യാത്രകള്‍ എന്നും എനിക്ക് ആഹ്ലാദമാണ്,ആവേശമാണ് .ഓരോ മധ്യവേനല്‍ അവധികളും സമ്മാനിക്കുന്നത് ഓരോ യാത്രാനുഭവങ്ങള്‍.കാഴ്ചകളുടെ അനുഭവ സമ്പത്ത് മനസ്സില്‍ നിറഞ്ഞ് കിടന്നതല്ലാതെ ഒന്നും ഒരിക്കല്‍പ്പോലും അക്ഷരങ്ങളായി പുസ്തകത്താളില്‍ തെളിഞ്ഞില്ല.2011 ഏപ്രില്‍ അവധിക്കാലം ഞാനുമായി പങ്കിട്ട കശ്മീര്‍ യാത്രയുടെ അനുഭവങ്ങള്‍ മനസ്സ് കവിഞ്ഞൊഴുകിയ വേളയിലാണ് "മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ "എന്ന പേരില്‍ ആ അനുഭവങ്ങള്‍ "വയല്‍പൂവുകള്‍ "എന്ന എന്റെ ബ്ലോഗില്‍ ഞാന്‍ എഴുതുവാന്‍ തുടങ്ങിയത് .ഒരു പക്ഷെ ശ്രീ എസ്സ്.കെ പൊറ്റക്കാടിന്റെ "കാശ്മീര്‍ ഒരു രാജവാഴ്ചയില്‍ "എന്ന വിവരണത്തില്‍ നിന്നും ഉള്‍ക്കൊണ്ട പ്രചോദനം ആകാം അങ്ങനെ ഒരു സാഹസം ചെയ്യുവാന്‍ എന്നെ പ്രേരിപ്പിച്ചത് എന്ന് പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല.കാശ്മീര്‍ യാത്രകള്‍ ആ നാളുകളില്‍ നന്നേ ബ്ലോഗുകളില്‍ കുറവായിരുന്നതുകൊണ്ടും, വായനക്കാരുടെ പ്രോത്സാഹനം ഒന്നുകൊണ്ടും ഒരു പരമ്പര എന്നോണം ആ യാത്ര ബ്ലോഗില്‍ തുടര്‍ന്നു.
ഈ വിവരണത്തിന്റെ രണ്ടാം ഭാഗം പോസ്റ്റ് ചെയ്ത നാളുകളില്‍ അവിചാരിതം എന്നോണം "നൂറാനുന്‍"എന്ന കാശ്മീര്‍ ബന്ധമുള്ള ഒരു ആര്‍ട്ടിക്കിള്‍ വായിക്കുവാനിടയായി."യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ "എന്ന യാത്രാ വിവരണത്തിലെ ഒരു ഭാഗമായിരുന്നു അത്.എഴുതിയത് ചരിത്ര സ്മ്രിതികള്‍ ഉറങ്ങുന്ന ചെറുവാടി എന്ന ദേശത്തിലെ ശ്രീ അബ്ദു ചെറുവാടി എന്ന സാഹിത്യകാരന്.കാശ്മീര്‍ യാത്രയില്‍ അദ്ദേഹത്തിനുണ്ടായ ഒരനുഭവം വളരെ ഹൃദയസ്പര്‍ശിയായി എഴുതിയ ആ ലേഖനം മനസ്സിനെ വല്ലാതെ നോവിച്ചു കൊണ്ടിരുന്നു.ബ്ലോഗില്‍ സജീവ സാനിധ്യമുള്ള ശ്രീ മന്‍സൂര്‍ ചെറുവാടി ( ശ്രീ അബ്ദു ചെറുവാടിയുടെ മകന്) യുടെ "സെന്റര്‍ കോര്‍ട്ട് "എന്ന ബ്ലോഗില്‍ വന്ന ഒരു വിവരണത്തില്‍ നിന്നുമാണ് "നൂറാനുന്‍"എന്ന ലേഖനം എഴുതിയ ആ പ്രിയ എഴുത്തുകാരന് ഇന്ന് നമ്മോടൊപ്പം ഇല്ല എന്ന ദുഃഖ സത്യം ഞാന്‍ അറിയുന്നത് .
ദിവസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ "പൂര്‍ണ പബ്ളിക്കേഷന്‍ "പുറത്തിറക്കിയ "യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ "എന്ന ഗ്രന്ഥം എനിക്ക് സ്വന്തമായി.കേവലം എട്ട് ലേഖനങ്ങള്‍ അടങ്ങുന്ന ഒരു ചെറിയ പുസ്തകമാണ് അതെങ്കിലും പതിറ്റാണ്ടുകള്‍ നെഞ്ചേറ്റുന്ന പല നൊമ്പരങ്ങളും അതില്‍ നിറഞ്ഞ് നിന്നിരുന്നു.
"പ്രിയപ്പെട്ട ഉപ്പക്കും,വാത്സല്യം ചൊരിഞ്ഞ ഉമ്മക്കും"സമര്‍പ്പണമായി തുടങ്ങുന്ന പുസ്തകത്തിലെ ഓരോ വരികളും അത്യധികം ആകാംഷയോടെ ഞാന്‍ വായിച്ചു തീര്‍ത്തു. ഗ്രന്ഥത്തിന്റെ അവതാരികയില്‍ പ്രശസ്ത സാഹിത്യകാരന് ശ്രീ സക്കറിയ തന്നെ പറയുന്നു "അബ്ദു ചെറുവാടി നമുക്ക് ഇവിടെ നല്‍കുന്നത് ഒരു യാത്രയുടെ വിവരണമല്ല,പല യാത്രകളിലൂടെ അദ്ദേഹത്തിനുണ്ടായ അനുഭവങ്ങളുടെ കഥകളാണ്" എന്ന്. വായനയിലെ ഓരോ സന്ദര്‍ഭങ്ങളിലും മിക്ക ലേഖനങ്ങളും അനുഭവങ്ങളില്‍ ചാലിച്ച ഓരോ കഥ തന്നെയോ എന്ന് എനിക്കും തോന്നി.അത്ര മനോഹരമായി മനുഷ്യബന്ധങ്ങളുടെ ഓരോ കണ്ണികളും കൂട്ടി ചേര്‍ത്തിരിക്കുന്നു ഓരോന്നിലും .
