Saturday, March 24, 2012

ഡാന്യൂബ്




                                    ആള്‍ബേര്‍ഗിലേക്കുള്ള പാതയോരങ്ങള്‍ മഞ്ഞില്‍ മൂടിക്കിടന്നു.സെന്‍റ്ആന്‍റോണിന്‍റെ തണുത്ത വഴിയിലൊരിടത്ത് ഓരം ചേര്‍ന്ന് ഞങ്ങള്‍ നിന്നു .മഞ്ഞുപൂത്ത വേലി പടര്‍പ്പുകള്‍ക്കപ്പുറം "കന്നുകാലി ഫാം "  എന്നെഴുതിയ വഴികാട്ടിയുടെ അരികിലുള്ള വഴിയില്‍ നിറഞ്ഞു കിടന്നിരുന്ന മഞ്ഞില്‍ അല്‍പ്പം മുന്‍പ് കടന്നു പോയ ഏതോ വാഹനത്തിന്‍റെ ചക്രം പതിഞ്ഞിരിക്കുന്നു....
കഴിഞ്ഞ വസന്ത കാലത്ത് വരുമ്പോള്‍ ഈ പുല്‍മേട്ടില്‍ ധാരാളം കാലികള്‍ മേഞ്ഞു നടപ്പുണ്ടായിരുന്നു,വെള്ളയും കറുപ്പും നിറമുള്ള കന്നുക്കുട്ടികളും .
ഇപ്പോള്‍ വെളുത്ത മഞ്ഞിന്‍ കൂമ്പാരങ്ങള്‍ അല്ലാതെ മറ്റൊന്നുമേ കാണാനില്ല.

ഇരുട്ടിന്‍റെ മറവില്‍ കുത്തിനോവിക്കുന്ന ആ തണുപ്പില്‍ ഞങ്ങള്‍ക്കിടയില്‍ തെല്ലും ദൂരം ഇല്ലാതെയായി.
നിറം മങ്ങിയ അവന്‍റെ ചുണ്ടുകള്‍ക്ക് അപ്പോള്‍ " ഡാവിഡോഫ് " ന്‍റെ ഗന്ധമാണെന്ന് എനിക്ക് തോന്നി .
എന്‍റെ പ്രിയപ്പെട്ട ജോണ്‍ ഉപയോഗിച്ചിരുന്ന അതേ " ഡാവിഡോഫ് ".
വര്‍ഷങ്ങളായി സിഗരട്ടിനെ വെറുത്തിരുന്ന ഞാന്‍ ആ ജര്‍മന്‍ പുകയുടെ നനുത്ത മണം ഇഷ്ട്ടപ്പെട്ടുതുടങ്ങിയതിന് കാരണം ജോണ്‍ എന്ന "റിച്ചാര്‍ഡ്‌ ജോസഫ്‌ ജോണ്‍" " ""ആയിരുന്നല്ലോ
ഒരിക്കല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ഡസ്സ്റ്റ് ബിന്നില്‍ നിന്ന് ഒരു സിഗരറ്റ് പാക്കെറ്റിന്‍റെ ഒഴിഞ്ഞ കവര്‍ എടുത്തു പീറ്റര്‍ കാണാതെ മണക്കുമ്പോള്‍. ഉള്ളില്‍ നിറഞ്ഞത്‌ ജോണിനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു. പിന്നീടൊരിക്കല്‍ പീറ്റര്‍ അത് മമ്മയോട് പറയുകയും ചെയ്തു .
"നീ സിഗ്രെട്ട് വലിക്കാറുണ്ടോ ഗ്രേസ്സ്...?"
"ഇല്ല മമ്മ....."
"നമ്മുടെ രീതി അനുസരിച്ച് ഇതൊക്കെ ശരിയായിരിക്കാം ഗ്രേസ്സ്...
പക്ഷെ എന്‍റെ കുട്ടികള്‍ ഇതൊന്നും ശീലിക്കാന്‍ പാടില്ല .....പീറ്റര്‍ പറഞ്ഞു നിന്‍റെ ചില വട്ടുകളെ കുറിച്ച് "
കത്തിച്ച മെഴുകുതിരി സാക്ഷിവെച്ച്‌ ഒടുവില്‍ സത്യം ചെയ്യേണ്ടി വന്നു മമ്മയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ .

മമ്മയെപ്പോഴും ഇങ്ങനെയാണ്..പപ്പയെക്കൊണ്ട് ,എന്നെക്കൊണ്ട് ,എന്‍റെ സഹോദരന്‍ പീറ്ററിനെ കൊണ്ട് ,അനുജത്തി വോള്‍ഗയെ ക്കൊണ്ട് ,എന്തിന് വിക്കിയെ കൊണ്ട് പോലും ഇങ്ങനെ പല സത്യങ്ങളും ചെയ്യിപ്പിക്കാറുണ്ടായിരുന്നു എന്‍റെ മമ്മ .
"നിങ്ങള്‍ എന്നോട് കള്ളം പറയില്ലല്ലോ......" മുഖത്തേക്ക് നോക്കി മമ്മ വിതുമ്പും .
മമ്മയ്ക്ക്‌ ജീസ്സസ്സിനോടുള്ളതിനെക്കാള്‍ വിശ്വാസം ഞങ്ങളുടെ പ്രാര്‍ഥനാ മുറിയില്‍ എരിഞ്ഞമരുന്ന മെഴുകുതിരികളോടാണോ എന്നു പോലും ചിലപ്പോള്‍ എനിക്ക് തോന്നിയിരുന്നു .ആ മെഴുകുതിരി വെളിച്ചത്തെ തൊട്ട്‌ ആരും കള്ളം പറയില്ല എന്ന് പൂര്‍ണമായും, അന്ധമായും വിശ്വസിച്ചിരുന്ന ഒരു സാധു സ്ത്രീ ആയിരുന്നു എന്‍റെ മമ്മ.
പപ്പയുടെ ഭാഷയില്‍ പറഞ്ഞാല്‍ "ലോകത്തിലെ ഏറ്റവും ബുദ്ധിമതിയും ,അതിലേറെ വിഡ്ഢിയുമായ ഇന്ത്യന്‍ സ്ത്രീ "

ഞാനുള്‍പ്പെടെ എല്ലാവരും .....പപ്പയും,പീറ്ററും,വോള്‍ഗയുംവരെ മമ്മയെ ഓരോ നിമിഷവും പറ്റിച്ചുകൊണ്ടിരുന്നു.
വിക്കി മമ്മയെ പറ്റിച്ചിരുന്നോ? അറിയില്ല ....
ഇല്ല എന്ന് വിശ്വസിക്കാനാണ് മമ്മയ്ക്കിഷ്ടം ;എനിക്കും , കാരണം വിക്കി അനുസരണയും നന്ദിയുമുള്ള ഞങ്ങളുടെ വളര്‍ത്തുനായ ആയിരുന്നല്ലോ .വിക്കിക്കുള്ള ആ രണ്ട് ഗുണങ്ങളും ഞങ്ങള്‍ക്കാര്‍ക്കും ഇല്ല എന്ന് മമ്മ ഒരു ദിവസം അഞ്ച് തവണ എങ്കിലും പറയാറുണ്ടായിരുന്നു .

മമ്മയോട്‌ ഏറ്റവും കൂടുതല്‍ കള്ളങ്ങള്‍ പറഞ്ഞത് ഞാന്‍ തന്നെയായിരുന്നു. അല്ലെങ്കില്‍ ആ ദിവസവും ഞാന്‍ മമ്മയോട് കള്ളം പറയുമോ. ?
അന്ന് പപ്പയുടെ ഓര്‍മ്മ ദിവസമായിരുന്നിട്ടും........
മമ്മയുടെ പ്രാര്ത്ഥന അന്ന് രാവേറെ ചെല്ലുവോളം നീണ്ടു നിന്നു. പീറ്ററിന്‍റെ മുറിയില്‍ അപ്പോഴും ഒരു അരണ്ട വെളിച്ചം ഉണ്ടായിരുന്നു.
പതിവില്ലാതെ നേരത്തെ വോള്‍ഗ ഉറങ്ങിയ ആരാത്രിയില്‍,
ജോണിനെ തേടി പുറപ്പെടുമ്പോള്‍ ,പുറത്ത് തണുപ്പ് അധികമാണെന്ന് മമ്മ ഓര്‍മിപ്പിച്ചിരുന്നിട്ടും ......
ദേഹം മൂടാന്‍ പപ്പയുടെ പഴയ കമ്പിളിയുടുപ്പണിയിച്ചിട്ടും. ...
മമ്മയോട് ഞാന്‍ കള്ളം പറഞ്ഞതെന്തിനായിരുന്നു ?

തണുപ്പിനെ വക വെയ്ക്കാതെ സിറ്റി ക്ലോഡിയ മാളിന്‍റെ ഇരുണ്ട ഇടനാഴിയില്‍ രാത്രി  വെളുക്കുവോളം ഞാന്‍   ജോണിന്‍റെ കൈകളിലായിരുന്നുവല്ലോ .ഇരുട്ട് വെളിച്ചത്തിന് വഴിമാറുന്ന ഓരോ വേളകളിലും ജര്‍മ്മന്‍ പുകയുടെ ഗന്ധം ആവോളം നുകര്‍ന്ന്............
പുറത്ത് അപ്പോഴും മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു.

ഇതേപോലെ മഞ്ഞ് പെയ്ത മറ്റൊരു രാത്രിയില്‍ ആയിരുന്നല്ലോ സെവന്ത്ഡേ അപ്പാര്‍ട്ട്മെന്റിലേക്ക്
ഓടിക്കതച്ച്‌ എത്തി ജോണിന്‍റെ എക്സിക്യൂട്ടീവ് സ്യൂട്ടിലെ ബെഡ്ഡിലേക്ക് ഞാന്‍ പിടഞ്ഞ് വീണത്‌ .

"എന്നെ ഉപേക്ഷിക്കല്ലേ ജോണ്‍ എന്ന് കാലില്‍ വീണു അപേക്ഷിച്ചത് .......നീ ഇല്ലാതെ എനിക്കിനി ഒരു ജീവിതമില്ല എന്ന് പുലമ്പിയത്........നീ കൈ വിട്ടാല്‍ ഞാന്‍ ജീവന്‍ വെടിയും എന്ന് കരഞ്ഞു പറഞ്ഞത്........"


സ്നേഹിക്കപ്പെടാന്‍ ഇത്രമേല്‍ തരം താഴേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു .പണ്ട് സ്നേഹം അഭിനയിച്ച് ജോണ്‍ കാട്ടികൂട്ടിയതൊക്കെ വെറും കോപ്രായങ്ങള്‍ ആയിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ചിരിയും.
എങ്കിലും....
"പ്രണയം മനസ്സിലെ കുളിരുള്ള സുഖമാണെന്ന് പറഞ്ഞ ജോണ്‍.......
പ്രണയിനിയുടെ സാമീപ്യം ലോകത്തേതിലും ദിവ്യമെന്ന്‌ പറഞ്ഞ എന്‍റെ ജോണ്‍ ......

കരഞ്ഞു കൊണ്ടു അന്ന് സെവന്ത്ഡേ അപ്പാര്‍ട്ട്മെന്റിന്‍റെ പടികള്‍ ഇറങ്ങുമ്പോള്‍ ജോണ്‍ തിരികെ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത് എത്ര വിഡ്ഢിത്തമായിപ്പോയി .
വഴിയോരത്ത് തണുത്തു വിറച്ച് ഒരു ഭ്രാന്തിയെപ്പോലെ നിന്നത് രാത്രി പീറ്റര്‍ കണ്ടില്ലായിരുന്നുവെങ്കില്‍
ഡാന്യൂബ് നദിയില്‍ മഞ്ഞുറഞ്ഞ് കിടന്ന ആ രാത്രിയില്‍ ..........ഇതാണ് ലോകവസാനമെന്ന് തോന്നിയ അതേ രാത്രിയില്‍ .....എല്ലാം മമ്മയോട് ഏറ്റു പറയേണ്ടി വന്ന നശിച്ച രാത്രിയില്‍ .....മമ്മയാണ്‌ പറഞ്ഞത് ജീവിതം അവസാനിപ്പിക്കാം എന്ന്.
ഞാന്‍ പറഞ്ഞുപോയ കള്ളങ്ങള്‍ക്കെല്ലാം തിരിച്ച് മമ്മ എന്നോടും പകരം വീട്ടിയ ഒരു രാത്രി ആയിരുന്നോ അത്?.അന്ന് പതിവില്ലാതെ പീറ്ററിനും വോള്‍ഗയ്ക്കും എനിക്കും വിക്കിക്കും കഴിക്കുവാന്‍ ആഹാരം വിളമ്പിയത് മമ്മയായിരുന്നു ,ഞങ്ങള്‍ കഴിച്ച പഴച്ചാറില്‍ വിഷം ചേര്‍ത്തതും.

പപ്പയോടൊപ്പം ജീവിച്ച നാളുകളിലും ,പപ്പയെ നഷ്ട്ടപ്പെട്ട നിമിഷങ്ങളിലും ചെയ്യുവാന്‍ കഴിയാതെ പോയ ഒരു കൃത്യം ചെയ്യുന്നവല്ലാത്തോരാവേശം മമ്മയുടെ മുഖത്ത് അപ്പോള്‍ നിറഞ്ഞു നിന്നിരുന്നു.

.പാതിരാ കുര്‍ബാനയ്ക്ക് കത്തീഡ്രലില്‍ മണി മുഴങ്ങുമ്പോഴും ഞങ്ങളാരും ഉറങ്ങിയിരുന്നില്ല.പിന്നെ എപ്പോഴോ എന്നെ മടിയില്‍ കിടത്തി ,അപ്പോഴേക്കുംഉറങ്ങി പോയ വോല്‍ഗയുടെയും പീറ്ററിന്‍റെയും നെറുകയില്‍ തഴുകി "എന്‍റെ മക്കള്‍ ഉറങ്ങിക്കോ......... "എന്ന് ഇടയ്ക്കിടെ മമ്മ പറയുന്നത് ഞാന്‍ കേട്ടിരുന്നു ,പുറത്ത് മഞ്ഞ് പൊഴിയുന്ന ഒച്ചയില്‍ ചിലപ്പോഴൊക്കെ വിക്കിയുടെ നേര്‍ത്ത കരച്ചിലും.

ഉണര്‍വിന്‍റെ ഓര്‍മകളില്‍ ചില നിമിഷങ്ങളില്‍ ഉള്ളിലെവിടെയോ ഒരു പാല്‍ മണം നിറഞ്ഞു തുളുമ്പി
തൂവെള്ള ഗൗണില്‍ വരുന്നത് മമ്മയായിരുന്നു,ഒപ്പം പപ്പയും .മമ്മയുടെ കൈയ്യില്‍ കൈക്കുഞ്ഞായി ഞാനും.
"ഇവള്‍ക്ക് നമുക്ക് ഗ്രേസ്സ് എന്ന് പേരിടാം "പപ്പയാണ്‌ പറഞ്ഞത്.എന്നെ മാറോട് ചേര്‍ത്ത് നെറുകയില്‍ ഉമ്മ വെച്ച്‌ മമ്മ പപ്പയോടൊപ്പം ചേര്‍ന്ന് നടന്നുപോകുന്നു.
പിന്നെ വരുന്നത് ഒരു കൂട്ടം ആളുകള്‍ .പപ്പയെ ആരോ താങ്ങിയെടുത്ത് ,പിന്നാലെ അലമുറയിട്ടു കരഞ്ഞ് മമ്മയും,ഒന്നുമറിയാതെ കരയുന്ന എന്നോടൊപ്പം പരിഭ്രമിച്ച മുഖവുമായി മൂന്ന് വയസ്സുള്ള പീറ്ററും ,കുഞ്ഞ് വോള്‍ഗയും.
മങ്ങിയ ഓര്‍മ്മയില്‍ ആള്‍ബേര്‍ഗിലേക്കുള്ള പാതയോരങ്ങള്‍ തെളിഞ്ഞു .വഴിയോരത്തെ പൂക്കള്‍ നിറഞ്ഞ പുല്‍മേടിന്‍റെ ഓരം ചേര്‍ന്ന് ജോണ്‍ നടന്നു വരുന്നു ,കൂടെ ഞാനും.

ഒരു വിരലില്‍ സിഗരറ്റും മറുകയ്യില്‍ എന്നെയും ചേര്‍ത്ത്പിടിച്ച്‌.........
ഇരുട്ടു മാഞ്ഞു തെളിഞ്ഞു വന്ന നിമിഷം എന്‍റെ കണ്ണുകളില്‍ നോക്കി ജോണ്‍ ചോദിക്കുന്നു
"ചുണ്ട് നന്നായി ചുവന്നു .....വേദനിച്ചോ നിനക്ക്?"
സെന്‍റ്ആന്‍റോണില്‍ വീശിയ തണുത്ത കാറ്റും ഞാനും അന്നാദ്യമായി "ഡാവിഡോഫ്"  ന്‍റെ മധുരം അറിഞ്ഞു  .
വീണ്ടും അവന്‍ എന്‍റെ മുഖം അടുപ്പിച്ചപ്പോള്‍ ചുണ്ടുകള്‍ പൊള്ളുമെന്നു ഭയന്ന്‌ ഞാന്‍ മുഖം തിരിക്കുന്നു.പുല്‍ മേടില്‍ പൂക്കള്‍ കൊഴിഞ്ഞപ്പോള്‍ മഞ്ഞ് വീണ പാതയില്‍ ജോണ്‍ എന്നെയും കൂട്ടി നടന്നു മറഞ്ഞു.


കത്തീഡ്രലില്‍ നിന്നും മണി മുഴങ്ങി
മമ്മ നല്ല ഉറക്കമായി.കണ്ണുകള്‍ പാതിയടയും പോലെ ഞാനും.

"എന്തൊരു തണുപ്പ് ....."അവന്‍റെ കൈകളില്‍ ഞാന്‍ മുറുകെ പിടിച്ചു.
"എന്തെ തിരികെ പോകണോ ....?"ചോദ്യത്തില്‍ ദേഷ്യം കലര്‍ന്ന പരിഭവം.
സെന്‍റ്ആന്‍റോണിലെ വഴിമരങ്ങള്‍ തണുത്ത കാറ്റില്‍ വിറക്കുന്നത് ഞാന്‍ കണ്ടു.
"വേണ്ട.....പക്ഷെ ഈ തണുപ്പെനിക്ക് താങ്ങുവാന്‍ കഴിയുന്നില്ല .."
"സൂര്യന്‍ ഉദിക്കട്ടെ അപ്പോള്‍ ചൂടെന്നു പരാതി പറയരുത് ......"
ഞാനും അവനും നോക്കിനില്‍ക്കെ സൂര്യന്‍ കിഴക്കുദിച്ചുയര്‍ന്നു.
ചൂടേറ്റുവാടി മരച്ചില്ലകളിലെ മഞ്ഞിന്‍ പൂക്കള്‍ കൊഴിഞ്ഞു വീണു .
പാതയോരങ്ങളിലെ മഞ്ഞുരുകി തുടങ്ങിയിരുന്നു. വെള്ളയും ,കറുപ്പും നിറമുള്ള കന്നിന്‍ കുട്ടികള്‍ കൂട്ടത്തോടെ മലയിറങ്ങി വരുന്നു .

