Showing posts with label സമര്‍പ്പണം. Show all posts
Showing posts with label സമര്‍പ്പണം. Show all posts

Tuesday, February 14, 2012

പ്രണയതീരത്തെ ലോല സ്മരണകള്‍..............






“ഞാനും   ആ  വിഡ്ഢിത്തം  കാട്ടും എന്നാണ്  എനിക്ക്  തോന്നുന്നത്  “
“എന്താണ്   ?”  ഞാന്‍  ചോദിച്ചു 
“മരിലിന്‍  കാട്ടിയ ആ വിഡ്ഢിത്തം ...…”
……………………………………………………………………………………………………
………………………………………………………………………………………………………
ഇരുട്ടില്‍ എന്‍റെ  മടിയില്‍ തല ചായ്ച്ചു കിടന്ന്  ലോല  ചോദിച്ചു 
“എന്‍റെ  വഴി  ഇതല്ലേ ? “
ഞാന്‍  പറഞ്ഞു  ;”മടയത്തരം  പറയാതിരി ക്കൂ.എന്നെ  സന്തോഷമായി  യാത്രയയയ്ക്കണം  ‘”
അവള്‍  ഒന്നും  പറഞ്ഞില്ല .
എനിക്ക്  ദുഃഖം  തോന്നി  .


"ലോലയെ" ഞാന്‍ എങ്ങനെ മറക്കും ?

ഓഡ്രി ഹെപ്പ്ബേണിനെ പോലെ  തലമുടി  ചെറുതായി  മുറിച്ച്‌  നെറ്റിയില്‍  പരത്തിയിട്ട ,
ഷേര്‍ളി  മാക്‌ലെയിനെ  പോലെ  മനോഹരമായ  മിഴികളുള്ള....
സുന്ദരിയായ...
ഓമനത്തമുള്ള ……ലോലയെ 

ധാരാളം കവിതകള്‍ എഴുതിയിരുന്ന ,
അമേരിക്കന്‍ സാഹിത്യത്തില്‍ അഭിമാനിച്ചിരുന്ന, 
മാര്‍ക്ക് ട്വയിനിനെ ഭ്രാന്തമായി ആരാധിച്ചിരുന്ന ......... 
ലാസ്സ് വേഗയെ വെറുക്കുന്ന,നെവാട സ്റ്റേറ്റിനെ കുഴഞ്ഞ നാവുകൊണ്ട് ചീത്ത വിളിക്കുന്ന,
 ഇന്ത്യയിലേക്ക്‌ എന്നെങ്കിലും വരണമെന്ന് കൊതിച്ചിരുന്ന ............ലോലയെ 

സെന്‍  ക്രോയിസ്ക്ക്  നദിയുടെ  മുകളില്‍  നിന്നുകൊണ്ട്  ഓഹിയോയ്ക്ക്  തിരിച്ചു പോകുന്നതിനു  മുന്‍പുള്ള  രാത്രിയില്‍.... ......…......ഒരു ചുംബനത്തില്‍ ചുവന്നു പോയ ലോലയെ 


അനശ്വരനായ പപ്പേട്ടന്‍റെ (ശ്രീ പത്മരാജന്‍ )ആ “ലോല “യെ ഈ പ്രണയ ദിനത്തില്‍ എനിക്ക് ഓര്‍ക്കാതിരിക്കുവാനാകുമോ?

പ്രണയത്തിന്‍റെ   ഊഷ്മളതയും,വിരഹത്തിന്‍റെ   വേദനയും  ഇത്രമേല്‍  അനുഭവിച്ചറിഞ്ഞ വരികള്‍  “ ലോല ” യിലല്ലാതെ ഞാന്‍ എങ്ങുമേ  വായിച്ചിട്ടില്ല എന്ന് തോന്നുന്നു .

ഇന്നിന്‍റെ ഈ പ്രണയ ദിനം അവസാനിക്കുവാന്‍ ഇനിയും നിമിഷങ്ങള്‍  ബാക്കി  നില്‍ക്കെ.........


"ഞാന്‍ അവളുടെ കവിളിലെ നനവ്  തുടച്ചു കളഞ്ഞു.
.............................................................................................

പ്രഭാതം  അടുത്തു  വരുന്നത്  ഞങ്ങള്‍ക്ക്   കാണാമായിരുന്നു . 
ഞാന്‍  കട്ടിലില്‍  ഇരുന്നു .എന്‍റെ  കാല്‍ക്കല്‍  വെറും  നിലത്തായി  ലോലയും  .ഇടയ്ക്കിടെ  എന്‍റെ  കൈകളില്‍  അവള്‍  മൃദുവായി  ചുംബിച്ചു  .മറ്റ്  ചിലപ്പോള്‍ നിശബ്ദയായി അവള്‍  എന്‍റെ  മുഖത്തേക്ക്  നോക്കി 
……………………………..
രാവിലെ  തമ്മില്‍  പിരിഞ്ഞു .വീണ്ടും  കാണുക എന്നൊന്നുണ്ടാവില്ല  .നീ  മരിച്ചതായി  ഞാനും  ,ഞാന്‍  മരിച്ചതായി  നീയും  കണക്കാക്കുക  .ചുംബിച്ച  ചുണ്ടുകള്‍ക്കു വിട  തരിക ……….”


അവസാനമില്ലാത്തതാണ് പ്രണയമെന്നും,പ്രണയ ദിനങ്ങള്‍ക്ക്‌ അവസാനമില്ല എന്നതാണ് സത്യമെന്നും ഓര്‍മ്മിച്ചുകൊണ്ട്......

എല്ലാ  പ്രണയിതാക്കള്‍ക്കും സമര്‍പ്പണം.....



ചിത്രം :ഗൂഗിള്‍ 

Monday, August 08, 2011

വൈകിവന്ന മഴമേഘപ്രാവുകള്‍








ഓഗസ്റ്റ്‌ 9 .....പുലര്‍ വെയില്‍ വെട്ടത്തില്‍ ഭൂമിയിലെ കുറെ ആത്മാക്കള്‍ മാനത്ത്  ഇരുണ്ടു കൂടുന്ന കാര്‍ മേഘ പാളികളോട് ദയനീയമായി ചോദിച്ചു .

"അന്ന് നിങ്ങളെന്തേ ഞങ്ങളുടെ രക്ഷക്കെത്തിയില്ല?.
ഒരു മേഘ പാളി കൊണ്ടെങ്കിലും  ഞങ്ങള്‍ക്ക് നിങ്ങള്‍ മറ തീര്‍ത്തിരുന്നുവെങ്കില്‍.  ......
ഒരല്പ്പ നേരത്തേക്കെങ്കിലും ഞങ്ങളെ മൂടി പുതച്ച് നിങ്ങളൊന്ന്  നിന്നിരുന്നു വെങ്കില്‍ ............."

