Saturday, June 30, 2012

മുസാഫിര്‍




മുസാഫിര്‍ ആണ്‌ പറഞ്ഞത് അന്ന് അഡ്രിയ മാളില്‍ വെച്ചുകാണാമെന്ന്. ഒരു യാത്ര പറച്ചിലായിരുന്നു ആ കൂടിക്കാ ഴ്ച്ചയുടെ അര്‍ത്ഥമെന്ന്എനിക്ക്‌ ബോധ്യം വന്നതും അവനെ നേരില്‍കണ്ടതില്‍പ്പിന്നെ മാത്രം .അവന്‍റെ ചാര നിറമുള്ള കൃഷ്ണ മണികള്‍ക്ക് പതിവിലും തിളക്കം കുറഞ്ഞോ എന്നും തോന്നി.

തിരക്കേറിയ തെരുവിലേക്ക് ഇറങ്ങിയ ഞങ്ങള്‍ അല്‍പ്പനേരം പരസ്പ്പരം മൗനം പാലിച്ചു. വെയില്‍ വീണു പൊള്ളിയ ബെഞ്ചിലെ കരിയിലകളെ ഞെരുക്കി അവന്‍ ഇരുന്നു,അരികിലായി ഞാനും. 
ദേഷ്യവും വിഷമവും വാക്കുകളായി കടമെടുത്ത്‌ ,വരാമെന്നു പറഞ്ഞ സമയം പാലിക്കാത്തതില്‍ ഞാന്‍ അവനോട് പതിവുപോലെ പരിഭവിച്ചു .
പഠിത്തം ഉപേക്ഷിക്കുന്നുവെന്നും നാട്ടിലേക്ക് ഉടന്‍ തിരികെപ്പോകുമെന്നും അവന്‍ പറഞ്ഞത് എന്നെ വല്ലാതെ വേദനിച്ചു. 
വഴിയോരക്കടയില്‍ നിന്നും ചൂടുള്ള കോഫി കുടിച്ച് എന്‍റെ നാവു പൊള്ളവേ കത്തിയെരിയുന്ന തന്‍റെ ജന്മനാടിനെക്കുറി ച്ചും അവന്‍റെ പ്രിയപ്പെട്ട കുടുംബ ത്തെക്കുറിച്ചും അവന്‍ സങ്കടം പറഞ്ഞു.
"ഇനി ഒരിക്കലും നമ്മള്‍ കാണില്ലേ?" എന്നുള്ള എന്‍റെ ചോദ്യം വിധിക്ക് വിട്ടുകൊടുത്ത് അന്ന് അവന്‍ യാത്രപറഞ്ഞു .

തീര്‍ത്തും അവിചാരിതമായി വീണ്ടും ഒരിക്കല്‍ കൂടി ഞങ്ങള്‍ കണ്ടു.ജുഹു ബീച്ചില്‍ വെച്ച്‌.
ഒരു പുതുവര്‍ഷദിനത്തിന്‍റെ തലേന്നുള്ള ആഘോഷ വേളയില്‍.. 
ഒരു ചാണ്‍ തുണിയില്‍ നാണം മറച്ച ഒരു ജെര്‍മ്മന്‍കാരിയോടൊപ്പം തോളുരുമ്മി നടന്നു പോകുന്ന മുസാഫിര്‍ . 
വെറും "ഹായ് "യില്‍ പരിചയം പുതുക്കുവാനുള്ള ഒരു ധൈര്യം അവനെപ്പോലെ അപ്പോള്‍ എനിക്കില്ലാതെ പോയി.
ആ ജെര്‍മ്മന്‍ സുന്ദരിയോട്‌ ചുണ്ടുകള്‍ കോര്‍ത്ത്‌ ഒരു വെസ്റ്റേണ്‍ "ബൈ "പറഞ്ഞ അവന്‍ എനിക്കൊരു കോഫീ ഓഫര്‍ ചെയ്തു.മേശയുടെ ഇരു ധ്രുവങ്ങളില്‍ ഞങ്ങള്‍ ഇരിക്കവേ ജന്മ നാടായ പാലസ്തീനെ കുറിച്ച് അവന്‍ വാതോരാതെ സംസാരിച്ചു ,തകര്‍ന്നുപോയ അവന്‍റെ കുടുംബത്തെക്കുറിച്ചും .
ഇസ്രയേലിനെ അവന്‍ ചീത്ത വിളിച്ചു ,സ്വന്തം നാടിന്‍റെ അസ്ഥിത്വം കളഞ്ഞ്‌ വിദേശത്തലയുന്ന ഇന്ത്യന്‍ ജനതയെ പറ്റിപ്പ റഞ്ഞപ്പോള്‍ മാത്രം ഞാന്‍ പ്രതികരിച്ചു.എന്നിലുണ്ടായ മാറ്റങ്ങളില്‍ ഞാന്‍പൂര്‍ണ്ണ ബോധവതിയായിരുന്നതിനാല്‍ അവന്‍ ഏറെ മാറിപ്പോയി എന്നതില്‍ ഒരത്ഭുതവും എനിക്ക് തോന്നിയില്ല .
അത് ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയായിരുന്നു. 

ഡല്‍ഹിയില്‍ ഋതുക്കള്‍ മാറിയും മറിഞ്ഞും കണക്കുകള്‍ തെറ്റിച്ചു വന്ന കാലം.ബോംബെ കത്തിയെരിഞ്ഞ ഒരു നവംബര്‍ സന്ധ്യക്ക്‌ പാലികാ ബസാറിനടുത്തുള്ള മെട്രോ സ്റ്റേഷനിലെ ഫ്ലാറ്റ്‌ സ്ക്രീനില്‍ പലവട്ടം തെളിഞ്ഞ വന്ന ജീവനില്ലാത്ത ഒരു മുഖത്തിന്‌ അവന്‍റെ നേരിയ ഛായ ഉണ്ടായിരുന്നു .സി എസ്സ് ടി റെയില്‍വേ സ്റ്റേഷനില്‍ ചിതറിക്കിടന്ന ബാഗുകളില്‍ ഒന്ന് അവന്‍റെതെന്ന്‌ എന്‍റെ മനസ്സ് സംശയിച്ചു.

മെട്രോയുടെ പടിക്കെട്ടുകള്‍ ഇറങ്ങവേ അവന്‍റെ ആ പഴയ ഫോണ്‍ നമ്പറില്‍ വളരെ നാളുകള്‍ക്ക്‌ ശേഷം അന്ന് ഞാന്‍വിളിച്ചു .
എനിക്കൊരു മറുപടിയെന്നോണം അവസാനമില്ലാതെ ജഗജിത് സിംഗിന്റെ ഗസല്‍ കേട്ടുകൊണ്ടേയിരുന്നു .

ഇന്ന് ,ഇപ്പോള്‍ അതേ നമ്പറില്‍ വീണ്ടും ഞാന്‍ വിളിച്ചു,
കേള്‍ക്കുന്നത് "ഇങ്ങനെ ഒരു നമ്പര്‍ നിലവില്‍ ഇല്ല" എന്ന പെണ്‍ മൊഴിയും .






ചിത്രം :ഗൂഗിള്‍ 

Monday, June 11, 2012

മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ (6)



ശിലയായ് പിറവിയുണ്ടെങ്കില്‍ ..........


