Friday, October 21, 2011

പവനുരുകിയ ദൈറാള.....




വെയില്‍ നാളങ്ങള്‍ പൊഴിഞ്ഞു വീണ ദൈറാളയിലെ ഗോതമ്പുപാടത്തില്‍ കണ്ണെത്താ ദൂരത്തോളം സ്വര്‍ണം വിളഞ്ഞു നില്‍ക്കുന്നു.പാടവരമ്പിലൂടെ പവന്‍ നടന്നു,ഇരുപത്തി നാല് വര്‍ഷത്തെ കാത്തിരിപ്പിന്‍റെ അവസാനംഎന്നപോലെ.
ഉച്ച വെയിലിന് വര്‍ഷങ്ങളുടെ പഴക്കം.

ജയ്പൂരില്‍ വണ്ടിയിറങ്ങുമ്പോള്‍ നന്നേ ചൂടായിരുന്നു.പൂജാ എക്സ്പ്രസ്സ്‌ സ്റ്റേഷനില്‍ നിന്നപ്പോള്‍ മിനറല്‍വാട്ടറിന്‍റെ ഒഴിഞ്ഞ കുപ്പികള്‍  പെറുക്കുവാന്‍ എത്തിയ നാടോടിക്കുട്ടികള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം.ഈ  പൊരി വെയിലത്ത്‌ ഇനിയും ഏറെ ദൂരം യാത്ര ചെയ്യണം.മുണ്ട്രുവില്‍ ചെന്നിട്ടു ദൈറാളയില്‍പോകുന്നതാണ് നല്ലതെന്ന് പവന് അറിയാം.അമ്മാവന്‍ പറഞ്ഞു കേട്ട ഓര്‍മ്മയല്ലാതെ വഴികള്‍ പവന് അത്ര നിശ്ചയമില്ല .

വര്‍ഷങ്ങളായി കല്‍ക്കയിലെ  തണുപ്പുമായി പോരുത്തപ്പെട്ടുപോയ പവന്‍റെ ശരീരത്തിന് ജയ്പൂരിലെ  ഈ ചൂട് താങ്ങുവാന്‍ കഴിയുന്നില്ല.വെയില്‍ച്ചൂട് തട്ടാത്ത മനസ്സില്‍ ജീവിതം നല്‍കിയ പൊള്ളലുകള്‍ അപ്പോഴും നീറുന്നതായി പവന് തോന്നി. 

പതിവില്ലാതെ ഏതോ ഒരു ഉള്‍പ്രേരണയില്‍ ഇറങ്ങി പുറപ്പെട്ടതാണ്.പോരുമ്പോള്‍ അരുന്ധതി ഈ യാത്രക്ക് എതിരൊന്നും പറഞ്ഞതുമില്ല  അല്ലെങ്കില്‍ത്തന്നെ വിവാഹ ജീവിതം തുടങ്ങിയ നാള്‍ മുതല്‍ ഇന്നേ വരെ പവന്‍ എന്ത് പറഞ്ഞാലും അതിനപ്പുറം ഒരു വാക്കും അരുന്ധതിക്കില്ല .യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഇളയ മകളെ ഒക്കത്തിരുത്തി വീടിന്‍റെ വാതില്‍പ്പടിയും കടന്ന് അരുന്ധതി വന്നു.ഉച്ച ഭക്ഷണം ആയി ചോളപ്പൊടി ചേര്‍ത്തുണ്ടാക്കിയ ചപ്പാത്തിയും,സബ്ജിയും കൈയില്‍ വാങ്ങുമ്പോള്‍ കരിമംഗലം തെളിഞ്ഞുവരുന്ന കവിള്‍ത്തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ ചാലുകള്‍ കണ്ടില്ല എന്ന് ഭാവിച്ചു പവന്‍.

റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ട് ബസ്സ്സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ നല്ല തിരക്ക്.മുണ്ട്രുവിലേക്കുള്ള ബസ്സ് യാത്രയും പവന് പൊള്ളുന്ന തീച്ചൂളയില്‍ എന്നപോലെ .എങ്കിലും, കടലയും ഗോതമ്പും വിളഞ്ഞ വിജനമായ പാടങ്ങള്‍ക്കിടയിലെ "സികാര്‍ റോഡി" ലൂടെ വളരെ വേഗത്തില്‍ ബസ്സ് പോകുമ്പോള്‍ വീശിയടിക്കുന്ന ഉഷ്ണകാറ്റില്‍ എവിടെനിന്നോ പവന്‍റെ നെറുകയില്‍ തണുത്ത ഒരു വിരല്‍സ്പര്‍ശം.

"നീ ഉറങ്ങിയോ വാവേ......"
കണ്ണുകള്‍ മെല്ലെത്തുറന്നു കൊച്ചു പവന്‍.പൊള്ളുന്ന പനിച്ചൂടില്‍ വിറച്ചുകിടക്കുന്ന അവന്‍റെ നെറ്റിയില്‍ തലോടിക്കൊണ്ട്അമ്മ അടുത്തു നില്‍ക്കുന്നു.
നെറ്റിയില്‍ ചുവന്ന സിന്ദൂരം, മുഖം പാതി മറച്ച ചുവന്ന ഉത്തരീ യത്തിനിടയിലൂടെ തിളങ്ങുന്ന പച്ച മൂക്കുത്തി.
"അമ്മാ ......ഒരു പാട്ട് പാട് അമ്മ "
പവന്‍ കണ്ണുകള്‍ വീണ്ടും അടച്ചു.വീശിയടിച്ച ചൂട് കാറ്റിന്‍റെ താളത്തില്‍  അമ്മയുടെ ഉറക്കു പാട്ടിന്‍റെ ഈരടികള്‍.

വീണ്ടും ഒരു പിറന്നാള്‍ ദിനം . കൊച്ചു പവന് അന്ന് മൂന്നു വയസ്സ്.
പാടത്തില്‍ അങ്ങിങ്ങായി കൊയ്ത്ത് കഴിഞ്ഞു കൂട്ടിയ ഗോതമ്പ് കറ്റകള്‍ അടുക്കി വെച്ച ഒരു സന്ധ്യാ സമയം.

ദൈറോളയിലെ കൊച്ചു വീട്ടില്‍ അന്ന് ഉത്സവം പോലെ സന്തോഷം പൂത്തുലഞ്ഞു.
അച്ഛനും അമ്മയോടുമൊപ്പം അന്ന് പവന്‍ അമര്‍സറിലെ  ദേവി മാതാ ക്ഷേത്രത്തില്‍ തൊഴുതു.അപ്പോഴും അമ്മയുടെ പച്ച മൂക്കുത്തിക്ക് നല്ല തിളക്കമായിരുന്നു,നെറ്റിയിലെ സിന്ദൂരത്തിന്  പതിവിലും ചുവപ്പും.  തിരികെ ഗോതമ്പ് പാടവരമ്പില്‍ക്കൂടി അച്ഛന്‍റെ തോളില്‍ ഇരുന്നായിരുന്നു പവന്‍റെ യാത്ര.കതിരുകള്‍ കൊയ്ത പാടത്ത് അന്ന് വീശിയ കാറ്റിന് നല്ല തണുപ്പായിരുന്നു .പവന്‍ വീട്ടില്‍  എത്തും മുന്‍പേപെയ്തുപോയ മഴയില്‍ ഗ്രാമവാസികള്‍  കൊയ്തു  കൂട്ടിയ കറ്റകള്‍ മിക്കതും നനഞ്ഞു.
എങ്കിലും ചുടു കാറ്റില്‍ പൊള്ളിയ ദൈറാളയെ ആ മഴ ഒന്നു തണുപ്പിച്ചു.മണ്ണി ന്‍റെ ഗന്ധം അന്ന് ദൈറാളയിലെ ഭൂമിമുഴുവന്‍ നിറഞ്ഞു നിന്നു.

കൊച്ചു പവന്‍  മഴ നേരില്‍  കാണുന്നത് അത് രണ്ടാം തവണ.
പക്ഷെ നിനച്ചിരിക്കാതെ പെയ്ത മഴ ദൈറോളയില്‍ നിന്നും തിരികെ പോയത് പവന്‍റെ അച്ഛനേയും കൊണ്ടാണ്.രാത്രിയില്‍ പതിവിലും നേരത്തെ  ഉറങ്ങിപ്പോയ പവന്‍ ,അച്ഛന്‍  ഒരിക്കലും ഉണരാത്ത  ഉറക്കത്തിലേക്കു പോയത് അറിഞ്ഞതുമില്ല .
പിറ്റേന്ന് മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങിയ വീട്ടില്‍,ആള്‍ത്തിരക്കിനിടയില്‍ അമ്മയെ പവന്‍ കണ്ടു. പക്ഷെ ആ പച്ചക്കല്ല്  മൂക്കുത്തിയോ,സിന്ദൂരപ്പോട്ടോഅമ്മയില്‍ കണ്ടില്ല,അമ്മയുടെ തലയിലെ ചുവന്ന ഉത്തരീയത്തിന്‍റെ നിറം മങ്ങി വെള്ള ആയതു പോലെ അവന് തോന്നി .
ഉറക്കത്തില്‍ ഉണര്‍ന്ന പവന്‍ പലതും  ചോദിച്ചിട്ടും  അമ്മ മറുപടി ഒന്നും പറഞ്ഞതുമില്ല .

 ഉച്ച വെയില്‍ ചുട്ടു പഴുപ്പിച്ച ഗോതമ്പ് പാടങ്ങള്‍ക്കിടയിലൂടെ കൊട്ടും,കുരവയും, ആരവവും ആയി പോകുന്ന ഗ്രാമവാസികള്‍ക്കൊപ്പം പവനും പോയി.അമ്മയുടെ മുഖത്ത് നോക്കുമ്പോഴെല്ലാം അവന് വല്ലാതെ വിഷമം തോന്നിഅമ്മയുടെ ഉത്തരീയതിന്‍റെ  തുമ്പു പറ്റി നടക്കുന്ന കൊച്ചു പവനെ ആരൊക്കെയോ ചേര്‍ന്ന് ദൂരേക്ക്‌ മാറ്റി നടത്തി .
.ഒടുവില്‍ വിജനമായ ഏതോ ഒരു സ്ഥലത്ത് എല്ലാവരും  ഒത്തു ചേര്‍ന്നപ്പോള്‍ ഒഴിഞ്ഞൊരു മരച്ചുവട്ടില്‍ ഇരിക്കുന്ന അമ്മയുടെ അരികില്‍ വന്ന്  പവന്‍ വീണ്ടും ആ മുഖത്തേക്ക് നോക്കി ,ആ പച്ചക്കല്ല് മൂക്കുത്തി കാണുന്നില്ല.....
കുറച്ചകലെയായി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും,ആര്‍പ്പുവിളിക്കുന്നതും പവന്‍ കണ്ടു .
അപ്പോഴും വീട് വിട്ട് ഈ ഉച്ച നേരത്ത് എല്ലാവരും ഈ സ്ഥലത്തേക്ക് വന്നതെന്തിനെന്ന് കുഞ്ഞ് പവന് മനസ്സിലായതേയില്ല .

വെയില്‍ നാളങ്ങള്‍ ദൂരെ  കൊയ്തൊഴിഞ്ഞ  പാടത്തേക്കു ചാഞ്ഞു തുടങ്ങിയിരുന്നു. പിന്നെപ്പോഴോ മന്ത്രോച്ചാരണങ്ങള്‍  മുഴങ്ങിയപ്പോള്‍ അമ്മയെ ആരെല്ലാമോ വന്നു കൂട്ടി കൊണ്ടു പോകുന്നത് പവന്‍ കണ്ടു .അമ്മയുടെ സാരി തുമ്പില്‍ തൂങ്ങി കരയുവാന്‍ തുടങ്ങിയ  പവനെ മുതിര്‍ന്നവരില്‍ ആരോ എടുത്തു കൊണ്ടു പോകുവാനും ശ്രമിച്ചു .പോകും മുന്‍പ് ഒരു  വട്ടം അമ്മ പവനെ വാരി എടുക്കുക്കുകയും നെറുകയില്‍ ചുംബിക്കുകയും ചെയ്തു.അതുവരെയുള്ള നിശബ്ദത വിട്ട് അമ്മ ഉറക്കെ കരയുന്നതും പവന്‍ കേട്ടു.അമ്മ കരഞ്ഞാല്‍ പവന് എന്നും വിഷമമാണ്.അകന്നുപോകുന്ന അമ്മയുടെ കരച്ചില്‍ ആരവങ്ങളില്‍ അലിഞ്ഞു ചേര്‍ന്നപ്പോള്‍ ,ആളിക്കത്തുന്ന അഗ്നിയില്‍ അച്ഛനോടൊപ്പം അമ്മയും എരിഞ്ഞടങ്ങിതറിയാതെ,കരഞ്ഞ്  കരഞ്ഞ് പവന്‍ മുത്തച്ഛന്‍റെ  തോളില്‍ കിടന്ന്  ഉറങ്ങിപ്പോയി.


ദൈറാളയിലെ ഭൂമിക്ക് അന്ന് കരിഞ്ഞുപോയ മണ്ണിന്‍റെ ഗന്ധമായിരുന്നു.  അഗ്നിയില്‍ അമര്‍ന്നുപോയ തേങ്ങലുകള്‍ അന്ന് പ്രകൃതിപോലും കേട്ടില്ല.ഒരു കണ്ണുനീരിനും കെടുത്തുവാനാകാതെ ആളിക്കത്തിയ ആ അഗ്നിയില്‍ നിന്നും വീണ്ടും ഒരു "സതി മാതാ" ജന്മം കൊണ്ടതറിയാതെ പവന്‍ അമ്മാവനോടൊപ്പം ആ രാത്രിയില്‍ ദൈറോള വിട്ട് കല്‍ക്കയിലേക്ക് യാത്രയായി.

ഗോതമ്പ് പാടത്തിനരികിലെ ആ പഴയ ഇടവഴി കാണാനേയില്ല.ഈ പാട വരമ്പിലൂടെയാണ് അച്ഛന്‍ പവനെ  തോളിലേറ്റി നടക്കാറുണ്ടായിരുന്നത്‌ .ദൈറോള ആകെ മാറിയിരിക്കുന്നു .മണ്‍പാതകള്‍ പലതും ടാറിട്ട റോഡുകള്‍,പാതയോരത്ത് പുതിയ പുതിയ കെട്ടിടങ്ങള്‍.കണ്മുന്‍പില്‍ കണ്ട മുഖങ്ങളില്‍ പവന്പരിചയമുളള ആരുമേയില്ല .കൊയ്തൊഴിഞ്ഞ ചില പാടങ്ങളില്‍ കുട്ടികള്‍ ക്രിക്കെറ്റ്  കളിക്കുന്നു.

വെയിലിന്‍റെ ചൂടിന്‌ കാഠിന്യം കൂടി വരുന്നു.
വഴിയോരത്ത് കണ്ട വിജനമായ ഒരു സ്ഥലം പവന്‍റെ ഓര്‍മകളെ പൊള്ളിച്ചു.
ഒറ്റപ്പെട്ട് നില്‍ക്കുന്ന ആ മരത്തണലില്‍ ആണ്‌ പവന്‍ അന്ന് അവസാനമായി അമ്മയോടൊപ്പം ഇരുന്നത്. ഇലകള്‍ പൊഴിച്ചു നിന്ന ആ മരത്തിന്‍റെ ഉണങ്ങിയ  ചില്ലകള്‍ പരിചയ ഭാവത്തോടെ പവനെ നോക്കി.തൊട്ടപ്പുറത്തെ ക്ഷേത്രത്തിലെ പൊട്ടിപൊളിഞ്ഞ മതിലില്‍ അമ്മയുടെ വിരലുകള്‍ പതിപ്പിച്ചിട്ടുണ്ടാകുമോ ?
ക്ഷേത്ര വാതിലില്‍ കണ്ട നിറം മങ്ങിയ അക്ഷരങ്ങള്‍ പവന്‍ വായിച്ചു "സതി മാതാ കീ  ജയ് ....സതി  കി  പതി  കീ ജയ്  "
അക്ഷരങ്ങള്‍ക്കിടയില്‍ ഒരു പച്ചക്കല്‍ മൂക്കുത്തി ആ വെയിലില്‍ തിളങ്ങിയോ?ക്ഷേത്രത്തിലെ വിഗ്രഹങ്ങളില്‍ ഒന്നിന്‍റെ  നെറ്റിയില്‍ ഒരു ചുവന്ന സിന്ദൂരപ്പൊ ട്ടും .........?


സ്വര്‍ണം വിളഞ്ഞ ഗോതമ്പു വയലുകളില്‍ വീശിയടിച്ച ചൂടുകാറ്റില്‍ പവന്‍ ആ സ്വരം തിരിച്ചറിഞ്ഞു .

"വാവേ .....ഉറങ്ങിക്കോട്ടോ"


കാറ്റിലൂടെ ഒഴുകിയെത്തിയ ഒരു താരാട്ട് പാട്ടിന്‍റെ ചുട്ടുപൊള്ളിക്കുന്ന  ഓര്‍മ്മകളില്‍ പവന്‍ കണ്ണുകള്‍ ഇറുകെ അടച്ചു.





സതി -ഭര്‍ത്താവിന്‍റെ ചിതയില്‍ ചാടി ഭാര്യയും ജീവന്‍ ഹോമിക്കുന്ന ഒരു ആചാരം 
സതിമാത-സതി അനുഷ്ട്ടിക്കുന്ന സ്ത്രീക്ക് നല്‍കുന്ന വിളിപ്പേര്.
ദൈറാള -രാജസ്ഥാനിലെ സികാര്‍ ജില്ലയിലെ ഒരു ഗ്രാമം .
അമര്‍സര്‍-രാജസ്ഥാനിലെ മറ്റൊരു  ഗ്രാമം 
കല്‍ക്ക-ഹരിയാനയിലെ പഞ്ചകുള ജില്ലയില്‍ ഉള്‍പെട്ട പ്രദേശം 





കുറിപ്പ് :ചരിത്രത്തിന്‍റെ  ഏടുകളില്‍ ഇന്നും നൊമ്പരമാകുന്ന "സതി" എന്ന അനാചാരം നിര്‍ത്തലാക്കിയത് പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ്‌ .എന്നിട്ടും 1987  രാജസ്ഥാനിലെ ദൈറാളഗ്രാമം ഒരു "സതി"ക്ക് സാക്ഷിയാകേണ്ടി വന്നു.ദൈറാളയില്‍ അന്ന് സതി അനുഷ്ട്ടിച്ച  "രൂപ്‌ കാന്‍വാര്‍ "എന്ന പെണ്‍കുട്ടിയു മായോ,അവരുടെ  ജീവിതപശ്ചാത്തലവുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവും ഇല്ല എന്ന് തീര്‍ത്തും പറയുന്നു .സ്വതന്ത്ര ഇന്ത്യയില്‍  നാം അറിയാതെ സംഭവിച്ച ആ അക്ഷരത്തെറ്റിന് ഇനി എന്ത് പ്രായാശ്ചിത്തമാണ് ചെയ്യുക  ?
അന്ന് അഗ്നിയില്‍ പൊലിഞ്ഞുപോയ "രൂപ്‌ കാന്‍വാര്‍"ന് വേണ്ടി,വിധിയുടെ നിയോഗത്താല്‍ സതി അനുഷ്ട്ടിക്കേണ്ടിവന്ന നിരവധി സ്ത്രീ ജന്മങ്ങള്‍ക്കു  വേണ്ടി ,അന്ധവിശ്വാസം അനാഥമാക്കപ്പെട്ട പിഞ്ചു ബാല്യങ്ങള്‍ക്ക്‌ വേണ്ടി ഞാന്‍ഈ കഥ സമര്‍പ്പിക്കുന്നു. 


