Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Saturday, December 31, 2016

വർഷങ്ങൾ,ഓർമ്മകൾ ......



കടന്നു പോയ   ദിനങ്ങൾ ഓരോന്നും ഓരോ  ഓർമ്മപ്പെടുത്തലുകൾ ആണ് .കണ്ണ് ചിമ്മുന്നതിന് മുൻപ് നഷ്ട്ടപ്പെട്ടുപോയ  വർഷങ്ങൾ,സൗഹൃദങ്ങൾ ,ഓർമ്മകൾ ......

കൊൽക്കൊത്തയിൽ നിന്നായിരുന്നു ജയ പ്രീഡിഗ്രി ക്കു പഠിക്കുവാൻ വന്നത് .നൈജീരിയയിൽ നിന്ന് വന്ന മായ,അമേരിക്കയിൽ ഉള്ള  റീന ,ആഫ്രിക്കയിൽ നിന്ന് വന്ന സായ് മഞ്ജു .....അങ്ങനെ പലരും..... പത്തനംതിട്ട കാതോലിക്കറ്റ്  കോളേജിൽ  ഞാൻ പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പിലും  , ജയ സെക്കന്റ്‌  ഗ്രൂപ്പ്  ഹിന്ദി ബാച്ചിലും.ജയയുടെ ക്ലാസിലായിരുന്നു വിനോദ് മോഹൻ.ഫസ്റ്റ്  ഇയർ  ഇംഗ്ലീഷ് ട്യൂഷന് പോയപ്പോൾ  ഒരിക്കൽ ഡി. മാത്യു സാറിന്റെ ക്ലാസിൽ വെച്ചാണ് ജയ വിനോദിനെ എനിക്ക് കാട്ടി  തരുന്നത് .അധികം സുഹൃത്ത് ബന്ധങ്ങൾ ഇല്ലാത്ത, അല്പ്പം മാത്രം സംസാരിക്കുന്ന ജയ  വിനോദിനെ കുറിച്ച് സംസാരിക്കുമ്പോൾ മാത്രം   കണ്ണുകളിൽ ഒളിപ്പിച്ചു വെച്ച ,ആരും  അറിയാതെ പോയ ,ഞാൻ മാത്രം അറിഞ്ഞിരുന്ന ഒരു പ്രണയം ഉണ്ടായിരുന്നു.


ഒരിക്കൽ ആഴ്ചാവസാനം ഹോസ്റ്റലിൽ നിന്ന്  വീട്ടിലേക്കു പോകുന്ന വഴി പഴയ ട്രാൻസ്പോർട്ട്  ബസ്സ് സ്റ്റാൻഡിന്റെ  അടുത്തുള്ള  ഒരു വീട് കാണിച്ച് അത്‌  വിനോദിന്റെ അങ്കിളിന്റെ വീടാണെന്ന് പറഞ്ഞത് ജയയാണ് ,വിനോദ് അങ്കിളിനോടൊപ്പം  നിന്നാണ് പഠിക്കുന്നതെന്നും അച്ഛനും അമ്മയുമൊക്കെ വിദേശത്തോ മറ്റോ ആണ് എന്നും. 
  വർഷങ്ങൾക്ക്  മുൻപ്..........  മുല്ല വള്ളികൾ മുകളിലേക്ക് പടർന്നു കയറിയ ആ  ഉമ്മറ തിണ്ണയിൽ ഇരുന്നു നാലര വയസ്സോളമുള്ള എന്നോടൊപ്പം ചതുരംഗം കളിച്ച ഒരു കുട്ടി യെ ഓർമ്മ വന്നു ,നല്ല വെളുത്ത്  തുടുത്ത ഒരു അഞ്ചു വയസ്സുകാരൻ .ചെസ്സ് എന്നകളിയുടെ ബാല പാഠങ്ങൾ എനിക്കാദ്യം പറഞ്ഞു തന്ന കുട്ടി. അവനെ അവന്റെ അങ്കിൾ സ്നേഹത്തോടെ വിളിച്ചിരുന്നത് "വിനുക്കുട്ടാ" എന്നായിരുന്നു. 

"ആ കുട്ടി  നീ  ആയിരുന്നോ?? "എന്ന് പിന്നീട് വിനോദിനോട് ചോദിക്കാൻ മാത്രം ഒരു സൗഹൃദം എനിക്ക് അവനോട് ഇല്ലായിരുന്നല്ലോ.
പ്രീഡിഗ്രി പഠനം കഴിഞ്ഞു ജയ വീണ്ടും കൊൽക്കൊത്തയിലേക്ക്  തിരികെ പോയി എന്നാണ് ഓർമ്മ .
 ജയയുടെ പ്രണയവും അങ്ങനെ മനസ്സിൽ ഒളിപ്പിച്ച്‌ അടക്കം ചെയ്തു കാണണം .കാരണം  ആ  നിശബ്ദ പ്രണയം വെളിപ്പെടുത്താൻ മാത്രം ധൈര്യം   ഒരിക്കലും  അവൾക്ക് ഉണ്ടായിരുന്നില്ല.
എത്ര വർഷങ്ങൾ  കഴിഞ്ഞിരിക്കുന്നു !
ഇന്ന്  ജയയും വിനോദും എവിടെയെന്ന് അറിയില്ല.
"പ്രീഡിഗ്രി" കോളേജിന്റെ ഹൃദയത്തിൽ നിന്ന് എന്നേക്കും അടർത്തിമാറ്റിയപ്പോൾ ഓർമ്മകളും അടർന്നു പോയിരിക്കാം.
ഇന്ന്.....

വീണ്ടും ഒരു വർഷാന്ത്യത്തിന്റെ  അവസാന നിമിഷങ്ങൾ .....
ഓർമ്മകൾ കടലുപോലെ അങ്ങനെ ആർത്തലയ് ക്കുകയാണ്.
 വേർപിരിഞ്ഞു പോയവർ എവിടെയൊക്കെയോ ഉണ്ട് .
പറയാതെ  പോയ പ്രണയം  മോക്ഷം കിട്ടാതെ അവിടെയൊക്കെ അലയുന്നുണ്ടാകാം .


Sunday, September 16, 2012

കുമരംപേരൂരിലേക്കുള്ള വഴി (3 )


മഴമുല്ല പൂവിട്ടനാള്‍  





കുമരം പേരൂരില്‍ വീണ്ടും വരുന്നു എങ്കില്‍ അതൊരു   മഴക്കാലത്ത്‌   തന്നെ ആവണമെന്ന് ആഗ്രഹിച്ചിരുന്നു.നിറഞ്ഞൊഴുകുന്നആറിന്‍റെ  തീരത്തിരുന്ന്  ഈ  കാടിന്‍റെ   പരിഭവം കേള്‍ക്കണം,പൂത്ത് മറിഞ്ഞ ആറ്റു വഞ്ചിയില്‍നിന്നും കൊഴിഞ്ഞു വീണ പൂവുകള്‍ പുഴയുടെ തെളിനീരില്‍  ഒഴുകി വരുന്നത് കാണണം,തിമര്‍ത്തു പെയ്യുന്ന പുതു മഴ കാടിനേയും,പുഴയേയും പ്രണയിക്കുന്നത്‌ കണ്ടിരിക്കണം..........


മഴക്കാലത്താവും  അച്ഛന്‍ കോവിലാര്‍ കൂടുതല്‍ സുന്ദരിയാവുക.കിഴക്കന്‍ മലകളില്‍ നിന്നും ജന്മം കൊണ്ട്  " തൊണ്ണൂറ്  തോടും ,തൊണ്ടിയാറും ചേര്‍ന്ന " എന്ന് പഴമക്കാര്‍ പറയുന്നവള്‍. ,പണ്ട്  കാടിന്‍റെ അതിര്‍ത്തികളില്‍ എന്നോ പൂവിട്ട  നീലക്കൊടുവേലിയുടെ മിത്തുകള്‍  കെട്ടു  പിണഞ്ഞു  കിടക്കുന്ന  അഗാധതയുടെ കഥകള്‍ മനസ്സില്‍ നിറച്ചവള്‍ , എത്ര തിരഞ്ഞിട്ടു എനിക്ക് കാണുവാന്‍ കഴിയാത്ത ആ നീലക്കൊടുവേലി പൂക്കളുടെ സുഗന്ധം പേറി ഇന്നും  ഒഴുകുന്നവള്‍......................... ........
 കിഴക്കു  നിന്നും  ഒഴുകിവരുന്ന   മഴവെള്ളം നിറഞ്ഞ്,പലതരം  കാട്ടിലകളും പൂക്കളും നിറച്ച്‌   വീണ്ടും അവള്‍ എന്നെ മോഹിപ്പിച്ച്  ഒഴുകുന്നു .......
 ബാല്യം എത്ര മനോഹരം !

നീര്‍ നിറഞ്ഞ് നീ വീണ്ടും ഒഴുകുമ്പോള്‍ ......

തെളിനീരില്‍ അവര്‍ കണ്ണാടി നോക്കുമ്പോള്‍ ....നീയോ മണലില്‍ ചിത്രം വരയ്ക്കുന്നു........

നൂലായി മാറുമോ ഈ പുഴയും...............


 അതിരുകള്‍ എപ്പോഴും എനിക്ക് വിലങ്ങുകളാണ് "നല്ല ഒഴുക്കാണ് വെള്ളത്തിലേക്ക്‌  ഇറങ്ങണ്ട "ത്രെ.കുമരം പേരൂരിന് ഇന്നും ഞാന്‍ ചെറിയ കുട്ടിയാണ്.
മുളപൊട്ടിയ പുതു ചെടികള്‍ക്ക് ഞാന്‍ അന്യയെങ്കിലും ഈ മണ്ണിന്‍റെ  .സുഗന്ധം എന്നെ ഇപ്പോഴും  തിരിച്ചറിയുന്നുണ്ട്.പുതിയ പൂക്കള്‍ ,പുതിയ ഇലകള്‍ .പഴമയുടെ  വേരോടുന്ന മണ്ണില്‍ എന്നെ വരവേല്‍ക്കാന്‍ എല്ലാം പുതുമനിറച്ചു നില്‍ക്കുന്നു. 
.

പൊട്ടിത്തകര്‍ന്ന കിനാക്കള്‍.......

