തുന്നു .
1960 സെപ്റ്റംബര്‍ 19 തിന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയും(ജവഹര്‍ലാല്‍ നെഹ്‌റു) പാകിസ്താന്‍ പ്രസിഡന്റും  (മുഹമ്മദ്‌ ആയുബ് ഖാന്‍) ))കറാച്ചിയില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് (Indus Waters Treaty )ചെനാബ് നദിയിലെ ജലം ഇരു രാജ്യങ്ങളും ഇന്നും പങ്കിട്ടെടുക്കുന്നത് .ഇത്തരത്തിലുള്ള കരാറുകളുടെ പിന്‍ബലത്തിലാണ് തങ്ങള്‍ ഒഴുകുന്നത്‌ എന്നറിയാതെ ഇനിയും എത്രയോ നദികള്‍ ഇന്നും നമുക്ക് ദാഹജലം നല്‍കുന്നുണ്ട്. ജ്ഹലം,സിന്ധു ,സത് ലജ് ,രവി ........അങ്ങനെ പലതും.
അതിരുകള്‍ അറിയാതെ ഒഴുകിയ നദികള്‍ക്കറിയില്ലല്ലോ നമ്മള്‍ വേര്‍തിരിച്ചിട്ട അതിര്‍ത്തികള്‍ .
നമ്മള്‍ നയിക്കുന്ന വഴിയിലൂടെ ഒഴുകാന്‍ മാത്രം പഠിച്ചവരാണല്ലോ പാവം നീര്‍ച്ചാലുകള്‍..
അതിരുകള്‍ തിരിക്കുന്നതും അണകള്‍ കെട്ടി തടയുന്നതും സ്വാര്‍ത്ഥരായ നമ്മള്‍ മനുഷ്യര്‍ .
എന്നിരിക്കിലും പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ആരോ ഒരാള്‍ ഒരിക്കല്‍ പറഞ്ഞുപോല്‍ "India and Pakistan can go on shouting on Kashmir for all time to come, but an early settlement on the Indus waters is essential for maintenance of peace in the sub-continent"എന്ന്.

നദിയുടെ കാഴ്ചകള്‍ കണ്ണില്‍ നിന്നും മറഞ്ഞു .
ശ്രീനഗര്‍ - ലേ (Sreenagar -lay )നാഷണല്‍ ഹൈവേയില്‍ വാഹനങ്ങളുടെ നല്ല തിരക്കാണ്

ഇടതടവില്ലാതെ ഒഴുകി വരുന്ന പട്ടാള വണ്ടികള്‍ ആണ് പിന്നീടുള്ള കാഴ്ച.കാശ്മീരിന്‍റെ വടക്ക് ദിക്ക് ലക്ഷ്യമാക്കി നീങ്ങുന്ന ഈ ശകടങ്ങളില്‍ ഇരിക്കുന്ന ധീര ജവാന്‍മാരുടെ മുഖങ്ങള്‍ കാര്‍ഗില്‍ ഓര്‍മ്മകള്‍ മനസ്സില്‍ നിറച്ചു.പെട്ടെന്ന് മനസ്സില്‍ വന്നത് ക്യാപ്റ്റന്‍ ജെറി പ്രേം രാജിനെയാണ്.എന്നെ കടന്നു പോകുന്ന ഓരോ സൈനീക വാഹങ്ങളിലും ഞാന്‍ കാണുന്നത് കാര്‍ഗില്‍ യുദ്ധത്തില്‍ പൊലിഞ്ഞു പോയ ആ ധീര യോദ്ധാവിന്‍റെ മുഖം തന്നെയോ എന്ന് എനിക്ക് തോന്നി.ഇന്നും ഓരോ ജൂലൈ 7 കടന്നു പോകുമ്പോഴും ഓര്‍മ്മയുടെ കണ്ണീരില്‍ തെളിയാറുള്ള  ആ ധീര മുഖങ്ങള്‍........ ഏതെല്ലാമാണ് !

ഇടയ്ക്കൊരു സ്ഥലത്ത് വെച്ച്‌ റോഡു രണ്ടായി പിരിഞ്ഞു .ഞങ്ങളെ പിന്തുടര്‍ന്ന് വന്ന സൈനീക വാഹനങ്ങള്‍ ബാരമുള്ളയിലേക്ക് തിരിയുന്ന മറ്റൊരു റോഡു ലക്ഷമാക്കി നീങ്ങവേ അന്‍സാരി ഞങ്ങളുടെ വാഹനം ഗുല്‍ മാര്‍ഗിന്‍റെ വഴിയിലേക്ക് തിരിച്ചു വിട്ടു.

"പൂക്കളുടെ താഴ്വാരം" എന്ന്‌ കൂടി പ്രസിദ്ധമായ ഗുല്‍ മാര്‍ഗിലെ ഓരോ പുല്‍ ചെടികളിലും പൂവുകള്‍ക്ക് പകരമായി മഞ്ഞിന്‍റെ വിസ്മയ കാഴ്ചകള്‍ നിറച്ചിരുന്നു അന്ന്. പ്രഭാതം പൊട്ടിവിരിഞ്ഞു തുടങ്ങിയെങ്കിലും തണുപ്പിന്‍റെ തലോടല്‍ വിട്ടു ഉണര്‍ന്നെണീക്കാന്‍ എന്നെപ്പോലെ ഓരൊ പുല്‍ക്കൊടിക്കും മടി പോലെ .വഴിയോരങ്ങളില്‍ പെയ്തൊഴിഞ്ഞ മഴവെള്ളത്തില്‍ കുതിര്‍ന്ന് കാശ്മീര്‍ സൗന്ദര്യം അലിഞ്ഞു പോയോ എന്നും എനിക്ക് തോന്നി. ഗ്രാമാതിര്‍ത്തി കഴിഞ്ഞാല്‍ പിന്നെ കാടിന്‍റെ ഒരു അനിര്‍വച്ചനീയ സൗന്ദര്യമാണ് .പൈന്‍,ഫിര്‍ മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന കുന്നിന്‍ ചരിവുകളിലൂടെ അന്‍സാരിയുടെ കാര്‍ അനായാസം മുന്‍പോട്ടു പോയി.കാടിന്‍റെ ഇരുട്ടില്‍ വീണ്ടും അന്തിമയങ്ങിയ പ്രതീതി.ഒരു വേള കണ്മുന്‍പിലെ റോഡ്‌ മൂടല്‍ മഞ്ഞില്‍ മുങ്ങി കാടിന്‍റെ നിഗൂഡതകളെല്ലാം  മഞ്ഞില്‍ മറഞ്ഞ മനോഹരമായ ഒരു കാണാക്കാഴ്ച സമ്മാനിച്ചപ്പോള്‍ അന്‍സാരി വാഹനത്തിന്‍റെ വേഗത കുറച്ചു.

