ഓർമ്മയിലെ ആ ഇൻസ്ട്രമെന്റ് ബോക്സ്........
കോപ്പിയടി ചാനൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുമ്പോൾ ആ അച്ഛന്റെ നെഞ്ചു തകരുന്ന കരച്ചിൽ വല്ലാതെ നോവിക്കുന്നു.പരീക്ഷ നടക്കുന്ന സമയത്ത് വിദ്യാർത്ഥി അഥവാ ഉദ്യോഗാർത്ഥി ഉത്തരങ്ങൾ കണ്ടെഴുത്തുക,ചോദിച്ചെഴുത്തുക, കേട്ടെഴുത്തുക തുടങ്ങിയവയെല്ലാം കോപ്പിയടി ഗണത്തിലാണ് വരിക. അതിന് ഉപയോഗിക്കുന്ന മാർഗങ്ങൾ, രീതികൾ വ്യത്യസ്തവും. അധ്യാപിക ആയിരുന്നതിനാലും പലതവണ ഇൻവിജിലേറ്റർ ആയി നിൽക്കേണ്ടി വന്നിട്ടുള്ളതിനാലും ഇത്തരം അനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്.
കുറേ വർഷങ്ങൾക്ക് മുൻപാണ്.സിസ്റ്റർ മാരുടെ ശിക്ഷണത്തിൽ വിജയകരമായി പോകുന്ന സ്‌കൂളിലെ പരീക്ഷാഹാളിൽ ആണ് സംഭവം..ആദ്യ സെമസ്റ്റർ പരീക്ഷ .24കുട്ടികൾ ഇരിക്കുന്ന പരീക്ഷാമുറി.പ്രാർത്ഥനാഗാനം കഴിഞ്ഞാൽ സ്‌പീക്കർ വഴി കുട്ടികൾക്കുള്ള നിർദേശങ്ങൾ ആണ് .ഞാനാകുന്ന ഇൻവിജിലേറ്ററി ന്റെ സാനിധ്യത്തിൽ, പരീക്ഷ തുടങ്ങി മണിക്കൂർ ഒന്ന് കഴിഞ്ഞു. മുറിയിൽ ഞാനും മുറിക്ക് പുറത്ത് പ്രിൻസിപ്പൽ സിസ്റ്ററും റോന്തു ചുറ്റുന്നു.സൂചി വീണാൽ കേൾക്കുന്ന നിശബ്ദത.മുന്നിലത്തെ ബെഞ്ചിൽ ഇരിക്കുന്ന കുട്ടി ഞാൻ അരികിലെത്തുമ്പോഴൊക്കെ വല്ലാതെ ഞെളിപിരി കൊള്ളുന്നു.. വെറുതെ ഇൻസ്ട്ര മെന്റ് ബോക്സ്ഒന്നു തുറന്നു നോക്കി. അവന്റെ മുഖം ചോരവാർന്ന പോലെ വിളറി.ഒന്നും ചോദിക്കാൻ പോയില്ല. ആരും കാണാതെ,ആരെയും അറിയിക്കാതെ ആ ബോക്സിൽ സ്‌കെയിലിന്റെ അടിയിൽ ഭംഗിയായി മടക്കി വെച്ചിരുന്ന തുണ്ട് പേപ്പർ ഞാനെടുത്തു.എഴുന്നേൽക്കാൻ തുടങ്ങിയ അവനെ തോളിൽ പിടിച്ച് ഞാൻ ഇരിക്കാൻ പറഞ്ഞു, പരീക്ഷ തുടർന്നു കൊള്ളുവാൻ ആംഗ്യത്തിലൂടെ അറിയിച്ചു.ഹാളിൽ അങ്ങനെ ഒരു സംഭവം നടന്നതായി ആരും അറിഞ്ഞില്ല.പരീക്ഷ തീരാൻ 10 മിനിട്ട് ബാക്കി ഉള്ളപ്പോൾ അവനോട് 'പരീക്ഷ കഴിഞ്ഞു ടീച്ചറിനെ കണ്ടിട്ടേ പോകാവൂ' എന്ന് കൂടി ഓർമ്മിപ്പിച്ചു.ആ കുട്ടി കോപ്പി കൊണ്ടു വന്നു എന്നത് സത്യം,അവൻ അത് പേപ്പറിൽ പകർത്തിയിട്ടില്ല എന്ന് ഉറപ്പ്. കുറ്റബോധത്തോടെ കണ്ണുകൾ നിറഞ്ഞ് ഒന്നും പറയാതെ തല കുനിച്ച് എന്റെ മുൻപിൽ നിന്ന ആ കുഞ്ഞിനെ ഇന്നും മറക്കാൻ പറ്റില്ല.
