Monday, August 08, 2011

വൈകിവന്ന മഴമേഘപ്രാവുകള്‍
ഓഗസ്റ്റ്‌ 9 .....പുലര്‍ വെയില്‍ വെട്ടത്തില്‍ ഭൂമിയിലെ കുറെ ആത്മാക്കള്‍ മാനത്ത്  ഇരുണ്ടു കൂടുന്ന കാര്‍ മേഘ പാളികളോട് ദയനീയമായി ചോദിച്ചു .

"അന്ന് നിങ്ങളെന്തേ ഞങ്ങളുടെ രക്ഷക്കെത്തിയില്ല?.
ഒരു മേഘ പാളി കൊണ്ടെങ്കിലും  ഞങ്ങള്‍ക്ക് നിങ്ങള്‍ മറ തീര്‍ത്തിരുന്നുവെങ്കില്‍.  ......
ഒരല്പ്പ നേരത്തേക്കെങ്കിലും ഞങ്ങളെ മൂടി പുതച്ച് നിങ്ങളൊന്ന്  നിന്നിരുന്നു വെങ്കില്‍ ............."

ഉത്തരം പറയുവാനാകാതെ മാനം നിറഞ്ഞ കാര്‍മേഘങ്ങള്‍ കണ്ണീര്‍ പൊഴിച്ചു.
ഭൂമിയില്‍ വീണുടയും മുന്‍പ് ഓരോ മഴ തുള്ളികളും പറഞ്ഞിട്ടുണ്ടാകും ,

 "ഞങ്ങള്‍ വന്നിരുന്നു .......ഓടിക്കിതച്ചെത്തിയിരുന്നു .....അപ്പോഴേക്കും വളരെ വൈകിപ്പോയി.................."   എന്ന് .........ഹിരോഷിമ ,നാഗസാക്കി .ക്യോട്ടോ ,കോക്കുറോ -  1945 രണ്ടാം ലോകമഹായുദ്ധ കാലത്ത് അണുബോംബ്‌ വര്‍ഷിക്കാന്‍ അമേരിക്ക കണ്ടെത്തിയ ജപ്പാന്‍ നഗരങ്ങളായിരുന്നു ഇവ.ആഗസ്റ്റ്‌ 6 ന്‌   ഹിരോഷിമ ഒരുനിമിഷ നേരം കൊണ്ട് കത്തിയമര്‍ന്ന ശേഷം രണ്ടാമത്തെ ആക്രമണത്തിന് തിരഞ്ഞെടുക്കപ്പെട്ടത് കോക്കുറ നഗരമായിരുന്നു .1945 ആഗസ്റ്റ്‌ 9 ,അമേരിക്കയുടെ  ബി-29  ബോംബര്‍ വിമാനം "ഫാറ്റ് മാന്‍ "എന്ന അണു ബോംബും വഹിച്ചു കോക്കുറയെ ലക്ഷ്യമാക്കി പറന്നു .എന്നാല്‍ മഞ്ഞു മൂടി മേഘം നിറഞ്ഞ മാനം കോക്കുറ നഗരത്തെ രക്ഷിക്കുകയായിരുന്നു .അന്തരീക്ഷം വ്യോമാക്രമണത്തിന് അനുകൂലമല്ലാത്തതിനാല്‍ അവസാന നിമിഷം ആ ദുരന്തം നാഗസാക്കി ഏറ്റെടുക്കുകയായിരുന്നു .

അന്ന് ജപ്പാന്‍ സമയം 7 .50  നാഗസാക്കി  ആകാശത്തില്‍ ബി-29  വട്ടമിട്ടു പറന്നു  .

ആകാശം  മറയ്ക്കാന്‍   ഒരു കാര്‍മേഘം ഓടിക്കിതച്ച്  നാഗസാക്കിയില്‍ എത്തും മുന്‍പേ 11 .01 ന്‌ 43  സെക്കന്റ്‌ കൊണ്ട് എല്ലാം അവസാനിച്ചു.
 3900 ഡി. സെ.ചൂടില്‍ നാഗസാക്കിയെ തീ നാളങ്ങള്‍ ചുട്ടുകരിച്ചു കളഞ്ഞു .
80000 നിരപരാധികള്‍ പിടഞ്ഞു മരിച്ചു, ഒന്ന് നിലവിളിക്കുവാന്‍ പോകും ആകാതെ .

