Sunday, July 03, 2011

നക്ഷത്രങ്ങളുടെ സുഗന്ധം ......





അനന്തഗണത്തെ ഉദാഹരിച്ചു ഞാന്‍ നക്ഷത്രഗണങ്ങളെ പറഞ്ഞപ്പോള്‍ ആകാശ നക്ഷത്രങ്ങളെ എണ്ണിത്തിട്ടപ്പെടുത്താനാകുമെന്ന് എന്നോട് ആദ്യം പറഞ്ഞത്അവനാണ് . 

അവന്‍ ....നക്ഷത്രങ്ങളുടെ രാജകുമാരന്‍ . 

ഭൂമിയിലെ കാഴ്ചകളില്‍ മാത്രം ആവേശം കൊണ്ടിരുന്ന ഞാന്‍ പെട്ടെന്നൊരുനാള്‍ ആകാശക്കാഴചകളിലേക്ക് എന്‍റെ  വികാരങ്ങളെതളച്ചിട്ടതും അവന്‍ കാരണം...........

കാര്‍മേഘം നക്ഷത്രങ്ങളെ മറച്ച രാത്രികളിലോക്കെ എന്‍റെകിടപ്പ മുറിയുടെ മേല്‍ച്ചുവരില്‍ ഒട്ടിച്ചു വെച്ച തിളങ്ങുന്ന നക്ഷത്രങ്ങളെ ഞാന്‍ എത്രമേല്‍ വെളിച്ചത്തില്‍ നിന്നും മറച്ചുപിടിച്ചിരുന്നു. ഇത്തിരിപ്പോന്നനിലാ  വെളിച്ചം പോലും ആ നക്ഷത്ര തിളക്കം കുറയ്ക്കുമെന്ന് ഭയന്നു എന്‍റെ ജനലുകളുടെയും വാതിലുകളുടെയും പഴുതുകള്‍ അടച്ചു പൂട്ടി ഒറ്റയ്ക്ക് എത്ര രാത്രികള്‍...!
അപ്പോഴെല്ലാം ഞാന്‍ ഇരുട്ടിനെ സ്നേഹിച്ചിരുന്നു .കാരണം ഇരുട്ടിലായിരുന്നു നക്ഷത്രങ്ങള്‍ക്ക് കൂടുതല്‍ തിളക്കം,അവനും.


ആകാശത്ത് താരകള്‍ മറഞ്ഞ രാത്രികളില്‍  എന്‍റെ ആകാശച്ചുവരിലെ തിളങ്ങുന്ന നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്നും അവന്‍റെ ചുടുനിശ്വാസങ്ങള്‍ എന്‍റെ പിന്‍ കഴുത്തിനെ തഴുകി കടന്ന് പോയപ്പോള്‍താരാപഥത്തേക്കാള്‍  തിളക്കം എന്‍റെ കണ്ണുകള്‍ക്ക്   ആയിരുന്നുവോ?.

രാത്രിയിലെ തെളിഞ്ഞ ആകാശ ചെരിവുകളില്‍  അവന്‍ കാട്ടിത്തന്നിരുന്ന താരാഗണങ്ങളോട് എനിക്കെന്നു മുതല്‍ക്കാണ് അസൂയ തോന്നി തുടങ്ങിയത് ?എന്നെ തിരയുന്നതിനെക്കാള്‍ അവന്‍ അവരെ തിരയുന്നതറിഞ്ഞപ്പോഴോ ?എന്നെ പ്രണയിക്കുന്നതിനെക്കാള്‍ അവന്‍ അവരെ പ്രണയിക്കുന്നു എന്ന് അറിഞ്ഞപ്പോഴോ?.എന്‍റെ സ്വകാര്യ നിമിഷങ്ങള്‍ അവര്‍ കവര്‍ന്നെടുക്കുന്നു എന്ന് തോന്നിയിട്ടോ ?.