പഹല്‍ഗാമിലേക്കുള്ള യാത്ര മിക്ക സഞ്ചാരികള്‍ക്കും ദിവ്യമായ ഒരു  തീര്‍ത്ഥാടനാനുഭവമാണ് നല്‍കുന്നത്‌ .പ്രകൃതി സുന്ദരമായ ഈ പ്രദേശത്ത് നിന്നും പതിനാറു കിലോമീറ്റര്‍ അകലെയുള്ള ചന്ദന്‍ വാരിയില്‍നിന്നുമാണ്  പ്രസിദ്ധമായ അമര്‍നാഥ്‌  തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കുന്നത് എന്നതാവാം ഒരു പക്ഷെ ഇതിനു കാരണം .സിനിമകളില്‍ മാത്രം കണ്ട് പരിചയമുള്ള പഹല്‍ഗാം നേരില്‍ കാണുവാന്‍ പോകുന്ന ആവേശമായിരുന്നു മനസ്സില്‍ . 
കാശ്മീര്‍  യാത്രയിലെ ദൂരെ കാഴ്ചകള്‍ പഹല്‍ഗാം  യാത്രയോടെ അവസാനിക്കുന്നു എന്നൊരു വിഷമം കൂടി മനസ്സിലുണ്ട്  .വെരിനാഗ് യാത്രയില്‍ കണ്ട പാംപുര്‍,അവന്തിപൂര്‍ ദേശങ്ങള്‍ വീണ്ടും കണ്ണില്‍ നിറഞ്ഞു.സംഗം ഗ്രാമത്തിലൂടെ പോകുമ്പോള്‍ വഴിയരികില്‍  തടിക്കഷണങ്ങള്‍  മനോഹരമായി അടുക്കിവെച്ചിരിക്കുന്നു .  ക്രിക്കെറ്റ്   ബാറ്റുക്കള്‍ക്ക് പ്രസിദ്ധിയുള്ള ഒരു  ചെറു ഗ്രാമമാണ്‌സംഗം . ബാറ്റുകള്‍  നിര്‍മ്മിക്കുവാന്‍ ഇവിടെ ഉപയോഗിക്കുന്നത്  കാശ്മീര്‍ വില്ലോ മരങ്ങള്‍ ആണ്.1920 കാലങ്ങളില്‍ പോലും ബ്രിട്ടീഷ്‌കാര്‍  കാശ്മീര്‍   വില്ലോ മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചിരുന്ന ബാറ്റുകള്‍ വാങ്ങിയിരുന്നു എന്ന് ചില വിവരണങ്ങള്‍ പറയുന്നു .ഇന്ത്യയില്‍ മാത്രമല്ല  ലോകരാജ്യങ്ങള്‍ക്കിടയില്‍ പോലും കശ്മീര്‍ വില്ലോ ബാറ്റുകള്‍ പേരുകേട്ടവയാണ് .  മാര്‍ക്കെറ്റില്‍ അഞ്ഞൂറ് മുതല്‍ പതിനായിരം  വരെ വിലമതിക്കുന്ന ഈ ഇനം ബാറ്റുകള്‍ ഇംഗ്ലീഷ് വില്ലോ  ബാറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരം കൂടുതല്‍ ഉള്ളവയെന്നും പറയപ്പെടുന്നു. 
ഇന്ന് കാശ്മീരിലെ ക്രിക്കെറ്റ്  ബാറ്റ് വ്യവസായം തീര്‍ത്തും പ്രതിസന്ധിയിലാണ്  .വിപണിയില്‍ ഇംഗ്ലീഷ് വില്ലോ   ക്രിക്കെറ്റ് ബാറ്റുകളുമായുള്ള മത്സരവും,ഭീകര വാദങ്ങളും ഈ വ്യവസായത്തിനെ ഒരു പരിധിവരെ വിപരീതമായി ബാധിക്കുന്നു എന്ന് പറയാം. എങ്കിലും ശ്രീനഗറില്‍ സംഗം പോലെയുള്ള  ചില ഗ്രാമങ്ങളില്‍ ഇന്നും  ക്രിക്കെറ്റ്   ബാറ്റ്  വ്യവസായം കുറഞ്ഞരീതിയിലെങ്കിലും നടക്കുന്നുണ്ട്.






കാറ്റില്‍ ഇളകിയാടുന്ന വില്ലോമരങ്ങള്‍ നിറഞ്ഞ ഗ്രാമ കാഴ്ച്ച വളരെ മനോഹരം എന്ന് പറയാതെ വയ്യ.രണ്ട്  വര്‍ഷങ്ങള്‍ക്കു മുന്‍പ്‌     ഫോറെസ്റ്റ്  റിസര്‍ച്ച് ഇനിസ്സ്റ്റിട്ട്യുട്ടില്‍ ( FRI- ഡെറാഡൂണ്‍  ) ഒറ്റപ്പെട്ടു നില്ക്കുന്ന ഒരു വില്ലോ മരത്തിനെ "ക്രിക്കെറ്റ്  ബാറ്റ്  നിര്‍മിക്കുന്ന മരമെന്ന്" അത്ഭുതത്തോടെ നോക്കി നിന്നതും,ആരാധനയോടെ ആ മരച്ചില്ലകളില്‍  തൊട്ടു നോക്കിയതും ഓര്‍മവന്നു .വഴിയരികില്‍ ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന  രൂപം വരുത്തിയ മര ക്കഷ ണങ്ങള്‍ ബാറ്റുകള്‍ നിര്‍മ്മിക്കുവാനുള്ളവയാണെന്ന് മുന്തസിര്‍ കുട്ടികളോട്  രഹസ്യമായി പറയുന്നത് കേള്‍ക്കാമായിരുന്നു. റോഡിനിരു വശങ്ങളിലും ക്രിക്കെറ്റ് ബാറ്റുകള്‍ നിര്‍മിക്കുന്ന ധാരാളം കെട്ടിടങ്ങള്‍ .സംഗം കഴിഞ്ഞാല്‍ എത്തിയ ഖാസീഖുണ്ട് എന്ന സ്ഥലത്ത്  അനേകം കടകളില്‍ ക്രിക്കെറ്റ് ബാറ്റുകള്‍ വില്പ്പനയ് ക്കായ്  നിരത്തി വെച്ചിരിക്കുന്നു  .അരികി ലിരിക്കുന്ന കുട്ടി ക്രിക്കെറ്റ് ഭ്രാന്തന്മാരുടെ ബാറ്റു  വാങ്ങുവാനുള്ള ആവേശം നിര്‍ബന്ധമായി മാറിയപ്പോള്‍ എന്‍റെ പുറം കാഴ്ചകളുടെ ആവേശം കുറഞ്ഞുപോയോ എന്നും തോന്നി. ശ്രീനഗര്‍ നിന്നും ജമ്മുവിലേക്ക് പോകുന്ന ദിവസം ഇവിടെ ഇറങ്ങാമെന്നും ,അപ്പോള്‍ ക്രിക്കെറ്റ് ബാറ്റുകള്‍ വാങ്ങാമെന്നുമുള്ള സമാധാനകരാറില്‍  അന്‍സാരിയുടെ സാനിധ്യത്തില്‍  ഒപ്പ് വെയ്ക്കുമ്പോള്‍ വഴിയരികിലെ കടയില്‍ വില്‍പ്പനക്കായി തൂക്കിയിട്ട കാങ്കിടിയിലൊന്നില്‍ എന്‍റെ കണ്ണുകള്‍ ആരും അറിയാത്ത ഒരു മോഹം മനസ്സില്‍ ഒളിപ്പിച്ച്‌ ഉടക്കി നിന്നു.








ജമ്മു ശ്രീനഗര്‍ ഹൈവേയില്‍  ജമ്മുവിലേക്കുള്ള മാര്‍ഗ മദ്ധ്യേ പഹല്‍ഗാമിലേക്കുള്ള വഴി തിരിയുന്നു. ശ്രീ നഗറില്‍  നിന്നുംതൊണ്ണൂറ്റി നാല്  കിലോമീറ്റര്‍ അകലെ, ലടാര്‍ നദിയുടെതീരത്ത് ലടാര്‍ താഴ്വര യിലായി സമുദ്ര നിരപ്പില്‍ നിന്നു 2195  മീറ്റര്‍ ഉയരത്തില്‍ ആണ്‌  പഹല്‍ഗാം.അനേകം ചെറു ഗ്രാമങ്ങള്‍ താണ്ടിയുള്ള ആ യാത്ര പഹല്ഗാമിലെത്തിയപ്പോള്‍ സമയം പതിനൊന്നു മണി.  ലടാര്‍   നദി വല്ലാത്ത   ശബ്ദം മുഴക്കി ഒഴുകുന്നു.നദിയുടെ മറുകരയില്‍ ദേവദാരു നിറഞ്ഞ പച്ചക്കാടുകള്‍ക്കിടയില്‍ മഞ്ഞു മൂടിയ മലനിരകള്‍ അവിടവിടെ തെളിഞ്ഞു കാണാം.അമര്‍ നാഥ്‌  തീര്‍ത്ഥാടനം തുടങ്ങിയിട്ടില്ലാത്തതിനാല്‍ പഹല്‍ഗാമില്‍ അത്ര തിരക്കനുഭവപ്പെട്ടില്ല.
തലേന്ന് പെയ്ത മഴയില്‍ നനഞ്ഞ പ ഹല്‍ഗാം അത്രകണ്ട് സുന്ദരിയെന്ന്  എനിക്ക് തോന്നിയില്ല.നനയുമ്പോള്‍ സുന്ദരി ശ്രീനഗര്‍ തന്നെ.റോഡരികില്‍ ചിലയിടത്ത്  ഉരുകാതെ അവശേഷിക്കുന്ന  വലിപ്പമുള്ള മഞ്ഞിന്‍റെ കട്ടകള്‍.മലിനമായ ഓടകളില്‍ മഞ്ഞുരുകിയ വെള്ളം നിറഞ്ഞൊഴുകുന്നു. തീര്‍ത്ഥാടന  കേന്ദ്രങ്ങള്‍ മലിനമാകാതെ സൂക്ഷിക്കാന്‍ നാം ഇന്ത്യാക്കാര്‍ ഇന്നും  പഠിച്ചിട്ടില്ലല്ലോ എന്ന് തോന്നി.തണുപ്പില്‍ മരവിച്ചു പോയതിനാല്‍ ഇവിടെ മലിന വസ്തുകള്‍ക്കൊന്നും  ഒരു  പരിധിവിട്ടുള്ള ദുര്‍ഗന്ധം അനുഭവപ്പെടുന്നില്ല എന്നത് വളരെ   ആശ്വാസമായി.  സൈനീക കാവലാള്‍ ഇവിടെയും ധാരാളം. പൊതു ശൌചാലയങ്ങള്‍ക്ക് അരികില്‍ പോലും കാവല്‍ നില്‍ക്കേണ്ടി വരുന്ന ധീര യോദ്ധാക്കള്‍!