തണുത്ത വെള്ളത്തില്‍ ഇറങ്ങി തോട് കടന്ന് കാട്ടിലേക്ക് ......കഴിഞ്ഞ  മലവെള്ളപ്പാ ച്ചിലില്‍ തോടിനു കുറെകെയുള്ള പാലം തകര്‍ന്നു പോയിട്ടുണ്ട് കാടിന്‍റെ അതിര്‍ത്തിയിലെ  തേക്കുമരങ്ങള്‍ വെട്ടി മാറ്റി പുതു വൃക്ഷ തൈകള്‍  വെച്ചിരിക്കുന്നു എന്ന് കേട്ടത് ഓര്‍മവന്നു.ഞാന്‍ പ്രണയിച്ചിരുന്ന കാടിന്‍റെ ആ ഇരുളിമ നഷ്ട്ടപ്പെട്ടപോലെ .പുതുനാമ്പുകള്‍ തളിര്‍ത്ത് വരുന്ന അശോകച്ചെടികള്‍ക്ക് എന്നെ തീരെ പരിചയമില്ല.
 പണ്ട് ഈ തോട് കടന്നായിരുന്നു കുമരം പേരൂരിലെ പൈക്കിടാങ്ങള്‍ കാട്ടില്‍ തീറ്റ തേടി  പോയിരുന്നത് .തോടിന്‍റെ  ഓരം  ചേര്‍ന്ന പഴയ തറവാട്ടു സ്ഥലം റബ്ബര്‍ നിറഞ്ഞു  നില്‍ക്കുന്നു. തേക്ക് മരങ്ങള്‍ വെട്ടിയിട്ടും നോവേല്‍ക്കാതെ ആ പഴയ ആ ചീനി മരം ആകാശം തൊട്ട് അവിടെത്തന്നെയുണ്ട്‌.


ഭൂമിയോട്പിണങ്ങി......ആകാശം തൊട്ട ചീനിമരം 



ഇവിടെ എവിടെയോ ആയിരുന്നുഊരാളിക്ക്‌ നേര്‍ച്ച വെച്ചിരുന്ന ആ കുഞ്ഞു വൃക്ഷം 

വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഊരാളി  നേര്‍ച്ച ഓര്‍മ വരുന്നു.
പണ്ട് കാട്ടില്‍ വിറകു ശേഖരിക്കാന്‍ പോകുന്നവര്‍ വെറ്റിലയും,പാക്കും പുകയിലയും,ചുണ്ണാമ്പും  കൂടി വെക്കും ഈ മരത്തിനടുത്തെവിടെയോ .
"ഇതാരാ  എടുക്ക ?"എന്ന എന്‍റെ ബാലിശമായ ചോദ്യത്തിന് ഒരിക്കല്‍കുഞ്ഞമ്മ പറഞ്ഞു 

 " ഊരാളിക്ക് നേര്‍ച്ച വെക്കണതാ "ന്ന് .
വൈകിട്ട് ആകുമ്പോഴേക്കും ഊരാളി വന്ന്‍ നേര്‍ച്ച എടുക്കുമത്രേ 
ആരാണ് ഈ "ഊരാളി" എന്ന് അറിയില്ല,അന്ന് ചോദിച്ചതുമില്ല .
പണ്ട് ആറ്റില്‍ പോയി വൈകി തിരികെ വരുമ്പോള്‍ ചീനി മരത്തിനെ വരിഞ്ഞു മുറുക്കിയ ഇരുട്ടിലേക്ക്   ഞാന്‍ ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു "ഊരാളി" വന്നു നേര്‍ച്ച എടുത്തിട്ടുണ്ടകുമോന്ന് അറിയാന്‍..
"അങ്ങോട്ട്‌ നോക്കണ്ട  കുട്ടി.......ഇരുട്ടിലവിടെ അവര്‍ മുറുക്കാന്‍ ചവക്കുകയാവും.നമ്മള്‍ നോക്കിയാല്‍ അവര്‍  നേര്‍ച്ച   എടുക്കാതെ പോകും "
നോക്കിപോയല്ലോ എന്ന കുറ്റബോധവും,അകാരണമായ ഭയവുമായിരുന്നു മനസ്സില്‍ അന്ന് .
നോട്ടം തെറ്റി  മാറ്റിയ തണുത്ത കരങ്ങളുടെ കുളിര്‍മ്മ ഇപ്പോഴും ഓര്‍ക്കുന്നു. 
മാനം തൊട്ടു നില്‍ക്കുന്ന ചീനി മരത്തിന്‍റെ  ചുവട്ടില്‍  ഊരാളിക്ക് മുറുക്കാന്‍ കൂട്ട് വെക്കുന്ന ആ ചെറിയ മരം ആരോ വെട്ടിക്കളഞ്ഞിരിക്കുന്നു. .വിശ്വാസത്തിന്‍റെ  മതില്‍ കെട്ടുകള്‍  മുറുകുമ്പോള്‍ ഇന്നും ഊരാളിക്ക് ആരെങ്കിലും നേര്‍ച്ച വെക്കുന്നുണ്ടാകുമോ  ...?
എന്‍റെ സംശയം തീര്‍ക്കാന്‍ ഇന്ന് ആരും  അരികിലില്ല.അകാലത്തില്‍ സ്വര്‍ഗത്തിലേക്ക് പറന്ന് പോയ എന്‍റെ കുഞ്ഞമ്മയുടെ വേദനിക്കുന്ന ഓര്‍മ്മകള്‍ മാത്രം ഒരു നോവായി ഇപ്പോഴും ഉണ്ട്.

ചീനി മരത്തോടു ചേര്‍ന്ന് ഇന്ന് ഫോറെസ്റ്റ് സ്റ്റേഷന്‍റെ അടുക്കളയും മറ്റുമായി ചെറിയ  ഒരു കോണ്‍ ക്രീറ്റ് കെട്ടിടം ഉയര്‍ന്നിട്ടുണ്ട്.
കാടിന്‍റെ അതിര്‍ത്തിയില്‍ പണ്ടേയുള്ള ഫോറെസ്റ്റ് ചെക്ക്‌ പോസ്റ്റിന് ഒരു മാറ്റവുമില്ല .അതിര്‍ത്തി കടക്കാന്‍ ഇന്നും വാഹനങ്ങള്‍ക്ക് അനുവാദം വേണം .


തുരുമ്പെടുത്ത നിയമങ്ങള്‍ 
 വാഹനത്തില്‍ വന്നിരിന്നുവെങ്കില്‍ ഒരു പക്ഷെ കുമരം പേരൂര്‍  കാടിന്‍റെ അതിര്‍ത്തി    എനിക്കും സ്വാതന്ത്ര്യം നിഷേധിക്കുമായിരുന്നു 
ചെക്ക്‌ പോസ്സ്റ്റിനരികിലായി ജീര്‍ണിച്ചു തുടങ്ങിയ ഒന്ന് രണ്ട് തടിക്കഷണങ്ങള്‍  കണ്ടു.


ജീര്‍ണിച്ച ഓര്‍മ്മകള്‍....

ഒരോ സ്വപ്നവും ശേഷിപ്പിക്കുന്നത്............

ഇനിയും ഇവിടെ എത്രനാള്‍ ...........?

പണ്ടത്തെ കടത്തു വള്ളമാണ് 
എത്രയോനാള്‍ ഇതേ   വള്ളത്തില്‍ അമ്മയോടൊപ്പം ഞാന്‍  ഈ പുഴ കടന്നിട്ടുണ്ട്.
പണ്ട് സ്കൂളില്‍ പോകുവാന്‍ തീരത്ത് ഓടി എത്തുമ്പോഴേക്കുംഅക്കരെപോകാന്‍ വഞ്ചി തിരക്കിട്ടു നില്‍പ്പുണ്ടാവും .ആളുകള്‍ തിങ്ങി നിറഞ്ഞ വഞ്ചിയിലെ ഇരിപ്പിടത്തില്‍ എന്നെ  ചേര്‍ത്ത് പിടിച്ചിരിക്കുന്ന അമ്മയോടൊപ്പം കലങ്ങി മറിഞ്ഞൊഴുകുന്ന   വെള്ളത്തിലേക്ക്‌ നോക്കി ഞാന്‍ എത്രവട്ടം ഭയന്നിരുന്നിട്ടുണ്ട്.അന്ന് ടാറിടാത്ത കുമാരംപേരൂര്‍ റോഡില്‍ വാഹന സൗകര്യങ്ങളും തീരെകുറവായിരുന്നു. 

പണ്ട് ആറിന്‍റെ അക്കരെയുള്ള കല്ലേലി തോട്ടം ഭാഗത്തേക്ക് പോകുവാന്‍ കുമരം പേരൂര്‍ കര്‍ഷകര്‍ ആശ്രയിച്ചിരുന്നത് ഇതേ  കടത്ത് വഞ്ചിയെ  ആയിരുന്നു.അതിലും വളരെ മുന്‍പ്‌  സായിപ്പിന്‍റെ തേയില തോട്ടത്തില്‍ പണിയെടുക്കുവാന്‍ പോകുന്നവര്‍,നാട്ടിലെ കൃഷിയിടങ്ങളില്‍ വിളഞ്ഞ വിളകള്‍ വില്‍ക്കുവാനും കിട്ടുന്ന  പൈസക്ക് കല്ലേലി തോട്ടം ചന്തയില്‍ നിന്നും പുതു സാധങ്ങള്‍ വാങ്ങുവാനും  പോകുന്നവര്‍ ഒക്കെ കടത്ത്‌ കടന്നിരുന്നതും  ഇതേ വഞ്ചിയിലായിരുന്നു .പിന്നൊരുനാള്‍ മധുവിധു സ്വപ്നങ്ങളുമായി ആഴങ്ങളിലേക്ക് ആണ്ടുപോയ  പ്രണയം നിറച്ച ഹൃദയങ്ങള്‍ അവസാന യാത്ര ചെയ്തതും ഇതേ വഞ്ചിയില്‍ ........
 ഇന്ന് കടവില്‍ കടത്തു വഞ്ചിയില്ല. വഞ്ചി തുഴയാന്‍ ആര്‍ക്കും പരിചയവുമില്ല. അക്കരയ്ക്ക് ഇന്ന് ആര്‍ക്കും പോകണ്ട .
അത്രത്തോളം നിറഞ്ഞ് കവിഞ്ഞ്‌ ഇപ്പോള്‍ ഈ പുഴ ഒഴുകുന്നതും വല്ലപ്പോഴും മാത്രം .
ജീര്‍ണിച്ചു മണ്ണോടു ചേരുന്ന ഓര്‍മയായി ഈ കടത്തു വഞ്ചി ഇവിടെ ഇനി എത്ര നാള്‍...........................
കുമരംപേരൂര്‍ ഫോറസ്സ്ട്ട്‌ സ്റ്റേഷന്‍   

പണ്ട് കുമരം പേരൂര്‍ കാടുകളില്‍ മേഞ്ഞുനടന്ന കാലിക്കൂട്ടങ്ങള്‍ ഇന്ന് അന്യം നിന്നു പോയി എന്ന് പലപ്പോഴും പരിഭവിച്ചിരുന്നു ഞാന്‍...
കാലിത്തീറ്റ തിന്നുന്ന കന്നുകളേയും  കവര്‍ പാല്‍ കുടിക്കുന്ന ബാല്യങ്ങളേയും   ഓര്‍ത്ത് വേദനിച്ച് ,ജീവിതത്തില്‍ ഒരിക്കലും ഇനി അങ്ങനെ ഒരു  കാഴ്ച  കാണുവാന്‍ കഴിയില്ല   എന്നും  കരുതിയിരുന്ന ഞാന്‍  കാടിറങ്ങി വരുന്ന പൈക്കളെ കണ്ട്‌  അത്ഭുതപ്പെട്ടു.വെളുത്ത്‌ കൊഴുത്ത പൈയ്ക്കിടാങ്ങള്‍ കാടിറങ്ങി നാട്ടിലേക്ക്.
ഇവരുടെ കഴുത്തില്‍ കയറിട്ട പാടുകളോ ,കുടമണിയൊ ഇല്ല .
ഈ കാലികൂട്ടങ്ങള്‍ കാട്ടില്‍ വളരുന്നവയെന്നത്‌ എന്‍റെ ജന്മനാടിനെ കുറിച്ചുള്ള  പുതുമയുള്ള അറിവുകളില്‍ ഒന്നായി.
കോലക്കുഴല്‍ വിളി കേട്ടോ..........