മഞ്ഞിന്‍റെ പുതപ്പുകള്‍ ഉരുകി ഒലിച്ചിറങ്ങുന്ന മഹാപ്രളയത്തില്‍ ഞങ്ങള്‍ മുങ്ങിത്താഴുമെന്ന് ഞാന്‍ ഭയന്നു.
എന്‍റെ ചുണ്ടില്‍ അപ്പോഴും " ഡാവിഡോഫ് " ന്‍റെ കയ്പ്പുള്ള "രുചി" നിറഞ്ഞു നില്‍ക്കുന്നത് ഞാന്‍ അറിഞ്ഞു.
"പ്രണയം കൂലം കുത്തിയൊഴുകുന്ന പ്രളയമെന്നും ,അത് തണുത്തുറഞ്ഞ മരണമെന്നും".ചില പുതിയ നിര്‍വചനങ്ങള്‍ കൂടി ഞാന്‍ എഴുതിച്ചേര്‍ത്തു .

"പ്രിയപ്പെട്ടവനേ ഈ വാക്കുകള്‍ നിനക്കുള്ള എന്‍റെ പ്രണയ സമ്മാനമെന്ന് "ഞാന്‍ പറയുമ്പോള്‍ കഴുത്തോളം മുങ്ങിയ വെള്ളത്തില്‍ നില്‍ക്കുന്ന എന്‍റെ ചുണ്ടില്‍ മരണത്തിന്‍റെ  നേര്‍ത്ത ഗന്ധവുമായി വീണ്ടും വീണ്ടും അവന്‍ അമര്‍ത്തി ചുംബിച്ചു.


ചിത്രം :കടപ്പാട് ഗൂഗിള്‍  

Sunday, March 18, 2012

മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ (5)

ഹിമശൈല സൈകത ഭൂവില്‍......

ശ്രീനഗര്‍ തണുപ്പിന്‍റെ പുതപ്പില്‍ നിന്നും ഉണര്‍ന്നെണീറ്റ മറ്റൊരു പകല്‍..
ഇന്ന് ഗുല്‍ മാര്‍ഗിലേക്ക് യാത്ര പോകുവാന്‍ മുന്‍കൂട്ടി തീരുമാനിച്ചതാണ്.നിനച്ചിരിക്കാതെ വന്ന ഹര്‍ത്താല്‍ കൊണ്ടുപോയത് കാശ്മീര്‍  യാത്രയിലെ രണ്ട് ദിവസങ്ങള്‍ .ഓരോ ദേശത്തിനും ഹര്‍ത്താലിന് ഓരോ മുഖങ്ങളാണെന്ന് തോന്നി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ യാത്രയുടെ ക്ഷീണം മാറ്റുവാന്‍ ഈ ഹര്‍ത്താലിനെ മാനസീകമായി ഉള്‍ക്കൊള്ളുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു .
തലേന്ന് നടന്ന ബോംബു സ്ഫോടനത്തില്‍ മരണപ്പെട്ട മത നേതാവിനെ അനുകൂലിക്കുന്ന മത സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആയതിനാല്‍ ശ്രീനഗറിലെ മിക്ക ഇടങ്ങളിലും ഈ പ്രതിഷേധം പൂര്‍ണമായിരിക്കും എന്ന് ഫയാസ്സ് ഫായി പറഞ്ഞു .കാലത്ത് വന്ന "ഗ്രേറ്റര്‍ കാശ്മീര്‍ "പത്രത്താളില്‍ മരണമടഞ്ഞ നേതാവിന്‍റെ പുഞ്ചിരി തൂകുന്ന മുഖം.അന്നേദിവസം കാശ്മീര്‍ പത്രങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തയും അത് തന്നെയായിരുന്നു.
മരണം,അത് ആര്‍ക്കാണെങ്കിലും വേദനതന്നെയാണ്.ചില മരണങ്ങള്‍ ചിലര്‍ക്ക് ആഘോഷമെങ്കില്‍ മറ്റ് ചിലര്‍ക്ക് തീരാത്ത നൊമ്പരവും .
കാശ്മീര്‍ മുഖ്യ മന്ത്രി ശ്രീ. ഒമര്‍ അബ്ദുള്ളയുടെ അനുശോചനവാക്കുകള്‍ ,മതനേതാക്കന്മാരുടെ,മത പണ്ഡിതന്മാരുടെ സ്വാന്തനിപ്പിക്കല്‍ തുടങ്ങി പല വാര്‍ത്തകളും നിറഞ്ഞ പത്രത്താളുകളില്‍ കണ്ണീര്‍ വറ്റാത്ത സ്ത്രീ ഹൃദയങ്ങളെ ഫിരണിലും ,ബുര്‍ഖയിലും മൂടി മറച്ചിരുന്നു.

അന്നത്തെ പ്രഭാത ഭക്ഷണം ചായയും ,കാശ്മീര്‍ റോട്ടിയും . ഹര്‍ത്താല്‍ പ്രമാണിച്ച് കിട്ടിയ അവധിയില്‍ സന്തോഷിച്ചിരിക്കുകയാണ് മുന്‍തസ്സിറും ,അര്‍ബിനയും .ഇളയ കുട്ടി രാവിലെ തന്നെ ഉറക്കമുണര്‍ന്നത് നഗീനുമായി അടുക്കളയില്‍ കലപില തുടങ്ങി.
ഉച്ച ഭക്ഷണത്തിന് മീന്‍ വാങ്ങി വരാമെന്ന് പറഞ്ഞ്‌ ഫയാസ്സ് ഫായി  പുറത്തേക്കു പോയി.



ഇന്നത്തെ ഹര്‍ത്താല്‍ യാത്ര അല്‍പ്പനേരം ഖാസി അങ്കിളിന്‍റെ വീടിന്‍റെ പിന്നിലെ ആപ്പിള്‍ തോട്ടത്തിലേക്കാവാം.കൂട്ടിന്‌ അര്‍ബിനയും  മുന്‍തസ്സിറും  ഉണ്ട് .തോട്ടത്തില്‍ അക്രൂട്ട്(വാല്‍ നട്ട് ) ,ആപ്പിള്‍ തുടങ്ങിയ മരങ്ങള്‍ നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നു.നഗീന്‍റെ സ്വന്തം അടുക്കളത്തോട്ടത്തില്‍ വിവിധയിനം ചീരകള്‍ .



അല്‍പ്പം മാറി നിറയെ പൂത്ത് നില്‍ക്കുന്ന കടുക് ചെടികള്‍....
ചുവന്ന പൂക്കള്‍ നിറച്ചു നില്‍ക്കുന്ന ഒരിനം റോസാ ചെടിയില്‍ പടര്‍ന്നു കയറിയ മുന്തിരി വള്ളിയില്‍ തളിരിട്ട ധാരാളം  ഇലകള്‍..
വിവിധയിനം പേരറിയാത്ത പൂക്കള്‍ അവിടെയെങ്ങും നിറഞ്ഞു നില്‍ക്കുന്നു  ണ്ടായിരുന്നു.
ക്രീം കളര്‍ പൂക്കള്‍ നിറഞ്ഞു തറയില്‍ പറ്റിപിടിച്ചു വളര്‍ന്നു നില്‍ക്കുന്ന ചെടി " സ്ട്രോ ബെറി" ആണെന്ന് അര്‍ബിനയാണ് പറഞ്ഞു തന്നത്.



ആ ചെടിയില്‍ നിറയെ പാകമാകാത്ത പച്ച നിറത്തിലുള്ള കായകള്‍ .നാട്ടിലേക്ക് പോരുമ്പോള്‍ കൂടെ കൊണ്ട് പോകണമെന്ന് പറഞ്ഞു അര്‍ബിന എനിക്കൊരു ഒരു ആപ്പിള്‍ തൈ കാട്ടി തന്നു .കുറച്ചു സ്ട്രോ ബെറി ചെടി കൂടെ എടുക്കാന്‍ ഓര്‍മ്മിപ്പിക്കണേ എന്ന് മുന്തസ്സിറിനോട് അപ്പോഴേ ഞാന്‍ പറഞ്ഞു വെച്ചു .നാട്ടിലെ മാവിന്‍റെ അരികിലായി ഒരു ആപ്പിള്‍ മരത്തിനു വളരുവാന്‍ മനസ്സുകൊണ്ട് കുറച്ചിടം ഞാന്‍ ഒരുക്കിയിട്ടു. ആ നിമിഷം എന്‍റെ വീട്ടുമുറ്റത്തു നിറഞ്ഞു പൂത്ത് നില്‍ക്കുന്ന ഒരു ആപ്പിള്‍ മരം മനസ്സില്‍ വ്യര്‍ത്ഥമായ സ്വപ്നം നിറച്ചു എന്നതും സത്യം.




ഉച്ച ഭക്ഷണത്തിനായി നഗീനോടൊപ്പം ചീരയ്ക്ക് സമാനമായ ചില ഇലകള്‍ ശേഖരിച്ചു.ഓരോ ദേശങ്ങളിലും ജീവിത ശൈലിയില്‍ എന്തെല്ലാം വ്യത്യസ്തതകള്‍..



മനുഷ്യരിലെന്നപോലെ ചെടികളില്‍ ,പൂക്കളില്‍ പോലും ആ വൈവിധ്യം എത്ര വ്യക്തം.ഓരോ ഇലകളിലും,ഓരോ പൂക്കളിലും....
"ഭാഷയും,രുചിയും വ്യത്യസ്തമെങ്കിലും കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഒരൊറ്റ ജനത ഒരേഒരിന്ത്യ "


ഹര്‍ത്താല്‍ ദിനത്തിലും തുറന്ന പ്രവര്‍ത്തിച്ച ഏതോ മാര്‍ക്കറ്റില്‍ നിന്നും ഫയാസ്സു ഫായി വാങ്ങിവന്ന മീന്‍ നഗീന്‍ നന്നായി കഴുകിയെടുത്ത് കൊണ്ടുവന്നു .കേരള തനിമയിലുള്ള മീന്‍ കറി എന്‍റെ വകയെന്ന് തീരുമാനം കൂടെയുള്ള മലയാളി മുഖങ്ങളില്‍ സന്തോഷം നിറച്ചു ,ഒപ്പം എന്നിലും.നാട്ടില്‍ നിന്നും വന്നിട്ട് രണ്ട് ആഴ്ചയോളം ആയി എന്ന്‌ മാത്രമല്ല മീന്‍ കറി ഒക്കെ കണ്ട ദിവസങ്ങളേ മറന്നു .
തിരുവനതപുരം സ്റ്റൈല്‍ മീന്‍ കറി വെയ്ക്കുവാനുള്ള ശ്രമം തേങ്ങയുടെ ദൗര്‍ല്ലഭ്യം മൂലം മനസ്സുകൊണ്ട് ആദ്യമേ ഉപേക്ഷിച്ചിരുന്നു . കുമരംപേരൂര്‍ സ്റ്റൈല്‍ കാശ്മീരി മുളകരച്ച കുടംപുളിയിട്ടു വെച്ച നല്ല ചുവന്ന മീന്‍ കറിയെ മനസ്സി ലോര്‍ത്ത് നഗീന്‍റെ അടുക്കളയില്‍ കയറി കറിക്കൂട്ടുകള്‍ പരതി .മുളക് ,മല്ലി,മഞ്ഞള്‍ തുടങ്ങി വിവിധയിനം പൊടികള്‍ ഞാന്‍ തന്നെ അലമാരയില്‍ നിന്നും തിരഞ്ഞു പിടിച്ചു.അടുക്കളക്കാരിയായ നഗീന് കാശ്മീരി ഭാഷയല്ലാതെ മറ്റൊന്നുമേ വഴങ്ങുന്നില്ല എന്ന സത്യം എന്നെ വീണ്ടും വിഷമിപ്പിച്ചു .ഏകദേശം ആ അടുക്കള മുഴുവന്‍ പരതിയിട്ടും മീനിന്‍റെ മുഖ്യ ചേരുവയായ പുളി മാത്രം കണ്ടു കിട്ടിയില്ല.പുളിയില്ലാതെ എങ്ങനെ ഒരു മീന്‍ കറി !
എന്‍റെ പരതല്‍ കണ്ടു നഗീന്‍ എന്ത് വേണമെന്നു കൈകൊണ്ടു ആംഗ്യ ഭാഷയില്‍ വീണ്ടും വീണ്ടും ചോദികൊണ്ടിരുന്നു."പുളി "എന്ന് പറഞ്ഞു ഫലിപ്പിക്കാന്‍ ഒരു ആംഗ്യ ഭാഷയില്ലാതെ ഞാന്‍ കഷ്ട്ടപ്പെടുന്നു എന്ന് നഗീന് തന്നെ ഒടുവില്‍ മനസ്സിലായി എന്ന് തോന്നുന്നു.അവസാനം നല്ല പഴുത്ത തക്കാളിയില്‍ കിടന്ന്‌ കാശ്മീരി മീന്‍ കഷണങ്ങള്‍ അടുപ്പില്‍ വെട്ടി തിളയ്ക്കുന്നത് കണ്ട് എന്‍റെ മനസ്സിന്‌ തൃപ്തിയടയേണ്ടി വന്നു.അന്നത്തെ ഉച്ചയൂണ് അങ്ങനെ പോയി.
(വീണ്ടുമൊരു ദിവസം നല്ല പുളിപ്പുള്ള കാശ്മീര്‍ സ്പെഷ്യല്‍ ഇറച്ചി കറിയില്‍ ചേര്‍ത്ത ചെരുവകകള്‍ക്കിടയില്‍ നഗീന്‍ കാട്ടിതന്ന നല്ല നാടന്‍ പുളി കണ്ട് എന്‍റെ മനസ്സ്കരഞ്ഞു.കാശ്മീര്‍ ഭാഷയില്‍ പുളിക്ക് നഗീന്‍ പറഞ്ഞ വാക്ക് വികാര വിക്ഷോപത്തിനിടയില്‍ എനിക്ക് ഓര്‍ത്തിരിക്കാന്‍ കഴിഞ്ഞില്ല. തേങ്ങാപ്പാലും ,പുളിയും ചേര്‍ത്ത ആ കാശ്മീരി ഇറച്ചിക്കറിയുടെ "രുചിയില്‍" "" ""പിന്നീട് ആ വാക്ക് വീണ്ടും ഓര്‍ക്കുവാനും മനസ്സു വന്നില്ല.)

രണ്ടുദിവസ ഹര്‍ത്താല്‍ ദിനങ്ങളും നല്ല തെളിഞ്ഞ അന്തരീക്ഷമായിരുന്നു.ശ്രീനഗര്‍ ദിനങ്ങള്‍ ഇത്രയേറെ തെളിഞ്ഞു വരിക അപൂര്‍വമാണ്.ഗുല്‍മാര്‍ഗ് പോകുവാന്‍ ഏറ്റവും നല്ല കാലാവസ്ഥ ആയിരുന്നു അതെന്ന് ഫയാസ്സു ഫായി പറഞ്ഞു.നാട്ടില്‍ നിന്ന് ഖാസി അങ്കിള്‍ വിവരങ്ങള്‍ അറിയാന്‍ ആ ദിവസവും വിളിച്ചിരുന്നു.കഴിഞ്ഞ ആഴ്ച എത്തിയ ബാബാ(ഫയാസ്സ്ഫായിയുടെ അച്ഛന്‍ )പിറ്റേന്ന് കൊല്‍ഗാമിലേക്ക് തിരികെ പോകുന്നു എന്ന് പറഞ്ഞു  .അന്നേദിവസ ഹര്‍ത്താല്‍ വാര്‍ത്തകള്‍ പറയുന്ന കൂട്ടത്തില്‍ മുന്‍പ് ശ്രീനഗറിലെ ഹര്‍ത്താല്‍ മാസങ്ങള്‍ നീണ്ടു നിന്നിട്ടുണ്ട് എന്ന് ബാബ പറയുമ്പോള്‍ ഫയാസ്സ് ഫായി പുഞ്ചിരിച്ച്‌ ഞങ്ങളെ കടന്നു പോയി.എന്തിനായിരുന്നു ആ ചിരി എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല .ഒരു പക്ഷെ കഴിഞ്ഞ നാളുകള്‍ ശ്രീനഗര്‍ നേരിട്ട അരക്ഷിതത്വം,അസ്വാതന്ത്ര്യം,വേദന,നൊമ്പരം അങ്ങനെ പലതും ആ ചിരിയില്‍ഉണ്ടായിരിക്കാം .

തിങ്കളാഴ്ച അതിരാവിലെ തന്നെ ഞങ്ങള്‍ ഗുല്‍ മാര്‍ഗിലേക്ക് പുറപ്പെട്ടു.ശ്രീനഗര്‍ നിന്നും നാല്പത്തിയാറു കിലോമീറ്റര്‍ അകലെയാണ് ഗുല്‍ മാര്‍ഗ്ഗ് .തലേന്ന് രാത്രി വീണ്ടും പെയ്തു തുടങ്ങിയ മഴ ഗുല്‍ മാര്‍ഗ്ഗ് യാത്ര മാറ്റി വെക്കേണ്ടി വരുമോ എന്ന എന്‍റെ വിഷമം കണ്ടിട്ടാകണം പ്രഭാതമായപ്പോഴേക്കും മാറി നിന്നു.കാശ്മീര്‍ ദിനങ്ങളില്‍ മനോഹരങ്ങളായ ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു യാത്രയായിരുന്നു അത്. ദാല്‍ തടാകം ഉണരും മുന്‍പ് ഞങ്ങള്‍ ഹസ്രത് ബാല്‍ കഴിഞ്ഞിരുന്നു.രാത്രിമഴയില്‍ കുളിച്ച ശ്രീനഗറിന്‌ പതിവിലും തണുപ്പ് കൂടിയത് കൊണ്ടാവണം ദല്‍ കുളിരിന്‍റെ മൂടല്‍ മഞ്ഞു പുതച്ച് ഉറങ്ങി ഉണരാന്‍ വൈകിയെതെന്നു തോന്നി.കാശ്മീര്‍ പ്രഭാതങ്ങളാണോ സന്ധ്യകളാണോ മനോഹരമെന്നു ചോദിച്ചാല്‍ ആകെ കുഴങ്ങി പോകും.ഈ പകല്‍ക്കാഴ്ചയില്‍ മഞ്ഞു മൂടിയ ഈ പ്രഭാതമാണ്‌ കൂടുതല്‍ സുന്ദരിയെന്ന് ഞാന്‍ പറഞ്ഞാല്‍ ഒരു പക്ഷെ കാശ്മീര്‍ സന്ധ്യകള്‍ എന്നോട് പരിഭവിക്കും .