ലിസ്ബന് ജയിലില്‍ പിറന്ന ആയിശ ,ആഗ്ര റെയില്‍വേ സ്റ്റേനിലെ ഖദര്‍ സൂട്ടുകാരന്‍ ,തല്‍ത്തോലബാസാറിലെ മുഗള്‍ ചക്രവര്‍ത്തി,അഗൂഷിയും സുറാത്തിനയും,രണ്ട് ഫോട്ടോകള്‍ ഉണ്ടാക്കിയതൊന്തിരവ് ,ദില്ലിയിലെ കാളരാത്രി,അജ്മീറിലെ ഒരു വെളിപാട്,നൂറാനൂന്‍ ഇവയാണ് എട്ട് ലേഖനങ്ങള്‍ .ഏകദേശം 39 പേജുകളില്‍ അക്ഷരങ്ങള്‍ കൊണ്ടു ഹൃദയങ്ങള്‍ വരച്ചിട്ട ആ മഹാമനസ്സിനെ നമിക്കുന്നു. ചരിത്രവും,ബന്ധങ്ങളും,വേദനയും ,നൊമ്പരങ്ങളും ,കൊച്ചു സന്തോഷങ്ങളും വാക്കുകളില്‍ കലര്‍ത്തി ഒരു മായിക ലോകം തന്നെ വായനക്കാരില്‍ സൃഷ്ട്ടിക്കുവാന് ഓരോ ലേഖനത്തിനും കഴിഞ്ഞിട്ടുണ്ട്.ഇതില്‍ മിക്കവയും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മുന്‍പ് ലേഖനമായി വന്നിട്ടുളളവയായിരുന്നു.
1982 സെപ്റ്റംബറിലെ ഒരു കാശ്മീര്‍ യാത്രയില്‍പരിചയപ്പെടുന്ന പോര്ച്ചുഗീസ്സുകാരിയായ ഗവേഷണ വിദ്യാര്‍ഥി അപ്രതീക്ഷിതമായി "നിങ്ങള്‍ക്ക് ഐഷയെ പരിചയമുണ്ടോ "എന്ന് ചോദിച്ച ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം നല്കുവാന് കഴിയാതെ അതിന്റെ പൊരുള്‍ തേടിയുള്ള മനസ്സിന്റെ വിഹ്വലതകളാ ണ് "ലിസ്ബന് ജയിലില്‍ പിറന്ന ആയിശ " എന്ന ലേഖനം പറയുന്നത് . പോച്ചുഗീസ്സുകാര്‍ മലബാര്‍ തീരത്ത് അധിനിവേശം നടത്തുന്ന കാലത്ത് വടക്കന്‍ മലബാറില്‍ ഉണ്ടായിരുന്നതായി പറയുന്ന "ആയിഷ"എന്ന യുവതി സത്യാമോ മിഥ്യയൊ എന്ന് കണ്ടെത്തുവാന്‍ നടത്തുന്ന നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ ഉത്തരം കിട്ടുവാന്‍ ലേഖകന്‍ ചരിത്ര ഗവേഷകര്‍ക്ക് മുന്പില് അപേക്ഷിക്കുമ്പോള്‍ പോര്ച്ചുഗീസ്സു നാവികരുടെ ക്രൂരമായ പീഡനങ്ങള്‍ക്കിരയായി ഒടുവില്‍ കടലിലേക്ക് എറിയപ്പെട്ട "ഐഷയും " ആ മൃഗീയ വിനോദത്തെ എതിര്‍ത്തതിന്റെ പേരില്‍ പോര്ച്ചുഗീസ്സു സൈന്യം രാജ്യദ്രോഹക്കുറ്റം ചുമത്തി ലിസ്ബണ്‍ ജയിലില്‍ ഏകാന്തതടവില്‍ പാര്‍പ്പിച്ച ആ അജ്ഞാത നാവികനും അദ്ദേഹത്തിന്റെ "ആയിശ"എന്ന വിലാപകാവ്യവും മനസ്സില്‍ നൊമ്പരമാകുന്നു.
ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടുവിട്ടു പോയ അമ്മാവനെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന ഭാഗമാണ് "ആഗ്ര റെയില്‍വേ സ്റ്റേനിലെ ഖദര്‍ സൂട്ടുകാരന്‍" . റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൌണ്ടറില്‍ വെച്ച് കണ്ടിട്ടും തന്നോട് യാതൊരു പരിചയവും കാണിക്കാതെ പോയ,അമ്മാവന്റെ രൂപ സാദ്രിശ്യം തോന്നിയ ആ ഖദര്‍ സൂട്ടുകാരനോട് ഒരു വാക്കുപോലും മിണ്ടുവാന്‍ കഴിയാതെ പോയതിലുള്ള നഷ്ട്ടബോധം പിന്നീടുള്ള യാത്രയില്‍ അദ്ദേഹം വേദനയോടെ വീണ്ടും ഓര്‍ക്കുന്നു.
രാജസ്ഥാന് മരുഭൂമിയിലൂടെ ചൂളം വിളിച്ച് കടന്നു പോകുന്ന ജോധ്പൂര്‍ എക്സസ് പ്രസ്സില്‍ ഇരുന്നു പുറം കാഴ്ചകള്‍ കാണുമ്പോള്‍ ലേഖകന്റെ തപ്തമായ മനസ്സിനോടൊപ്പം വായനക്കാരന്റെ മനസ്സും "ആഗ്ര കന്റോന്‍ മെന്‍ന്റ്റ് സ്റ്റേഷനിലെ അലഹബാദ് കൌണ്ടറില്‍ ചുറ്റിത്തിരിയുന്നു" . പിന്നീട് വളരെ നാളുകള്‍ക്ക് ശേഷം വീണ്ടുമൊരു യാത്രാ വേളയിലെ അവരുടെ പുനസമാഗമം കഥാപാത്രങ്ങളില്‍ എന്നപോലെ വായനക്കാരിലും അവാച്യമായ ഒരു തരം അനുഭൂതി ഉളവാകുന്നു.
