Thursday, September 08, 2011

ഗന്ധങ്ങളുടെ താരതമ്യപഠനം



 കടങ്ങളില്ല ബാധ്യതകളില്ല ,സന്തോഷങ്ങളില്ല ,സങ്കടങ്ങളില്ല ,സ്വന്തമെന്നു പറയാന്‍ ഒരു സ്വപ്നം പോലുമില്ല. അങ്ങനെ ഒരാള്‍ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അത് മറ്റാരുമല്ല കരോള്‍ ബാഗ്  മെട്രോ സ്റ്റേഷനിലെ റിക്ഷാക്കാരന്‍  ഗബ്രിയേല്‍ എന്ന "ഗബ്രി" തന്നെ.
ആഴ്ചയിലെ ഒരു പകുതി റിക്ഷാ ഓട്ടവും ,ബാക്കിപ്പ കുതി ഗഫാര്‍ മാര്‍ക്കറ്റിലെ ചുമട്ട് ജോലിയും കഴിഞ്ഞാല്‍ഗബ്രിയേലിന്‍റെ  രാത്രികള്‍ ,പഹാഡ് ഗഞ്ചിലെ ഇരുണ്ട ഏതെങ്കിലും  ഗലിയിലോ ,കരോള്‍ ബാഗിലെ തന്‍റെ വാടക റിക്ഷയിലോ ആവും ,അതുമല്ലെങ്കില്‍ ചൗരി ബാസാറിലെ  പ്രിയങ്ക സൈഗാളിന്‍റെ നരച്ച പുതപ്പിനടിയില്‍.  

ഗബ്രിയേലിന്‍റെ  വിയര്‍പ്പിന്  ഗഫാര്‍ മാര്‍ക്കറ്റിലെ കുതിരച്ചാണകത്തിന്‍റെ  ഗന്ധമാണെന്ന്  പറഞ്ഞത് സോനാര്‍ ഗലിയിലെ വസന്ത പഞ്ചമിയെന്ന തോവാളക്കാരി തമിഴത്തിയാണ്.മാസ പിരിവിനെത്തുന്ന മാര്‍വാഡിക്കും ഇതേ ഗന്ധമാണത്രേ .അല്ലെങ്കില്‍ ത്തന്നെ ഗന്ധങ്ങളുടെ ഈ താരതമ്യ പഠനം ഗബ്രിയേലിന്  അത്ര വശമില്ല .
നഗരം ക്ഷീണിച്ചുറങ്ങുന്ന പല രാത്രികളിലും ഉറക്കമില്ലാത്ത ഗബ്രിയേലിന് തോവാളയിലെ മല്ലികപൂവിനും , പ്രിയങ്കാ സൈഗാളിന്‍റെ  വാസനതൈലമായ   ക്ലിയോപാട്രക്കും ഒരേ ഗന്ധം.
ഗഫാര്‍ മാര്‍ക്കറ്റില്‍ ഒലിച്ചിറങ്ങുന്ന പകലുകളില്‍ ഇന്നേവരെ ഒരിക്കല്‍ പോലും കുതിര ചാണകത്തിന്‍റെ ഗന്ധം തിരിച്ചറിയാന്‍ ഗബ്രിയേല്‍ ശ്രമിച്ചിട്ടുമില്ല .
പണ്ട് നാഗര്‍കോവിലില്‍ നിന്നും പളനിച്ചാമിയോടൊപ്പം വണ്ടി  കയറുമ്പോള്‍ വസന്ത പഞ്ചമിഒരിക്കല്‍ പോലും  ഓര്‍ത്തുകാണില്ല തന്‍റെ  കെട്ടിയവന് കുതിര നോട്ടമാണ് പണിയെന്ന്.കുതിരയെ കഴുകി ,ചാണകം വാരി മടുത്തൊരു രാത്രിയില്‍ എല്ലാം ഉപേക്ഷിച്ച്‌ പളനിച്ചാമി ഒരു തെലുങ്കത്തിയോടൊപ്പം പോയപ്പോള്‍ ഒറ്റപ്പെട്ടുപോയ "വസന്തം" പിന്നെ പൂത്തുലഞ്ഞതും  ഇതേ കുതിരച്ചാണകത്തില്‍ ......  വര്‍ഷങ്ങളോളം പരിചയപ്പെട്ട മണം എവിടെ പോയാലും   ഇന്നും തിരിച്ചറിയും വസന്ത പഞ്ചമി,ജന്മനാടായ തോവാളയിലെ പൂക്കളുടെ സുഗന്ധത്തേക്കാള്‍.