 "വഴിയരികില്‍ എവിടെയെങ്കിലും പൊഴിഞ്ഞു  വീണ ഇലഞ്ഞിപ്പൂക്കള്‍  കിട്ടിയാല്‍ എനിക്ക് വേണ്ടി കരുതാന്‍ നീ മറക്കണ്ട......."പാതി വഴി പിന്നിട്ടു പിരിയുമെന്നുറപ്പായ  വേളയില്‍   ഒരിക്കല്‍ അവന്‍ പറഞ്ഞു.

ഇലഞ്ഞി പൂക്കള്‍ ഒരുനാള്‍ ആകാശമരത്തില്‍ നിന്നും  ഭൂമിയില്‍ ചിതറി വീണ നക്ഷത്രകുഞ്ഞുങ്ങളാണത്രേ .....
കാറ്റില്‍ ഉലഞ്ഞ മാനത്തിന്‍റെ  ചില്ലയില്‍ നിന്നു അടര്‍ന്നു വീണ പൊന്‍പൂക്കള്‍ .

നക്ഷത്രത്തിന് സുഗന്ധമുണ്ടാകുമോ ?.

അങ്ങനെയെങ്കില്‍  ആകാശത്തിനും സുഗന്ധമുണ്ടാകും.നിലാവിന്‍റെയും  നക്ഷത്രങ്ങളുടെയും സുഗന്ധം.


ഇന്ന് ഈ സന്ധ്യയില്‍ 
മഴ പെയ്തൊഴിഞ്ഞ നടവഴിയില്‍ പൊഴിഞ്ഞു കിടന്ന ഇലഞ്ഞിപൂക്കളില്‍ കുറെ ഞാന്‍ പെറുക്കിയെടുത്തു ഇതില്‍ പകുതിയോളം അവനുള്ളതാണ്.ഇടവപ്പാതിക്ക് ഇലഞ്ഞി പൂക്കളുടെ ഗന്ധമാണെന്ന് പറഞ്ഞത് അവനായിരുന്നു,മഴയ്ക്ക് മണ്ണിന്‍റെ   സുഗന്ധമെന്ന് ഞാനും.
ഓരോ സുഗന്ധങ്ങളും പകരുന്ന  വികാരങ്ങള്‍ വ്യത്യസ്ഥമാണെന്ന് പഠിപ്പിച്ചതും  അവന്‍ .

അവന്‍ അരികില്‍ വന്നപ്പോഴെല്ലാം, ഞാന്‍ അറിഞ്ഞിരുന്ന സുഗന്ധം എതായിരുന്നു? ഒരിക്കല്‍ പോലും ഇലഞ്ഞി പൂക്കള്‍ കണ്ടിട്ടില്ലാത്ത എനിക്ക് അന്ന്ആ  സുഗന്ധം തിരിച്ചറിയാന്‍ കഴിയാതെ പോയി .
ഇന്ന് ,ഈ സന്ധ്യയില്‍ .....ഞാന്‍ തിരിച്ചറിയുന്ന സുഗന്ധം ഒന്ന് മാത്രം .......
ഈ മഴയ്ക്ക് മണ്ണിന്‍റെ   സുഗന്ധമല്ല .......എന്‍റെ കൈയിലെ ഇലഞ്ഞിപൂക്കളുടെ സുഗന്ധം....അവന്‍ അരികില്‍ ഉണ്ടായിരുന്നപ്പോഴെല്ലാം  ഞാന്‍ അറിഞ്ഞ അതേ സുഗന്ധം,ആയിരം നക്ഷത്രങ്ങള്‍ ഒന്നിച്ചു പൂവിട്ട ആകാശത്തിന്‍റെ സുഗന്ധം.

ഓര്‍മകളുടെ താളുകളില്‍ എത്ര പരതിയിട്ടും എനിക്കവന്‍റെ   മുഖം ഓര്‍ത്തെടുക്കുവാന്‍  കഴിയുന്നില്ലല്ലോ .
വയല്‍ പൂവുകളെ തഴുകി മഴ വീണ്ടും പെയ്തുതുടങ്ങി .പുഴകള്‍ നിറഞ്ഞ് ,തോടും കവിഞ്ഞ് മഴവെള്ളം ഒഴുകുന്നു . 
ഹൃദയത്തിലാണോ മഴനൂലുകള്‍  പെയ്തിറങ്ങുന്നത് ?.
ഓരോ നൂലിഴകളിലും നക്ഷത്രക്കുഞ്ഞുങ്ങള്‍ ചിരിക്കുന്നു .