വഴിയോരങ്ങളില്‍ നിറയെ വില്ലോ മരങ്ങള്‍ .നിറഞ്ഞൊഴുകുന്ന ഹിമ വാഹിനികളെ ഒരു നോക്കു കാണുവാന്‍ കാറിന്‍റെ ചില്ല് ജാലകം ഞാന്‍ താഴ്ത്തി. മനസ്സില്‍ ചിനാബ് നദിയുടെ ഓര്‍മ വന്നു .കാശ്മീരിന്‍റെയും പാകിസ്ഥാനിലെ പഞ്ചാബിന്‍റെയും വറ്റാത്ത നീരുറവയാണ് ചിനാബ്. ഹിമാചല്‍ പ്രദേശിലെ മലനിരകളില്‍ നിന്നും ജന്മം കൊണ്ട ചിനാബ് ജമ്മു പ്രവശ്യ വഴി ഒഴുകി  പാകിസ്താനിലെത്തുന്നു .
1960 സെപ്റ്റംബര്‍ 19 തിന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയും(ജവഹര്‍ലാല്‍ നെഹ്‌റു) പാകിസ്താന്‍ പ്രസിഡന്റും  (മുഹമ്മദ്‌ ആയുബ് ഖാന്‍) ))കറാച്ചിയില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് (Indus Waters Treaty )ചെനാബ് നദിയിലെ ജലം ഇരു രാജ്യങ്ങളും ഇന്നും പങ്കിട്ടെടുക്കുന്നത് .ഇത്തരത്തിലുള്ള കരാറുകളുടെ പിന്‍ബലത്തിലാണ് തങ്ങള്‍ ഒഴുകുന്നത്‌ എന്നറിയാതെ ഇനിയും എത്രയോ നദികള്‍ ഇന്നും നമുക്ക് ദാഹജലം നല്‍കുന്നുണ്ട്. ജ്ഹലം,സിന്ധു ,സത് ലജ് ,രവി ........അങ്ങനെ പലതും.
അതിരുകള്‍ അറിയാതെ ഒഴുകിയ നദികള്‍ക്കറിയില്ലല്ലോ നമ്മള്‍ വേര്‍തിരിച്ചിട്ട അതിര്‍ത്തികള്‍ .
നമ്മള്‍ നയിക്കുന്ന വഴിയിലൂടെ ഒഴുകാന്‍ മാത്രം പഠിച്ചവരാണല്ലോ പാവം നീര്‍ച്ചാലുകള്‍..
അതിരുകള്‍ തിരിക്കുന്നതും അണകള്‍ കെട്ടി തടയുന്നതും സ്വാര്‍ത്ഥരായ നമ്മള്‍ മനുഷ്യര്‍ .
എന്നിരിക്കിലും പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ആരോ ഒരാള്‍ ഒരിക്കല്‍ പറഞ്ഞുപോല്‍ "India and Pakistan can go on shouting on Kashmir for all time to come, but an early settlement on the Indus waters is essential for maintenance of peace in the sub-continent"എന്ന്.

നദിയുടെ കാഴ്ചകള്‍ കണ്ണില്‍ നിന്നും മറഞ്ഞു .
ശ്രീനഗര്‍ - ലേ (Sreenagar -lay )നാഷണല്‍ ഹൈവേയില്‍ വാഹനങ്ങളുടെ നല്ല തിരക്കാണ്

ഇടതടവില്ലാതെ ഒഴുകി വരുന്ന പട്ടാള വണ്ടികള്‍ ആണ് പിന്നീടുള്ള കാഴ്ച.കാശ്മീരിന്‍റെ വടക്ക് ദിക്ക് ലക്ഷ്യമാക്കി നീങ്ങുന്ന ഈ ശകടങ്ങളില്‍ ഇരിക്കുന്ന ധീര ജവാന്‍മാരുടെ മുഖങ്ങള്‍ കാര്‍ഗില്‍ ഓര്‍മ്മകള്‍ മനസ്സില്‍ നിറച്ചു.പെട്ടെന്ന് മനസ്സില്‍ വന്നത് ക്യാപ്റ്റന്‍ ജെറി പ്രേം രാജിനെയാണ്.എന്നെ കടന്നു പോകുന്ന ഓരോ സൈനീക വാഹങ്ങളിലും ഞാന്‍ കാണുന്നത് കാര്‍ഗില്‍ യുദ്ധത്തില്‍ പൊലിഞ്ഞു പോയ ആ ധീര യോദ്ധാവിന്‍റെ മുഖം തന്നെയോ എന്ന് എനിക്ക് തോന്നി.ഇന്നും ഓരോ ജൂലൈ 7 കടന്നു പോകുമ്പോഴും ഓര്‍മ്മയുടെ കണ്ണീരില്‍ തെളിയാറുള്ള  ആ ധീര മുഖങ്ങള്‍........ ഏതെല്ലാമാണ് !

ഇടയ്ക്കൊരു സ്ഥലത്ത് വെച്ച്‌ റോഡു രണ്ടായി പിരിഞ്ഞു .ഞങ്ങളെ പിന്തുടര്‍ന്ന് വന്ന സൈനീക വാഹനങ്ങള്‍ ബാരമുള്ളയിലേക്ക് തിരിയുന്ന മറ്റൊരു റോഡു ലക്ഷമാക്കി നീങ്ങവേ അന്‍സാരി ഞങ്ങളുടെ വാഹനം ഗുല്‍ മാര്‍ഗിന്‍റെ വഴിയിലേക്ക് തിരിച്ചു വിട്ടു.

"പൂക്കളുടെ താഴ്വാരം" എന്ന്‌ കൂടി പ്രസിദ്ധമായ ഗുല്‍ മാര്‍ഗിലെ ഓരോ പുല്‍ ചെടികളിലും പൂവുകള്‍ക്ക് പകരമായി മഞ്ഞിന്‍റെ വിസ്മയ കാഴ്ചകള്‍ നിറച്ചിരുന്നു അന്ന്. പ്രഭാതം പൊട്ടിവിരിഞ്ഞു തുടങ്ങിയെങ്കിലും തണുപ്പിന്‍റെ തലോടല്‍ വിട്ടു ഉണര്‍ന്നെണീക്കാന്‍ എന്നെപ്പോലെ ഓരൊ പുല്‍ക്കൊടിക്കും മടി പോലെ .വഴിയോരങ്ങളില്‍ പെയ്തൊഴിഞ്ഞ മഴവെള്ളത്തില്‍ കുതിര്‍ന്ന് കാശ്മീര്‍ സൗന്ദര്യം അലിഞ്ഞു പോയോ എന്നും എനിക്ക് തോന്നി. ഗ്രാമാതിര്‍ത്തി കഴിഞ്ഞാല്‍ പിന്നെ കാടിന്‍റെ ഒരു അനിര്‍വച്ചനീയ സൗന്ദര്യമാണ് .പൈന്‍,ഫിര്‍ മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന കുന്നിന്‍ ചരിവുകളിലൂടെ അന്‍സാരിയുടെ കാര്‍ അനായാസം മുന്‍പോട്ടു പോയി.കാടിന്‍റെ ഇരുട്ടില്‍ വീണ്ടും അന്തിമയങ്ങിയ പ്രതീതി.ഒരു വേള കണ്മുന്‍പിലെ റോഡ്‌ മൂടല്‍ മഞ്ഞില്‍ മുങ്ങി കാടിന്‍റെ നിഗൂഡതകളെല്ലാം  മഞ്ഞില്‍ മറഞ്ഞ മനോഹരമായ ഒരു കാണാക്കാഴ്ച സമ്മാനിച്ചപ്പോള്‍ അന്‍സാരി വാഹനത്തിന്‍റെ വേഗത കുറച്ചു.

.മുകളിലേക്ക് കയറുന്ന വാഹനങ്ങളും എതിരെ വരുന്ന വാഹനങ്ങളും മഞ്ഞ ലൈറ്റ് തെളിച്ച് ഇടയ്ക്കിടക്ക് ഹോണ്‍ മുഴക്കിക്കൊണ്ടിരുന്നു.റോഡിന്‍റെ ഒരു വശം അഗാധ ഗര്‍ത്തമെങ്കില്‍ മറുവശം ഇളകുന്ന മണ്ണിന്‍ കൂനകളില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്ന വഴി മരങ്ങള്‍.. .
മഴയെങ്ങാന്‍ പെയ്തു പോയാല്‍ ദുര്‍ഘടമാകുന്ന വഴികളെക്കുറിച്ച് അന്‍സാരി പറഞ്ഞു താരതെതന്നെ ഏകദേശ ധാരണ മനസ്സില്‍ ഉണ്ടായി. വഴിയോരങ്ങളില്‍ ചിലയിടങ്ങളില്‍ "മാര്‍ബിള്‍ "എന്ന്‌ എന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ഉരുകാതെ അവശേഷിച്ച മഞ്ഞിന്‍റെ പാളികള്‍.. കണ്ടു .ഹിമവാന്‍റെ ശിരസ്സില്‍ നിന്നും താഴേക്കുള്ള ഒഴുക്കിനിടയില്‍ ശാപം കിട്ടിയതിനാലോ, എന്നോ ഒരുനാള്‍ ഹിമ ശിലയായ് മാറി ഇന്നും ശാപ മോക്ഷം കാത്തുകിടക്കുന്ന അനേകം കൊച്ചരുവികളും ആ വഴിയാത്രയിലെ പുതിയ കാഴ്ചകള്‍ ആയിരുന്നു .ഗുല്‍ മാര്‍ഗിലേക്ക് അടുക്കുംതോറും മഞ്ഞു പൂവിട്ട മരങ്ങള്‍ കണ്ടുതുടങ്ങി .റോഡിനിരു വശങ്ങളിളിലും മഞ്ഞിന്‍റെ കൂമ്പാരം .വെളുത്ത പൂക്കള്‍ക്കിടയില്‍ വഴിനടക്കുവാന്‍ ആരോ വിരിച്ചിട്ട തിളങ്ങുന്ന കറുത്ത പട്ടുപോലെ തോന്നിച്ചു ടാറിട്ട റോഡ്‌ .സഞ്ചാരികളുടെ വാഹനങ്ങള്‍ കടന്നു പോകുന്നതിനാല്‍ റോഡുകളില്‍ മഞ്ഞിന്‍റെ പരലുകള്‍ കാണാനേയില്ല.


സമുദ്രനിരപ്പില്‍ നിന്നും 2653 മീറ്റര്‍ ഉയരത്തില്‍ പീര്‍ പഞ്ചാല്‍ മലനിരയുടെ ചരുവില്‍ കിലന്‍ മാര്‍ഗ് അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു മനോഹര താഴ്വരയാണ് ഗുല്‍ മാര്‍ഗ്ഗ്.കാശ്മീരിലെ അവസാന സ്വതന്ത്രഭരണാധികാരിയായിരുന്ന യുസുഫ് ഖാന്‍ ചൗക് ആണ് ഈ മനോഹര ദേശം ലോകത്തിനു മുന്‍പില്‍ കാട്ടിക്കൊടുത്തത് എന്ന്‌ ചില രേഖകള്‍ വ്യക്തമാക്കുന്നു. അദ്ദേഹം തന്‍റെ പ്രിയ പത്നിയും കവിതകള്‍ രചിക്കുകയും ചെയ്യുമായിരുന്ന ഹബ്ബ ഖാടൂനോടൊപ്പം പലപ്പോഴും ഗുല്‍മാര്‍ഗ് സന്ദര്‍ശിച്ചിരുന്നു എന്നും പറയപ്പെടുന്നു.പിന്നീട്‌ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ പ്രിയ സഖി നൂര്‍ജഹാനോടൊപ്പം ശ്രീനഗറില്‍ ഗ്രീഷ്മം തുടങ്ങുന്ന നാള്‍ ഈ സ്വര്‍ഗ്ഗ ഭൂമിയില്‍ വിശ്രമ വേളകള്‍ ചിലവഴിച്ചതായും ചില കുറിപ്പുകളില്‍ ഉണ്ട് . സര്‍ വാള്‍ട്ടര്‍ ലോറെന്‍സ്(ദി ലാന്‍ഡ്‌ സെറ്റില്‍മെന്റ്റ് ഓഫീസര്‍ from 1889  to 1895 -കാശ്മീര്‍ ) അദ്ദേഹത്തിന്റെ "ദി വാലി ഓഫ്‌ കാശ്മീര്‍" എന്ന ഗ്രന്ഥത്തില്‍ പറയുന്ന പ്രകാരം മുന്‍ കാലങ്ങളില്‍ ചില യൂറോപ്യന്‍ സഞ്ചാരികള്‍ ഗുല്‍ മാര്‍ഗില്‍ വന്നിട്ടുണ്ട്. അവര്‍ അവിടെ ചെറിയ കുടിലുകള്‍ നിര്‍മ്മിക്കുകയും വളരെ നാളുകള്‍ക്കു ശേഷം ഈ കുടിലുകള്‍ വേനല്‍ക്കാല വസതികളായി മാറുകയും ചെയ്തത്രേ .വീണ്ടും അനേക വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഗുല്‍ മാര്‍ഗ്ഗ് മഞ്ഞുകാല വിനോദങ്ങള്‍ക്കുള്ള ഒരു സ്ഥലമായിമാറിയത് എന്നും ചരിത്രം സൂചിപ്പിക്കുന്നു.
സഞ്ചാരികള്‍ക്ക് പ്രകൃതി ഭംഗികള്‍ ആവോളം ആസ്വദിക്കാന്‍ ധാരാളം സൗകര്യങ്ങള്‍ ഇന്ന് ഗുല്‍ മാര്‍ഗില്‍ ലഭ്യമാണ്. ജമ്മു ആന്‍ഡ്‌ കാശ്മീര്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്റ് ശ്രീനഗര്‍ നിന്നും ഗുല്‍ മാര്‍ഗിലേക്ക് പ്രത്യേകം ഹെലിക്കോപ്പ്റ്റെര്‍ സര്‍വീസും മഞ്ഞു കാലം ആസ്വദിക്കാന്‍ ജോംഗ ( ഒരു പ്രത്യേക തരം ജീപ്പ് ) സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട് .


ഏപ്രില്‍ മാസങ്ങളില്‍ മഞ്ഞു പൂക്കള്‍ മാത്രം വിരിയുന്ന ആ പൂക്കളുടെ താഴ്വര ഞങ്ങളെ എതിരേറ്റത്‌ എനിക്കപരിചിതമായ ഒരു കാഴ്ച സമ്മാനിച്ചു കൊണ്ടായിരുന്നു .റോഡില്‍ നിറഞ്ഞു കിടക്കുന്ന മഞ്ഞിന്‍ കട്ടകള്‍ മുറിച്ചു മാറ്റുകയാണ് ഒരു വാഹനം .അന്നാട്ടുകാരായ ചിലരും ചില സഞ്ചാരികള്‍ക്കുമൊപ്പം വളരെ ആകാംഷയോടെ ഞാനും അല്‍പ്പ നേരം ആ കാഴ്ച ആസ്വദിച്ചു .



ഗുല്‍ മാര്‍ഗ് എങ്ങും മഞ്ഞില്‍ നിറഞ്ഞു കിടക്കുന്ന മനോഹര കാഴ്ച .മഞ്ഞു മലകളില്‍ പോകുമ്പോള്‍ ധരിക്കാറുള്ള വിന്റെര്‍ ബൂട്സ് പിന്നെ സൂട്ടും തുടങ്ങിയവ ഒരു കടയില്‍ നിന്നും വളരെ തുശ്ചമായ വാടകയ്ക്ക് വാങ്ങി .അന്‍സാരിയുടെ സഹായമുള്ളതിനാല്‍ അധികം വിലപേശല്‍ ഉണ്ടായില്ല . സഞ്ചാരികള്‍ പലരും പറ്റിക്കപ്പെടുക ഇത്തരം സാധനങ്ങള്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ ആണെന്നുള്ള മുന്‍ അനുഭവത്തിന്‍റെ ഓര്‍മ്മയില്‍ കോട്ടും ബൂട്സ് അണിഞ്ഞ്‌ മഞ്ഞ്‌ നിറഞ്ഞ ഗുല്‍ മാര്‍ഗ്ഗ് കാഴ്ചകള്‍ ആസ്വദിക്കാന്‍ ഞാന്‍ തയ്യാറായി.വലിക്കുന്ന ഒരു തരം വണ്ടിയുമായി ഒരു കൂട്ടം ആളുകള്‍ അപ്പോള്‍ ഞങ്ങളുടെ പിന്നാലെ കൂടി.കുതിരകളുമായി മാറ്റൊരു കൂട്ടര്‍ വേറെയും .ഗുല്‍ മാര്‍ഗ്ഗ് ചുറ്റി കാണിച്ചു തരാമെന്നായി ഇരുവരും .മുന്‍പൊരിക്കല്‍ ആഗ്ര റിവേ റെയില്‍വേ സ്റ്റേഷന്‍ ഇറങ്ങിയപ്പോള്‍ ഞങ്ങളെ പൊതിഞ്ഞ് കൂടെ കൂടിയ റിക്ഷ വണ്ടികള്‍ ഓര്‍മവന്നു .
.ഗുല്‍ മാര്‍ഗ് മുഴുവന്‍ ചുറ്റിക്കാണി ക്കാം എന്നായി കുതിരക്കാരന്‍.
വലിക്കുന്ന വണ്ടിയില്‍ ഒരു യാത്ര പോകാന്‍ 800 രൂപ മതിയാകുമെന്നു മറ്റേ കൂട്ടര്‍ വില പേശല്‍ തുടങ്ങി.
ആളുകള്‍ വലിക്കുന്ന വണ്ടികള്‍ കണ്ടപ്പോള്‍ പണ്ട് കുട്ടികാലത്ത് നാട്ടില്‍ കവുങ്ങില്‍ പാളയില്‍ കുട്ടികളെ ഇരുത്തി വലിച്ചു കൊണ്ട് പോകുന്ന ഓര്‍മ വന്നു.



ദൂരെ പലരും ഈ "പാളയാത്ര" നടത്തുന്നത് മങ്ങി കാണാം .ഈ "സ്ലെട്ജു " "പോണി "വാലകളെ പറഞ്ഞു വിടാന്‍ തന്നെ അല്‍പ്പം കഷ്ട്ടപ്പെടെണ്ടി വന്നു.
എന്നെപോലെ ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍ ഓരൊ വേഷം കെട്ടേണ്ടി വരുന്ന പാവം മനുഷ്യ ജന്മങ്ങള്‍ !

അങ്ങനെ മഞ്ഞു മൂടിക്കിടക്കുന്ന വിശാലമായ ഭൂമിയിലേക്ക് ഞങ്ങള്‍ ഇറങ്ങി. .
കാഴ്ചകളുടെ ഒരു പകുതിയും മഞ്ഞില്‍ മൂടിയിരുന്നു എന്നത് സത്യം.
മുന്‍പ് മണാലിയില്‍(( ((kullu -manaali -ഹിമാചല്‍ പ്രദേശ്‌  ) മഞ്ഞിന്‍റെ ദ്രിശ്യ വിസ്മയം കണ്ടിട്ടുണ്ട് എങ്കിലും .
കാഴ്ചകളെ ഇങ്ങനെ പൂര്‍ണമായി മറയ്ക്കുന്ന "വൈറ്റ് ഔട്ട്‌ "എന്ന പ്രതിഭാസം അന്ന് ആദ്യമായി ആസ്വദിച്ചു.
ഭൂമിയും ,ആകാശവും ,ചക്രവാളവും ഒന്നും തന്നെ വേര്‍തിരിച്ചറിയുവാന്‍ കഴിയാത്ത ഒരത്ഭുത ലോകം.
എങ്ങും മഞ്ഞിന്‍റെ നിറം,മണം,വികാരം.......ആകാശമില്ല ,ഭൂമിയില്ല ,സൂര്യനില്ല ഒരു വൃക്ഷങ്ങള്‍ പോലുമില്ല .വളരെ നേരിയ ഒരു വെള്ളപ്പുതപ്പ് കൊണ്ട് സര്‍വ്വം മൂടിയിട്ട പോലെ .
ഭൂമിയില്‍ നിന്നും ഒരു നിമിഷ നേരത്തേക്ക് മറ്റേതോ ഒരു ലോകത്ത് എത്തിയ പ്രതീതി.തൊട്ടടുത്ത്‌ നില്‍ക്കുന്ന വ്യക്തിയെപോലും കാണുവാന്‍ കഴിയാതെ, കാഴ്ചകള്‍ എന്തെന്നറിയാതെ ഏതോ മായിക ലോകത്തില്‍ പറന്ന് നടക്കുന്ന ഭാരമില്ലാത്ത പഞ്ഞികെട്ട് പോലെ തോന്നിക്കുന്ന അവസ്ഥ .......
ഇടയ്ക്കു മൂടല്‍ മഞ്ഞില്‍ തെളിഞ്ഞു വന്നത് അല്‍പ്പം ദൂരെയുള്ള ഒരു ക്ഷേത്ര ഗോപുരമാണെന്ന് മനസ്സിലായി. നോക്കിനില്‍ക്കുമ്പോള്‍ തന്നെ അത് തെളിയുകയും പിന്നെ മറഞ്ഞ് മഞ്ഞിന്‍റെ നിറത്തോട് ചേരുകയും ചെയ്തു.