ഗന്ധങ്ങളെ വേര്‍തിരിച്ചറിഞ്ഞിരുന്ന കുറേ പകലുകള്‍ പണ്ട്  ഗബ്രിയേലിനും ഉണ്ടായിരുന്നു .അതിനൊരു ഇരുപതാണ്ട് പിന്നിലേക്ക്‌ പോകണം.
ഓര്‍മകളില്‍ "അപ്പന്‍ "എന്നതിന് കൃത്യമായി ഒരു രൂപം മനസ്സിലില്ലാത്തവനായിരുന്നു ഗബ്രിയേല്‍ .അമ്മച്ചി ഒരിക്കല്‍ പോലും അങ്ങനെ ഒരാളെക്കുറിച്ച് ഗബ്രിയേലിനോട് പറഞ്ഞിട്ടില്ല എന്നതാണ് സത്യം  .ഇടവക പള്ളിയിലെ കുശിനിക്കാരന് ഗബ്രിയേലിന്‍റെ   ഛായ ഉണ്ടെന്നത് മറ്റൊരു  നാട്ടു വര്‍ത്തമാനം.
മറിയ ചേടത്തിക്ക്  അവിഹിതത്തില്‍ പിറന്നവന്‍  ഗബ്രിയേല്‍ ,അംഗീകരിക്കപ്പെട്ടവള്‍ ,  മകള്‍  ആലീസ്സ്.
ആലീസ്സിന്‍റെ അപ്പന്‍ പണ്ടേ മരിച്ചുപോയത്രേ .പിന്നെയെപ്പോഴോ അര വയറിനു അന്നമൂട്ടാന്‍ പോയ മറിയ ചേടത്തിയുടെ വയറ്റില്‍  പിറന്നു പോയവന്‍ ഗബ്രിയേല്‍ .കര്‍ത്താവിന്‍റെ തിരുരൂപത്തി നു മുന്നില്‍ നില്‍ക്കുമ്പോള്‍ "എന്‍റെ അമ്മച്ചിക്ക് ദിവ്യ ഗര്‍ഭത്തില്‍ ഉണ്ടായവന്‍ ഞാന്‍ "എന്ന്‌ കുഞ്ഞുഗബ്രിയേല്‍ സ്വയം അഭിമാനിച്ചു സമാധാനിക്കും.

"തെമ്മാടി " ,"നിഷേധി " "നശിച്ചവന്‍ " എന്നീ   അപരനാമങ്ങളില്‍ ഗബ്രിയേലിനെ ആദ്യം വാഴ്ത്തി തുടങ്ങിയത് അമ്മച്ചിയായിരുന്നു. 
പിന്നെ ഈ വിളികളോടൊപ്പം  "തന്തയില്ലാത്തവന്‍ " എന്ന്  കൂടി നാട്ടുകാര്‍ വിളിക്കാന്‍ തുടങ്ങിയ ഒരു നാള്‍ ഗബ്രിയേല്‍ ഉടുമുണ്ട് മാത്രംകൊണ്ട്‌ വണ്ടി കയറി.