മുഗള്‍ രാജ ഭരണത്തിന്റെ അവസാനത്തെ കണ്ണി തേടിയുള്ള ഒരു യാത്രയാണ് "തല്‍തോലബാസാറിലെ മുഗള്‍ ചക്രവര്‍ത്തി".വായനയില്‍ എന്റെ മനസ്സിനെ ഏറ്റവും ഉലച്ചതും ഈ ലേഖനം ആയിരുന്നു. നാനൂറ്റി എണ്‍പത് കൊല്ലം ഇന്ത്യ ഭരിച്ച ഒരു രാജവംശത്തിന്റെ അവസാന കണ്ണികള്‍ പശ്ചിമ ബംഗാളിലെഹൗറ ചേരിയില്‍ ഇന്ന് ജീവിച്ചിരിക്കുന്നു എന്നത് എനിക്ക് ആ വായനയില്‍ കിട്ടിയ പുതിയ അറിവ് .മുഗള്‍ സുന്ദരി നൂര്ജഹാന് വിശ്രമിച്ചിരുന്ന നിശാത് ,ഷാലിമാര്‍ ഉദ്യാനങ്ങള്‍ കാശ്മീര്‍ യാത്രയിലെ ഓര്‍മ്മയില്‍ പൂക്കള്‍ നിറച്ചുനില്‍ക്കുമ്പോള്‍ അതിന്റെ പിന്മുറക്കാരിയായ ഒരു ബീഗം വൃത്തിഹീനമായ ഒരു ചേരിയില്‍ വസിക്കുന്നു എന്നത് എന്റെ മനസ്സിന് വിശ്വസിക്കാന്‍ കഴിയാത്ത മറ്റൊരു സമസ്യയായി മാറി .ലേഖകന്‍ തന്റെ ദീര്‍ഘമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ "ചേരിയിലെ മുഗള്‍ കൊട്ടാരത്തില്‍" നിന്നും തിരികെ വരുന്ന വേളയില്‍ മാര്‍ക്കെറ്റിലെ അഴുക്കുചാലുകള്‍ക്കിടയില്‍ മത്സ്യവില്‍പ്പനക്കാരന്റെ അരികില്‍ നില്ക്കുന്ന പതിനഞ്ചുകാരനെ ചേര്‍ത്ത് പിടിച്ച് "ഇതാണ് ഹിസ് ഹൈനെസ്സ് മുസാഫിര്‍ കമാല്‍ ഹുസൈന് ..... ഇപ്പോഴത്തെ മുഗള്‍ ചക്രവര്‍ത്തി "എന്ന് നമുക്ക് പരിചയപ്പെടുത്തുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ പ്രതാപങ്ങള്‍ എല്ലാം മനസ്സില്‍ ഒരുനിമിഷം കൊണ്ടു നിറഞ്ഞ് വിങ്ങി കണ്ണുകള്‍ നിറയ്ക്കുന്നു.
ഹജ്ജു നാളുകളില്‍ കണ്ടു മുട്ടുന്ന ഇന്ത്യനേഷ്യന്‍ വിദ്യാര്‍ത്ഥികള്‍ ആണ് "അഗൂഷിയും,സുറാത്തിനയും".ഹജ്ജുതീര്‍ഥാടനനാളുകളില്‍ കണ്ടുമുട്ടുന്ന ഈ വിദ്യാര്‍ത്ഥിദമ്പതികളുമായി ഗ്രന്ഥ കര്ത്താവിന് തോന്നുന്ന ആത്മബന്ധമാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം.ദിസങ്ങളുടെ ഇടവേളയില്‍ ആ വിദ്യാര്‍ത്ഥിദമ്പതികളെ കാണുവാന്‍ കഴിയാതെ വരുമ്പോള്‍ ,മിനാദുരന്തത്തില്‍പ്പെട്ടവരുടെ പട്ടികയില്‍ അവരെ തിരയുവാന്‍ പോകുന്ന ലേഖകനെ പ്രിയ പത്നി സ്വാന്തന പൂര്‍വ്വം വിലക്കുന്ന രംഗം വായനക്കാരനെ പ്രതീക്ഷയുടെയും ശുഭാപ്തി വിശ്വാസത്തി ന്റെയും പുതിയൊരു തുരുത്തില് എത്തിക്കുന്നു .
'നാളെ രാവിലെ ഇന്ത്യനേഷ്യന്‍ ഹജ്ജ്ജു മിഷനില്‍ ഒന്ന് പോയി നോക്കാം .മിന ദുരന്തത്തില്‍ പെട്ടവരുടെ പട്ടിക അവിടെ കാണുമല്ലോ .പെട്ടെന്നവള്‍ എന്റെ കൈ പിടിച്ചു "പോകരുത് ,ഒരിക്കലും അവിടെ പോകണ്ടാ ,മരണചീട്ടു പരതുകയും വേണ്ട.അഗൂഷിയും സുറാ ത്തിനയും ജീവിച്ചിരിക്കട്ടെ ,നമുക്കവരെ കാണാന്‍ പറ്റിയില്ലെങ്കിലും !പത്താം തിയതി തന്നെ പസഫിക്കിന് മീതെ പറന്ന്ജക്കാര്‍ത്തയില്‍ ഇറങ്ങട്ടെ.നമ്മുടെ ഖുബൈസ്സിനെപ്പോലെ ഒരു ഖുബൈസ്സു അവര്‍ക്കും പിറക്കട്ടെ !"
അവളുടെ തൊണ്ട ഇടറിയോ ?.'ബാബുന്നവ ' യുടെ മാര്‍ബിള്‍ പടികളില്‍ രണ്ടിറ്റു കണ്ണുനീര് വീണു എന്നുറപ്പ് '
ജബല്‍ ഖുബൈസ്സിനു മുകളില്‍ "രണ്ട് നക്ഷത്രങ്ങള്‍ തിളങ്ങി" നില്ക്കുമ്പോള് മക്കയുടെ പുണ്യങ്ങള്‍ ഉള്‍ക്കൊണ്ട ഒരു വായനാനുഭവം കൂടി നമുക്ക് കിട്ടുന്നു.