ഇനിയും വരാഞ്ഞതെന്തേ.......?




ആകാശം ഒന്ന് മയങ്ങിയ വേള .....

മധുരം ആവോളം നുകരട്ടെ.................

നാട്ടുകാര്‍ പറഞ്ഞു തന്ന കഥയിങ്ങനെ 
ആറിനക്കരെയുള്ള കല്ലേലി തോട്ടം നിവാസികളുടെ കന്നിന്‍ കൂട്ടങ്ങള്‍ മുന്‍പ്‌ ആറ്‌ കടന്ന്‌ കുമരംപേരൂര്‍ കാട്ടില്‍ വരിക പതിവായിരുന്നു.
ഒരിക്കല്‍ കാട്ടില്‍ മേയുവാന്‍ വന്ന ഒരു കൂട്ടം കാലികള്‍ക്ക്‌ മലവെള്ളപാച്ചിലില്‍ നിറഞ്ഞൊഴുകുന്ന അച്ഛന്കൊവിലാര്‍  കടക്കാന്‍ നിവാഹമില്ലാതെ കാട്ടില്‍ കഴിയേണ്ടിവന്നു..മഴപോയി വെള്ളം വറ്റി വഴിതെളിഞ്ഞിട്ടും  ഇവര്‍ സ്വന്തം വീട്ടിലേക്ക് തിരികെ പോയില്ല.തങ്ങളുടെ കാലിക്കൂട്ട ങ്ങളെ തേടിവന്ന ഉടമസ്ഥര്‍ കാടായ കാടൊക്കെ തിരഞ്ഞിട്ടും ഒന്നിനെ പോലും കണ്ടുകിട്ടിയതുമില്ല. ദിവസങ്ങളും ആഴ്ചകളും നീണ്ടു നിന്ന അന്വേഷണത്തിനൊടുവില്‍ നിരാശരായി അവര്‍ തിരികെ മടങ്ങിയപ്പോള്‍ കാട്ട് പൊന്തകളില്‍ ഒളിച്ചിരുന്ന കന്നുകള്‍ ആഹ്ലാദം പങ്കിട്ടു കാണണം.നാടിനേക്കാളും  എന്തുകൊണ്ടും   സ്വസ്ഥം കാടാണെന്ന് ഈ മിണ്ടാപ്രാണികള്‍ അറിഞ്ഞിരിക്കണം.
പിന്നെ കുടുംബമായി കുട്ടികളായി കാട്ടില്‍ത്തന്നെ അവര്‍ സ്ഥിര താമസവുമാക്കി .
കുമരംപെരൂരിലെ സായാഹ്നങ്ങള്‍ ചിലവഴിക്കാന്‍ ഇവര്‍ കൂട്ടത്തോടെ കാടിറങ്ങി നാട്ടിലേക്ക് വരുന്നു,കൃഷിയിടങ്ങളില്‍ യഥേഷ്ടം സ്വര്യ വിഹാരം നടത്തുന്നു, ആര്‍ക്കും പിടിതരാതെ കണ്ണു വെട്ടിച്ചു കാട്ടിലേക്ക് മയുന്നു
ആ വൈകുന്നേരം ഞാനാ കാലിക്കൂട്ടങ്ങളെ നേരില്‍ കണ്ടു.പറഞ്ഞുകേട്ട അത്ഭുതം നേരില്‍ കണ്ടപ്പോള്‍ അനിര്‍വചനീയമായ ആഹ്ലാദവും.ക്യാമറയും കൊണ്ട് അടുത്തേക്ക്‌ വരുന്ന എനിക്കുവേണ്ടി അവരില്‍ ചിലര്‍ പോസ്സു ചെയ്തു പച്ചപ്പുനിറഞ്ഞ കാടിന്‍റെ വഴിയിടങ്ങളില്‍ വിശ്രമിച്ചു കിടക്കുന്ന അവരില്‍ പലരും എന്നെ കണ്ടതിലുള്ള പരിഭ്രമം കണ്ണിലോളിപ്പിക്കുന്നുണ്ടായിരുന്നു.കൂട്ടത്തില്‍ പശുക്കുട്ടികളും ,ഒരു മൂരിക്കുട്ടനും നിറവയറോടെ  ഒരു കന്നും  ഉണ്ടായിരുന്നു.ഇവള്‍ ജന്മം നല്‍കുന്ന കുഞ്ഞിന് മതിവരുവോളം അമ്മയുടെ പാല്‍ കുടിച്ചു വളരാമല്ലോ എന്നോര്‍ത്തു. 
മനുഷ്യരുടെ സ്പര്‍ശനം ഒരിക്കല്‍പോലും ഏല്‍ക്കാത്ത ആ കാലികൂട്ടങ്ങള്‍ കാഴചയില്‍ അതീവ സുന്ദരികളായിരുന്നു. നാടിനെ വെറുത്തു കാടിനെ സ്നേഹിച്ചവര്‍.

ചിലപ്പോള്‍ നാട്ടിലെത്തുന്ന പശുക്കളെ ചിലര്‍ കെട്ടിയിടാറുണ്ടത്രേ .പാല് കറന്നെടുത്ത് പകരംവെള്ളവുംതീറ്റയും  നല്‍കി വീണ്ടും അഴിച്ച്‌ കാടിന്‍റെ ലോകത്തേക്ക് .....നമ്മള്‍ മനുഷ്യര്‍ എന്ത്  സ്വാര്‍ത്ഥരാണെന്ന് അവര്‍ക്ക് മനസ്സിലായിട്ടുണ്ടാകുമെന്ന് ഉറപ്പ്‌.
  നാട്ടില്‍ വരുന്ന കാലികളുടെ എണ്ണം മുന്‍പുള്ളതിലും   കുറഞ്ഞു വരുന്നു എന്നും അറി യുവാന്‍ കഴിഞ്ഞു.പ്രത്യേകിച്ച് പുരുഷ പ്രജകളുടെ എണ്ണം.കെണിവെച്ച്‌ പിടിച്ചു ചിലര്‍ ഈ മിണ്ടാപ്രാണികളെ കൊന്നിട്ടണ്ടെന്നത്‌ വേദനയോടെ ,നൊമ്പരത്തോടെ 
ഓര്‍ത്തു.വന്യ മൃഗങ്ങള്‍ അല്ലാത്തതിനാല്‍ ഇവരുടെ സംരക്ഷണം ഏത്  നിയമ പരിധിയില്‍ വരും ???
കാലം കടന്നു പോകുമ്പോള്‍ എല്ലാവരും മാറി പോകുന്നു. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന  ഒരു കൂട്ടം ഗ്രാമാവാസികളാണ്  ഇന്നും കുമരം പേരൂര്‍ നിവാസികള്‍. .മാറുന്നത് ചില മനുഷരും ,അവരുടെ മനസ്സും മാത്രമാണ്    കാറ്റില്‍  കൊഴിഞ്ഞു വീഴുന്ന മണി മരുതിന്‍റെ പൂക്കള്‍ക്ക് ആ പഴയ നിറം തന്നെ.
കിഴക്കന്‍ മലകളില്‍ നിന്നും തേക്കിന്‍ കാടുകള്‍ തഴുകി വരുന്ന കാറ്റിന്‍റെ സുഗന്ധത്തിനും ഒരു മാറ്റവുമില്ല .
 തോടിന്‍റെ  വക്കിലെ ചീനിമരത്തിന്‍റെ ചില്ലകള്‍ ഭൂമിയോട് പിണങ്ങി ആകാശത്തോട് കിന്നാരം പറയുന്നു.വഴിയിലാകെ നിറഞ്ഞു നില്‍ക്കുന്ന പാണനിലയുടെ തുമ്പത്ത് ചുവന്ന കായകളും വെളുത്ത പൂക്കളും. ആറിന്‍റെ  വക്കില്‍ നിറഞ്ഞു നില്‍ക്കുന്ന ഈഞ്ചക്കാ ടുകള്‍ ഇപ്പോഴും ഉണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള ആറ്റുമാവില്‍ ഇത്തവണ മാമ്പഴം ഇല്ല. ഞാന്‍ വരുമെന്ന് "മുന്‍കൂട്ടി അറിയക്കാഞ്ഞതെന്ത്"  എന്ന പരിഭവം മാവിന്‍റെ  തളിരിട്ട ചില്ലകള്‍ക്ക് ഉണ്ട് .പണ്ട് കടത്തുവള്ളം കെട്ടിയിടാറുള്ള തീരത്തുള്ള  മണി മരുത് നിറയെ  പൂക്കള്‍ നിറച്ച്‌ നില്‍ക്കുന്നു .ആറ്റുവക്കില്‍ വഴിതെറ്റിവന്നു പൂത്ത പാരിജാതത്തിന്‍റെ പൂക്കള്‍ നിറഞ്ഞ ചില്ലകള്‍   ഒടിച്ചെടുത്തു. ഇളം പച്ചനിറത്തിലുള്ള പൂവുകള്‍ക്ക് അതി സുഗന്ധം,പ്രണയത്തിന്‍റെ  ഓര്‍മ്മകള്‍ തിരികെ നല്‍കുന്ന  ഒരു വല്ലാത്ത സുഗന്ധം......

കിഴക്കന്‍ കാടുകളില്‍ മഴപെയ്തിട്ടില്ല എന്ന് മനസ്സിലായി,രൌദ്ര ഭാവമില്ലാതെ അച്ഛന്‍ കൊവിലാര്‍ ഒഴുകുന്നു. പരിഭവമില്ലാതെ,പിണക്കമില്ലാതെ ...നീര്‍ വറ്റിയ തീരങ്ങളില്‍ ഏതോ കാട്ട് മൃഗത്തിന്‍റെ കാലടയാളങ്ങള്‍........
അന്യമാകുന്ന കാല്‍പ്പാടുകള്‍ .........

കാണേ നൂല്‍പുഴ എങ്ങോ മാഞ്ഞൂ....................... 