നേരം ഏറെ ആയി .  ആകാശവയലുകള്‍  പൂവിടാന്‍ സമയമായി .
അറിയാതെ അടയുന്ന കണ്ണുകള്‍ക്ക്‌ മുന്‍പില്‍ അവന്‍ ........എന്‍റെ നക്ഷത്രങ്ങളുടെ രാജകുമാരന്‍ .
ആകാശത്തില്‍ നിറയെ തിളങ്ങുന്ന നക്ഷത്രങ്ങള്‍ .......തിളക്കമില്ലാത്തവ  എന്‍റെകൈക്കുമ്പിളിലും.
കാര്‍മേഘങ്ങള്‍ക്ക്  മേലേ താരാഗണങ്ങളോ !.
ഇരുട്ട് മൂടി തുടങ്ങി .


അവന്‍  ഇനിയും പോയിട്ടുണ്ടാകില്ല .....നിലാവുറങ്ങുന്ന താഴ്വരയില്‍ ,മഞ്ഞു മേഘങ്ങളുടെ പുതപ്പിനടിയില്‍   നക്ഷത്രക്കുഞ്ഞുങ്ങള്‍ക്ക് കൂട്ടായി ,എവിടെയെങ്കിലും അവന്‍  ഉണ്ടാകും......എന്നെയും കാത്ത് .......ഈ ഇലഞ്ഞി പൂക്കളും കാത്ത് .......
 കാത്തിരിപ്പിനൊടുവില്‍ എന്നെ കാണാതെ  വരുമ്പോള്‍   വീണ്ടും നക്ഷത്രങ്ങളെ തേടി അവന്‍ പോയാലോ ?.

കൈകളില്‍ നിറച്ച ഇലഞ്ഞിപൂക്കളുമായി അവനരികില്‍ ഓടി എത്താന്‍ കാലിലെ ഈ ഇരുമ്പു ചങ്ങലകള്‍ സമ്മതിക്കുന്നില്ലല്ലോ ഈശ്വരാ...........





കുറിപ്പ് :ചിത്രം കടപ്പാട് ഗൂഗിള്‍  

20 comments:

  1. സുജാ..
    നന്നായി എഴുതി.. ആകാശങ്ങളും..നക്ഷത്രങ്ങളും..മനസിലേക്ക് പെയ്തിറങ്ങി.. ഇലഞ്ഞികളുടെ ഗന്ധം എനിക്ക് ചുറ്റും പരക്കുന്നതായി തോന്നി..മനോഹരമായ ഒരു രാത്രി നേരുന്നു
    ബിന്ദു

    ReplyDelete
  2. പ്രണയത്തിന്റെ ഒരു വല്ലാത്ത അവസ്ഥ ആണല്ലോ

    ReplyDelete
  3. കാത്തിരിപ്പിനൊടുവില്‍ എന്നെ കാണാതെ വരുമ്പോള്‍ വീണ്ടും നക്ഷത്രങ്ങളെ തേടി അവന്‍ പോയാലോ ?.
    പോകാതിരിക്കട്ടെ...!

    ReplyDelete
  4. അവസാന വരിയില്‍ ഒരു ഞെട്ടല്‍ ഒളിപ്പിച്ചിരുന്നു...

    എന്റെ കുട്ടിക്കാലത്തെ പ്രഭാതങ്ങള്‍ക്ക് ഇലഞ്ഞി പൂക്കളുടെ മണമായിരുന്നു. അതൊക്കെ ഓര്‍ത്തുപോയി. പ്രണയത്തിന്റെ ഗന്ധം....

    ReplyDelete
  5. നന്നായി പറഞ്ഞു, ആ പെയിന്റിംഗ് സുജ ചെയ്തതാണോ ? അത് എനിക്കൊത്തിരി ഇഷ്ടായി.