ചില വെളിപാടുകള്‍ ദൈവ നിശ്ചയമെന്നു സൂചിപ്പിക്കുന്ന ഒരനുഭവക്കുറിപ്പാ ണ് "അജ്മീറിലെ ഒരു വെളിപാട്".ഖ്വാജാ മൊയ്നുദീന് ചിശ്തിയുടെ ദല്ലാളന്മാരുടെ കടന്നാക്രമണം ,ലേഖകന്‍ പറയുന്നത് പോലെ ഇന്നും ഈ അടുത്തനാളിലും ഉണ്ടെന്നുള്ളത് അനുഭവസ്ഥയായ ഞാനും സമ്മതിക്കുന്ന മറ്റൊരു സത്യം.
"രണ്ട് ഫോട്ടോകള്‍ ഉണ്ടാക്കിയ തോന്തിരവ് ,ദില്ലിയിലെ കാളരാത്രി," ദില്ലി യാത്രയുടെ സ്മരണകള്‍ ഉള്‍ക്കൊണ്ടു എഴുതിയവയാണ്.
കശ്മീരിലെ യാത്രയില്‍ ആദിത്യമരുളിയ റസൂല്‍ ഭായിയുടെയും മകള്‍ നൂറാനൂനിന്റെയും ഓര്‍മകളാണ് "നൂറാനൂന്‍ " എന്ന എട്ടാമത്തെ ലേഖനം .
1982 കളിലെ യാത്രയില്‍ കാശ്മീരില്‍ ലേഖകന്‍ കണ്ട അതേ പ്രകൃതി ഭംഗികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം എനിക്ക് അതേ അളവില്‍ ആസ്വദിക്കാന്‍ കഴിഞ്ഞു എന്നത് മറ്റൊരത്ഭുതം. ഗ്രന്ഥകാരന്റെ കാശ്മീര്‍ സന്ദര്‍ശന വേളയില്‍ തികച്ചും ആകസ്മികമായി കാശ്മീര്‍ സിംഹം ഷേക്ക് അബ്ദു ളള മരണപ്പെടുന്നതും അതിനെത്തുടര്‍ന്ന് അപ്രതീക്ഷിതമായി വന്ന ഹര്‍ത്താല്‍ ,യാത്രകള്‍ ബുദ്ധി മുട്ടില്‍ ആക്കുന്നതും വര്‍ഷങ്ങള്‍ക്കു ശേഷം കാശ്മീര്‍സന്ദര്‍ശിച്ച എനിക്കും സമാനമായ ചില അനുഭവങ്ങള്‍ ഉണ്ടായതും തികച്ചും യാദ്രിശ്ചികം .റസൂല്‍ ഫായിയും ,നൂറാനൂനും വെച്ചു വിളമ്പിയ ഭക്ഷണം കഴിക്കുന്ന ചില വരികള്‍ വായിക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞത് കാശ്മീരില്‍ എന്നെ അകമഴിഞ്ഞ് സ്വീകരിച്ച ഫയാസ്സ് ഭായിയും,നഗീനും,മക്കളും.
"നൂറാനുന്‍" മനസ്സില്‍ മറ്റൊരു നോവായി പടരുന്നത് ലേഖനത്തിന്റെ അവസാന ഭാഗത്ത് വളരെ ഹൃദയ സ്പര്‍ശിയായി പറയുന്നുണ്ട്
ഒരുകാലത്ത് സാഹിത്യത്തില്‍ സജീവ സാനിധ്യമായിരുന്ന ശ്രീ അബ്ദു ചെറുവാടി ഇന്ന് നമ്മോടൊപ്പം ഇല്ല.
35 വര്‍ഷത്തെ അദ്ധ്യാപക ജീവിതത്തിനു ശേഷം പ്രധാനാദ്ധ്യാപകനായി വിരമിക്കുമ്പോള്‍ വാത്സല്യം തുളുമ്പുന്ന അനേകം ശിഷ്യ സമ്പത്തിന് ഉടമയായിരുന്നു അദ്ദേഹം."അറിയപ്പെടുന്ന ചരിത്രകാരന് ,ഫ്രീ ലാന്‍സ്സ് ജേര്‍ണലിസ്റ്റ് ,എന്നും യാത്രകള്‍ ഇഷ്ട്ടപ്പെട്ടിരുന്ന അന്വേഷി ,സ്നേഹസമ്പന്നനായ ഒരു അദ്ധ്യാപകന്,അതിനെല്ലാം ഉപരി വാത്സല്യ നിധിയായ ഒരു പിതാവ് ,സ്നേഹമയനായ ഒരു ഭര്‍ത്താവ് അങ്ങനെ അനേകം വ്യക്തിത്വത്തിന്റെ ഉടമആയിരുന്നു ശ്രീ അബ്ദു ചെറുവാടി.പല വട്ടം ആത്മമിത്രങ്ങള്‍ ആവശ്യപ്പെട്ടത്തും ,നൂറില്‍പരം സഞ്ചാര ലേഖനങ്ങള്‍ എഴുതിയ അദ്ദേഹത്തിന് എല്ലാം ചേര്‍ത്ത് ഒരു ഗ്രന്ഥമായി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നുണ്ട് .പിന്നീടൊരിക്കല്‍ പ്രിയ സുഹൃത്ത് ശ്രീ സക്കറിയ കൊടുത്ത പ്രോത്സാഹനം കൂടിയാണ് ആണ് "യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ "എന്നത് ഒരു പുസ്തകമാകുവാന്‍ കാരണം.
ഒരു നല്ല യാത്രികന്റെ നിരീക്ഷണ പാടവം ഈ യാത്രാ വിവരണത്തിന്റെ ഓരോ ഭാഗങ്ങളിലും നമുക്ക് കാണുവാന്‍ കഴിയും.കശ്മീര്‍,അജ്മീര്‍ ,ഡല്‍ഹി,കൊല്‍ക്കൊത്ത ....തുടങ്ങി മക്ക,മദീന വരെ ലേഖനത്തില്‍ സൂചിപ്പിക്കുന്ന ഓരോ സ്ഥലങ്ങളിലും നമ്മെ കൂടെ കൂട്ടി കൊണ്ട് പോകുന്ന ഒരു മാസ്മര ശക്തി ഇതിലെ വരികള്‍ക്കുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്.