.മുകളിലേക്ക് കയറുന്ന വാഹനങ്ങളും എതിരെ വരുന്ന വാഹനങ്ങളും മഞ്ഞ ലൈറ്റ് തെളിച്ച് ഇടയ്ക്കിടക്ക് ഹോണ്‍ മുഴക്കിക്കൊണ്ടിരുന്നു.റോഡിന്‍റെ ഒരു വശം അഗാധ ഗര്‍ത്തമെങ്കില്‍ മറുവശം ഇളകുന്ന മണ്ണിന്‍ കൂനകളില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്ന വഴി മരങ്ങള്‍.. .
മഴയെങ്ങാന്‍ പെയ്തു പോയാല്‍ ദുര്‍ഘടമാകുന്ന വഴികളെക്കുറിച്ച് അന്‍സാരി പറഞ്ഞു താരതെതന്നെ ഏകദേശ ധാരണ മനസ്സില്‍ ഉണ്ടായി. വഴിയോരങ്ങളില്‍ ചിലയിടങ്ങളില്‍ "മാര്‍ബിള്‍ "എന്ന്‌ എന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ഉരുകാതെ അവശേഷിച്ച മഞ്ഞിന്‍റെ പാളികള്‍.. കണ്ടു .ഹിമവാന്‍റെ ശിരസ്സില്‍ നിന്നും താഴേക്കുള്ള ഒഴുക്കിനിടയില്‍ ശാപം കിട്ടിയതിനാലോ, എന്നോ ഒരുനാള്‍ ഹിമ ശിലയായ് മാറി ഇന്നും ശാപ മോക്ഷം കാത്തുകിടക്കുന്ന അനേകം കൊച്ചരുവികളും ആ വഴിയാത്രയിലെ പുതിയ കാഴ്ചകള്‍ ആയിരുന്നു .ഗുല്‍ മാര്‍ഗിലേക്ക് അടുക്കുംതോറും മഞ്ഞു പൂവിട്ട മരങ്ങള്‍ കണ്ടുതുടങ്ങി .റോഡിനിരു വശങ്ങളിളിലും മഞ്ഞിന്‍റെ കൂമ്പാരം .വെളുത്ത പൂക്കള്‍ക്കിടയില്‍ വഴിനടക്കുവാന്‍ ആരോ വിരിച്ചിട്ട തിളങ്ങുന്ന കറുത്ത പട്ടുപോലെ തോന്നിച്ചു ടാറിട്ട റോഡ്‌ .സഞ്ചാരികളുടെ വാഹനങ്ങള്‍ കടന്നു പോകുന്നതിനാല്‍ റോഡുകളില്‍ മഞ്ഞിന്‍റെ പരലുകള്‍ കാണാനേയില്ല.


സമുദ്രനിരപ്പില്‍ നിന്നും 2653 മീറ്റര്‍ ഉയരത്തില്‍ പീര്‍ പഞ്ചാല്‍ മലനിരയുടെ ചരുവില്‍ കിലന്‍ മാര്‍ഗ് അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു മനോഹര താഴ്വരയാണ് ഗുല്‍ മാര്‍ഗ്ഗ്.കാശ്മീരിലെ അവസാന സ്വതന്ത്രഭരണാധികാരിയായിരുന്ന യുസുഫ് ഖാന്‍ ചൗക് ആണ് ഈ മനോഹര ദേശം ലോകത്തിനു മുന്‍പില്‍ കാട്ടിക്കൊടുത്തത് എന്ന്‌ ചില രേഖകള്‍ വ്യക്തമാക്കുന്നു. അദ്ദേഹം തന്‍റെ പ്രിയ പത്നിയും കവിതകള്‍ രചിക്കുകയും ചെയ്യുമായിരുന്ന ഹബ്ബ ഖാടൂനോടൊപ്പം പലപ്പോഴും ഗുല്‍മാര്‍ഗ് സന്ദര്‍ശിച്ചിരുന്നു എന്നും പറയപ്പെടുന്നു.പിന്നീട്‌ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ പ്രിയ സഖി നൂര്‍ജഹാനോടൊപ്പം ശ്രീനഗറില്‍ ഗ്രീഷ്മം തുടങ്ങുന്ന നാള്‍ ഈ സ്വര്‍ഗ്ഗ ഭൂമിയില്‍ വിശ്രമ വേളകള്‍ ചിലവഴിച്ചതായും ചില കുറിപ്പുകളില്‍ ഉണ്ട് . സര്‍ വാള്‍ട്ടര്‍ ലോറെന്‍സ്(ദി ലാന്‍ഡ്‌ സെറ്റില്‍മെന്റ്റ് ഓഫീസര്‍ from 1889  to 1895 -കാശ്മീര്‍ ) അദ്ദേഹത്തിന്റെ "ദി വാലി ഓഫ്‌ കാശ്മീര്‍" എന്ന ഗ്രന്ഥത്തില്‍ പറയുന്ന പ്രകാരം മുന്‍ കാലങ്ങളില്‍ ചില യൂറോപ്യന്‍ സഞ്ചാരികള്‍ ഗുല്‍ മാര്‍ഗില്‍ വന്നിട്ടുണ്ട്. അവര്‍ അവിടെ ചെറിയ കുടിലുകള്‍ നിര്‍മ്മിക്കുകയും വളരെ നാളുകള്‍ക്കു ശേഷം ഈ കുടിലുകള്‍ വേനല്‍ക്കാല വസതികളായി മാറുകയും ചെയ്തത്രേ .വീണ്ടും അനേക വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഗുല്‍ മാര്‍ഗ്ഗ് മഞ്ഞുകാല വിനോദങ്ങള്‍ക്കുള്ള ഒരു സ്ഥലമായിമാറിയത് എന്നും ചരിത്രം സൂചിപ്പിക്കുന്നു.
സഞ്ചാരികള്‍ക്ക് പ്രകൃതി ഭംഗികള്‍ ആവോളം ആസ്വദിക്കാന്‍ ധാരാളം സൗകര്യങ്ങള്‍ ഇന്ന് ഗുല്‍ മാര്‍ഗില്‍ ലഭ്യമാണ്. ജമ്മു ആന്‍ഡ്‌ കാശ്മീര്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്റ് ശ്രീനഗര്‍ നിന്നും ഗുല്‍ മാര്‍ഗിലേക്ക് പ്രത്യേകം ഹെലിക്കോപ്പ്റ്റെര്‍ സര്‍വീസും മഞ്ഞു കാലം ആസ്വദിക്കാന്‍ ജോംഗ ( ഒരു പ്രത്യേക തരം ജീപ്പ് ) സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട് .


ഏപ്രില്‍ മാസങ്ങളില്‍ മഞ്ഞു പൂക്കള്‍ മാത്രം വിരിയുന്ന ആ പൂക്കളുടെ താഴ്വര ഞങ്ങളെ എതിരേറ്റത്‌ എനിക്കപരിചിതമായ ഒരു കാഴ്ച സമ്മാനിച്ചു കൊണ്ടായിരുന്നു .റോഡില്‍ നിറഞ്ഞു കിടക്കുന്ന മഞ്ഞിന്‍ കട്ടകള്‍ മുറിച്ചു മാറ്റുകയാണ് ഒരു വാഹനം .അന്നാട്ടുകാരായ ചിലരും ചില സഞ്ചാരികള്‍ക്കുമൊപ്പം വളരെ ആകാംഷയോടെ ഞാനും അല്‍പ്പ നേരം ആ കാഴ്ച ആസ്വദിച്ചു .