അമേരിക്കന്‍ ടാര്‍ജെറ്റ് കമ്മറ്റി ആക്രമണത്തിന് നിര്‍ദേശിച്ചതില്‍ ഉള്‍പ്പെട്ട മറ്റൊരു നഗരമായ ക്യോട്ടോ അവസാന നിമിഷം   ഒഴിവാക്കപ്പെട്ടതിന് പിന്നില്‍ നിരീക്ഷകര്‍ പറയുന്ന കാരണം വേറൊന്നാണ്‌   .അന്നത്തെ അമേരിക്കന്‍ യുദ്ധകാര്യ സെക്രട്ടറിയാണത്രെ ക്യോട്ടോ നഗരത്തെ ബോംബിങ്ങില്‍ നിന്നും രക്ഷപ്പെടുത്തിയത് .തന്‍റെ ഭാര്യയോടൊപ്പം മധുവിധു നാളുകള്‍ ചിലവഴിച്ച ക്യോട്ട്യോ നഗരത്തെ നശിപ്പിക്കാന്‍ അദ്ദേഹത്തിന് സമ്മതമില്ലായിരുന്നു എന്നാണ് കൗതുകകരമായ വെളിപ്പെടുത്തല്‍ .

ഹിരോഷിമ  അന്ന് 

ദുരന്തത്തിന്‍റെ ഓര്‍മ്മകള്‍ ശേഷിപ്പിച്ച്‌-ഇന്ന് ഹിരോഷിമ നാഗസാക്കി -ഓഗസ്റ്റ്‌ 9    1945


നാഗസാക്കി -പുനര്‍ജ്ജന്മം 

വെളിപ്പെടുത്തലുകളും ,സത്യങ്ങളും തിരിച്ചറിയുവാനാകാതെ , നാഗസാക്കിയില്‍ ഇന്ന് ആകാശം മൂടി മഞ്ഞു മേഘങ്ങള്‍ വന്നിട്ടുണ്ടാകാം .

ഒരിക്കല്‍ അവിടെ എത്തുവാന്‍ വൈകിപ്പോയ ആ നിമിഷത്തെയോര്‍ത്ത് അവര്‍ വേദനിക്കുന്നുമുണ്ടാകാം.

 ഉത്തരം പറയാനാവാത്ത ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ കണ്ണീര്‍ മേഘങ്ങള്‍ മഴയായി പെയ്യുന്നുണ്ടാകുമോ ?.ഇന്ന് എന്‍റെ ആകാശം  മറച്ചൊരു കാര്‍മേഘമെത്തുമ്പോള്‍ , ഓരോ മേഘവും മഴയായി  കൊഴിയുമ്പോള്‍...... വേദനയോടെ ഓര്‍ത്തു പോകുന്നു 

യുദ്ധങ്ങള്‍ ഒന്നിനും പരിഹാരമല്ല.
ഒരു ജനതയും യുദ്ധത്തില്‍ സന്തോഷിക്കുന്നില്ല .
വേദനകള്‍ നിറയുന്ന ഓര്‍മ്മകള്‍ മാത്രമേ ഓരോ യുദ്ധങ്ങളും ശേഷിപ്പിക്കുന്നുള്ളൂ........

ഹിരോഷിമയിലും ,നാഗസാക്കിയിലും ജീവിതം ഹോമിക്കപ്പെട്ട നിരപരാധികളുടെ ഓര്‍മകളില്‍ ......ഓരോ യുദ്ധവും തിരിച്ചുനല്‍കുന്ന വേദനയില്‍.....
നമുക്ക് വീണ്ടും  പ്രാര്‍ത്ഥിക്കാം .

ഈ  ലോക സമാധാനത്തിനായ് .....
കുറിപ്പ് :ചിത്രങ്ങള്‍ക്ക് കടപ്പാട്  ഗൂഗിള്‍ 

17 comments:

 1. അതെ... നമുക്ക് പ്രാര്‍ത്ഥിക്കാം, ലോക സമാധാനത്തിനായ് ... മറ്റൊന്നും നമ്മെക്കൊണ്ടാവില്ലല്ലോ !
  നല്ല പോസ്റ്റ്‌ സുജാ ...

  ReplyDelete
 2. യുദ്ധങ്ങള്‍ ഒന്നിനും പരിഹാരമല്ല.
  ഒരു ജനതയും യുദ്ധത്തില്‍ സന്തോഷിക്കുന്നില്ല .
  വേദനകള്‍ നിറയുന്ന ഓര്‍മ്മകള്‍ മാത്രമേ ഓരോ യുദ്ധങ്ങളും ശേഷിപ്പിക്കുന്നുള്ളൂ........ മനസ്സുകൾ തമ്മിലുള്ള യുദ്ധങ്ങളും..... നല്ല ലേഖനം......