ചിത്രങ്ങള്‍ :കടപ്പാട് ഗൂഗിള്‍(സതി അനുഷ്ട്ടിച്ച വനിതകളുടെ കൈവിരലുകള്‍ പതിച്ചതിന്‍റെ ചിത്രം,  മാള്‍സിംഗ് ശെഖാവത്-രൂപ് കന്‍വര്‍ ദമ്പതികളുടെ വിവാഹ ഫോട്ടോ )


Saturday, October 15, 2011

മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍(3)

  
 അതിരുകള്‍ ഇല്ലാത്ത കാഴ്ചകള്‍


മഴ മാറി നിന്ന ഒരു പകല്‍ ആയിരുന്നു അന്ന്.
തണുപ്പിന്‍റെ കാഠിന്യവും അല്‍പ്പം കുറഞ്ഞപോലെ.ഈ "സൂര്യ നഗരത്തില്‍" വന്ന ശേഷം സൂര്യനെ ഇതേ വരെ ഒന്നു കണ്ടതേയില്ല. ഇന്നത്തെ  യാത്ര ചരിത്രത്തിന്‍റെ  ഓര്‍മ്മകള്‍ തേടിയാണ്.ഒരു കാലഘട്ടത്തിന്‍റെ പ്രണയ സ്വപ്‌നങ്ങള്‍ വസന്തം വിരിയിച്ച,പ്രേമ സല്ലാപങ്ങള്‍ക്ക് മൂകസാക്ഷിയായ മുഗള്‍ ഉദ്യാനങ്ങള്‍ തേടി.



ലാല്‍ ചൗക്കില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയാണ് പരി മഹല്‍ എന്ന കോട്ട.ഒരിക്കല്‍ ബുദ്ധിസ്റ്റ്  മൊണാസ്ട്രി ആയിരുന്ന പരിമഹല്‍ പിന്നീട് ആസ്ട്രോളൊജി സ്കൂള്‍ ആക്കിമാറ്റിയത് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍റെ മൂത്ത മകനായ ദാര രാജകുമാരന്‍ ആണ്‌.കോട്ടയുടെ ഭാഗമായി മനോഹരമായ ഉദ്യാനവും ഉണ്ട്.പലതട്ടുകളായുള്ള ഉദ്യാനത്തിന്‍റെ ഏത് ഭാഗത്ത്‌ നിന്നാലും അങ്ങ് ദൂരെ ദല്‍ തടാകം കാണാം.പരി മഹല്‍ നിന്നും ദല്‍ തടാകത്തിന്‍റെ കാഴ്ച വളരെ മനോഹരം.ഈ മുഗളോദ്യാനത്തിലേക്ക് പോകുവാന്‍ താഴ്വാരയില്‍   നിന്ന് പ്രത്യേകം റോഡ്‌ തന്നെ ഉണ്ട്.കുന്നിന്‍ മുകളിലേക്ക് പോകും തോറും തണുപ്പിന്‍റെ കാഠിന്യം കൂടി വന്നു.പരി മഹലില്‍ സഞ്ചാരികളുടെ തിരക്ക് അത്ര അനുഭവപ്പെട്ടില്ല.വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കോട്ടയുടെ ചില ഭാഗങ്ങള്‍ക്ക് കാലപ്പഴക്കം കൊണ്ടു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അവിടെയുള്ള പൂന്തോട്ടം ഇന്നും മനോഹരമായിത്തന്നെ നിലനില്‍ക്കുന്നു.മുകളിലേക്ക് കയറുന്ന പടിക്കെട്ടുകളിലും മറ്റും ഇന്ത്യന്‍ പട്ടാളം ജാഗരൂകരായി നില്‍ക്കുന്നുണ്ട് പടിക്കെട്ടുകള്‍ മുകളിലേക്ക് കയറുമ്പോള്‍ താഴെ ഏതോ വിശിഷ്ട്ട വ്യക്തി വന്ന വാഹനത്തിന്‍റെ ഒരു ഇരമ്പല്‍. മൂന്ന് വാഹനങ്ങളിലായി മക്കളും ചെറുമക്കളുമായി പത്തോളംപേര്‍ ഉള്‍പ്പെട്ട ഏതോ ഒരു വി.ഐ.പി കുടുംബവും അവര്‍ക്ക് അകമ്പടി സേവിച്ച്‌ തോക്കേന്തിയ സുരക്ഷാ ഭടന്മാരും ആയിരുന്നു അത്. പടവുകള്‍ കയറി ആ കുടുബം മുകളിലെ കാഴ്ചകള്‍ കാണുവാന്‍ നീങ്ങി.ഇത്തരം വി ഐ പി യാത്രകളെ കുറിച്ച് പറഞ്ഞും,വായിച്ചും കേട്ടും മാത്രം അറിവുള്ള എനിക്ക് ആ കാഴ്ച വല്ലാത്ത കൗതുകം തോന്നി.ആരോടും പറയാനാകാതെ ഒരുള്‍ ഭയം മനസ്സില്‍ മറ്റൊരു  തണുപ്പ് നിറച്ചു.ഉദ്യാനത്തിലെ നിറഞ്ഞ് പൂത്തുലഞ്ഞ ചെടികള്‍ എന്‍റെ കണ്ണുകളില്‍ വസന്തം വിരിയിക്കുമ്പോള്‍ ചരിത്രത്തിന്‍റെ തിരുശേഷിപ്പുകള്‍ പകര്‍ന്നു നല്‍കിയ പരി മഹല്‍ കാഴ്ചകള്‍ മനസ്സില്‍ മായാത്ത ചിത്രങ്ങള്‍ വരച്ചുകൊണ്ടേയിരുന്നു.പൂക്കളുടെ ഭംഗി ആസ്വദിക്കുന്ന ഒരു വേള എന്‍റെ ശ്രദ്ധ തൊട്ടടുത്ത്‌ നിന്ന് ഫോട്ടോക്ക് പോസ്സു ചെയ്യുന്ന ആ വി.ഐ.പി കുടുംബത്തിലേക്കായി.പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള യുവ തലമുറ ഫോട്ടോയ്ക്ക് പോസ്സു ചെയ്യുന്ന തിരക്കിലാണ്.പല രീതിയില്‍ പല ആംഗിളുകളില്‍ അവര്‍ പോസ്സു ചെയ്യുന്ന ഫോട്ടോ എടുത്തു കൊടുക്കുന്നത് തോക്കേന്തിയ ഇന്ത്യന്‍ പട്ടാളക്കാര്‍ ആണ്‌.ചരിഞ്ഞും ,തിരിഞ്ഞും നിന്ന് തരുണീമണികള്‍ ഫോട്ടോക്ക് പോസ്സു ചെയ്യുമ്പോള്‍ എനിക്കാ കാവല്‍ ഭടന്‍ന്മാരോട് അനുകമ്പ തോന്നി,ഞാന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ജനതയോട് ലജ്ജയും.സുരക്ഷയുടെ പേരില്‍ഇതും രാജ്യസേവനമോ!

പരി മഹല്‍-ഉദ്യാനത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന മഞ്ഞ പൂക്കള്‍ 

പരി മഹല്‍ നിന്നാല്‍ ദല്‍ തടാകത്തിന്‍റെ ഒട്ടു മിക്ക ഭാഗങ്ങളും കാണുവാന്‍ കഴിയും.ദൂരെ മഞ്ഞു മലകള്‍ക്കിടയില്‍ അലസ്സയായീ കിടക്കുന്ന ദല്‍ എന്ന സുന്ദരിയെ എത്ര കണ്ടാലും മതിവരില്ല. താഴ്വരയില്‍ ഒരിടത്ത് പലനിറത്തിലുള്ള സിന്ദൂരകൂട്ടുകള്‍ കൊണ്ടു രംഗോലി ഡിസൈന്‍ ചെയ്തിരിക്കുന്നു.ദൂരെകാഴ്ചയില്‍ വിവിധ വര്‍ണ്ണങ്ങളില്‍ സിന്ദൂര കൂട്ടുകള്‍ പോലെ കാണുന്നത് ടുലിപ് പൂക്കളാണെന്ന് ഫയാസ്സ് ഫായി പറഞ്ഞു.പരി മഹല്‍ നിന്നും താഴ്വാരത്തിലേക്ക് തിരിക്കുമ്പോള്‍ തണുപ്പിന്‍റെ കാഠിന്യം കുറഞ്ഞും കൂടിയും അനുഭവപ്പെട്ടു .വഴിയരികില്‍ ഒരിടത്ത്‌ രണ്ട് കൊച്ചു കുട്ടികള്‍ സൈക്കിള്‍ പരിശീലിക്കുന്നു .അവിടെയും അവര്‍ക്ക് പട്ടാളം കാവല്‍.സൈക്കിള്‍ ചവിട്ടുന്ന കുരുന്നിന് അകമ്പടി സേവിച്ചുതോക്കും പിടിച്ച്‌ സുരക്ഷാഭടന്‍.ഇതും ഒരു ബാല്യം ആണല്ലോ എന്ന് ഓര്‍ത്തുപോയി.നാട്ടു വഴിയില്‍ സൈക്കിള്‍ ചവിട്ടി,ടയറുകള്‍ ഉരുട്ടി,ഓലപ്പന്ത്‌ കളിക്കുന്ന പിഞ്ചുകുട്ടികളെ ഓര്‍ത്തപ്പോള്‍ ഈ ബാല്യം എന്നെ നൊമ്പരപ്പെടുത്തുന്നു.വല്യ  വല്യ ആള്‍ക്കാരുടെ മക്കളായി ജനിക്കുന്ന വി.ഐ പി ബാല്യങ്ങള്‍ !

പരിമഹല്‍ -ചഷ്മേ ഷാഹി റോഡിനു വര്‍ഷങ്ങള്‍ പഴക്കമുണ്ട് .ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മകന്‍ ദാര രാജകുമാരന്‍ ആണ്‌ ഈ റോഡിന്‍റെ നിര്‍മ്മിതിക്ക് പിന്നില്‍ എന്നും പറയുന്നു.ഇന്ന് ആ പ്രദേശങ്ങള്‍ ടൂറിസ്റ്റ് വില്ലേജുകള്‍ ആണ്‌ .സഞ്ചാരികള്‍ക്ക് താമസിക്കുവാനുള്ള മുന്തിയ ഇനം ഹോട്ടലുകളും റിസോര്‍ട്ടുകളും ഇവിടെ ഇന്ന് ലഭ്യമാണ്.

മറഞ്ഞു പോകുന്ന പിന്‍കാഴ്ചകളോടൊപ്പം പരി മഹലും മൂടല്‍ മഞ്ഞില്‍ മറയുമ്പോള്‍ വീണ്ടും എന്‍റെ ഓര്‍മ്മകള്‍ ചരിത്ര വഴികളിലൂടെ ഒരു തിരിച്ചുപോക്ക് നടത്തി.വര്‍ഷങ്ങള്‍ പുറകോട്ടൊരു യാത്ര.ഇവിടെ ഈ വഴികളിലൂടെ ദാര രാജകുമാരന്‍ അന്ന് വന്നത് കുതിരപ്പുറത്തായിരിക്കുമോ?താഴ്വരയില്‍ നിന്നും കുന്നിന്‍ മുകളിലുള്ള ഈ കോട്ടയിലേക്ക് ഇങ്ങനെ ഒരു വഴി നിര്‍മ്മിച്ചത്‌ ഈ എനിക്കും കൂടി യാത്രചെയ്യാനായിരുന്നുവോ?ഈ വഴി നടക്കാനിരിക്കുന്ന യാത്രികരുടെ പേരില്‍ എന്‍റെ പേരും അന്നേ കുറിക്ക പെട്ടിട്ടുണ്ടായിരുന്നോ?

പരി മഹലില്‍ ഉറങ്ങുന്ന ചരിത്രത്തിന്‍റെ ശേഷിപ്പുകള്‍ മനസ്സിന്‍റെ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ടുലിപ് ഗാര്‍ഡന്‍ കാഴ്ചകളിലേക്ക് -ലോകത്തില്‍ രണ്ടാമത്തേതും, ഏഷ്യയിലെ ആദ്യത്തേതെന്നും ബഹുമതിയുള്ള ടുലിപ് ഉദ്യാനമാണിത്.ആംസ്റ്റാര്‍ഡാം (നെതര്‍ലെണ്ട് ),ഓസ്ട്രിയ ....തുടങ്ങിയ രാജ്യങ്ങളിലാണ് ലോകത്തില്‍ ടുലിപ് പുഷ്പ്പങ്ങള്‍ ഉള്ളത് .


ശ്രീനഗര്‍ നിന്നും ഏകദേശം ഏഴുകിലോമീറ്റര്‍ മാറിസ്ഥിതി ചെയ്യുന്ന ഈ ഉദ്യാനം പൊതുജനങ്ങള്‍ക്ക്‌ തുറന്ന് കൊടുത്തത് മാര്‍ച്ച്‌ 2008 ല്‍ ശ്രീമതി സോണിയ ഗാന്ധിയാണ്. സബര്‍വന്‍ കുന്നുകളുടെ അടിവാരത്തില്‍ ദല്‍ തടാകത്തിന്‍റെ തീരത്താണ് പൂക്കളുടെ ഈ താഴ്വര.
പ്രവേശന കവാടത്തില്‍ ഇവിടെയും "weapons not  allowed  "എന്ന് എഴുതി വെച്ചിട്ടുണ്ട്
കുന്നിന്‍ മുകളിലുള്ള പരിമഹല്‍ നിന്നപ്പോള്‍ അല്‍പ്പം മുന്‍പ് ഞാന്‍ താഴ്വാരത്ത് കണ്ട വിവിധ വര്‍ണ്ണങ്ങളുടെ നിറകൂട്ടുകള്‍ ഇപ്പോള്‍ കണ്‍മുന്‍പില്‍.....!
വസന്തം വന്നിരുന്നുവെങ്കില്‍ ...........

മഞ്ഞ ടുലിപ് പുഷ്പ്പങ്ങള്‍ ആദ്യം ഞാന്‍ കാണുന്നത് കമ്പ്യൂട്ടറിന്‍റെ  ഡെസ്ക് ടോപ്പിലെ വാള്‍ പേപ്പറില്‍ ആണ്‌ .പിന്നെ "അന്യന്‍" തുടങ്ങി ചില സിനികളിലെ ഗാനരംഗങ്ങളിലും.പൂത്തുലഞ്ഞു നില്‍ക്കുന്ന പുഷ്പ്പങ്ങളുടെ മനോഹര കാഴ്ച നേരില്‍ കണ്ടനിമിഷം കണ്ണുകള്‍ ചിമ്മാതെ ഞാന്‍ നിന്നു..വസന്തകാലംവന്നില്ല എങ്കിലും ചെടികള്‍ പൂക്കള്‍ നിറച്ചുനില്‍ക്കുന്നു.ഈ കാഴ്ച ഇത്ര മനോഹരമെങ്കില്‍ ഈ ഉദ്യാനത്തിലെ ആ വസന്തകാലം എത്ര മനോഹരം ആയിരിക്കും!.വിശാലമായ ഏക്കര്‍ കണക്കിന് സ്ഥലത്തില്‍ വിരിഞ്ഞു നിറഞ്ഞ് നില്‍ക്കുന്ന പൂക്കള്‍.
ചുവന്ന ടുലിപ് പുഷ്പ്പങ്ങള്‍ 

പല പലനിറങ്ങളില്‍......ചുവപ്പും ,മഞ്ഞയും,മജന്തയും,ഓറഞ്ചും ,വെള്ളയും ..........അങ്ങനെ അങ്ങനെ ..വളരെ സൂഷ്മതയോടെ ആണ്‌ ഈ പൂന്തോട്ടം സംരക്ഷിക്കുന്നതെന്ന് കാഴ്ചയില്‍ തന്നെ മനസ്സിലാകും.
കാഴ്ച്ചക്കാരായ നമ്മള്‍ക്ക് പൂക്കളുടെ അടുത്തു പോയി നിന്ന് അവയെ കാണാം,നിറഞ്ഞ് പൂത്ത ചെടികള്‍ക്കിടയില്‍ തീര്‍ത്ത ചാലുകളില്‍ നിന്നോ,ഇരുന്നോ ഫോട്ടോക്ക് പോസ് ചെയ്യാം ..പൂന്തോട്ടത്തിന്‍റെ പിന്നിലായി അങ്ങ് ദൂരെ കാഴ്ചയില്‍ മഞ്ഞുമൂടിയ പര്‍വ്വതനിരകള്‍. എനിക്കേറ്റവും പ്രിയപ്പെട്ട നിറം ഇളം മഞ്ഞയാണ് എങ്കിലും,ഈ പുഷ്പ്പങ്ങളെ കാണുമ്പോള്‍ എനിക്കെല്ലാ നിറങ്ങളോടും ഒരിഷ്ട്ടം തോന്നുന്നു . വര്‍ണ്ണങ്ങളുടെ സംഗമം പൂക്കളില്‍ നിറയുമ്പോള്‍ പ്രിയമല്ലാത്ത നിറങ്ങളോട് പോലും നമുക്ക് പ്രിയം തോന്നിപ്പോകും .പൂക്കളില്‍ എന്‍റെ ക്യാമാറക്കണ്ണുകള്‍ കണ്ണുകള്‍ ചിമ്മി മിന്നി മിന്നി പ്രകാശിച്ചുകൊണ്ടിരുന്നു. പുഷ്പ്പങ്ങളില്‍ തൊടുവാനോ,അടര്‍ത്തിയെടുക്കുവാനോ പാടില്ല എന്ന് പലയിടങ്ങളില്‍ നിര്‍ദേശങ്ങള്‍ എഴുതിയ ബോര്‍ഡുകള്‍ കാണാം.ഇനിഈ ഭംഗി കണ്ട്‌ മനസ്സിന്‍റെ നിയന്ത്രണം കൈവിട്ട് ഒരു പൂവ് എങ്ങാന്‍ അടര്‍ത്തിപ്പോയാല്‍ രൂപ 500 ആണ്‌ പിഴ.അപ്പോള്‍ പിന്നെ ആരുംതന്നെ അങ്ങനെയൊരു സാഹസത്തിനു മുതിരില്ല.എന്നെപോലുള്ളവര്‍ പ്രത്യേകിച്ചും .പൂന്തോട്ടം സൂക്ഷിപ്പുകാര്‍ സഞ്ചാരികളെ നിയന്ത്രിക്കാന്‍ അടിക്കടി വിസില്‍ മുഴക്കുന്നുണ്ട്.പക്ഷെ ഞങ്ങളോടൊപ്പമുള്ള കൊച്ചു ഷാഹീദിനെ ആരുനിയന്ത്രിക്കാന്‍!കുഞ്ഞ് മനസ്സിന് അറിയില്ലല്ലോ പൂക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ നിയന്ത്രണ രേഖകളെക്കുറിച്ച്.അവന്‍ ചെടികള്‍ക്കിടയിലൂടെ ഓടുകയും പൂക്കളുടെ അടുത്തു പോയി അവയില്‍ തൊട്ട് ആസ്വദിക്കുകയും ചെയ്യുന്നു.ഇടയ്ക്കിടയ്ക്ക് നഗീന്‍ കാശ്മീരി ഭാഷയില്‍ എന്തെല്ലാമോ മകനോട്‌ പറയുന്നുണ്ട്.ശബ്ദത്തിന്‍റെ ടോണില്‍ നിന്നും നഗീന്‍ ദേഷ്യപ്പെടുകയാണെന്ന് വളരെ വ്യക്തം.എന്നിട്ടും ഷാഹീദിന് ഒരു കൂസലുമില്ല .ഒരു വേള നിയന്ത്രണ രേഖ മറികടന്ന് അവന്‍ പൂക്കളെ കൊഞ്ചിക്കാന്‍ തുടങ്ങിയപ്പോള്‍ തോട്ടം സൂക്ഷിപ്പുകാരില്‍ ഒരാള്‍ ഫയാസ്സു ഫായിയോട് അല്‍പ്പം കയര്‍ത്ത് സംസാരിക്കുക പോലും ചെയ്തു.കയ്യില്‍ ഒരു അഞ്ഞൂറ് രൂപ എടുത്തു വെക്കാന്‍ സമയമായോ എന്ന് എനിക്കും തോന്നാതിരുന്നില്ല .എങ്കിലും ഞാന്‍ അറിയാതെ കൊതിച്ചു പോയി,ആ പഴയ ബാല്യം .......എന്ത് മനോഹരമായിരുന്നു!
ബാല്യം എത്ര മനോഹരം.......