ഗുല്‍ മാര്‍ഗ് എങ്ങും മഞ്ഞില്‍ നിറഞ്ഞു കിടക്കുന്ന മനോഹര കാഴ്ച .മഞ്ഞു മലകളില്‍ പോകുമ്പോള്‍ ധരിക്കാറുള്ള വിന്റെര്‍ ബൂട്സ് പിന്നെ സൂട്ടും തുടങ്ങിയവ ഒരു കടയില്‍ നിന്നും വളരെ തുശ്ചമായ വാടകയ്ക്ക് വാങ്ങി .അന്‍സാരിയുടെ സഹായമുള്ളതിനാല്‍ അധികം വിലപേശല്‍ ഉണ്ടായില്ല . സഞ്ചാരികള്‍ പലരും പറ്റിക്കപ്പെടുക ഇത്തരം സാധനങ്ങള്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ ആണെന്നുള്ള മുന്‍ അനുഭവത്തിന്‍റെ ഓര്‍മ്മയില്‍ കോട്ടും ബൂട്സ് അണിഞ്ഞ്‌ മഞ്ഞ്‌ നിറഞ്ഞ ഗുല്‍ മാര്‍ഗ്ഗ് കാഴ്ചകള്‍ ആസ്വദിക്കാന്‍ ഞാന്‍ തയ്യാറായി.വലിക്കുന്ന ഒരു തരം വണ്ടിയുമായി ഒരു കൂട്ടം ആളുകള്‍ അപ്പോള്‍ ഞങ്ങളുടെ പിന്നാലെ കൂടി.കുതിരകളുമായി മാറ്റൊരു കൂട്ടര്‍ വേറെയും .ഗുല്‍ മാര്‍ഗ്ഗ് ചുറ്റി കാണിച്ചു തരാമെന്നായി ഇരുവരും .മുന്‍പൊരിക്കല്‍ ആഗ്ര റിവേ റെയില്‍വേ സ്റ്റേഷന്‍ ഇറങ്ങിയപ്പോള്‍ ഞങ്ങളെ പൊതിഞ്ഞ് കൂടെ കൂടിയ റിക്ഷ വണ്ടികള്‍ ഓര്‍മവന്നു .
.ഗുല്‍ മാര്‍ഗ് മുഴുവന്‍ ചുറ്റിക്കാണി ക്കാം എന്നായി കുതിരക്കാരന്‍.
വലിക്കുന്ന വണ്ടിയില്‍ ഒരു യാത്ര പോകാന്‍ 800 രൂപ മതിയാകുമെന്നു മറ്റേ കൂട്ടര്‍ വില പേശല്‍ തുടങ്ങി.
ആളുകള്‍ വലിക്കുന്ന വണ്ടികള്‍ കണ്ടപ്പോള്‍ പണ്ട് കുട്ടികാലത്ത് നാട്ടില്‍ കവുങ്ങില്‍ പാളയില്‍ കുട്ടികളെ ഇരുത്തി വലിച്ചു കൊണ്ട് പോകുന്ന ഓര്‍മ വന്നു.



ദൂരെ പലരും ഈ "പാളയാത്ര" നടത്തുന്നത് മങ്ങി കാണാം .ഈ "സ്ലെട്ജു " "പോണി "വാലകളെ പറഞ്ഞു വിടാന്‍ തന്നെ അല്‍പ്പം കഷ്ട്ടപ്പെടെണ്ടി വന്നു.
എന്നെപോലെ ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍ ഓരൊ വേഷം കെട്ടേണ്ടി വരുന്ന പാവം മനുഷ്യ ജന്മങ്ങള്‍ !

അങ്ങനെ മഞ്ഞു മൂടിക്കിടക്കുന്ന വിശാലമായ ഭൂമിയിലേക്ക് ഞങ്ങള്‍ ഇറങ്ങി. .
കാഴ്ചകളുടെ ഒരു പകുതിയും മഞ്ഞില്‍ മൂടിയിരുന്നു എന്നത് സത്യം.
മുന്‍പ് മണാലിയില്‍(( ((kullu -manaali -ഹിമാചല്‍ പ്രദേശ്‌  ) മഞ്ഞിന്‍റെ ദ്രിശ്യ വിസ്മയം കണ്ടിട്ടുണ്ട് എങ്കിലും .
കാഴ്ചകളെ ഇങ്ങനെ പൂര്‍ണമായി മറയ്ക്കുന്ന "വൈറ്റ് ഔട്ട്‌ "എന്ന പ്രതിഭാസം അന്ന് ആദ്യമായി ആസ്വദിച്ചു.
ഭൂമിയും ,ആകാശവും ,ചക്രവാളവും ഒന്നും തന്നെ വേര്‍തിരിച്ചറിയുവാന്‍ കഴിയാത്ത ഒരത്ഭുത ലോകം.
എങ്ങും മഞ്ഞിന്‍റെ നിറം,മണം,വികാരം.......ആകാശമില്ല ,ഭൂമിയില്ല ,സൂര്യനില്ല ഒരു വൃക്ഷങ്ങള്‍ പോലുമില്ല .വളരെ നേരിയ ഒരു വെള്ളപ്പുതപ്പ് കൊണ്ട് സര്‍വ്വം മൂടിയിട്ട പോലെ .
ഭൂമിയില്‍ നിന്നും ഒരു നിമിഷ നേരത്തേക്ക് മറ്റേതോ ഒരു ലോകത്ത് എത്തിയ പ്രതീതി.തൊട്ടടുത്ത്‌ നില്‍ക്കുന്ന വ്യക്തിയെപോലും കാണുവാന്‍ കഴിയാതെ, കാഴ്ചകള്‍ എന്തെന്നറിയാതെ ഏതോ മായിക ലോകത്തില്‍ പറന്ന് നടക്കുന്ന ഭാരമില്ലാത്ത പഞ്ഞികെട്ട് പോലെ തോന്നിക്കുന്ന അവസ്ഥ .......
ഇടയ്ക്കു മൂടല്‍ മഞ്ഞില്‍ തെളിഞ്ഞു വന്നത് അല്‍പ്പം ദൂരെയുള്ള ഒരു ക്ഷേത്ര ഗോപുരമാണെന്ന് മനസ്സിലായി. നോക്കിനില്‍ക്കുമ്പോള്‍ തന്നെ അത് തെളിയുകയും പിന്നെ മറഞ്ഞ് മഞ്ഞിന്‍റെ നിറത്തോട് ചേരുകയും ചെയ്തു.