 തീരത്ത് ഒറ്റക്കിരുന്നാല്‍  ഈ കാടും പുഴയും എന്നോട്‌ ഒരുപാട്‌ കഥകള്‍ പറയും.മനസ്സിന്‍റെ ചെപ്പില്‍ ആരോടും പറയാതെ  സൂക്ഷിക്കുന്ന പല രഹസ്യങ്ങളും എനിക്ക് ഇവരോടും പറയാം .പക്ഷെ ഇവള്‍ പരിഭവം പറയാതെ എനിക്കെങ്ങനെ മനസ്സ് തുറക്കുവാനാകും
മഴമുല്ല പൂവിടുന്നു 
മഴ വന്നു തൊട്ടപ്പോള്‍.... നീ വന്നു തൊട്ടപോല്‍ ........................

മഴനീരില്‍ തളിര്‍ത്തു പോയ്‌ പുഴയും..............

നിഴലും വെളിച്ചവും കൂട്ടിന് 

പുഴയും മഴയും പ്രണയ കേളികള്‍ .........



അങ്ങനെ............. പുഴയില്‍  നോക്കി നില്‍ക്കെ കാട്  ഇരുണ്ടു. മാനത്ത് നിന്നും വാരിവിതറിയ മഴപൂക്കള്‍ ആറിന്‍റെ തെളിനീരില്‍ പെയ്തിറങ്ങി.ചൂളം കുത്തി വന്ന ഒരു കിഴക്കന്‍ കാറ്റ് വല്ലാത്തൊരു ആരവത്തോടെ തിരികെ കാട്ടിലേക്ക് പോയി.  വഴിയരികില്‍ നിന്നും ഒടിച്ചെടുത്ത വെള്ള കൊടുവേലിത്തണ്ടുകള്‍ പച്ചിലയില്‍ പൊതിഞ്ഞെടുത്തു.കുടയില്ലാതെ മഴനഞ്ഞ ആ ബാല്യം ഓര്‍ത്ത്  കാട്ട്‌ വഴിയില്‍ കൂടി പുതുമഴനഞ്ഞു നടന്നു.വിജനമായ തേക്കിന്‍ കാടുകളില്‍ കന്നിന്‍ കൂട്ടങ്ങള്‍ നനയാതെ  ഒതുങ്ങി നില്‍ക്കുന്നു. ഈ മഴയിലും ഒരു പൈക്കിടാവ് അമ്മയോട് ചേര്‍ന്ന് പാല്‍ നുകരുന്നു. വഴിയരികിലെ കാട്ടു ചെമ്പിലയെ  നനക്കാന്‍ മഴത്തുള്ളികള്‍ പണ്ടേപോലെ മത്സരിക്കുന്നുണ്ടായിരുന്നു  .മഴയങ്ങനെ കുളിര്‍ന്നു പെയ്യുകയാണ് ..........മണ്ണും മനസ്സും തണുപ്പിച്ച്‌.............

 "വെറുതേ പുതുമഴ നനയല്ലേ ......"
ദേഷ്യം കലര്‍ന്ന് വാത്സല്യപൂര്‍വ്വം ശാസിച്ചതരാണ്........ഓര്‍മ്മകള്‍ പിന്നെയും എന്നെ വലിച്ചിഴച്ചു കൊണ്ട് പോകുന്നു..... എന്‍റെ കുമരംപേരൂരിലേക്ക്........
നാനഞ്ഞ പാരിജാത പൂക്കളുടെ സുഗന്ധം വീണ്ടും മനസ്സില്‍ ഓര്‍മ്മകള്‍ നിറയ്ക്കുന്നു.
ഒരു പക്ഷെ പുലരുവോളം  ഈ മഴ എനിക്ക് കൂട്ടിനുണ്ടാകും............
വരും സന്ധ്യകളിലും......
ഈ രാത്രിയിലും ..............
"മഴയോടൊപ്പം നീ കരയുക .......മിഴിത്തുള്ളിയും മഴത്തുള്ളികളും ഒന്നു ചേരുമ്പോള്‍ അവന്‍  നിന്‍റെ കവിളില്‍ ചുംബിക്കാതിരിക്കട്ടെ......മഴമുല്ലപ്പൂവുകള്‍ക്ക്  കണ്ണീരിന്‍റെ   മധുരവും ,കാടിന്‍റെ സുഗന്ധവുമെന്ന് അവന്‍ പറഞ്ഞാലോ ......!!! "

Sunday, May 20, 2012

കണ്ണേ കരയരുത് ...കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കി





ഇന്നലെയായിരുന്നു ആ വീട്ടിലേക്ക് ഞങ്ങള്‍  ചെന്നത് ,ഇഷ്ട്ടികകള്‍ അടുക്കികെട്ടിയ പണിതീരാത്ത വീട്ടില്‍ വിജയനുണ്ട്,വിജയന്‍റെ പ്രിയ ഭാര്യയും പത്തുവയസ്സുകാരന്‍ വൈശാഖും , നാല്  വയസ്സുകാരന്‍ വിവേകുമുണ്ട് .ഇനിയും കുറേ വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ പോയാല്‍ ന്യൂ ഇയര്‍ ആഘോഷം നിറഞ്ഞ പീറ്റര്‍ സായ് വിന്‍റെ  വീട്ടില്‍ കുട്ടികള്‍ക്ക് പൂത്തിരി കത്തിച്ചു കൊടുക്കുന്ന ഡ്രൈവര്‍ വിജയനെകാണാം.അന്തി മയങ്ങിയ നേരം  കായല്‍ കരയിലുള്ള വീട്ടില്‍ കുട്ടികളൊടൊത്ത്  മറ്റൊരു കുട്ടിയായി വിജയനും.പിന്നെയും എത്രയോ വേളകളില്‍  ഞാന്‍ അയാളെ   കണ്ടിട്ടുണ്ട്.പലവട്ടം വിജയന്‍ ഡ്രൈവ് ചെയ്ത  അംബാസിഡറില്‍  കുടുംബ സമേതം യാത്രചെയ്തിട്ടുണ്ട്  .

കാലം കാഴ്ചകള്‍ക്കായി എന്തെല്ലാമാണ് ഒരുക്കി വെക്കുക!!!

നാളുകള്‍ക്കിപ്പുറം വിവാഹിതനും രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനുമായ വിജയനെയും കാട്ടി തന്ന   അതേ വിധി തന്നെയാണ്  കഴിഞ്ഞ ആഴ്ച സ്കൂളില്‍ ,തന്‍റെ കുട്ടികള്‍ക്ക് ഫീസ്സ്‌   ഇളവിനുള്ള അപേക്ഷാ ഫോം കൊടുക്കുവാന്‍ പ്രിന്‍സിപ്പല്‍ സിസ്റ്ററിനെ  കാത്ത് നില്‍ക്കുന്ന വിജയന്‍റെ ഭാര്യയേയും എന്‍റെ കണ്മുന്‍പില്‍ കൊണ്ടുവന്നത് . .ഈ നാളുകളില്‍ വിജയനെ വേട്ടയാടിയ  അസുഖവിവരം അറിഞ്ഞിരുന്നു ഞാന്‍ .ഒരു ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കാത്ത  അയാള്‍ക്ക് എങ്ങനെ ഇത്തരത്തിലുള്ള ഒരു രോഗം വന്നു എന്നതിനും ഉത്തരമില്ല  . കീമോതെറാപ്പിയും  റേഡിയേഷനും തളര്‍ത്തിയ ശരീരത്തില്‍ തളരാത്ത മനസ്സുമായി  അയാള്‍   ഉയിര്‍ത്തെഴുന്നേല്‍ക്കുക യായിരുന്നു.ജീവന്‍ തിരികെ കൊടുത്തിന്‌ പകരമായി വിധിക്ക്   കൈമാറേണ്ടി വന്നത്‌  സൗമ്യമായ  ആ സംസാരശേഷിയും.രോഗത്തിന്റെ തീഷ്ണതയില്‍  നാവ് മുറിച്ചു മാറ്റിയിട്ടും വിജയന്‍ എല്ലാവരോടും  സ്ഫുടതയില്ലാത്ത വാക്കുകളില്‍ സംസാരിച്ചു. മനസ്സിന്‍റെ ശക്തിയില്‍ ഇരട്ടി ശക്തി ആവാഹിച്ച കൈകള്‍ വീണ്ടും വളയം പിടിച്ചു.
അങ്ങനെയാണ് കഴിഞ്ഞ വര്‍ഷം കാശ്മീര്‍ പോകുന്ന ഞങ്ങളെ  യാത്രയാക്കുവാന്‍ തീര്‍ത്തും രോഗ വിമുക്തനായ  വിജയന്‍ എയര്‍പോര്‍ട്ടില്‍  വന്നത്.ആഹാരം കഴിക്കുവാനും  സംസാരിക്കുവാനുമുള്ള പ്രയാസം  അയാള്‍  ആരും അറിയാതെ മറച്ച്  വെക്കുന്നു എന്ന് എനിക്ക്  പലപ്പോഴും തോന്നിയിട്ടുണ്ട്.
ഒരു വര്‍ഷം കഴിഞ്ഞു വിജയനെ കണ്ടിട്ട്.

ഫീസ്സ്‌ ഇളവു നല്‍കുന്ന കാര്യം ആലോചിക്കാം  എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതായി ഗീത പറഞ്ഞു.തന്‍റെ  ഭര്‍ത്താവ്  വീണ്ടും കിടപ്പിലായി എന്നും ചികിത്സയ് ക്കായി ജീവിത മാര്‍ഗമായിരുന്ന കാര്‍ വിറ്റു  എന്നും ഗീത പറയുമ്പോള്‍ വിധിയോടു ചോദിയ്ക്കാന്‍ ചോദ്യമില്ലാതെ ഞാനും തളര്‍ന്നു. മുഖത്തെപ്പോഴും വിഷാദം നിറഞ്ഞചിരിയുള്ള     പ്രത്യേക ഭാവമായിരുന്നു ഗീതയ്ക്ക്.