പൂമ്പാറ്റയെപോലെ പാറിനടന്ന,കെട്ടഴിച്ച പട്ടം പോലെ പറന്നു നടന്ന,തടയില്ലാത്ത അരുവിപോലെ ഒഴുകിയ ആ നഷ്ട്ട ബാല്യം .......ഇന്ന് കൂട്ടിലടച്ച കിളികളായി ,ഒരു നൂലിന്‍റെ തുമ്പില്‍ ഒതുങ്ങി നില്‍ക്കുന്ന പട്ടമായി,തടയണയിട്ട അരുവിയായി,ലക്ഷ്മണ രേഖകള്‍ക്കിടയില്‍ ഞെരുങ്ങി........ മാറിപോയില്ലെ നമ്മളെല്ലാവരും ....

പൂക്കളുടെ കാഴ്ച അങ്ങനെ അതിരുകള്‍ ഇല്ലാതെ കിടക്കുമ്പോള്‍ തീരെ മനസ്സില്ലാതെ ടുലിപ് ഗാര്‍ഡനോട് വിടപറഞ്ഞ് വഴിയരികിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനും കടന്ന്‌ ചഷ്മേ ഷാഹി റോഡില്‍ എത്തിയപ്പോഴേക്കും തണുപ്പിന്‍റെ വല്ലാത്തൊരു വശ്യത അന്തരീക്ഷത്തിന്.കൈയുറ ധരിച്ച വിരലുകള്‍ കൂട്ടിപിടിച്ച്‌ തണുപ്പിനെ എന്നിലേക്ക്‌ ചേര്‍ത്തു വെച്ചു ഞാന്‍,ഒപ്പം മനസ്സിന്‍റെ കാണാക്കണ്ണുകളില്‍ ആ ഉദ്യാനസൗന്ദര്യവും.ആത്മസംഘര്‍ഷങ്ങളില്‍ എനിക്കിനി ഓര്‍ക്കുവാന്‍ ഈ നിറഞ്ഞ് പൂത്ത പൂന്തോട്ടത്തിന്‍റെ ഓര്‍മ്മചിത്രം മതിയാകുമായിരിക്കും.മഞ്ഞിന്‍റെ താഴ്വരകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ വര്‍ണ്ണ പ്രപഞ്ചം എന്‍റെ മനസ്സിന്‍റെ വരള്‍ച്ചകളില്‍ എന്നെങ്കിലുമൊക്കെ പൂത്തുലഞ്ഞിരുന്നെങ്കില്‍ !


മുഗള്‍ ഉദ്യാനത്തില്‍പെട്ട ഷാഹി ബാഗ്‌ എന്ന് അറിയെപ്പെടുന്ന "ചഷ്മേ ഷാഹി" യിലേക്കായിരുന്നു പിന്നീട് പോയത്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ,ഗവര്‍ണര്‍ അലി മാര്‍ദാന്‍റെ നേതൃത്വത്തില്‍ 1692 ല്‍ നിര്‍മിച്ചതാണ് ഈ ഉദ്യാനം .ഉദ്യാനത്തിന്‍റെ മധ്യഭാഗത്തായി ദിവ്യജലം ഒഴുകിയെത്തുന്ന ഒരു ഉറവ ഫയാസ്സ് ഫായി കാട്ടി തന്നു .ഉദര സംബന്ധമായ എല്ലാ രോഗങ്ങളും ആ ജലം കുടിച്ചാല്‍ മാറുമത്രേ .ആ വിശ്വാസം ഒരു പരിധി വരെ ശരിയാണെന്ന് ചില വിവരണങ്ങളും പറയുന്നുണ്ട്.ചാച്ചാജിയുടെ കാശ്മീര്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹവും ഈ ദിവ്യ ജലം കുടിച്ചിരുന്നുവത്രേ.വിദേശികളും സ്വദേശികളുമായി ധാരാളം സഞ്ചാരികള്‍ ചഷ്മേ ഷാഹിസന്ദര്‍ശിക്കാന്‍ എത്തിയിട്ടുണ്ട്.വരുന്നവര്‍ എല്ലാവരും ആ ഉറവയിലെ ജലം കുടിക്കുകയും കയ്യില്‍ കരുതിയ കുപ്പികളില്‍ ഔഷധ ഗുണമുള്ള വെള്ളം ശേഖരിച്ച് കൊണ്ട് പോവുകയും ചെയ്യുന്നു.ധാരാളം പേരറിയാ പൂക്കള്‍ നിറഞ്ഞ ഉദ്യാനം നോക്കി നില്‍ക്കുമ്പോഴും തണുപ്പിന്‍റെ ആ തലോടല്‍ എന്നെ തഴുകി വീണ്ടും കടന്നു പോയി.ചഷ്മേ ഷാഹിയിലെ ദിവ്യ ജലംഞാനും കയ്യില്‍ പകര്‍ന്ന് കുടിച്ചു ,ആവോളം.നന്നേ തണുത്ത ജലത്തില്‍ ഔഷധ വീര്യമുള്ള എന്തെല്ലാം ഉണ്ടാകുമായിരിക്കും! വരും നാളുകളില്‍ലേക്ക് വേണ്ടി ഞാന്‍ എന്‍റെ ദേഹത്തിനു ഉറപ്പുകൊടുത്തു,ആയിരം രോഗങ്ങളില്‍ ഒന്നെങ്കിലും മാറ്റുവാന്‍ ഈ ദിവ്യ ജലത്തിന് കഴിയും തീര്‍ച്ച ......ദേഹി വിട്ട് പോകും വരെ ദേഹത്തിന്‌ ഒരു മുന്‍കരുതല്‍.
ചഷ്മേ ഷാഹി 

.നേരം വൈകുന്നു .കാശ്മീരിലെ സൂര്യന്‍ മണാലി (കുള്ളൂ- മണാലി ഹിമാചല്‍ പ്രദേശ്‌ )ലേതുപോലെ വളരെ വൈകിയാണ് അസ്തമിക്കാറ്.ആദ്യം മണാലിയില്‍ എത്തിയനാള്‍ എനിക്കത് ഒരു അത്ഭുതം തന്നെയായിരുന്നു .വൈകിട്ട് എഴുമണിക്കും നല്ല വെളിച്ചം.എഴരയോട് അടുപ്പിച്ചാകും സന്ധ്യ മയങ്ങുക .അതേപോലെ പ്രഭാതങ്ങള്‍ വളരെ നേരത്തേയും കാലത്ത് അഞ്ച് മണിയാകുമ്പോഴേക്കും നാട്ടിലെ ഒരു എട്ട് മണിയുടെ പ്രതീതി.രാത്രിയുടെ ദൈര്‍ഘ്യം നന്നേ കുറവ്.
സമയം അഞ്ച് മണിയോട് അടുക്കുന്നു ഇന്നിനി ദല്‍ ലേക്കില്‍ കൂടി ഒരു ഷിക്കാറ(വര്‍ണ്ണ പകിട്ടുള്ള,അലങ്കരിച്ച വള്ളങ്ങള്‍)യാത്ര ആകാമെന്ന് തന്നെ തീരുമാനിച്ചു.ഹസ്രത് ബാല്‍ പോയിട്ട് അവിടെ നിന്നും ഷിക്കാറയില്‍ പോകുന്നതാണ് നല്ലതെന്ന് ഫയാസ്സു ഫായി പറഞ്ഞു.സമയം അല്‍പ്പം വൈകിയാലും തിരികെ വീട്ടിലേക്കു നടന്നു പോകുവാനുള്ള ദൂരമേയുള്ളൂ.ടാക്സി ഡ്രൈവര്‍ക്ക് വൈറ്റിംഗ് ചാര്‍ജും നല്‍കേണ്ട.

ഹസ്രത് ബാല്‍ എത്തുവോളം കാറിനുള്ളില്‍ കുട്ടികളുടെ ആഘോഷമായിരുന്നു .ചില കാശ്മീരി,ഹിന്ദി വാക്കുകളേക്കുറിച്ചായിരുന്നു ആയിരുന്നു അന്ന് അവരുടെ നര്‍മ സംഭാഷണം .ഇന്നാട്ടുകാര്‍ പൊതുവേ കാഷ്മീരികള്‍ സംസാര മദ്ധ്യേ പ്രാസം ഒപ്പിച്ചു പറയുന്ന ഒരു പതിവുണ്ട് ."ചായ് "കുടിക്കണ്ടേ എന്നതിന് "ചായ് വായ്"കുടിക്കണ്ടേ എന്ന് ചോദിക്കും.അതേപോലെ "ഗാടി ...വാഡി ".ഇത്തരം വാക്കുകള്‍ സംഭാഷണ മദ്ധ്യേ ഞങ്ങളുടെ കാറിന്‍റെ ഡ്രൈവര്‍ അധികമായി പ്രയോഗിച്ചിരുന്നു.ആളുടെ സംഭാഷണ തുടങ്ങുമ്പോള്‍ എപ്പോഴും "മേരി ബാത്ത് സുനോ "എന്നും സംസാര മദ്ധ്യേ പലപ്പോഴും "അള്ളാ കി കസം ,മേരി ആംഖോം കി കസം"എന്നും പറയും.ആവര്‍ത്തനമെങ്കിലും ആ സംഭാഷണ രീതി കേള്‍ക്കുവാന്‍ ഒരു ഇമ്പം തോന്നിയിരുന്നു. ശ്രീ നഗറില്‍ തന്നെ അല്‍പ്പം ഉള്ളിലേക്ക് മാറിയാണ് ഡ്രൈവര്‍ അന്‍സാരിയുടെ ഭവനം.ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന ഒരു ചെറിയ കുടുംബം.20 വര്‍ഷമായി അന്‍സാരി ടാക്സി ഓടിക്കുന്നു.കാശ്മീരിനെ കുറിച്ച് പറയുമ്പോഴെല്ലാം തുടക്കത്തില്‍ തന്നെ അദ്ദേഹം വാചാലനാകുന്നു എന്ന് എനിക്ക് തോന്നി.ഉള്ളിലെവിടെയോ അടക്കി പിടിച്ച രോഷം ചില വേളകളില്‍ വാക്കുകളായി അദ്ദേഹത്തില്‍ നിന്നു പുറത്ത് വരികയും ചെയ്തു."ആസാദി കാശ്മീര്‍" ആണ്‌ തന്‍റെ ആഗ്രഹമെന്ന് ഒരു കാശ്മീരി പറഞ്ഞു ഞാന്‍ അന്ന് ആദ്യമായി കേട്ടു,അന്‍സാരിയില്‍ നിന്ന് .ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് അദ്ദേഹം രോഷം കൊള്ളുന്ന വേളകളില്‍ ഇന്ത്യന്‍ പട്ടാളത്തിന്‍റെ കാവലില്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഇന്ന് ഇവര്‍ തിരിച്ചറിയുന്നില്ലല്ലോ എന്ന് എനിക്ക് തോന്നി."ഒന്നു സ്വതന്ത്രമാക്കാന്‍പറയൂ ഞങ്ങളെ...ഞങ്ങള്‍ക്ക് വേണ്ടതെല്ലാം ഇവിടെ വിളയുന്നുണ്ട്‌....."എന്ന് തുടങ്ങുന്ന അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിറയുന്നത് കഴിഞ്ഞ നാളുകളിലെ ക്രൂരമായ അനുഭവങ്ങളുടെ പ്രതികരണം എന്നോര്‍ത്തു ഞാന്‍ സ്വയം സമാധാനിച്ചു.കശ്മീര്‍ എന്ന സംസ്ഥാനത്തിന് കേവലം മൊബൈല്‍ റീചാര്‍ജില്‍ പോലും അനുവദിച്ചു കൊടുത്തിരിക്കുന്ന സൗജന്യത്തെപറ്റി ഞാന്‍ വെറുതെ പറഞ്ഞപ്പോള്‍ അദ്ദേഹം വല്ലാതെ രോഷം കൊണ്ടു "ആര്‍ക്കു വേണം ഈ സൗജന്യം ......ഒന്നിനും സ്വാതന്ത്ര്യം ഇല്ല ,എവിടെയും പട്ടാള ക്കാര്‍.നിങ്ങള്‍ ഒരു ആഴ്ച അല്ലെങ്കില്‍ ഒരു മാസം ഇവിടെ ആഘോഷിക്കുവാന്‍ വരുന്നവരാണ്.നിങ്ങള്‍ക്ക് ഈ കാഴ്ചകള്‍ ആസ്വദിക്കാനേകഴിയൂ.പക്ഷെ ഞങ്ങള്‍ ഇവിടെ ജീവിക്കെണ്ടാവരാണ് .ഉറിയിലും ,കുപ്പുവാരയിലും നിങ്ങള്‍ പോയി നോക്കു .......കശ്മീരിന്‍റെ ഹൃദയം എന്ത് മനോഹരമായിരുന്നു ഒരു കാലത്ത്.ഇന്ന് ഇപ്പോള്‍ എല്ലാം ഒന്നു ശാന്തമായത് ഇവിടെയാണ് ...നിങ്ങള്‍ കാണുന്ന ഈ ശ്രീനഗറില്‍ .വടക്കന്‍ കാശ്മീര്‍ ഇന്നും സംഘര്‍ഷഭരിതമാണ്".അദ്ദേഹത്തിന്‍റെ വാക്കുകള്‍ മനസ്സിനെ നോവിക്കുമ്പോള്‍ ,
അധിനിവേശ കാശ്മീരില്‍ വീട് വിട്ടിറങ്ങിയ പല കുടുംബങ്ങള്‍ക്കും തിരികെ വീടുകളിലേക്ക് എത്തുവാന്‍ അനുമതികിട്ടിയതായി അന്ന് കാലത്ത് "ഗ്രേറ്റ്‌ കാശ്മീര്‍"പത്രത്തില്‍ വായിച്ചത് ഓര്‍മവന്നു .അന്‍സാരി പറയുന്ന ചിലതെല്ലാം സത്യമാണ്.മറ്റു ചിലതിനോട് എനിക്ക് വിയോജിപ്പും.ഭാരത മാതാവിനെ മനസ്സില്‍ ചേര്‍ത്ത് ഞാന്‍ അന്‍സാരി പറയുന്നത് സശ്രദ്ധം കേട്ടിരുന്നു.കൂടുതല്‍ മറുപടികളോ,അഭിപ്രായങ്ങളോ പറയാതെ.
ഹസ്രത് ബാല്‍ എത്തി യാത്ര പറയുമ്പോള്‍ പിറ്റേന്ന് ഉച്ചക്ക് ശേഷം ഷാലിമാര്‍ ബാഗിലേക്കും ,നിഷാറ്റ് ബാഗിലേക്കും പോകുന്ന കാര്യം ഫയാസ്സു ഭായി അന്‍സാരിയെ ഓര്‍മപ്പെടുത്തി.


ഹസ്രത് ബാല്‍ ഓരം പറ്റി ദല്‍ തടാകത്തില്‍ ഷിക്കാറകള്‍ കിടക്കുന്നു.സഞ്ചാരികള്‍ ആണെന്നറിഞ്ഞാല്‍ വളളക്കാര്‍ കൂടുതല്‍ വില പേശുമെന്നുമെന്നു ഫയാസ്സ് ഫായി പറഞ്ഞു.കാശ്മീരി ഭാഷയില്‍ ശിക്കാറ യാത്ര പറഞ്ഞുറപ്പിച്ചത് ഫായി തന്നെയാണ്.
അങ്ങനെ രണ്ട് ഷിക്കാറകളില്‍ ഞങ്ങള്‍ ദല്‍ തടാകത്തിലെ ഓളങ്ങള്‍ മുറി ച്ച്‌ ഒഴുകി നടന്നു.
സഞ്ചാരികളെ കാത്ത് ഷിക്കാറ 



ഷിക്കാറയില്‍ ഇരിക്കുമ്പോള്‍ ഒരു രാജകീയ പ്രൌഡി അറിയാതെ തോന്നിപ്പോകും എന്നത് സത്യം.സ്വയം ഒരു നൂര്‍ജഹാനോ,മുംതാസ്സ് മഹലോ ഒക്കെ ആയതു പോലെ ......അമരത്തിരുന്ന് തോണി തുഴയുന്ന കാശ്മീരി വൃദ്ധന്‍ തൊട്ടടുത്തായി നീങ്ങുന്ന വളളക്കാരനോട് എന്തെല്ലോ പറയുന്നുണ്ട്.
ജലയാത്രകള്‍ പണ്ടേ എനിക്ക് ഭയമാണ്.കുമരംപേരൂരില്‍ അച്ഛന്‍ കോവിലാറിന്‍റെ തീരത്ത് കളിച്ച്‌ വളര്‍ന്നെങ്കിലും ഇന്നും വെള്ളം കാണുമ്പൊള്‍ വല്ലാത്തൊരു ഭയം ആണ്‌ മനസ്സില്‍ .നീന്താന്‍ അറിയില്ല എന്നതാണ് ഈ ഭയത്തിന്‌ ഹേതു.സ്വരങ്ങളും,ജതികളും,അക്ഷരങ്ങളും പഠിച്ചപ്പോള്‍ നീന്താന്‍ മാത്രം പഠിച്ചില്ല എന്നത് ഇതേപോലെയുള്ള അവസരങ്ങളില്‍ ഇന്നും മനസ്സില്‍ നഷ്ട്ടബോധം നിറയ്ക്കുന്നു.പക്ഷെ ദല്‍ തടാകത്തില്‍ കൂടിയുള്ള ഈ യാത്ര എന്നില്‍ ഭയമേ ഉണ്ടാക്കിയില്ല അന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തി.
ഓളങ്ങളിലൂടെ......