സഞ്ചാരികളെ വലിച്ച് കൊണ്ട് പോകുന്നവരുടെ ആര്‍പ്പു വിളികള്‍ കാതോര്‍ത്താല്‍ കേള്‍ക്കാം.അല്‍പ്പം അകലെയുള്ള അമ്പലത്തില്‍ നിന്നും മുഴങ്ങുന്ന പ്രാര്‍ഥനാ ഗീതങ്ങള്‍ കാറ്റിന്‍റെ ദിശക്കനുസരിച്ച് ശബ്ദം കൂടിയും കുറഞ്ഞും കേട്ടുകൊണ്ടിരുന്നു . സത്യത്തില്‍ ഞാന്‍ ഭൂമിയില്‍ തന്നെയാണ് നില്‍ക്കുന്നതെന്ന തിരിച്ചറിവ് എന്നില്‍ ഉണ്ടാക്കിയത് ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്ന ആ പ്രാര്‍ഥനാ ഗീതമായിരുന്നു.
പരിസരം അല്‍പ്പം തെളിഞ്ഞു വന്നപ്പോള്‍ തൊട്ടടുത്ത്‌ നിന്ന ആകാംഷ നിറഞ്ഞ പുഞ്ചിരിക്കുന്ന മുഖങ്ങള്‍ കണ്ടു തുടങ്ങി.
കൈകള്‍ പരസ്പ്പരം കോര്‍ത്ത്‌ നിമിഷ വിരഹം മറക്കുമ്പോള്‍ മഞ്ഞിന്‍റെ പുതപ്പ് വീണ്ടും ഞങ്ങളെ മറച്ചു നിന്നു.

സമയം ഒരു മണിയായി എന്ന്‌ കാറില്‍ അന്‍സാരിയോടൊപ്പം വിശ്രമിച്ചിരുന്ന ഫയാസ്സു ഫായി പറയുമ്പോഴാണ് അറിയുന്നത്.കാലവും സമയവും തിരിച്ചറിയാന്‍ കഴിയാത്ത ഒരു ലോകത്താണല്ലോ അപ്പോള്‍ നില്‍ക്കുന്നത് .
തണുപ്പിന്‍റെ കാഠിന്യത്തില്‍ ഊണ് കഴിക്കുവാന്‍ തണുത്ത വെള്ളത്തില്‍ കൈ കഴുകുവാന്‍ തന്നെ എനിക്ക് മടി തോന്നി.
അടുത്തായി കണ്ട ഒരു കടയുടെ ഉള്ളില്‍ അവരുടെ അനുവാദത്തോടെ ഉച്ചഭക്ഷണം കഴിച്ചു തുടങ്ങി.കൈകള്‍ തണുപ്പിക്കുവാനുള്ള ഒരു നെരിപ്പോട് കടക്കുള്ളില്‍ അല്‍പ്പം ചൂടിന്‍റെ സുഖം നിറച്ചു.നഗീന്‍റെ സ്പെഷ്യല്‍ ചീര കറിയും ,ചിക്കനും അന്നത്തെ ഊണ് സ്വാദിഷ്ട്ടമാക്കി.വളരെ ഇഷ്ട്ടത്തോടെ ചോറും കറികളും എല്ലാവര്‍ക്കും വിളമ്പിത്തന്നത് ഫയാസ്സു ഫായി ആയിരുന്നു.












ഭക്ഷണ ശേഷം വീണ്ടും അല്‍പ്പനേരം മഞ്ഞില്‍ കളിക്കമെന്നായി കുട്ടികള്‍.
തമ്മില്‍ കാണുവാന്‍ കഴിയുമെന്നായപ്പോള്‍ പരസ്പ്പരം മഞ്ഞിന്‍റെ കട്ടകള്‍ എറിഞ്ഞ്‌ കുഞ്ഞുങ്ങള്‍ കളികള്‍ തുടങ്ങി.



കുറച്ചു സമയം കുട്ടികളോടൊപ്പം ഞങ്ങളെല്ലാവരും അവരുടെ കളിയില്‍ പങ്കാളികളായി എന്ന്‌ തന്നെ പറയാം. ആര്‍ത്തു ല്ലസ്സിക്കുന്ന ബാല്യത്തിനെ കളികള്‍ ഏല്‍പ്പിച്ച് അല്‍പ്പം അകലെ കണ്ട ഐസ് മൂടിയ തടാകം ലക്ഷ്യമാക്കി ഞാന്‍ നടന്നു. മുകള്‍ ഭാഗം വെള്ളം ഐസ് ആയി ഉറഞ്ഞു കിടക്കുന്ന ഒരു ചെറിയ തടാകം. കരയും വെള്ളവും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ.ഉള്ളില്‍ നിറഞ്ഞു കിടക്കുന്ന ജലത്തിന്‍റെ ആഴത്തെക്കുറിച്ച് യാതൊരു വ്യക്തതയുമില്ല.കരയില്‍ ഇരുന്ന് വെള്ളത്തിലേക്ക്‌ തൊട്ടപ്പോള്‍ വിരലുകള്‍ മരവിച്ചു. മുകള്‍പ്പരപ്പിലുള്ള ഐസ് പാളികള്‍ പതുക്കെ മാറ്റി ഉള്ളിലെ തണുപ്പുള്ള വെള്ളം കൈയില്‍ കോരിയെടുത്തു.ക്യാമറയില്‍ ഒന്ന് രണ്ട് ചിത്രങ്ങള്‍ എടുക്കുവാനുള്ള ആഗ്രഹത്തില്‍ കൂടെയുള്ളവരെ വിളിക്കുവാന്‍ തിരിഞ്ഞ എന്‍റെ ഉള്ളില്‍ ഒരു നിമിഷം രക്തമുറഞ്ഞപോലെയായി..ഒന്നുമേ കാണുവാന്‍ കഴിയുന്നില്ല ,വീണ്ടും ആ വൈറ്റ് ഔട്ട്‌" .
ദിക്കും ദിശയുമറിയാതെ ആകാശവും ഭൂമിയും തിരിച്ചറി യാതെ എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയ ആ നിമിഷം.