ഇന്നലെ പതിവില്ലാതെ പ്രിന്‍സിപ്പല്‍ എനിക്ക്  ഫോണ്‍ ചെയ്തു.
വിജയന്‍റെ വീട്ടില്‍ ഒന്ന് പോകണം  എന്ന് ,ഫീസ്സ്‌ ഇളവിന്റെ നിയമവശങ്ങള്‍ അനുസരിച്ച്  സ്കൂള്‍ അധികൃതരുടെ ഭാഗത്ത്‌ നിന്നും ഒരന്വേഷണം .പണിതീരാത്ത ആവീട്ടില്‍ അങ്ങനെയാണ്  ഞങ്ങള്‍  പോയത്.ഒരു പുഞ്ചിരിയില്‍  ആയിരം ദുഃഖങ്ങള്‍ ഒതുക്കുന്ന കാഴ്ചയായിരുന്നു ഗീതയുടെ മുഖത്ത്. മണ്‍കട്ടകള്‍ ചുവരുകള്‍ തീര്‍ത്ത  മുറിയിലെ കട്ടിലില്‍ അവശനായി വിജയന്‍.ഒരുവട്ടം വന്നു പോയ രോഗം വീണ്ടും തിരികെ വന്ന്‌  വിജയനെ ആകെ മാറ്റിയിരിക്കുന്നു. ഒരു വേള ജീവന്‍ തിരികെ നല്‍കിയപ്പോള്‍ പോലും വിധി  അയാളെ  ഇത്ര തളര്‍ത്തിയിരുന്നില്ല  എന്ന് തോന്നി .കായല്‍ കരയിലെ ന്യൂ ഇയര്‍ ആഘോഷ വേളയില്‍ ആര്‍ത്തു ചിരിച്ച്‌ കുട്ടികളോടൊപ്പം പൂത്തിരി കത്തിക്കുന്ന രൂപം മനസ്സില്‍ നിറഞ്ഞു.
വേദന വറ്റിച്ച കണ്ണുകള്‍ ഞങ്ങളെ കണ്ടപ്പോള്‍ നിറയുന്നുവെന്നും തോന്നി.ഇടക്കൊക്കെ ഒരു നാല്  വയസ്സുകാരന്‍ മുറിയിലേക്കോടി  വന്ന്  തന്‍റെ അച്ഛന്‍റെ തലയില്‍ തൊട്ട് ,മുടിയില്‍ തഴുകി പിന്നെ എന്നോട് ചിരിച്ച്  ഒന്നുമറിയാതെ,അല്ലെങ്കില്‍ എന്തൊക്കെയോ അറിഞ്ഞ്  അവന്‍റെ  ഏട്ടനോട്  ചേര്‍ന്ന്  വാതില്‍ മറഞ്ഞു നിന്നു .രോഗത്തിന്‍റെ   വിഷമതകളെക്കുറിച്ചും ,ചികിത്സയെക്കുറിച്ചും ഗീത സ്കൂള്‍ അധികൃതരോട് പറയുന്നുണ്ടായിരുന്നു.ഇടക്കെപ്പോഴോ ഗീതയുടെ മുറിഞ്ഞുപോയ വാക്കുകള്‍ കൂട്ടി  യോജിപ്പിച്ച്‌ സംസാരിക്കാന്‍  വിജയന്‍ ഒരു പാഴ്ശ്രമം നടത്തിയപ്പോള്‍ ഇഷ്ട്ടിക പാകിയ ഭിത്തിയില്‍ കണ്ട സഹായ മാതാവിന്‍റെയും ഉണ്ണിക്കണ്ണന്‍റെയും ചിത്രങ്ങളിലേക്ക് ഞാന്‍ എന്‍റെ നിറഞ്ഞുപോയ കണ്ണുകളെ പറഞ്ഞയച്ചു.
യാത്ര പറഞ്ഞിറങ്ങും മുന്‍പ്‌ ആശ്വാസ വചനങ്ങള്‍  നിറച്ച് സിസ്റ്റര്‍ ഗീതയോട് സംസാരിച്ചു,കുട്ടികളോട് മിടുക്കരായി പഠിക്കണമെന്ന് വാത്സല്യപൂര്‍വ്വം ഉപദേശിച്ചു.പ്രാര്‍ത്ഥനകള്‍ എല്ലാത്തിനും ഫലം കാണുമെന്നും എത്രയും  വേഗം സുഖം പ്രാപിക്കുമെന്നും പറഞ്ഞ്  ആ പടികള്‍ ഇറങ്ങുമ്പോള്‍ വേദനകള്‍ തളര്‍ത്തിയ കണ്ണുകള്‍ ഞങ്ങളോട് ചിരിച്ചു.
തിരികെയുള്ള യാത്രയിലുടനീളം വിജയനെയും കുടുംബത്തെയും കുറിച്ചായിരുന്നു സംസാരം.വീണ്ടും ഒരു ഫീനിക്സ് പക്ഷിയെപോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന വിജയനെ പ്രതീക്ഷയോടെ ഞാനോര്‍ത്തു .
കരുണയുള്ളവന്‍ ഇവരില്‍ അല്‍പ്പമെങ്കിലും കാരുണ്യം ചൊരിയാതിരിക്കുമോ?
ആയിരം മനസ്സുകള്‍ അനുഭവിക്കുന്ന നൊമ്പരത്തിന്‍റെ  ഒരംശം മാത്രമാണിത് .
യാത്രയില്‍ കാണുന്ന വര്‍ണ്ണാഭമായ കാഴ്ചകള്‍ക്കപ്പുറം ഇത്തരം ചില സത്യങ്ങളെ കണ്ടില്ലെന്ന്‌  നടിക്കാനാവുന്നില്ല.

വിജയനും കുടുംബത്തിനും വേണ്ടി സര്‍വ്വശക്തനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് ......

ചിത്രം:കടപ്പാട് ഗൂഗിള്‍ 

Monday, December 05, 2011

വായനയുടെ കാണാപ്പുറങ്ങള്‍









യാത്രകള്‍ എന്നും എനിക്ക് ആഹ്ലാദമാണ്‌,ആവേശമാണ്  .ഓരോ മധ്യവേനല്‍ അവധികളും സമ്മാനിക്കുന്നത് ഓരോ യാത്രാനുഭവങ്ങള്‍.കാഴ്ചകളുടെ അനുഭവ സമ്പത്ത് മനസ്സില്‍ നിറഞ്ഞ് കിടന്നതല്ലാതെ ഒന്നും ഒരിക്കല്‍പ്പോലും അക്ഷരങ്ങളായി പുസ്തകത്താളില്‍ തെളിഞ്ഞില്ല.2011 ഏപ്രില്‍ അവധിക്കാലം  ഞാനുമായി പങ്കിട്ട  കശ്മീര്‍ യാത്രയുടെ അനുഭവങ്ങള്‍ മനസ്സ് കവിഞ്ഞൊഴുകിയ വേളയിലാണ് "മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ "എന്ന പേരില്‍ ആ അനുഭവങ്ങള്‍ "വയല്‍പൂവുകള്‍ "എന്ന എന്‍റെ  ബ്ലോഗില്‍  ഞാന്‍ എഴുതുവാന്‍ തുടങ്ങിയത് .ഒരു പക്ഷെ ശ്രീ എസ്സ്.കെ പൊറ്റക്കാടിന്‍റെ "കാശ്മീര്‍ ഒരു രാജവാഴ്ചയില്‍  "എന്ന വിവരണത്തില്‍ നിന്നും ഉള്‍ക്കൊണ്ട  പ്രചോദനം ആകാം അങ്ങനെ ഒരു സാഹസം ചെയ്യുവാന്‍ എന്നെ പ്രേരിപ്പിച്ചത് എന്ന് പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല.കാശ്മീര്‍ യാത്രകള്‍ ആ നാളുകളില്‍ നന്നേ ബ്ലോഗുകളില്‍ കുറവായിരുന്നതുകൊണ്ടും, വായനക്കാരുടെ പ്രോത്സാഹനം ഒന്നുകൊണ്ടും ഒരു പരമ്പര എന്നോണം  ആ യാത്ര ബ്ലോഗില്‍ തുടര്‍ന്നു. 


ഈ വിവരണത്തിന്‍റെ രണ്ടാം  ഭാഗം പോസ്റ്റ്‌ ചെയ്ത നാളുകളില്‍ അവിചാരിതം എന്നോണം "നൂറാനുന്‍"എന്ന കാശ്മീര്‍ ബന്ധമുള്ള ഒരു ആര്‍ട്ടിക്കിള്‍ വായിക്കുവാനിടയായി."യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ "എന്ന യാത്രാ വിവരണത്തിലെ ഒരു ഭാഗമായിരുന്നു അത്.എഴുതിയത് ചരിത്ര സ്മ്രിതികള്‍ ഉറങ്ങുന്ന  ചെറുവാടി എന്ന ദേശത്തിലെ  ശ്രീ അബ്ദു ചെറുവാടി എന്ന സാഹിത്യകാരന്‍.കാശ്മീര്‍ യാത്രയില്‍ അദ്ദേഹത്തിനുണ്ടായ ഒരനുഭവം വളരെ ഹൃദയസ്പര്‍ശിയായി എഴുതിയ ആ ലേഖനം മനസ്സിനെ വല്ലാതെ നോവിച്ചു കൊണ്ടിരുന്നു.ബ്ലോഗില്‍ സജീവ സാനിധ്യമുള്ള ശ്രീ മന്‍സൂര്‍ ചെറുവാടി ( ശ്രീ അബ്ദു ചെറുവാടിയുടെ മകന്‍) യുടെ  "സെന്റര്‍ കോര്‍ട്ട് "എന്ന ബ്ലോഗില്‍ വന്ന  ഒരു വിവരണത്തില്‍ നിന്നുമാണ് "നൂറാനുന്‍"എന്ന ലേഖനം  എഴുതിയ ആ പ്രിയ എഴുത്തുകാരന്‍  ഇന്ന് നമ്മോടൊപ്പം ഇല്ല എന്ന ദുഃഖ സത്യം ഞാന്‍ അറിയുന്നത് .




 ദിവസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ "പൂര്‍ണ പബ്ളിക്കേഷന്‍ "പുറത്തിറക്കിയ "യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ "എന്ന ഗ്രന്ഥം എനിക്ക് സ്വന്തമായി.കേവലം എട്ട് ലേഖനങ്ങള്‍ അടങ്ങുന്ന ഒരു ചെറിയ പുസ്തകമാണ് അതെങ്കിലും പതിറ്റാണ്ടുകള്‍ നെഞ്ചേറ്റുന്ന പല നൊമ്പരങ്ങളും അതില്‍ നിറഞ്ഞ് നിന്നിരുന്നു.

"പ്രിയപ്പെട്ട ഉപ്പക്കും,വാത്സല്യം ചൊരിഞ്ഞ ഉമ്മക്കും"സമര്‍പ്പണമായി തുടങ്ങുന്ന പുസ്തകത്തിലെ ഓരോ വരികളും അത്യധികം ആകാംഷയോടെ  ഞാന്‍ വായിച്ചു തീര്‍ത്തു. ഗ്രന്ഥത്തിന്‍റെ അവതാരികയില്‍ പ്രശസ്ത സാഹിത്യകാരന്‍ ശ്രീ സക്കറിയ തന്നെ പറയുന്നു "അബ്ദു ചെറുവാടി നമുക്ക് ഇവിടെ നല്‍കുന്നത് ഒരു യാത്രയുടെ വിവരണമല്ല,പല യാത്രകളിലൂടെ അദ്ദേഹത്തിനുണ്ടായ അനുഭവങ്ങളുടെ കഥകളാണ്" എന്ന്. വായനയിലെ ഓരോ സന്ദര്‍ഭങ്ങളിലും മിക്ക ലേഖനങ്ങളും  അനുഭവങ്ങളില്‍ ചാലിച്ച ഓരോ കഥ തന്നെയോ എന്ന് എനിക്കും തോന്നി.അത്ര മനോഹരമായി മനുഷ്യബന്ധങ്ങളുടെ ഓരോ കണ്ണികളും കൂട്ടി ചേര്‍ത്തിരിക്കുന്നു ഓരോന്നിലും .