ഉത്തരം പറയുവാനാകാതെ മാനം നിറഞ്ഞ കാര്‍മേഘങ്ങള്‍ കണ്ണീര്‍ പൊഴിച്ചു.
ഭൂമിയില്‍ വീണുടയും മുന്‍പ് ഓരോ മഴ തുള്ളികളും പറഞ്ഞിട്ടുണ്ടാകും ,

 "ഞങ്ങള്‍ വന്നിരുന്നു .......ഓടിക്കിതച്ചെത്തിയിരുന്നു .....അപ്പോഴേക്കും വളരെ വൈകിപ്പോയി.................."   എന്ന് .........



ഹിരോഷിമ ,നാഗസാക്കി .ക്യോട്ടോ ,കോക്കുറോ -  1945 രണ്ടാം ലോകമഹായുദ്ധ കാലത്ത് അണുബോംബ്‌ വര്‍ഷിക്കാന്‍ അമേരിക്ക കണ്ടെത്തിയ ജപ്പാന്‍ നഗരങ്ങളായിരുന്നു ഇവ.ആഗസ്റ്റ്‌ 6 ന്‌   ഹിരോഷിമ ഒരുനിമിഷ നേരം കൊണ്ട് കത്തിയമര്‍ന്ന ശേഷം രണ്ടാമത്തെ ആക്രമണത്തിന് തിരഞ്ഞെടുക്കപ്പെട്ടത് കോക്കുറ നഗരമായിരുന്നു .1945 ആഗസ്റ്റ്‌ 9 ,അമേരിക്കയുടെ  ബി-29  ബോംബര്‍ വിമാനം "ഫാറ്റ് മാന്‍ "എന്ന അണു ബോംബും വഹിച്ചു കോക്കുറയെ ലക്ഷ്യമാക്കി പറന്നു .എന്നാല്‍ മഞ്ഞു മൂടി മേഘം നിറഞ്ഞ മാനം കോക്കുറ നഗരത്തെ രക്ഷിക്കുകയായിരുന്നു .അന്തരീക്ഷം വ്യോമാക്രമണത്തിന് അനുകൂലമല്ലാത്തതിനാല്‍ അവസാന നിമിഷം ആ ദുരന്തം നാഗസാക്കി ഏറ്റെടുക്കുകയായിരുന്നു .

അന്ന് ജപ്പാന്‍ സമയം 7 .50  നാഗസാക്കി  ആകാശത്തില്‍ ബി-29  വട്ടമിട്ടു പറന്നു  .

ആകാശം  മറയ്ക്കാന്‍   ഒരു കാര്‍മേഘം ഓടിക്കിതച്ച്  നാഗസാക്കിയില്‍ എത്തും മുന്‍പേ 11 .01 ന്‌ 43  സെക്കന്റ്‌ കൊണ്ട് എല്ലാം അവസാനിച്ചു.
 3900 ഡി. സെ.ചൂടില്‍ നാഗസാക്കിയെ തീ നാളങ്ങള്‍ ചുട്ടുകരിച്ചു കളഞ്ഞു .
80000 നിരപരാധികള്‍ പിടഞ്ഞു മരിച്ചു, ഒന്ന് നിലവിളിക്കുവാന്‍ പോകും ആകാതെ .

അമേരിക്കന്‍ ടാര്‍ജെറ്റ് കമ്മറ്റി ആക്രമണത്തിന് നിര്‍ദേശിച്ചതില്‍ ഉള്‍പ്പെട്ട മറ്റൊരു നഗരമായ ക്യോട്ടോ അവസാന നിമിഷം   ഒഴിവാക്കപ്പെട്ടതിന് പിന്നില്‍ നിരീക്ഷകര്‍ പറയുന്ന കാരണം വേറൊന്നാണ്‌   .അന്നത്തെ അമേരിക്കന്‍ യുദ്ധകാര്യ സെക്രട്ടറിയാണത്രെ ക്യോട്ടോ നഗരത്തെ ബോംബിങ്ങില്‍ നിന്നും രക്ഷപ്പെടുത്തിയത് .തന്‍റെ ഭാര്യയോടൊപ്പം മധുവിധു നാളുകള്‍ ചിലവഴിച്ച ക്യോട്ട്യോ നഗരത്തെ നശിപ്പിക്കാന്‍ അദ്ദേഹത്തിന് സമ്മതമില്ലായിരുന്നു എന്നാണ് കൗതുകകരമായ വെളിപ്പെടുത്തല്‍ .

ഹിരോഷിമ  അന്ന് 

ദുരന്തത്തിന്‍റെ ഓര്‍മ്മകള്‍ ശേഷിപ്പിച്ച്‌-ഇന്ന് ഹിരോഷിമ 



നാഗസാക്കി -ഓഗസ്റ്റ്‌ 9    1945


നാഗസാക്കി -പുനര്‍ജ്ജന്മം 

വെളിപ്പെടുത്തലുകളും ,സത്യങ്ങളും തിരിച്ചറിയുവാനാകാതെ , നാഗസാക്കിയില്‍ ഇന്ന് ആകാശം മൂടി മഞ്ഞു മേഘങ്ങള്‍ വന്നിട്ടുണ്ടാകാം .

ഒരിക്കല്‍ അവിടെ എത്തുവാന്‍ വൈകിപ്പോയ ആ നിമിഷത്തെയോര്‍ത്ത് അവര്‍ വേദനിക്കുന്നുമുണ്ടാകാം.

 ഉത്തരം പറയാനാവാത്ത ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ കണ്ണീര്‍ മേഘങ്ങള്‍ മഴയായി പെയ്യുന്നുണ്ടാകുമോ ?.



ഇന്ന് എന്‍റെ ആകാശം  മറച്ചൊരു കാര്‍മേഘമെത്തുമ്പോള്‍ , ഓരോ മേഘവും മഴയായി  കൊഴിയുമ്പോള്‍...... വേദനയോടെ ഓര്‍ത്തു പോകുന്നു 

യുദ്ധങ്ങള്‍ ഒന്നിനും പരിഹാരമല്ല.
ഒരു ജനതയും യുദ്ധത്തില്‍ സന്തോഷിക്കുന്നില്ല .
വേദനകള്‍ നിറയുന്ന ഓര്‍മ്മകള്‍ മാത്രമേ ഓരോ യുദ്ധങ്ങളും ശേഷിപ്പിക്കുന്നുള്ളൂ........

ഹിരോഷിമയിലും ,നാഗസാക്കിയിലും ജീവിതം ഹോമിക്കപ്പെട്ട നിരപരാധികളുടെ ഓര്‍മകളില്‍ ......ഓരോ യുദ്ധവും തിരിച്ചുനല്‍കുന്ന വേദനയില്‍.....
നമുക്ക് വീണ്ടും  പ്രാര്‍ത്ഥിക്കാം .