അന്‍സാരി കാര്‍ പാര്‍ക്കിംഗ് ഏരിയ തിരയുമ്പോള്‍ വളരെ ക്ഷീണിതനായ ഒരു സര്‍ദാര്‍ജി  അരികില്‍ വന്ന്‌ കുറച്ച്‌ അകലെയുള്ള ഒരു സ്ഥലം കാട്ടി അവിടെ വാഹങ്ങള്‍ പാര്‍ക്ക്‌ ചെയ്യാം എന്ന്  പറഞ്ഞുതന്നു.
പാര്‍ക്കിംഗ് ഏരിയയില്‍ എത്തി വാഹനം പാര്‍ക്ക്  ചെയ്ത്  പഹല്‍ ഗാമിലെ  ഒന്ന് രണ്ട് ഫോട്ടോ കാമറയില്‍ പകര്‍ത്തി  തിരികെ വരുമ്പോള്‍ ആ സര്‍ദാര്‍ജി രൂപം ഞങ്ങളെയും കാത്ത് അവിടെത്ത ന്നെ നില്‍ക്കുന്നു.ആള്‍ നടത്തുന്ന ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാമെന്ന ആവശ്യമായിരുന്നു ആ കാത്ത് നില്‍പ്പിന്‌ പിന്നില്‍ എന്ന് മനസ്സിലായി. ഒരു ഇടുങ്ങിയ വഴിയില്‍ കൂടി സാമാന്യം വലിപ്പമുള്ള ഒരു കടയിലേക്ക്   ഞങ്ങള്‍ ആനയിക്കപ്പെട്ടു.
"ഇത് സര്‍ദാര്‍ജിയുടെ ഹോട്ടലാണ്....."എന്ന്    ഫയാസ്സ് ഫായി പതുക്കെ പറഞ്ഞു.ഫയാസ്സു ഭായിക്കും ,നഗീനും അവിടെ  കയറിയത് അത്ര ഇഷ്ട്ടമായില്ല എന്നത്  വളരെ വ്യക്തമായി ആ മുഖങ്ങളിള്‍  നിന്നും ഞാന്‍ വായിച്ചെടുത്തു..
ശ്രീനഗര്‍ ചില ഹോട്ടലുകളുടെ  മുന്‍പില്‍ "മുസ്ലിം ഹോട്ടല്‍ "എന്ന് മൂന്ന് ഭാഷകളില്‍ വലിയ അക്ഷരത്തില്‍ എഴുതി വെച്ചിരുന്നത് ഓര്‍മ വന്നു.ഫയാസ്സ്- നഗീന്‍ ദമ്പതികളുടെ അനിഷ്ട്ടത്തെ ചെറുത്ത് നില്‍ക്കുവാന്‍  ഒരു പുഞ്ചിരി മാത്രമായിരുന്നു അപ്പോഴും എന്‍റെ ആയുധം . 
ഹോട്ടലിലെ അടുക്കളയില്‍ പാചകം ചെയ്യുന്നത്  മറ്റൊരു സര്‍ദാര്‍ജി.
സംസാരത്തില്‍ നിന്നും അവര്‍ സഹോദരങ്ങളെന്നു മനസ്സിലായി.
യാത്രയില്‍ മിക്കപ്പോഴും ഭക്ഷണ സമയത്തിന് കൃത്യ  നിഷ്ട്ടകള്‍ പാലിക്കാന്‍ കഴിയാറില്ല  മണി  പതിനൊന്ന്‌ കഴിഞ്ഞതിനാല്‍ ഞങ്ങളുടെ പതിവ് കാശ്മീര്‍ പ്രഭാത ഭക്ഷണമായ   ബ്രഡ്‌ - ഓംലറ്റ് ഓര്‍ഡര്‍ ചെയ്തു.
ഒരു നിമിഷം എന്തോ ആലോചിച്ച്  മിണ്ടാതെ നിന്ന സര്‍ദാര്‍ജി ബ്രേക്ക്‌ ഫാസ്ടിനുള്ള ഓര്‍ഡര്‍  അകത്തുള്ള സഹോദരനെ ഏല്‍പ്പിച്ചിട്ട് പുറത്തേക്കിറങ്ങി .
അല്‍പ്പം കഴിഞ്ഞ്‌ കടലാസ്സില്‍ പൊതിഞ്ഞ കുറേ മുട്ടകളുമായി ആള്‍ തിരികെ വന്നു.
സത്യത്തില്‍ അതൊരു സസ്യ ഭക്ഷണ  ശാല ആയിരുന്നു.
അമര്‍നാഥ്‌  തീര്‍ത്ഥാടകരെ  ഉദ്ദേശിച്ചാണ് പഹല്‍  ഗാമിലെ  ഹോട്ടലുകള്‍ മിക്കവയും പ്രവര്‍ത്തിക്കുന്നത്. വന്നു കയറിയ അതിഥികളെ വിഷമിപ്പിക്കെണ്ടാ എന്ന്   കരുതിയിട്ടോ എന്തോ നോണ്‍ വെജ് വില്‍പ്പന യ് ക്ക്   സര്‍ദാര്‍ജി തയ്യാറായത് .
ഒന്നും അറിയാതെ ഓംലെറ്റ്‌ ഓര്‍ഡര്‍ ചെയ്തു പോയതോര്‍ത്ത്‌ വിഷമവും തോന്നി എനിക്ക്  .ആഹാരത്തിനു ശേഷം കൊടുത്ത രൂപയുടെ ബാക്കി തിരികെ  വാങ്ങാതെ ഞങ്ങള്‍ യാത്ര പറയുമ്പോള്‍ സര്‍ദാര്‍ജിയുടെ കണ്ണുകള്‍ നിറയുന്നത് കണ്ടു.
ഞങ്ങള്‍  ഇരുന്ന അത്രയും നേരവും  ആ കടയില്‍ ആരുമേ അന്ന്  വന്നിരുന്നില്ല .
പഹല ഗാമിലെ ഇതേപോലെയുള്ള ജീവിതങ്ങള്‍ പച്ചപിടിക്കുക  അമര്‍നാഥ്‌  തീര്‍ത്ഥാടന സമയത്ത് മാത്രമാണ്.വഴിവാണിഭ കടകള്‍ കാണുവാന്‍ വഴി തിരഞ്ഞു നടക്കുമ്പോള്‍ വീണ്ടും വരുന്ന അടുത്ത അതിഥികളെ കാത്ത്  തലപ്പാവ്  കെട്ടിയ മെലിഞ്ഞ ആ  ആള്‍ രൂപം ദൂരെ നില്‍ക്കുന്നത് കാണാമായിരുന്നു.

സഞ്ചാരികളെ ഉന്നമിട്ടു ധാരാളം കടകള്‍ പഹല്‍ ഗാമില്‍ ഉണ്ട്.ചില കാശ്മീരി കടകളുടെ മുന്‍പില്‍ എത്തുമ്പോള്‍ ഉള്ള "ചിങ്കു ചിങ്കു "എന്ന വിളി അരോചകമായി തോന്നി.മുന്‍പ്‌ മണാലിയില്‍ വസിഷ്ട്ടു ഹോട്ട്  വാട്ടര്‍  സ്പ്രിംഗ് (ചൂടുള്ള നീരുറവ )കാണുവാന്‍ പോയപ്പോള്‍ ചുറ്റും വളഞ്ഞ "ചിങ്കു"വാലകളെ ഓര്‍മവന്നു.ഒരുതരം കമ്പിളി പുതപ്പിന്‍റെ വില്പ്പന യ് ക്കായി പല തന്ത്രങ്ങളും പറയുവാനുള്ള ഇവരുടെ കഴിവ് അപാരമെന്ന മുന്‍പരിചയം ആവാം ആ വിളി എപ്പോള്‍ ,എവിടെ  കേള്‍ക്കുമ്പോഴും അരോചകമായി തോന്നുന്നതിന് കാരണം. 
ഉണങ്ങിയ വാല്‍നട്ട്  , ബദാം ഇവ ധാരാളമായി വില്‍പ്പനയ്ക്കുണ്ട്. ഇതില്‍ ബദാം വാങ്ങിക്കുന്നവര്‍ ചിലപ്പോള്‍ വഞ്ചിതരാകാറുണ്ട്‌  എന്നതാണ് മറ്റൊരു തമാശ . പീച്ച്‌ പഴത്തിന്‍റെ കുരുവിന്  ബദാമുമായി വളരെ രൂപ സാദ്രിശ്യമുള്ളതിനാല്‍ അത്  പൊട്ടിച്ച്  ഭക്ഷിക്കും വരെ നാം കബളിപ്പിക്കപ്പെട്ട വിവരം അറിയാന്‍ കഴിയില്ല. 