തെളിഞ്ഞ നീല തടാകമാണ് ദല്‍.കശ്മീരിലെ അറിയപ്പെടുന്നത് ഏറ്റവും മനോഹരവുമായതടാകം.സബര്‍വന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട് 6x3km വ്യാപിച്ചു കിടക്കുന്ന തടാകത്തെ  കോസസ് വേ നാല് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട് ഗബ്രി ബാള്‍ ,ലോകുട്ട് ദല്‍ ,ബദല്‍ ,നഗീന്‍ .ഇതില്‍ ലോകുട്ട് ദളിന്‍റെ മധ്യ ഭാഗത്തായി രൂപ് ലങ്ക് ,സോനാ ലങ്ക് എന്ന് പേരുള്ള രണ്ട് ദ്വീപുകള്‍ സ്ഥിതിചെയ്യുന്നു .ഈ ഭാഗങ്ങള്‍ ദല്‍ തടാകത്തെ ത്സലം നദിയുമായി യോജിപ്പിച്ചിട്ടുണ്ട് .അനേകം ഫ്ലോടിംഗ് ഗാര്‍ഡന്‍ (ജലോദ്യാനം )ഈ തടാകത്തില്‍ പല ഭാഗത്തും കാണുവാന്‍ കഴിയും.സഞ്ചാരികളെ കാത്ത് തടാകത്തിന്‍റെ പടിഞ്ഞാറു ഭാഗത്താണ് ഹൗസ്സ് ബോട്ടുകളും ,ഹോട്ടലുകളും.
"നഗീന്‍ "എന്ന ഭാഗത്ത്‌ നിന്നാണ് ഞങ്ങളുടെ ഈ ഷിക്കാറ യാത്ര .കുറച്ച് അകലെയായി കാണുന്ന ചാര്‍ ചിനാര്‍ (രൂപ് ലങ്ക്)എന്ന ദ്വീപിലേക്കാണ് ഞങ്ങള്‍ പോകുന്നതെന്ന് അപ്പുറത്തെ വള്ളത്തില്‍ നിന്നും ഫയാസ്സു ഭായി വിളിച്ച് പറഞ്ഞു. ദല്‍ തടാകത്തിന്‍റെ ഏകദേശം ഒത്ത നടുവില്‍ ആണ്‌ ചാര്‍ ചിനാര്‍ എന്ന ദ്വീപ്‌.എന്‍റെ ജീവിതത്തില്‍ ആദ്യമായി ഒരു ദ്വീപിലേക്ക് യാത്ര പോവുകയാണ്‌. ചെറുതെങ്കിലും നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഭൂവിഭാഗം ദ്വീപാണല്ലോ.
അസ്തമയ സൂര്യന്‍റെ വെളിച്ചത്തില്‍ ചാര്‍ ചിനാര്‍ ദൂരെ നിന്നും വളരെ മനോഹരം.വീശിയടിച്ച ഇളം കാറ്റി ന്‍റെ തണുപ്പിനോട് എനിക്കാ നിമിഷങ്ങളില്‍ ഇഷ്ട്ടം തോന്നി.നിശ്ച്ചലമായി കിടക്കുന്ന തെളിഞ്ഞ തടാകം,ചുറ്റും മഞ്ഞു മൂടിയ സബര്‍വന്‍ മലനിരകള്‍ ,അല്‍പ്പം ദൂരെയായി മുഗള്‍ ഗാര്‍ഡന്‍സസ്,ആകാശം നിറഞ്ഞ സന്ധ്യാ മേഘങ്ങളും,മലനിരകളും തടാകത്തില്‍ സിമ്മെട്രിക് ചിത്രങ്ങള്‍ വരയ്ക്കുന്നു.

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ ........
അടുത്ത വളളത്തിലായി പോകുന്ന ഫയാസ്സ് ഫായിയുടെ ഫോണില്‍ നിന്നും ഒരു കാശ്മീരി ഗാനം കേള്‍ക്കാം.ആ സംഗീതം ഒരു കുളിര്‍ കാറ്റുപോലെ  എന്‍റെ മനസ്സിനെ തഴുകി.എന്‍റെ മനസ്സില്‍ ഇപ്പോള്‍ ഒരു സംഘര്‍ഷങ്ങളുംഇല്ല.മനോഹരമായ ഈ കാഴ്ചകള്‍ അല്ലാതെ മറ്റൊന്നും മനസ്സില്‍ ഇല്ലാത്തതുപോലെ .ദല്‍ തടാകം പോലെ മനസ്സും ശാന്തം .

ഷിക്കാറ പുറപ്പെട്ട സ്ഥലവും,ഹസ്രത് ബാല്‍ ആരാധനാലയവും വളരെ ദൂരെ കാണാം.തടാകത്തിലെ വെള്ളത്തിന്‍റെ അഗാധതയിലേക്ക് എന്‍റെ കാഴ്ചകളെ ഒരു നിമിഷത്തേക്ക് ഞാന്‍ കൊണ്ടു പോയി .തണുത്ത ജലത്തില്‍ കലപില കൂട്ടുന്ന മീന്‍ കുഞ്ഞുങ്ങള്‍.ഈ തണുപ്പില്‍ ഇവര്‍ എങ്ങനെ നീന്തി തുടിക്കുന്നു !ഒഴുകിനടക്കുന്ന ജല സസ്യത്തിലൊരെണ്ണം എടുക്കാന്‍ ഒരു ചെറിയ ശ്രമം.തടാകത്തിലെ ജലത്തില്‍ കൈ തൊട്ടപ്പോള്‍ മഞ്ഞുരുകിയ വെള്ളം പോലെ തോന്നി ആ തണുപ്പ്.ജീവിതത്തില്‍ എത്രയോ യാത്രകള്‍ ചെയ്തിട്ടുണ്ട്.നാട്ടു വഴിയിലും,നടവരമ്പിലൂടെയും.......... എത്ര എത്ര യാത്രകള്‍ ......എങ്കിലും ഈ യാത്ര എനിക്കേറ്റവും പ്രിയങ്കരമായി തോന്നുന്നു.തണുത്ത കാറ്റില്‍ മെല്ലെ ഒഴുകി പോകുന്ന ഈ ഷിക്കാറയില്‍ ദല്‍ തടാകത്തിലൂടെയുള്ള ഈ യാത്ര."ഇനിയും ഒരു നാള്‍ വരണം,ഇതേപോലെ ഒരു സന്ധ്യാ നേരത്ത് , ഈ തടാക തീരത്ത് ....വീണ്ടും ഇങ്ങനെയൊരു സ്വപ്ന യാത്ര പോകുവാന്‍ ";മനസ്സില്‍ അറിയാതെ ആഗ്രഹിച്ചു പോയി എന്നത് സത്യം.

ചാര്‍ ചിനാര്‍  ദ്വീപ്-തെളിനീരില്‍ കണ്ണാടി നോക്കുമ്പോള്‍ 


ചാര്‍ ചിനാറില്‍ എത്തിയപ്പോള്‍ സന്ധ്യ മയങ്ങി തുടങ്ങി,വളരെ ചെറിയ ഒരു ദ്വീപാണ് ചാര്‍ ചിനാര്‍.വര്‍ഷങ്ങള്‍ പഴക്കമുള്ള നാല് ചിനാര്‍ മരങ്ങള്‍ ഈ ദ്വീപില്‍ ഉണ്ട്.ആ ചിനാര്‍ മരങ്ങളാണ് ദ്വീപിന്‌ ഈ പേര്‌ കൊടുത്തത് .

ചാര്‍ ചിനാറിലെ ഒരു സന്ധ്യ....


ഞങ്ങള്‍ അല്ലാതെ ആ ചുറ്റു വട്ടത്തൊന്നും ഒരു മനുഷ്യരെപോലും കാണാനില്ല.ആ നിമിഷം ഞാന്‍ നില്‍ക്കുന്നത് ഭൂമിയിലെ സ്വര്‍ഗമായ കാശ്മീരില്‍ ആണെന്ന് എനിക്കെന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിക്കേണ്ടി വന്നു.നീല തടാകത്തിനു നടുവില്‍ ഒരു കൊച്ചു ദ്വീപില്‍ ഒരു സന്ധ്യാനേരം.പണ്ടെങ്ങോ വായിച്ചു മറന്ന ഏതോ കഥയിലെ പോലെ ........ ദ്വീപില്‍ നിന്നുള്ള ദൂര കാഴ്ച ഏറെ മനോഹരം.ചുറ്റും മഞ്ഞു നിറഞ്ഞ മലനിരകള്‍ ദല്‍ തടാകത്തിലെ തെളിനീരില്‍ കണ്ണാടി നോക്കുന്നു.

പ്രണയ സല്ലാപങ്ങള്‍ കാതോര്‍ത്ത് ചിനാര്‍ മരം 

ഒരു കുഞ്ഞോളമെങ്കിലും ഉണ്ടാക്കി വെള്ളത്തിലെ പ്രതിബിംബം മാച്ചു കളയാന്‍ ആരുമേയില്ല.


പറഞ്ഞുറപ്പിച്ച സമയം കഴിഞ്ഞപ്പോള്‍ വളളക്കാരന്‍ വിളിച്ച് തുടങ്ങി.തിരികെ തീരം എത്തുമ്പോള്‍ നന്നേ ഇരുട്ടിയിരുന്നു.ഹസ്രത് ബാല്‍ മാര്‍ക്കെറ്റിനുള്ളിലൂടെ നടന്നു.കടകള്‍ പലതും സജീവം.വിവിധയിനം വിഭവങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് കടക്കാര്‍.പലതരം റോട്ടിയുടെയും, മാംസം ചുട്ടെടുക്കുന്നതിന്‍റെയും ഒരു ഗന്ധം ആ വഴികളിലൊക്കെ നിറഞ്ഞ് നിന്നു.

മാര്‍ക്കെറ്റും കഴിഞ്ഞു യുണിവേഴ്സിറ്റി കാമ്പസ്സില്‍ കൂടി ഖാസിഅങ്കിളിന്‍റെ വീട്ടിലേക്ക്.ഇരുട്ടിന്‍റെ പുതപ്പിനുള്ളില്‍ തെളിഞ്ഞു കാണുന്ന നിരവധി ചിനാര്‍ മരങ്ങള്‍,അവിടവിടെ തോക്കേന്തിയ പട്ടാളക്കാര്‍,കൂടണയാന്‍ തിരക്കിടുന്ന കിളികൂട്ടങ്ങള്‍........അങ്ങനെ കാശ്മീരിലെ ഒരു ദിവസത്തിന്‍റെ അന്ത്യത്തിന് സാക്ഷ്യം വഹിച്ച്‌ അന്നത്തെ യാത്ര അവസാനിച്ചു ..മഴയുടെ നേരിയ തുള്ളികള്‍ വീണു തുടങ്ങി.ഐസ് മഴയാണോ എന്ന് സംശയം.ഓരോ തുള്ളിക്കും എന്തൊരു തണുപ്പ്.സ്വെറ്ററിനുള്ളില്‍ തണുപ്പിന്‍റെ കരങ്ങള്‍ വീണ്ടും എന്നെ പുണരുന്നു.ഇപ്പോള്‍ തണുപ്പിനെ അതിജീവിക്കാന്‍ ഞാന്‍....അല്ല എന്‍റെ ശരീരം ഏറെ പഠിച്ചിരിക്കുന്നു ,അതും ഒരാഴ്ചകൊണ്ട്.എന്നിട്ടും ഞാന്‍ ഇതു വരെ ഒന്നും പഠിച്ചില്ല.അനുഭവങ്ങള്‍ പഠിപ്പിക്കുന്ന ഈ പാഠങ്ങള്‍ അല്ലാതെ..............



മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(1)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(2)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(3)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(4)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(5)

Tuesday, September 20, 2011

നന്ദിപൂര്‍വ്വം




"യാത്ര എവിടേക്കാണ്" എന്ന് ആരെങ്കിലും ചോദിച്ചാല്‍ കൃത്യമായി പറയുവാന്‍  ഏപ്പോഴും ഒരു ലക്ഷ്യസ്ഥാനം ഉണ്ടാകും .ഓരോ യാത്രകളുടെയുംതുടക്കത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തുമെങ്കിലും പാതി വഴി പിന്നിട്ടു കഴിയുമ്പോഴാകും കൈയില്‍ കരുതുവാന്‍ മറന്നുപോയ പലതിനെക്കുറിച്ചും ഓര്‍മ്മവരിക.

ഓരോ യാത്രകളുടെയും അവസാനം വീണ്ടും ഒരു തിരിച്ചു പോക്കാണ്,തുടങ്ങിയിടത്തേക്ക്......
ജീവിതം വേറെ ,യാത്രകള്‍ വേറെ
ജീവിതം മറ്റൊരു യാത്രയാണെങ്കില്‍ പോലും........

ഇന്ന് സെപ്റ്റംബര്‍ 20 ........ ഒരു മുന്നൊരുക്കവും ഇല്ലാതെ തുടങ്ങിയ ഒരു യാത്രക്ക് ഇന്ന് ഒരു വര്‍ഷം തികയുന്നു. കയ്യില്‍ ഒന്നുമേ കരുതാതെ മനസ്സിലുള്ള സ്വപ്നങ്ങളെയും ,അനുഭവങ്ങളെയും ,അക്ഷരങ്ങളെയും കൂട്ട് പിടിച്ച് തുടങ്ങിയ ഒരു യാത്ര .വഴിയോ ,ലക്ഷ്യമോ നിശ്ചയമില്ലായിരുന്നു .കണ്ടുമുട്ടിയ പല മുഖങ്ങളിലും അപരിചിതത്വം.ആദ്യമൊക്കെ കണ്ടിട്ട് മുഖം തിരിച്ചുനിന്ന പലരും പിന്നെ എപ്പോഴോ അക്ഷരങ്ങള്‍ കൊണ്ട്  പുഞ്ചിരികള്‍ സമ്മാനിച്ചു.
വഴിയരികില്‍ പകച്ചു നിന്ന വേളകളില്‍ വാക്കുകളാല്‍ സാന്ത്വനം  നല്‍കി വഴികാട്ടികളായി മറ്റുചിലര്‍ .

 ഇന്നും അപരിചിതരായവര്‍ എത്രയോപേര്‍ ...!

രൂപമോ ,ശബ്ദമോ അന്യോന്യം തിരിച്ചറിയാന്‍ കഴിയാത്ത "ഈ-" ലോകത്തില്‍ അക്ഷരങ്ങള്‍കൊണ്ട് സൗഹൃദം പങ്കുവെച്ച പ്രിയപ്പെട്ട എന്‍റെ കൂട്ടുകാര്‍ക്ക് ....
എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ,

 ഒരു ഗ്രീഷ്മത്തിലും ഉരുകാത്ത സ്വപ്നങ്ങളും ,ഓര്‍മ്മകളും പേറി വീണ്ടുമൊരു വേനലും, വസന്തന്തവും ,വര്‍ഷവും, മഞ്ഞും തേടി ..........വരും ദിനങ്ങള്‍ എനിക്ക് വേണ്ടി കരുതിവെച്ച സുഗന്ധങ്ങളിലേക്ക് ......യാത്ര തുടരട്ടെ............


നന്ദിപൂര്‍വ്വം
സ്വന്തം
സുജ


Thursday, September 08, 2011

ഗന്ധങ്ങളുടെ താരതമ്യപഠനം



 കടങ്ങളില്ല ബാധ്യതകളില്ല ,സന്തോഷങ്ങളില്ല ,സങ്കടങ്ങളില്ല ,സ്വന്തമെന്നു പറയാന്‍ ഒരു സ്വപ്നം പോലുമില്ല. അങ്ങനെ ഒരാള്‍ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അത് മറ്റാരുമല്ല കരോള്‍ ബാഗ്  മെട്രോ സ്റ്റേഷനിലെ റിക്ഷാക്കാരന്‍  ഗബ്രിയേല്‍ എന്ന "ഗബ്രി" തന്നെ.
ആഴ്ചയിലെ ഒരു പകുതി റിക്ഷാ ഓട്ടവും ,ബാക്കിപ്പ കുതി ഗഫാര്‍ മാര്‍ക്കറ്റിലെ ചുമട്ട് ജോലിയും കഴിഞ്ഞാല്‍ഗബ്രിയേലിന്‍റെ  രാത്രികള്‍ ,പഹാഡ് ഗഞ്ചിലെ ഇരുണ്ട ഏതെങ്കിലും  ഗലിയിലോ ,കരോള്‍ ബാഗിലെ തന്‍റെ വാടക റിക്ഷയിലോ ആവും ,അതുമല്ലെങ്കില്‍ ചൗരി ബാസാറിലെ  പ്രിയങ്ക സൈഗാളിന്‍റെ നരച്ച പുതപ്പിനടിയില്‍.  

ഗബ്രിയേലിന്‍റെ  വിയര്‍പ്പിന്  ഗഫാര്‍ മാര്‍ക്കറ്റിലെ കുതിരച്ചാണകത്തിന്‍റെ  ഗന്ധമാണെന്ന്  പറഞ്ഞത് സോനാര്‍ ഗലിയിലെ വസന്ത പഞ്ചമിയെന്ന തോവാളക്കാരി തമിഴത്തിയാണ്.മാസ പിരിവിനെത്തുന്ന മാര്‍വാഡിക്കും ഇതേ ഗന്ധമാണത്രേ .അല്ലെങ്കില്‍ ത്തന്നെ ഗന്ധങ്ങളുടെ ഈ താരതമ്യ പഠനം ഗബ്രിയേലിന്  അത്ര വശമില്ല .
നഗരം ക്ഷീണിച്ചുറങ്ങുന്ന പല രാത്രികളിലും ഉറക്കമില്ലാത്ത ഗബ്രിയേലിന് തോവാളയിലെ മല്ലികപൂവിനും , പ്രിയങ്കാ സൈഗാളിന്‍റെ  വാസനതൈലമായ   ക്ലിയോപാട്രക്കും ഒരേ ഗന്ധം.
ഗഫാര്‍ മാര്‍ക്കറ്റില്‍ ഒലിച്ചിറങ്ങുന്ന പകലുകളില്‍ ഇന്നേവരെ ഒരിക്കല്‍ പോലും കുതിര ചാണകത്തിന്‍റെ ഗന്ധം തിരിച്ചറിയാന്‍ ഗബ്രിയേല്‍ ശ്രമിച്ചിട്ടുമില്ല .
പണ്ട് നാഗര്‍കോവിലില്‍ നിന്നും പളനിച്ചാമിയോടൊപ്പം വണ്ടി  കയറുമ്പോള്‍ വസന്ത പഞ്ചമിഒരിക്കല്‍ പോലും  ഓര്‍ത്തുകാണില്ല തന്‍റെ  കെട്ടിയവന് കുതിര നോട്ടമാണ് പണിയെന്ന്.കുതിരയെ കഴുകി ,ചാണകം വാരി മടുത്തൊരു രാത്രിയില്‍ എല്ലാം ഉപേക്ഷിച്ച്‌ പളനിച്ചാമി ഒരു തെലുങ്കത്തിയോടൊപ്പം പോയപ്പോള്‍ ഒറ്റപ്പെട്ടുപോയ "വസന്തം" പിന്നെ പൂത്തുലഞ്ഞതും  ഇതേ കുതിരച്ചാണകത്തില്‍ ......  വര്‍ഷങ്ങളോളം പരിചയപ്പെട്ട മണം എവിടെ പോയാലും   ഇന്നും തിരിച്ചറിയും വസന്ത പഞ്ചമി,ജന്മനാടായ തോവാളയിലെ പൂക്കളുടെ സുഗന്ധത്തേക്കാള്‍.