നടന്നു വന്ന വഴിയെ തിരികെ പോകാന്‍ ധൈര്യമില്ല. വഴിയെങ്ങാന്‍ തെറ്റിപോയാലോ എന്ന ഉള്‍ഭയം.മുന്‍പ് കേട്ട ആ ഭക്തിഗീതം ദൂരെ എവിടെയോ കേള്‍ക്കുന്നു.പതറിപ്പോകാതിരിക്കാന്‍ അപ്പോള്‍ എന്‍റെ മനസ്സിന്‌ ആ സ്നേഹഗീതം താങ്ങായി എന്ന്‌ പറയുന്നതാവും ഏറെ സത്യം. ഏതു ഭാഷയിലെന്നോ അതിന്‍റെ അര്‍ദ്ധമെന്തെന്നോ അറിയുന്നില്ല.എങ്കിലും മനസ്സിന്‌ വല്ലാത്തൊരു ധൈര്യം തോന്നിയ നിമിഷമായിരുന്നു അത്.അല്‍പ്പ സമയത്തിനുള്ളില്‍ ചിലരുടെ സംഭാഷണ ശബ്ദങ്ങള്‍ കേട്ടുതുടങ്ങി .നിന്ന സ്ഥലത്ത് നിന്നും ഒരു ചുവടു പോലും മുന്‍പോട്ടു വെക്കാന്‍ കഴിയാതെ നില്‍ക്കുകയാണ് .അടക്കി പിടിച്ച ശബ്ദത്തോടൊപ്പം മഞ്ഞിന്‍റെ മറയില്‍ തെളിഞ്ഞു വരുന്ന പരിചിത മുഖങ്ങള്‍... കണ്ട് പരിസരം മറന്ന് അവരുടെ അടുത്തേക്ക് ഓടുകയായിരുന്നു. "പറയാതെ ഇതെങ്ങോട്ട് പോയി ?"എന്ന പരിഭവം കലര്‍ന്ന കണ്ണുകളോട് മറുപടി പറയുവാന്‍ തണുപ്പും,ഭയവും അനുവദിക്കുന്നില്ല.
ഈ നിമിഷ വിരഹത്തിന്‌ ഒരു വിരല്‍ സ്പര്‍ശം മതിയാകുമോ ?


ഏറെ നേരം കളിച്ചു തിമര്‍ത്ത ബാല്യം കളിമതിയാക്കിയപ്പോള്‍ ഞങ്ങള്‍ ഗുല്‍ മാര്‍ഗില്‍ നിന്നും തിരികെ യാത്ര തുടര്‍ന്നു.
മഞ്ഞിന്‍റെ വഴികള്‍ പിന്നിട്ടു കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ അന്‍സാരിയാണ് പറഞ്ഞത് സഞ്ചാരികള്‍ അധികം വരാറില്ലാത്ത ഒരു സ്ഥലത്തേക്ക് പോകാമെന്ന്. കാടിന്‍റെ ഊടുവഴികള്‍ പിന്നിട്ട് വാഹനം മഞ്ഞില്‍ പുതച്ച മറ്റൊരു കുന്നു കയറി. വഴിലൊരിടത് "ബാബാ ഋഷി "എന്നൊരു വഴികാട്ടി കണ്ടു. കുന്നിന്‍ നെറുകയിലുള്ള ഒരു പള്ളിയിലേക്കായിരുന്നു ആ യാത്ര. "ബാബാ ഋഷി "എന്ന്‌ പേരുള്ള ഒരു ആരാധനാലയം.വഴിയോരങ്ങളിലെ മരക്കൂട്ടങ്ങളില്‍ നിറയെ പഞ്ഞിക്കെട്ടുപോലെ മഞ്ഞു നിറഞ്ഞു നിന്നു. തണുപ്പിന്‍റെ കൈകള്‍ക്ക് ഒരു പ്രാര്‍ഥനാ മന്ത്രത്തിന്റെ സാന്ത്വനം .
പണ്ട് കാശ്മീര്‍ ഭരിച്ചിരുന്ന സൈനുല്ലാബ്ദീന്‍ എന്ന രാജാവിന്‍റെ കൊട്ടാരത്തിലെ പണ്ഡിത ശ്രേഷ്ടനായിരുന്നു ബാബാ ഋഷി.
ലാര്‍ പ്രദേശത്ത് ജനിച്ച ബാബാ പായം ഉദ്ദിന്‍ ആണ് പില്‍ കാലത്ത് ബാബാ ഋഷി എന്ന്‌ അറിയപ്പെട്ടത് എന്നും പറയപ്പെടുന്നു.എങ്കിലും ബാബ  ഋഷിയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നുംതന്നെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.
ലോകത്തിന്‍റെ കഷ്ട്ടകളില്‍ മനം നൊന്തു ജീവിത സുഖങ്ങള്‍ എല്ലാം ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ച ഒരു ഋഷി വര്യന്‍ ആയിരുന്നു ബാബാ.സന്യാസം സ്വീകരിക്കുവാന്‍ വീട് വിട്ടു ഇറങ്ങുമ്പോള്‍ പത്നി ഗര്‍ഭവതി ആയിരുന്നു എന്നും, "താന്‍ മാര്‍ഗ്ഗ് "എന്ന സ്ഥലത്ത് നിന്നും മൂന്നു മൈല്‍ അകലെ ഗുല്മാര്‍ഗിനടുത്തു വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്നും,ചില വിവരണങ്ങള്‍ പറയുന്നു.
ബാബയുടെ ജീവിതത്തിന് ഭഗവാന്‍ ശ്രീ ബുദ്ധന്‍റെ ജീവിതവുമായി എവിടെയോക്കെയോ എനിക്ക് സാമ്യത തോന്നി.

പള്ളിയുടെ അല്‍പ്പം അകലെയായി ഞങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്തു.
അന്‍സാരി പറഞ്ഞത് വളരെ സത്യമാണ്. തിരക്ക് അല്‍പ്പം പോലും ഇല്ലാത്ത ശാന്ത സുന്ദരമായ ഒരിടം. പടിക്കെട്ടുകള്‍ കയറി പോയാല്‍ പഗോഡ മാതൃകയില്‍ ഉള്ള ഒരു പള്ളി കാണാം,പരിസരങ്ങളില്‍ അവിടവിടെ ഉരുകി തീരാത്ത വലിപ്പമുള്ള മഞ്ഞു കട്ടകളും .ദേവദാരു മരങ്ങളെ തഴുകി വരുന്ന തണുത്ത കാറ്റിനും എന്തെന്നില്ലാത്ത ഒരു സാന്ത്വന സ്പര്‍ശം .
അല്‍പ്പം മുന്‍പ് ദിക്കറിയാതെ ഒരു നിമിഷം ഈ ഭൂമിയില്‍ പെട്ട് പോയ നിമിഷത്തെ കുറിച്ച് അപ്പോള്‍ ഓര്‍ത്തു.
മനസ്സിന്‌ ധൈര്യം പകര്‍ന്ന്  ദൂരെ മുഴങ്ങിയ ഏതോ  പ്രാര്ത്ഥനാ മന്ത്രവും.

1480 കളിലെ ഈ ആരാധനാലയം പേര്‍ഷ്യന്‍ ,മുഗള്‍ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.അനേകം വിശ്വാസികള്‍ രാജ്യത്തിന്‍റെ നാനാഭാഗത്തുനിന്നും ഇവിടെ ഓരൊ വര്‍ഷവും എത്തുന്നു എന്നും പറയപ്പെടുന്നു.കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതികള്‍ സന്താന സൗഭാഗ്യത്തിനു വേണ്ടി പ്രത്യേക നേര്‍ച്ച അര്‍പ്പിക്കുന്നു എന്നതും ഈ ആരാധനാലയത്തിന്‍റെ സവിശേഷതയാണ് ,പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ക്ക് വേണ്ടി.ബാബാ ഋഷി അന്ത്യ വിശ്രമം കൊള്ളുന്ന ഈ പള്ളിയില്‍ ഏതെങ്കിലും രീതിയില്‍ അഗ്നി ബാധ ഉണ്ടാകുന്നു എങ്കില്‍ അത് കാശ്മീര്‍ ജനതയ്ക്ക് വരാനിരിക്കുന്ന ഏതോ അത്യാപത്തുകളുടെ സൂചനയാണ് എന്നൊരു വിശ്വാസവും കൂടി ഈ ദേശക്കാരില്‍ ഉള്ളതായി അറിയുവാന്‍ കഴിഞ്ഞു .