ചെറുവാടി ദേശത്ത് നിന്ന് എഴുത്തിന്റെ ലോകത്ത് അദ്ദേഹത്തിന്റെ പാത പിന് തുടരുവാന്‍ അദ്ദേഹത്തിന്റെ മകനായ മന്‍സൂര്‍ ചെറുവാടിക്ക് ഒരു പരിധിവരെ കഴിയുന്നുണ്ട് എന്നത് ചെറുവാടിയുടെ "സെന്റര്‍ കോര്‍ട്ട് "എന്ന ബ്ലോഗ് വെളിപ്പെടുത്തുന്നു.
വായനയുടെയും ,എഴുത്തിന്റെയും ,യാത്രയുടെയും ലോകത്ത് ജീവിക്കുവാന്‍ ഏറെ ഇഷ്ട്ടപ്പെടുന്ന എന്റെ പ്രിയ സുഹൃത്തുകള്‍ക്ക് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ ശ്രീ അബ്ദു ചെറുവാടി എന്ന ആരാധ്യനായ സാഹിത്യകാരന്റെ രചനകള്‍ വളരെ ഏറെ പ്രയോജനപ്പെടും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.
ഓര്‍മ്മകളുടെ മഞ്ചലില്‍ യാത്രയായ ആ പ്രതിഭാധനന് ജീവിതത്തിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തിന്റെ അപ്രകാശിതമായ "സുറുമി ടീച്ചറും കുട്ടികളും "എന്ന ബാലസാഹിത്യത്തിന്റെ മുഖക്കുറിപ്പില്‍ ഇങ്ങനെ എഴുതി
".......ആഗ്രഹങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നു.എന്ത് ചെയ്യാന്‍.സുറുമി ടീച്ചറും കുട്ടികളും കോഴിക്കോട് നഗരം ചുറ്റിയപ്പോഴെക്കും ഞാന്‍ കാലിടറി തളര്‍ന്നു വീണുപോയല്ലോ ദൈവക്രിപയില്‍ മാത്രം പ്രതീക്ഷയുള്ള അഗാധ പതനം .എന്റെ പ്രിയ വായനക്കാരെ സ്നേഹധാരയില്‍ വീര്‍പ്പുമുട്ടിച്ച സുഹൃത്തുക്കളെ എല്ലാവര്ക്കും ഹൃദയം തുളുമ്പി തൂവുന്ന നന്ദി......"
ഗ്രന്ഥകര്‍ത്താവിന്റെ കൃതികള്‍ :
യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍
വാഗണ്‍ ട്രാജഡി
പ്രശ്നങ്ങള്‍ പ്രതികരണങ്ങള്‍
ഹുമയൂണ്‍ ഒളിച്ചോടുന്നു.
ബാബറിന്റെ സാഹസങ്ങള്‍
ഷാജഹാന്റെ യും മുംതസിന്റെ യും കഥ
ഔറംഗസീബിന്റെ രണ്ട് മുഖം
അക്ഷരം അറിയാത്ത അക്ബര്‍
ജഹാംഗീറും കൂടെ നൂര്‍ജഹാനും
അക്കാദമിക് ഗ്രന്ഥങ്ങള്‍ ,ബാലസാഹിത്യങ്ങള്‍.
കൊടിയത്തൂര്‍ അംശം ചെറുവാടി ദേശം
നിങ്ങളുടെ എഴുത് മനോഹരം...........
ReplyDeleteഇങ്ങനെയൊരും ബുക്കും ഈ മഹാ സാഹിത്യകാരനെ പരിചയപ്പെടുത്തിയതിലും നന്ദി അറിയിക്കുന്നു
പ്രാണാമം ഈ ആരാധ്യനായ സാഹിത്യകാരന്
ഇതില്‍ പറഞ്ഞപോലെ നമ്മുടെ ചേരുവാടി ഒട്ടും പിന്നോട്ടല്ല,
ഒരു പാട് അറിവുകള്‍ പങ്കു വെച്ചതിനു ഒരുപാട് നന്ദി ..ഇനിയും പ്രതീക്ഷിക്കുന്നു ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteഈ പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്. മനോഹരമായി രചയിതാവിനേയും, കൃതികളും. പുസ്തകവും ഓരോ അദ്ധ്യായങ്ങളും എല്ലാം പരിചയപ്പെടുത്തിയിരിക്കുന്നു. അഭിനന്ദനങ്ങള്‍
ReplyDeleteലിസ്ബന് ജെയിലില്‍ പിറന്ന ആയിശയ്ക്ക് വേണ്ടി ഞാനും ഒരു പോസ്റ്റ് ഇട്ടിരുന്നു.
അഭിനന്ദനങ്ങള്‍.. അത്രയും മനോഹരമായിരിക്കുന്നു ഈ പരിചയപ്പെടുത്തല്‍..
ReplyDeleteമഹാനായ പിതാവിന്റെ പാതയിലൂടെ അറിയപ്പെടുന്ന പുത്രനാകുവാന്‍ മന്‍സൂറിന്റെ അല്ലാഹു അനുഗ്രഹിക്കട്ടെ..
ഒരു അവധിക്കാലം ചിലവഴിക്കാന്‍ ബഹറിനില്‍ പോയപ്പോള്‍ ഇഷ്ട ബ്ലോഗര്‍ ചെറുവാടി തന്ന പുസ്തകം, തിരിച്ചു സൗദിയിലേക്കുള്ള യാത്രയില്‍ ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്ത ഒരു പുസ്തകമായിരുന്നു ഇത് !!അതിലെ " ഭൂമിക്ക് ഭാരമാവാതെ നടക്കുന്നര്‍ എന്ന ഇന്തോനേഷ്യക്കാരെ അദ്ദേഹം വിഷേശിപ്പിക്കുന്നതും വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടുന്ന ഒരു ബന്ധുവിന്റെ കഥയും വല്ലാതെ പിടിച്ചിരുത്തുന്ന ചില ലേഘനത്തില്‍ ഒന്നായിരുന്നു !! ഒരു നിധി പോലെ ഇപ്പോഴും സൂക്ഷിച്ചുവെക്കുന്ന ഈ പുസ്തകത്തെ കൂടുതല്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയതിനു ഒരു പാട് നന്ദി !!