ഈ  ലോക സമാധാനത്തിനായ് .....




കുറിപ്പ് :ചിത്രങ്ങള്‍ക്ക് കടപ്പാട്  ഗൂഗിള്‍ 

Saturday, August 06, 2011

ആയിരം കടലാസ്സ് കൊക്കുകള്‍ ......

ഹിരോഷിമ -1945 ആഗസ്റ്റ്‌ 6


 പ്രിയപ്പെട്ട സഡാക്കോ സസാക്കി ,

 നിന്‍റെ  ഓര്‍മ്മയ്ക്കായി  ഞാന്‍ ഈ കടലാസ്സ് തുണ്ടുകള്‍ കൊണ്ട് ആയിരം കൊക്കുകളെ ഉണ്ടാക്കാം .
സമാധാനത്തിന്‍റെ  പൂന്തോട്ടത്തില്‍ നിനക്കായി വിരിഞ്ഞ മേപ്പിള്‍ പുഷ്പ്പങ്ങളോടൊപ്പം ഈ കൊക്കുകളെ ഞാന്‍ നിരത്തി വെക്കാം .

എന്നിട്ട്, ഒരല്പ്പ നേരം ഈ ലോക സമാധാനത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്ക  ട്ടെയോ ..? 
ഓര്‍മയിലെ കടലാസ്സ് കൊക്കുകള്‍.....


കടലാസ്സ് കൊണ്ട് എങ്ങനെയാണ്  സഡാക്കോ ഞാന്‍ ഈ കൊക്കുകളെ ഉണ്ടാക്കുക ?.
കൊക്കുകള്‍ "സ്ഥിരതയുടെ" പ്രതീകമെന്നു പറഞ്ഞത് ആരാണ്?,അവ ചിരംജീവികള്‍ ആണെന്നും .

1945  ഓഗസ്റ്റ്‌ 6 അന്ന്....... അമേരിക്ക ഹിരോഷിമയില്‍ ബോംബു വര്‍ഷിച്ചപ്പോള്‍ നിനക്ക് രണ്ട് വയസ്സ്.

ഹിരോഷിമയിലെ മിസ്സാസ്സാ പാലത്തിന്‍റെ അരികിലുള്ള ആ കൊച്ചു വീട്ടിലായിരുന്നല്ലോ നീ അപ്പോള്‍.
"കണ്ണഞ്ചിക്കുന ഒരു പ്രകാശ പൂരം .എട്ടു ദിക്കുകളും ഞെട്ടിക്കുന്ന ഒരു വിസ്‌ഫോടനവും.ആയിരം സൂര്യന്മാരൊന്നിച്ചു ജ്വലിക്കുന്നതുപോലെ വെട്ടിത്തിളങ്ങുന്ന പ്രകാശം പരന്നൊഴുകിയ" ആ നിമിഷം എന്‍റെ കൊച്ചു സഡാക്കോ നീ ആ തൊട്ടിലില്‍ ഏത് താരാട്ട് കേട്ടുറങ്ങുകയായിരുന്നു?


പിന്നെ എപ്പോഴോ നിന്നെ ആ അണുപ്രസരണം ഒരു മഹാരോഗമായി"ആറ്റമിക് റേഡിയേഷന്‍ സിന്‍ഡ്രോം' എന്ന രൂപത്തില്‍ കീഴടക്കി .
പിന്നെ എത്ര വര്‍ഷങ്ങള്‍ .....


പിന്നെയൊരു  ഓഗസ്റ്റ്‌ 3 , 1955  നിന്‍റെ പ്രിയ സുഹൃത്ത് ചിഷുകോ  അല്ലെ നിന്നോട് പറഞ്ഞത് പേപ്പര്‍ കൊണ്ട്   ആയിരം കൊക്കുകളെ ഉണ്ടാക്കുവാന്‍ ,എങ്കില്‍ നിനക്ക്  മരണമുണ്ടാകില്ല എന്ന് .

ആ ഓഗസ്റ്റ്‌നു ശേഷം   നിന്‍റെ അമ്മ ,  ആശുപത്രി കിടക്കയിലെ ആയ നിനക്ക് വേണ്ടി കൊണ്ടുവന്ന സമ്മാനപ്പൊതികളില്‍   ,നിനക്കേറെ  ഇഷ്ട്ടപെട്ട എത്രയോ വിഭവങ്ങള്‍ ഉണ്ടായിരുന്നു.
വേദനകള്‍ നിന്നെ കീഴടക്കിയ നിമിഷങ്ങളില്‍ നിന്‍റെ ഇഷ്ട്ട വിഭവങ്ങളെല്ലാം അമ്മയുടെ കണ്ണീരില്‍  അലിഞ്ഞു പോയോ ?...

 പലപ്പോഴായി  അമ്മ  കൊണ്ടുവന്ന സമ്മാനപ്പൊതികളോടൊപ്പം  ഉണ്ടായിരുന്ന കടലാസ്സുകള്‍   ,നിന്നെ സുഖപ്പെടുത്തുവാന്‍ സ്വന്തം  ജീവന്‍ നല്‍കിയ മരുന്നിന്‍റെ പൊതികള്‍ ,നിന്‍റെ സുഹൃത്ത് ചിഷുകോ നിനക്ക് വേണ്ടി സ്കൂളില്‍ നിന്നും കൊണ്ടുവന്ന വര്‍ണ്ണക്കടലാസ്സുകള്‍  ,അവയെല്ലാം  കൊണ്ട് നീ   ഉണ്ടാക്കിയ 
644 കടലാസ്സ് കൊക്കുകള്‍ .

                                           സഡാക്കോ സസാക്കി.... ഓര്‍മകളില്‍ 


അതില്‍ നിന്‍റെ ജീവന്‍ തുടിക്കുന്ന 644 മത്തെയും ,അവസാനത്തെയുമായ  ആ കൊക്കിനെ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു . 
വേദനകള്‍ തളര്‍ത്തിയ നിന്‍റെ കൈകളില്‍  വിറയ്ക്കുന്ന  ആ പേപ്പര്‍ കൊക്കിനെ .....ആയിരം എണ്ണം  പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ പോയ നിന്നെ ....

സ്വര്‍ഗത്തിലെ ആയിരം കൊക്കുകളുടെ താരാട്ടു കേട്ടു നീ ഉറങ്ങിപ്പോയത് എപ്പോഴാണ് ?ഒരിക്കലും ഉണരാതെ. ......