'സോറി ടീച്ചർ....ഇനി ഇത് ആവർത്തിക്കില്ല.' എന്ന് അവൻ പറഞ്ഞ വാക്ക് മതിയായിരുന്നു എനിക്ക്. 'കഴിഞ്ഞത് കഴിഞ്ഞു.....നാളത്തെ പരീക്ഷക്ക് പോയിരുന്നു നന്നായി പഠിക്കൂ' എന്ന് പറഞ്ഞയച്ചു.സ്‌കൂളിന്റെ പതിവനുസരിച്ച് ഇത്തരം സംഭവങ്ങൾ ഉടനെ റിപ്പോർട്ട് ചെയ്യണം .അത് ആ കുട്ടിയ്ക്ക് നന്നായി അറിയാം ,അതിന്റെ വരും വരായ്‌കകൾ എനിക്കും.
ഞാനത് റിപ്പോർട്ട് ചെയ്തില്ല ,മാത്രമല്ല സഹ അ ധ്യാപകരോട് ആരോടും അത് പറഞ്ഞതുമില്ല. ഒരു പക്ഷെ കോപ്പിയടി എന്ന ആ സാഹസം അവൻ ജീവിതത്തിൽ ആദ്യമായി ചെയ്തതും ആകാം. തെറ്റുകൾ ചെയ്താൽ ശിക്ഷ നൽകാം.എന്നാൽ പൊറുക്കുവാൻ കഴിയുന്ന തെറ്റുകണ്ടാൽ ഉടനെ ശിക്ഷിക്കുക എന്നതിലുപരി അത് തിരുത്താൻ അവസരം കൊടുക്കുകയാണ് അഭികാമ്യം.
പിന്നെയും പല തവണ എന്റെ മുൻപിൽ ഇരുന്ന് അവൻ പരീക്ഷ എഴുതിയിട്ടുണ്ട്. ഉയർന്ന മാർക്ക് കരസ്ഥമാക്കിയാണ് അവൻ സ്കൂൾ പഠനം പൂർത്തിയാക്കിയത്.ഉന്നത വിജയം നേടി ആ കുട്ടി ഇന്ന് എവിടെയോ ഉണ്ട്. എല്ലാ അധ്യാ പകരും ഇനി ഇങ്ങനെ ചെയ്യണം എന്ന് പറയുന്നില്ല. പക്ഷെ ഇത്തരം സന്ദർഭങ്ങളിൽ നാം എടുക്കുന്ന തീരുമാനങ്ങളാണ് മുഖ്യം.
ഒരു ഉത്തമ അധ്യാപിക അത്തരത്തിൽ ചെയ്യാൻ പാടില്ല എന്ന് പറയുന്നവരുണ്ടാകാം. ആ സംഭവം ഞാൻ റിപ്പോർട്ട് ചെയ്തിരുന്നു എങ്കിൽ എന്റെ അധ്യാപകവൃത്തിയെ അവർ വാഴ്‌ത്തി പ്പാടുമായിരുന്നിരിക്കാം .പക്ഷെ അവനെ ഓർത്ത് നെഞ്ച് തകർന്നു കരയുന്ന ഒരച്ഛന്റെ മുഖം എത്ര നാൾ എന്റെ ഉറക്കം കെടുത്തുമായിരിന്നു.....!!! അങ്ങനെ ശിഷ്ട ജീവിതത്തിൽ ഉറക്കമില്ലാത്ത ഒരു ഉത്തമ അധ്യാപിക ആകണ്ട എനിക്ക്......