ReplyDeleteസുജ,
ReplyDeleteകേവലം നന്ദി എന്ന രണ്ട് വാക്കില്‍ ഞാനെന്റെ സന്തോഷം ഒതുക്കിയാല്‍ അതൊരു തെറ്റാവും. അത്രക്കും സന്തോഷം തോന്നുന്നു ഈ പോസ്റ്റ് വായിച്ചപ്പോള്‍.
എനിക്കറിയുന്നില്ല ഞാന്‍ ഇവിടെ എന്ത് എഴുതുമെന്നു. കാരണം അത്രക്കും മനോഹരമായി, ആ ബുക്കിന്റെ ആത്മാവ് നഷ്ടപ്പെടാതെ സുജ പരിചയപ്പെടുത്തിയിട്ടുണ്ട്. അതില്‍ കൂടുതല്‍ എന്ത് പറയും ഞാന്‍ ..?
പിന്നെ ഇതിലെ മുഗള്‍ വംശ പരമ്പരയെ പറ്റി എഴുതിയ "തല്തോല ബാസാറിലെ മുഗള്‍ ചക്രവര്‍ത്തി" എന്ന ലേഖനത്തിന്റെ ചുവടു പിടിച്ച് ഞാനൊരു പോസ്റ്റ് ഇപ്പോള്‍ എഴുതി തീര്‍ത്തതേ ഉള്ളൂ. ഉടനെ വരും.
എഴുത്തില്‍ അദ്ദേഹത്തിന്റെ പാത പിന് തുടരുവാന്‍ എനിക്ക് ഒരു പരിധിവരെ കഴിയുന്നുണ്ട് , എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നുവെങ്കിലും അങ്ങിനെ ഒരു ആത്മവിശ്വാസം എനിക്കിതുവരെ വന്നിട്ടില്ല.
ഒരിക്കല്‍ കൂടെ പറയട്ടെ, എന്റെ പ്രിയപ്പെട്ട ഉപ്പയെ ബൂലോകത്തിനു പരിചയപ്പെടുത്തിയ ഈ പോസ്റ്റ് ഞങ്ങള്‍ക്ക് കിട്ടിയ സമ്മാനമായി സ്വീകരിക്കുന്നു.
ഹൃദയം നിറഞ്ഞ നന്ദി
നല്ല രസമാകും അല്ലെ യാത്ര ചെയ്യാന്‍ ......എനിക്ക് പഠിക്കാന്‍ ഉണ്ടല്ലോ ..മുഗള്‍ ചക്രവര്‍ത്തിയെ പറ്റിയൊക്കെ ......എനിക്കിഷ്ടാ ചരിത്രം വായിക്കാന്‍ ...ചാച്ചു ഓരോ ബുക്ക് കൊണ്ട് വന്നു തരും ......കുറച്ചു വായിക്കും ..മടിയാ വായിക്കാന്‍ :)
ReplyDeleteപുസ്തകം പരിചയപ്പെടുത്തിയ പ്രിയ സഹോദരാ നന്ദി.ഞാനും വാങ്ങി തന്നെ വായിക്കും ഈ പുസ്തകം .ഇന്ഷാ അല്ലാഹ് ..
ReplyDeleteഅബ്ദു ചെറുവാടി എന്ന കെ ടി അബ്ദു മാസ്റ്റര്‍ ചെരുവാടിക്കാര്‍ക്ക് പ്രിയങ്കരനായ
ReplyDeleteഅധ്യാപകന് ആയിരുന്നു . മനോഹരം ഈ പുസ്തക പരിചയപ്പെടുത്തല്‍ ....
ആദ്യവായനഒറ്റയിരിപ്പിനായിരുന്നു. എത്ര തവണ വായിച്ചിട്ടുണ്ടെന്നറിയില്ല.പിന്നീട് ഓരോ തവണ ചെറുവാടിയിൽ പോയപ്പോഴും അന്തരീക്ഷത്തിലെവിടെയോ ആത്മാവിന്റെ ഭാഷയിൽ കഥകൾ പറഞ്ഞുകൊണ്ട് അബ്ദുമാഷുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മനോഹരമായ ഈ പുസ്തകത്തെഇത്രയും മനോഹരമായി നിരൂപിച്ചത് ആ സാഹിത്യകാരനുള്ള ഒരു കൊച്ചുബഹുമതി തന്നെയാണ്.
ReplyDeleteപുസ്തകങ്ങളെയും,വ്യക്തികളെയും
ReplyDeleteപരിചയപ്പെടുത്തിയതിന് നന്ദി.
നന്നായി പ്രതിപാദിച്ചിരിക്കുന്നു.
ആശംസകളോടെ,
സി.വി.തങ്കപ്പന്
സുജ...
ReplyDeleteമുമ്പൊരിക്കല്‍ ഷബീര്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്നാണ് ഞാന്‍ ഈ പുസ്തകത്തെക്കുറിച്ചും അബ്ദുമാഷിനെക്കുറിച്ചും അറിയുന്നത്.അദ്ദഹം ചെറുവാടിയുടെ പിതാവാണ് എന്നും അറിഞ്ഞു.ഇവിടെ അടുത്തു തന്നെയുള്ള ഹിമായത്ത് സ്കൂള്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന വിദ്യാലയത്തിലെ അദ്ധ്യാപകനായിരുന്നു എന്നും അറിഞ്ഞു.ഹിമായത്ത് സ്കൂളിലെ എന്റെ സുഹൃത്തുക്കളായ അദ്ധ്യാപകരുമായി ഞാന്‍ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ച് കൂടുതല്‍ അറിഞ്ഞിട്ടുണ്ട്. പിന്നീട് ചെറുവാടിയെ വായിക്കുമ്പോളെല്ലാം അദ്ദേഹം തനിക്ക് പൈതൃകമായിക്കിട്ടിയ എഴുതുവാനുള്ള ശേഷിയെ ഒരു നിധിപോലെ കാത്തുസൂക്ഷിച്ച് സംരക്ഷിച്ചു പോരുന്നതായി തോന്നിയിട്ടുണ്ട്..
ഈ പരിചയപ്പെടുത്തല്‍ വളരെ നന്നായി...