അന്ന് ആ ദിവസം 1955 ഒക്ടോബര്‍ 25 ആയിരുന്നില്ലേ .
വര്‍ഷങ്ങള്‍ എത്ര വേഗം കടന്നു പോയി സഡാകോ  !
ഇന്ന് വീണ്ടും ഒരു ആഗസ്റ്റ്‌ 6 വന്നു .ആയിരം സൂര്യന്മാര്‍ ഒന്നിച്ചുദിച്ച പൊള്ളുന്ന ഒരോര്‍മ്മയുമായി ..

സഡാകോ സസകിയുടെ സ്മാരകം ,ചുറ്റിലും കടലാസ്സ്  കൊക്കുകള്‍ -ഹിരോഷിമ


 പ്രിയ സഡാക്കോ നിന്‍റെ സ്മാരകത്തില്‍  കൂട്ടുകാര്‍ ഇന്ന് പേപ്പറില്‍ തീര്‍ത്തആയിരംകൊക്കുകള്‍ നിരത്തും,നിനക്കുവേണ്ടി ഇറ്റുവീഴുന്ന ഓരോതുള്ളി കണ്ണീ നീരിലും ലോകസമാധാനത്തിന് വേണ്ടിയുള്ള .പ്രാര്‍ത്ഥനകള്‍ നിറയുന്നുണ്ടാകും.
സ്കൂള്‍ കുട്ടികള്‍ സഡാക്കോയുടെ സ്മാരകത്തില്‍ കടലാസ്സില്‍ തീര്‍ത്ത കൊക്കുകള്‍ സമര്‍പ്പിക്കുന്നു   


നിന്‍റെ  ഓര്‍മകളില്‍ വീണ്ടും മേപ്പിള്‍ മരങ്ങള്‍ പൂക്കള്‍ നിറക്കുമ്പോള്‍ എന്‍റെ കൈകളിലെ ഇത്തിരിപ്പോന്ന ഓര്‍മ്മക്കടലാസ്സുകള്‍  കൂട്ടി ഞാനും തീര്‍ക്കാം  നിനക്ക് വേണ്ടി ആയിരം കൊക്കുകളെ ........
അന്ന് ആ നിമിഷത്തില്‍ ആയിരം സൂര്യന്‍മാരുടെ ചൂടില്‍ കരിഞ്ഞുപോയ ശലഭങ്ങള്‍ക്ക് വേണ്ടി ഒരുതുള്ളി കണ്ണുനീര്‍  ഞാന്‍വാര്‍ക്കാം .

യുദ്ധമില്ലാത്ത ഒരു ലോകം സ്വപ്നം കാണാം .

ലോകമെങ്ങും സമാധാനം പുലരട്ടെ !


കുറിപ്പ് :ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍ 

Monday, July 25, 2011

A Salute To Kargil Heroes..........



ബഹുമതികള്‍ ലഭിച്ചവര്‍ 

Capt.Vikram Batra - Param Vir Chakra(Posthumous)




Grenedier. Yogendra singh yadav 


 (Param Vir Chakra)
The Param Vir Chakra was announced for Yadav posthumously, but it was soon discovered that he was recuperating in a hospital, and it was his namesake that had been slain in the mission. Sources said there were two Yogendra Singh Yadavs in a team of 22 men, under the command of Lieutenant Balwan Singh, who climbed to the top of Tiger Hill using ropes and mountaineering equipment, that's why the confusion of names occurred and the award was announced as posthumous.

RFN. Sanjay Kumar (Param Vir Chakra)
Major Padmapani Acharya of the 2nd Battalion, The RAJPUTANA RIFLES (Maha Vir Chakra (Posthumous)


Lieutenant Balwan Singh, Maha Vir Chakra Of the 18th Battalion of GRENADIERS Regiment


Major M Saravanan, VirChakra, 1 Bihar
Captain Saju Cherian, Sena Medal 307 Medium Regiment
Lieutenant Kanad Bhattacharya, Sena Medal (Posthumous)(22 YEARS)

Lieutenant Keishing Clifford Nangrum, Maha Vir Chakra (Posthumous) Of the 12th Battalion of JAMMU AND KASHMIR
Captain R Jerry Prem Raj, Vir Chakra (Posthumous), 158 Medium Regiment
Major Sonam Wangchuk, Maha Vir Chakra Of the LADAKH Scouts 




 ഇനി ഒരു ഓര്‍മ്മക്കുറിപ്പ്‌ ......

ഡല്‍ഹിയിലെ കാണാകാഴ്ചകളുടെ അതിരുകള്‍ മറച്ച മൂടല്‍ മഞ്ഞിലൂടെ മകന്‍റെ നീതിക്കുവേണ്ടി നിയമത്തിന്‍റെ പടികള്‍  കയറിയിറങ്ങുന്ന  ഒരു അച്ഛന്‍റെ   രൂപം കണ്ണിലിപ്പോഴും നിറഞ്ഞ് നില്‍ക്കുന്നു ..........

അകാലത്തില്‍ വേര്‍പിരിഞ്ഞു പോയ മകന്‍റെ  ഓര്‍മകളില്‍ ഉരുകിയ  ഒരു പാവം അച്ഛന്‍. 
നിയമങ്ങളുടെ നൂലാ മാലകള്‍ക്കിടയില്‍ അംഗീകരിക്കപ്പെടാതെ  പോയ ഒരു "ധീര മരണം" ആയിരുന്നു ആ മകന്‍റെ ത്.
മാതൃ രാജ്യത്തിന് വേണ്ടിയുള്ള യുദ്ധത്തില്‍ മരണപ്പെട്ടുവെങ്കിലും മരണാന്തര ബഹുമതികള്‍  ഒന്നും തന്നെ ആ മകനെ തേടി വന്നില്ല.
Captain Saurabh Kalia

പക്ഷെ ഇന്നും ഓരോ കാര്‍ഗില്‍ വിജയത്തിന്‍റെ ഓര്‍മയിലും മനസ്സില്‍ തെളിഞ്ഞു വരുന്നു ആ ധീര യോദ്ധാവിന്‍റെ  മുഖം ......

വീണ്ടും ഒരു ജൂലൈ   26 കാര്‍ഗില്‍  വിജയദിനം ആഘോഷിക്കുമ്പോള്‍ വേദനയോടെ ഓര്‍ത്തു പോകുന്നു ക്യാപ്റ്റന്‍ സൗരവ്  കാലിയയെ.

ഓരോ  യുദ്ധങ്ങളും വേദനകളാണ് .ഓരോ വിജയാഘോഷങ്ങള്‍ മുഴങ്ങുമ്പോഴും അതിന്റെ ഉള്ളിലെവിടെയോ അടക്കിപ്പിടിച്ച തേങ്ങലുകള്‍ നമുക്ക് കാതോര്‍ത്താല്‍ കേള്‍ക്കാം. 
ഒരു അച്ഛന്‍റെ ,അമ്മയുടെ ,അതുമല്ലെങ്കില്‍ ഒരു ഭാര്യയുടെ ,ഒരു മകന്‍റെ ,മകളുടെ....