    ReplyDelete
  6. ..ബന്ധനത്തില്‍നിന്ന് മോചിതയാവട്ടെ..
    നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്നും കൂട്ടായിരിക്കട്ടെ..!
    ആ പവിത്രബന്ധം ജന്മാന്തരങ്ങള്‍ നീളട്ടെ..!!

    ഇഷ്ട്ടപ്പെട്ടു. നല്ല ശൈലികൊണ്ട് ഭംഗിയായി അവതരിപ്പിച്ചു.
    ഒത്തിരിയാശംസകള്‍...!!!

    പറയാതെ വയ്യ. പെയിന്റിംഗ് മനോഹരമായിരിക്കുന്നു.!

    ReplyDelete
  7. നല്ല എഴുത്ത്.
    ഇഷ്ടപ്പെട്ടു!

    ReplyDelete
  8. നന്നായി പറഞ്ഞു സുജാ..ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം വാക്കുകളിൽ..കാലിലെ ചങ്ങലകൾ മനസ്സിൽ വിമ്മിഷ്ടമായി...നക്ഷത്രങ്ങളും ഭൂമിയും ഒക്കെ കഥാപാത്രങ്ങളായപ്പൊ കഥ ഒന്നു കൂടെ കൊഴുത്തു...പെയിന്റിംഗ് അതിന്റെ മോടി കൂട്ടി

    ReplyDelete
  9. ആയിരം നക്ഷത്രങ്ങള്‍ ഒന്നിച്ചു പൂവിട്ട ആകാശത്തിന്‍റെ സുഗന്ധം
    ഈ വരികള്‍ വളരെ മനോഹരമാണ് ..
    നമ്മെ എപ്പൊഴു ജിവിപ്പിക്കുന്ന ഗന്ധം
    ഒരു ഹായ് പിടിച്ചോ

    ReplyDelete
  10. പാലപ്പൂവിന്റെ സുഗന്ധം പരത്തിയ വരികള്‍..അതിനു മകുടം ചാര്‍ത്താന്‍ ആയിരം വാക്കുകളേക്കാള്‍ ശക്തിയുള്ള പെയ്ന്റിങ്ങും..അതീവ സുന്ദരം...ആശംസകള്‍...

    ReplyDelete
  11. നന്നായി സുജാ ..എല്ലാ ആശംസകളും...

    ReplyDelete
  12. സുഗ്നന്ധം ചിലര്‍ക്കത് തന്നെയാണ് ജീവിതവും അതുവഴി തന്നെയാണ് ജീവനവും. മറ്റു ചിലര്‍ക്ക് സുഗന്ധമെന്നാല്‍: അതേത് സുഗന്ധവും ജയിക്കാത്ത, വിയര്‍പ്പു ബാക്കിവെക്കുന്ന ഉപ്പു പരലുകളാണ്. തീര്‍ച്ച, അത്തരക്കാരുടെ ജീവിതത്തിനു വേഗത കൂട്ടുന്നത്‌ ഈ വിയര്‍പ്പിന്‍റെ മണമൊന്നു മാത്രമാണ്.

    സുജയുടെ വയല്പൂവുകള്‍ക്ക് ആ ഗന്ധമേറെ പരിചിതമത്രേ.!!

    കഥക്കും കഥാകൃത്തിനും അഭിനന്ദനങ്ങള്‍..!!

    ReplyDelete
  13. നന്നാവട്ടേ ഇനിയും എല്ലാ ആശംസകളൂം

    ReplyDelete
  14. ഈ കഥയിലും അനുഗ്രഹീതമായ സാഹിത്യ സൌരഭം.ഇതുൾപ്പെടെ മിക്ക കഥകളും പ്രകൃതിയുമായി ഏതെങ്കിലും തരത്തിൽ ഇഴുകിച്ചേർന്നു കാണുന്നു. ഓർമ്മകളിലെ ഗൃഹാതുരതയുടെ സുതാര്യ സ്പർശങ്ങളും. ഇനിയും എഴുതുക. മലയാള കഥാസാഹിത്യത്തിൽ ശ്രദ്ധേയമായ ഒരിടം ആശംസിക്കുന്നു!