ഗബ്രിയെലിന്‍റെ അറിവില്‍ ഇന്നേവരെ കാരുണ്യം നിറച്ച കണ്ണുകളോടെ തന്നെ  നോക്കിയിരുന്നത് രണ്ടേ രണ്ട് പേരാണ് .ഒന്ന് രൂപക്കൂട്ടിലെ  കര്‍ത്താവ്‌ ,മറ്റൊന്ന് വലിയ മുസ്ലീം പള്ളിയിലെ  മോതീന്‍ ഇബ്രാഹീനണ്ണന്‍റെ   ഇളയ മകള്‍ റസിയ.ഇതില്‍ ഏതു നോട്ടത്തിനായിരുന്നു കാരുണ്യം ഏറെയെന്നു ഗബ്രിയേല്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് .വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും കര്‍ത്താവിന്‍റെ നോട്ടത്തിലെ കരുണക്ക് ഒരു മാറ്റവുമില്ല .'വെറുതെ ഇങ്ങനെ നോക്കിയിട്ടെന്നാ  ചെയ്യാനാ കര്‍ത്താവേ  ....."എന്ന്‌ പലപ്പോഴും ഗബ്രിയേല്‍ ചോദിച്ചിട്ടുണ്ടെങ്കിലും .
റസിയയുടെ മിഴികളിലെ കാരുണ്യം  ഓര്‍ത്ത്, ഇന്നും  ഗബ്രിയേലിന്‍റെകണ്ണുകള്‍ നിറയാറുണ്ട്    .മൈലാഞ്ചിയിട്ട  കൈകള്‍ കൊണ്ട് , മുഖം പാതിമറയ്ക്കുന്ന തട്ടം ഒതുക്കി ,ഔസേപ്പ്  മാപ്ലയുടെ റബ്ബര്‍ തോട്ടത്തിന്റെ ഇരുണ്ട തണലിടങ്ങളില്‍ വീണു കിട്ടിയ സ്വകാര്യ നിമിഷങ്ങളില്‍ തന്‍റെ  കൈകള്‍ പിടിച്ച്‌ കരയുന്ന റസിയയുടെ രൂപം ചിലപ്പോഴൊക്കെ ഗബ്രിയേലിന്‍റെ മനസ്സില്‍ ഓടിയെത്താറുണ്ട്  .
രൂപകൂട്ടിലെ മിശിഹ   ഒരിക്കല്‍ പോലും ഇങ്ങനെ കരഞ്ഞിട്ടില്ല ,ഗബ്രിയേലിന്‍റെകൈയില്‍ ഇങ്ങനെ സ്നേഹത്തോടെ തഴുകിയിട്ടില്ല .
  "നീ തെമ്മാടി അല്ല ഗബ്രി .....നീ കൊള്ളരുതാത്തവനും അല്ല ....നിക്ക് നിന്നെ  അറിയാം .ന്‍റെ മനസ്സിന് നിന്നെ അറിയാം ..."എന്ന്‌ പറഞ്ഞിട്ടുമില്ല .
എന്നിട്ടും ആ ക്രിസ്തുമസ്സ് രാത്രിയില്‍ ,ഇടവകക്കാരൊക്കെ പാതിരാ കുര്‍ബാനയ്ക്ക് പോയ നേരത്ത്  വടക്കോട്ടുള്ള വണ്ടി കയറുമ്പോള്‍ റസിയയോടു ഒരു വാക്ക് പോലും പറഞ്ഞില്ല . 
ഗബ്രിയേല്‍ നാടുവിട്ട കാര്യം മറിയചേടത്തി  അറിഞ്ഞത് നാട്ടുകാര്‍ ആരോ പറഞ്ഞ്‌ . 
പിന്നെ ആലീസ്സ്..... മഠത്തിലുള്ള ആലീസ്സിനു വ്യക്തിബന്ധങ്ങള്‍ ഇല്ലല്ലോ  .അല്ലെങ്കില്‍ തന്നെ കര്‍ത്താവിന്‍റെ വെളിപാടില്‍ തിരുമാണവാട്ടി ആയ ആ ലീസ്സിനോട്  എന്ത്  പറയാന്‍!. 
പക്ഷെ    ആലീസ്സു  വഴി കര്‍ത്താവുമായി  വല്ലാത്ത  ഒരാത്മ ബന്ധം തനിക്കു ണ്ടായിരുന്നു എന്ന്  ചിലപ്പോഴൊക്കെ ഗബ്രിയേലിന് തോന്നിയിട്ടുണ്ട്.
ഇടവക പള്ളിയിലെ തിരുരൂപത്തിന്‍റെ  മുഖത്ത്  കണ്ട അതേ കാരുണ്യം പഹാഡ് ഗഞ്ചിലെ പള്ളിമേടയിലെ മിശിഹായ്ക്ക്  ഇന്നും കൈമോശം വന്നിട്ടില്ല എന്നതാണ് ഗബ്രിയെലിന്‍റെ    ആകെയുള്ള സമാധാനം.

ഇന്ന് ഗബ്രിയീലിന്  ഒരു പ്രത്യേക ദിവസമാണ് .ഗഫാര്‍ മാര്‍ക്കറ്റിലെ ചുമട്ടു കൂലി 1000 രൂപ കവിഞ്ഞ ദിവസം .
പഹാട് ഗഞ്ചിലെ പദ്മിനിയുടെ വീട്ടിലേക്കു പോകുന്ന വഴിയില്‍ ഗബ്രി കണ്ടു, പള്ളിമേടക്കടുത്ത്  കൈരളി സമാജത്തിന്‍റെ അത്തപ്പൂക്കളം .
കര്‍ത്താവിനു പരാതിയില്ലായിരിക്കുമോ?.
പണ്ട് ഓണക്കാലത്ത് പൂക്കളമൊരുക്കി പാതിരാത്രി വൈകി വീട്ടില്‍ എത്തുമ്പോള്‍ അമ്മ ച്ചി പറയും  "മിശിഹാ അറിയണ്ടാ കിടാവേ  .....നിന്‍റെ ഈ പൂക്കളമൊരുക്കല്‍ "
പിന്നെയും അമ്മച്ചിയുടെ ആക്രോശം തുടരും ."രൂപക്കൂട്ടില്‍ തിരി കത്തിക്കാന്‍ വയ്യാത്ത നിഷേധി.....അന്യമതക്കാരന് പൂക്കളം കൂട്ടാന്‍ പോണ്......  "

  ആ കര്‍ത്താവാണ് ഇവിടെ തൊട്ടു മുന്‍പില്‍ "തന്‍റെ പ്രിയപ്പെട്ട കുഞ്ഞാടുകള്‍" ഇട്ടിരിക്കുന്ന പൂക്കളം നോക്കി മിണ്ടാതെ നില്‍ക്കുന്നത് .