പടിക്കെട്ടുകള്‍ തീരുന്നിടത്ത് തോക്കേന്തിയ ഒരു ജവാന്‍ നില്‍പ്പുണ്ട്.ചെരുപ്പ് പള്ളിക്ക് പുറത്ത് ഇടണമെന്ന് അദ്ദേഹം തന്നെയാണ് ആവശ്യപ്പെട്ടതും.മാര്‍ബിള്‍ തറയില്‍ ചവിട്ടിയപ്പോള്‍ തണുപ്പിന്‍റെ വൈദ്ദ്യുത പ്രവാഹം ഉള്ളം കാലില്‍നിന്നും അരിച്ചു കയറി.അകത്തളത്തില്‍ വിരിച്ച കാര്‍പെറ്റില്‍ ചവുട്ടി ഉള്ളിലേക്ക് കയറി.
ബാബാ ഋഷിയുടെ ഖബറിടമായിരുന്നു അവിടെ.ഞങ്ങളെ കൂടാതെ അവിടെയുണ്ടായിരുന്നത് ഒരു പഞ്ചാബി കുടുംബം മാത്രം . അവരുടെ കൈ കുഞ്ഞിനു വേണ്ടിയുള്ള ഏതോ നേര്‍ച്ചയാണെന്ന് കാഴ്ചയില്‍ത്തന്നെ മനസ്സിലായി.
മതത്തിന്‍റെ അതിരുകള്‍ വിശ്വാസങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നില്ല എന്നത് മനസ്സില്‍ സന്തോഷം തോന്നിച്ചു.
പള്ളിയില്‍ ഒരു ഭാഗത്ത്‌ ഒരു ജനല്‍ പാളി പോലെ തോന്നിക്കുന്ന ഇടത്ത് പട്ടു നൂലുകളും,സ്വര്‍ണ്ണ വളകളും ,തങ്ക മോതിരങ്ങളും നേര്‍ച്ചയായി കെട്ടിയിട്ടിരിക്കുന്നതും കണ്ടു. മഞ്ഞില്‍ മൂടി കിടക്കുന്ന ഈ ഗിരി ശിഖരത്തിലും സമാധാനം തേടി, സന്തോഷം തേടി മനുഷ്യര്‍ വന്നെത്തണമെങ്കില്‍ അതിനു പിന്നിലെ അദൃശ്യ ശക്തി എന്താകും.?
തിരിച്ചിറങ്ങുമ്പോള്‍ ചിലര്‍ അവിടെനിന്നും പ്രസാദമായി എന്തോ വാങ്ങുന്നത് കണ്ടു.കാണിക്ക അര്‍പ്പിക്കണമെന്ന് യാതൊരു നിര്‍ബന്ധമില്ല. ഇഷ്ട്ടമുള്ളത്‌ കൊടുക്കാം. നിര്‍ബന്ധ പൂര്‍വ്വം കാണിക്കകള്‍ വാങ്ങുന്ന പേര് കേട്ട ആരാധനാലയങ്ങള്‍ ഓര്‍മവന്നു.മനസ്സിരുത്തി പ്രാര്‍ത്ഥിക്കുവാന്‍ പോലും സാവകാശം തരാതെ തിരക്കുകള്‍ക്കിടയില്‍ "നിസ്സഹായനായ ദൈവത്തിന്‍റെ "മുന്‍പില്‍ നമ്മള്‍ ആരുമല്ലാതായി തീരുന്ന നിമിഷങ്ങള്‍... എത്രയോ അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്.
നേര്‍ച്ചപ്പെട്ടിയുടെ അരികില്‍ ഇരിക്കുന്ന ആള്‍ ഒരു ചെറിയ പൊതിയും അല്‍പ്പം മലരും എനിക്ക് തന്നു തന്നു.പ്രസാദമായി പൊതിഞ്ഞു തന്നത് ചാര നിറത്തിലുള്ള മധുരമുള്ള ഒരു പൊടിയായിരുന്നു.
മനസ്സില്‍ ടെന്‍ഷന്‍ തോന്നുമ്പോള്‍ ഇതില്‍ ഒരു നുള്ള് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാന്‍ ആള്‍ പറഞ്ഞു.അന്ധമായി നാം  ഒന്നിലും വിശ്വസിക്കുന്നില്ല എങ്കിലും ചില നിമിഷങ്ങളില്‍ സമാധാനത്തിനു വേണ്ടി ഏതു ശക്തിയോടും അപേക്ഷിച്ച് പോകും എന്ന സത്യം ഒരു സത്യം തന്നെയാണ്.
ആള്‍ പറഞ്ഞത് സത്യമാണെങ്കില്‍ ?അതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടെങ്കില്‍ ?
ബാബ റിഷിയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ആ പൊതി ഞാന്‍ ഭദ്രമായി എന്‍റെ ഹാന്‍ഡ്‌ ബാഗില്‍ സൂക്ഷിച്ചു.ഗുല്‍ മാര്‍ഗില്‍ നിന്നും മഞ്ഞു മലയിറങ്ങി വന്ന യാത്രയിലെ ക്ഷീണം തീര്‍ത്തും ഇല്ലാതെയായി എന്നൊരു തോന്നല്‍. .
മനസ്സ് നിറഞ്ഞ്‌ അല്‍പ്പ നേരം സര്‍വേശ്വരനോട്  പ്രാര്‍ത്ഥിച്ചത് കൊണ്ടാവാം   .പള്ളിയുടെ പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ മനസ്സിന്‌ എന്തെന്നില്ലാത്ത ഉന്മേഷം.നമ്മള്‍ മനുഷ്യര്‍ എന്നും കൊതിക്കുന്നത് സാന്ത്വനവും ,സമാധാനവുമാണ്.വേദനിക്കുമ്പോള്‍ ഒന്ന് ആശ്വസിപ്പിക്കാന്‍,ഒന്ന് സ്വാന്തനിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എല്ലാ വിഷമങ്ങളും മാറും.ഈ സാന്ത്വനം നല്‍കുന്നത് ഒരു വ്യക്തിയാകണമെന്നും ഇല്ല.ചിലപ്പോള്‍ പ്രാര്ത്ഥനയില്‍  നിന്നാകാം,ചില ദര്‍ശനങ്ങളില്‍ നിന്ന് ആകാം .
പള്ളിയില്‍ നിന്നും കിട്ടിയ ആ മധുരത്തിന്‍റെ പൊതിയില്‍ എന്തുമായിക്കോട്ടേ ,അന്ന് വൈകി ഖാസി അങ്കിളിന്‍റെ വീടെത്തുമ്പോള്‍ എന്‍റെ പെട്ടിയില്‍ അത് പവിത്രമായിത്തന്നെ സൂക്ഷിക്കണം എന്ന്‌ ഞാന്‍ തീരുമാനിച്ചു.