സഞ്ചാരികളെ വലിച്ച് കൊണ്ട് പോകുന്നവരുടെ ആര്‍പ്പു വിളികള്‍ കാതോര്‍ത്താല്‍ കേള്‍ക്കാം.അല്‍പ്പം അകലെയുള്ള അമ്പലത്തില്‍ നിന്നും മുഴങ്ങുന്ന പ്രാര്‍ഥനാ ഗീതങ്ങള്‍ കാറ്റിന്‍റെ ദിശക്കനുസരിച്ച് ശബ്ദം കൂടിയും കുറഞ്ഞും കേട്ടുകൊണ്ടിരുന്നു . സത്യത്തില്‍ ഞാന്‍ ഭൂമിയില്‍ തന്നെയാണ് നില്‍ക്കുന്നതെന്ന തിരിച്ചറിവ് എന്നില്‍ ഉണ്ടാക്കിയത് ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്ന ആ പ്രാര്‍ഥനാ ഗീതമായിരുന്നു.
പരിസരം അല്‍പ്പം തെളിഞ്ഞു വന്നപ്പോള്‍ തൊട്ടടുത്ത്‌ നിന്ന ആകാംഷ നിറഞ്ഞ പുഞ്ചിരിക്കുന്ന മുഖങ്ങള്‍ കണ്ടു തുടങ്ങി.
കൈകള്‍ പരസ്പ്പരം കോര്‍ത്ത്‌ നിമിഷ വിരഹം മറക്കുമ്പോള്‍ മഞ്ഞിന്‍റെ പുതപ്പ് വീണ്ടും ഞങ്ങളെ മറച്ചു നിന്നു.

സമയം ഒരു മണിയായി എന്ന്‌ കാറില്‍ അന്‍സാരിയോടൊപ്പം വിശ്രമിച്ചിരുന്ന ഫയാസ്സു ഫായി പറയുമ്പോഴാണ് അറിയുന്നത്.കാലവും സമയവും തിരിച്ചറിയാന്‍ കഴിയാത്ത ഒരു ലോകത്താണല്ലോ അപ്പോള്‍ നില്‍ക്കുന്നത് .
തണുപ്പിന്‍റെ കാഠിന്യത്തില്‍ ഊണ് കഴിക്കുവാന്‍ തണുത്ത വെള്ളത്തില്‍ കൈ കഴുകുവാന്‍ തന്നെ എനിക്ക് മടി തോന്നി.
അടുത്തായി കണ്ട ഒരു കടയുടെ ഉള്ളില്‍ അവരുടെ അനുവാദത്തോടെ ഉച്ചഭക്ഷണം കഴിച്ചു തുടങ്ങി.കൈകള്‍ തണുപ്പിക്കുവാനുള്ള ഒരു നെരിപ്പോട് കടക്കുള്ളില്‍ അല്‍പ്പം ചൂടിന്‍റെ സുഖം നിറച്ചു.നഗീന്‍റെ സ്പെഷ്യല്‍ ചീര കറിയും ,ചിക്കനും അന്നത്തെ ഊണ് സ്വാദിഷ്ട്ടമാക്കി.വളരെ ഇഷ്ട്ടത്തോടെ ചോറും കറികളും എല്ലാവര്‍ക്കും വിളമ്പിത്തന്നത് ഫയാസ്സു ഫായി ആയിരുന്നു.












ഭക്ഷണ ശേഷം വീണ്ടും അല്‍പ്പനേരം മഞ്ഞില്‍ കളിക്കമെന്നായി കുട്ടികള്‍.
തമ്മില്‍ കാണുവാന്‍ കഴിയുമെന്നായപ്പോള്‍ പരസ്പ്പരം മഞ്ഞിന്‍റെ കട്ടകള്‍ എറിഞ്ഞ്‌ കുഞ്ഞുങ്ങള്‍ കളികള്‍ തുടങ്ങി.



കുറച്ചു സമയം കുട്ടികളോടൊപ്പം ഞങ്ങളെല്ലാവരും അവരുടെ കളിയില്‍ പങ്കാളികളായി എന്ന്‌ തന്നെ പറയാം. ആര്‍ത്തു ല്ലസ്സിക്കുന്ന ബാല്യത്തിനെ കളികള്‍ ഏല്‍പ്പിച്ച് അല്‍പ്പം അകലെ കണ്ട ഐസ് മൂടിയ തടാകം ലക്ഷ്യമാക്കി ഞാന്‍ നടന്നു. മുകള്‍ ഭാഗം വെള്ളം ഐസ് ആയി ഉറഞ്ഞു കിടക്കുന്ന ഒരു ചെറിയ തടാകം. കരയും വെള്ളവും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ.ഉള്ളില്‍ നിറഞ്ഞു കിടക്കുന്ന ജലത്തിന്‍റെ ആഴത്തെക്കുറിച്ച് യാതൊരു വ്യക്തതയുമില്ല.കരയില്‍ ഇരുന്ന് വെള്ളത്തിലേക്ക്‌ തൊട്ടപ്പോള്‍ വിരലുകള്‍ മരവിച്ചു. മുകള്‍പ്പരപ്പിലുള്ള ഐസ് പാളികള്‍ പതുക്കെ മാറ്റി ഉള്ളിലെ തണുപ്പുള്ള വെള്ളം കൈയില്‍ കോരിയെടുത്തു.ക്യാമറയില്‍ ഒന്ന് രണ്ട് ചിത്രങ്ങള്‍ എടുക്കുവാനുള്ള ആഗ്രഹത്തില്‍ കൂടെയുള്ളവരെ വിളിക്കുവാന്‍ തിരിഞ്ഞ എന്‍റെ ഉള്ളില്‍ ഒരു നിമിഷം രക്തമുറഞ്ഞപോലെയായി..ഒന്നുമേ കാണുവാന്‍ കഴിയുന്നില്ല ,വീണ്ടും ആ വൈറ്റ് ഔട്ട്‌" .
ദിക്കും ദിശയുമറിയാതെ ആകാശവും ഭൂമിയും തിരിച്ചറി യാതെ എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയ ആ നിമിഷം.

നടന്നു വന്ന വഴിയെ തിരികെ പോകാന്‍ ധൈര്യമില്ല. വഴിയെങ്ങാന്‍ തെറ്റിപോയാലോ എന്ന ഉള്‍ഭയം.മുന്‍പ് കേട്ട ആ ഭക്തിഗീതം ദൂരെ എവിടെയോ കേള്‍ക്കുന്നു.പതറിപ്പോകാതിരിക്കാന്‍ അപ്പോള്‍ എന്‍റെ മനസ്സിന്‌ ആ സ്നേഹഗീതം താങ്ങായി എന്ന്‌ പറയുന്നതാവും ഏറെ സത്യം. ഏതു ഭാഷയിലെന്നോ അതിന്‍റെ അര്‍ദ്ധമെന്തെന്നോ അറിയുന്നില്ല.എങ്കിലും മനസ്സിന്‌ വല്ലാത്തൊരു ധൈര്യം തോന്നിയ നിമിഷമായിരുന്നു അത്.അല്‍പ്പ സമയത്തിനുള്ളില്‍ ചിലരുടെ സംഭാഷണ ശബ്ദങ്ങള്‍ കേട്ടുതുടങ്ങി .നിന്ന സ്ഥലത്ത് നിന്നും ഒരു ചുവടു പോലും മുന്‍പോട്ടു വെക്കാന്‍ കഴിയാതെ നില്‍ക്കുകയാണ് .അടക്കി പിടിച്ച ശബ്ദത്തോടൊപ്പം മഞ്ഞിന്‍റെ മറയില്‍ തെളിഞ്ഞു വരുന്ന പരിചിത മുഖങ്ങള്‍... കണ്ട് പരിസരം മറന്ന് അവരുടെ അടുത്തേക്ക് ഓടുകയായിരുന്നു. "പറയാതെ ഇതെങ്ങോട്ട് പോയി ?"എന്ന പരിഭവം കലര്‍ന്ന കണ്ണുകളോട് മറുപടി പറയുവാന്‍ തണുപ്പും,ഭയവും അനുവദിക്കുന്നില്ല.
ഈ നിമിഷ വിരഹത്തിന്‌ ഒരു വിരല്‍ സ്പര്‍ശം മതിയാകുമോ ?


ഏറെ നേരം കളിച്ചു തിമര്‍ത്ത ബാല്യം കളിമതിയാക്കിയപ്പോള്‍ ഞങ്ങള്‍ ഗുല്‍ മാര്‍ഗില്‍ നിന്നും തിരികെ യാത്ര തുടര്‍ന്നു.
മഞ്ഞിന്‍റെ വഴികള്‍ പിന്നിട്ടു കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ അന്‍സാരിയാണ് പറഞ്ഞത് സഞ്ചാരികള്‍ അധികം വരാറില്ലാത്ത ഒരു സ്ഥലത്തേക്ക് പോകാമെന്ന്. കാടിന്‍റെ ഊടുവഴികള്‍ പിന്നിട്ട് വാഹനം മഞ്ഞില്‍ പുതച്ച മറ്റൊരു കുന്നു കയറി. വഴിലൊരിടത് "ബാബാ ഋഷി "എന്നൊരു വഴികാട്ടി കണ്ടു. കുന്നിന്‍ നെറുകയിലുള്ള ഒരു പള്ളിയിലേക്കായിരുന്നു ആ യാത്ര. "ബാബാ ഋഷി "എന്ന്‌ പേരുള്ള ഒരു ആരാധനാലയം.വഴിയോരങ്ങളിലെ മരക്കൂട്ടങ്ങളില്‍ നിറയെ പഞ്ഞിക്കെട്ടുപോലെ മഞ്ഞു നിറഞ്ഞു നിന്നു. തണുപ്പിന്‍റെ കൈകള്‍ക്ക് ഒരു പ്രാര്‍ഥനാ മന്ത്രത്തിന്റെ സാന്ത്വനം .
പണ്ട് കാശ്മീര്‍ ഭരിച്ചിരുന്ന സൈനുല്ലാബ്ദീന്‍ എന്ന രാജാവിന്‍റെ കൊട്ടാരത്തിലെ പണ്ഡിത ശ്രേഷ്ടനായിരുന്നു ബാബാ ഋഷി.
ലാര്‍ പ്രദേശത്ത് ജനിച്ച ബാബാ പായം ഉദ്ദിന്‍ ആണ് പില്‍ കാലത്ത് ബാബാ ഋഷി എന്ന്‌ അറിയപ്പെട്ടത് എന്നും പറയപ്പെടുന്നു.എങ്കിലും ബാബ  ഋഷിയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നുംതന്നെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.
ലോകത്തിന്‍റെ കഷ്ട്ടകളില്‍ മനം നൊന്തു ജീവിത സുഖങ്ങള്‍ എല്ലാം ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ച ഒരു ഋഷി വര്യന്‍ ആയിരുന്നു ബാബാ.സന്യാസം സ്വീകരിക്കുവാന്‍ വീട് വിട്ടു ഇറങ്ങുമ്പോള്‍ പത്നി ഗര്‍ഭവതി ആയിരുന്നു എന്നും, "താന്‍ മാര്‍ഗ്ഗ് "എന്ന സ്ഥലത്ത് നിന്നും മൂന്നു മൈല്‍ അകലെ ഗുല്മാര്‍ഗിനടുത്തു വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്നും,ചില വിവരണങ്ങള്‍ പറയുന്നു.
ബാബയുടെ ജീവിതത്തിന് ഭഗവാന്‍ ശ്രീ ബുദ്ധന്‍റെ ജീവിതവുമായി എവിടെയോക്കെയോ എനിക്ക് സാമ്യത തോന്നി.

പള്ളിയുടെ അല്‍പ്പം അകലെയായി ഞങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്തു.
അന്‍സാരി പറഞ്ഞത് വളരെ സത്യമാണ്. തിരക്ക് അല്‍പ്പം പോലും ഇല്ലാത്ത ശാന്ത സുന്ദരമായ ഒരിടം. പടിക്കെട്ടുകള്‍ കയറി പോയാല്‍ പഗോഡ മാതൃകയില്‍ ഉള്ള ഒരു പള്ളി കാണാം,പരിസരങ്ങളില്‍ അവിടവിടെ ഉരുകി തീരാത്ത വലിപ്പമുള്ള മഞ്ഞു കട്ടകളും .ദേവദാരു മരങ്ങളെ തഴുകി വരുന്ന തണുത്ത കാറ്റിനും എന്തെന്നില്ലാത്ത ഒരു സാന്ത്വന സ്പര്‍ശം .
അല്‍പ്പം മുന്‍പ് ദിക്കറിയാതെ ഒരു നിമിഷം ഈ ഭൂമിയില്‍ പെട്ട് പോയ നിമിഷത്തെ കുറിച്ച് അപ്പോള്‍ ഓര്‍ത്തു.
മനസ്സിന്‌ ധൈര്യം പകര്‍ന്ന്  ദൂരെ മുഴങ്ങിയ ഏതോ  പ്രാര്ത്ഥനാ മന്ത്രവും.

1480 കളിലെ ഈ ആരാധനാലയം പേര്‍ഷ്യന്‍ ,മുഗള്‍ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.അനേകം വിശ്വാസികള്‍ രാജ്യത്തിന്‍റെ നാനാഭാഗത്തുനിന്നും ഇവിടെ ഓരൊ വര്‍ഷവും എത്തുന്നു എന്നും പറയപ്പെടുന്നു.കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതികള്‍ സന്താന സൗഭാഗ്യത്തിനു വേണ്ടി പ്രത്യേക നേര്‍ച്ച അര്‍പ്പിക്കുന്നു എന്നതും ഈ ആരാധനാലയത്തിന്‍റെ സവിശേഷതയാണ് ,പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ക്ക് വേണ്ടി.ബാബാ ഋഷി അന്ത്യ വിശ്രമം കൊള്ളുന്ന ഈ പള്ളിയില്‍ ഏതെങ്കിലും രീതിയില്‍ അഗ്നി ബാധ ഉണ്ടാകുന്നു എങ്കില്‍ അത് കാശ്മീര്‍ ജനതയ്ക്ക് വരാനിരിക്കുന്ന ഏതോ അത്യാപത്തുകളുടെ സൂചനയാണ് എന്നൊരു വിശ്വാസവും കൂടി ഈ ദേശക്കാരില്‍ ഉള്ളതായി അറിയുവാന്‍ കഴിഞ്ഞു .

പടിക്കെട്ടുകള്‍ തീരുന്നിടത്ത് തോക്കേന്തിയ ഒരു ജവാന്‍ നില്‍പ്പുണ്ട്.ചെരുപ്പ് പള്ളിക്ക് പുറത്ത് ഇടണമെന്ന് അദ്ദേഹം തന്നെയാണ് ആവശ്യപ്പെട്ടതും.മാര്‍ബിള്‍ തറയില്‍ ചവിട്ടിയപ്പോള്‍ തണുപ്പിന്‍റെ വൈദ്ദ്യുത പ്രവാഹം ഉള്ളം കാലില്‍നിന്നും അരിച്ചു കയറി.അകത്തളത്തില്‍ വിരിച്ച കാര്‍പെറ്റില്‍ ചവുട്ടി ഉള്ളിലേക്ക് കയറി.
ബാബാ ഋഷിയുടെ ഖബറിടമായിരുന്നു അവിടെ.ഞങ്ങളെ കൂടാതെ അവിടെയുണ്ടായിരുന്നത് ഒരു പഞ്ചാബി കുടുംബം മാത്രം . അവരുടെ കൈ കുഞ്ഞിനു വേണ്ടിയുള്ള ഏതോ നേര്‍ച്ചയാണെന്ന് കാഴ്ചയില്‍ത്തന്നെ മനസ്സിലായി.
മതത്തിന്‍റെ അതിരുകള്‍ വിശ്വാസങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നില്ല എന്നത് മനസ്സില്‍ സന്തോഷം തോന്നിച്ചു.
പള്ളിയില്‍ ഒരു ഭാഗത്ത്‌ ഒരു ജനല്‍ പാളി പോലെ തോന്നിക്കുന്ന ഇടത്ത് പട്ടു നൂലുകളും,സ്വര്‍ണ്ണ വളകളും ,തങ്ക മോതിരങ്ങളും നേര്‍ച്ചയായി കെട്ടിയിട്ടിരിക്കുന്നതും കണ്ടു. മഞ്ഞില്‍ മൂടി കിടക്കുന്ന ഈ ഗിരി ശിഖരത്തിലും സമാധാനം തേടി, സന്തോഷം തേടി മനുഷ്യര്‍ വന്നെത്തണമെങ്കില്‍ അതിനു പിന്നിലെ അദൃശ്യ ശക്തി എന്താകും.?
തിരിച്ചിറങ്ങുമ്പോള്‍ ചിലര്‍ അവിടെനിന്നും പ്രസാദമായി എന്തോ വാങ്ങുന്നത് കണ്ടു.കാണിക്ക അര്‍പ്പിക്കണമെന്ന് യാതൊരു നിര്‍ബന്ധമില്ല. ഇഷ്ട്ടമുള്ളത്‌ കൊടുക്കാം. നിര്‍ബന്ധ പൂര്‍വ്വം കാണിക്കകള്‍ വാങ്ങുന്ന പേര് കേട്ട ആരാധനാലയങ്ങള്‍ ഓര്‍മവന്നു.മനസ്സിരുത്തി പ്രാര്‍ത്ഥിക്കുവാന്‍ പോലും സാവകാശം തരാതെ തിരക്കുകള്‍ക്കിടയില്‍ "നിസ്സഹായനായ ദൈവത്തിന്‍റെ "മുന്‍പില്‍ നമ്മള്‍ ആരുമല്ലാതായി തീരുന്ന നിമിഷങ്ങള്‍... എത്രയോ അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്.
നേര്‍ച്ചപ്പെട്ടിയുടെ അരികില്‍ ഇരിക്കുന്ന ആള്‍ ഒരു ചെറിയ പൊതിയും അല്‍പ്പം മലരും എനിക്ക് തന്നു തന്നു.പ്രസാദമായി പൊതിഞ്ഞു തന്നത് ചാര നിറത്തിലുള്ള മധുരമുള്ള ഒരു പൊടിയായിരുന്നു.
മനസ്സില്‍ ടെന്‍ഷന്‍ തോന്നുമ്പോള്‍ ഇതില്‍ ഒരു നുള്ള് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാന്‍ ആള്‍ പറഞ്ഞു.അന്ധമായി നാം  ഒന്നിലും വിശ്വസിക്കുന്നില്ല എങ്കിലും ചില നിമിഷങ്ങളില്‍ സമാധാനത്തിനു വേണ്ടി ഏതു ശക്തിയോടും അപേക്ഷിച്ച് പോകും എന്ന സത്യം ഒരു സത്യം തന്നെയാണ്.
ആള്‍ പറഞ്ഞത് സത്യമാണെങ്കില്‍ ?അതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടെങ്കില്‍ ?
ബാബ റിഷിയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ആ പൊതി ഞാന്‍ ഭദ്രമായി എന്‍റെ ഹാന്‍ഡ്‌ ബാഗില്‍ സൂക്ഷിച്ചു.ഗുല്‍ മാര്‍ഗില്‍ നിന്നും മഞ്ഞു മലയിറങ്ങി വന്ന യാത്രയിലെ ക്ഷീണം തീര്‍ത്തും ഇല്ലാതെയായി എന്നൊരു തോന്നല്‍. .
മനസ്സ് നിറഞ്ഞ്‌ അല്‍പ്പ നേരം സര്‍വേശ്വരനോട്  പ്രാര്‍ത്ഥിച്ചത് കൊണ്ടാവാം   .പള്ളിയുടെ പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ മനസ്സിന്‌ എന്തെന്നില്ലാത്ത ഉന്മേഷം.നമ്മള്‍ മനുഷ്യര്‍ എന്നും കൊതിക്കുന്നത് സാന്ത്വനവും ,സമാധാനവുമാണ്.വേദനിക്കുമ്പോള്‍ ഒന്ന് ആശ്വസിപ്പിക്കാന്‍,ഒന്ന് സ്വാന്തനിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എല്ലാ വിഷമങ്ങളും മാറും.ഈ സാന്ത്വനം നല്‍കുന്നത് ഒരു വ്യക്തിയാകണമെന്നും ഇല്ല.ചിലപ്പോള്‍ പ്രാര്ത്ഥനയില്‍  നിന്നാകാം,ചില ദര്‍ശനങ്ങളില്‍ നിന്ന് ആകാം .
പള്ളിയില്‍ നിന്നും കിട്ടിയ ആ മധുരത്തിന്‍റെ പൊതിയില്‍ എന്തുമായിക്കോട്ടേ ,അന്ന് വൈകി ഖാസി അങ്കിളിന്‍റെ വീടെത്തുമ്പോള്‍ എന്‍റെ പെട്ടിയില്‍ അത് പവിത്രമായിത്തന്നെ സൂക്ഷിക്കണം എന്ന്‌ ഞാന്‍ തീരുമാനിച്ചു.