അബ്ദു ചെറുവാടിയുടെ "യാത്രയിലെ ചില വിചിത്രാനുഭവങ്ങള്‍" വായിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും അതിലെ "അഗൂഷിയും, സുറാത്തിനയും" ( PDF ആയി കിട്ടിയത്) വായിച്ചിട്ടുണ്ട്. അനുഗ്രഹീതമായ തൂലികയാണ് അദ്ദേഹത്തിന്റെതെന്നു ബോധ്യപ്പെടാന്‍ അതു തന്നെ ധാരാളം. സുജയുടെ പരിചയപ്പെടുത്തല്‍ പ്രതിഭാധനനായ ആ എഴുത്തുകാരന്റെ രചനയോട് നീതി പുലര്‍ത്തി.
ReplyDeleteഅഭിനന്ദനങ്ങള്‍.
.
എന്റെ നാട്ടുകാരനും അധ്യാപകനുമായ ഒരാളെക്കുറിച്ച് അപ്രതീക്ഷിതമായി വായിച്ചപ്പോള്‍ ഉണ്ടായ അനുഭൂതി ഇവിടെ പങ്കു വെക്കുന്നു. അനുഗ്രഹീതമായ തൂലികയായിരുന്നു അദ്ദേഹത്തിന്റെത്. മലബാറിന്റെ പ്രത്യേകിച്ച് മലബാര്‍ ലഹള ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഗഹനമായ ഗവേഷണം നടത്തുകയും വിവിധ മാധ്യമങ്ങള്‍ മുഖേന പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. കേരളത്തിലെ പല പഴയകാല സംഭവങ്ങളും അദ്ദേഹത്തിന്റെ തൂലികയിലൂടെയാണ് ലോകം അറിഞ്ഞത്. അദ്ദേഹത്തിന്റെ ശിഷ്യനാവാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. നാട്ടുകാരന് എന്ന് പറയാന്‍ തികഞ്ഞ അഭിമാനവും. അദ്ദേഹത്തിന്റെ പ്രതിബിംബം എന്ന പോലെ മകന് (ചെറുവാടി) ബൂലോകത്ത് നമ്മുടെ കൂടെ തന്നെയുള്ളത് മറ്റൊരു ഭാഗ്യം.
ReplyDeleteഈ പരിശ്രമത്തിനു വളരെ നന്ദി സുജാ.
ആ പുസ്തകം ഇപ്പോള്‍ തന്നെ വായിക്കാന്‍ തോന്നുന്നു
ReplyDeleteഅഭിനന്ദനങ്ങള്‍ ഈ ഉദ്യമത്തിന് .
മന്‍സൂര്‍ സെന്റര്‍ കോര്ട്ടിനപ്പുരം
ഉപ്പയുടെ വഴിയില്‍ മുഖ്യ ധാരയില്‍ സജീവമാകുമെന്ന് പ്രതീക്ഷിക്കാം
അല്ലാഹു അബ്ദു മാഷിന്റെ പരലോകം നന്നാക്ക്ട്ടെ ആമീന്‍ -മന്‍സൂര്‍ ചെരുവാദിക്കു എല്ലാ വിദ അനുഗ്രഹങളും -അമീന്
ReplyDeleteമുന്‍പ് ഷബീര്‍ എഴുതിയ 'എന്റെ ആയിഷ' എന്ന പോസ്റ്റില്‍ നിന്നുമാണ് ഇദ്ദേഹത്തെക്കുറിച്ച് അറിയുന്നത്. സുജയുടെ ഈ പോസ്റ്റിലൂടെ , ശ്രീ അബ്ദു ചെറുവാടി എന്ന എഴുത്തുകാരനെ കുറച്ചുകൂടി അടുത്തറിയാന്‍ കഴിഞ്ഞു. തന്റെ പ്രിയപ്പെട്ട പിതാവിന്റെ പാതയിലൂടെ മുന്നേറാന്‍ എഴുത്തും യാത്രകളും ഗ്രാമങ്ങളും ഇഷ്ടപ്പെടുന്ന നമ്മുടെ പ്രിയ സുഹൃത്ത് മന്‍സൂറിന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ReplyDeleteഈ പരിചയപ്പെടുത്തലിനു നന്ദി, എന്തായാലും അബ്ദു ചെറുവാടി എന്ന മഹാനായ മാഷിന്റെ പുസ്തകം വാങ്ങണം. പിതാവിന്റെ പാതയിലൂടെ തന്നെ മകനും എന്റെ സുഹൃത്തുമായ മന്‍സൂര്‍ ചെറുവാടിക്കും മുന്നേറാന്‍ കഴിയട്ടെ..
ReplyDeleteനന്ദി,ഈ പോസ്റ്റിന്.
ReplyDeleteപുസ്തകത്തിന്റെ പരിചയപ്പെടുത്തലിനെ കുറിച്ച് ഗ്രന്ഥകാരന്റെ മകനും മറ്റൊരു യാത്രാവിവരണക്കാരനുമായ ചെറുവാടിയുടെ വാക്കുകള്‍ക്കപ്പുറം ഇനി മറ്റൊന്നും പറയാനില്ല. പുസ്തകം വായിക്കുവാന്‍ പ്രേരിപ്പിക്കുന്നുണ്ട് വിവരണം. അത് നല്ല കാര്യമാണ്.
ReplyDeleteഓഫ് : സുജ ; ഈ പോസ്റ്റ് പുസ്തകവിചാരം ഗ്രുപ്പ് ബ്ലോഗിലേക്ക് ഉള്‍പ്പെടുത്താമോ / വിരോധമില്ലെങ്കില്‍ അറിയിക്കുക.
സുജ ചേച്ചി...
ReplyDeleteഒരു പുസ്തകാസ്വദനത്തിന്റെ എല്ലാ മേന്മയും തികയുന്നതു അത് വായിച്ചു കഴിഞ്ഞാല്‍ പുസ്തകം തേടി പോവാന്‍ വായനക്കാരനെ പ്രേരിപ്പിക്കുക എന്നത്... ആ പുസ്തകത്തിന്റെ ഉള്ളടക്കത്തെ ഇത്ര ഭംഗിയായി സുജ ചേച്ചി പറഞ്ഞു വെച്ചപ്പോള്‍ അതിന്റെ പൂര്‍ണ രൂപം വായിക്കാന്‍ എനിക്കും ജിജ്ഞാസയായി..