മലയിറങ്ങുന്ന വഴിയില്‍ മഞ്ഞു മൂടിയ ഒരു ഭാഗത്തായി അന്‍സാരിയോട് ആവശ്യപ്പെട്ടു വാഹനം നിര്‍ത്തി.
കാട്ട് പാതയുടെ ഇരു വശങ്ങളിലും മഞ്ഞു പുതച്ച് കിടക്കുന്ന പ്രദേശം.ദേവദാരു പൈന്‍ ,ഫിര്‍ മരങ്ങള്‍ ധാരാളമായി നിറഞ്ഞു നില്‍ക്കുന്ന ഇരുളിമയില്‍ മഞ്ഞിന്‍റെ ശുഭ്ര നിറം കാഴ്ചകള്‍ കൂടുതല്‍ ഭംഗിയുള്ളതാക്കി.
മരങ്ങളുടെ ഇടയില്‍, കുന്നിന്‍ ചരുവില്‍,ഇലകളില്‍ എവിടെയും മഞ്ഞിന്‍റെ വിസ്മയം. റോഡിനരികിലെ മഞ്ഞു തിട്ടയില്‍ വിരലുകള്‍ കൊണ്ട് ഓര്‍മകളുടെ ചിത്രങ്ങളും അക്ഷരങ്ങളും നിറച്ചു.കുത്തനെയുള്ള മലയുടെ ചെരുവിലെ മഞ്ഞില്‍ ചവുട്ടി മുകളിലേക്ക് കയറാന്‍ ഒരു വിഫല ശ്രമം .മരങ്ങള്‍ പൊഴിച്ചിട്ട ഇലകള്‍ മഞ്ഞുമായി കൂടി കലര്‍ന്ന് വല്ലാത്ത വഴുക്കല്‍ ഉണ്ട് എന്ന്‌ തോന്നി.പരസ്പ്പരം കൈകള്‍ കോര്‍ത്ത്‌ ഭാവിയില്‍ എനിക്ക് താങ്ങാകുവാന്‍ പോകുന്ന ബാല്യത്തിന്‍റെ ചെറു കൈതാങ്ങില്‍ ഒരു സാഹസീക യാത്ര.
മഞ്ഞു മലയുടെ മുകള്‍പ്പരപ്പില്‍ എത്തി താഴെ വാഹനം കിടക്കുന്ന റോഡിലേക്ക് നോക്കിയപ്പോള്‍ ഒരാവേശം,ഒന്ന് കൂടി മുകളിലേക്ക് പോകുവാന്‍.. ..അതിനും മുകളിലെ മഞ്ഞിന്‍റെ സ്വര്‍ഗ്ഗം വശ്യമായി ആകര്‍ഷിക്കും പോലെ .സാഹസം കൂടുന്നു എന്ന്‌ തോന്നിയതിനാലാവണം അന്‍സാരിയും ,ഫയാസ്സ് ഫായിയും താഴെനിന്നും ഉറക്കെ വിളിച്ചു പറഞ്ഞു കൂടുതല്‍ മുകളിലേക്ക് പോകുന്നത് അപകടമാണെന്ന് ..ആലോചിച്ചപ്പോള്‍ സത്യമാണ് .തീരെ പരിചയമില്ലാത്ത സ്ഥലം.മഞ്ഞി ന്‍റെ പാളികള്‍ക്കിടയില്‍ പതിയിരിക്കുന്ന അഗാധ ഗര്‍ത്തങ്ങള്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. ഒരു ചുവടു വെയ്ക്കുന്നത് മഞ്ഞിന്‍റെ പൂക്കളിലെങ്കില്‍ അടുത്ത ചുവട്‌ .......

മഞ്ഞു കാഴചകള്‍ ക്യാമറയില്‍ പകര്‍ത്തി .മൂടല്‍ മഞ്ഞു കുറവായതിനാല്‍ ചിത്രങ്ങള്‍ നന്നേ വ്യക്തമായിരുന്നു. റോഡിലൂടെ സൈനീക വാഹങ്ങളില്‍ ചിലത് കടന്നു പോയി.ചില സഞ്ചാരികള്‍ മഞ്ഞു മലയില്‍ നില്‍ക്കുന്ന ഞങ്ങളെ നോക്കി ആര്‍ത്തു വിളിച്ചു കൊണ്ട് പോകുന്നതും കണ്ടു
മുകളിലേക്ക് കയറുമ്പോലെ അത്ര എളുപ്പമല്ല തിരിച്ചുള്ള യാത്ര എന്ന്‌ മനസ്സിലാക്കുവാന്‍ ഏതാനും നിമിഷങ്ങളേ  വേണ്ടി വന്നുള്ളൂ
വല്ലാതെ വഴുതി പോകുന്ന കാലടികള്‍..
ഒന്ന് കാല് തെറ്റിയാല്‍ പിന്നെ താഴെയുള്ള റോഡില്‍ ചെന്ന് നില്‍ക്കുന്ന അവസ്ഥ.
വീണ്ടും കൈകള്‍ പരസ്പ്പരം കോര്‍ത്ത്‌ ക്യാമറ കഴുത്തില്‍ തൂക്കി മലയിറങ്ങി.
മഞ്ഞിന്‍ പൂക്കള്‍ കാലടികളില്‍ ഞെരിഞ്ഞമര്‍ന്നു
വിന്‍റര്‍ ബൂട്സ് ഇല്ലാത്ത വിരലുകള്‍ തണുപ്പ് തിരിച്ചറിയാന്‍ കഴിയാത്തത് പോലെ മരവിച്ചുപോയിരുന്നു .അടുത്ത് കണ്ട ഫിര്‍ മരത്തിന്‍റെ  അരികില്‍ നിന്ന് വീണ്ടും ഫോട്ടോക്ക് പോസ് ചെയ്തു .
കാഴ്ചകള്‍ വിട്ട് തിരികെ പോകുവാന്‍ എന്‍റെ കണ്ണുകള്‍ എന്നെ സമ്മതിക്കുന്നില്ല.കണ്ണെത്താ ദൂരമെല്ലാം മഞ്ഞിന്‍റെ പുതപ്പില്‍ .