ലിസ്ബന്‍  ജയിലില്‍ പിറന്ന ആയിശ  ,ആഗ്ര റെയില്‍വേ സ്റ്റേനിലെ ഖദര്‍ സൂട്ടുകാരന്‍ ,തല്‍ത്തോലബാസാറിലെ മുഗള്‍ ചക്രവര്‍ത്തി,അഗൂഷിയും സുറാത്തിനയും,രണ്ട് ഫോട്ടോകള്‍ ഉണ്ടാക്കിയതൊന്തിരവ് ,ദില്ലിയിലെ കാളരാത്രി,അജ്മീറിലെ ഒരു വെളിപാട്,നൂറാനൂന്‍ ഇവയാണ് എട്ട് ലേഖനങ്ങള്‍ .ഏകദേശം 39 പേജുകളില്‍ അക്ഷരങ്ങള്‍ കൊണ്ടു ഹൃദയങ്ങള്‍ വരച്ചിട്ട ആ മഹാമനസ്സിനെ നമിക്കുന്നു. ചരിത്രവും,ബന്ധങ്ങളും,വേദനയും ,നൊമ്പരങ്ങളും ,കൊച്ചു സന്തോഷങ്ങളും വാക്കുകളില്‍ കലര്‍ത്തി ഒരു മായിക ലോകം തന്നെ വായനക്കാരില്‍ സൃഷ്ട്ടിക്കുവാന്‍ ഓരോ ലേഖനത്തിനും കഴിഞ്ഞിട്ടുണ്ട്.ഇതില്‍ മിക്കവയും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മുന്‍പ് ലേഖനമായി വന്നിട്ടുളളവയായിരുന്നു.


1982 സെപ്റ്റംബറിലെ ഒരു കാശ്മീര്‍ യാത്രയില്‍പരിചയപ്പെടുന്ന പോര്ച്ചുഗീസ്സുകാരിയായ ഗവേഷണ  വിദ്യാര്‍ഥി അപ്രതീക്ഷിതമായി "നിങ്ങള്‍ക്ക് ഐഷയെ പരിചയമുണ്ടോ "എന്ന്  ചോദിച്ച ചോദ്യത്തിന്‌ വ്യക്തമായ ഒരു ഉത്തരം നല്‍കുവാന്‍ കഴിയാതെ അതിന്‍റെ  പൊരുള്‍ തേടിയുള്ള മനസ്സിന്‍റെ വിഹ്വലതകളാ ണ് "ലിസ്ബന്‍  ജയിലില്‍ പിറന്ന ആയിശ " എന്ന ലേഖനം പറയുന്നത് . പോച്ചുഗീസ്സുകാര്‍  മലബാര്‍ തീരത്ത് അധിനിവേശം നടത്തുന്ന കാലത്ത് വടക്കന്‍ മലബാറില്‍ ഉണ്ടായിരുന്നതായി പറയുന്ന "ആയിഷ"എന്ന യുവതി സത്യാമോ മിഥ്യയൊ എന്ന് കണ്ടെത്തുവാന്‍ നടത്തുന്ന നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ ഉത്തരം കിട്ടുവാന്‍ ലേഖകന്‍ ചരിത്ര ഗവേഷകര്‍ക്ക്‌ മുന്‍പില്‍ അപേക്ഷിക്കുമ്പോള്‍ പോര്‍ച്ചുഗീസ്സു നാവികരുടെ ക്രൂരമായ പീഡനങ്ങള്‍ക്കിരയായി ഒടുവില്‍ കടലിലേക്ക്‌ എറിയപ്പെട്ട "ഐഷയും " ആ മൃഗീയ വിനോദത്തെ എതിര്‍ത്തതിന്‍റെ  പേരില്‍ പോര്ച്ചുഗീസ്സു സൈന്യം രാജ്യദ്രോഹക്കുറ്റം ചുമത്തി  ലിസ്ബണ്‍ ജയിലില്‍ ഏകാന്തതടവില്‍ പാര്‍പ്പിച്ച ആ അജ്ഞാത നാവികനും അദ്ദേഹത്തിന്‍റെ  "ആയിശ"എന്ന വിലാപകാവ്യവും മനസ്സില്‍ നൊമ്പരമാകുന്നു.


 ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടുവിട്ടു പോയ അമ്മാവനെ  അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന ഭാഗമാണ് "ആഗ്ര റെയില്‍വേ സ്റ്റേനിലെ ഖദര്‍ സൂട്ടുകാരന്‍" . റെയില്‍വേ  സ്റ്റേഷനിലെ ടിക്കറ്റ്‌ കൌണ്ടറില്‍ വെച്ച് കണ്ടിട്ടും തന്നോട് യാതൊരു പരിചയവും കാണിക്കാതെ പോയ,അമ്മാവന്‍റെ  രൂപ സാദ്രിശ്യം തോന്നിയ ആ ഖദര്‍ സൂട്ടുകാരനോട് ഒരു വാക്കുപോലും  മിണ്ടുവാന്‍ കഴിയാതെ പോയതിലുള്ള നഷ്ട്ടബോധം പിന്നീടുള്ള യാത്രയില്‍ അദ്ദേഹം വേദനയോടെ വീണ്ടും ഓര്‍ക്കുന്നു.

രാജസ്ഥാന്‍ മരുഭൂമിയിലൂടെ ചൂളം വിളിച്ച് കടന്നു പോകുന്ന ജോധ്പൂര്‍ എക്സസ് പ്രസ്സില്‍ ഇരുന്നു പുറം കാഴ്ചകള്‍ കാണുമ്പോള്‍  ലേഖകന്‍റെ തപ്തമായ മനസ്സിനോടൊപ്പം വായനക്കാരന്‍റെ  മനസ്സും "ആഗ്ര കന്റോന്‍ മെന്‍ന്റ്റ്  സ്റ്റേഷനിലെ അലഹബാദ് കൌണ്ടറില്‍ ചുറ്റിത്തിരിയുന്നു" . പിന്നീട് വളരെ നാളുകള്‍ക്ക്‌ ശേഷം വീണ്ടുമൊരു യാത്രാ വേളയിലെ അവരുടെ പുനസമാഗമം കഥാപാത്രങ്ങളില്‍ എന്നപോലെ വായനക്കാരിലും അവാച്യമായ ഒരു തരം അനുഭൂതി ഉളവാകുന്നു.

മുഗള്‍ രാജ ഭരണത്തിന്‍റെ അവസാനത്തെ കണ്ണി തേടിയുള്ള ഒരു യാത്രയാണ് "തല്‍തോലബാസാറിലെ മുഗള്‍ ചക്രവര്‍ത്തി".വായനയില്‍ എന്‍റെ മനസ്സിനെ ഏറ്റവും ഉലച്ചതും ഈ ലേഖനം ആയിരുന്നു. നാനൂറ്റി എണ്‍പത് കൊല്ലം ഇന്ത്യ  ഭരിച്ച ഒരു രാജവംശത്തിന്‍റെ അവസാന കണ്ണികള്‍ പശ്ചിമ ബംഗാളിലെഹൗറ ചേരിയില്‍ ഇന്ന് ജീവിച്ചിരിക്കുന്നു എന്നത് എനിക്ക് ആ വായനയില്‍ കിട്ടിയ പുതിയ അറിവ്  .മുഗള്‍ സുന്ദരി നൂര്‍ജഹാന്‍ വിശ്രമിച്ചിരുന്ന നിശാത് ,ഷാലിമാര്‍ ഉദ്യാനങ്ങള്‍  കാശ്മീര്‍ യാത്രയിലെ ഓര്‍മ്മയില്‍ പൂക്കള്‍ നിറച്ചുനില്‍ക്കുമ്പോള്‍ അതിന്‍റെ പിന്‍മുറക്കാരിയായ ഒരു ബീഗം വൃത്തിഹീനമായ ഒരു ചേരിയില്‍ വസിക്കുന്നു എന്നത് എന്‍റെ മനസ്സിന്‌  വിശ്വസിക്കാന്‍ കഴിയാത്ത മറ്റൊരു സമസ്യയായി മാറി .ലേഖകന്‍ തന്‍റെ ദീര്‍ഘമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ "ചേരിയിലെ മുഗള്‍ കൊട്ടാരത്തില്‍" നിന്നും തിരികെ വരുന്ന വേളയില്‍  മാര്‍ക്കെറ്റിലെ അഴുക്കുചാലുകള്‍ക്കിടയില്‍ മത്സ്യവില്‍പ്പനക്കാരന്‍റെ അരികില്‍ നില്‍ക്കുന്ന പതിനഞ്ചുകാരനെ ചേര്‍ത്ത് പിടിച്ച്‌ "ഇതാണ് ഹിസ്‌ ഹൈനെസ്സ് മുസാഫിര്‍ കമാല്‍ ഹുസൈന്‍  ..... ഇപ്പോഴത്തെ മുഗള്‍ ചക്രവര്‍ത്തി "എന്ന് നമുക്ക് പരിചയപ്പെടുത്തുമ്പോള്‍ ഒരു കാലഘട്ടത്തിന്‍റെ പ്രതാപങ്ങള്‍ എല്ലാം മനസ്സില്‍ ഒരുനിമിഷം കൊണ്ടു നിറഞ്ഞ് വിങ്ങി കണ്ണുകള്‍ നിറയ്ക്കുന്നു.


ഹജ്ജു നാളുകളില്‍ കണ്ടു മുട്ടുന്ന ഇന്ത്യനേഷ്യന്‍ വിദ്യാര്‍ത്ഥികള്‍ ആണ്‌ "അഗൂഷിയും,സുറാത്തിനയും".ഹജ്ജുതീര്‍ഥാടനനാളുകളില്‍ കണ്ടുമുട്ടുന്ന ഈ വിദ്യാര്‍ത്ഥിദമ്പതികളുമായി ഗ്രന്ഥ കര്‍ത്താവിന് തോന്നുന്ന ആത്മബന്ധമാണ് ഈ ലേഖനത്തിന്‍റെ  ഉള്ളടക്കം.ദിസങ്ങളുടെ ഇടവേളയില്‍ ആ വിദ്യാര്‍ത്ഥിദമ്പതികളെ കാണുവാന്‍ കഴിയാതെ വരുമ്പോള്‍ ,മിനാദുരന്തത്തില്‍പ്പെട്ടവരുടെ പട്ടികയില്‍ അവരെ തിരയുവാന്‍ പോകുന്ന ലേഖകനെ പ്രിയ പത്നി സ്വാന്തന പൂര്‍വ്വം വിലക്കുന്ന രംഗം വായനക്കാരനെ പ്രതീക്ഷയുടെയും ശുഭാപ്തി വിശ്വാസത്തി ന്‍റെയും പുതിയൊരു തുരുത്തില്‍  എത്തിക്കുന്നു .