കടകള്‍ പലതും പിന്നിട്ട് ലടാര്‍ തീരത്ത് എത്തിയപ്പോഴേക്കും മഞ്ഞ് പെയ്യുവാന്‍ തുടങ്ങി.മലമുകളില്‍ നിന്നും ഒഴുകി വരുന്നമിനുസമുള്ള ഉരുളന്‍ കല്ലുകള്‍  നിറഞ്ഞതാണ്‌ ലടാര്‍ നദി.പുരാണത്തില്‍  പറയപ്പെടുന്ന ലംബോധരി നദിയാണ്  ഈ ലദാര്‍.കാശ്മീര്‍ വിവരണമായ കല്‍ഹണന്‍റെ രാജതരംഗിണിയില്‍ ഈ നദിയെ ക്കുറിച്ചും ഇതിന്റെ തീരങ്ങളില്‍ നടന്ന സംഭവങ്ങളെ കുറിച്ചും വിവരിക്കുന്നുണ്ട്.നദിയുടെ കൈവഴികള്‍ മത്സ്യ ബന്ധനത്തിന് പേര് കേട്ടവയാണ്.ലംബോധരിയുടെ രണ്ട് കൈവഴികളുടെ സംഗമ സ്ഥാനവും പഹല്‍ഗാം തന്നെ എന്നതാണ് മറ്റൊരു പ്രത്യേകത .കൊല്‍ഹായ് ഗ്ലേഷ്യറില്‍ നിന്നുത്ഭവിച്ച്  "ആറു" വില്‍ എത്തുന്നതാണ് ഒരു കൈവഴി. ശേഷ നാഗ് തടാകത്തില്‍ നിന്നൊഴുകി ചന്ദന്‍ വാഡി വഴിയെത്തുന്ന രണ്ടാമത്  കൈവഴിയുടെ തീരത്തിലൂടെയാണ് അമര്‍നാഥിലേക്കുള്ള പാത.
വര്‍ഷകാലത്ത്  മഴവെള്ളവും വേനല്‍ക്കാലത്ത്  മഞ്ഞുരുകിയും  എല്ലാ ഋതുക്കളിലും നിറഞ്ഞൊഴുകുന്ന ഹിമ വാഹിനികളെക്കുറിച്ച് പണ്ട് ചരിത്ര ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട് .കശ്മീരിലെ മിക്ക നദിളേയുംപോലെ  ലദാരിനും ഇതേ സ്വഭാവം തന്നെയാണ്.

മഞ്ഞുമഴയോടൊപ്പം  വീശിയ തണുത്ത കാറ്റില്‍ വല്ലാതെ തണുത്തു വിറച്ചു എല്ലാവരും. 
.ഭക്തിയുടെ നിറവില്‍ തണുപ്പിന്‍റെ കാഠിന്യമറിയാതെ ശിവ സ്തുതികള്‍ ഉരുവിട്ട്  നീങ്ങുന്ന ഭക്തന്മാരെ ചിലയിടങ്ങളില്‍ കാണുവാന്‍ കഴിഞ്ഞു.ഏ. ഡി ഒന്നാം നൂറ്റാണ്ടില്‍ കാശ്മീര്‍ ഭരിച്ചിരുന്ന രാജാക്കന്മാര്‍ പോലും അമര്‍ നാഥ്‌ ഗുഹയിലെത്തി പൂജകള്‍ അര്‍പ്പിച്ചിരുന്നതായി വിവരങ്ങള്‍ പറയുന്നു.ശ്രാവണ പൂര്‍ണിമ യാണ് അമര്‍നാഥ്‌  തീര്‍ഥാടനത്തിന്  അനിയോജ്യമായ സമയം. ഗുഹയ്ക്കുള്ളിലെ ഹിമലിംഗം പൂര്‍ണരൂപം പ്രാപിക്കുന്ന  അതേ ദിവസം തന്നെയാണ് അമര്‍നാഥ്‌ ഉത്സവം നടക്കുന്നതും.അമര്‍ നാഥ്‌   തീര്‍ത്ഥാട നമായാല്‍ അമരത്വം തേടി ദര്‍ശനത്തിനെത്തുന്ന ഭക്തന്മാരാല്‍  പഹല്ഗാമില്‍ തിരക്കാവും.ഇപ്പോള്‍ വിജനമായി കിടക്കുന്ന ലടാര്‍ തീരങ്ങളില്‍ അന്ന്  പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ഒഴുകും.ചന്ദന്‍ വാരിയിയില്‍  നിന്ന്   അമര്‍ നാഥിലേക്ക്  കാല്‍നടയായി ആണ്‌ തീര്‍ത്ഥാടകര്‍ പോകാറ്‌.വാര്‍ധക്യത്തിന്‍റെ  അവശതകള്‍ ദൈവത്തില്‍ അര്‍പ്പിച്ചു പുണ്യം കിട്ടാന്‍ മലകള്‍ കയറി ഇവര്‍ തീര്‍ത്ഥാടനം ചെയ്യുന്നു. അവശരെ തോളിലേറ്റി പാപങ്ങള്‍ കഴുകി കളയുന്നവര്‍ വേറെയും.മഞ്ഞ് പുതച്ച വഴിയിലൂടെ ഈ കൊടും തണുപ്പില്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത്  അമര്‍നാഥ്‌ ഗുഹയില്‍ എത്തുന്നവരും,പാതിവഴിയില്‍ മോക്ഷം കിട്ടി സ്വര്‍ഗംപൂകുന്നവരും ഈ കൂട്ടത്തില്‍ ഉണ്ട്  .മോക്ഷം കിട്ടിയവരെ താഴ്വാരത്തില്‍ എത്തിക്കുന്നത്‌  തന്നെ ഒരു കൂട്ടര്‍ക്ക്‌  ജീവിതമാര്‍ഗമാണ് .അറിഞ്ഞോ അറിയാതെയോ അജ്ഞാത മൃതദേഹങ്ങള്‍ ആയി ആ മണ്ണിനോട് ചേര്‍ന്നവരും  ധാരാളം.   മോക്ഷം കിട്ടിയവരെ കാണുമ്പോള്‍ മല കയറുന്നവര്‍  ദീര്‍ഘ  നിശ്വാസത്തോടെ അന്യോന്യം പറയു മത്രേ  "യേ ശാന്തി ഹോ ഗയാ........"  .
ഒരിക്കല്‍ അമര്‍നാഥ്‌  തീര്‍ത്ഥാട നത്തിനുസാക്ഷ്യം വഹിച്ച സുഹൃത്ത്  പറഞ്ഞു കേട്ട സംഭവം ഓര്‍മവന്നു.
വൃദ്ധയായ അമ്മയുമായി  തീര്‍ത്ഥാട നത്തിന് പോയ ഒരു മകന്‍റെ കഥ.മലകയറി മകനുമായി അമര്‍നാഥ്‌ എത്തിയ ആ അമ്മ അവിടെവെച്ച് മോക്ഷം പ്രാപിച്ചു .തിരികെ മൃതദേഹം പഹല്‍ഗാം എത്തിക്കാന്‍ ഏറെ ചിലവാണ്‌.നിസ്സഹായനായ മകന്‍ അമ്മയുടെ ദേഹം അവിടെ ഉപക്ഷിച്ച്‌ താഴ്വാര ത്തേക്ക്‌ പോന്നു.അജ്ഞാത മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ സൗജന്യമായി എത്തിക്കുമെന്ന് ആ മകന് നന്നായി അറിയാം.ദിവസങ്ങള്‍ കാത്തിരുന്നു മലയിറ ങ്ങിവന്ന അമ്മയുടെ ദേഹം ഏറ്റു   വാങ്ങുവാന്‍  ആ മകന്‍ ചന്ദന്‍ വാരിയില്‍ കാത്ത്  നിന്നത്രേ 
പാപ പരിഹാരത്തിന് ഇനിയും നാം ഏത് മലകള്‍ ചവിട്ടും !!! 

1990 -1996വര്‍ഷങ്ങളില്‍ കശ്മീര്‍ പൊള്ളിയ നാളുകളില്‍ അമര്‍നാഥ്‌ തീര്‍ഥാടനം നിരോധിച്ചിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു.പിന്നീട് നാല് വര്‍ഷങ്ങള്‍ക്കു ശേഷം 2000 ത്തില്‍  പഹല്ഗാമില്‍ നടന്ന  ഒരു കൂട്ടക്കൊല ആ മണ്ണിന്‍റെ ഹൃദയത്തില്‍ ഉണങ്ങാത്ത  മുറിവായി ഇന്നും ശേഷിക്കുന്നു, പുണ്യം തേടിയുള്ള ഈ യാത്രയിലെ വേദനിപ്പിക്കുന്ന ഓര്‍മ്മയായി........