അല്ലെങ്കില്‍ തന്നെ കര്‍ത്താവെന്ത്‌ മിണ്ടാനാണ്. കര്‍ത്താവ്‌ എന്തെങ്കിലുമൊക്കെ മിണ്ടണം എന്ന് ആഗ്രഹിച്ച നാളുകള്‍ ഉണ്ടായിരുന്നു പണ്ട്.കുര്‍ബാന കൂടാന്‍ പോകുന്ന അമ്മച്ചിക്ക്  കൂട്ട് പോകുന്ന കുഞ്ഞ് ഗബ്രിയേല്‍ പള്ളിമേടയുടെ മുകളില്‍ കൈ നീട്ടി നില്‍ക്കുന്ന കര്‍ത്താവിനെ നോക്കി പലപ്പോഴും നിന്നിട്ടുണ്ട്.   ഒരിക്കലെങ്കിലും ആ രൂപം ജീവന്‍ വെച്ചു ചില്ല് കൂട് പൊട്ടിച്ച് ഓടി വരുമെന്നും "നീ എന്‍റെ മകനെന്ന് "പറഞ്ഞു ഇരു കരങ്ങളിലും തന്നെ വാരിയെടുക്കുമെന്നും സ്വപ്നം കണ്ടിട്ടുണ്ട്  .
 
പദ്മിനിയാണ് ഒരിക്കല്‍  പറഞ്ഞത് ഗബ്രിയേല്‍ എന്നാല്‍ മാലാഖയാണെന്ന്.അമ്മച്ചിവേവിക്കുന്ന കറികളുടെ കൂട്ടുകള്‍ പദ്മിനി അറിഞ്ഞതെങ്ങനെയെന്നത് ഇന്നും അത്ഭുതം .എങ്കില്‍, മാലാഖ ആ പദ്മിനിയല്ലേ എന്ന്  ഗബ്രിയേലിന്  പലപ്പോഴും തോന്നിയിട്ടുമുണ്ട്. 

"ആകാശങ്ങളില്‍ ഇരിക്കുന്നവന്‍ വാഴ്ത്തപെട്ടവനാകുന്നു ..................കര്‍ത്താവ്‌  വാഴ്ത്തപെട്ടവ ന്‍ ,മിശിഹാ വാഴ്ത്തപെട്ടവ ന്‍ ......"
അമ്മച്ചിയുടെ പ്രാര്‍ത്ഥനാ  വരികള്‍ ഓര്‍മ വന്നു.
"കുരിശു  വരയുടെ അര്‍ത്ഥം   അറിഞ്ഞു വരയ്ക്ക്കിടാവേ "
അമ്മച്ചി കൊച്ചു ഗബ്രിയുടെ വിരലുകള്‍ പിടിച്ച് അവന്‍റെ   നെറ്റിയില്‍ വെച്ചു  " .......നമ്മുടെ രക്ഷിതാവായ  മിശിഹാ   തമ്പുരാന്‍........നമ്മുടെ രക്ഷയ്ക്കായിട്ട് ...."
ഗബ്രി ഏറ്റ് ചൊല്ലി "നമ്മുടെ രക്ഷിതാവായ  മിശിഹാ  തമ്പുരാന്‍........."
 
മെട്രോ സ്റ്റേഷന്‍ ഇറങ്ങിവരുന്ന ആളുകള്‍  റിക്ഷകളിലും കാല്‍നടയായും ഒഴുകി പോയിക്കൊണ്ടിരുന്നു.
  കരോള്‍ ബാഗില്‍ അന്ന് നല്ല തിരക്കായിരുന്നു.തന്‍റെ ഒഴിഞ്ഞ സൈക്കിള്‍ റിക്ഷ ആഞ്ഞു  ചവിട്ടി  ഗബ്രി  ആള്‍ തിരക്കിലേക്ക് നുഴഞ്ഞു കയറി. 
വിയര്‍പ്പിന്‍റെ   തുള്ളികള്‍ ഗബ്രിയെലിന്‍റെ   നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങി.