  ReplyDelete
 3. സുടാകോ വിന്റെ സ്വപ്നം
  ആയിരം കടലാസ് പറവകളായ്
  ഈ നീല വാനില്‍ പറക്കട്ടെ !!

  ReplyDelete
 4. ഉത്തരം പറയാനാവാത്ത ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ കണ്ണീര്‍ മേഘങ്ങള്‍ മഴയായി പെയ്യുന്നുണ്ടാകുമോ ?

  സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ വാനിലെങ്ങും പറക്കട്ടെ..!
  ശാന്തിയുടെ കുളിരല ഓരോമനസ്സിലും നിടയട്ടെ..!

  ആശംസകള്‍..!

  ReplyDelete
 5. വിജയേട്ടന്റെ വാക്കുകള്‍ കടമെടുക്കുന്നു..
  യുദ്ധം ചെയ്തേ തീരൂ എങ്കില്‍ ഒന്ന് നേരെ നിന്ന് മല്ലുപിടിച്ചാല്‍ മതിയല്ലോ. അല്ലെങ്കില്‍ നേരെനിന്നു വക്കാണിച്ചാല്‍ . കോഴിപ്പോര് നടത്തിയോ അരിമണി വാരി ഒറ്റയോ ഇരട്ടയോ എന്ന് വാതുവച്ചോ ജയാപജയങ്ങള്‍ നിര്‍ണയിക്കാം. അങ്ങനെ മഹായുദ്ധങ്ങളോളം തന്നെ ബുദ്ധിഹീനങ്ങളും എന്നാല്‍, അവയെ പോലെ ജീവനഷ്ടങ്ങള്‍ വരുത്താത്തതുമായ വഴികള്‍ പലതുമുണ്ടായിരുന്നു.
  (ധര്‍മ്മപുരാണം)

  വളരെ നന്നായിരിക്കുന്നു സുജചേച്ചി.. ഒരു മുറിപ്പാടിന്റെ ഓര്‍മ്മപെടുത്തല്‍.. സമാധാനത്തിന്റെ നല്ല നാളെകള്‍ നമുക്ക് സ്വപ്നം കാണാം.. നിത്യതയുടെ ആയിരം കടലാസു കൊറ്റികളെ നമ്മുക്കൊരുമിച്ചു തീര്‍ക്കാം.. ആശംസകള്‍ ഈ സുമനസ്സിനു...

  ReplyDelete
 6. ആ കാര്‍മേഘങ്ങളോട് ഞാനും ചോദിച്ചു , എന്തേ എന്‍റെ സഹോദരങ്ങളെ രക്ഷിച്ചില്ല എന്ന്...?.
  ഇന്ന് പെയ്യുന്ന ഒരു മഴതുള്ളികളിലും ഞങ്ങളുടെ പ്രായക്ശിതം ഉണ്ടെന്നു അവര്‍ മറുപടിയും പറഞ്ഞു.
  ആ ദുരന്തത്തിന്റെ ഓര്‍മകളുടെ വേദന ഹൃദ്യമായി പറഞ്ഞ ഈ സചിത്ര ലേഖനം വളരെ നന്നായി.
  നമുക്ക് വീണ്ടും പ്രാര്‍ത്ഥിക്കാം .

  ഈ ലോക സമാധാനത്തിനായ്

  ReplyDelete
 7. സമാധാനത്തിന്റെ വയല്‍ പൂക്കള്‍ വീണ്ടും വിരിഞ്ഞു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരത.
  ദൈവം പോലും അതിനു മാപ്പ് തരില്ല. ലോക മനുഷ്യ സമൂഹത്തില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറക്കുവാന്‍
  ഇങ്ങനെയുള്ള ബ്ലോഗുകള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയി വരുന്നത് വളരെ അഭിനന്ദര്‍ഹമാണ്.
  ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം..
  www.ettavattam.blogspot.com

  ReplyDelete
 8. നല്ല പോസ്റ്റ്
  ഇനിയെങ്കിലും ഇങ്ങനെയൊരു ദുരന്തം നമുക്ക് കാണാന്‍ കഴിയതിരികട്ടെ എന്നും പ്രാര്‍ത്ഥിക്കാം

  ReplyDelete
 9. അതെ നമുക്ക് വീണ്ടും പ്രാര്‍ത്ഥിക്കാം ലോക സമാധാനത്തിനായ്..പ്രസക്താമായ പോസ്റ്റ്‌...അഭിനദ്ധങ്ങള്‍

  ReplyDelete
 10. വേദനകള്‍ നിറയുന്ന ഓര്‍മ്മകള്‍ മാത്രമേ ഓരോ യുദ്ധങ്ങളും ശേഷിപ്പിക്കുന്നുള്ളൂ....