ബോളിവുഡ് സിനിമകളില്‍ സുന്ദരിയായി തിളങ്ങിയ പഹല്‍ഗാം കാണാതെ  ഞാന്‍ നാട്ടിലേക്ക് പോയിരുന്നുവെങ്കില്‍ എത്ര നഷ്ട്ടമായി പോയേനെ എന്നോര്‍ത്തു  .തിരികെയുള്ള യാത്ര പ്രകൃതി ഭംഗികള്‍ ആവോളം ആസ്വദിച്ചായിരുന്നു.മലയുടെ ചരിവുകള്‍ ഇറങ്ങി തണുപ്പിനെ പുല്‍കി ദേവദാരു മരങ്ങള്‍ക്കിടയിലൂടെ ഒരു യാത്ര.....നഷ്ട്ടപെട്ടു പോകുന്ന ഓരോ കാഴ്ചകളും ജീവിതത്തില്‍ ഒരിക്കലും ഇനി കാണുവാന്‍ കഴിയില്ലല്ലോ എന്ന വിഷമം തണുപ്പിനോടൊപ്പം മനസ്സിനെ ഇടയ്ക്കിടെ കുത്തി നോവിച്ചു കൊണ്ടിരുന്നു. വഴികള്‍,ഗ്രാമങ്ങള്‍  ഒക്കെയും ഒരു നിമിഷം കൊണ്ട് കാഴ്ചയില്‍ നിന്നും അകന്നുപോയിക്കൊണ്ടിരിക്കുന്നു .ഭൂമിയിലെ സ്വര്‍ഗത്തില്‍ എനിക്ക് അവശേഷിക്കുന്നത് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം.മലയിറങ്ങി വരുമ്പോള്‍ താഴ്വരയില്‍ ശ്രീനഗര്‍ സുന്ദരിയായി മഞ്ഞപ്പട്ടുടുത്തു നില്‍ക്കുന്നു.
ഹസ്രത് ബാല്‍ എത്തുവോളം അന്‍സാരി പഴയ കാശ്മീര്‍ ദിനങ്ങളെ ക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.
സമാധാനവും സന്തോഷവും  നിറഞ്ഞ കുറേ നല്ല  ഓര്‍മ്മകള്‍ കശ്മീര്‍ മനസ്സുകളില്‍ ഇന്നും ഉണ്ട്‌,ഇത് "ഭൂമിയിലെ സ്വര്‍ഗമെന്ന്"  നല്ല മനസ്സുകള്‍ വാഴ്ത്തിപ്പാടിയ സുന്ദര ദിനങ്ങള്‍ .പക്ഷെ നിസ്സഹായരായ കശ്മീര്‍ ജനതയെ ഇന്നും  വേട്ടയാടുന്നത് സംഘര്‍ഷങ്ങള്‍ നിറഞ്ഞ ഭീകര നിമിഷങ്ങളും ,അതിന്‍റെ ബാക്കി പത്രങ്ങളും  മാത്രമാണ്  .  സ്വയം പര്യാപ്തത കൈവരിച്ചു എന്ന് തോന്നലുണ്ടാകുമ്പോള്‍ അണു  കുടുംബങ്ങളായി കൂട് മാറുവാന്‍ കൊതിക്കുന്ന നമ്മളെ പോലെയാണ് ഇന്ന് കാശ്മീരിലെ ഒരു വിഭാഗം ജനത,എന്ത് വന്നാലും ഭാരത  മണ്ണില്‍ ചേര്‍ന്ന് ജീവിക്കുമെന്ന് പ്രതി ജ്ഞ    എടുത്തവര്‍  മറ്റൊരു കൂട്ടര്‍,ഇതിലൊന്നും പെടാത്ത മനസ്സുള്ള ബാക്കിചിലര്‍.സാഹചര്യങ്ങള്‍ ,അനുഭവങ്ങള്‍ മനുഷ്യ മനസ്സുകളെ,തങ്ങളുടെ ചിന്തകളെ അപ്പാടെ മാറ്റിക്കളയുന്നു എന്നതിന് വ്യക്തമായ ഉദാഹരങ്ങള്‍ ആണ്‌ ഇന്ന് കശ്മീര്‍ മണ്ണില്‍ ജീവിക്കുന്ന ഈ പാവം ജനങ്ങള്‍.  സൈനീക കാവല്‍ തങ്ങളുടെ സര്‍വ സ്വാതന്ത്ര്യവും നിഷേധിക്കുന്നു എന്ന തോന്നല്‍ എല്ലാ മനസ്സുകളിലും ചെറിയൊരു മുറിവായി  ഇന്നും ശേഷിക്കുന്നു.എന്നാല്‍ കാവലാള്‍ ഇല്ലാത്ത ഒരു കാശ്മീരിനെ കുറിച്ച് ഇന്നത്തെ സാഹചര്യം ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നില്ല എന്നതാണ് മറ്റൊരു  സത്യം .കശ്മീര്‍ കാണുവാന്‍ എത്തുന്ന  സഞ്ചാരികള്‍ക്ക് ഇവിടുത്തുകാര്‍  നല്‍കുന്ന അകമഴിഞ്ഞ സ്നേഹത്തിന്  മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ഊഷ്മളത ഏറിയിട്ടുണ്ട്  എങ്കിലും അതിഥികളെ സ്വീകരിക്കാനാന്‍  ഇന്ന് കാശ്മീരില്‍ ആതിഥേയര്‍ കുറവാണ് എന്ന് വേണം കരുതാന്‍.കാശ്മീര്‍ ജനതയിലെ മുന്തിയ കച്ചവടക്കാര്‍ ഏറിയ പങ്കും സ്വന്തം ഭൂമിയെ വിട്ട് ഇന്ന് അന്യ സംസ്ഥാനങ്ങളില്‍ ചേക്കേറിയിരിക്കുന്നു.സ്വാത ന്ത്ര്യം നിഷേധിച്ച,സമാധാനം നിഷേധിച്ച  സ്വര്‍ഗത്തില്‍ നിന്നും ഒരു പടിയിറക്കം  .ഇന്ന്  ലോകത്തിന്‍റെ എതൊരു കോണില്‍ പോയാലും ഈ  സുന്ദരമുഖങ്ങളെ കാണുവാന്‍ കഴിയുന്നതിന് കാരണവും മറ്റൊന്നുമല്ല  . സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍   ഇന്നും അതേ സ്വര്‍ഗത്തില്‍ എല്ലാം നൊമ്പരങ്ങളും ഉള്ളിലൊതുക്കി വാഴുന്നു.

എല്ലാം വിളയുന്ന പുണ്യ ഭൂമിയായ കാശ്മീരിന്‍റെ  മണ്ണില്‍ എന്നെങ്കിലും ഒരിക്കല്‍ സമാധാനം പൂത്തുലയുന്ന നിമിഷങ്ങളെ കുറിച്ചുള്ള സ്വപ്നങ്ങള്‍ അന്‍സാരിയുടെ ഓരോ വാക്കിലും ഉണ്ടായിരുന്നു.സത്യത്തില്‍ കശ്മീര്‍ ഒരു പുണ്യ ഭൂമി തന്നെയാണ്.ഈ മണ്ണ് ഇവിടെയുള്ള മനുഷ്യര്‍ക്ക്‌ എല്ലാം നല്‍കുന്നു,"വെജിറ്റബിള്‍ ഗോള്‍ഡ്‌ "എന്ന് പേര് കേട്ട കുങ്കുമ പൂവുവരെ ......എന്നിട്ടും സമാധാനം  ഇന്നും ഇവര്‍ക്കൊരു കിട്ടാക്കനിയാകുന്നത്തിന് ആരാണ് ഉത്തരവാദികള്‍ ? 

ശ്രീനഗര്‍ കടക്കുന്നതിനു തൊട്ടു മുന്‍പ്‌ ഒന്ന് രണ്ട്  സൈനീകര്‍ യന്ത്ര തോക്കുകളുമായി വാഹനം തടഞ്ഞു .ഒരു ജവാന്‍ കാറിനുള്ളിലേക്കും ,കാറിനുള്ളിലെ എല്ലാ മുഖ ങ്ങളിലെക്കും ടോര്‍ച്ചു മിന്നിച്ചു.പരിശോധനകള്‍ക്ക് ശേഷം കാര്‍ സ്ട്രാറ്റ് ചെയ്ത  അന്‍സാരി വല്ലാതെ പ്രകോപിതനായി."നിങ്ങള്‍ സ്ത്രീകള്‍ വാഹനത്തില്‍ ഉണ്ട് അതാണ്‌ ടോര്‍ച്ചു മിന്നിച്ചുള്ള ഈ   പരിശോധന" .ഇന്ത്യന്‍ ജവാന്മാരെ കുറിച്ച് ആവേശത്തോടെ  ഞാന്‍ പറയുന്നതൊന്നും തന്നെ അംഗീകരിക്കാന്‍ ഒരിക്കല്‍ പോലും അന്‍സാരി തയ്യാറായില്ല  .ശ്രീനഗര്‍ മുതല്‍ അധിനിവേശ കാശ്മീര്‍ വരെ കാവല്‍ നില്‍ക്കുന്ന ധീര  യോദ്ധാക്കളോട് അന്‍സാരിക്ക് യാതൊരു മമതയും ഉണ്ടായിരുന്നില്ല എന്നും എനിക്ക് തോന്നി.കാര്‍ഗില്‍ യുദ്ധത്തിന്റെ ഓര്‍മ്മയില്‍ നീറിക്കൊണ്ടിരിക്കുന്ന എന്‍റെ മനസ്സ്  അന്‍സാരി വീണ്ടും പറഞ്ഞുകൊണ്ടിരുന്നവാര്‍ത്തകള്‍   കേട്ട്  പ്രതികരിക്കാന്‍ കഴിയാതെ മനപൂര്‍വം ഉറങ്ങിപോയി.