'നാളെ രാവിലെ ഇന്ത്യനേഷ്യന്‍ ഹജ്ജ്ജു മിഷനില്‍ ഒന്ന് പോയി നോക്കാം .മിന ദുരന്തത്തില്‍ പെട്ടവരുടെ പട്ടിക അവിടെ കാണുമല്ലോ .പെട്ടെന്നവള്‍ എന്‍റെ കൈ പിടിച്ചു "പോകരുത് ,ഒരിക്കലും അവിടെ പോകണ്ടാ ,മരണചീട്ടു പരതുകയും വേണ്ട.അഗൂഷിയും സുറാ ത്തിനയും ജീവിച്ചിരിക്കട്ടെ ,നമുക്കവരെ കാണാന്‍ പറ്റിയില്ലെങ്കിലും !പത്താം തിയതി തന്നെ പസഫിക്കിന് മീതെ പറന്ന്ജക്കാര്‍ത്തയില്‍ ഇറങ്ങട്ടെ.നമ്മുടെ ഖുബൈസ്സിനെപ്പോലെ ഒരു ഖുബൈസ്സു അവര്‍ക്കും പിറക്കട്ടെ !"
അവളുടെ തൊണ്ട ഇടറിയോ ?.'ബാബുന്നവ ' യുടെ മാര്‍ബിള്‍ പടികളില്‍ രണ്ടിറ്റു കണ്ണുനീര്‍ വീണു എന്നുറപ്പ് '


ജബല്‍ ഖുബൈസ്സിനു മുകളില്‍ "രണ്ട് നക്ഷത്രങ്ങള്‍ തിളങ്ങി" നില്‍ക്കുമ്പോള്‍ മക്കയുടെ പുണ്യങ്ങള്‍ ഉള്‍ക്കൊണ്ട ഒരു വായനാനുഭവം കൂടി നമുക്ക് കിട്ടുന്നു.


ചില വെളിപാടുകള്‍ ദൈവ നിശ്ചയമെന്നു സൂചിപ്പിക്കുന്ന ഒരനുഭവക്കുറിപ്പാ ണ് "അജ്മീറിലെ ഒരു വെളിപാട്".ഖ്വാജാ മൊയ്നുദീന്‍ ചിശ്തിയുടെ ദല്ലാളന്മാരുടെ കടന്നാക്രമണം ,ലേഖകന്‍ പറയുന്നത് പോലെ ഇന്നും ഈ അടുത്തനാളിലും ഉണ്ടെന്നുള്ളത് അനുഭവസ്ഥയായ  ഞാനും സമ്മതിക്കുന്ന മറ്റൊരു സത്യം.

"രണ്ട് ഫോട്ടോകള്‍ ഉണ്ടാക്കിയ തോന്തിരവ് ,ദില്ലിയിലെ കാളരാത്രി," ദില്ലി യാത്രയുടെ സ്മരണകള്‍ ഉള്‍ക്കൊണ്ടു എഴുതിയവയാണ്.

കശ്മീരിലെ യാത്രയില്‍ ആദിത്യമരുളിയ  റസൂല്‍ ഭായിയുടെയും  മകള്‍ നൂറാനൂനിന്‍റെയും ഓര്‍മകളാണ് "നൂറാനൂന്‍ " എന്ന എട്ടാമത്തെ ലേഖനം . 

1982 കളിലെ യാത്രയില്‍ കാശ്മീരില്‍  ലേഖകന്‍ കണ്ട അതേ  പ്രകൃതി ഭംഗികള്‍  വര്‍ഷങ്ങള്‍ക്കു ശേഷം എനിക്ക് അതേ അളവില്‍ ആസ്വദിക്കാന്‍ കഴിഞ്ഞു എന്നത്‌ മറ്റൊരത്ഭുതം. ഗ്രന്ഥകാരന്‍റെ  കാശ്മീര്‍ സന്ദര്‍ശന വേളയില്‍ തികച്ചും ആകസ്മികമായി കാശ്മീര്‍ സിംഹം  ഷേക്ക്‌ അബ്ദു ളള  മരണപ്പെടുന്നതും അതിനെത്തുടര്‍ന്ന്  അപ്രതീക്ഷിതമായി വന്ന ഹര്‍ത്താല്‍ ,യാത്രകള്‍ ബുദ്ധി  മുട്ടില്‍ ആക്കുന്നതും വര്‍ഷങ്ങള്‍ക്കു ശേഷം കാശ്മീര്‍സന്ദര്‍ശിച്ച എനിക്കും സമാനമായ ചില  അനുഭവങ്ങള്‍ ഉണ്ടായതും തികച്ചും യാദ്രിശ്ചികം .റസൂല്‍ ഫായിയും ,നൂറാനൂനും വെച്ചു വിളമ്പിയ ഭക്ഷണം കഴിക്കുന്ന ചില വരികള്‍ വായിക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞത്‌ കാശ്മീരില്‍ എന്നെ അകമഴിഞ്ഞ് സ്വീകരിച്ച  ഫയാസ്സ് ഭായിയും,നഗീനും,മക്കളും.
"നൂറാനുന്‍" മനസ്സില്‍ മറ്റൊരു നോവായി പടരുന്നത്‌ ലേഖനത്തിന്‍റെ അവസാന ഭാഗത്ത്‌ വളരെ  ഹൃദയ സ്പര്‍ശിയായി പറയുന്നുണ്ട് 


ഒരുകാലത്ത് സാഹിത്യത്തില്‍ സജീവ സാനിധ്യമായിരുന്ന ശ്രീ അബ്ദു ചെറുവാടി ഇന്ന്  നമ്മോടൊപ്പം ഇല്ല.
35 വര്‍ഷത്തെ അദ്ധ്യാപക ജീവിതത്തിനു ശേഷം  പ്രധാനാദ്ധ്യാപകനായി വിരമിക്കുമ്പോള്‍ വാത്സല്യം തുളുമ്പുന്ന അനേകം ശിഷ്യ സമ്പത്തിന്‌ ഉടമയായിരുന്നു അദ്ദേഹം."അറിയപ്പെടുന്ന ചരിത്രകാരന്‍ ,ഫ്രീ ലാന്‍സ്സ്  ജേര്‍ണലിസ്റ്റ് ,എന്നും യാത്രകള്‍ ഇഷ്ട്ടപ്പെട്ടിരുന്ന അന്വേഷി ,സ്നേഹസമ്പന്നനായ ഒരു അദ്ധ്യാപകന്‍,അതിനെല്ലാം  ഉപരി വാത്സല്യ നിധിയായ ഒരു പിതാവ് ,സ്നേഹമയനായ ഒരു ഭര്‍ത്താവ് അങ്ങനെ അനേകം വ്യക്തിത്വത്തിന്‍റെ ഉടമആയിരുന്നു ശ്രീ അബ്ദു ചെറുവാടി.പല വട്ടം ആത്മമിത്രങ്ങള്‍ ആവശ്യപ്പെട്ടത്തും ,നൂറില്‍പരം സഞ്ചാര ലേഖനങ്ങള്‍ എഴുതിയ അദ്ദേഹത്തിന് എല്ലാം ചേര്‍ത്ത് ഒരു ഗ്രന്ഥമായി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നുണ്ട് .പിന്നീടൊരിക്കല്‍  പ്രിയ സുഹൃത്ത് ശ്രീ സക്കറിയ കൊടുത്ത പ്രോത്സാഹനം കൂടിയാണ് ആണ്‌ "യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ "എന്നത് ഒരു പുസ്തകമാകുവാന്‍ കാരണം.

ഒരു നല്ല യാത്രികന്‍റെ  നിരീക്ഷണ പാടവം ഈ യാത്രാ വിവരണത്തിന്‍റെ   ഓരോ ഭാഗങ്ങളിലും നമുക്ക് കാണുവാന്‍ കഴിയും.കശ്മീര്‍,അജ്മീര്‍ ,ഡല്‍ഹി,കൊല്‍ക്കൊത്ത ....തുടങ്ങി മക്ക,മദീന വരെ ലേഖനത്തില്‍ സൂചിപ്പിക്കുന്ന ഓരോ സ്ഥലങ്ങളിലും നമ്മെ കൂടെ കൂട്ടി കൊണ്ട് പോകുന്ന ഒരു മാസ്മര ശക്തി ഇതിലെ വരികള്‍ക്കുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്.

ചെറുവാടി ദേശത്ത് നിന്ന് എഴുത്തിന്‍റെ ലോകത്ത് അദ്ദേഹത്തിന്‍റെ  പാത പിന്‍ തുടരുവാന്‍ അദ്ദേഹത്തിന്‍റെ  മകനായ മന്‍സൂര്‍ ചെറുവാടിക്ക് ഒരു പരിധിവരെ കഴിയുന്നുണ്ട് എന്നത് ചെറുവാടിയുടെ  "സെന്റര്‍ കോര്‍ട്ട് "എന്ന ബ്ലോഗ്‌ വെളിപ്പെടുത്തുന്നു.

വായനയുടെയും ,എഴുത്തിന്‍റെയും ,യാത്രയുടെയും  ലോകത്ത് ജീവിക്കുവാന്‍ ഏറെ ഇഷ്ട്ടപ്പെടുന്ന എന്‍റെ പ്രിയ സുഹൃത്തുകള്‍ക്ക് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ ശ്രീ അബ്ദു ചെറുവാടി എന്ന ആരാധ്യനായ സാഹിത്യകാരന്‍റെ രചനകള്‍ വളരെ ഏറെ പ്രയോജനപ്പെടും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.


ഓര്‍മ്മകളുടെ മഞ്ചലില്‍ യാത്രയായ ആ പ്രതിഭാധനന്‍ ജീവിതത്തിന്‍റെ അവസാന നാളുകളില്‍ അദ്ദേഹത്തിന്‍റെ  അപ്രകാശിതമായ "സുറുമി  ടീച്ചറും കുട്ടികളും "എന്ന ബാലസാഹിത്യത്തിന്‍റെ  മുഖക്കുറിപ്പില്‍ ഇങ്ങനെ എഴുതി

".......ആഗ്രഹങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നു.എന്ത് ചെയ്യാന്‍.സുറുമി ടീച്ചറും  കുട്ടികളും കോഴിക്കോട് നഗരം ചുറ്റിയപ്പോഴെക്കും ഞാന്‍ കാലിടറി തളര്‍ന്നു വീണുപോയല്ലോ ദൈവക്രിപയില്‍ മാത്രം പ്രതീക്ഷയുള്ള അഗാധ പതനം .എന്‍റെ പ്രിയ വായനക്കാരെ സ്നേഹധാരയില്‍ വീര്‍പ്പുമുട്ടിച്ച സുഹൃത്തുക്കളെ എല്ലാവര്‍ക്കും ഹൃദയം തുളുമ്പി തൂവുന്ന നന്ദി......"