".......നമ്മുടെ രക്ഷകനായിട്ട് സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക്‌ ഇറങ്ങിയതിനെ ഉദ്ദേശിച്ച് നെറ്റിയില്‍ നിന്നും നെഞ്ചിലേക്കും പാപം കൊണ്ട് ഇടതിലായ നമ്മെ രക്ഷകന്റെ കുരിശുമരണം കൊണ്ട്  വലതു ഭാഗത്തെ മക്കളാക്കി തീര്‍ത്തതിനെ ഉദ്ദേശിച്ച്‌ ........"
അമ്മച്ചി പറഞ്ഞുതന്ന കുരിശുവരയുടെ  അര്‍ത്ഥം ഓര്‍ത്ത് ഒലിച്ചിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ ഗബ്രിയേല്‍ തുടച്ചുമാറ്റി. പഹാട് ഗഞ്ച്   റോഡ്‌ തിരിയുന്ന രണ്ടാം വളവിലെ  തിരക്കില്‍ വെച്ച്  വിയര്‍പ്പിന്‍റെ    കുരിശുമരണങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഗബ്രിയേലിനു മുകളില്‍ക്കൂടി കടന്നു പോയ അനേകം വാഹനങ്ങള്‍ മുഴക്കിയ ശബ്ദത്തിനിടയില്‍  വീണ്ടും ഗബ്രിയേല്‍ മന്ത്രിച്ചു കൊണ്ടിരുന്നു  .
"നമ്മുടെ രക്ഷകനായിട്ട് സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക്‌ ഇറങ്ങിയതിനെ ഉദ്ദേശിച്ച് നെറ്റിയില്‍ നിന്നും നെഞ്ചിലേക്കും പാപം കൊണ്ട് ഇടതിലായ നമ്മെ രക്ഷകന്‍റെ കുരിശുമരണം കൊണ്ട്  വലതു ഭാഗത്തെ............"

പദ്മിനിക്കുവേണ്ടി  വാങ്ങിയ  ഓണപ്പുടവ ഗബ്രിയുടെ റിക്ഷയില്‍ പറയുവാനാകാത്ത ഗന്ധം നിറച്ചു .കഴിഞ്ഞ പൊങ്കലിന് വസന്തപഞ്ച മമിക്ക് കൊടുത്ത പട്ടിന്റെ ഗന്ധം ഗബ്രിയേല്‍  തിരിച്ചറിഞ്ഞില്ല,മുന്‍പെപ്പോഴോ  ഗബ്രിയേല്‍ കൊടുത്ത  ലഹങ്കയ്ക്ക് പച്ചക്ക   ര്‍പ്പൂരത്തിന്‍റെ മണമെന്ന് പറഞ്ഞത് പ്രിയങ്കാ  സൈഗാള്‍ .
പക്ഷെ ......ഈ ഓണപ്പുടവയ്ക്ക്   ഗബ്രി അറിഞ്ഞ അതേ ഗന്ധം....ഇരുട്ട്  വീണ റബ്ബര്‍ മരത്തിന്‍റെ ഇടയിലൂടെ ഒഴുകിവന്ന അത്തറിന്‍റെഗന്ധമോ ഇത് ?
അതോ ഇരുപതു വര്‍ഷം മുന്‍പൊരു ഓണക്കാലത്ത് പൂക്കളം  കൂട്ടിയപ്പോള്‍ ഉള്ളില്‍ നിറഞ്ഞ വയല്‍പ്പൂവുകളുടെ ഗന്ധമോ?...ഗന്ധങ്ങളുടെ  ഒരു താരതമ്യ പഠനം ഗബ്രിയേലിന്‍റെ  തകര്‍ന്നുപോയ ഹൃദയത്തില്‍ അന്ന് ആദ്യമായി പൂക്കളം ഒരുക്കി.



ചിത്രം :ഗൂഗിള്‍ 

24 comments:

  1. മധുരതരമല്ലാത്ത ജീവിതങ്ങളുടെ ഗന്ധം വേർത്തിരിച്ചറിയാവുന്ന കഥ!

    ReplyDelete
  2. വായിച്ചു മറിഞ്ഞ പതിവ് കഥ കൂട്ടുകളില്‍ നിന്നും ഒരു മാറി നില്‍ക്കുന്ന പ്രമേയം.
    അത് പ്രമേയത്തിലെ പുതുമ.
    ഗബ്രിയെലിനോപ്പം, നാട്ടിലെ പള്ളിമുറ്റത്ത്‌ നിന്നും കരോള്‍ ബാഗ് വരെ നമ്മളും കൂടെ പോകുന്നു.
    ഗന്ധങ്ങളിലൂടെ അനുഭവിച്ചറിയുന്നത്‌ പല ജീവിതങ്ങളെ.
    കഥാപാത്രങ്ങള്‍ കൂടുതല്‍ വന്നെങ്കിലും കഥ നന്നായിട്ടുണ്ട് സുജ.
    ഓണാശംസകള്‍

    ReplyDelete
  3. വ്യത്യസ്തമായ പ്രമേയം. കഥ വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  4. കഥ കൂടുതല്‍ അറിയാന്‍ രണ്ടു വായന വേണ്ടി വന്നു. സുജയുടെ ചില പഴയ കഥാപാത്രങ്ങളെ കൂടി ഇതിലേക്ക് കൊണ്ടുവന്നിരിക്കുന്നല്ലോ....? ആലീസിനെ പോലെ... നന്നായിട്ടുണ്ട്.... തിരുവോണാശംസകള്‍ !!