രാജ്യത്തിന്‌ വേണ്ടി ധീരമായി  പോരാടുമ്പോള്‍ , രക്തസാക്ഷിത്വം വരിക്കുമ്പോള്‍ സ്വന്തം രാജ്യത്തിന് അവര്‍ ധീര ദേശാഭിമാനികള്‍ ,മറിച്ച്  ശത്രു രാജ്യത്തിന് അവര്‍ വെറും ശത്രുക്കള്‍ .

നാമെല്ലാം ഒരേ ദൈവ സൃഷ്ട്ടിയിലെ മനുഷ്യാരാണെന്നുള്ള സത്യം എല്ലാവരും മറക്കുന്നു.
അങ്ങനെ മറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഈ യുദ്ധങ്ങള്‍ക്ക് എന്ത് പ്രസക്തി അല്ലെ ....!

എങ്കിലും പടക്കളത്തിലും ചില നിയമ വ്യവസ്ഥകള്‍ ഉണ്ടെന്നാണ് ഭാഷ്യം.
ആ നിയമങ്ങളെല്ലാം ക്ഷണനേരം കൊണ്ട് ശത്രു രാജ്യം മറന്നു പോയിരുന്നു 
സൗരവ് കാലിയ എന്ന  യോദ്ധാവിന്‍റെ  വിധിക്ക് മുന്‍പില്‍ .

കാര്‍ഗില്‍ യുദ്ധസമയത് പാകിസ്ഥാന്‍  സേന ക്യാപ്റ്റന്‍ സൗരവ്  കാലിയയെ തടങ്കലില്‍ ആക്കുകയും 22(May 15, 1999 – June 7, 1999)  ദിവസം ക്രൂരമായി പീഡിപ്പിച്ചു ഒടുവില്‍  അതിക്രൂരമായി കൊല്ലുകയുമാണ്‌ ചെയ്തത്  .
1999ജൂണ്‍ 9  ന് പാകിസ്താന്‍ ,ഇന്ത്യക്ക് സൗരവിന്‍റെ മൃതദേഹം കൈമാറിയപ്പോള്‍ മാത്രമാണ് ശത്രുരാജ്യത്തിന്‍റെ ക്രൂരത പുറം ലോകം അറിയുന്നത്  .(The postmortem revealed that the Pakistan army had indulged in the most heinous acts; of burning their bodies with cigarettes, piercing ear-drums with hot rods, puncturing eyes before removing them, breaking most of the teeth and bones, chopping off various limbs and private organs of these soldiers besides inflicting all sorts of physical and mental tortures before shooting them dead, as evidenced by the bullet wound to the temple ).

ഇത് വിധിയെന്ന് കരുതി സമാധാനിക്കാന്‍ നമുക്ക് കഴിയുമായിരിക്കാം ,പക്ഷെ ഒരു അച്ഛനോ അമ്മയ്ക്കോ എങ്ങനെ സമാധാനിക്കാനാവും ?.

ശത്രുരാജ്യത്തിന്‍റെ പീഡനത്തിനു   വിധേയമായി മരിച്ചതുകൊണ്ടോ ,നിയമങ്ങളുടെ നൂലാമാലകളി ല്‍പ്പെട്ടത് കൊണ്ടോ എന്നറിയില്ല  ആ ധീര യോദ്ധാവിനെ  തേടി ഒരു ബഹുമതികളും അന്ന്  വന്നില്ല .

ഇപ്പോള്‍ വര്‍ഷം 12 കഴിഞ്ഞിരിക്കുന്നു .എല്ലാം മറക്കുവാന്‍ പഠിച്ചു വരുന്ന  നമ്മളില്‍ പലരും   ഇതൊന്നും ഓര്‍ക്കുവാന്‍ ശ്രമിക്കാറുമില്ല.
പഞ്ചാബിലെ അമൃതസറിലെ സൗരവിന്‍റെ കുടുംബത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതി എന്തെന്ന് അറിയാന്‍ എനിക്കും നിര്‍വാഹമില്ല .

തന്‍റെ മകന് നീതികിട്ടുവാന്‍ വേണ്ടി ആ അച്ഛന്‍ ഇപ്പോഴും ജീവിതത്തിന്‍റെ   പടികള്‍ കയറിയിങ്ങുകയാവുമോ ?.
കണ്ണീരോടെ ആ ഓര്‍മകളെ താലോലിച്ചു ആ അമ്മ ഇപ്പോഴും ജീവിതം തള്ളിനീക്കുന്നുണ്ടാകുമോ ?

കാര്‍ഗില്‍ ദിനം വീണ്ടും അരികില്‍ എത്തുമ്പോള്‍ ആ ധീര യോദ്ധാവിനെ ഇങ്ങനെ അക്ഷരങ്ങളിലൂടെയെങ്കിലും സ്മരിക്കാം. 

കാര്‍ഗില്‍ ഓര്‍മ്മകള്‍ തരുന്ന ധീര സ്മരണകള്‍ ഇനിയും .....

ഓരോ ജൂലൈ 26 കണ്ണീര്‍ മഴയായി പൊഴിഞ്ഞു വീഴുമ്പോഴും നമുക്ക് അഭിമാനത്തോടെ ഓര്‍ക്കാം  ഈ മുഖങ്ങള്‍ ......വേര്‍ പിരിഞ്ഞു  പോയവര്‍ക്ക് ഒരിറ്റു കണ്ണീര്‍  പൂക്കള്‍ അര്‍പ്പിക്കാം ,വിജയ ശ്രീലാളിതരായവര്‍ക്ക് ആശംസകളും .


എങ്കിലും ഞാന്‍ ആഗ്രഹിച്ചുപോകുന്നു ഈ യുദ്ധമൊന്നും ഇല്ലാതിരുന്നുവെങ്കില്‍ എന്ന് ...........

ഭാരത്‌ മാതാ കീ  ജയ്........ 






കുറിപ്പ് :ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍







Thursday, July 07, 2011

വന്ദേ മാതരം..........

ക്യാപ്റ്റന്‍ ജെറി പ്രേം രാജ് വീര ചക്ര .