ചുവടുകള്‍ സൂക്ഷിച്ച് വീണ്ടും താഴേക്ക്‌ വെച്ച ആരുടെ കാലടികളാണാവോ പിഴച്ചു പോയത് .മറ്റൊന്ന് ചിന്തിക്കുവാന്‍ സമയം കിട്ടും മുന്‍പ് രണ്ട് മീറ്റര്‍ താഴെയുള്ള ദേവ ദാരുവിനെ സാഷ്ടാംഗം നമസ്ക്കരിച്ചു ഞാന്‍ കാശ്മീര്‍ മണ്ണില്‍ കിടക്കുന്നു .റോഡിന്‍റെ ഭാഗത്തുനിന്നും കൂവലും ,വിളിയും,ഒപ്പമുള്ളവരിലെ ചിരിയുംഎന്നെ ഉണര്‍ത്തിയപ്പോള്‍ എന്‍റെ ക്യാമറയയെയാണ് ഞാന്‍ ആദ്യം നോക്കിയത്.ഭാഗ്യത്തിന് ഒരു കുഴപ്പവുമില്ല.മഞ്ഞില്‍ മരവിച്ച എനിക്കും ഒരു പ്രശ്നവും ഇല്ല എന്ന്‌ സ്വയം സമാധാനിച്ചു.
ചിരിയും തമാശയുമായി തിരികെ കാറില്‍ കയറുമ്പോള്‍ മലമുകളിലെ മഞ്ഞില്‍ എന്നെ രക്ഷിച്ച ദേവ ദാരുവിനെ ഒരു വട്ടം ഒന്ന് തിരിഞ്ഞു നോക്കി.ഒരു കൈത്താങ്ങ്‌ തന്നതിന് ,ആ ഒരു നിമിഷത്തിന്‌ ഞാന്‍ മൗനമായി നന്ദി പറഞ്ഞു . മഞ്ഞിന്‍റെ പൂക്കള്‍ വിരിഞ്ഞ ഇലകള്‍ ഉലച്ചു എനിക്കവന്‍ യാത്ര മംഗളങ്ങള്‍ നേര്‍ന്നു.ചില ബന്ധങ്ങള്‍ അങ്ങനെയാണ് നിമിഷങ്ങള്‍ മാത്രം അനുഭവിക്കാന്‍ ഭാഗ്യം.ജന്മാന്തരങ്ങള്‍ കാണുവാന്‍ കഴിയാതെ അകന്നു പോകുന്ന ചില നൈമീഷിക ബന്ധങ്ങള്‍.......

അന്‍സാരി വാഹനം സ്ട്രാറ്റ് ചെയ്തു ,
ജമ്മു ശ്രീനഗര്‍ ഹൈവേയില്‍ എത്തിയപ്പോള്‍ തണുപ്പിനു അല്‍പ്പം കുറവ് വന്നപോലെ.
കാറിന്‍റെ ഗ്ലാസ്‌ താഴ്ത്തി കാശ്മീര്‍ നാട്ടു കാഴ്ചകളിലേക്ക് കുറച്ചു നേരം .
ബാരമുള്ള റോഡിലേക്ക് പോകുവാനുള്ള സൈനീക വാഹനങ്ങളുടെ തിരക്ക് അപ്പോഴും ഉണ്ട് .
ഹര്‍ത്താല്‍ ദിവസത്തെ ബാക്കി പത്രങ്ങളായ കല്ലും ,തടികളും വഴിയോരങ്ങളില്‍ ചിതറി കിടക്കുന്നു.ഗുല്‍ മാര്‍ഗിലേക്കുള്ള യാത്രയില്‍ ഈ കല്ലും ,മരത്തടികളും കണ്ണില്‍ പെട്ടതും ഇല്ല.
അധികം മുന്‍പോട്ടു പോകും മുന്‍പ് വഴിയില്‍ ഒരിടത്ത്‌ കുറച്ച്‌ ആള്‍ കൂട്ടം കണ്ടു .യാത്രയുടെ ക്ഷീണം കാരണം കുട്ടികളെല്ലാം അപ്പോള്‍ ഉറക്കമായിരുന്നു. അന്‍സാരി ഹോണ്‍ അടിച്ചു വാഹനം സ്പീഡ് കൂട്ടി .പെട്ടെന്ന് വഴിയോരത്ത് ഇടവഴിയില്‍ ഒന്ന് രണ്ട് സൈനീകര്‍ തോക്കുമേന്തി ഓടുന്നതും ,മറഞ്ഞു നിന്നു ഒരു സൈനികന്‍ വെടിയുതിര്‍ക്കുന്നതും മിന്നല്‍ പോലെ കണ്ണില്‍ മറഞ്ഞു പോയി ,അതിനെ പിന്‍ തുടര്‍ന്ന് പിന്നെയും കുറേ വെടിയൊച്ചകളും.
എന്തെന്നോ ഏതെന്നോ ചോദിക്കും മുന്‍പ് വാഹനം ഏറെ ദൂരം പിന്നിട്ട് കഴിഞ്ഞിരുന്നു  .
"അവിടെ എന്തോ പ്രശ്നമാണ് അത് നമ്മള്‍ അറിയേണ്ട കാര്യമില്ലല്ലോ "
എന്നായിരുന്നു അന്‍സാരിയുടെ മറുപടി.
ഒന്നും അറിയാതെ ഉറങ്ങുന്ന കുഞ്ഞുങ്ങള്‍ .
നിഷ്കളങ്ക ബാല്യം.
സമയം സന്ധ്യ മയങ്ങി തുടങ്ങി.
വിന്‍ഡോ ഗ്ലാസില്‍ കൂടെ തണുപ്പ് എന്‍റെ ഉള്ളിലേക്കും അരിച്ചിറങ്ങി .
എന്തായിരിക്കും അവിടെ നടന്നത് എന്നറിയാന്‍ ഒരു മാര്‍ഗവുമില്ല.
മുന്‍പ് കേട്ട ആ വെടിയോച്ചയുടെ ശബ്ദം കാതില്‍ നിന്നും പോകുന്നതേയില്ല .
ഫയസ്സു ഫായിയുടെ മൊബൈലില്‍ നിന്നും ആ പഴയ കാശ്മീരി ഗാനം ഒന്ന് കേട്ടിരുന്നുവെങ്കില്‍ .
ശരീരത്തിലെ മരവിപ്പ് മാറിയപ്പോള്‍ എവിടെയൊക്കെയോ വേദന തുടങ്ങിയെന്നൊരു തോന്നല്‍
മഞ്ഞിലെ വീഴ്ചയുടെ സമ്മാനമാണ് .അണച്ച് പിടിച്ച ദേവ ദാരുവിനെ ഓര്‍മവന്നു,മഞ്ഞിന്‍റെ തണുത്ത തലോടലും.
സമയം വളരെ വൈകി ഖാസി അങ്കിളിന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ ആരോ ചോദിച്ചു
"ഒന്നൂടെ മല കയറുന്നോ ....ഒരു വീഴ്ചകൂടെ......?"
കൂടെയുള്ളവര്‍ കളിയാക്കി ആര്‍ത്തു ചിരിച്ചു.
ചില വീഴ്ചകള്‍ മറ്റുള്ളവരെ ചിരിപ്പിക്കുന്നു.
വേദനകള്‍ നമുക്ക് മാത്രവും.
ഓരോ വീഴ്ചകളും ഓരോ പാഠങ്ങള്‍
ഓരോ യാത്രകളും ഓരോ അനുഭവങ്ങള്‍ ......
(തുടരും )


മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(1)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(2)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(3)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(4)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(6)