ഹസ്രത് ബാല്‍ എത്തിയപ്പോള്‍ പതിവുപോലെ തണുപ്പിന്‍റെ കാറ്റ് വീശി തുടങ്ങി.സബര്‍വന്‍ മലനിരകളെ തഴുകി ,ദല്‍ തടാകത്തെ ഉറക്കി വീശി വന്ന തണുത്ത കാറ്റില്‍ ഞാന്‍ എന്നെയും തണുപ്പ് ഞങ്ങളെയും പുണര്‍ന്നുറങ്ങിയ  ഒരു രാത്രികൂടി കടന്നു പോയി.

കണികണ്ടുണരാന്‍ കൊന്നപ്പൂക്കളില്ലാത്ത ഒരു മേട വിഷു പിറന്ന ദിവസം .
.ഉച്ചയൂണിന് ശേഷം വൈകാതെ ലാല്‍ ചൗക്കിലേക്ക് പുറപ്പെട്ടു. ഹസ്രത് ബാല്‍ നിന്നും വീണ്ടും ഒരു ബസ്സ് യാത്ര.പോകുന്ന വഴിയില്‍നല്ല തിരക്കായിരുന്നു .നാട്ടില്‍ വിഷു വെങ്കില്‍ ഇവിടെ വൈശാഖി ആഘോഷങ്ങള്‍.സിഖ് മതത്തിന്‍റെ  ജനനം ആണ്‌  വൈശാഖി  ആയി ഇവര്‍ ആഘോഷിക്കുന്നത് .ഹിന്ദു മത വിശ്വാസം അനുസരിച്ച്  വൈശാഖി   എന്നത് പുതുവര്‍ഷ ആഘോഷം കൂടിയാണ് ,മാത്ര മല്ല  അനേകായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ സ്വര്‍ഗത്തില്‍  നിന്ന്   ഭൂമിയിലേക്ക്‌ ഇറങ്ങിവന്ന വന്ന ഗംഗയുടെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ ആഘോഷം . ബുദ്ധ മത വിശ്വാസികള്‍ക്കും വൈശാഖി  സുപ്രാധാന  ദിനമാണ്  .മക്ദൂം സാഹിബ്‌ എത്തിയപ്പോള്‍ ഗുരുദ്വാരയിലും പരിസരത്തും അഭൂതപൂര്‍വമായ തിരക്ക്.പുതു പുത്തന്‍ ഉടുപ്പിട്ട്കൊച്ചു സിഖ് കുഞ്ഞുങ്ങള്‍ മാതാപിതാക്കളോടൊപ്പം വൈശാഖി ആഘോഷിക്കുന്നു .

"സെലി ബ്രേറ്റ്  ദി ഈവ്  ഓഫ് വൈശാഖി  ദി   ബര്‍ത്ത്   ഓഫ് സിഖ്സ്"
എന്ന് എഴുതിയ ബാനറുകള്‍ മിക്കയിടങ്ങളിലും കാണുവാന്‍ കഴിഞ്ഞു .വഴിയിലുടനീളം ഇതേ തിരക്ക് തന്നെ .നന്നേ ഇടുങ്ങിയ വഴിയിടങ്ങള്‍ ഉത്സവ ലഹരിയില്‍ അമര്‍ന്നപ്പോള്‍ കടന്നു പോകുവാന്‍ വഴികളില്ലാതെ വാഹനങ്ങള്‍ക്കും ആലഹരി നുകര്‍ന്ന് മണിക്കൂറുകള്‍ വഴിയില്‍ കിടക്കേണ്ടി വന്നു .



ദല്‍ ഗേറ്റു  കടക്കുമ്പോള്‍ ദല്‍ തടാകത്തിന്‍റെ കൈവഴികളില്‍ ഒന്നില്‍ മനോഹരങ്ങളായ അനേകം ഹൗസ്സ്   ബോട്ടുകള്‍ കണ്ടു.തടാകത്തില്‍ സഞ്ചാരികളെ കാത്ത് ശിക്കാറകള്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു 


പതിവിലും തെളിഞ്ഞ ഒരു പ്രഭാതം ആയിരുന്നു അന്ന്  .ലാല്‍ ചൗക്കില്‍ നന്നേ തിരക്ക്.വെള്ളിയാഴ്ച മരണപ്പെട്ട മത നേതാവിന്‍റെ ഭൌതീക ശരീരം വഹിച്ചുകൊണ്ട്‌ നിറഞ്ഞുതിങ്ങിയ വിലാപയാത്ര  ഇതേ ലാല്‍  ചൗക്കിലൂടെ കടന്നു പോകുന്ന ഒരു ചിത്രം  കഴിഞ്ഞ ദിവസത്തെ പത്രത്താളില്‍ കണ്ടതാണ്.കാശ്മീരിന്‍റെ  കഴിഞ്ഞ നാളുകളില്‍ പലപ്പോഴും അപരാധികളുടെയും, നിരപരാധികളുടെയും രക്തം ചിന്തിയ വീഥികളിലേക്കാണ് ഇറങ്ങുവാന്‍ പോകുന്നത് എന്നുള്ള തയ്യാറെടുപ്പും ഉള്ളുകൊണ്ട് ഞാന്‍ എടുത്തു.ഇടുങ്ങിയ തെരുവുകളില്‍ ആണ്‌ മിക്ക കടകളും .സുന്ദരികളും സുന്ദരന്മാരും ഒഴുകിനടക്കുന്ന ഒരു ലോകം. പര്‍ദയില്‍ മറച്ച കാശ്മീര്‍  സൗന്ദര്യത്തിനു പത്തരമാറ്റ് തിളക്കം .നിരനിരയായി കടകളില്‍ വില്‍പ്പനയ് ക്കായി  പ്രദര്‍ശിപ്പിച്ചിരിക്കുന്ന  പലതരം വസ്ത്രങ്ങള്‍ ,  കൗതുക വസ്തുക്കള്‍,വളരെ ആകാംഷയോടെ അത് തിരഞ്ഞെടുക്കുന്ന കാശ്മീര്‍ സുന്ദരികള്‍.അലങ്കാര വസ്തുക്കളോടും ,പെര്‍ഫ്യൂമുകളോടും കാശ്മീരികള്‍ക്ക്‌ പ്രിയമെന്ന്  തോന്നി.മിക്ക ഭവനങ്ങളിലും  കാര്‍പെറ്റുകളുടെ ഉപയോഗമുള്ളതിനാല്‍  മാര്‍ക്കെറ്റില്‍ എവിടെയും വിവിധ ഡിസൈനുകളില്‍ ഉള്ള പലയിനം  കാര്‍പെറ്റുകള്‍  വില്‍പ്പനയ്ക്കായി കാണുവാന്‍ കഴിഞ്ഞു .കാശ്മീരില്‍ കിട്ടുന്ന "പഷ്മിന" ഷാള്‍ ലോക പ്രസിദ്ധി  യാര്‍ജിച്ചവയാണ്  .ഹിമാലയന്‍ മലനിരകളില്‍ കാണുന്ന ഒരു പ്രത്യേകതരം ആടിന്‍റെ(Changthangi or Pashmina goat ) രോമത്തില്‍ നിന്നും നിര്‍മ്മിക്കുന്ന  പഷ്മിന തുണിത്തരങ്ങള്‍ തണുപ്പിനെ ഏറെ പ്രതിരോധിക്കുന്നു.ശുദ്ധമായ ഉരുകിയ നെയ്യ് പഷ്മിന യില്‍ പോതിഞ്ഞ് മഞ്ഞില്‍ മൂടിയിട്ടാല്‍ അത് ഉറയാതെ തന്നെ കാണും എന്നും പറയപ്പെടുന്നു.സുന്ദരികളുടെയും ,സുന്ദരന്‍മാരുടെയും ,വര്‍ണങ്ങളുടെയും ഒരു മായിക പ്രപഞ്ചമാണ്‌ ലാല്‍ ചൌക്ക്. വിലപേശിയാല്‍ വളരെ കുറഞ്ഞ വിലയില്‍ സാധങ്ങള്‍ പലതും  നമുക്ക് വാങ്ങാം.കശ്മീര്‍ വന്നതിന് ശേഷം അന്തരീക്ഷത്തിന് അല്‍പ്പം ചൂട് അനുഭവപ്പെട്ട ദിവസമായിരുന്നു അന്ന്  .നല്ല തെളിഞ്ഞ സൂര്യന്‍,കച്ചവടക്കാരുടെ മുഖത്തെല്ലാം സൂര്യനെപോലെ നിറഞ്ഞ തിളക്കം .അടുത്തു കണ്ട ഒരു ബേക്കറിയില്‍ നിന്നും ഞങ്ങള്‍  ഐസ് ക്രീം വാങ്ങി കഴിച്ചു.ആദ്യ ദിനങ്ങളില്‍  കശ്മീര്‍ കാഴ്ചകള്‍ കാണുവാന്‍ പോയ ചില വേളകളില്‍   ഐസ് ക്രീം പരസ്യങ്ങള്‍ ഉളള ബോര്‍ഡുകള്‍ ചിലയിടങ്ങളില്‍ കണ്ടിരുന്നു.തണുപ്പില്‍ വിറയ്ക്കുന്ന ഈ കാശ്മീര്‍ ജനതയേയും  ,ഐസ് ക്രീമും എത്ര ആലോചിച്ചിട്ടും കൂട്ടി വായിക്കുവാന്‍ കഴിഞ്ഞില്ല .ഇളം ചീരപോലെ അര്‍ബിന വാടിതള ര്‍ന്നു പോയ  ആ ചൂടില്‍ എന്നെ തണുപ്പിക്കാന്‍ ആ നിമിഷം ഒരു കപ്പ്‌ കാശ്മീര്‍  ഐസ്ക്രീം തന്നെ വേണമായിരുന്നു.