  ReplyDelete
 11. ഇനിയൊരു യുദ്ധം നടക്കാതിരിക്കണം എന്നാഗ്രഹിച്ചിട്ടും കാര്യമൊന്നുമില്ല. നമ്മളല്ലല്ലോ അതൊന്നും തീരുമാനിക്കുന്നത്. ലോകത്ത് അശാന്തിയ്ക്ക് ഇനിയും ഒരു ഫുൾസ്റ്റോപ്പ് ആരും ഇട്ടിട്ടില്ലല്ലോ! ആർക്കുവേണ്ടിയാണീ യുദ്ധങ്ങൾ? ഏതെങ്കിലും രാജ്യത്തിലെ ഭൂരിപക്ഷജനത ഒരു യുദ്ധം ആഗ്രഹിക്കുമോ? അപ്പോൾ ഓരോ യുദ്ധവും ജനാധിപത്യ വിരുദ്ധമാകുന്നു. ജനങ്ങൾക്ക് വേണ്ടിയല്ലാതെ, അവർ ആഗ്രഹിക്കാതെ നടക്കുന്നതെന്തും ജനധിപത്യ വിരുദ്ധമാണ്.യുദ്ധത്തിന്റെ ഈ ജനവിരുദ്ധതയെ നമുക്ക് തുറന്നുകാട്ടാൻ ശ്രമിക്കാം!

  ReplyDelete
 12. നല്ല പോസ്റ്റ്‌.. സമാധാനത്തിന്റെ മേഘങ്ങള്ക്കയുള്ള പ്രാര്‍ഥനയില്‍ പങ്കു ചേരുന്നു..

  ReplyDelete
 13. എല്ലാവരും സമാധാനം കാംഷിക്കുന്നു പക്ഷെ ഇന്നെവിടെയും മനസ്സില്‍ പോലും ഇല്ലതത്തും സമാധാനം

  ReplyDelete
 14. പറന്നണയാന്‍ ഏറെ വൈകി.
  "ശക്തമായ രചന".
  അതുകൊണ്ട്
  ഈ വയല്‍വരമ്പില്‍
  ഒരു കൂട് കൂട്ടി.

  ReplyDelete
 15. ഓരോ യുദ്ധത്തിന്റെയും ബാക്കി പത്രങ്ങളെ വായിക്കുമ്പോള്‍ നെടുവീര്‍പ്പു മാത്രമാണ് ഉണ്ടാകുക.

  യുദ്ധങ്ങള്‍ ഒന്നിനും പരിഹാരമല്ല.
  ഒരു ജനതയും യുദ്ധത്തില്‍ സന്തോഷിക്കുന്നില്ല .
  വേദനകള്‍ നിറയുന്ന ഓര്‍മ്മകള്‍ മാത്രമേ ഓരോ യുദ്ധങ്ങളും ശേഷിപ്പിക്കുന്നുള്ളൂ........


  സുജ,നല്ല പോസ്റ്റ് എന്ന് പറയുവാന്‍ മനസ്സ് വരുന്നില്ല.എന്നെ വേദനിപ്പിച്ച പോസ്റ്റ്

  ReplyDelete
 16. വായിക്കാന്‍ വൈകിപ്പോയ കാലിക പ്രസക്തിയുള്ള ഒരു നല്ല പോസ്റ്റ്‌ ..

  ReplyDelete
 17. മഴമേഘങ്ങള്‍ രക്ഷകരായത് പുതിയ അറിവായിരുന്നു, സുജ!

  ഈ ഓര്‍മ്മപ്പെടുത്തല്‍ മുറിപ്പെടുത്തുന്നു!

  ഒരു പക്ഷേ, അത് ഇന്ത്യയിലായിരുന്നെങ്കില്‍, ഈ ജനതയുടെ കാഴ്ചപ്പാട് തന്നെ മാറിയേനെ..(?), സ്ഥിരോത്സാഹത്തോടെ പുരോഗതിയിലേക്ക് കുത്തിക്കുവാനുള്ള ഒരു വാശി ജനിക്കുമായിരുന്നോ?

  നല്ല പോസ്റ്റ്!

  ReplyDelete

daemon tools, limewire