കുറെ നാള് തിരഞ്ഞു നടന്നു ഒടുവില്‍ കിട്ടുന്ന പുസ്തകങ്ങള്‍ ശരിക്കും നമ്മള് അമൂല്യ നിധിപോലെയാവും വായിച്ചു തീര്‍ക്കുന്നത്.. "ജോണ്‍ അബ്രഹാമിന്റെ കഥകള്‍ " അത്തരത്തില്‍ കിട്ടിയ ഒന്നായിരുന്നു.. എന്റെ പുസ്തകശേഖരത്തില്‍ മുതല്‍ക്കൂട്ടായി സൂക്ഷിക്കുന്നു അത്...
ഈ പുസ്തകം ഞാന്‍ വാങ്ങുന്നുണ്ട് എന്തായാലും... അതില്‍ എനിക്ക് കൂടുതല്‍ അറിയേണ്ടത് അയിഷയെ കുറിച്ചുള്ള കാര്യങ്ങള്‍ ആണ്.. അതില്‍ പറയുന്ന ആയിഷ കണ്ണൂരിലെ അറക്കല്‍ ആയിഷയാണോ..??? ഷബീര്‍ ഇവിടെ ഇട്ട ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ലാ :(
അറക്കല്‍ ആയിഷയെ തിരഞ്ഞു നടക്കുവാണു ഞാന്‍ .. ചില സമയങ്ങളില്‍ ചിലതിനോട് തോന്നുന്ന കൌതുകങ്ങള്‍ ....
സുജ എഴുതിയ ലേഖനം വളരെയധികം ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല ശ്രീ അബ്ദു ചെറുവാടി മാഷ് നടത്തിയത് പോലെയുള്ള യാത്രകള്‍ എനിക്കും ചെയ്യണം എന്ന് തോന്നുകയും ചെയ്തു...പോസ്റ്റിനോടൊപ്പം മന്‍സൂര്‍ ചെറുവാടിയുടെ കമന്റ് കൂടി ചേര്‍ന്നതോടെ കണ്ണ് നിറയുക തന്നെ ചെയ്തു...
ReplyDeleteസുജയ്ക്കും മന്‍സൂര്‍ ചെറുവാടിയ്ക്കും എല്ലാവിധ ആശംസകളും നേര്‍ന്നു കൊണ്ട്...
ഹിസ് ഹൈ നെസ്സ് മുസാഫിര്‍ കമാലുദീന് ..... ഇപ്പോഴത്തെ മുഗള്‍ ചക്രവര്‍ത്തി "
ReplyDeleteഇതിനെ കുറിച്ച് ചെരുവാടിയുടെ പുതിയ ബ്ലോഗ്ഗ് ഇന്ന് വായിച്ചു... അവിടെ കണ്ട ലിങ്ക് വഴി ഇവിടെയെത്തി...
ചെറുവാടി ഇവിടെ പറഞ്ഞത് പോലെ ആ രചനയുടെ ആത്മാവ് നഷ്ടപെടാതെ ഇവിടെ പരിചയ പെടുത്താന്‍ താങ്കള്‍ക്കു കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഈ ലേഖനം വായിച്ച ഏതൊരാള്‍ക്കും ആ ബുക്ക് വായിക്കണം എന്നൊരു വാശി കൂടി ഉണ്ടാക്കാന്‍ താങ്കളുടെ ഈ എഴുത്തിന് കഴിഞ്ഞിട്ടുണ്ട്...
നല്ല വായനാനുഭാവതിനും.. അതിലുപരി പരിച്ചയപെടുതലിനും അഭിനന്ദനങ്ങള്‍...
ഈ പരിചയപ്പെടുത്തലിനു നന്ദി.
ReplyDeleteആശംസകൾ...
ഈ പരിചയപ്പെടുത്തലിനു നന്ദി സുജ . ആശംസകള്‍
ReplyDeleteമണ്ണിടിഞ്ഞ് പോകുന്ന ചരിത്രസത്യങ്ങളെ വെളിച്ചത്ത് കൊണ്ട് വരാന്‍ ശ്രമിച്ച നല്ലൊരു ചരിത്രകാരനെ ഓര്‍മ്മപ്പെടുത്തിയതിന് നന്ദി.
ReplyDeleteഈ പരിചയപ്പെടുത്തലിനു നന്ദി.
ReplyDeleteഏതായാലും ഈ പുസ്തകം വാങ്ങിയിട്ട് ബാക്കി...
മന്സൂരിനെയും സുജയെയും ഫോളോ ചെയ്യുന്നുണ്ട് പണ്ടേ .മുസഫര്‍ കമലിനെ കുറിച്ചുള്ള മന്‍സൂറിന്റെ പോസ്റ്റ് വായിച്ചിരുന്നു ഇന്നലെ ,ഇന്നിതാ ഇതും ,നന്ദി സുജാ ,ഈ പുസ്തക വിചാരത്തിനു ..
ReplyDeleteനല്ല ആസ്വാദനം സുജാ... എഴുത്തുകാരന്റെ കയ്യൊപ്പ് മായ്ക്കാതെയുള്ള പരിചയപ്പെടുത്തൽ...മൻസൂറേട്ടനു അഭിമാനിക്കാം ഈ പിതാവിന്റെ പുത്രനായതിൽ..
ReplyDeleteവളരെ നല്ല പരിചയപ്പെടുത്തല്‍ . ആ പുസ്തകം ഉടനെ വായിക്കാന്‍ തോന്നുന്നു.
ReplyDeleteഈ പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട് അത് പോലെ മരണ സമയത്ത് ഒരു പുസ്തകം ഇദ്ദേഹം എഴുതിയിരുന്നു അത് കുറച്ചു മുന്‍പ് ഐ.പി.എച്ച്. പ്രസിദ്ധീകരിച്ചു അതിന്റെ പേര് ഹജ്ജ് യാത്രയിലെ സുക്ര്ത പൂക്കള്‍ എന്നാണ് അതും എനിക്ക് വായിക്കാന്‍ സാധിച്ചു.
ReplyDelete