ഗന്ധങ്ങളെ വേര്‍തിരിച്ചറിഞ്ഞിരുന്ന കുറേ പകലുകള്‍ പണ്ട്  ഗബ്രിയേലിനും ഉണ്ടായിരുന്നു .അതിനൊരു ഇരുപതാണ്ട് പിന്നിലേക്ക്‌ പോകണം.
ഓര്‍മകളില്‍ "അപ്പന്‍ "എന്നതിന് കൃത്യമായി ഒരു രൂപം മനസ്സിലില്ലാത്തവനായിരുന്നു ഗബ്രിയേല്‍ .അമ്മച്ചി ഒരിക്കല്‍ പോലും അങ്ങനെ ഒരാളെക്കുറിച്ച് ഗബ്രിയേലിനോട് പറഞ്ഞിട്ടില്ല എന്നതാണ് സത്യം  .ഇടവക പള്ളിയിലെ കുശിനിക്കാരന് ഗബ്രിയേലിന്‍റെ   ഛായ ഉണ്ടെന്നത് മറ്റൊരു  നാട്ടു വര്‍ത്തമാനം.
മറിയ ചേടത്തിക്ക്  അവിഹിതത്തില്‍ പിറന്നവന്‍  ഗബ്രിയേല്‍ ,അംഗീകരിക്കപ്പെട്ടവള്‍ ,  മകള്‍  ആലീസ്സ്.
ആലീസ്സിന്‍റെ അപ്പന്‍ പണ്ടേ മരിച്ചുപോയത്രേ .പിന്നെയെപ്പോഴോ അര വയറിനു അന്നമൂട്ടാന്‍ പോയ മറിയ ചേടത്തിയുടെ വയറ്റില്‍  പിറന്നു പോയവന്‍ ഗബ്രിയേല്‍ .കര്‍ത്താവിന്‍റെ തിരുരൂപത്തി നു മുന്നില്‍ നില്‍ക്കുമ്പോള്‍ "എന്‍റെ അമ്മച്ചിക്ക് ദിവ്യ ഗര്‍ഭത്തില്‍ ഉണ്ടായവന്‍ ഞാന്‍ "എന്ന്‌ കുഞ്ഞുഗബ്രിയേല്‍ സ്വയം അഭിമാനിച്ചു സമാധാനിക്കും.

"തെമ്മാടി " ,"നിഷേധി " "നശിച്ചവന്‍ " എന്നീ   അപരനാമങ്ങളില്‍ ഗബ്രിയേലിനെ ആദ്യം വാഴ്ത്തി തുടങ്ങിയത് അമ്മച്ചിയായിരുന്നു. 
പിന്നെ ഈ വിളികളോടൊപ്പം  "തന്തയില്ലാത്തവന്‍ " എന്ന്  കൂടി നാട്ടുകാര്‍ വിളിക്കാന്‍ തുടങ്ങിയ ഒരു നാള്‍ ഗബ്രിയേല്‍ ഉടുമുണ്ട് മാത്രംകൊണ്ട്‌ വണ്ടി കയറി.

ഗബ്രിയെലിന്‍റെ അറിവില്‍ ഇന്നേവരെ കാരുണ്യം നിറച്ച കണ്ണുകളോടെ തന്നെ  നോക്കിയിരുന്നത് രണ്ടേ രണ്ട് പേരാണ് .ഒന്ന് രൂപക്കൂട്ടിലെ  കര്‍ത്താവ്‌ ,മറ്റൊന്ന് വലിയ മുസ്ലീം പള്ളിയിലെ  മോതീന്‍ ഇബ്രാഹീനണ്ണന്‍റെ   ഇളയ മകള്‍ റസിയ.ഇതില്‍ ഏതു നോട്ടത്തിനായിരുന്നു കാരുണ്യം ഏറെയെന്നു ഗബ്രിയേല്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് .വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും കര്‍ത്താവിന്‍റെ നോട്ടത്തിലെ കരുണക്ക് ഒരു മാറ്റവുമില്ല .'വെറുതെ ഇങ്ങനെ നോക്കിയിട്ടെന്നാ  ചെയ്യാനാ കര്‍ത്താവേ  ....."എന്ന്‌ പലപ്പോഴും ഗബ്രിയേല്‍ ചോദിച്ചിട്ടുണ്ടെങ്കിലും .
റസിയയുടെ മിഴികളിലെ കാരുണ്യം  ഓര്‍ത്ത്, ഇന്നും  ഗബ്രിയേലിന്‍റെകണ്ണുകള്‍ നിറയാറുണ്ട്    .മൈലാഞ്ചിയിട്ട  കൈകള്‍ കൊണ്ട് , മുഖം പാതിമറയ്ക്കുന്ന തട്ടം ഒതുക്കി ,ഔസേപ്പ്  മാപ്ലയുടെ റബ്ബര്‍ തോട്ടത്തിന്റെ ഇരുണ്ട തണലിടങ്ങളില്‍ വീണു കിട്ടിയ സ്വകാര്യ നിമിഷങ്ങളില്‍ തന്‍റെ  കൈകള്‍ പിടിച്ച്‌ കരയുന്ന റസിയയുടെ രൂപം ചിലപ്പോഴൊക്കെ ഗബ്രിയേലിന്‍റെ മനസ്സില്‍ ഓടിയെത്താറുണ്ട്  .
രൂപകൂട്ടിലെ മിശിഹ   ഒരിക്കല്‍ പോലും ഇങ്ങനെ കരഞ്ഞിട്ടില്ല ,ഗബ്രിയേലിന്‍റെകൈയില്‍ ഇങ്ങനെ സ്നേഹത്തോടെ തഴുകിയിട്ടില്ല .
  "നീ തെമ്മാടി അല്ല ഗബ്രി .....നീ കൊള്ളരുതാത്തവനും അല്ല ....നിക്ക് നിന്നെ  അറിയാം .ന്‍റെ മനസ്സിന് നിന്നെ അറിയാം ..."എന്ന്‌ പറഞ്ഞിട്ടുമില്ല .
എന്നിട്ടും ആ ക്രിസ്തുമസ്സ് രാത്രിയില്‍ ,ഇടവകക്കാരൊക്കെ പാതിരാ കുര്‍ബാനയ്ക്ക് പോയ നേരത്ത്  വടക്കോട്ടുള്ള വണ്ടി കയറുമ്പോള്‍ റസിയയോടു ഒരു വാക്ക് പോലും പറഞ്ഞില്ല . 
ഗബ്രിയേല്‍ നാടുവിട്ട കാര്യം മറിയചേടത്തി  അറിഞ്ഞത് നാട്ടുകാര്‍ ആരോ പറഞ്ഞ്‌ . 
പിന്നെ ആലീസ്സ്..... മഠത്തിലുള്ള ആലീസ്സിനു വ്യക്തിബന്ധങ്ങള്‍ ഇല്ലല്ലോ  .അല്ലെങ്കില്‍ തന്നെ കര്‍ത്താവിന്‍റെ വെളിപാടില്‍ തിരുമാണവാട്ടി ആയ ആ ലീസ്സിനോട്  എന്ത്  പറയാന്‍!. 
പക്ഷെ    ആലീസ്സു  വഴി കര്‍ത്താവുമായി  വല്ലാത്ത  ഒരാത്മ ബന്ധം തനിക്കു ണ്ടായിരുന്നു എന്ന്  ചിലപ്പോഴൊക്കെ ഗബ്രിയേലിന് തോന്നിയിട്ടുണ്ട്.
ഇടവക പള്ളിയിലെ തിരുരൂപത്തിന്‍റെ  മുഖത്ത്  കണ്ട അതേ കാരുണ്യം പഹാഡ് ഗഞ്ചിലെ പള്ളിമേടയിലെ മിശിഹായ്ക്ക്  ഇന്നും കൈമോശം വന്നിട്ടില്ല എന്നതാണ് ഗബ്രിയെലിന്‍റെ    ആകെയുള്ള സമാധാനം.

ഇന്ന് ഗബ്രിയീലിന്  ഒരു പ്രത്യേക ദിവസമാണ് .ഗഫാര്‍ മാര്‍ക്കറ്റിലെ ചുമട്ടു കൂലി 1000 രൂപ കവിഞ്ഞ ദിവസം .
പഹാട് ഗഞ്ചിലെ പദ്മിനിയുടെ വീട്ടിലേക്കു പോകുന്ന വഴിയില്‍ ഗബ്രി കണ്ടു, പള്ളിമേടക്കടുത്ത്  കൈരളി സമാജത്തിന്‍റെ അത്തപ്പൂക്കളം .
കര്‍ത്താവിനു പരാതിയില്ലായിരിക്കുമോ?.
പണ്ട് ഓണക്കാലത്ത് പൂക്കളമൊരുക്കി പാതിരാത്രി വൈകി വീട്ടില്‍ എത്തുമ്പോള്‍ അമ്മ ച്ചി പറയും  "മിശിഹാ അറിയണ്ടാ കിടാവേ  .....നിന്‍റെ ഈ പൂക്കളമൊരുക്കല്‍ "
പിന്നെയും അമ്മച്ചിയുടെ ആക്രോശം തുടരും ."രൂപക്കൂട്ടില്‍ തിരി കത്തിക്കാന്‍ വയ്യാത്ത നിഷേധി.....അന്യമതക്കാരന് പൂക്കളം കൂട്ടാന്‍ പോണ്......  "

  ആ കര്‍ത്താവാണ് ഇവിടെ തൊട്ടു മുന്‍പില്‍ "തന്‍റെ പ്രിയപ്പെട്ട കുഞ്ഞാടുകള്‍" ഇട്ടിരിക്കുന്ന പൂക്കളം നോക്കി മിണ്ടാതെ നില്‍ക്കുന്നത് .

അല്ലെങ്കില്‍ തന്നെ കര്‍ത്താവെന്ത്‌ മിണ്ടാനാണ്. കര്‍ത്താവ്‌ എന്തെങ്കിലുമൊക്കെ മിണ്ടണം എന്ന് ആഗ്രഹിച്ച നാളുകള്‍ ഉണ്ടായിരുന്നു പണ്ട്.കുര്‍ബാന കൂടാന്‍ പോകുന്ന അമ്മച്ചിക്ക്  കൂട്ട് പോകുന്ന കുഞ്ഞ് ഗബ്രിയേല്‍ പള്ളിമേടയുടെ മുകളില്‍ കൈ നീട്ടി നില്‍ക്കുന്ന കര്‍ത്താവിനെ നോക്കി പലപ്പോഴും നിന്നിട്ടുണ്ട്.   ഒരിക്കലെങ്കിലും ആ രൂപം ജീവന്‍ വെച്ചു ചില്ല് കൂട് പൊട്ടിച്ച് ഓടി വരുമെന്നും "നീ എന്‍റെ മകനെന്ന് "പറഞ്ഞു ഇരു കരങ്ങളിലും തന്നെ വാരിയെടുക്കുമെന്നും സ്വപ്നം കണ്ടിട്ടുണ്ട്  .
 
പദ്മിനിയാണ് ഒരിക്കല്‍  പറഞ്ഞത് ഗബ്രിയേല്‍ എന്നാല്‍ മാലാഖയാണെന്ന്.അമ്മച്ചിവേവിക്കുന്ന കറികളുടെ കൂട്ടുകള്‍ പദ്മിനി അറിഞ്ഞതെങ്ങനെയെന്നത് ഇന്നും അത്ഭുതം .എങ്കില്‍, മാലാഖ ആ പദ്മിനിയല്ലേ എന്ന്  ഗബ്രിയേലിന്  പലപ്പോഴും തോന്നിയിട്ടുമുണ്ട്. 

"ആകാശങ്ങളില്‍ ഇരിക്കുന്നവന്‍ വാഴ്ത്തപെട്ടവനാകുന്നു ..................കര്‍ത്താവ്‌  വാഴ്ത്തപെട്ടവ ന്‍ ,മിശിഹാ വാഴ്ത്തപെട്ടവ ന്‍ ......"
അമ്മച്ചിയുടെ പ്രാര്‍ത്ഥനാ  വരികള്‍ ഓര്‍മ വന്നു.
"കുരിശു  വരയുടെ അര്‍ത്ഥം   അറിഞ്ഞു വരയ്ക്ക്കിടാവേ "
അമ്മച്ചി കൊച്ചു ഗബ്രിയുടെ വിരലുകള്‍ പിടിച്ച് അവന്‍റെ   നെറ്റിയില്‍ വെച്ചു  " .......നമ്മുടെ രക്ഷിതാവായ  മിശിഹാ   തമ്പുരാന്‍........നമ്മുടെ രക്ഷയ്ക്കായിട്ട് ...."
ഗബ്രി ഏറ്റ് ചൊല്ലി "നമ്മുടെ രക്ഷിതാവായ  മിശിഹാ  തമ്പുരാന്‍........."
 
മെട്രോ സ്റ്റേഷന്‍ ഇറങ്ങിവരുന്ന ആളുകള്‍  റിക്ഷകളിലും കാല്‍നടയായും ഒഴുകി പോയിക്കൊണ്ടിരുന്നു.
  കരോള്‍ ബാഗില്‍ അന്ന് നല്ല തിരക്കായിരുന്നു.തന്‍റെ ഒഴിഞ്ഞ സൈക്കിള്‍ റിക്ഷ ആഞ്ഞു  ചവിട്ടി  ഗബ്രി  ആള്‍ തിരക്കിലേക്ക് നുഴഞ്ഞു കയറി. 
വിയര്‍പ്പിന്‍റെ   തുള്ളികള്‍ ഗബ്രിയെലിന്‍റെ   നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങി.

".......നമ്മുടെ രക്ഷകനായിട്ട് സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക്‌ ഇറങ്ങിയതിനെ ഉദ്ദേശിച്ച് നെറ്റിയില്‍ നിന്നും നെഞ്ചിലേക്കും പാപം കൊണ്ട് ഇടതിലായ നമ്മെ രക്ഷകന്റെ കുരിശുമരണം കൊണ്ട്  വലതു ഭാഗത്തെ മക്കളാക്കി തീര്‍ത്തതിനെ ഉദ്ദേശിച്ച്‌ ........"
അമ്മച്ചി പറഞ്ഞുതന്ന കുരിശുവരയുടെ  അര്‍ത്ഥം ഓര്‍ത്ത് ഒലിച്ചിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ ഗബ്രിയേല്‍ തുടച്ചുമാറ്റി. പഹാട് ഗഞ്ച്   റോഡ്‌ തിരിയുന്ന രണ്ടാം വളവിലെ  തിരക്കില്‍ വെച്ച്  വിയര്‍പ്പിന്‍റെ    കുരിശുമരണങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഗബ്രിയേലിനു മുകളില്‍ക്കൂടി കടന്നു പോയ അനേകം വാഹനങ്ങള്‍ മുഴക്കിയ ശബ്ദത്തിനിടയില്‍  വീണ്ടും ഗബ്രിയേല്‍ മന്ത്രിച്ചു കൊണ്ടിരുന്നു  .
"നമ്മുടെ രക്ഷകനായിട്ട് സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക്‌ ഇറങ്ങിയതിനെ ഉദ്ദേശിച്ച് നെറ്റിയില്‍ നിന്നും നെഞ്ചിലേക്കും പാപം കൊണ്ട് ഇടതിലായ നമ്മെ രക്ഷകന്‍റെ കുരിശുമരണം കൊണ്ട്  വലതു ഭാഗത്തെ............"

പദ്മിനിക്കുവേണ്ടി  വാങ്ങിയ  ഓണപ്പുടവ ഗബ്രിയുടെ റിക്ഷയില്‍ പറയുവാനാകാത്ത ഗന്ധം നിറച്ചു .കഴിഞ്ഞ പൊങ്കലിന് വസന്തപഞ്ച മമിക്ക് കൊടുത്ത പട്ടിന്റെ ഗന്ധം ഗബ്രിയേല്‍  തിരിച്ചറിഞ്ഞില്ല,മുന്‍പെപ്പോഴോ  ഗബ്രിയേല്‍ കൊടുത്ത  ലഹങ്കയ്ക്ക് പച്ചക്ക   ര്‍പ്പൂരത്തിന്‍റെ മണമെന്ന് പറഞ്ഞത് പ്രിയങ്കാ  സൈഗാള്‍ .
പക്ഷെ ......ഈ ഓണപ്പുടവയ്ക്ക്   ഗബ്രി അറിഞ്ഞ അതേ ഗന്ധം....ഇരുട്ട്  വീണ റബ്ബര്‍ മരത്തിന്‍റെ ഇടയിലൂടെ ഒഴുകിവന്ന അത്തറിന്‍റെഗന്ധമോ ഇത് ?
അതോ ഇരുപതു വര്‍ഷം മുന്‍പൊരു ഓണക്കാലത്ത് പൂക്കളം  കൂട്ടിയപ്പോള്‍ ഉള്ളില്‍ നിറഞ്ഞ വയല്‍പ്പൂവുകളുടെ ഗന്ധമോ?...ഗന്ധങ്ങളുടെ  ഒരു താരതമ്യ പഠനം ഗബ്രിയേലിന്‍റെ  തകര്‍ന്നുപോയ ഹൃദയത്തില്‍ അന്ന് ആദ്യമായി പൂക്കളം ഒരുക്കി.



ചിത്രം :ഗൂഗിള്‍ 

Monday, September 05, 2011

കുമരംപേരൂരിലേക്കുള്ള വഴി (2 )



പ്രണാമം 




ആദ്യാക്ഷരം കുറിച്ചത് എന്നായിരുന്നു ?

അന്ന് ആശാന്‍ പള്ളിക്കൂടം   ഉണ്ടായിരുന്നിട്ടും വീട്ടില്‍ വന്ന് അക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന ആശാന്‍റെ  പാദങ്ങള്‍ നമസ്സ്ക്കരിക്കുന്നു 

വേനല്‍ക്കാലത്ത് തറവാട്ട്  കിണറ്റിലെ വെള്ളം വറ്റുമ്പോള്‍ കാടിന്‍റെ ഓരം ചേര്‍ന്ന്  തോടിന്‍റെ അടുത്തായി ഉള്ള വീട്ടിലേക്കു ഞങ്ങളെല്ലാവരും താമസം മാറ്റും .

ആശാന്‍ എന്നെ അക്ഷരങ്ങള്‍ പഠിപ്പിച്ചത് ഈ  വീട്ടില്‍ വെച്ചായിരുന്നു.അന്ന് കുഞ്ഞമ്മയുടെ മകള്‍ സജി എന്ന സജിഅക്കയും, ഞാനും പിന്നെ സജി അക്കയുടെ അനുജത്തി മിനിയും ആയിരുന്നു ആശാന്‍റെ ശിഷ്യഗണങ്ങള്‍.ദിവസങ്ങള്‍ വ്യത്യാസമെങ്കിലും സജി അക്ക ഇന്നും എന്‍റെ സജിയക്ക തന്നെ. മിനി ഞങ്ങളിലും ഇളയവള്‍ .