മലയിറങ്ങുന്ന വഴിയില്‍ മഞ്ഞു മൂടിയ ഒരു ഭാഗത്തായി അന്‍സാരിയോട് ആവശ്യപ്പെട്ടു വാഹനം നിര്‍ത്തി.
കാട്ട് പാതയുടെ ഇരു വശങ്ങളിലും മഞ്ഞു പുതച്ച് കിടക്കുന്ന പ്രദേശം.ദേവദാരു പൈന്‍ ,ഫിര്‍ മരങ്ങള്‍ ധാരാളമായി നിറഞ്ഞു നില്‍ക്കുന്ന ഇരുളിമയില്‍ മഞ്ഞിന്‍റെ ശുഭ്ര നിറം കാഴ്ചകള്‍ കൂടുതല്‍ ഭംഗിയുള്ളതാക്കി.
മരങ്ങളുടെ ഇടയില്‍, കുന്നിന്‍ ചരുവില്‍,ഇലകളില്‍ എവിടെയും മഞ്ഞിന്‍റെ വിസ്മയം. റോഡിനരികിലെ മഞ്ഞു തിട്ടയില്‍ വിരലുകള്‍ കൊണ്ട് ഓര്‍മകളുടെ ചിത്രങ്ങളും അക്ഷരങ്ങളും നിറച്ചു.കുത്തനെയുള്ള മലയുടെ ചെരുവിലെ മഞ്ഞില്‍ ചവുട്ടി മുകളിലേക്ക് കയറാന്‍ ഒരു വിഫല ശ്രമം .മരങ്ങള്‍ പൊഴിച്ചിട്ട ഇലകള്‍ മഞ്ഞുമായി കൂടി കലര്‍ന്ന് വല്ലാത്ത വഴുക്കല്‍ ഉണ്ട് എന്ന്‌ തോന്നി.പരസ്പ്പരം കൈകള്‍ കോര്‍ത്ത്‌ ഭാവിയില്‍ എനിക്ക് താങ്ങാകുവാന്‍ പോകുന്ന ബാല്യത്തിന്‍റെ ചെറു കൈതാങ്ങില്‍ ഒരു സാഹസീക യാത്ര.
മഞ്ഞു മലയുടെ മുകള്‍പ്പരപ്പില്‍ എത്തി താഴെ വാഹനം കിടക്കുന്ന റോഡിലേക്ക് നോക്കിയപ്പോള്‍ ഒരാവേശം,ഒന്ന് കൂടി മുകളിലേക്ക് പോകുവാന്‍.. ..അതിനും മുകളിലെ മഞ്ഞിന്‍റെ സ്വര്‍ഗ്ഗം വശ്യമായി ആകര്‍ഷിക്കും പോലെ .സാഹസം കൂടുന്നു എന്ന്‌ തോന്നിയതിനാലാവണം അന്‍സാരിയും ,ഫയാസ്സ് ഫായിയും താഴെനിന്നും ഉറക്കെ വിളിച്ചു പറഞ്ഞു കൂടുതല്‍ മുകളിലേക്ക് പോകുന്നത് അപകടമാണെന്ന് ..ആലോചിച്ചപ്പോള്‍ സത്യമാണ് .തീരെ പരിചയമില്ലാത്ത സ്ഥലം.മഞ്ഞി ന്‍റെ പാളികള്‍ക്കിടയില്‍ പതിയിരിക്കുന്ന അഗാധ ഗര്‍ത്തങ്ങള്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. ഒരു ചുവടു വെയ്ക്കുന്നത് മഞ്ഞിന്‍റെ പൂക്കളിലെങ്കില്‍ അടുത്ത ചുവട്‌ .......

മഞ്ഞു കാഴചകള്‍ ക്യാമറയില്‍ പകര്‍ത്തി .മൂടല്‍ മഞ്ഞു കുറവായതിനാല്‍ ചിത്രങ്ങള്‍ നന്നേ വ്യക്തമായിരുന്നു. റോഡിലൂടെ സൈനീക വാഹങ്ങളില്‍ ചിലത് കടന്നു പോയി.ചില സഞ്ചാരികള്‍ മഞ്ഞു മലയില്‍ നില്‍ക്കുന്ന ഞങ്ങളെ നോക്കി ആര്‍ത്തു വിളിച്ചു കൊണ്ട് പോകുന്നതും കണ്ടു
മുകളിലേക്ക് കയറുമ്പോലെ അത്ര എളുപ്പമല്ല തിരിച്ചുള്ള യാത്ര എന്ന്‌ മനസ്സിലാക്കുവാന്‍ ഏതാനും നിമിഷങ്ങളേ  വേണ്ടി വന്നുള്ളൂ
വല്ലാതെ വഴുതി പോകുന്ന കാലടികള്‍..
ഒന്ന് കാല് തെറ്റിയാല്‍ പിന്നെ താഴെയുള്ള റോഡില്‍ ചെന്ന് നില്‍ക്കുന്ന അവസ്ഥ.
വീണ്ടും കൈകള്‍ പരസ്പ്പരം കോര്‍ത്ത്‌ ക്യാമറ കഴുത്തില്‍ തൂക്കി മലയിറങ്ങി.
മഞ്ഞിന്‍ പൂക്കള്‍ കാലടികളില്‍ ഞെരിഞ്ഞമര്‍ന്നു
വിന്‍റര്‍ ബൂട്സ് ഇല്ലാത്ത വിരലുകള്‍ തണുപ്പ് തിരിച്ചറിയാന്‍ കഴിയാത്തത് പോലെ മരവിച്ചുപോയിരുന്നു .അടുത്ത് കണ്ട ഫിര്‍ മരത്തിന്‍റെ  അരികില്‍ നിന്ന് വീണ്ടും ഫോട്ടോക്ക് പോസ് ചെയ്തു .
കാഴ്ചകള്‍ വിട്ട് തിരികെ പോകുവാന്‍ എന്‍റെ കണ്ണുകള്‍ എന്നെ സമ്മതിക്കുന്നില്ല.കണ്ണെത്താ ദൂരമെല്ലാം മഞ്ഞിന്‍റെ പുതപ്പില്‍ .

ചുവടുകള്‍ സൂക്ഷിച്ച് വീണ്ടും താഴേക്ക്‌ വെച്ച ആരുടെ കാലടികളാണാവോ പിഴച്ചു പോയത് .മറ്റൊന്ന് ചിന്തിക്കുവാന്‍ സമയം കിട്ടും മുന്‍പ് രണ്ട് മീറ്റര്‍ താഴെയുള്ള ദേവ ദാരുവിനെ സാഷ്ടാംഗം നമസ്ക്കരിച്ചു ഞാന്‍ കാശ്മീര്‍ മണ്ണില്‍ കിടക്കുന്നു .റോഡിന്‍റെ ഭാഗത്തുനിന്നും കൂവലും ,വിളിയും,ഒപ്പമുള്ളവരിലെ ചിരിയുംഎന്നെ ഉണര്‍ത്തിയപ്പോള്‍ എന്‍റെ ക്യാമറയയെയാണ് ഞാന്‍ ആദ്യം നോക്കിയത്.ഭാഗ്യത്തിന് ഒരു കുഴപ്പവുമില്ല.മഞ്ഞില്‍ മരവിച്ച എനിക്കും ഒരു പ്രശ്നവും ഇല്ല എന്ന്‌ സ്വയം സമാധാനിച്ചു.
ചിരിയും തമാശയുമായി തിരികെ കാറില്‍ കയറുമ്പോള്‍ മലമുകളിലെ മഞ്ഞില്‍ എന്നെ രക്ഷിച്ച ദേവ ദാരുവിനെ ഒരു വട്ടം ഒന്ന് തിരിഞ്ഞു നോക്കി.ഒരു കൈത്താങ്ങ്‌ തന്നതിന് ,ആ ഒരു നിമിഷത്തിന്‌ ഞാന്‍ മൗനമായി നന്ദി പറഞ്ഞു . മഞ്ഞിന്‍റെ പൂക്കള്‍ വിരിഞ്ഞ ഇലകള്‍ ഉലച്ചു എനിക്കവന്‍ യാത്ര മംഗളങ്ങള്‍ നേര്‍ന്നു.ചില ബന്ധങ്ങള്‍ അങ്ങനെയാണ് നിമിഷങ്ങള്‍ മാത്രം അനുഭവിക്കാന്‍ ഭാഗ്യം.ജന്മാന്തരങ്ങള്‍ കാണുവാന്‍ കഴിയാതെ അകന്നു പോകുന്ന ചില നൈമീഷിക ബന്ധങ്ങള്‍.......

അന്‍സാരി വാഹനം സ്ട്രാറ്റ് ചെയ്തു ,
ജമ്മു ശ്രീനഗര്‍ ഹൈവേയില്‍ എത്തിയപ്പോള്‍ തണുപ്പിനു അല്‍പ്പം കുറവ് വന്നപോലെ.
കാറിന്‍റെ ഗ്ലാസ്‌ താഴ്ത്തി കാശ്മീര്‍ നാട്ടു കാഴ്ചകളിലേക്ക് കുറച്ചു നേരം .
ബാരമുള്ള റോഡിലേക്ക് പോകുവാനുള്ള സൈനീക വാഹനങ്ങളുടെ തിരക്ക് അപ്പോഴും ഉണ്ട് .
ഹര്‍ത്താല്‍ ദിവസത്തെ ബാക്കി പത്രങ്ങളായ കല്ലും ,തടികളും വഴിയോരങ്ങളില്‍ ചിതറി കിടക്കുന്നു.ഗുല്‍ മാര്‍ഗിലേക്കുള്ള യാത്രയില്‍ ഈ കല്ലും ,മരത്തടികളും കണ്ണില്‍ പെട്ടതും ഇല്ല.
അധികം മുന്‍പോട്ടു പോകും മുന്‍പ് വഴിയില്‍ ഒരിടത്ത്‌ കുറച്ച്‌ ആള്‍ കൂട്ടം കണ്ടു .യാത്രയുടെ ക്ഷീണം കാരണം കുട്ടികളെല്ലാം അപ്പോള്‍ ഉറക്കമായിരുന്നു. അന്‍സാരി ഹോണ്‍ അടിച്ചു വാഹനം സ്പീഡ് കൂട്ടി .പെട്ടെന്ന് വഴിയോരത്ത് ഇടവഴിയില്‍ ഒന്ന് രണ്ട് സൈനീകര്‍ തോക്കുമേന്തി ഓടുന്നതും ,മറഞ്ഞു നിന്നു ഒരു സൈനികന്‍ വെടിയുതിര്‍ക്കുന്നതും മിന്നല്‍ പോലെ കണ്ണില്‍ മറഞ്ഞു പോയി ,അതിനെ പിന്‍ തുടര്‍ന്ന് പിന്നെയും കുറേ വെടിയൊച്ചകളും.
എന്തെന്നോ ഏതെന്നോ ചോദിക്കും മുന്‍പ് വാഹനം ഏറെ ദൂരം പിന്നിട്ട് കഴിഞ്ഞിരുന്നു  .
"അവിടെ എന്തോ പ്രശ്നമാണ് അത് നമ്മള്‍ അറിയേണ്ട കാര്യമില്ലല്ലോ "
എന്നായിരുന്നു അന്‍സാരിയുടെ മറുപടി.
ഒന്നും അറിയാതെ ഉറങ്ങുന്ന കുഞ്ഞുങ്ങള്‍ .
നിഷ്കളങ്ക ബാല്യം.
സമയം സന്ധ്യ മയങ്ങി തുടങ്ങി.
വിന്‍ഡോ ഗ്ലാസില്‍ കൂടെ തണുപ്പ് എന്‍റെ ഉള്ളിലേക്കും അരിച്ചിറങ്ങി .
എന്തായിരിക്കും അവിടെ നടന്നത് എന്നറിയാന്‍ ഒരു മാര്‍ഗവുമില്ല.
മുന്‍പ് കേട്ട ആ വെടിയോച്ചയുടെ ശബ്ദം കാതില്‍ നിന്നും പോകുന്നതേയില്ല .
ഫയസ്സു ഫായിയുടെ മൊബൈലില്‍ നിന്നും ആ പഴയ കാശ്മീരി ഗാനം ഒന്ന് കേട്ടിരുന്നുവെങ്കില്‍ .
ശരീരത്തിലെ മരവിപ്പ് മാറിയപ്പോള്‍ എവിടെയൊക്കെയോ വേദന തുടങ്ങിയെന്നൊരു തോന്നല്‍
മഞ്ഞിലെ വീഴ്ചയുടെ സമ്മാനമാണ് .അണച്ച് പിടിച്ച ദേവ ദാരുവിനെ ഓര്‍മവന്നു,മഞ്ഞിന്‍റെ തണുത്ത തലോടലും.
സമയം വളരെ വൈകി ഖാസി അങ്കിളിന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ ആരോ ചോദിച്ചു
"ഒന്നൂടെ മല കയറുന്നോ ....ഒരു വീഴ്ചകൂടെ......?"
കൂടെയുള്ളവര്‍ കളിയാക്കി ആര്‍ത്തു ചിരിച്ചു.
ചില വീഴ്ചകള്‍ മറ്റുള്ളവരെ ചിരിപ്പിക്കുന്നു.
വേദനകള്‍ നമുക്ക് മാത്രവും.
ഓരോ വീഴ്ചകളും ഓരോ പാഠങ്ങള്‍
ഓരോ യാത്രകളും ഓരോ അനുഭവങ്ങള്‍ ......
(തുടരും )


മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(1)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(2)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(3)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(4)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(6)



Tuesday, February 14, 2012

പ്രണയതീരത്തെ ലോല സ്മരണകള്‍..............






“ഞാനും   ആ  വിഡ്ഢിത്തം  കാട്ടും എന്നാണ്  എനിക്ക്  തോന്നുന്നത്  “
“എന്താണ്   ?”  ഞാന്‍  ചോദിച്ചു 
“മരിലിന്‍  കാട്ടിയ ആ വിഡ്ഢിത്തം ...…”
……………………………………………………………………………………………………
………………………………………………………………………………………………………
ഇരുട്ടില്‍ എന്‍റെ  മടിയില്‍ തല ചായ്ച്ചു കിടന്ന്  ലോല  ചോദിച്ചു 
“എന്‍റെ  വഴി  ഇതല്ലേ ? “
ഞാന്‍  പറഞ്ഞു  ;”മടയത്തരം  പറയാതിരി ക്കൂ.എന്നെ  സന്തോഷമായി  യാത്രയയയ്ക്കണം  ‘”
അവള്‍  ഒന്നും  പറഞ്ഞില്ല .
എനിക്ക്  ദുഃഖം  തോന്നി  .


"ലോലയെ" ഞാന്‍ എങ്ങനെ മറക്കും ?

ഓഡ്രി ഹെപ്പ്ബേണിനെ പോലെ  തലമുടി  ചെറുതായി  മുറിച്ച്‌  നെറ്റിയില്‍  പരത്തിയിട്ട ,
ഷേര്‍ളി  മാക്‌ലെയിനെ  പോലെ  മനോഹരമായ  മിഴികളുള്ള....
സുന്ദരിയായ...
ഓമനത്തമുള്ള ……ലോലയെ 

ധാരാളം കവിതകള്‍ എഴുതിയിരുന്ന ,
അമേരിക്കന്‍ സാഹിത്യത്തില്‍ അഭിമാനിച്ചിരുന്ന, 
മാര്‍ക്ക് ട്വയിനിനെ ഭ്രാന്തമായി ആരാധിച്ചിരുന്ന ......... 
ലാസ്സ് വേഗയെ വെറുക്കുന്ന,നെവാട സ്റ്റേറ്റിനെ കുഴഞ്ഞ നാവുകൊണ്ട് ചീത്ത വിളിക്കുന്ന,
 ഇന്ത്യയിലേക്ക്‌ എന്നെങ്കിലും വരണമെന്ന് കൊതിച്ചിരുന്ന ............ലോലയെ 

സെന്‍  ക്രോയിസ്ക്ക്  നദിയുടെ  മുകളില്‍  നിന്നുകൊണ്ട്  ഓഹിയോയ്ക്ക്  തിരിച്ചു പോകുന്നതിനു  മുന്‍പുള്ള  രാത്രിയില്‍.... ......…......ഒരു ചുംബനത്തില്‍ ചുവന്നു പോയ ലോലയെ 


അനശ്വരനായ പപ്പേട്ടന്‍റെ (ശ്രീ പത്മരാജന്‍ )ആ “ലോല “യെ ഈ പ്രണയ ദിനത്തില്‍ എനിക്ക് ഓര്‍ക്കാതിരിക്കുവാനാകുമോ?

പ്രണയത്തിന്‍റെ   ഊഷ്മളതയും,വിരഹത്തിന്‍റെ   വേദനയും  ഇത്രമേല്‍  അനുഭവിച്ചറിഞ്ഞ വരികള്‍  “ ലോല ” യിലല്ലാതെ ഞാന്‍ എങ്ങുമേ  വായിച്ചിട്ടില്ല എന്ന് തോന്നുന്നു .

ഇന്നിന്‍റെ ഈ പ്രണയ ദിനം അവസാനിക്കുവാന്‍ ഇനിയും നിമിഷങ്ങള്‍  ബാക്കി  നില്‍ക്കെ.........


"ഞാന്‍ അവളുടെ കവിളിലെ നനവ്  തുടച്ചു കളഞ്ഞു.
.............................................................................................

പ്രഭാതം  അടുത്തു  വരുന്നത്  ഞങ്ങള്‍ക്ക്   കാണാമായിരുന്നു . 
ഞാന്‍  കട്ടിലില്‍  ഇരുന്നു .എന്‍റെ  കാല്‍ക്കല്‍  വെറും  നിലത്തായി  ലോലയും  .ഇടയ്ക്കിടെ  എന്‍റെ  കൈകളില്‍  അവള്‍  മൃദുവായി  ചുംബിച്ചു  .മറ്റ്  ചിലപ്പോള്‍ നിശബ്ദയായി അവള്‍  എന്‍റെ  മുഖത്തേക്ക്  നോക്കി 
……………………………..
രാവിലെ  തമ്മില്‍  പിരിഞ്ഞു .വീണ്ടും  കാണുക എന്നൊന്നുണ്ടാവില്ല  .നീ  മരിച്ചതായി  ഞാനും  ,ഞാന്‍  മരിച്ചതായി  നീയും  കണക്കാക്കുക  .ചുംബിച്ച  ചുണ്ടുകള്‍ക്കു വിട  തരിക ……….”