ഇന്നത്തെ സായാഹ്നം എനിക്ക് മറക്കുവാന്‍  കഴിയുമോ ?
ഒന്നോര്‍ത്താല്‍ മറവി ഒരു അനുഗ്രഹം തന്നെയെന്നു ചിലപ്പോഴൊക്കെ  ആശ്വസിക്കാറുണ്ട്   
എന്നിരിക്കിലും ഓര്‍മയുടെ പുസ്തകത്താളുകളില്‍ ഈ സായാഹ്നം ഞാന്‍ കാത്ത് സൂക്ഷിക്കും  .
എന്‍റെ മറവിയും എന്നെ മറക്കുന്നഒരു കാലം വന്നേക്കാം അതുവരെ എങ്കിലും................ 

ഇന്ന് ജൂലൈ 7
ക്യാപ്റ്റന്‍  ജെറി പ്രേം രാജ്  വീര ചക്ര ,യുടെ ധീര സ്മരണയ്ക്ക്  12 വയസ്സ് 


12 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത് പോലെ ഒരു ദിനം 
1999 ജൂലൈ 7

തിരുവനന്തപുരം ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമമായ വെങ്ങാനൂര്‍ ഒരു ധീര യോദ്ധാവിന്റെ ഓര്‍മയില്‍ വിതുമ്പിയ ഒരു സായാഹ്നം........
അന്ന് മഴപെയ്തിരുന്നോഎന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല .
ഇന്ന് 12 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ക്യാപ്ടന്‍ ജെറിയുടെ വീട്ടില്‍ ഞാന്‍ എത്തുമ്പോള്‍ പെയ്യുവാന്‍ വിതുമ്പി ഒരു മഴ അവിടെ എവിടെയോ എന്നെയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു ,പറയുവാനാകാതെ കരയുവാനാകാതെ അടക്കി പിടിച്ച ഒരു പാട് നൊമ്പരങ്ങളുമായി .

ക്യാപ്ടന്‍ ജെറി പ്രേം രാജ് 158  Med റെജിമെന്റിലേക്ക്  commissioned (SP) ചെയ്യുന്നത് 1997 സെപ്തംബര്‍ -05 നാണ്.കാര്‍ഗില്‍ യുദ്ധ സമയത്ത് ദ്രാസ് സെക്ട്ടരിലെ ടൈഗര്‍  ഹില്ലില്‍ (point 5140 )ലെ ഓഫീസര്‍ ഇന്‍ ചാര്‍ജ് ആയിരുന്നു അദ്ദേഹം .
1999ജൂലൈ 06
തണുപ്പുള്ള ആരാത്രി ,ദ്രാസ് സെക്ട്ടരിലെ ഗണ്‍ ഹില്ലില്‍ (Twin Bumps in area Point 4875 )ശത്രു രാജ്യത്തിന്റെ തീ തുപ്പുന്ന തോക്കുകള്‍ക്ക് മുന്‍പില്‍ സധൈര്യം പോരാടിയ ആ ധീര യോദ്ധാവിനെ അടുത്ത പ്രഭാതം ഓര്‍മ്മകള്‍ മാത്രമാക്കി ശേഷിപ്പിച്ചപ്പോള്‍,ഇങ്ങകലെ  വേര്‍പാടില്‍ നീറിയ മനസ്സുകള്‍ അഭിമാനത്തോടെ ഓര്‍ത്തിരുന്നു സ്വന്തം നാടിന്‍റെ മാനം കാത്ത സല്‍പുത്രനെ .


ഇന്ന് 
സായാഹ്നത്തില്‍ ആളും തിരക്കുമൊഴിഞ്ഞ  ആ വീട്ടില്‍ എന്നെ സ്വാഗതം ചെയ്യാന്‍ ക്യാപ്ടന്‍ ജെറി യുടെ 
പുഞ്ചിരിക്കുന്ന ചിത്രം. തുറന്നു കിടന്ന മുന്‍ വാതിലിനപ്പുറം സ്വീകരണമുറിയില്‍ പ്രിയപ്പെട്ട, ക്യാപ്റ്റന്‍ ജെറി പ്രേം രാജ് VrC ചിത്രത്തിന് മുന്‍പില്‍ മരണാന്തര ബഹുമതിയായി കിട്ടിയ "വീര ചക്ര ". 
അവിടെ........ ക്യാപ്റ്റന്‍ ജെറി പ്രേം രാജ് അന്ത്യ വിശ്രമം കൊള്ളുന്ന ആ വീട്ടില്‍  ജെറിയുടെ  പപ്പ,അമ്മ ,സഹോദരന്‍ ......ഓരോ മുഖങ്ങളിലും എനിക്ക് വായിക്കുവാന്‍ കഴിയാത്ത എന്തെല്ലാമോ .
നാടിന്‍റെ  പൊന്നോമന പുത്രന് ജന്മം നല്‍കിയ ആ മാതാപിതാക്കളെ കൂപ്പു കൈകളോടെ ,ഞാന്‍ മനസ്സാ കാല്‍തൊട്ടു നമസ്ക്കരിച്ചു.
നഷ്ട്ടപ്പെട്ട മകനെ ചൊല്ലി വേവലാതിപ്പെടാതെ ക്യാപ്റ്റന്‍ ജെറിയുടെ ബാല്യവും ,യൗവ്വനവും,പഠനവും,ധീരതയും ...... എല്ലാം വാക്കുകളില്‍ പറഞ്ഞു അഭിമാനം കൊള്ളുന്ന ഒരു അച്ഛന്‍. 
തന്‍റെ  പൊന്നോമനയെ ധീരതയുടെ പുതപ്പണിയിച്ചു ഓര്‍മകളില്‍ ഇപ്പോഴും  താലോലിക്കുന്ന ഒരു അമ്മ .

നമുക്ക് വേണ്ടിയല്ലേ ഈ  അച്ഛനും ,അമ്മയും സ്വന്തം കുഞ്ഞിനെ രാജ്യത്തിന്  നല്‍കിയത്,
നമ്മള്‍ ഓരോ ഭാരതീയര്‍ക്കും  വേണ്ടി..........

നാം  ഓരോ നിമിഷവും അനുഭവിക്കുന്ന സുരക്ഷിതത്ത്വം ,സ്വാതന്ത്ര്യം ,സന്തോഷം .......എല്ലാത്തിനും നാം ഇവരോടല്ലേ കടപ്പെട്ടിരിക്കുന്നത്.



ഇന്ന് കാലത്ത് മുതല്‍ അവിടെ നടന്ന അനുസ്മരണ ചടങ്ങുകളില്‍ ആ പിതാവ് വാചാലനകുമ്പോള്‍ പറയുവാന്‍ വാക്കുകളിലാതെ എന്‍റെ മനസ്സ് വല്ലാതെ വിങ്ങിയിരുന്നു .
ഇവിടെ  ഞാന്‍ ഒന്നുമല്ലാതെയാകുന്നു, ഈ ധീര മനസ്സുകള്‍ക്ക് മുന്‍പില്‍ .
എന്‍റെ ചുറ്റും നിറഞ്ഞ് നില്‍ക്കുന്നത് ആ ധീര യോദ്ധാവിന്റെ ഓര്‍മ്മകള്‍ മാത്രം. 
ഒരു നിമിഷം "വീര ചക്ര "തൊട്ടു നെറ്റിയില്‍ വെക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞ് പോകുമോ എന്ന് ഞാന്‍ ഭയന്നു.
കണ്ണീരിനപ്പുറം  ജ്വലിക്കുന്ന ധീരത. 