ആശാന്‍ അക്ഷരങ്ങളുടെ ലോകത്തേക്ക് ഞങ്ങളെ മൂന്നു പേരെയും വഴി നടത്തിച്ചു.
മധ്യവേനല്‍ അവധിക്കാലത്താണ് മിക്കപ്പോഴും കുഞ്ഞമ്മയും കുടുംബവും തറവാട്ടിലെത്താറ് 

അങ്ങനെ ഒരുഅവധിക്കാലത്ത്...... പതിവുപോലെ ആശാന്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വന്നു.
എന്‍റെ ഓര്‍മ്മയില്‍ ആശാന്  ഗാന്ധിജിയുടെ  രൂപമാണ്  .തനി ഗാന്ധിയന്‍.പക്ഷെ കയ്യില്‍ എപ്പോഴും ഒരു നീളന്‍ വടിയും,കുറച്ചു ഏഴു ത്തോലയും കാണും .

ആശാനെ അങ്ങ് ദൂരെ കണ്ടാല്‍ അപ്പോള്‍ മിനി കരച്ചില്‍ തുടങ്ങും .അത് എന്തിനാണെന്ന് ഇന്നും എനിക്ക് അറിയില്ല. മണലില്‍ വിരലുകള്‍ കൊണ്ട് അക്ഷരങ്ങള്‍ എഴുതുമ്പോഴും അവള്‍ ഇതേ കരച്ചില്‍ തന്നെ .എന്നിരിക്കിലും 
ഞാനും സജിഅക്കയും ,പാവം അവളെ ഒരിക്കല്‍ പോലുംസമാധാനിപ്പിക്കുകയോ ,സാന്ത്വനിപ്പിക്കുകയോ  ചെയ്തിട്ടില്ല .

പതിവുപോലെ അന്നും ആശാനെ   കണ്ടത് മുതല്‍ മിനി കരച്ചില്‍ തുടങ്ങി .
നിറഞ്ഞൊഴുകുന്ന കണ്ണുനീര്‍ നനച്ച  അവളുടെ വിരലുകള്‍ മണലില്‍ "അ  ആ  ഇ  ഈ........"എഴുതുമ്പോള്‍ ആശാന്‍ ഞങ്ങളോട് രണ്ടാളോടും എന്നോടും,  സജിയക്ക യോടും തലേന്ന് പഠിപ്പിച്ച "ക  കാ  കി  കീ ......"സ്ലേറ്റില്‍എഴുതാന്‍ ആവശ്യപ്പെട്ടു .

കല്ല്‌ പെന്‍സില്‍ ,കറുത്ത സ്ലേറ്റില്‍ അക്ഷരങ്ങളായി തെളിഞ്ഞു.
അടുത്തിരുന്ന മഴിതണ്ടുകള്‍ തെറ്റുകള്‍ മായിക്കുവാന്‍ കാത്തു കാത്തിരുന്നു. 

സജി അക്കയെഴുതും മുന്‍പേ ഞാന്‍ എല്ലാം എഴുതി  ആശാനെ കാണിച്ചു .
ആശാന്‍റെ  മുഖത്ത് ഒരു ഭാവ ഭേദവും ഇല്ല .പക്ഷെ സജിയക്കയുടെ സ്ലേറ്റിലെ അക്ഷരങ്ങളിലേക്കും അക്കയുടെ മുഖത്തും ആശാന്‍ മാറി മാറി നോക്കി .ആശാന്‍റെ നോട്ടത്തിലെ പന്തികേട്‌ കണ്ടിട്ട്  അക്ക മിനിയെപ്പോലെ ഇപ്പോള്‍ കരഞ്ഞുതുടങ്ങും  എന്ന്‌ ഏകദേശം എനിക്കുറപ്പായി . ആശാന്‍ വീണ്ടും സ്ലേറ്റിലേക്ക് നോക്കി ...എന്നിട്ട് ഉറക്കെ ഒരു ചോദ്യം ....
"കൈ .....എന്തിയെ സജീ ......."
ആശാന്റെ ആചോദ്യത്തില്‍ഞാനും ഒന്ന് ഞെട്ടി എന്നത് സത്യം .മിനിയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ .
അടക്കിപ്പിടിച്ച കരച്ചില്‍ അവള്‍ ഉച്ചത്തില്‍ തുടങ്ങി .
സത്യത്തില്‍ സജി അക്കയ്ക്ക് ഒന്നും മനസ്സിലായില്ല .
വീണ്ടും ആശാന്‍റെ ചോദ്യം ഉയര്‍ന്നു  .......
"സജീ.....കൈ എന്തിയേ..........?"

ഇത്തവണ ആശാന്‍റെ മൂന്നാമത്തെ ചോദ്യത്തിന് കാത്തു നിലക്കാതെ സജിയക്ക തന്‍റെ  രണ്ട് കൈകളും ആശാന്‍റെ  നേരെ നീട്ടിയിട്ട്‌ ഒരുത്തരം  "ദാണ്ടേ .............കൈ "

സത്യത്തില്‍ "ക കാ കി  കീ .........."യിലെ "കൈ" എഴുതാന്‍ സജിയക്ക വിട്ടുപോയിരുന്നു .
ആ "കൈ " പ്രതീക്ഷിച്ചു ചോദിച്ച ആശാന്‍റെ പിന്നീടുള്ള പ്രതികരണം എന്തായിരുന്നു എന്ന് ഓര്‍ത്തെടുക്കുവാന്‍ കഴിയുന്നില്ല .....


വീണ്ടും എത്രയോ മധ്യവേനലവധികള്‍ തറവാട്ടിലെ കുളം വറ്റിച്ചു കടന്നുപോയി.
വളരെ നാളുകള്‍ക്കുശേഷം പിന്നീട്‌ ആശാനെ  കാണുന്നത് "കലഞ്ഞൂര്‍ മഹാദേവര്‍ "ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിനാണ് .
കുമരംപേരൂരിലെ  തറവാട്ടില്‍ നിന്നും മാറി ഞങ്ങള്‍ ,ഞാനും അച്ഛനും അമ്മയും  കലഞ്ഞൂരിലെ വാടകവീട്ടില്‍ താമസിക്കുന്ന കാലം. 
അന്ന് എന്‍റെ നൃത്തത്തിന്‍റെ അരങ്ങേറ്റ ദിവസം കൂടിയായിരുന്നു .അന്നേ ദിവസം തന്നെ ആശാന്‍ എങ്ങനെ  അവിടെ എത്തി എന്ന് അറിയില്ല .
അരങ്ങേറ്റവും  കണ്ട്‌  ,ക്ഷേത്രത്തില്‍ ശിവനെ  വണങ്ങി മടങ്ങുമെന്ന് പറഞ്ഞു പോയ ആശാനെ പിന്നെ ഞങ്ങള്‍ കണ്ടിട്ടേയില്ല .

വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു .


ഇന്നും പലപ്പോഴും സജിയക്കയെ  കാണുമ്പോള്‍ ഞങ്ങളൊക്കെ കളിയായി  ചോദിക്കാറുണ്ട് "കൈ എന്തിയേ സജീ........."
ഓര്‍മ്മകള്‍ ഞങ്ങളില്‍ ചിരി പടര്‍ത്തുമ്പോള്‍  അക്ഷര വെളിച്ചം പകര്‍ന്ന എന്‍റെ ആശാന്‍റെ രൂപം അവ്യക്തമായി മനസ്സില്‍ തെളിയുന്നു ......

പിന്നെയും ഓര്‍മയില്‍ മിന്നിമറയുന്ന പ്രിയപ്പെട്ട എത്രയോ മുഖങ്ങള്‍  ...


  എന്‍റെ വിരല്‍ പിടിച്ച്‌ ആദ്യാക്ഷരങ്ങള്‍ അരിമണിയില്‍ എഴുതിപ്പിച്ച  അപ്പൂപ്പന് ,എന്‍റെ നാവില്‍ സുവര്‍ണ ലിപികള്‍ വരച്ചിട്ട ആ മഹാ മനസ്സിന്‌,അത്തര്‍ മണക്കുന്ന  കാല്പെട്ടിക്കകത്തു "കരുണയും""ദുരവസ്ഥയും "നിറച്ചു വെച്ച്‌  വായനയുടെലോകം എനിക്ക് തുറന്നു തന്ന എന്‍റെ അമ്മൂമ്മയ്ക്ക്  ,അനേകം ശിഷ്യ സമ്പത്തിന്‍റെ ഓര്‍മയില്‍  ജീവിക്കുന്ന എന്‍റെ അമ്മയ്ക്ക് ,എന്‍റെ അക്ഷരങ്ങള്‍ വരകളും ,വര്‍ണങ്ങളും ആകുവാന്‍ സ്വര്‍ഗത്തിലിരുന്നു  അനുഗ്രഹങ്ങള്‍ ചൊരിയുന്ന എന്‍റെ എല്ലാമെല്ലമായ  അച്ഛന് ............

തളരുമ്പോഴെല്ലാം എന്‍റെ  കൈകള്‍ക്ക് താങ്ങാകുന്ന ഈശ്വരന് .......


അറിവിന്‍റെ ആകാശം തേടി പറക്കുവാന്‍ ചിറകുകള്‍ നല്‍കിയ പ്രിയപ്പെട്ടവര്‍ക്ക് ഈ ദിനത്തില്‍ എന്‍റെ  അക്ഷര പ്രണാമം !



കുറിപ്പ് :ചിത്രം ഗൂഗിള്‍ 

Sunday, August 21, 2011

മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍-(2 )




ചരിത്ര സ്മാരകങ്ങളുടെ വഴികളില്‍  .......




മഴയില്‍ നനഞ്ഞ വഴിയോരങ്ങളിലെ ചിനാര്‍മരങ്ങളില്‍ നിന്ന് ഇറ്റു വീണ മഞ്ഞു തുള്ളിയില്‍ കുളിച്ച്  ദര്‍ഗയില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ ഫയാസ്   ഭായിയുടെ ബാബാ (അച്ഛന്‍) ഗേറ്റിനരികില്‍  ഞങ്ങളെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു    .

ശ്രീ നഗറില്‍ നിന്നു ഏകദേശം 80 കിലോമീറ്റര്‍ അകലെയുള്ള  കൊല്‍ഗാമിലാണ്  ബാബയും കുടുംബവും താമസിക്കുന്നത് . കൊല്‍ഗാം വിശേഷങ്ങള്‍ ഓരോന്നും ഞങ്ങള്‍ക്ക് പറഞ്ഞുതന്നു അദ്ദേഹം. ശ്രീനഗറില്‍ നിന്നും സോമുവില്‍ (ടാറ്റാ സുമോക്ക് ഇവിടുള്ളവര്‍ ഇങ്ങനെയാണ് പറയാറ്,തുടക്കത്തില്‍ "സോമു" എന്നത് മറ്റേതോ വാഹനം എന്നായിരുന്നു എന്‍റെ ധാരണ. )  പോകാമത്രേ . 3 മണിക്കൂര്‍ യാത്ര. അക്രൂട്ട് , ബദാം, സ്ട്രവ്  ബെറി .....തുടങ്ങി എല്ലാം  ഗ്രാമത്തില്‍ അവര്‍ കൃഷി ചെയ്യുന്നുണ്ടെന്ന് ബാബ പറഞ്ഞു. ആപ്പിള്‍ തോട്ടങ്ങള്‍ തന്നെയുണ്ട് അവര്‍ക്ക് സ്വന്തമായി.
(എനിക്ക് നാട്ടിലേക്ക് വിളിക്കുവാന്‍ ഒരു സിം കാര്‍ഡും കൊണ്ടായിരുന്നു ബാബാ വന്നത് . ) 

ബാബയും ഫിരന്‍ ധരിച്ചിട്ടുണ്ട്. 
എനിക്കേറ്റവും അത്ഭുതം തോന്നിയത് ഇവരുടെ "കാങ്ങിടി "(kangri )യുടെ ഉപയോഗം ആണ് . (ശ്രീ നഗറില്‍ ഞാന്‍ എത്തിയ ആദ്യ ദിവസം എന്‍റെ തണുപ്പ് മാറ്റുവാന്‍ നഗീന്‍ തന്ന ആ നെരിപ്പോട് ). അലങ്കരിച്ച (frame of wicker work )
ഒരു മണ്‍ചട്ടിയില്‍   കനലുകള്‍  ഇട്ട  ഒരു നെരിപ്പോട് ആണ് കാങ്കിടി ,കൈയില്‍ സൗകര്യാര്‍ത്ഥം തൂക്കിപ്പിടിക്കാം .  മഞ്ഞു കാലങ്ങളില്‍ സാധാരണ  കാശ്മീരികളുടെ സന്തത സഹചാരിയാണ് ഇത് . "കാശ്മീരി എവിടെയുണ്ടോ അവിടെ കാങ്കിടിയും ഉണ്ടാകും "( 'What Laila was on Majnun's bosom so is the Kangar to a Kashmiri.' ) . ഫിരനിനകത്തു ( ഫിരെന്‍-കാശ്മീരി പരമ്പരാഗത വേഷം,Overcoat type garment)ഒരു പ്രത്യേക രീതിയിലാണ് ഈ നേരിപ്പോട് ഇവര്‍ പിടിക്കുന്നത്‌ . 150 °F (66 °C).ചൂടുനല്‍കുവാന്‍ കാങ്കിടിക്ക് കഴിയുന്നു .

കാശ്മീരിന്‍റെ രാജവാഴ്ചവിവരിക്കുന്ന "രാജ തരംഗിണിയില്‍"   (കല്‍ഹണന്‍)  പോലും കാങ്കിടിയെക്കുറിച്ച് സൂചനയുണ്ട് . 1500 കാലഘട്ടങ്ങളില്‍ ,  മുഗള്‍ രാജാക്കന്മാരുടെ കാലത്തും ഈ കാങ്കിടി ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്നു  , ആ കാലത്ത് കാശ്മീര്‍ താഴ്വരകളില്‍ എത്തിയ ഇറ്റലിക്കാരുടെ കൈയ്യില്‍ നിന്നാണ് ഇത്തരത്തിലുള്ള ഒരു വിദ്യ കാശ്മീരികള്‍ സ്വായത്തമാക്കിയതെന്നും  വിവരണങ്ങള്‍ വ്യക്തമാക്കുന്നു. മഞ്ഞുകാലമായാല്‍ മിക്ക കാശ്മീരികളുടെ കൈയ്യിലും ഈ കാങ്കിടി ഉണ്ടാകും .
കാങ്കിടി(kangri )


മുകളിലെ മുറിയില്‍ റൂം ഹീറ്റര്‍ ഉണ്ടെന്നു ഖാസി  അങ്കിള്‍ പറഞ്ഞിരുന്നുവെങ്കിലും തണുപ്പിന്‍റെ  കാഠിന്യം കൂടി വന്ന ഓരോ നിമിഷങ്ങളിലും എനിക്കും കാങ്കിടിയോട്  ഒരു ഇഷ്ട്ടമൊക്കെ തോന്നി . മിക്ക രാത്രികളിലും   എന്‍റെ കമ്പിളി പുതപ്പിനുള്ളില്‍ കൂട്ടിനു കാങ്കിടിയും ഉണ്ടായിരുന്നു.ആ നെരിപ്പോടിലെ ചൂട് തട്ടുമ്പോള്‍ കമ്പിളി പുതപ്പില്‍ നിന്നും വരുന്ന ഗന്ധം കാശ്മീരിന്‍റെ ഗന്ധമാണെന്ന്   പലപ്പോഴും എനിക്ക് തോന്നിയിരുന്നു. പക്ഷെ പേരറിയാത്ത  ആയിരം സുഗന്ധങ്ങള്‍ അപ്പോഴും കാശ്മീരിന്‍റെ മണ്ണ് എനിക്ക് വേണ്ടി കരുതിയിരുന്നു  .


ഖാസിഅങ്കിളിന്‍റെ  വീടിന്‍റെ എല്ലാ നിലകളും തടികൊണ്ടാണ് നിര്‍മ്മി ച്ചിരിക്കുന്നത്‌ . ഓരോ നിലകളിലും ധാരാളം മുറികള്‍ . സ്ഥിരതാമസം ഇല്ലാത്തതു കാരണം പല മുറികളും പൂട്ടിയിട്ടിരിക്കുന്നു .മുറികളുടെ മുഴുവന്‍ താക്കോല്‍ എന്‍റെ കൈവശം ഉണ്ടെങ്കിലും ഒന്നോ രണ്ടോ മുറികളൊഴികെ മറ്റൊന്നും ഞാന്‍ തുറന്ന് നോക്കിയില്ല .മരപ്പലകകള്‍ പാകിയ പടികള്‍ കയറി ഏറ്റവും മുകളിലത്തെ  നിലയുടെ വാതില്‍ തുറക്കാന്‍ ഒരു ചെറിയ ശ്രമം. അവിടെ നിറയെ പ്രാവുകള്‍ വാസമുപ്പിച്ചിരിക്കുന്നു . എന്‍റെ വരവില്‍ പ്രതിഷേധിച്ച്‌ ചിറകിട്ടടിച്ചു നിമിഷങ്ങള്‍ക്കകം  പ്രാവുകളെല്ലാം തുറന്നിട്ട ജനല്‍പ്പാളിയില്‍ക്കൂടി പറന്ന്  അടുത്തുള്ള വീടിന്‍റെ മേല്‍ക്കൂരയില്‍  നിരന്നിരുന്നു .ജനല്‍പ്പാളികളില്‍  ഒന്ന് രണ്ടെണ്ണം പുറം കാഴ്ചകളിലേക്ക് ഞാന്‍ തുറന്നു .അകലെ മഞ്ഞു മൂടിയ മലകള്‍ വെള്ളിപോലെ തിളങ്ങുന്നു.ക്യാമറയില്‍ പകര്‍ത്താന്‍ പറ്റിയ മനോഹര ദൃശ്യങ്ങള്‍ ......

ഖാസി അങ്കിളി ന്‍റെ വീടും ,പൂവിട്ടആപ്പിള്‍ മരവും 


ഒന്നുരണ്ടു  സ്നാപ്സ്‌ എടുത്തു . മതിലിനപ്പുറം സാമാന്യം വലിയ  ഒരു വീട് ആണ്. ഒന്ന് കൂടി നോക്കിയപ്പോള്‍ എന്‍റെ ഉള്ളില്‍ ഒരു ഭയം . അതൊരു പട്ടാള ക്യാമ്പ്‌ ആണെന്ന് തോന്നി  . മണല്‍ ചാക്കുകള്‍ക്കിടയില്‍ തോക്കേന്തിയ സുരക്ഷാ ഭടന്മാര്‍ . ഞാന്‍ നോക്കുന്നത് അവര്‍ കാണുന്നതേയില്ല.  ഒരിക്കല്‍ ഖാസി അങ്കിള്‍ പറഞ്ഞിരുന്ന കാര്യം അപ്പോഴാണ്‌ ഓര്‍മ്മ വന്നത് , അയല്‍പക്കത്  പേരുകേട്ട   ഒരു  മത  നേതാവാണ്‌ താമസമെന്ന്.സംശയാസ്പദമായ  സാഹചര്യങ്ങളില്‍ എന്തെങ്കിലും കണ്ടാല്‍ വെടി ഉതിര്‍ക്കാന്‍ അധികാരമുള്ള  Armed Forces(Special Powers) ന്‍റെരൂപം മനസ്സില്‍ മിന്നി മറഞ്ഞു .

അതുവരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയ എന്‍റെ വീഡിയോ  ക്യാമറയും ആ ഓര്‍മ്മയില്‍  ഞെട്ടിയോ ?.
ഇതൊന്നും അറിയാതെ കുട്ടികള്‍ മതിലിനിപ്പുറം ക്രിക്കറ്റ്  കളിക്കുന്നു .ബാല്യത്തിന്‍റെ നിഷ്കളങ്കതയും ,മനസിന്‍റെ  ഭീകരതയും തമ്മില്‍  ഒരു മതില്‍ ദൂരം .....

ജനലുകള്‍ അടച്ചിട്ട്‌  ക്യാമറയുമായി ഞാന്‍ വേഗംപടികള്‍ ഇറങ്ങി. താഴേക്കിറങ്ങുമ്പോള്‍  മരപ്പലകള്‍  ഉണ്ടാക്കിയ ശബ്ദം എനിക്ക് ആരോചകമായി  തോന്നി . മനസ്സില്‍ എവിടെയൊക്കെയോ നീറുന്ന ചില ചോദ്യങ്ങള്‍ .


ഇനിയും ഇവിടെ എന്തിനാണ് ഈ രക്തചൊരിച്ചില്‍ ?ഇനിയും സ്വാതന്ത്ര്യം കാംക്ഷിക്കുന്നവര്‍   ആരാണ് ?.  
 1947ഓഗസ്റ്റ്‌ 15  ന് നാം  അനുഭവിച്ച ആ നിമിഷം എത്രമേല്‍ മധുരിച്ചിരുന്നു .......!

ഉത്തരം കിട്ടാതെ ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ മാത്രമായി തണുത്തുറഞ്ഞു പോയി .....

 അടുത്ത പ്രഭാതത്തിലെ ഹരി പര്‍ബത് ഫോര്‍ട്ട്‌ യാത്രയോര്‍ത്തുകിടന്നുവെങ്കിലും എനിക്കെന്തോ  ആ രാത്രി ഉറങ്ങുവാനേ  കഴിഞ്ഞില്ല  .  അന്നാദ്യമായി കുത്തിനോവിക്കുന്ന   വേദനപോലെ തോന്നി  കാശ്മീരിലെ തണുപ്പ് .
പുറത്തു പെയ്യുന്ന മഴക്ക് നേരിയ താളം .കണ്ണുകള്‍ അടച്ച് ഉറങ്ങാതെ,ഉറക്കം വരാതെ ഓരോ മഴ തുള്ളികളുടെയും താളം കാതോര്‍ത്തു ഞാന്‍ കിടന്നു . എത്രയോ രാത്രികള്‍ ഉറക്കം നഷ്ട്ടപ്പെട്ട്   പുറത്തു കാതടപ്പിക്കുന്ന വെടിയൊച്ചയുടെ താരാട്ട്  കേട്ടുറങ്ങിയ ബാല്യങ്ങള്‍ ഞാന്‍ ഓര്‍ത്തു  .

പകല്‍ എപ്പോഴോ എന്‍റെചോദ്യത്തിന് ഫയാസ്സു ഭായി പറഞ്ഞ ഉത്തരം ഓര്‍മയില്‍ വന്നു  "ഇവിടെ ഉള്ളവരില്‍ പലരും  ആസാദി  കാശ്മീര്‍" ആഗ്രഹിക്കുന്നവര്‍ ആണെന്ന് . "സ്വതന്ത്ര കാശ്മീ ര്‍" അവരുടെ സ്വപ്നം ആണത്രേ .....

ഇനിയും സ്വാതന്ത്യ്രമോ ?......ആര്‍ക്ക് ആരില്‍ നിന്നാണ്  സ്വാതന്ത്ര്യം ?.
ഉറങ്ങുവാന്‍ കഴിയുന്നേയില്ല .പുറത്തു കേള്‍ക്കുന്നത് മഴത്തുള്ളിക്കിലുക്കം തന്നെയാണോ  ?. 





 . കാശ്മീരില്‍ എത്തിയ ശേഷമുളള എന്‍റെ  ആദ്യ ബസ്‌ യാത്രാ ഹരിപര്‍ബത് ഫോര്‍ട്ടിലേക്കായിരുന്നു  ..ഹസ്രത് ബല്‍ നിന്നും ശ്രീ നഗറിലേക്ക് എപ്പോള്‍ വേണമെങ്കിലും വാഹനങ്ങള്‍ കിട്ടും . പ്രത്യേകിച്ച് വെള്ളിയാഴ്ചകളില്‍ ദര്‍ഗയിലേക്ക്‌ ജനത്തിരക്ക് കൂടുതല്‍ ഉള്ളതിനാല്‍ വാഹനങ്ങളിലും നന്നേ തിരക്ക് കാണും. അന്നേ  ദിവസം തണുപ്പിന്‌  അല്‍പ്പം കുറവുള്ളത് പോലെ തോന്നി . ഒരു പക്ഷെ ഞാന്‍ ആ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു തുടങ്ങിയതും ആവാം.
ഞങ്ങള്‍ കയറിയ മഹേന്ദ്രയുടെ ഈച്ചര്‍ ബസ്സില്‍ സീറ്റ് നിറഞ്ഞ് യാത്രക്കാര്‍ . എന്‍റെ പിന്നിലെ സീറ്റില്‍ ഇരുന്ന സുന്ദരികളായ പെണ്‍കുട്ടികളെ എന്‍റെ കണ്ണുകള്‍ സ്ത്രീ സഹജമായ അസൂയയോടെ നോക്കി. കൗമാര സ്വപ്നങ്ങള്‍ മൊബൈല്‍ ഫോണിലൂടെ പങ്കുവെക്കുന്ന മറ്റൊരു കൂട്ടര്‍ വേറെ സീറ്റില്‍ .ജീവിതത്തിന്‍റെ വഴികള്‍ പിന്നിട്ട  വൃദ്ധ ദമ്പതികള്‍ എന്‍റെ മുന്‍പില്‍ .
ഫയാസ് ഭായിയും കുടുംബവും ഒപ്പം ഉണ്ട് .അങ്ങനെ ഞാന്‍ ഉള്‍പ്പെടെയുള്ളവരേയും പേറി ആ ബസ്‌ മൂളിയും ഞരങ്ങിയും നീങ്ങി. 
ഇതേപോലെ , സ്വപ്നങ്ങള്‍  നെഞ്ചേറ്റിയ എത്ര വാഹനങ്ങള്‍   മുന്‍പ് ഈ നഗരത്തില്‍ ഒരു നിമിഷാര്‍ത്ഥ നേരത്തില്‍ തീഗോള മായിട്ടുണ്ടെന്നു തെല്ലൊരു ഭയത്തോടെ ഞാന്‍  ഓര്‍ത്തു . അതില്‍ എത്ര സ്പ്‌നങ്ങള്‍,എത്ര കുരുന്നുകള്‍........എരിഞ്ഞടങ്ങിയിരിക്കണം .
കോട്ട വാതില്‍ 



ഹിന്ദു ,സിഖ്,മുസ്ലിം മത വിഭാഗങ്ങള്‍ ഒന്ന് പോലെ പ്രാധാന്യം കല്‍പ്പിക്കുന്ന  ഒരു പുരാതനകോട്ടയാണ് ഹരി പര്‍ബത് ഫോര്‍ട്ട്‌ . 1586 കാലത്ത് ആത്ത മുഹമ്മദ്‌   ഖാന്‍ എന്ന അഫ്ഗാന്‍ ഗവര്‍ണര്‍ നിര്‍മ്മിച്ചതാണ് ഈ കോട്ടയെന്നു പറയപ്പെടുന്നു . ശ്രീനഗര്‍ നിന്നും 15  കി മി അകലെ ദല്‍ തടാകത്തിന്‍റെ  പടിഞ്ഞാറ് ഭാഗത്തായി നഗര നിരപ്പില്‍ നിന്നും122മീറ്റര്‍ ഉയരത്തില്‍ 5 കി .മി ചുറ്റളവിലാണ്   ഈ കോട്ട സ്ഥിതിചെയ്യുന്നത് . കോട്ടയുടെ ,10 മീറ്റര്‍ ഉയരത്തിലുള്ള ചുറ്റു മതില്‍ 1592 -98 കാല ഘട്ടങ്ങളില്‍ അക്ബര്‍ ചക്രവര്‍ത്തി നിര്‍മ്മിച്ചതായിട്ടാണ് ആണ്  രേഖകള്‍ പറയുന്നത്. കാലപ്പഴക്കംകൊണ്ടും ,പ്രകൃതി ക്ഷോപത്താലും ചുറ്റു മതിലിന്‍റെ  പല ഭാഗങ്ങളും ഇടിഞ്ഞുപൊളിഞ്ഞ അവസ്ഥയിലാണിന്ന്‌ . കോട്ടയിലേക്കുള്ള പ്രവേശന അനുമതി "ലാല്‍മണ്ടി സ്ക്വയര്‍  ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റില്‍"  നിന്നുമാണ് ലഭിക്കുക . ഇപ്പോള്‍ കോട്ടയുടെ സുരക്ഷ ഇന്ത്യന്‍ സേനയുടെ കൈകളില്‍ ഭദ്രമാണെന്ന് പറയാം . 


ഹരി പര്‍ബത് ഫോര്‍ട്ടിന്‍റെ  പടിഞ്ഞാറ് ഭാഗത്തായി  മക്ധൂം സാഹിബ്‌ ആരാധനാലയവും   , കോട്ട സ്ഥിതി ചെയ്യുന്ന  കുന്നിന്‍റെ താഴ്വാരത്തില്‍ കോട്ട വാതില്‍ ആയ "കാത്തി ദര്‍വാസ" ഗേറ്റിന്‍റെ അരികിലായി   ച്ഹാട്ടി പാഡ്ഷാഹി ഗുരുദ്വാരയും  , കിഴക്ക് ഭാഗത്തായി  ശാരിക ഭഗവതി  (ശക്തിയുടെ ദേവതയായ ദുര്‍ഗാ ദേവി,ദുഷ്ട്ട നിഗ്രഹത്തിനായി ഒരിക്കല്‍ ദേവി പാര്‍വതി ദുര്‍ഗാരൂപം കൈക്കൊണ്ടു എന്ന് ഐതിഹ്യം ) യുടെ  ക്ഷേത്രവും സ്ഥിതിചെയ്യുന്നു.

ഗുരുദ്വാരയില്‍ എത്തിയപ്പോള്‍ നല്ല തിരക്കാണ് . കാശ്മീര്‍ ജനതയില്‍ ഒരു പങ്ക്  സിഖു മതസ്ഥര്‍ ആണ്. ആറാമത് സിഖ് ഗുരുവായിരുന്ന ഗുരു ഹര്‍ ഗോവിന്ദ്  സിംഗിന്‍റെ കാശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടതാണ് ഈ ഗുരുദ്വാര. ഗുരുദ്വാരകള്‍ രൂപത്തിലും ഭാവത്തിലും പലപ്പോഴും മുസ്ലിം ആരാധനാലയവുമായി സാമ്യമുള്ളതായി തോന്നിയിട്ടുണ്ട് . ..ശ്രീനഗറില്‍ എത്തിയശേഷം നെറ്റിയില്‍ പൊട്ടുകുത്തിയ വനിതകളെ ഞാന്‍ കാണുന്നത് ഈ ഗുരുദ്വാരയില്‍ വെച്ചായിരുന്നു. എന്നിരിക്കിലും സിഖുവനിതകള്‍ ശിരോവസ്ത്രം സാധാരണ ഉപയോഗിക്കുന്നു എന്നതിനാല്‍ ഒരു കാശ്മീരി വനിതകളെയും ശിരോവസ്ത്രം ഇല്ലാതെ കാണുവാന്‍ കഴിഞ്ഞില്ല. 

ശ്രീനഗറില്‍ എത്തിയ ആ ദിവസം നഗീന്‍  എന്നെ ഫിരന്‍ അണിയിച്ചപ്പോള്‍ ,ദുപ്പട്ട എന്‍റെ ശിരസ്സില്‍ ചുറ്റിയിട്ട് മനസ്സ് നിറഞ്ഞ് പുഞ്ചിരിച്ചതിന്‍റെ രഹസ്യം എന്തായിരുന്നു ?.ഒരു രീതിയില്‍ പറഞ്ഞാല്‍ ശിരോവസ്ത്രമില്ലാതെ നില്‍ക്കുമ്പോള്‍ ഞാന്‍ ആ ജനതയില്‍ നിന്നു തന്നെ വേറിട്ട്‌ നില്‍ക്കുന്നോ എന്ന് പോലും ചില വേളകളില്‍ എനിക്ക്  തോന്നി.ചില നാട്ടില്‍ പോകുമ്പോള്‍  അവരുടെ വ്യത്യസ്തമായ ആചാര രീതികള്‍ ,പ്രത്യേകിച്ച് വസ്ത്രധാരണ രീതികള്‍  ശീലിക്കുന്നത്  നല്ലതെന്ന് എനിക്ക് തോന്നിയിട്ടുണ്ട് .അല്ലെങ്കില്‍ നാം ആകെ ഒറ്റപ്പെട്ടുപോകും.ആയിരം കണ്ണുകള്‍ നമ്മെ വലയം ചെയ്യുന്നു എന്ന ഒരു തരം തോന്നലും നമ്മില്‍ ഉണ്ടാകും. പക്ഷെ വസ്ത്രങ്ങള്‍ നമ്മുടെ സംസ്കാരത്തിന് യോജിച്ചവ  ആണെങ്കില്‍  മാത്രം തിരഞ്ഞെടുക്കുകയും ഉപയോഗിക്കുകയുംചെയ്യാം .
കോട്ടയുടെ ചുറ്റു മതില്‍- മുകളില്‍ 



ഗുരുദ്വാരയും കഴിഞ്ഞ് അല്‍പ്പം നടന്നാല്‍ കുന്നിന്‍റെ ഒരു ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന മക്ദൂം സാഹിബില്‍ എത്താം.നഗരത്തിന്‍റെ പല ഭാഗങ്ങളില്‍ ഉള്ളവര്‍കൂടാതെ  ഗ്രാമീണര്‍   തുടങ്ങി ധാരാളം വിശ്വാസികള്‍ ഈ ആരാധനാലയത്തില്‍ എന്നും എത്താറുണ്ട് , തിങ്കള്‍ വ്യാഴം ദിവസങ്ങള്‍ ഇവിടെ തിരക്ക് നന്നേ കൂടുതലാവും .എല്ലാ വര്‍ഷവും സഫര്‍ 24 ദിനത്തിലെ ആഘോഷം  ഇവിടുത്തെ ഒരു പ്രത്യേകതയാണ് .പടിക്കെട്ടുകള്‍ കയറി മുകളിലേക്ക്......മുകളിലേക്ക് പടികള്‍ കയറുന്തോറും തണുപ്പ് കൂടുകയും ശ്വാസം കിട്ടുവാന്‍ അല്‍പ്പം ബുദ്ധിമുട്ട്  പലര്‍ക്കുമെന്നപോലെ എനിക്കും അനുഭവപ്പെട്ടു .ഇരു വശങ്ങളിലും മതില്‍ , മതില്‍ കെട്ടിനകത്ത്‌ ചിലയിടങ്ങളില്‍   ഇടിഞ്ഞു പൊളിഞ്ഞ കോട്ടയുടെതെന്നുതോന്നിക്കുന്ന അവശിഷ്ട്ടങ്ങള്‍ .മുകളിലേക്ക് കയറും തോറും ശ്രീ നഗറിന്‍റെ   മനോഹരമായ ദൂരകാഴ്ചകള്‍ മഞ്ഞിന്‍റെ നേരിയപുതപ്പില്‍അവ്യക്തമാകുന്നുണ്ടെന്നു തോന്നി . പടിക്കെട്ടുകള്‍ക്ക് അരികിലായി ഭിക്ഷാ പാത്രവുമായി ഇരിക്കുന്ന ധാരാളം യാചകര്‍ .  സ്വര്‍ഗത്തിലും യാചകരുണ്ടോ?
ചരിത്രത്തിന്‍റെ ശേഷിപ്പുകള്‍ 

ഓരോരുത്തരുടെയും മുന്‍പില്‍ വിരിച്ചിട്ടിരിക്കുന്ന പഴന്തുണിയില്‍ അരിമണികള്‍ കൂട്ടി വെച്ചിരിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല . അംഗഭംഗം വന്നവരും ,വൃദ്ധരും ,കാഴ്ച യില്ലാത്തവരും ആ കൂട്ടത്തില്‍ . അവരുടെ മുന്‍പില്‍ നിരത്തിയ അരിമണികള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന നാണയത്തുട്ടുകള്‍ . ക്യാമറക്കണ്ണുകള്‍ അല്‍പ്പ നേരം അടച്ചു പിടിക്കാം. ചില കാഴ്ചകള്‍ക്കുനേരെ നാം മനപൂര്‍വ്വം കണ്ണുകള്‍ അടച്ചുകളയും .ഒന്നും കണ്ടില്ല എന്ന് ഭാവിക്കും . പക്ഷെ അകക്കണ്ണുകള്‍ അടയ്ക്കുവാന്‍ ആരാലും ആവില്ലല്ലോ .

ഒരു ജല സംഭരണി 


എന്തെല്ലാം കാണണം ........ഈ യാത്രയില്‍ !
പള്ളിയുടെ പ്രവേശന  കവാടത്തില്‍ എത്തിയപ്പോള്‍ പതിവുപോലെ ഞാന്‍ ചെരുപ്പുകള്‍ ഊരി . പക്ഷെ അവിടെ ഒരിടത്തും ആരുടേയും ചെരുപ്പുകളോ ,അവസൂക്ഷിക്കുന്ന സ്ഥലങ്ങളോ  കാണുന്നുന്നില്ല . വാതിലിന്നരികിലായി ഒരു ബോര്‍ഡില്‍ എഴുതി വെച്ചിരിക്കുന്നത് വായിച്ചു  ."weapons not allowed ".നമ്മുടെ  കേരളത്തില്‍ പല ആരാധനാലയങ്ങളിലും  "പാദരക്ഷകള്‍ അകത്ത് ഉപയോഗിക്കാന്‍ പാടില്ല "എന്ന് എഴുതിയ ബോര്‍ഡുകള്‍ ആണ്  ഇന്നേവരെ ഞാന്‍കണ്ടിട്ടുള്ളത് . ഇവിടെ.....!!!