ഉണങ്ങിയ വാല്‍ നട്ട് വില്‍ക്കുന്ന കടയില്‍ വില ചോദിച്ചു.കൊലഗാമില്‍ നിന്നും അബ്ബ കൊണ്ടുവന്ന അക്രൂട്ട് തലേന്ന് രാത്രി മുന്തസിര്‍ ഞങ്ങള്‍ക്ക് തോടിളക്കി കഴിക്കാന്‍ തന്നിരുന്നു.ബാദാമിനെക്കാള്‍ സ്വാദുള്ളതായിതോന്നി അക്രൂട്ട്(വാല്‍ നട്ട് ).നാട്ടിലേക്ക്  കൊണ്ടുപോരാന്‍  ഫയാസ്സു ഭായി തന്നെ വില പറഞ്ഞ്   അക്രൂട്ട് വാങ്ങിത്തന്നു.ചെറിയ ഷോപ്പിംഗിന് ശേഷം  വൈകുന്നേരത്തോടെ  ലാല്‍ ചൌക്കിന് തൊട്ടടുത്തുള്ള ഇഖ്ബാല്‍  പാര്‍ക്കില്‍ അല്‍പ്പ സമയം വിശ്രമം.ചിനാര്‍ മരങ്ങള്‍ ആകാശം  തൊട്ടുനില്‍ക്കുന്ന ആ പാര്‍ക്കില്‍ പ്രണയ സല്ലാപത്തില്‍ മുഴുകിയ യുവ മിധുനങ്ങള്‍ തണലിടം തേടി നേരത്തെ ഇരിപ്പുറപ്പി ച്ചിരിക്കുന്നു .കാശ്മീര്‍ പൂന്തോട്ടങ്ങള്‍ ജന്മം കൊണ്ടത്‌ തന്നെ ഇത്തരം പ്രണയാതുര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനായിരുന്നല്ലോ  . മരങ്ങളുടെ ഇത്തിരിപോന്ന തണലിടങ്ങളില്‍ ഇരുന്ന്‌ സ്വകാര്യം പറയുന്നത്  ജഹാന്ഗീര്‍ രാജകുമാരനും പ്രിയ സഖി നൂര്‍ജഹാനും ആകുമോ ?അതോ ഷാജഹാനും മുംന്താസുമോ !

സന്ധ്യ മയങ്ങിയപ്പോള്‍ ദല്‍ ഗേറ്റിനരികിലെത്തി എത്തി.മുനിഞ്ഞു  കത്തുന്ന വിളക്കുകള്‍ നിറച്ച്‌ ദല്‍ തടാകത്തില്‍ നിരവധി ജലയാനങ്ങള്‍.കാലത്ത് മാറിനിന്ന മഴ അല്‍പ്പാല്‍പ്പമായി പെയ്യുന്നുണ്ട്.മഴ തൊട്ടാല്‍ കശ്മീര്‍ മണ്ണിന്‌ വല്ലാത്ത കുളിരാണ്.മണ്ണിലൂടെ ആ കുളിര് നമ്മിലേക്കും പകര്‍ന്ന് നല്‍കും  ഈ നാട് ,അല്ലെങ്കില്‍ ഈ കുളിര് നാമായി കവര്‍ന്നെടുത്തു കളയും എന്ന് അറിയാം ഇവര്‍ക്ക്
.അതുകൊണ്ടുതന്നെയാവും മരുഭൂമിയിലിരിക്കുമ്പോഴും "കാശ്മീര്‍ "എന്ന് കേള്‍ക്കുമ്പോള്‍ നാം അറിയാതെ നമ്മുടെ മനസ്സിലേക്ക് ഒരു മഞ്ഞ് മഴ പെയ്തിറങ്ങുന്നത് .

ദല്‍ ഗേറ്റിനരികിലെ ഒരു ഹോട്ടല്‍ നിന്ന് നല്ല രുചിയുള്ള കാശ്മീരി മസാല ടീ വാങ്ങി കുടിച്ചു .ഹോട്ടല്‍ റിസ്സപ്ഷനില്‍  കശ്മീരിന്‍റെ  മഞ്ഞുകാല ചിത്രങ്ങള്‍ ഫ്രെയിം ചെയ്തു തൂക്കിയിട്ടിരിക്കുന്നു.അതില്‍ ഒന്നില്‍ എനിക്ക് എന്തെന്നില്ലാത്ത കൗതുകം തോന്നി . ഉറഞ്ഞു കിടക്കുന്ന ദല്‍ തടാകത്തിലൂടെ സൈക്കിള്‍ ചവിട്ടുന്ന ഒരു കുട്ടിയുടെ ചിത്രമായിരുന്നു അത്. 
ദല്‍ ഗേറ്റിനരികിലുള്ള മഞ്ഞ് പൊഴിഞ്ഞ റോഡിലൂടെ വെറുതേ ഒരു നടത്തം.ഒരു വശത്ത്  വാഹനങ്ങളും   മറുവശത്ത് ദല്‍ തടാകത്തിന്‍റെ കൈവഴിയും.മെല്ലെ വീശിയടിക്കുന്ന തണുത്ത കാറ്റ് കൊണ്ട് വന്ന മഞ്ഞുത്തുള്ളികള്‍ നെറുകയില്‍ വീണ്‌ ചിതറി തെറിച്ചു.നക്ഷത്രങ്ങളും   നിലാവും ഇല്ലാതിരുന്നിട്ടും ഏതോ വെളിച്ചം വീണ്‌ ആകാശം തെളിഞ്ഞു 
തണുപ്പ് തണുപ്പിനെ പുല്‍കുന്ന ആസന്ധ്യയില്‍   മഞ്ഞ് മഴയില്‍ നനഞ്ഞ്‌  അങ്ങനെ നടക്കുമ്പോള്‍ , ജഗജിത് സിംഗിന്‍റെ ശബ്ദ മാധുരിയില്‍ എന്‍റെ ആ ഇഷ്ട്ട   ഗസല്‍ കൂടി അകമ്പടിയായി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് കൊതിച്ചുപോയി.
ഹസ്രത് ബാല്‍ തിരികെ എത്തിയപ്പോള്‍ നന്നേ വൈകി.ഈ ശ്രീനഗറില്‍  എനിക്കുവേണ്ടി.ഇനി രണ്ട് രാത്രിയും ഒരുപകലും ,നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കങ്ങള്‍ നാളെ തുടങ്ങണം.അന്ന്  ,തണുപ്പും മഴയും നേരത്തെ എന്നെ   ഉറക്കുവാന്‍ പരിശ്രമിച്ചുവെങ്കിലും വരാനിരിക്കുന്ന  ദിനങ്ങള്‍ എനിക്കുവേണ്ടി കരുതിയിരിക്കുന്ന കാശ്മീര്‍ വിരഹത്തിന്‍റെ  വേദന ചൂടുള്ള  ഒരു നോവായി ആ രാത്രി ഓരോ ഉണര്‍വിലും എന്‍റെ മനസ്സിനെ  വേദനിപ്പിച്ചു കൊണ്ടേയിരുന്നു..........

(തുടരും )


Sunday, May 20, 2012

കണ്ണേ കരയരുത് ...കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കി





ഇന്നലെയായിരുന്നു ആ വീട്ടിലേക്ക് ഞങ്ങള്‍  ചെന്നത് ,ഇഷ്ട്ടികകള്‍ അടുക്കികെട്ടിയ പണിതീരാത്ത വീട്ടില്‍ വിജയനുണ്ട്,വിജയന്‍റെ പ്രിയ ഭാര്യയും പത്തുവയസ്സുകാരന്‍ വൈശാഖും , നാല്  വയസ്സുകാരന്‍ വിവേകുമുണ്ട് .ഇനിയും കുറേ വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ പോയാല്‍ ന്യൂ ഇയര്‍ ആഘോഷം നിറഞ്ഞ പീറ്റര്‍ സായ് വിന്‍റെ  വീട്ടില്‍ കുട്ടികള്‍ക്ക് പൂത്തിരി കത്തിച്ചു കൊടുക്കുന്ന ഡ്രൈവര്‍ വിജയനെകാണാം.അന്തി മയങ്ങിയ നേരം  കായല്‍ കരയിലുള്ള വീട്ടില്‍ കുട്ടികളൊടൊത്ത്  മറ്റൊരു കുട്ടിയായി വിജയനും.പിന്നെയും എത്രയോ വേളകളില്‍  ഞാന്‍ അയാളെ   കണ്ടിട്ടുണ്ട്.പലവട്ടം വിജയന്‍ ഡ്രൈവ് ചെയ്ത  അംബാസിഡറില്‍  കുടുംബ സമേതം യാത്രചെയ്തിട്ടുണ്ട്  .