"പ്രിയപ്പെട്ട ക്യാപ്റ്റന്‍ ജെറി പ്രേം രാജ് ,നിങ്ങള്‍ എന്നും ജീവനോടെ ഈ മനസ്സുകളില്‍ ജീവിക്കുന്നുണ്ട്  ,മരണമില്ലാത്ത ഓര്‍മകളായി.

ഈ  നിമിഷവും...........ഓരോ ഇന്ത്യാക്കാരന്‍റെ   ഹൃദയം തുടിക്കുന്നുവെങ്കില്‍ അതിന്‍റെ കടപ്പാട് നിങ്ങളെപ്പോലുള്ള ധീര ജവാന്മാരോടാണ്."


ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌  ആരൊക്കെയോ വാരി വിതറിയ സ്നേഹത്തിന്റെ പൂവുകള്‍ക്കിടയില്‍ ഞാന്‍ അര്‍പ്പിച്ച പുഷ്പ്പങ്ങളും.
 അപ്പോഴും പെയ്തു തുടങ്ങിയിട്ടില്ലാത്ത ഒരു മഴ  ,ഒന്ന് ഉറക്കെ കരയാനാകാതെ  മാനത്തിന്റെ കോണില്‍   വിതുമ്പിനിന്നു,ഒപ്പം ഞാനും..............
ഇന്ത്യന്‍ മണ്ണില്‍ വീര ചരമം പ്രാപിച്ച ഓരോ ധീര ജവാന്മാര്‍ക്കും ആദരാഞ്ജലികള്‍ ...

ജയ് ഹിന്ദ്‌..........



ചിത്രങ്ങള്‍ :എന്‍റെ സ്വന്തം ക്യാമറ പകര്‍ത്തിയത് 

Sunday, June 26, 2011

അമരാവതിയിലെ കണ്ണീര്‍ പൂക്കള്‍ ........


സിന്ധു ഇപ്പോഴും ഒഴുകുകയാണ് ,വളരെ ശാന്തമായി ......അമരാവതിയിലൂടെ........

മലയാള സിനിമയ്ക്ക്ഒരു കാലഘട്ടത്തിന്‍റെനേര്‍കാഴ്ചകള്‍   സമ്മാനിച്ച           ശ്രീ ലോഹിതദാസ് എന്ന  അനശ്വര കലാകാരന്‍    കാല യവനികക്കുള്ളില്‍ മറഞ്ഞിട്ട് ഈ ജൂണ്‍ 28  ന് രണ്ട് വര്‍ഷം തികയുന്നു .നൊമ്പരങ്ങളുടേയും ,ഓര്‍മകളുടെയും കണ്ണീര്‍ പൂക്കള്‍ അമരാവതിയില്‍ സിന്ധുവിന് കൂട്ടായി ഇന്നും ,ഇപ്പോഴും ഉണ്ട്    ശ്രീ ലോഹിതദാസ് സാറിന്‍റെ  പ്രിയപ്പെട്ട ചിന്തുവിന്......  എന്‍റെ സിന്ധു ചേച്ചിക്ക് .




                            മുത്തപ്പനില്ലാതെ(ലോഹിസാറിനെ അങ്ങനെയാണ് സിന്ധു ചേച്ചി വിളിക്കാറ്) വീണ്ടും ഒരു ഓണം കൂടി സിന്ധുചേച്ചിയെതേടി  വരുന്നു .ആയുസ്സില്‍ രണ്ട് വര്‍ഷം കുറഞ്ഞുകിട്ടിയല്ലോ എന്ന് ആശ്വസിക്കുകയാണ് ആ മനസ്സ്. സിന്ധു ചേച്ചി മുത്തപ്പന്  വെച്ചുവിളമ്പി ,ഊട്ടിയ കറികളില്‍ പലതും എനിക്കിന്ന് മനപ്പാഠമാണ് 

.ഓരോ സംഭാഷണങ്ങളിലും ഓരോ കറിക്കൂട്ടുകള്‍   എന്നെ പഠിപ്പിച്ച്‌ ,  ഓര്‍മകളിലൂടെ കഴിഞ്ഞുപോയ ഓണക്കാലം ആഘോഷിക്കുകയായിരുന്നു   സിന്ധു ചേച്ചി .ഓര്‍മകളുടെ വേലിയേറ്റങ്ങളില്‍പ്പെട്ട്‌ വല്ലാതെ ഉലയുമ്പോഴും തീരത്തടുക്കുന്ന മനസ്സിന്‍റെ തിരമാലകള്‍ക്ക് നിറഞ്ഞ ശാന്തത.
അമരാവതിയിലൂടെ ഒഴുകുമ്പോള്‍ മാത്രംമാണ് സിന്ധുവിലെ   ഓളങ്ങള്‍ക്ക് ഈ ശാന്തത .അവിടുത്തെ കാറ്റും, കിളികളും ,പൂക്കളും, കുളവും ,പച്ചപ്പും വിട്ട് സിന്ധുവിന് ഇനിയൊരു ഒഴുക്കില്ല.
സത്യത്തില്‍ സിന്ധു ഇന്ന് ,ഒഴുകുന്ന നദിയാണോ ?ഭാരമില്ലാതെ പൊങ്ങിപ്പറക്കുന്ന തൂവലാണോ ?.

അമരാവതിയിലെ ജീവ വായുവിലും ,അവിടെ പൊഴിയുന്ന  മഴയിലും ,പെയ്തിറങ്ങുന്ന വെയിലിലും നിറയെ തന്‍റെ മുത്തപ്പന്റെ  സാനിധ്യം  ചിന്തു അറിയുന്നു .ആ അന്തരീക്ഷത്തെ ചൂഴ്ന്നു നില്‍ക്കുന്ന മൂകതപോലും ചിന്തുവിന്‍റെ   മനസ്സിന് ഇന്ന് ആഹ്ലാദമാണ്‌.