    ReplyDelete
  15. വായനക്ക് നല്ലൊരു അനുഭൂതി നല്‍കുന്ന എഴുത്ത്.
    താരാഗണങ്ങളും, നിലാവും, ആകാശവും, നക്ഷത്രരാജകുമാരനുമൊക്കെയായി വ്യത്യസ്തമായൊരു ഭാവം. അവസാനവരി കഥയെ മറ്റൊരു തലത്തില്‍ ചിന്തിപ്പിക്കുന്നു എങ്കിലും രചനയോട് ചേരാതെ വേറിട്ട് നില്‍ക്കുന്നതായി ചെറുതിന് തോന്നി.

    ‘രാത്രിയിലെ തെളിഞ്ഞ ആകാശ ചെരിവുകളില്‍‘ എന്ന് തുടങ്ങുന്ന ഭാഗം കൂടുതല്‍ ഇഷ്ടപെട്ടു. ചിത്രത്തിന് കടപ്പാട് ആരോടാണ്? സ്വന്തം കട: ആണെങ്കില്‍ അഭിനന്ദനാര്‍ഹം തന്നെ.

    ReplyDelete
  16. നക്ഷത്രം ഒരു വലിയ തീക്കട്ടയെന്നും
    പിന്നെയത് കരിക്കട്ടയാവുമെന്നുംതന്നെ
    പറഞ്ഞുവെക്കുന്നു
    ഈ കാലം...

    ReplyDelete
  17. കഥക്കും കഥാകാരിക്കും എന്റെ അഭിനന്ദനങ്ങൾ....ഭാവതിവ്രമായ രചന...നേരം ഏറെ ആയി . ആകാശവയലുകള്‍ പൂവിടാന്‍ സമയമായി.അറിയാതെ അടയുന്ന കണ്ണുകള്‍ക്ക്‌ മുന്‍പില്‍ അവന്‍ ........എന്‍റെ നക്ഷത്രങ്ങളുടെ രാജകുമാരന്‍ ...ആകാശത്ത് താരകള്‍ മറഞ്ഞ രാത്രികളില്‍ എന്‍റെ ആകാശച്ചുവരിലെ തിളങ്ങുന്ന നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്നും അവന്‍റെ ചുടുനിശ്വാസങ്ങള്‍ എന്‍റെ പിന്‍ കഴുത്തിനെ തഴുകി കടന്ന് പോയപ്പോള്‍താരാപഥത്തേക്കാള്‍ തിളക്കം എന്‍റെ കണ്ണുകള്‍ക്ക് ആയിരുന്നുവോ?. ചേതോഹരമീരചന...എത്താൻ അല്പം വൈകി.... ഒരു കഥക്ക് വേണ്ടുന്ന എല്ലാഘടകങ്ങളും ഈ കഥയിൽ ഒത്ത് ചേർന്നിരിക്കുന്നൂ...കഥാന്ത്യത്തിലെ സസ്പെൻസ് കഥയെ മറ്റൊരു തലത്തിൽ എത്തിച്ചിരിക്കുന്നൂ... എല്ലാ ഭാവുകങ്ങളൂം,ഈ നല്ല രചനക്ക്....

    ReplyDelete
  18. കാവ്യാത്മകമായ ബിംബകല്‍പനകള്‍.മനോഹരമായ എഴുത്ത്.
    ആശംസകള്‍

    ReplyDelete
  19. ഓരോവരിയിലും പ്രകൃതിയുടെ തുടിപ്പ്.. മനോഹരമായെഴുതി..

    ReplyDelete
  20. "ഇലഞ്ഞി പൂക്കള്‍ ഒരുനാള്‍ ആകാശമരത്തില്‍ നിന്നും ഭൂമിയില്‍ ചിതറി വീണ നക്ഷത്രകുഞ്ഞുങ്ങളാണത്രേ ....."

    ചങ്ങലകിലുക്കം ഇഷ്ടപ്പെട്ടില്ല....

    ReplyDelete

daemon tools, limewire