എനിക്ക് ശേഷം വന്നവരെല്ലാം പാദരക്ഷകള്‍ ഊരുകയും അത് കൈകളില്‍ പിടിച്ചു പള്ളിയുടെ അകത്തേക്ക് കൊണ്ട് പോവുകയും ചെയ്യുന്നു. പള്ളിയില്‍ നിന്നും  പുറത്തേക്കുള്ള വഴി മറ്റൊരു ഭാഗത്ത്‌ ആണെന്ന് ഫയാസ്സു  ഭായി പറഞ്ഞു . അപ്പോള്‍ പിന്നെ എനിക്കും ചെരുപ്പുകള്‍ കയ്യിലേന്തി നടക്കുകയെ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. യാത്ര പോകുന്നത് പ്രമാണിച്ച് .നാട്ടില്‍ നിന്നും ഇല്ലാത്ത വില കൊടുത്തു വാങ്ങിയ ചെരുപ്പാണ്,ആത്മാഭിമാനം ഓര്‍ത്ത്  അതങ്ങ് കളയുവാന്‍  പറ്റുമോ ?. ഇനി കളയാമെന്നു വെച്ചാല്‍ത്തന്നെ സംശയാസ്പദമായ സാഹചര്യത്തില്‍ പള്ളിയങ്കണത്തില്‍  ഉപേക്ഷിച്ച ചെരുപ്പും താങ്ങി എന്നെയും തേടി ആരെങ്കിലും വന്നാലോ .കയ്യില്‍ പിടിക്കുവാനുള്ള മടി കാരണം അതൊരു കവറില്‍ നിക്ഷേപിച്ച് ഒരു കൂട്ടം ചെരുപ്പുമായി ഞാന്‍ അകത്തേക്ക് കടന്നു..പ്രവേശന കവാടത്തില്‍ കാര്‍പെറ്റ്  ഇടാത്തത് കാരണം സിമെന്റു  തറയില്‍ തൊട്ടപ്പോള്‍ കാല്‍പാദങ്ങള്‍ തണുത്തു മരവിച്ചു.

പ്രാര്‍ഥനക്ക് പോകുന്നവരുടെ കൈകളില്‍ ഇരിക്കുന്ന പാദരക്ഷകള്‍ എന്നില്‍ അടക്കിപ്പിടിച്ച ചിരിയുളവാക്കി.എന്‍റെ കൈകളോ ഞാന്‍ ശ്രദ്ധിച്ചതുമില്ല .അല്ലെങ്കിലും നമ്മള്‍ അങ്ങനെയാണല്ലോ സ്വന്തം  തലയില്‍ ഒരു ചാക്ക് വിഡ്ഢിത്തം നിറച്ചു ,മറ്റുള്ളവര്‍ കാണിക്കുന്ന ഓരോന്ന്  കണ്ടു നിഗൂഡമായി ചിരിക്കും 

സുരക്ഷാഭടന്മാര്‍ അവിടെ കൂടുതല്‍ ഉള്ളതായി തോന്നി ,തിങ്ങി ഞെരുങ്ങിയ ആള്‍ കൂട്ടത്തിലും ,പട്ടാളത്തോക്കുകള്‍ക്കിടയിലും   നിന്നപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍തന്നെ ഞാന്‍ മറന്നു . .ഇത്തരം തിരക്കുകള്‍ക്കിടയില്‍ എന്തും സംഭവിക്കാം
  മലരും മധുരവും ചേര്‍ത്ത നേര്‍ച്ച വാങ്ങി തിരക്കില്ലാത്ത ഒരിടത്ത് അല്‍പ്പനേരം ഇരുന്നു.വിശ്വാസികള്‍ അന്യോന്യം സഹകരിച്ചും , വഴക്കിട്ടും ,നേര്‍ച്ചകള്‍ അര്‍പ്പിക്കുന്നു.ദിവ്യമായ ഏതോ ജലം ഏവര്‍ക്കും കുടിക്കാന്‍ നല്‍കുന്നുണ്ട് .എന്‍റെ അരികില്‍ രണ്ട് സുരക്ഷാഭടന്മാര്‍ ഇരിക്കുന്നുണ്ട്‌ .ചില മുഖങ്ങള്‍ അടുത്തു കാണുമ്പോള്‍ ഇത് മലയാളി ആകും എന്നൊരു തോന്നല്‍ .ഇത്തരം കനത്ത സുരക്ഷയുള്ളതിനാല്‍ അല്‍പ്പം ഭയപ്പാടോടെ എന്‍റെ ക്യാമറ കാഴ്ചകള്‍ മറന്ന് ബാഗില്‍ത്തന്നെ ഇരിപ്പുറപ്പിച്ചു .പടിക്കെട്ടുകള്‍ തിരിച്ചിറങ്ങുമ്പോള്‍ ആ തണുപ്പ് വീണ്ടും എന്നെ പുണര്‍ന്നു .
ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ പറ്റില്ലല്ലോ .......

താഴേക്കിറങ്ങുന്ന പടിക്കെട്ടിനരികില്‍ ഒരു പൂച്ചക്കുട്ടി .ആള്‍   ഉറക്കം നടിച്ച്  ഇരിക്കുകയാണെന്ന് കണ്ടപ്പോഴേ തോന്നി . നാട്ടിലെ പൂച്ചകളെക്കാള്‍ വലിപ്പം ഉണ്ട് അതിന്.നിറയെ രോമങ്ങള്‍ നിറഞ്ഞ  ശരീരം. തണുപ്പിനെ അതിജീവിക്കാന്‍ ഓരോ ജന്തു ജീവ ജാലങ്ങള്‍ക്കും സര്‍വശക്തന്‍  നല്‍കിയ അനുഗ്രഹങ്ങള്‍ ..!

അടുത്തുകണ്ട വഴിവാണിഭക്കാരുടെ  കൈയിലുള്ള  കളിപ്പാട്ടങ്ങള്‍ നോക്കുന്ന തിരക്കിലാണ്  കുട്ടികള്‍.


ഈ കുഞ്ഞുങ്ങള്‍ക്ക് മറ്റൊരു ചിന്തകളും  ഇല്ല  .എന്‍റെ മനസ്സില്‍ എന്തിനാണ്  ഇത്ര സംഘര്‍ഷം  ?
ബാല്യം എത്ര മനോഹരമായിരുന്നു ......!വിരഹവും വേദനയും ഒന്നുമില്ലാതിരുന്ന ആ ബാല്യകാലം ഓര്‍മയില്‍ വന്നു .വളപ്പൊട്ടുകളും,മഞ്ചാടിമണികളും ,കുന്നിക്കുരുവും അപ്പൂപ്പന്‍താടിയും,കൊത്താന്‍  കല്ലും  തേടി നടന്ന ആ ബാല്യം എനിക്കിന്ന് അന്യമായിപോയല്ലോ.
ഒരിക്കലും ഒരു തിരിച്ചു പോക്കില്ലാത്തതുപോലെ.......


കളിപ്പാട്ടങ്ങള്‍ നിറഞ്ഞ കടയില്‍ ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന കുപ്പിവളകളില്‍ , തിളങ്ങുന്ന കല്ലുമാലകളില്‍ എന്‍റെ കണ്ണുകള്‍ ഉടക്കി നിന്നു.

വഴിയോരങ്ങളില്‍ കടകള്‍ പലതും സജീവമാകുകയാണ്.
പലതരം റൊട്ടികള്‍ അടുക്കി വെച്ചിരിക്കുന്ന കടകള്‍ പിന്നിട്ട് നടന്നു .ബസ്‌ സ്റ്റോപ്പിന്‍റെ  അരികില്‍ ഒരു കടയില്‍ വി ല്പ്പനയ്ക്കായി നോട്ടു മാലകള്‍ തൂക്കിയിട്ടിരിക്കുന്നു  .മുന്‍പ് ഡേറാഡൂണില്‍   ഇതേ പോലെ നോട്ടു മാലകള്‍ കണ്ടിട്ടുണ്ട്.അവിടെ മിക്ക കടകളിലും ഇതുപോലെ നോട്ടുമാലകള്‍ നിറച്ച്‌ അലങ്കരിച്ചു കണ്ടതിനാല്‍ അതില്‍ അത്ര കണ്ടു ഒരു പുതുമ എനിക്ക്‌ തോന്നിയില്ല .കല്യാണത്തിന് വധുവരന്മാര്‍ക്ക് ഉപഹാരമായി  കൊടുക്കാമത്രേ . ഈ നോട്ടു മാലകള്‍.പുതു പുത്തന്‍ നോട്ടുകള്‍ കൊണ്ട് വളരെ മനോഹരമായി ഡിസൈന്‍ ചെയ്തതാണ് ഓരോ ഹാരങ്ങളും.തലപ്പാവിന്‍റെരൂപത്തിലും ,കിരീടം പോലെയും ഉള്ളവ കടയുടെ ഉള്‍ഭാഗത്തായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .പത്ത് ,ഇരുപത് ,അമ്പത്,അഞ്ച് രൂപകള്‍ ഉപയോഗിച്ചാണ് ഈ  ഉപഹാരങ്ങള്‍  ഉണ്ടാക്കിയിരിക്കുന്നത്.നമ്മള്‍ കൊടുക്കുവാന്‍ ഉദ്ദേശിക്കുന്ന സമ്മാനത്തിന്റെ മൂല്യത്തിന് അനുസരിച്ചുള്ള നോട്ടുകള്‍ നിറച്ച  ഹാരങ്ങള്‍ കിട്ടും . ഇത്തരം  ആചാരങ്ങളൊന്നും  നമ്മുടെ കൊച്ചു കേരളത്തില്‍ നിലവിലില്ലാത്തത് കാരണം ഒരു ഹാരം വാങ്ങണമെന്നുള്ള  അതിമോഹം ഞാന്‍ ഉപേക്ഷിച്ചു.


പുതു പുത്തന്‍ നോട്ടുകള്‍ കൊണ്ട് ഉപഹാരങ്ങള്‍ 

ഇങ്ങനെ ഒന്ന് രണ്ട് കടകള്‍ ചുറ്റിപ്പറ്റി നടന്നത് കാരണം സമയം പോയത് അറിഞ്ഞില്ല എന്നുള്ളത് സത്യം.ശ്രീനഗറിലെ തന്നെ ജുമാ  മസ്ജിദ് എന്ന പ്രസിദ്ധമായ ദേവാലയത്തിന്‍റെ അരികില്‍ കൂടി അടുത്ത ബസ്‌ സ്റ്റോപ്പിലേക്ക് നടന്നു.   വഴിയരികില്‍ പലയിനം പഴങ്ങള്‍ വില്‍പ്പനയ്ക്കായി വെച്ചിട്ടുണ്ട് .വിലവിവര കണക്കുകള്‍ അറിയുവാനായി ചില കടകളില്‍ അറിയുന്ന ഭാഷയില്‍ വില ചോദിച്ചും പറഞ്ഞും ആയിരുന്നു എന്‍റെ നടത്തം .ശ്രീനഗറിലെ ത്തന്നെ  ഏറ്റവും തിരക്കേറിയ കച്ചവട കേന്ദ്ര മായ ലാല്‍ ചൗക്കില്‍ പിന്നീടൊരു ദിവസം ഷോപ്പിംഗ്‌ നടത്താം എന്ന് ഫയാസ്സ് ഫായി പറഞ്ഞത് കാരണം  അടുത്തായുള്ള ഒരു ബസ്‌ സ്റ്റോപ്പില്‍ വാഹനവും കാത്ത് ഞങ്ങള്‍   നിന്നു .

ഞങ്ങള്‍ എന്നാല്‍ കുട്ടിപ്പട്ടാളം ഉള്‍പ്പെടെ ഒന്‍പതു പേര്‍ .ഇങ്ങോട്ട് വന്നതുപോലെ അത്ര എളുപ്പമല്ല തിരിച്ചു പോക്ക് എന്ന് ആ കാത്തിരിപ്പിന്‍റെ തീവ്രതയില്‍ എനിക്ക് മനസ്സിലായി .വന്നു നില്‍ക്കുന്ന വാഹനങ്ങളില്‍ എല്ലാം നന്നേ തിരക്ക് .ഒരു ടാക്സി പോലും കിട്ടാന്‍ ഒരു വഴിയുമില്ല .മഴമാറിനിന്ന കാലാവസ്തയെങ്കിലും തണുപ്പിന്‌ ഒരു കുറവും ഇല്ല .കശ്മീരിന്‍റെ മനോഹാരിതകളൊന്നും തൊട്ടുപോലും നോക്കിയിട്ടില്ലാത്ത ഒരു പ്രദേശമാണ് അതെന്നു തോന്നി. റോഡിന്‍റെ അരികിലായി അലസമായി കൊണ്ടിട്ടിരിക്കുന്ന പഴങ്ങളുടെയം മറ്റും  അവശിഷ്ട്ടങ്ങളില്‍ നിന്നും ഒരു ദുര്‍ഗന്ധവും വമിക്കുന്നില്ല എന്നുള്ളത് മറ്റൊരത്ഭുതം,ഒരു ഈച്ചയ്ക്കോ ,കൊതുകിനോ ജീവി ക്കുവാന്‍ പറ്റിയ സാഹചര്യം അല്ലല്ലോ അവിടെ .എങ്കിലും ഈ തണുപ്പിനെയും മറികടന്നു ജീവിക്കുന്ന ചെറുജീവികളെ ചുരുക്കം ചില സ്ഥലങ്ങളില്‍ കാണാം .

ഇതുപോലെയുള്ള സ്ഥലങ്ങളിലാണ് സ്ഫോടക  വസ്തുക്കള്‍ നിക്ഷേപിക്കുക എന്ന കേട്ടു കേള്‍വി ആ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന ഓരോ നിമിഷങ്ങളും എന്നില്‍ ഭയം ഉളവാക്കി .കാത്തിരിപ്പിന്‍റെ ഒടുവില്‍ ഒരു നിവര്‍ത്തിയുമില്ലാതെ  ഫയാസ്സ് ഭായി ഒരു ഓട്ടോ റിക്ഷാ വിളിച്ച് വന്നു .

"ഒന്‍പതു പേര്‍ ഒരു ഓട്ടോയില്‍ എങ്ങനെ "എന്ന് എനിക്ക് ചിന്തിക്കുവാന്‍  നേരം കിട്ടും മുന്‍പ് ഞങ്ങള്‍ ഒന്‍പതു പേരും ആ ഓട്ടോയില്‍ പായ്ക്ക് അപ്പ്‌ ചെയ്യപ്പെട്ടു  .ഓട്ടോ  റിക്ഷയുടെ ഉള്‍ ഭാഗം ഞാന്‍ കരുതിയത്‌ പോലെ അത്ര ഇടുങ്ങിയത്‌ ആയിരുന്നില്ല ,നമ്മുടെ "കോട്ടയം അയ്യപ്പാസ്" പോലെ അകം വിശാലം. ഏറ്റവും രസകരമായി എനിക്ക് തോന്നിയത് ഒന്‍പതു പേരും ,ആ ഓട്ടോഡ്രൈവറും ഉള്‍പ്പെടെ 10 പേരോടൊപ്പം  ആ വാഹനത്തില്‍ 30   കോഴിമുട്ടകള്‍ അടങ്ങിയ ഒരു ട്രേയും ഉണ്ടായിരുന്നു എന്നതാണ് .നഗീന്‍ ആണ് അങ്ങനെയൊരു സാഹസം കാട്ടിയത് .ഹസ്രത് ബാല്‍ വരെ പത്തു പേരെയും 30 മുട്ടകളും വഹിച്ചു ഓടുന്ന ആ ഓട്ടോറിക്ഷയിലെ യാത്രയിലുടനീളം ഉണ്ടായ തമാശകള്‍ പലതും ഓര്‍ത്തു ഇന്നും ചിരി വരാറുണ്ട്,ഓട്ടോ റിക്ഷ ഗട്ടറുകളില്‍ വീഴുമ്പോഴൊക്കെ തമാശരൂപേണ "മിമ്മീ മുട്ടയ്ക്ക് സുഖമാണോ .....?"എന്ന് മുന്തസിര്‍ തന്‍റെ അമ്മയോട് കാശ്മീരി ഭാഷയില്‍ ചോദിക്കുന്ന ചോദ്യവും  മറ്റും .
ഹസ്രത് ബല്‍ എത്തിയപ്പോള്‍ ,കൊടുത്ത രൂപ ഒരു കണക്കും പറയാതെ സന്തോഷത്തോടെ വാങ്ങി പുഞ്ചിരിക്കുന്ന മുഖവുമായി ഞങ്ങളെ യാത്രയാക്കുന്ന ഓട്ടോ ഡ്രൈവറോട്  എനിക്ക് അനുകമ്പ തോന്നി .രാത്രി വൈകി ഇത്രയുംസുരക്ഷിതമായി എത്തിച്ചതല്ലേ എന്ന് കരുതി കൂടുതല്‍രൂപകയ്യില്‍ കൊടുത്തപ്പോള്‍ "ദൈവം എനിക്ക്നിശ്ചയിച്ചത് നിങ്ങള്‍ ആദ്യമേ തന്നു അത് മതിയാകും ......"എന്ന് പറഞ്ഞ് സന്തോഷത്തോടെ നിരസിക്കുകയായിരുന്നു ആ പാവം  .
നന്മയുടെ ഉറവകള്‍ വറ്റാത്ത മനസ്സുകള്‍ ഇന്നും ഭൂമിയില്‍ എവിടെയൊക്കെയോ ഉണ്ട് ,മരുഭൂമിയിലെ മരുപ്പച്ചകള്‍ പോലെ....

ഇരുട്ട് വീഴുന്തോറും   തണുപ്പിന്‍റെ സൂചിമുനകള്‍ കുത്തി നോവിക്കുകയാണ്. 
എല്ലാ യാത്രകളുടെയും  തുടക്കത്തില്‍ ചില ആരാധനാലയങ്ങള്‍   സന്ദര്‍ശിക്കുക എന്ന പതിവ് പണ്ടേ ശീലിച്ചതാണ് .കാത്തിരിക്കുന്ന  കാഴ്ചകള്‍ക്കും ,യാത്രകള്‍ക്കും പ്രാര്‍ത്ഥനകള്‍ മാനസീകമായ ധൈര്യം തരും .

വീടിന്‍റെ പടിക്കെട്ടുകള്‍ കയറിയപ്പോള്‍ പുറത്ത് മഴയുടെ ആരവം തുടങ്ങി .
തണുപ്പിന്‍റെ പുതപ്പിനുള്ളില്‍ എല്ലാം മറന്ന് ഉറങ്ങുവാന്‍ സമയമായി .

അടുത്ത പ്രഭാതം എന്നെ കാത്തിരിക്കുന്നത് മുഗള്‍ ഗാര്‍ഡന്‍സ്സിലേക്കുള്ള യാത്രയാണ് .ചരിത്രത്തിന്‍റെ നല്ലൊരു ശേഷിപ്പുകള്‍ പങ്കുവെക്കുവാന്‍ ആ പൂന്തോട്ടങ്ങള്‍ക്ക് തീര്‍ച്ചയായും കഴിയും .ആ രാത്രി  ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ മനസ്സില്‍ നിറയെ മുഗള്‍ കൊട്ടാരങ്ങളും ,പനിനീര്‍പൂവിന്‍റെ ഗന്ധവുമായിരുന്നു .

അന്ന് ഞാന്‍   പുതച്ചുറങ്ങിയ കമ്പിളി പുതപ്പിന്  അത്തറിന്‍റെ
സുഗന്ധമായിരുന്നോ ? 




മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(1)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(2)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(3)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(4)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(5)