അവസാനമില്ലാത്തതാണ് പ്രണയമെന്നും,പ്രണയ ദിനങ്ങള്‍ക്ക്‌ അവസാനമില്ല എന്നതാണ് സത്യമെന്നും ഓര്‍മ്മിച്ചുകൊണ്ട്......

എല്ലാ  പ്രണയിതാക്കള്‍ക്കും സമര്‍പ്പണം.....



ചിത്രം :ഗൂഗിള്‍ 

Sunday, February 05, 2012

മരപ്പാവകള്‍




ജുമാ മസ്ജിദില്‍ അന്ന് പതിവിലും തിരക്കുണ്ടായിരുന്നു .
പടിക്കെട്ടില്‍ ധാരാളം യാചകര്‍  കാലത്തെ എത്തിയിട്ടുണ്ട് ,ഒന്ന് രണ്ട് വഴി വാണിഭക്കാര്‍ മറ്റൊരു ഭാഗത്തും.

മസ്ജിദില്‍ വരുന്നവരില്‍ മിക്കവരും അന്‍വറിന്‍റെ തട്ടുകടയിലെ ബിരിയാണി കഴിക്കുക പതിവാണ് .മുന്തിയ ഇനം ഹോട്ടലുകള്‍ മസ്ജിദ് റോഡില്‍ ധാരാളമുണ്ടെങ്കിലും ഒരിക്കല്‍ വന്നുപോയ സഞ്ചാരികള്‍ക്കും തീര്ത്ഥാടകര്‍ക്കും ഈ തട്ടുകട ബിരിയാണിയോടാണ് ഏറെ പ്രിയം.
ഭര്‍ത്താവിനും മക്കളായ അബ്ബാസ്സിനും, മുഷ്താഖിനും പ്രഭാത ഭക്ഷണവുമായി മെഹര്‍ എത്തുമ്പോള്‍ അടുപ്പിലെ ചെമ്പില്‍ ബിരിയാണി ഏകദേശം പാകമായിട്ടുണ്ടാകും.ളുഹര്‍ നമസ്ക്കാരം കഴിഞ്ഞു വരുന്നവരെ കാത്ത് രുചികരമായ ഭക്ഷണം.

തിരക്കിനിടയില്‍ അന്‍വറിനോട് സംസാരിച്ചു നിന്ന ആളിന്‍റെ രൂപം പെട്ടെന്ന് മെഹറിന്‍റെ  ശ്രദ്ധയില്‍പ്പെട്ടു.കിന്നരിത്തലപ്പാവും,വിലകൂടിയ ഷേര്‍വാണിയും  ധരിച്ച അയാളോടൊപ്പം ബുര്‍ഖ  ധരിച്ച ഒരു സ്ത്രീയും ചുവന്നു തുടുത്ത രണ്ട് കുഞ്ഞുങ്ങളും   ഉണ്ടായിരുന്നു.
അപരിചിതനെ ഒരു പരിധിക്കപ്പുറം ശ്രദ്ധിക്കുന്നത് ശരിയല്ല എന്ന് അറിയാമായിരുന്നിട്ടും ഒരു ഉള്‍പ്രേരണ എന്നോണം  മെഹര്‍  വീണ്ടും അയാളെത്തന്നെ നോക്കി.
 തന്‍റെ  ഇളയ സഹോദരന്‍ മുനീറിനെയാണ് പെട്ടെന്ന് മെഹറിനു ഓര്‍മ്മവന്നത് അതേ കണ്ണുകള്‍ .പക്ഷെ മുനീറിന് ഇത്ര നിറം ഇല്ല.വര്‍ഷങ്ങള്‍ക്കപ്പുറം വെയിലുരുക്കി കരുവാളിച്ച മുനീറിന്‍റെ  കുഞ്ഞ് മുഖമാണ് മെഹറിന്‍റെ ഓര്‍മ്മയിലുള്ളത് .പണ്ട് പാവ് ബ‍ജി തന്നോടൊപ്പം പങ്കിട്ടുതിന്ന കുഞ്ഞുമുനീറിന്‍റെ  മുഖം മെഹര്‍ വീണ്ടും ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചു.
മുപ്പത്‌  വര്‍ഷങ്ങള്‍..............................        
കഴിഞ്ഞ മുപ്പത്‌ വര്‍ഷങ്ങള്‍  മുനീറില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കാം.
ഓര്‍മകളില്‍ മെഹര്‍ മുങ്ങി നിവര്‍ന്നപ്പോഴേക്കും അന്‍വറിനോട് സലാം പറഞ്ഞു  ആ കുടുംബം മസ്ജിദിന്‍റെ പടികള്‍ കയറിപ്പോയി.
"അവര്‍ തിരികെ  വരുമ്പോള്‍ ഇവിടുന്നു ഭക്ഷണം കഴിക്കുമത്രേ ......പണവും ,പദവിയും ഉണ്ടെങ്കില്‍ എന്താ എത്ര നല്ല മനുഷ്യര്‍ ....!"
അന്‍വറിന്‍റെ വാക്കുകള്‍ മെഹറിനെ  ഓര്‍മയില്‍ നിന്നും ഉണര്‍ത്തി .
"അവരുടെ  ഇളയ മകന് പാവ് ബ‍ജി വേണം പോലും .....അവന്‍ നിര്‍ബന്ധം പിടിച്ച്‌ കരഞ്ഞത് നീ ശ്രദ്ധിച്ചുവോ മെഹര്‍  ?
ഇതേ പോലെ ആയിരുന്നു ഈ അബ്ബാസ്സ്......"
അടുത്തിരുന്ന പത്തുവയസ്സ്കാരന്‍ അബ്ബാസിന്‍റെ  തലയില്‍ തഴുകി ചെറു ചിരിയോടെ അന്‍വര്‍  മെഹറിനോട് പറഞ്ഞു .


പാവ് ബ‍ജി .........മെഹറിന്‍റെ  ചിന്തകളില്‍ വീണ്ടും ഓര്‍മകളുടെ വേലിയേറ്റം . അവര്‍ ഏത് നാട്ടുകാരാണെന്ന് മുഷ്തഖിന്‍റെ അബ്ബ ചോദിച്ചു കാണുമോ?.

"അജ്മീര്‍ പോയിട്ട് വരികയാണ് .....ജൈയ്പൂര്‍ മറ്റോ ആണ്‌ വീട്.വല്യ ആള്‍ക്കാരാ ......"
അന്‍വര്‍ പറഞ്ഞത് മെഹര്‍ ആകാംഷയോടെ കേട്ടുനിന്നു.
മസ്ജിദിലേക്കുള്ള  പടിക്കെട്ടുകളിലേക്ക് ഒരു തവണ കൂടി മെഹര്‍ നോക്കി.അവര്‍ തിരികെ വരുന്നുണ്ടാകുമോ ?
 ളുഹറിന് ഇനിയും  സമയമുണ്ട് .
"ആളുടെ പേര്  ചോദിച്ചോ  ......."
 "പേരോ ?ആരുടെ......"
മെഹറിന്‍റെ  ചോദ്യത്തിന്‍റെ പൊരുള്‍ അന്‍വറിന് പെട്ടെന്ന് പിടികിട്ടിയില്ല.
ഉത്തരം പറഞ്ഞത് മുഷ്താഖ്  ആയിരുന്നു . 
"ആ കൊച്ചു കുട്ടികളില്‍  ഒരാളുടെ പേര് ഞാന്‍ ചോദിച്ചു .....അമ്മീ ജാന്‍റെ  പേരാ..മെഹറുന്നിസ്സ ..."
 അത് പറഞ്ഞു അവന്‍ പൊട്ടിച്ചിരിച്ചു .

മെഹറിന്‍റെ  മനസ് വല്ലാതെ അസ്വസ്ഥമായി.ഉച്ചഭക്ഷണത്തിന്‍റെ കൂടെ വിളമ്പാനുള്ള ചപ്പാത്തിയുടെ മാവ് ചൂടുവെള്ളം ചേര്‍ത്ത് മെഹര്‍ കുഴച്ചു തുടങ്ങി........വെയില്‍ ചൂടില്‍ പൊള്ളി തിളങ്ങുന്ന മസ്ജിദിന്‍റെ  പടിക്കെട്ടിലേക്ക് ഇടയ്ക്കിടെ മെഹറിന്‍റെ അനുവാദമില്ലാതെ  അവളുടെ  നോട്ടം തെന്നിമാറി ......
തകര പാത്രത്തില്‍ വെള്ളവും ഗോതമ്പും  മെഹറിന്‍റെ ഓര്‍മകളും ഒന്നായി ചേര്‍ന്നു......

പത്തു രൂപയ്ക്ക്  കമാല്‍ ഭായിയുടെ കടയില്‍ നിന്നും തലേന്ന് വാങ്ങിയ  ഗോതമ്പ് മാവ് കുഴച്ചെടുക്കുകയാണ്  മെഹര്‍ .കാലത്ത് ഏഴ് മണിക്ക്  പോകുന്ന അബ്ബയോടൊപ്പം ഏഴ് വയസ്സുകാരി മെഹറിനും മൂന്ന് വയസ്സുകാരന്‍ മുനീറിനും പോകണം.മുന്ന അപ്പോഴുംതൊട്ടിലില്‍ ഉറക്കമായിരിക്കും.കാലത്ത് പുറപ്പെട്ടാല്‍ വെയിലെരിഞ്ഞു തുടങ്ങും മുന്‍പ് എത്താം .പ്രഭാത ഭക്ഷണം കഴിച്ചു ശീലമില്ല  മെഹറിനും മുനീറിനും .
സഞ്ചാരികളുടെ തിരക്ക് കാലത്തെ തുടങ്ങും.അംബര്‍ ഫോര്‍ട്ട്‌ കണ്ടു തിരികെ വരുന്നവരാണ് സഞ്ചാരികളില്‍ അധികവും.

മെഹറിന്‍റെ അബ്ബാക്ക് ഇരുപത്‌ കുതിരകള്‍ ,മുപ്പത്‌ ഒട്ടകങ്ങള്‍, രണ്ട് ഒട്ടകങ്ങളെ പൂട്ടിയ പതിമൂന്ന് ഒട്ടക വണ്ടികള്‍,നാല് കുതിരകളെ പൂട്ടിയ പതിനൊന്നു കുതിരവണ്ടികള്‍ എല്ലാം സ്വന്തമായുണ്ട്.ചിലപ്പോഴൊക്കെ മുനീര്‍ ഈ കുതിരകളെയും ഒട്ടകങ്ങളെയും കൊതിയോടെ നോക്കിയിരിക്കാറുണ്ട് ,അവരോട് സംസാരിക്കാറുണ്ട്മ,റ്റ് ചിലപ്പോള്‍ അവരുടെ പുറത്ത് കയറി സ്വപ്ന സഞ്ചാരം നടത്താറുമുണ്ട്.പോളിഷ് പോകുമെന്നതിനാല്‍ ആ മരപ്പാവകളില്‍ ഒന്നിനെ പോലും തൊടാന്‍ അബ്ബ ഇതേവരെ മുനീറിനെ സമ്മതിച്ചിട്ടില്ല.
മെഹര്‍ ഉണ്ടാക്കിയെടുക്കുന്ന ഗോതമ്പ് ഉരുളകള്‍ സഞ്ചാരികള്‍ വാങ്ങി തടാകത്തിലെ മീനുകള്‍ക്ക് ഭക്ഷണമായി നല്‍കും. രണ്ടും അഞ്ചും രൂപയ് ക്ക് വില്‍പ്പന കഴിഞ്ഞാല്‍ ചില ദിവസങ്ങളില്‍ ഉച്ചയോടു അടുപ്പിച്ച് മെഹറിന്‍റെ ഗോതമ്പ് പാത്രം കാലിയാകും. മുപ്പത്‌ രൂപ തികഞ്ഞാല്‍ അന്ന് അബ്ബ പാവ് ബജിയും,പുഴുങ്ങിയ ചോളവും വാങ്ങി തരുമെന്ന് മുനീറിന് നന്നായി അറിയാം.എന്നും അബ്ബയുടെ ഒട്ടകങ്ങളാണ്‌ കൂടുതലും വിറ്റ് പോകാറ്‌. എന്ന് മെഹറിനു തോന്നാറുണ്ട്.പൊരി വെയിലത്ത്‌ കീറിപ്പറിഞ്ഞ ഒരു കുടയുടെ കീഴില്‍ ഒട്ടകങ്ങള്‍ക്കും ,കുതിരകള്‍ക്കും കാവലാളായി മുനീര്‍ എപ്പോഴും ഉണ്ടാകും ,അബ്ബയോടൊപ്പം.

"ഇത് നോക്കു മെഹര്‍ ......."
അമ്മിജാന്‍ ഉയര്‍ത്തി പിടിച്ച ലഹങ്കയിലെ വര്‍ണ്ണങ്ങളില്‍ മെഹറിന്‍റെ  കണ്ണുകള്‍ മഞ്ഞളിച്ചു.
"നിനക്ക് വേണ്ടി അബ്ബ വാങ്ങിയതാ.നമുക്ക് നല്ല കാലം വന്നു മെഹര്‍ .ഇനി നിനക്കും മുനീറിനും പൊരിവെയില്‍ കൊള്ളണ്ട...."
 വില കൂടിയ ഉടുപ്പ് കണ്ടപ്പോള്‍ ,അബ്ബാന്‍റെ കുതിരകളേയും ഒട്ടകങ്ങളെയും കഴിഞ്ഞ രാത്രി ആരെങ്കിലും വന്ന് മൊത്ത വിലയ്‌ക്ക് വാങ്ങിയിട്ടുണ്ടാകും എന്ന് തന്നെ മെഹര്‍ കരുതി. 
"എന്‍റെ കുട്ടിക്ക്  ഇനി ഒരു ജോലിയും ചെയ്യേണ്ട .....രാജകുമാരിയെപോലെ ജീവിക്കാം "അമ്മീ ജാന്‍ അവളുടെ ചെമ്പിച്ച മുടിയിഴകളില്‍  തലോടി .

പാതി കുഴച്ച ഗോതമ്പ് മാവ് അമ്മീ ജാന്‍ എടുത്തു കൊണ്ടു പോകുമ്പോള്‍ മെഹര്‍ വല്ലാതെ അമ്പരന്നു .മുനീര്‍ എഴുന്നേല്‍ക്കും മുന്‍പ് ആവിപറക്കുന്ന ഗോതമ്പ് കഞ്ഞിയുമായി വീണ്ടും അമ്മീ ജാന്‍ വന്നു.
"ഇതില്‍ നെയ്യ് ചേര്‍ത്തിട്ടുണ്ട് .....വേഗം  കൈ  കഴുകി  വാ  "
മെഹറിന് ഏറ്റവും ഇഷ്ട്ടമുള്ള ഭക്ഷണം .ആറ്‌ മാസം മുന്‍പ് ഒരു പെരുന്നാളിന്  കഴിച്ച മധുരമുള്ള  ഗോതമ്പ് കഞ്ഞിയുടെ സ്വാദ് മെഹറിന്‍റെ നാവില്‍ നിറഞ്ഞു. ചൂടാറിയപ്പോള്‍ മെഹര്‍ അത് ആര്‍ത്തിയോടെ കുടിച്ചു.
"അല്‍പ്പം കൂടി തരട്ടെ ....."
ആഹാരം രണ്ടാമത് വേണോ എന്ന് അമ്മീജാന്‍ ഇന്നേവരെ ചോദിച്ചിട്ടില്ലല്ലോ എന്ന് മെഹര്‍ അപ്പോള്‍ അത്ഭുതത്തോടെ ഓര്‍ത്തു.

വെയില്‍ പാതയോരത്തെ മണല്‍ തിട്ടകളെ പൊള്ളിച്ചുകൊണ്ടിരുന്നു.അബ്ബ യുടെകൂടെ വന്ന അപരിചിതരോടൊപ്പം പുത്തനുടുപ്പിട്ട് മെഹര്‍ കുതിര വണ്ടിയില്‍ കയറുമ്പോള്‍ അടുക്കളയുടെ പിന്നില്‍ പാത്രങ്ങളുടെ കലപില ശബ്ദങ്ങള്‍ക്കിടയില്‍ അമ്മീ ജാന്‍റെ  ഏങ്ങലടി അമറന്നില്ലാതായി  .ഉറക്കമുണര്‍ന്ന മുനീര്‍ അബ്ബയുടെ  കയ്യിലെ നോട്ടു കെട്ടുകളിലേക്ക് കണ്ണു തിരുമ്മി നോക്കി. പച്ചയും ചുവപ്പും നിറമുളള  ധാരാളം നോട്ടുകള്‍ ......!
കാലത്ത് മെഹര്‍ കുഴച്ചു  വെച്ച ഉണങ്ങിപ്പോയ ഗോതമ്പ് മാവിനപ്പുറം ,  മരക്കുതിരകളുടെയും ഒട്ടകങ്ങളുടെയും  കാവലില്‍  മുഷിഞ്ഞ  തുണി തൊട്ടിലില്‍ ഒന്നുമറിയാതെ കുഞ്ഞ് മുന്ന ഏതോ സ്വപ്നം കണ്ട്‌ ഉറക്കത്തില്‍ പുഞ്ചിരിച്ചു.

മണ്‍ പാതകള്‍  പലതും താണ്ടി ജൈയ്പുര്‍ റെയില്‍വേസ്റ്റേഷനില്‍ ആണ്‌ ആ കുതിര വണ്ടി പിന്നെ നിന്നത്.വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ അപരിചിതനായ കുതിര വണ്ടിക്കാരന്‍ മെഹറിനോട് പറഞ്ഞു 


"എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാന്‍.....".""  "
അബ്ബ തന്നെ മാര്‍വാടികള്‍ക്ക് വില്‍ക്കുകയായിരുന്നു എന്ന്  അപ്പോള്‍ മാത്രമാണ് മെഹര്‍ അറിഞ്ഞത്.

ആ രാത്രി  ആള്‍ത്തിരക്കൊഴിഞ്ഞ  റെയില്‍വേ  സ്റ്റേഷനില്‍ ഒരിടത്ത്‌ മെഹര്‍ ഒളിച്ചിരുന്നു .

അജ്മീര്‍ ദര്‍ഗയില്‍ പോയി പ്രാര്‍ഥിച്ചു വന്ന മക്കളില്ലാതെ ദമ്പതികള്‍ക്ക് റെയില്‍വേ സ്റ്റേഷന്‍ നിന്നും കിട്ടിയ മെഹര്‍""" എന്ന കുട്ടി "ദൈവം സമ്മാനിച്ച പുണ്യം " ആയിരുന്നു.
ദില്ലിയിലെ ജുമാ മസ്ജിദിന്‍റെ   അരികില്‍ വര്‍ഷങ്ങളായി തട്ട് കട നടത്തിയിരുന്ന  മോയിനുദീന്‍റെ മകളായി അനാഥത്വത്തിന്‍റെ നോവറിയാതെ മെഹര്‍ വളര്‍ന്നു.  തന്‍റെ പ്രിയപ്പെട്ട മകളെ  അന്‍വറിന് നിക്കാഹു ചെയ്ത്  കൊടുക്കുമ്പോള്‍ മോയിനുദീന്‍ മകള്‍ക്ക് കൊടുത്ത വാക്കായിരിന്നു ഒരിക്കലും തങ്ങളുടെ വളര്‍ത്തു മകളാണ് മെഹര്‍ എന്ന് അന്‍വര്‍ അറിയരുതെന്ന്. 
വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു....പൊള്ളിയ ചൂടിന്‍റെയും മരവിച്ച തണുപ്പിന്‍റെയും താഴുകലേറ്റ്  കടന്നു പോയ ദില്ലി ദിനങ്ങള്‍ 

"മെഹര്‍ അവര്‍ വരുന്നുണ്ട് ....."
കിന്നരി തലപ്പാവിന്‍റെ  തിളക്കം വീണ്ടും മെഹറിന്‍റെ കണ്ണുകളില്‍ .....
അന്‍വര്‍ വിളമ്പിയ ചൂടുള്ള ബിരിയാണി കഴിക്കുമ്പോഴും ആ കൊച്ചു കുട്ടി പാവ് ബജിക്ക് വേണ്ടി ശാട്യം പിടിക്കുന്നത് മെഹര്‍ കണ്ടു.