ലോഹിസാര്‍ പോയ ശേഷം ഒറ്റ യുക്ക്  നടന്ന  വഴികളിലെല്ലാം മുള്‍പ്പടര്‍പ്പുകള്‍ മാത്രം  ,ആവശ്യമില്ലാതെ കുത്തി വേദനിപ്പിക്കുന്നു  അതിലെ  മുള്ളുകള്‍.കവിതകളോടും ,കഥകളോടും മാത്രം പരിഭവങ്ങള്‍ പറയുന്ന സമയങ്ങള്‍ ഒഴിച്ചാല്‍ ശിഷ്ട്ടജീവിതം കടമകള്‍ നിറവേറ്റാന്‍  മാത്രം എന്ന് സിന്ധുചേച്ചി  ആശ്വസിക്കുന്നു .

കഴിഞ്ഞ വേനലില്‍ അമരാവതിയിലെ കുളത്തിലെ വെള്ളം പരിഭവിച്ചു പടിയിറങ്ങി പോയെന്നും ,പിന്നെ ചിന്തുവിന്‍റെ  വിഷമം കണ്ടു തിരിച്ചു വന്നു വെന്നും പറയുമ്പോള്‍ ലോഹിസാറിന്‍റെ  ഓര്‍മ്മകള്‍ ഉറങ്ങുന്ന ആ മണ്ണും ,അവിടുത്തെ  കുളവും, ആ കുളത്തില്‍ മുഖം നോക്കുന്ന ചുറ്റു വട്ടമുള്ള വൃക്ഷ ജാലങ്ങളും ,അതില്‍ സഹവസിക്കുന്ന നാനാ ജാതി ജീവ ജാലങ്ങളും എന്‍റെ സിന്ധുചേച്ചിയുടെ  ഹൃദയതുടിപ്പുകളായി മാറുന്നത് ഞാന്‍ അറിയുന്നു . 

ജൂണ്‍ 28  ന് രാവിലെ അമരാവതിയില്‍                     അനുസ്മരണ യോഗം ചേരുന്നുണ്ടെന്ന് സിന്ധു ചേച്ചി    പറഞ്ഞു.  .സമൂഹത്തിന്‍റെ നാനാ തുറയില്‍പെട്ടവര്‍  ഓര്‍മ്മകള്‍ പങ്കുവെക്കുവാന്‍ അവിടെയുണ്ടാകും.നാടിന്‍റെ പലഭാഗത്തും അനുസ്മരണ യോഗങ്ങള്‍  അന്നേ ദിവസം നടത്തുന്നുണ്ടാകും . പ്രിയപ്പെട്ട ചലച്ചിത്രകാരനെ ,അദ്ദേഹത്തിന്‍റെകഥകളെ ,നെഞ്ചേറ്റിയ നാം അറിഞ്ഞോ , അറിയാതെയോ  മറന്ന് പോയ ചില സ്വകാര്യദുഃഖങ്ങള്‍ ഉണ്ട് .ഒഴിയാത്ത ജീവിത പ്രശ്നങ്ങള്‍ക്കും ,തീരാത്ത കട ബാധ്യതകള്‍ക്കുംഇടയില്‍  ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ ജീവിക്കുന്ന പലരെയും നാം കാണാതെ പോകുന്നു ,അല്ലെങ്കില്‍ മനപൂര്‍വം മറക്കുന്നു. ഭൂതക്കണ്ണാടിയിലൂടെ  നോക്കി എല്ലാം തനിയാവര്‍ത്തനങ്ങള്‍  എന്ന്  പറഞ്ഞ് പിന്തിരിഞ്ഞു 
നടക്കുവാന്‍ നാം ഏവരും പഠിച്ചിരിക്കുന്നു.

കിരീടവും ചെങ്കോലും മറ്റുള്ളവര്‍ക്കേകി  ഓര്‍മകളില്‍ മറഞ്ഞു പോയ ആ പ്രതിഭാശാലിയുടെ കഥകള്‍ ,അഭ്രപാളികളില്‍ കണ്ടു നാം കണ്ണീരോഴുക്കുമ്പോള്‍  അമരാവതിയുടെ ആത്മസംഘര്‍ഷങ്ങള്‍ നമ്മില്‍ എത്ര പേരാണ് ഓര്‍ക്കുക ?

ഒറ്റപ്പാലത്തിനടുത്ത്‌ പഴയ ലക്കിടിയിലെ അമരാവതിയില്‍  ഈ അനശ്വര പ്രതിഭയുടെ സ്മൃതി കുടീരത്തില്‍ കഴിഞ  രണ്ട്  വര്‍ഷത്തിനിടയ്ക്ക് ഒരു സ്മാരകം പോലും ഉയര്‍ന്നിട്ടില്ല എന്നുള്ളത് വേദനിപ്പിക്കുന്ന മറ്റൊരു സത്യം. ലോഹി സാര്‍ തന്‍റെ തൂലികയിലൂടെ കഥകളുടെ വസന്തം വിരിയിച്ച അമരാവതിയുടെ ഹൃദയം വിട്ട് പോകുവാന്‍ സിന്ധു  ചേച്ചി ക്ക്  ഒരിക്കലും കഴിയില്ല.ഏകാന്തതയില്‍ പെയ്യുന്ന കണ്ണീര്‍ മഴയോട് കലഹിച്ചും ,പാതി വിടരുന്ന പൂക്കളോട് സല്ലപിച്ചും,ഒറ്റപ്പെടലിനെ പ്രണയിച്ചും ഈ  ജന്മം  മുഴുവന്‍ അമരാവതിയിലൂടെ സിന്ധു  ഒഴുകും.കല്‍പ്പടവുകള്‍ കയറി എന്നെങ്കിലും തന്‍റെ മുത്തപ്പന്‍ "ചിന്തൂ......"എന്ന് വിളിച്ച് തിരികെ വരുമെന്ന് ഇപ്പോഴും കാത്തിരിക്കുന്നുണ്ടാകും എന്‍റെ സിന്ധു ചേച്ചി .അക്ഷരങ്ങളില്‍  സങ്കടങ്ങളെ മറക്കുവാന്‍ ശ്രമിച്ച്,കടമകള്‍ നിറവേറ്റാന്‍ ഓരോദിവസവും തള്ളിനീക്കി ,ആയുസ്സിന്‍റെ പുസ്തകത്താളുകള്‍   അവസാനിക്കുന്നത്   കണ്ട് സ്വയം ആശ്വസിച്ച്  ഇനിയും എത്ര ദിവസങ്ങള്‍...........ഇങ്ങനെ !


ഓര്‍മ്മകളില്‍ ഇന്നും ജീവിക്കുന്ന ലോഹിസാറിനും ,ആ ഓര്‍മകളെ ഹൃദയത്തിലേറ്റി ജീവിക്കുന്ന ലോഹിസാറിന്‍റെചിന്തുവിനും,അവരുടെ പ്രിയപ്പെട്ട കുഞ്ഞുവിനും ,പൊന്നുവിനും ഇത് സമര്‍പ്പിക്കുന്നു. 

,