    ReplyDelete
  5. പുതുമയുള്ള ഒരു കഥപറച്ചിൽ..മനോഹരമായിരിക്കുന്നു..

    ReplyDelete
  6. ഗന്ധങ്ങളുടെ ഒരു താരതമ്യ പഠനം ഗബ്രിയേലിന്‍റെ മനസ്സില്‍ അന്ന് ആദ്യമായി പൂക്കളം ഒരുക്കി....ഗന്ധങ്ങളുടേ താരതമ്യപഠനം വളരെ നന്നായിട്ടുണ്ട്.... നമ്മുടെ കഥകൾക്കും സുഗന്ധവും ,ദുർഗന്ധവുമുണ്ട്...ഇവിടെ വ്യത്യസ്തമായി പറഞ്ഞ ഈ കഥയുടേ സുഗന്ധം മനസ്സിൽ നിറഞ്ഞ് നിൽക്കുന്നൂ..നല്ലൊരു കഥകാരിയെ ഞാൻ ഈ വരികളിലൂ‍ടെ കാണുന്നു...എന്റെ എല്ലാ ആശംസകളും....ഇനിയും എഴുതുക....വളരുക വാനോളം...

    ReplyDelete
  7. നന്നായി പറഞ്ഞ കഥ...കഥാകാരിക്ക് പ്രണാമം..വിവിധ ഗന്ധങ്ങള്‍ അതാതിന്റെ രൂക്ഷതയോടെയും സൌമ്യതയോടെയും വായനക്കാരന് അനുഭവ വേദ്യം ആക്കുന്നതില്‍ കഥാകാരിയുടെ കരവിരുത് അതുല്യമായി അനുഭവപ്പെട്ടു...ആശംസകള്‍.

    ReplyDelete
  8. വായിച്ചു. ഹാഷിക്ക് പറഞ്ഞപോലെ ആദ്യവായനക്ക് പുറകേ ഒന്നുകൂടി വേണ്ടി വന്നു. കഥപറച്ചിലിന് വ്യത്യസ്തമായൊരു ശൈലിയുണ്ട്. നല്ലത്. പക്ഷേ അവസാന രണ്ട് ഖണ്ഡികകളിലെ വായന ശരിയായി മനസ്സിലാക്കാന്‍ ചെറുതിനായോ എന്നൊരു സംശയം ഉണ്ട്.

    ആലീസ്സു വഴി ഗബ്രിയേലിനു കര്‍ത്താവുമായുള്ള ബന്ധം എന്തായിരുന്നു എന്നത് ഉത്തരമില്ലാത്ത മറ്റൊരു ചോദ്യം.! ഈ വരിയും.

    കഥാകാരിക്ക് ആശംസകള്‍!

    ReplyDelete
  9. ആശയം ഇഷ്ടമായി.
    പക്ഷെ ഒടുവില്‍ ഠപ്പോന്നു നിര്‍ത്തിയപോലെ തോന്നി.

    ReplyDelete
  10. പുതുമയുള്ള ആവിഷ്കാരം ... ആശംസകള്‍

    ReplyDelete
  11. നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍

    ReplyDelete
  12. സുജ ചേച്ചി..

    വായന വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കട്ടെ.. ഒരു കഥ വായിക്കാനുള്ള മാനസികാവസ്ഥ തന്നത് നേര്‍ത്ത മഴയുള്ള ഈ അയാസരഹിത രാവ്‌ തന്നെ.. തുറന്നിട്ട ജനാല വഴിയെ മുറിയിലെത്തുന്ന മഴയുടെ പച്ചഗന്ധം ആസ്വദിച്ചു കൊണ്ട് ഞാന്‍ ഗന്ധങ്ങളുടെ ഈ താരതമ്യപഠനം നടത്തുന്നു..

    വശ്യമായിരിക്കുന്നു കഥയുടെ ആഖ്യാനം. കൈത്തഴക്കം വന്നൊരു സ്രഷ്ടാവിന്റെ പക്വമായ രചന ശൈലി എനിക്ക് ആസ്വദിക്കാനായി.. പതിവ് ബ്ലോഗ്‌ കഥകളില്‍ നിന്നും പാത്രസൃഷ്ടി കൊണ്ടും പശ്ചാത്തലം കൊണ്ടും വേറിട്ട്‌ നില്‍ക്കുന്ന ഈ കഥ എനിക്കേറെ ഇഷ്ടമായി..