 "നിങ്ങള്‍ അജ്മീറില്‍ എവിടെയാണെന്നാ  പറഞ്ഞത് ...?"
മെഹര്‍ ആഗ്രഹിച്ച ചോദ്യം അന്‍വര്‍ ചോദിച്ചിരിക്കുന്നു.
"അജ്മീറില്‍ അല്ല ....ജൈയ്പുര്‍ ആണ്‌....... എന്‍റെ ദേശം ,
ഇവരുടെ നാട് ഹൈദ്രബാദ് ......"
ബുര്‍ഖക്കിടയിലെ കണ്ണുകളില്‍  ഒരു ചിരിത്തിളക്കം മിന്നി മറഞ്ഞു  .

"ഇത് അബാജന്‍റെ നേര്‍ച്ചയാണ് .....ഈ യാത്ര...... മൂന്ന് വര്‍ഷം മുന്‍പ് അബ്ബജാന്‍ മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ എന്‍റെ പെങ്ങള്‍ക്ക് വേണ്ടി നേര്‍ന്നതാ ......"

യാത്രപറഞ്ഞു പോകും മുന്‍പ് പേര് ചോദിയ്ക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് മെഹര്‍ വിഷമത്തോടെ ഓര്‍ത്തു.
വഴിയോരങ്ങളിലെ ചുട്ടുപൊള്ളിക്കുന്ന ചൂടില്‍ മസ്ജിദ് തിളങ്ങി .
 അന്ന് വൈകുന്നേരം വീട്ടിലേക്ക് മടങ്ങും മുന്‍പ് പതിവില്ലാതെ അന്‍വര്‍ ആയിരം രൂപയുടെ ഒരു നോട്ടെടുത്തു മെഹറിനു നല്‍കി.
"ആ നല്ല മനുഷ്യന്‍ തന്നതാ ......ബാക്കി കൊടുത്തിട്ട് വാങ്ങിയില്ല ....."

"ഞാന്‍ പേര് ചോദിച്ചു കേട്ടോ മെഹര്‍ .............."
"എന്നിട്ട് ......?" 
"മുന്ന ....."
"മുന്ന.......!!!!"

"ഒരു സഹോദരന്‍ കൂടിയുണ്ട് ആള്‍ക്ക് .......ലക്നോവില്‍ ....അവരുടെ അബ്ബ മരിച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞത്രേ .ഭായിക്ക് ഏഴ് വയസ്സുള്ളപ്പോള്‍ അമ്മീജാനേം നഷ്ട്ടപ്പെട്ടു .എത്ര പണവും പദവിയും ഉണ്ടെങ്കില്‍ എന്താ ദുഃഖം എല്ലാവര്‍ക്കും ഉണ്ട് ........ അല്ലെ മെഹര്‍..........     ...."

മസ്ജിദിന്റെ മിനാരങ്ങള്‍ കീഴ്മേല്‍ മറിയും പോലെ മെഹറിനു തോന്നി ,കണ്ണുകളില്‍ ഇരുട്ട് കയറുംപോലെയും

അത്  തന്‍റെ സഹോദരന്‍ മുന്ന തന്നെയോ.   മുപ്പത്‌ വര്‍ഷം മുന്‍പ്  അംബര്‍ ഫോര്ട്ടിന്‍റെ  അരികിലെ  ചേരിയിലുള്ള  ആ കൊച്ചു വീട്ടിലെ തുണി തോട്ടിലില്‍   കൈകാലിളക്കി ചിരിച്ചു കളിക്കുന്ന കുഞ്ഞു മുന്നയുടെ മുഖം മെഹറിന്‍റെ  നേരിയ ഓര്‍മയില്‍ തെളിഞ്ഞു.
ലക്നോവില്‍ താമസിക്കുന്ന സഹോദരന്‍റെ പേര് മുനീര്‍ എന്നാകുമോ ? തന്‍റെ അബ്ബായും അമ്മീ ജാനും.......?

"അവര്‍ക്കൊരു സഹോദരി ഉണ്ടായിരുന്നത്രേ ."മെഹറുന്നിസ്സ  " .ഒരിക്കല്‍ പോലും കണ്ട് ഓര്‍മയില്ലെങ്കിലും ആ പെങ്ങളോട് ആള്‍ക്ക് അതിരറ്റു സ്നേഹമുണ്ട്.
അതുകൊണ്ടാണല്ലോ മരിച്ചു പോയ സഹോദരിയുടെ പേര് തന്‍റെ പെണ്‍ കുഞ്ഞിന്   ഭായി നല്‍കിയത്  .
നിന്‍റെ പേര് "മെഹര്‍ന്നിസ്സ" എന്ന് പറഞ്ഞപ്പോള്‍ ഭായിയുടെ കണ്ണുകള്‍ നിറഞ്ഞു മെഹര്‍ .

പെങ്ങള്‍ ജീവിച്ചിരുന്നെങ്കില്‍ ഇതേപോലെ കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കുന്നത്കാണാമായിരുന്നു എന്ന് ആള്‍ ചിന്തിച്ചിട്ടുണ്ടാവും...."

തളര്‍ന്നു വീഴാതിരിക്കാന്‍ മരപ്പലകയില്‍ തീര്‍ത്ത മേശമേല്‍ മെഹര്‍  മുറുകെ പിടിച്ചു.

പെട്ടെന്ന് പരിസരം മറന്നു പുലമ്പും പോലെ മെഹര്‍ ചോദിച്ചു ..

"സഹോദരി മരിച്ചു പോയി എന്ന് പറഞ്ഞോ?  ........അവരുടെ സഹോദരി മരിച്ചു എന്ന്  പറഞ്ഞോ   ?"
"അതേ ...... ഏതോ മാറാരോഗം വന്ന് മരിച്ചു പോയത്രേ .അന്ന് മുന്ന ഭായി തീരെ ചെറിയ കുട്ടിയായിരുന്നില്ലേ.മകളുടെ മരണശേഷം ഭായിയുടെ കുടുംബം ജയ്പൂരിലേക്കു താമസം മാറ്റി.മകള്‍ മരിച്ച വിഷമത്തില്‍ ഭായിയുടെ അമ്മീജാന്‍ മാനസീകമായി തകര്‍ന്നുപോയി .പല നാടുകളിലും ചികിത്സിച്ചിട്ടും ഫലമുണ്ടായില്ല .അവസാന നാളുകളില്‍ അജ്മീര്‍ ദര്‍ഗയില്‍. ആ ജീവിതം അവസാനിച്ചു."

വെയില്‍ ചാഞ്ഞു തുടങ്ങിയ വഴിയോരങ്ങളിലെ  കച്ചവടക്കാരുടെ തിരക്കുകള്‍ മെഹര്‍ കണ്ടില്ല .അജ്മീറില്‍ നിന്നും കിട്ടിയ പുണ്യം പോലെ തന്നെ വളര്‍ത്തി വലുതാക്കിയ അബ്ബയോടും ,അമ്മിജാനോടും കൊടുത്ത വാക്ക് പാലിക്കുവാന്‍ അന്‍വറിനോട് പറയുവാന്‍ തികട്ടി വന്നതെല്ലാം മെഹര്‍ മനസ്സില്‍ ഒളിപ്പിച്ചു.വഴിനടക്കുമ്പോള്‍  തിരക്കുകള്‍ക്കിടയില്‍ എവിടെയെങ്കിലും കിന്നരി തലപ്പാവും ,തിളങ്ങുന്ന ഷേര്‍വാണിയും   ഉണ്ടോ എന്ന് മെഹര്‍ ശ്രദ്ധിച്ചതുമില്ല .

മസ്ജിദിന്‍റെ  റോഡു മറികടന്നെത്തിയ  മെഹര്‍ തന്നെ  കടന്നുപോയ ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ നിന്നും 
"മെഹര്‍ന്നിസ്സാ .......... "
എന്ന വിളി കേട്ടു നിന്നു .

അബ്ബായുടെ അതേ സ്വരം ....

മരപ്പാവകളെ വിറ്റ് കിട്ടിയ പൈസക്ക് പുഴുങ്ങിയ ചോളം വാങ്ങി വെച്ച് അബ്ബാജാന്‍ വിളിക്കുന്നു......


പാവ് ബ‍ജിവാങ്ങാന്‍ ചിണുങ്ങുന്ന മുനീറിന്‍റെ കരച്ചില്‍ ഒരു പിന്‍ വിളി പോലെ മെഹറിന്‍റെ കാതുകളില്‍ മുഴങ്ങി ......നെയ്യ് ചേര്‍ത്ത മധുരമുള്ള ഗോതമ്പ് കഞ്ഞിയുടെ ഓര്‍മ്മകള്‍ക്ക് കണ്ണുനീരിന്‍റെ ഉപ്പുരസം.....

"അമ്മീ ജാന്‍ കരയുന്നോ ?.........."മുഷ്താഖിന്‍റെ മുഖത്തെ അമ്പരപ്പ് മെഹര്‍ കണ്ടില്ല എന്ന് നടിച്ചു .

തിളങ്ങുന്ന ഷേര്‍വാണിയും  കിന്നരി തലപ്പാവും ധരിച്ച മുന്ന തിരക്കിലെവിടെയോ തന്‍റെ മകളെ വീണ്ടും പേരെടുത്തു വിളിച്ചു ......


മസ്ജിദില്‍ നിന്നും മഗരിബ് നമസ്കാരത്തിന്‍റെ ബാങ്ക് വിളി മുഴങ്ങുമ്പോള്‍ ,തന്നെ കടന്നുപോയ ജയ്‌പൂര്‍ കുടുംബത്തിന് മുഖം കൊടുക്കാതെ മുഷ്താഖിന്‍റെ   കൈയില്‍ പിടിച്ച്‌ മെഹര്‍  തിരക്കുകളില്‍ അലിഞ്ഞു ചേര്‍ന്നു.........


ചിത്രം :ഗൂഗിള്‍ 

Saturday, January 07, 2012

മലയത്താര്‍ പുല്‍മേട്ടിലെ കറുത്തശലഭങ്ങള്‍



ഗസ്റ്റ് ഹൗസ്സിന്‍റെ  വാതിലിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് .പാതി തുറന്ന വാതില്‍പ്പാളികള്‍ക്കിടയിലൂടെ കോടമഞ്ഞിന്‍റെ പുകമറക്കുള്ളില്‍ ഇരുട്ടില്‍ മുങ്ങിയ കാടിന്‍റെ സൗന്ദര്യം!

മെര്‍ലിന്‍ കാലത്തേ ഉണര്‍ന്നുറെഡിയായി നില്‍ക്കുകയാണ് , ജംഗിള്‍ ബൂട്സ് ഒക്കെ ധരിച്ച്
ഈ പ്രഭാതം മെര്‍ലിനെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നു.

വര്‍ഷങ്ങള്‍ മെര്‍ലിനില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല . മഞ്ഞു പുണര്‍ന്നു വീശുന്ന  ഇളം കാറ്റില്‍ മെര്‍ലിന്‍റെ തോളറ്റം മുറിച്ചിട്ട മുടിയിഴകള്‍ അനുസരണയില്ലാത്ത ഒരു കുട്ടിയെപ്പോലെ  പാറി നടന്നു.

 ജയിംസ് ഇന്നലേ പറഞ്ഞതാണ്  മലയത്താര്‍ പുല്‍മേട്‌ കാണണമെങ്കില്‍ കാലത്തേ പോകണമെന്ന്.നേരം പുലര്‍ന്നാല്‍ കാഴ്ചകള്‍ക്ക് ഒരു സുഖവും  ഉണ്ടാകില്ലാ എന്നും .സൂര്യന്‍ ഉദിച്ചുയരുന്ന സമയമാണത്രെ ശലഭങ്ങള്‍ കൂട്ടത്തോടെ എത്തുക .

താഴ്വാരത്ത് എവിടെയോ ആണ് ആ പുല്‍മേട്‌ .അട്ടയും ,പച്ചവിട്ടിലും ,ചീവീടുകളും ,കാട്ടിലെ ചെറുജീവികള്‍ തുടങ്ങി ,പച്ച പരവതാനി വിരിച്ച  പുല്ലുകള്‍ക്കിടയില്‍ പതിയിരിക്കുന്ന ഉഗ്രവിഷമുള്ള പാമ്പുകളും അവിടെ ഉണ്ടത്രേ .

"ബെഡ് കോഫി എടുക്കാന്‍ പറയട്ടെ ശ്യാം ...?"
മെര്‍ലിന്‍റെ ചോദ്യത്തില്‍ തന്നെ ഒരു പരിഭവം ഉണ്ട് .പറഞ്ഞിരുന്നതിലും അല്‍പ്പം വൈകിപ്പോയി ഉണര്‍ന്നപ്പോള്‍  .

"അധികം മധുരം ചേര്‍ക്കണ്ടാ എന്ന് പറഞ്ഞേക്ക്  മെര്‍ലിന്‍  ........"

മറുപടി പറയുമ്പോള്‍ മെര്‍ലിന്‍റെ  പരിഭവം കണ്ടില്ല എന്ന് നടിച്ചു .

ദൂരെയുള്ള ഏതോ കാഴ്ചകളില്‍ ദ്രിഷ്ട്ടി പതിപ്പിച്ചു നില്‍ക്കുകയാണ് മെര്‍ലിന്‍.

ഇരുട്ടിന്‍റെ മറവില്‍ മെര്‍ലിന്‍റെ  കണ്ണുകള്‍ തിരയുന്നത്  ഏത്  കാഴ്ചകളാവും ?

മഞ്ഞ ടോപ്പ് മൂടുന്ന കറുത്ത ഓവര്‍ കോട്ടിലും, കറുത്ത ജീന്‍സ്സിലും മെര്‍ലിന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു .

"വേഗം ഒന്ന് റെഡിയാകൂ ശ്യാം ....." 

ക്ഷമതീരെയില്ലാത്ത ഒരു കൊച്ചു കുട്ടിയെപ്പോലെതോന്നി മെര്‍ലിന്‍..

ബ്രേക്ക്‌ ഫാസ്റ്റിനുള്ള ചപ്പാത്തിയും ,മുട്ട റോസ്റ്റും  ജയിംസ്  പാഴ്സ്സലാക്കി വെച്ചിട്ടുണ്ട്.സമയം അഞ്ചു മണിയോട് അടുക്കുന്നതേയുള്ളൂ. പ്രഭാതം ഒരു ബെഡ്  കോഫിയില്‍  മാത്രം ഒതുക്കുന്ന പതിവ് പണ്ടേ ശീലിച്ചതാണ് ,വര്‍ഷങ്ങള്‍ പഴക്കമുണ്ട് ഓരോ ശീലങ്ങള്‍ക്കും. സാഹചര്യങ്ങള്‍ ചില ശീലങ്ങളെ  മാറ്റി എന്ന് മാത്രം.എന്നിട്ടും ഇനിയും മാറാത്ത ചില ദുശ്ശീലങ്ങള്‍ ബാക്കി.

 ആകാശത്തില്‍ അങ്ങിങ്ങ് വെള്ളനിറം തെളിഞ്ഞു വരുന്നു .ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദത്തിന് മാത്രം ഒരു മാറ്റവുമില്ല .പണ്ട് താരാട്ടുപോലെ കേട്ടുറങ്ങിയതും ഇതേ ശബ്ദം .
 അകലെയെങ്ങോ മൂളിയ കൂമനെ പേടിച്ച് അമ്മയെ അടക്കം പുണര്‍ന്ന് ഉറക്കംവരാതെ കരഞ്ഞ രാത്രികളില്‍ കേട്ട് മറന്ന അതേ സംഗീതം .
"ചീവീടിന്‍റെ സ്വരമാണ് കാടിന്‍റെ സംഗീതം  "എന്ന് പറഞ്ഞു തന്നത് അമ്മയാണ് .പണ്ട് തറവാട്ടില്‍ നിന്നും അമ്മയോടൊപ്പം മടങ്ങുന്ന പല രാത്രികളിലും നാട്ടു വഴികളില്‍ കൂട്ടായിരുന്ന ശബ്ദം.ഇരുട്ടില്‍ നടക്കുമ്പോള്‍ അമ്മ തെളിച്ച ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ തെളിഞ്ഞുവന്നവയല്‍ വരമ്പുകള്‍   .ഒരിക്കല്‍ വീട്ടിലേക്കു തിരിയുന്ന അതേ  വയല്‍ വരമ്പില്‍ വെച്ചാണ് ചീവീടിനെ ആദ്യമായി കാണുന്നത് .
"ഇത്തിരിപ്പോന്ന ഈ ജീവിക്ക് ഇത്ര മേല്‍ ശബ്ദമോ ?"എന്ന് 
ചൂട്ടുകറ്റയുടെ   വെളിച്ചത്തില്‍ കൃഷ്ണ കിരീടം ചെടിയുടെ ഇലകള്‍ക്കിടയില്‍ മറഞ്ഞിരുന്നു ചിറകുകള്‍ തമ്മില്‍ ഉരുമ്മി ശബ്ദമുണ്ടാക്കുന്ന ചെറുജീവിയെ  ആദ്യം കാണുമ്പോള്‍ മനസ്സില്‍ തോന്നിയിട്ടുണ്ട് .

അല്ലെങ്കില്‍ തന്നെ പ്രകൃതിയെ മനസ്സില്‍ ഇങ്ങനെ ആവാഹിച്ച്  ഇരുത്തിയതും  അമ്മയാണല്ലോ .ഇപ്പോഴും കാടിനെ വിട്ടൊരു ജീവിതം കൊതിക്കാത്തതും അതേ കാരണം.എന്നിട്ടും പ്രകൃതിയില്‍ ഒന്നും ശേഷിപ്പിക്കാതെ അമ്മയും പോയി.



"ഇറങ്ങാം സാറേ ......."
രാജപ്പന്‍  ആണ്  ,പറഞ്ഞ സമയത്ത് തന്നെ ആള്‍ ഹാജരായിട്ടുണ്ട് .

"നിനക്ക് കയ്യിലൊരു വാച്ച് പോലും ഇല്ലാലോ രാജപ്പാ ....എന്നിട്ടും നീ എത്ര കൃത്യം....."
"വാച്ച് എന്നതിക്ക് സര്‍ .....ഈ കാട് പോതുമേ ....അന്ത കടവുള്‍ പോതുമേ ....."
തമിഴും മലയാളവും കലര്‍ന്നതെങ്കിലും രാജപ്പന്‍റെ  സംസാരം കേള്‍ക്കാന്‍ ഒരു ഇമ്പമുണ്ട് .
"സാര്‍ ഉങ്കളുക്ക് ബൂട്സ്  വേണ്ടായോ ?അട്ട ശല്യം റൊമ്പ ജ്യാസ്തി ......"
ബാഗ് തോളില്‍ തൂക്കി ഇറങ്ങുമ്പോള്‍  രാജപ്പന്‍ വീണ്ടും ഓര്‍മപ്പെടുത്തി .