ഗ്രന്ഥകര്‍ത്താവിന്‍റെ കൃതികള്‍ :

യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ 
വാഗണ്‍ ട്രാജഡി
പ്രശ്നങ്ങള്‍ പ്രതികരണങ്ങള്‍
ഹുമയൂണ്‍ ഒളിച്ചോടുന്നു.
ബാബറിന്‍റെ   സാഹസങ്ങള്‍
ഷാജഹാന്‍റെ യും മുംതസിന്‍റെ യും കഥ
ഔറംഗസീബിന്‍റെ രണ്ട് മുഖം
അക്ഷരം അറിയാത്ത അക്ബര്‍
ജഹാംഗീറും കൂടെ നൂര്‍ജഹാനും
അക്കാദമിക് ഗ്രന്ഥങ്ങള്‍ ,ബാലസാഹിത്യങ്ങള്‍.
കൊടിയത്തൂര്‍ അംശം ചെറുവാടി ദേശം 

Saturday, December 03, 2011

വീണ്ടും ഓര്‍മ്മകള്‍ക്കെന്തുസുഗന്ധം .......!





"ഇന്ന്  മഴപെയ്തപ്പോള്‍   മണ്ണിന്‍റെ  സുഗന്ധം  ത്   ഓര്‍മ്മകളെയാണ്  തിരികെ തന്നത് ?  

സുഗന്ധവും, ഓര്‍മ്മകളും തമ്മില്‍  എന്ത്  ബന്ധംഎന്ന് തോന്നിയോ

ചില  സുഗന്ധങ്ങള്‍ അങ്ങനെയാണ്, വര്‍ഷങ്ങള്‍  പിന്നിലേക്ക്‌  നമ്മളെ കൂ ട്ടിക്കൊണ്ട്  പോകും.എന്നോ കണ്ടു  മറന്ന കാഴ്ചകള്‍,മുഖങ്ങള്‍,അറ്റുപോയ  ബന്ധങ്ങള്‍ ,വേദനകള്‍ ,സന്തോഷങ്ങള്‍ ,അങ്ങനെ എന്തെല്ലാം നമുക്ക്തിരികെ  തരുമെന്നോ...

പൊടി പിടിച്ചു കിടന്ന പഴയൊരു പുസ്തകത്തിന്‍റെതാളുകള്‍  മറിച്ചപ്പോള്‍,  ഇന്ന്  അയല്‍ വീട്ടിലെപിച്ചകം  പൂവിട്ടപ്പോള്‍  എപ്പോഴോ  ഒരു  നന്തിയാര്‍വട്ട  പൂവിന്‍റെ   മണം  നുകര്‍ന്നപ്പോള്‍,എങ്ങോ  പുകഞ്ഞു   കത്തുന്നചന്ദനത്തിരിയുടെ സുഗന്ധം കാറ്റ് കൊണ്ട്വന്നപ്പോള്‍ ………… എത്ര  എത്ര സുഗന്ധങ്ങള്‍,അതിലേറെ ഓര്‍മ്മള്‍  !

എങ്കിലും  ഇന്നോളം  ഞാന്‍   തേടിയിട്ടു  കണ്ടു  കിട്ടാതിരുന്നത്  ബാല്യത്തിലെന്നോ കണ്ടുമറന്ന  ഇലഞ്ഞിപ്പൂക്കളുടെ   സുഗന്ധമാണ്,പണ്ടെങ്ങോ കൈമോശം വന്ന   പൂക്കളെ  നാളിന്നേവരെ  ഞാന്‍  കണ്ടിട്ടില്ല ,  സുഗന്ധം അറിഞ്ഞിട്ടില്ല .

     കാടുകള്‍  വേരറ്റു പോയില്ലെങ്കില്‍....കാവുകള്‍ അന്യം  നിന്ന് പോയില്ലെങ്കില്‍....എന്‍റെ   നഷ്ട്ട  ബാല്യങ്ങളുടെ  ഓര്‍മ്മകള്‍ തിരികെ  തരാന്‍ എനിക്കുവേണ്ടി  എവിടെയെങ്കിലും  പൂത്ത്‌ നില്‍പ്പുണ്ടാകും   ഒരു ഇലഞ്ഞി  മരം "
(ഓര്‍മകള്‍ക്കെന്തുസുഗന്ധം....)

എനിക്കുവേണ്ടി പൊഴിഞ്ഞു വീണ നക്ഷത്ര കുഞ്ഞുങ്ങള്‍..... 


ഈ വരികള്‍ ഞാന്‍ എഴുതിയത്‌ കുറേ നാള്‍ മുന്‍പാണ് ,ബൂലോകത്തേക്ക് വന്ന ആദ്യ വേളകളില്‍ .ഗന്ധങ്ങള്‍ എത്രമേല്‍ എന്‍റെ ഓര്‍മ്മകളെ സ്വാധീനിക്കുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളില്‍ മനസ്സില്‍ കോറിയിട്ട  വരികള്‍ പിന്നീട് എപ്പോഴോ അക്ഷരങ്ങളായി തെളിയുകയായിരുന്നു.
കൈമോശം വന്നു എന്ന് ഞാന്‍ പരിഭവിച്ച ഒരു സുഗന്ധം  "ഓര്‍മകള്‍ക്കെന്തു സുഗന്ധം "എന്നതില്‍ എന്നെ നോവിച്ച് എപ്പോഴും നിറഞ്ഞു നിന്നിരുന്നു. വര്‍ഷങ്ങള്‍ മറച്ചുകളഞ്ഞ കുറേ ഇലഞ്ഞിപൂക്കളുടെ സുഗന്ധം.

ഓര്‍മ്മകളില്‍ സുഗന്ധം മാത്രം ശേഷിപ്പിച്ച്‌ കടന്നുപോയ എന്‍റെ പ്രിയപ്പെട്ട ആ പൂക്കളെ ഇനിയും വേരറ്റു പോകാത്ത കാടുകളിലും ,ഇന്നും അന്യം നിന്ന് പോകാത്ത കാവുകളുടെ പുറം കാഴ്ചകളിലും ഞാന്‍ തേടിയിരുന്നു.

ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ മരത്തണലില്‍ എന്നെ കൊണ്ടു വന്നു നിര്‍ത്തിയ ആ അദൃശ്യ ശക്തി ഏതാണ്?.ആകാശമരത്തില്‍ നിന്നും  'പകല്‍നക്ഷത്രങ്ങള്‍' പൊഴിയുന്നുവോ ?.
ഭൂമിയില്‍ പൊഴിഞ്ഞു വീണ് കിടക്കുന്ന നക്ഷത്ര കുഞ്ഞുങ്ങളെ കണ്ട് ഒരു നിമിഷം സ്വപ്നമോ എന്ന് സംശയിച്ച്‌ മുകളിലേക്ക് നോക്കുമ്പോള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നുഒരു ചെറിയഇലഞ്ഞി മരം .

വഴിയരികില്‍ എവിടെയെങ്കിലും പൊഴിഞ്ഞു  വീണ ഇലഞ്ഞിപ്പൂക്കള്‍  കിട്ടിയാല്‍ എനിക്ക് വേണ്ടി കരുതാന്‍ നീ മറക്കണ്ട......."

ഓര്‍മ്മകളില്‍ വീണ്ടും "നക്ഷത്രങ്ങളുടെ സുഗന്ധം" .....................

ഇലഞ്ഞിമരചോട്ടില്‍ എന്നെ നോക്കി ചിരിച്ച്‌ ചിതറി കിടക്കുന്ന സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന പകല്‍ നക്ഷത്രങ്ങളെ ആവേശത്തോടെ പെറുക്കിയെടുത്തു ഞാന്‍ .ഒന്നല്ല ,രണ്ടല്ല ........കൈ നിറയുവോളം.
എന്‍റെ അരികില്‍ നിന്ന എനിക്കപരിചിതരായ കുരുന്നുകളുടെകാതുകളില്‍ പതുക്കെ ചൊല്ലി..... "ഇതാണ് ഇലഞ്ഞി പൂക്കള്‍.........ഒരുനാള്‍ ആകാശമരത്തില്‍ നിന്നും  ഭൂമിയില്‍ ചിതറി വീണ നക്ഷത്രകുഞ്ഞുങ്ങള്‍ .....
കാറ്റില്‍ ഉലഞ്ഞ മാനത്തിന്‍റെ  ചില്ലയില്‍ നിന്നു അടര്‍ന്നു വീണ പൊന്‍പൂക്കള്‍".

കൈകുമ്പിള്‍ നിറഞ്ഞപ്പോള്‍ മണത്തു നോക്കി.ഇതാകുമോ  "ആകാശത്തിന്‍റെ സുഗന്ധം ,നിലാവിന്‍റെയും  നക്ഷത്രങ്ങളുടെയും സുഗന്ധം"

സുഗന്ധം എന്നെ വഴി നടത്തുകയാണ് ,സംവത്സരങ്ങള്‍ പിന്നിലേക്ക്‌.കണ്ണടച്ചപ്പോള്‍  ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്ന ഭൂതകാലത്തിന് നഷ്ട്ട ബാല്യത്തിന്‍റെ നേര്‍ത്ത മധുരം...
 ഈ പ്രഭാതം എനിക്ക് കരുതിവെച്ച സമ്മാനം എനിക്കേറ്റവും പ്രിയപ്പെട്ടതാകുന്നു.

ഇന്നിന്‍റെ ബാല്യത്തിന്  ഓര്‍ക്കുവാന്‍ ഈ പൂക്കള്‍ ഒരു ഓര്‍മ്മകൂട്ടായെങ്കില്‍....!
കാലങ്ങള്‍ കഴിയുമ്പോള്‍ ഇവരില്‍ ഒരാളെങ്കിലും ഈ സുഗന്ധം സ്വപ്നത്തില്‍ നിറച്ച്‌  വീണ്ടും ഒരിലഞ്ഞി മരം തേടി നടക്കുമായിരിക്കും ....

അന്നും എവിടെയെങ്കിലും പൂവിട്ടു നില്‍ക്കുമായിരിക്കും ഈ ഇലഞ്ഞി മരങ്ങള്‍ .......

കാലം നമുക്കായി ഓരോന്ന് കരുതും.
നഷ്ട്ട സ്വപ്നങ്ങളില്‍ മറഞ്ഞവയെന്ന്‌ നമ്മള്‍ കരുതുന്ന ചിലതൊക്കെ  എത്ര വൈകിയാലും ഒരിക്കല്‍ നമുക്ക് തിരിച്ചു കിട്ടും.
കാത്തിരിപ്പിനൊടുവില്‍  കിട്ടുന്നത് ഏറെ പ്രിയകരവുമാകും ....

പ്രതീക്ഷകള്‍ ഒന്നും വ്യര്‍ത്ഥമല്ല.ഇന്നിന്‍റെ പ്രതീക്ഷകള്‍ പുലരിടുന്ന നാളെകള്‍ ആണല്ലോ........

എന്നും നിറമുള്ള സ്വപ്‌നങ്ങള്‍ കാണുവാന്‍ പഠിപ്പിച്ച ആ മനസ്സിന് ആയിരം നന്ദി ......