    പണ്ട് കണ്ടൊരു ഇംഗ്ലീഷ് സിനിമ ഓര്‍ക്കുന്നു ഈ അവസരത്തില്‍ .. PERFUME- The story of a murder എന്ന സിനിമയില്‍ അതുല്യമായ ഘ്രാണശക്തിയുള്ള വ്യക്തിയുടെ ജീവിതമാണ് കഥാതന്തു.. അയാള്‍ സുന്ദരികളായ സ്ത്രീകളെ കൊന്നു അവരില്‍ നിന്നും perfume ഉണ്ടാക്കുന്ന ഒരു ഭ്രമാത്മകമായ ആ സിനിമ അന്താരാഷ്ട്രസിനിമമേളകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.

    അത് പോലെ ഈയിടെ മാതൃഭുമി ആഴ്ചപതിപ്പില്‍ വായിച്ച മധുപാലിന്റെ അയല്‍പക്കങ്ങളില്‍ വേവുന്ന മണം എന്ന കഥയും ഓര്‍ത്ത്‌ പോയി. ഈ പറഞ്ഞതൊന്നും പ്രത്യക്ഷമായോ പരോക്ഷമായോ ഈ കഥയുമായി ബന്ധമില്ലായെങ്കിലും അറിയാതെ ഓര്‍ത്ത്‌ പോയി.

    മുന്‍പ് വായിച്ച കൂട്ടുകാരുടെ അഭിപ്രായത്തില്‍ പറഞ്ഞ പോലെ ദുര്‍ഗ്രാഹ്യമായതൊന്നും ഈ കഥയില്‍ ഞാന്‍ കണ്ടില്ല.
    പക്ഷെ ചിലയിടങ്ങളില്‍ ഒഴിവാക്കാവുന്ന ചില വാചകങ്ങള്‍ ശ്രദ്ധിച്ചിരുന്നു.

    "മഠത്തിലുള്ള ആലീസ്സിനു വ്യക്തിബന്ധങ്ങള്‍ ഇല്ലല്ലോ .അല്ലെങ്കില്‍ തന്നെ കര്‍ത്താവിന്‍റെ വെളിപാടില്‍ തിരുമാണവാട്ടി ആയവള്‍ക്കെന്തു കുടുംബ ബന്ധം!" - ഈ രണ്ടു വരികളിലെ ആശയം ഒറ്റവരിയില്‍ എഴുതിയാല്‍ ഭംഗി കൂടും.

    അത് പോലെ തന്നെ "വസന്ത പഞ്ചമിയെന്ന തോവാളക്കാരി തമിഴത്തി" - ഇവിടെ തോവാളക്കാരിയെന്ന സൂചന തന്നെ ധാരാളമല്ലേ..??
    എടുത്തു പറയാന്‍ മാത്രം ഉള്ള കാര്യങ്ങള്‍ അല്ല ഇതെന്നറിയാം എങ്കിലും എഴുത്തിലെ ചെറിയതും എന്നാല്‍ പ്രധാനവും എന്ന് എനിക്ക് തോന്നുന്ന കാര്യം ഇതൊക്കെയാണ്.. കഥയ്ക്കാവശ്യമായ വാക്കുകള്‍ മാത്രം ഉപയോഗിക്കുക. വാക്കുകളുടെ ധാരാളിമ ആശയത്തെ കെടുത്തും... (എന്റെ മാത്രം തിയറി ആണ് ട്ടോ) :-)

    പിന്നെ സോണി ചേച്ചി പറഞ്ഞതിലും ചെറിയ കാര്യമില്ലാതില്ല.. കഥയുടെ തുടക്കത്തില്‍ കാണുന്ന ആ വലിയ കാന്‍വാസിന്റെ ഓരത്ത് വരച്ച ചിത്രം പോലെ തോന്നി ഒടുവില്‍ കഥ തീര്‍ന്നപ്പോള്‍ .. കഥയുടെ മുഴുവന്‍ സാധ്യതയും ഉപയോഗിച്ചില്ല എന്ന് തോന്നുന്നു.. (രസിച്ചു വന്ന ഒരു കഥ പെട്ടെന്ന് തീര്‍ന്നു പോയതിലെ നിരാശയാകാം) ഫ്ലാഷ്ബാക്കിലേക്ക് കഥ കൂപ്പുകുത്തി വീണ്ടും വര്‍ത്തമാനകാലത്തിലേക്ക് വരുമ്പോള്‍ കൂടുതലെന്തോക്കെയോ പ്രതീക്ഷിച്ചു പോയി..

    വീണ്ടും വ്യത്യസ്തമായ കഥകള്‍ എഴുതാന്‍ ചേച്ചിയ്ക്ക് കഴിയട്ടെ.. അത് വായിക്കാന്‍ എനിക്കും ഭാഗ്യമുണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു കൊണ്ട്..