ഷോല്‍ഡര്‍ ബാഗില്‍ ഒരെണ്ണംമെര്‍ലിന്‍  എടുത്തു .അതിലാണ്  കാമറയും  മറ്റും .
ഇനിയിപ്പോള്‍ കാടിന്‍റെ ഹൃദയത്തിലൂടെ ആണ് യാത്ര .
പോകുവാന്‍ ഇറങ്ങും മുന്‍പ് മെര്‍ലിന്‍ സ്വകാര്യമെന്നോണം അരികിലേക്ക് വരുമെന്നും,"ശ്യാം ............"എന്ന് സ്നേഹപൂര്‍വ്വം വിളിച്ചു പിന്‍ കഴുത്തില്‍ കൈ ചുറ്റി കവിളോരം ചുംബിക്കുമെന്നും കരുതി


ഇടവഴികളില്‍ ഇരുട്ട് മാറിയിട്ടില്ല .വള്ളിപ്പടര്‍പ്പുകള്‍ മാറ്റി രാജപ്പന്‍ മുന്നില്‍ തന്നെ നടന്നു .ഇപ്പോള്‍ മെര്‍ലിന്‍ എന്‍റെ  തൊട്ടു മുന്‍പില്‍ .മഴയില്‍ നനഞ്ഞുകിടന്ന വഴികളില്‍ തെന്നിവീഴുംഎന്നതുകൊണ്ടാകാം ഇടയ്ക്കിടെ മെര്‍ലിന്‍ അറിയാതെ മെര്‍ലിന്‍റെ വിരലുകള്‍ എന്‍റെ കൈകളില്‍ മുറുകെ പിടിച്ചു,അപ്പോഴൊക്കെ  മെര്‍ലിന്‍റെതുമാത്രമെന്ന് ഞാന്‍ അവകാശപ്പെട്ടിരുന്ന  ഒരു സുഗന്ധം എന്നെചുറ്റി നിന്നു .ഓരോ സുഗന്ധങ്ങളും തിരിച്ചുനല്‍കുന്നത് ഓരോ ഓര്‍മ്മകള്‍... ..

വയല്‍ വരമ്പിലെ കൃഷ്ണ കിരീടം ചെടിയിലെ പൂക്കള്‍ക്ക്സുഗന്ധമുണ്ടായിരുന്നോ ?ചാറ്റല്‍ മഴയില്‍ അണഞ്ഞു പോകാറായ ചൂട്ടു കറ്റ അമ്മ വായുവില്‍ ആഞ്ഞു വീശി;ചുവന്ന മിന്നാ മിന്നികള്‍  മിന്നി മറഞ്ഞ്  വയല്‍ വരമ്പില്‍ പൊഴിഞ്ഞു വീണു .

ആദ്യമായി ഭൂമിയിലൊരു നക്ഷത്ര വിസ്മയം കണ്ടത് ഇരുട്ടിന്‍റെ  മറവില്‍ പണ്ട്  വയലേലകളില്‍ ആണ് .പച്ചവെളിച്ചം തെളിച്ച്,ചിറകുകള്‍ അടച്ചും തുറന്നും ആയിരം മിന്നാമിനുങ്ങുകള്‍ !
പറന്നുയര്‍ന്ന  മിന്നാമിനുങ്ങിനെപ്പിടിച്ച് കൈക്കുമ്പിളില്‍ അടച്ചു വെച്ച് ചന്ദ്രോദയം കണ്ട എത്ര എത്ര നാളുകള്‍ !

"അതിനെ വിട്ടേക്ക് ഉണ്ണിയെ ........"
അമ്മയുടെ സ്വരം നേര്‍ത്തു വരുന്നു .മനുഷ്യര്‍ തൊട്ടാല്‍ മിന്നാ മിനുങ്ങുകള്‍  അവയുടെ വെളിച്ചം കളഞ്ഞു ജീവന്‍  വെടിയുമത്രേ .....വിരലുകള്‍ വിടര്‍ത്തിയപ്പോള്‍ വെളിച്ചം പറന്നുപോയില്ല .ഉള്ളം കൈയ്യില്‍ നിന്നും പെരു വിരലോളം എത്തിയ നുറുങ്ങുവെട്ടം വഴിതെറ്റി തറയില്‍ വീണു, പിന്നെ ചിറകു വിരിച്ച് ആകാശത്തേക്ക് പറന്നു പോയി.ഒന്നിന് പിറകെ ഒന്നായി ആയിരം മി ന്നാമിന്നികളെ നിറച്ച് ഇരുട്ടില്‍ വയല്‍ പൂവുകള്‍ തിളങ്ങി.

അന്ന് പറന്നു പോയ മിന്നാ മിനുങ്ങുകള്‍    തിരികെ വന്ന്  മിന്നി മറഞ്ഞത് വര്‍ഷങ്ങള്‍ക്കിപ്പുറം കണ്മുന്‍പിലെ  ചാറ്റ് റൂമുകളില്‍ .
പച്ചയും ,ചുവപ്പും വെളിച്ചങ്ങളെ ഓരോന്നായി തല്ലിക്കെടുത്തിയത് ആരായിരുന്നു?ഓരോ വെളിച്ചവും മോക്ഷം കിട്ടാത്ത ആത്മാക്കളായി പറന്നു നടന്നു .ഓരോന്നിനും ഓരോ മിന്നാ മിന്നിയുടെ  ജീവന്‍ .മോക്ഷ   പ്രാപ്തിക്ക്പ്ര ണയബലിയിട്ടപ്പോള്‍ നനഞ്ഞ ചിറകുകള്‍ കുടഞ്ഞ്ചിലത്  സ്വര്‍ഗ്ഗത്തിലേ ക്ക്പറന്നു പോയി.
"അമ്മേ... ആ ആകാശത്തിലാണോ സ്വര്‍ഗ്ഗം ..." പണ്ട് ആഴ്ച്ചാവസാനം എത്താറുള്ള അച്ഛനെക്കാത്ത്  തറവാടിന്‍റെ  തിണ്ണയില്‍ ഇരിക്കുമ്പോള്‍ കോടാനകോടി നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തെചൂണ്ടിക്കാട്ടി അമ്മയോട് ചോദിച്ചിട്ടുണ്ട്.
ഒരിക്കല്‍ ഖാലിദുമാഷാണ് പറഞ്ഞത് അമ്മയുടെ പാദത്തിനടിയിലാണ് സ്വര്‍ഗ്ഗമെന്ന്.കതിര്‍ മണ്ഡപത്തില്‍ കയറും മുന്‍പ് അമ്മയുടെ കാല്‍തൊട്ടു വന്ദിച്ചപ്പോള്‍ ,സ്വര്‍ഗ്ഗത്തിലേക്ക് പോയ അച്ഛനെ ഓര്‍ത്തു ,ഖാലിദുമാഷിന്‍റെ വാക്കുകളും.

"ഇതൊരു ആനത്താരയാണ് സര്‍ .ഇന്ത വഴിപോനാല്‍  പുല്‍മേട്ടില്‍ പെട്ടെന്ന് എത്താം "

മുളങ്കാടുകള്‍ തിങ്ങി നില്‍ക്കുന്ന മറ്റൊരു ഭാഗം കാട്ടി രാജപ്പന്‍ പറഞ്ഞു .
മെര്‍ലിന്‍റെ വിരലുകള്‍ എന്‍റെവിരലുകളില്‍ ഭയപ്പാടോടെ അമര്‍ന്നു.

"അല്‍പ്പം ചുറ്റിയാലും വേണ്ടില്ല സര്‍ ,മാഡത്തിനേം കൊണ്ട്  ഒരു റിസ്ക്‌ വേണ്ട ."
ജയിംസ് പറഞ്ഞത് സത്യമാണെങ്കിലും ഉള്ളില്‍ ചിരിയാണ് വന്നത് .കാരണം ഈ യാത്ര തന്നെ ഒരു റിസ്ക്‌ ആണല്ലോ അതും മെര്‍ലിനേം കൊണ്ട് .
എങ്കിലും വല്ലാത്തൊരു ത്രില്‍ ഉണ്ട് ഓരോ നിമിഷങ്ങള്‍ക്കും .
എല്ലാ കെട്ടുപാടുകളില്‍ നിന്നും ഒരു മോചനം .
"നിന്‍റെ ഈ യാത്രയില്‍ ഇത്തവണ ഞാനും വരട്ടെ ശ്യാം...............ഈ നശിച്ച നഗരത്തില്‍ നിന്നൊരു മോചനം ഞാന്‍ എന്ന പോലെ എന്‍റെ കഥകളും കവിതകളും കൊതിക്കുന്നു"
പറഞ്ഞറിയിക്കുവാന്‍  പറ്റാത്ത ഒരു വികാരമായിരുന്നു മനസ്സില്‍ അപ്പോള്‍ .

ഇത് ഇന്നും ഇന്നലെയും ആഗ്രഹിച്ചതല്ല .വളരെ നാള്‍ മുന്‍പ് .

ഓരോ യാത്രകളിലും ഓര്‍മ്മകളില്‍ മെര്‍ലിന്‍ ഉണ്ടായിരുന്നു .കലാലയ ജീവിതം തുടങ്ങിയനാള്‍ മുതല്‍ .പിന്നെ മെര്‍ലിനെ സ്വീകരിക്കാന്‍ അമ്മയുടെ വിശ്വാസ ങ്ങള്‍ സമ്മതിക്കാതെ വന്നപ്പോള്‍ വാശി മുഴുവന്‍ അമ്മയോടായി .
തിരക്കുകള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും ഇടയില്‍പ്പെ ട്ട്  മെര്‍ലിന്‍ വെറും ഓര്‍മ്മകള്‍ മാത്രമായ മറ്റൊരു കാലം.

ഇന്ദു ഒരിക്കല്‍ മാത്രം ചോദിച്ചിരുന്നു മെര്‍ലിനെ പറ്റി .അമ്മ പറഞ്ഞുപോലും "ആ നസ്രാണി കൊച്ച്  ഇതിലും ഭേദമായിരുന്നു..... "എന്ന്.വിവാഹത്തിന് മൂന്നു വര്‍ഷത്തിനു ശേഷം മനസ്സില്‍ പുകഞ്ഞു കൊണ്ടിരുന്ന അഗ്നിപര്‍വതം  അവള്‍തന്നെ തകര്‍ക്കുകയായിരുന്നു.

ഇന്ദുവിനോട് ഒരു കുറ്റ സമ്മതം ആവശ്യമുണ്ടെന്നു തോന്നിയില്ല .
പകരം വെയ്ക്കാന്‍ അവള്‍ക്കും ഉണ്ടായിരുന്നു ഒരു കഥ .പരസ്പ്പരം പങ്കുവെക്കലാണ് ജീവിതമെന്ന്‌ പഠിച്ചത് അന്ന് മുതല്‍ക്കാണ് .
ജീവിതം മുഴുവന്‍ കൂട്ടിക്കുറച്ചു നോക്കിയിട്ടും നഷ്ടങ്ങളുടെ കണക്കു മാത്രമേ ബാക്കി  ഉണ്ടായിരുന്നുള്ളൂ.യാത്രകള്‍ ,ബിസ്സിനസ്സ് തിരക്കുകള്‍ .....അങ്ങനെ ജീവിതത്തിന്‍റെ നല്ലൊരു വഴി എപ്പോഴോ തീര്‍ന്നുപോയി ......പക്ഷെ കടങ്ങളുടെയും ,ബാധ്യതകളുടെയും കണക്കുകള്‍ മാത്രം ആരും ചോദിച്ചില്ല ,ഇന്ദു പോലും. 
.
നേരം പുലരുന്നു .
കോട മഞ്ഞു മൂടി നില്‍ക്കുന്ന താഴ്വരയില്‍ 
കുറച്ചകലെയായി മലയത്താര്‍ പുല്‍മേട്  കാണാം .
കാഴ്ചകള്‍ മറയ്ക്കുമെങ്കിലും  ഈ മൂടല്‍ മഞ്ഞ് ഒരു സുഖം തന്നെഎന്ന് തോന്നി .ഇപ്പോള്‍ മെര്‍ലിന്‍ എന്നോടൊപ്പം ചേര്‍ന്ന് നടക്കുന്നു, ബാഗില്‍ നിന്നും എടുത്ത ക്യാമറയില്‍ പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ പകര്‍ത്തുന്നു.

മഞ്ഞിന്‍റെ തുള്ളികള്‍ ഇറ്റു  വീണ പുല്‍ക്കൊടികള്‍ കാലുകള്‍ കൊണ്ട് വകഞ്ഞു മാറ്റി മുന്‍പോട്ടു നടന്നു   .ഓരോ മഞ്ഞു തുള്ളിക്കും വല്ലാത്ത തണുപ്പ്.ഇടയ്ക്കു കാലില്‍ കടിച്ച  ഒരു അട്ടയെ ഉപ്പ് പൊടി വിതറി ജയിംസ്സ്നീക്കം ചെയ്തു.

"അപ്പോഴേ നാന്‍  സൊന്നതാക്കും ......"രാജപ്പന്‍റെ വാക്കുകളില്‍ ശാസനയുടെ സ്വരം.


ഇപ്പോള്‍ പുല്‍മേട്  കുറേക്കൂടി അടുത്തു വരുന്നു.അകലെ മഞ്ഞിന്‍റെ വിസ്മയ ക്കാഴ്ചകള്‍ . കിഴക്ക് സൂര്യോദയത്തിന്‍റെ തുടക്കമെന്നപോല്‍ ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന നിറക്കൂട്ടുകള്‍. 
മെര്‍ലിന്‍ കൂടെയുള്ള  പ്രഭാതങ്ങള്‍ എത്ര മനോഹരമാണെന്ന് തോന്നി .

 പതിവിലും വേഗത കൂട്ടി മെര്‍ലിന്‍ നടന്നു  ,ഒരു തരം വിഭ്രാന്തിയിലെന്നോണം അവള്‍ ഓടുകയും പുല്‍മേടുകളില്‍ നോക്കി വിരലുകള്‍ ചുണ്ടോടു ചേര്‍ത്ത് ഒരു  പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു.

മഞ്ഞിന്‍റെ പുകമറയ്ക്കുള്ളില്‍ മെര്‍ലിന്‍ അപ്രത്യക്ഷയാവുകയും ,വീണ്ടും തെളിയുകയും ചെയ്തു ..പിന്നെയും മറഞ്ഞ് ,വീണ്ടും തെളിഞ്ഞ്....

ഓര്‍മകളില്‍ മെര്‍ലിന്‍ എന്നും ഇങ്ങനെതന്നെ ആയിരുന്നു ,മറഞ്ഞും തെളിഞ്ഞും.

പുല്‍മേടുകളില്‍  നിറയെ  ചിത്രശലഭങ്ങള്‍!! .!!  .പല വര്‍ണ്ണങ്ങളില്‍  ഉള്ളവ.വെളുത്ത നിറമുള്ള ഒരുകൂട്ടം ശലഭങ്ങള്‍ പറന്നു വരികയും തണുത്ത കാറ്റുപോലെ തഴുകി അരികിലൂടെ പോവുകയും ചെയ്തു .
ശലഭങ്ങള്‍ക്കിടയില്‍ വേറിട്ട്‌ പറക്കുന്ന ഒരു കറുത്ത ചിത്ര ശലഭമായി മാറി മെര്‍ലിന്‍ എന്ന് തോന്നി .

മഞ്ഞുമാറി  പുല്‍മേടുകളില്‍  ചിത്ര ശലഭങ്ങള്‍ മാത്രം നിറഞ്ഞ്  വ്യക്തമായി ,പച്ച പുല്‍മേടുകള്‍ നിറഞ്ഞ് ശലഭങ്ങള്‍ ............

.........വീണ്ടും പുമേടുകളില്‍ മഞ്ഞ് പുതപ്പ് വിരിച്ചു .വെളുത്ത പുകമറക്കുള്ളില്‍ നിന്നും ആ പരിചിത സുഗന്ധം ......അത് മെര്‍ലിന്‍ ആകും ,കറുത്തചിത്ര ശലഭമായി മെര്‍ലിന്‍ പറന്നു വരികയാണ്.
 .........ഇന്ന് ഈ പുല്‍ മേട്ടില്‍ മെര്‍ലിനോടൊപ്പം ഒരു പകല്‍ ആരുമറിയാതെ ........................ഈ നിശബ്ദതയില്‍  ശലഭങ്ങള്‍ മാത്രം സാക്ഷിയായി ...


പെട്ടെന്ന് കറുത്ത ഒരു ചിത്ര ശലഭം പുല്‍മേട്‌ വിട്ട് ആകാശത്തേക്ക് പറന്നുയര്‍ന്നു .ഒരു നിമിഷം എല്ലാം ശാന്തമായി ..കാതുകള്‍ കൊട്ടിയടച്ചപോലെ ,ഒരു  ചീവീടും പോലും ഇല്ല .ശബ്ദമില്ലാത്ത മറ്റേതോ ലോകം .
പിന്നിലായി നടന്നിരുന്ന ജയിംസ്സിനെയും .രാജപ്പനെയും കാണാനില്ല .....

മെര്‍ലിന്‍റെ ഗന്ധം മാറി മറിഞ്ഞ്  മറ്റൊരു ഗന്ധമാകുന്നു .ആശുപത്രിയുടേയും ,മരുന്നിന്‍റെയും മനം മടുപ്പിക്കുന്ന രൂക്ഷഗന്ധം ....ശരീരം മുഴുവന്‍ ഇഴയുന്നത്‌ ഉഗ്ര വിഷമുള്ള പാമ്പുകള്‍ ആയിരിക്കുമോ ?.
സൂചിമുനയിലൂടെ രക്തത്തില്‍ അലിഞ്ഞു ചേരുന്നത് വിവിധ നിറമുള്ള ശലഭങ്ങളാണോ ?
കൈകളില്‍ ഇറ്റ്  വീഴുന്ന മഞ്ഞു തുള്ളികള്‍ക്ക് വല്ലാത്ത ചൂട് .അത് ഇന്ദുവിന്‍റെ  കണ്ണുനീരായിരുന്നോ ?.മുകളില്‍ നിര്‍ത്താതെ കറങ്ങുന്ന പങ്കയ്ക്ക് ചീവീടിന്‍റെ അതേ സ്വരം..

മനസ്സിന് നേരിടാന്‍ കഴിയാത്ത ചോദ്യ ശരങ്ങള്‍ ഇന്ദുവിന്‍റെ  കണ്‍കോണുകളില്‍
 "എന്തിനാ ഏട്ടാ ഇങ്ങനെ ചെയ്തത് .....എന്നേം മോളേം തനിച്ചാക്കിയിട്ട്  ?"


കണ്മുന്‍പില്‍ പുല്‍മേടുകള്‍ മാഞ്ഞു .....മഞ്ഞിന്‍റെ പുതപ്പ് മാഞ്ഞു ....കാടിന്‍റെ സുഗന്ധവും.

അമ്മയുടെ ഓര്‍മ്മയില്‍തെളിഞ്ഞു വന്ന  കൃഷ്ണ കിരീടം ചെടിയുടെ  ഇലകള്‍ക്കിടയില്‍ ചീവീടുകള്‍ കാണുമോ ?കണ്ണെത്താ  ദൂരത്തെ പുല്‍മേട്ടില്‍ കറുത്ത ചിത്ര ശലഭമായി  മെര്‍ലിനും.........................?



ചിത്രം:ഗൂഗിള്‍