    സ്നേഹപൂര്‍വ്വം

    ReplyDelete
  13. തീര്‍ത്തും വ്യതസ്തമായ വായന അനുഭവം ................നന്ദി

    ReplyDelete
  14. വളരെ മനോഹരമായ നിറക്കൂട്ടുകളില്‍ ചാലിച്ചെടുത്ത ഒരു കഥ. ഒരു പക്ഷെ ആദ്യമാണെന്ന് തോന്നുന്നു ഈ ബ്ലോഗില്‍ ഞാന്‍ വരുന്നത്. വരവ് വെറുതെയായില്ല. അത്രയേറെ ഇഷ്ടമായി ഈ എഴുത്തിന്റെ രസതന്ത്രം.

    ReplyDelete
  15. മനോഹരമായ കഥ. തുടക്കത്തില്‍ കണ്ട ഗംഭീരമായ ടെയ്കോഫിനനുസരിച്ച ലാന്‍ഡിംഗ് ആയില്ല. ഒരു ക്രാഷ് ലാന്‍ഡിംഗ് പോലെ. പക്ഷെ ഭാഷ മനോഹരം. കുടുംബ ബന്ധത്തിന്‍റെ വിലയൊന്നുമറിയാത്ത ആലിസ് ഒരു പാസിംഗ് റെഫ്രന്‍സ് ആയി മാത്രം കടന്നു പോയുള്ളൂ വെങ്കിലും മനസ്സില്‍ തോണ്ടി

    ReplyDelete
  16. മനോഹരമായ,കല്ലുകടികളില്ലാത്തയെഴുത്ത്....

    ReplyDelete
  17. പുതുമയുള്ള അവതരണം... നന്നായിരിക്കുന്നു..ആശംസകള്‍

    ReplyDelete
  18. പ്രിയ സുജ,
    ഹൃദ്യവും വിത്യസ്തവുമായ ഒരു വായന സമ്മാനിച്ചതിന് ആദ്യമേ തന്നെ നന്ദി പറയട്ടെ..
    കരോള്‍ ബാഗ് മെട്രോ സ്റ്റേഷനിലെ റിക്ഷാക്കാരനും ഗഫാര്‍ മാര്‍ക്കറ്റിലെ ചുമട്ട് കാരനും കൂടിയായ ഗബ്രിയുടെ കഥ ആദ്യം മുതല്‍ അവസാനം വരെയും നല്ല ഒഴുക്കോടെ, തെല്ലു കൌതുകത്തോടെ വായിക്കാന്‍ പറ്റി.

    "പിന്നെ ആലീസ്സ്..... മഠത്തിലുള്ള ആലീസ്സിനു വ്യക്തിബന്ധങ്ങള്‍ ഇല്ലല്ലോ .അല്ലെങ്കില്‍ തന്നെ കര്‍ത്താവിന്‍റെ വെളിപാടില്‍ തിരുമാണവാട്ടി ആയവള്‍ക്കെന്തു കുടുംബ ബന്ധം!"
    ടി വാക്യങ്ങള്‍ വേണമെങ്കില്‍ ഒഴിവാക്കാം എന്ന് തോന്നി...
    "ആലീസ്സു വഴി ഗബ്രിയേലിനു കര്‍ത്താവുമായുള്ള ബന്ധം എന്തായിരുന്നു എന്നത് ഉത്തരമില്ലാത്ത മറ്റൊരു ചോദ്യം." ഇവിടെ കഥാകാരി ഉദ്ദേശിച്ചത് എന്തെന്നു മനസിലായില്ല.

    ചിലര്‍ സൂചിപ്പിച്ച പോലെ അവസാനം കുറെ കൂടി മികച്ച രീതിയില്‍ ആക്കാമായിരുന്നു..
    എങ്കില്‍ കൂടിയും ഇതൊരു നല്ല കഥ ആണെന്നതില്‍ സംശയം വേണ്ട. ഇത് പോലത്തെ കൂടുതല്‍ പരീക്ഷണങ്ങളുമായി വീണ്ടും വരിക...
    ആശംസകള്‍...

    ReplyDelete
  19. മിശിഹ ഒരിക്കല്‍ പോലും ഇങ്ങനെ കരഞ്ഞിട്ടില്ല ,ഗബ്രിയേലിന്‍റെകൈയില്‍ ഇങ്ങനെ സ്നേഹത്തോടെ തഴുകിയിട്ടില്ല .

    ReplyDelete
  20. വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  21. സുഗന്ധമുള്ള കഥകള്‍ ഇനിയും ഉണ്ടാവട്ടെ

    ReplyDelete
  22. ഓ..ഗബ്രി..അല്ല സുജേ...എന്ത് സുഗന്ധം ഈ കഥക്ക് ....

    ReplyDelete
  23. പൂക്കളേക്കാള്‍ മണമുള്ള ഈ ഇലകളില്‍ കഥ വായിച്ചു. അഭിനന്ദനങ്ങള്‍.

    ReplyDelete

daemon tools, limewire