കാലം കാഴ്ചകള്‍ക്കായി എന്തെല്ലാമാണ് ഒരുക്കി വെക്കുക!!!

നാളുകള്‍ക്കിപ്പുറം വിവാഹിതനും രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനുമായ വിജയനെയും കാട്ടി തന്ന   അതേ വിധി തന്നെയാണ്  കഴിഞ്ഞ ആഴ്ച സ്കൂളില്‍ ,തന്‍റെ കുട്ടികള്‍ക്ക് ഫീസ്സ്‌   ഇളവിനുള്ള അപേക്ഷാ ഫോം കൊടുക്കുവാന്‍ പ്രിന്‍സിപ്പല്‍ സിസ്റ്ററിനെ  കാത്ത് നില്‍ക്കുന്ന വിജയന്‍റെ ഭാര്യയേയും എന്‍റെ കണ്മുന്‍പില്‍ കൊണ്ടുവന്നത് . .ഈ നാളുകളില്‍ വിജയനെ വേട്ടയാടിയ  അസുഖവിവരം അറിഞ്ഞിരുന്നു ഞാന്‍ .ഒരു ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കാത്ത  അയാള്‍ക്ക് എങ്ങനെ ഇത്തരത്തിലുള്ള ഒരു രോഗം വന്നു എന്നതിനും ഉത്തരമില്ല  . കീമോതെറാപ്പിയും  റേഡിയേഷനും തളര്‍ത്തിയ ശരീരത്തില്‍ തളരാത്ത മനസ്സുമായി  അയാള്‍   ഉയിര്‍ത്തെഴുന്നേല്‍ക്കുക യായിരുന്നു.ജീവന്‍ തിരികെ കൊടുത്തിന്‌ പകരമായി വിധിക്ക്   കൈമാറേണ്ടി വന്നത്‌  സൗമ്യമായ  ആ സംസാരശേഷിയും.രോഗത്തിന്റെ തീഷ്ണതയില്‍  നാവ് മുറിച്ചു മാറ്റിയിട്ടും വിജയന്‍ എല്ലാവരോടും  സ്ഫുടതയില്ലാത്ത വാക്കുകളില്‍ സംസാരിച്ചു. മനസ്സിന്‍റെ ശക്തിയില്‍ ഇരട്ടി ശക്തി ആവാഹിച്ച കൈകള്‍ വീണ്ടും വളയം പിടിച്ചു.
അങ്ങനെയാണ് കഴിഞ്ഞ വര്‍ഷം കാശ്മീര്‍ പോകുന്ന ഞങ്ങളെ  യാത്രയാക്കുവാന്‍ തീര്‍ത്തും രോഗ വിമുക്തനായ  വിജയന്‍ എയര്‍പോര്‍ട്ടില്‍  വന്നത്.ആഹാരം കഴിക്കുവാനും  സംസാരിക്കുവാനുമുള്ള പ്രയാസം  അയാള്‍  ആരും അറിയാതെ മറച്ച്  വെക്കുന്നു എന്ന് എനിക്ക്  പലപ്പോഴും തോന്നിയിട്ടുണ്ട്.
ഒരു വര്‍ഷം കഴിഞ്ഞു വിജയനെ കണ്ടിട്ട്.

ഫീസ്സ്‌ ഇളവു നല്‍കുന്ന കാര്യം ആലോചിക്കാം  എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതായി ഗീത പറഞ്ഞു.തന്‍റെ  ഭര്‍ത്താവ്  വീണ്ടും കിടപ്പിലായി എന്നും ചികിത്സയ് ക്കായി ജീവിത മാര്‍ഗമായിരുന്ന കാര്‍ വിറ്റു  എന്നും ഗീത പറയുമ്പോള്‍ വിധിയോടു ചോദിയ്ക്കാന്‍ ചോദ്യമില്ലാതെ ഞാനും തളര്‍ന്നു. മുഖത്തെപ്പോഴും വിഷാദം നിറഞ്ഞചിരിയുള്ള     പ്രത്യേക ഭാവമായിരുന്നു ഗീതയ്ക്ക്.

ഇന്നലെ പതിവില്ലാതെ പ്രിന്‍സിപ്പല്‍ എനിക്ക്  ഫോണ്‍ ചെയ്തു.
വിജയന്‍റെ വീട്ടില്‍ ഒന്ന് പോകണം  എന്ന് ,ഫീസ്സ്‌ ഇളവിന്റെ നിയമവശങ്ങള്‍ അനുസരിച്ച്  സ്കൂള്‍ അധികൃതരുടെ ഭാഗത്ത്‌ നിന്നും ഒരന്വേഷണം .പണിതീരാത്ത ആവീട്ടില്‍ അങ്ങനെയാണ്  ഞങ്ങള്‍  പോയത്.ഒരു പുഞ്ചിരിയില്‍  ആയിരം ദുഃഖങ്ങള്‍ ഒതുക്കുന്ന കാഴ്ചയായിരുന്നു ഗീതയുടെ മുഖത്ത്. മണ്‍കട്ടകള്‍ ചുവരുകള്‍ തീര്‍ത്ത  മുറിയിലെ കട്ടിലില്‍ അവശനായി വിജയന്‍.ഒരുവട്ടം വന്നു പോയ രോഗം വീണ്ടും തിരികെ വന്ന്‌  വിജയനെ ആകെ മാറ്റിയിരിക്കുന്നു. ഒരു വേള ജീവന്‍ തിരികെ നല്‍കിയപ്പോള്‍ പോലും വിധി  അയാളെ  ഇത്ര തളര്‍ത്തിയിരുന്നില്ല  എന്ന് തോന്നി .കായല്‍ കരയിലെ ന്യൂ ഇയര്‍ ആഘോഷ വേളയില്‍ ആര്‍ത്തു ചിരിച്ച്‌ കുട്ടികളോടൊപ്പം പൂത്തിരി കത്തിക്കുന്ന രൂപം മനസ്സില്‍ നിറഞ്ഞു.
വേദന വറ്റിച്ച കണ്ണുകള്‍ ഞങ്ങളെ കണ്ടപ്പോള്‍ നിറയുന്നുവെന്നും തോന്നി.ഇടക്കൊക്കെ ഒരു നാല്  വയസ്സുകാരന്‍ മുറിയിലേക്കോടി  വന്ന്  തന്‍റെ അച്ഛന്‍റെ തലയില്‍ തൊട്ട് ,മുടിയില്‍ തഴുകി പിന്നെ എന്നോട് ചിരിച്ച്  ഒന്നുമറിയാതെ,അല്ലെങ്കില്‍ എന്തൊക്കെയോ അറിഞ്ഞ്  അവന്‍റെ  ഏട്ടനോട്  ചേര്‍ന്ന്  വാതില്‍ മറഞ്ഞു നിന്നു .രോഗത്തിന്‍റെ   വിഷമതകളെക്കുറിച്ചും ,ചികിത്സയെക്കുറിച്ചും ഗീത സ്കൂള്‍ അധികൃതരോട് പറയുന്നുണ്ടായിരുന്നു.ഇടക്കെപ്പോഴോ ഗീതയുടെ മുറിഞ്ഞുപോയ വാക്കുകള്‍ കൂട്ടി  യോജിപ്പിച്ച്‌ സംസാരിക്കാന്‍  വിജയന്‍ ഒരു പാഴ്ശ്രമം നടത്തിയപ്പോള്‍ ഇഷ്ട്ടിക പാകിയ ഭിത്തിയില്‍ കണ്ട സഹായ മാതാവിന്‍റെയും ഉണ്ണിക്കണ്ണന്‍റെയും ചിത്രങ്ങളിലേക്ക് ഞാന്‍ എന്‍റെ നിറഞ്ഞുപോയ കണ്ണുകളെ പറഞ്ഞയച്ചു.
യാത്ര പറഞ്ഞിറങ്ങും മുന്‍പ്‌ ആശ്വാസ വചനങ്ങള്‍  നിറച്ച് സിസ്റ്റര്‍ ഗീതയോട് സംസാരിച്ചു,കുട്ടികളോട് മിടുക്കരായി പഠിക്കണമെന്ന് വാത്സല്യപൂര്‍വ്വം ഉപദേശിച്ചു.പ്രാര്‍ത്ഥനകള്‍ എല്ലാത്തിനും ഫലം കാണുമെന്നും എത്രയും  വേഗം സുഖം പ്രാപിക്കുമെന്നും പറഞ്ഞ്  ആ പടികള്‍ ഇറങ്ങുമ്പോള്‍ വേദനകള്‍ തളര്‍ത്തിയ കണ്ണുകള്‍ ഞങ്ങളോട് ചിരിച്ചു.
തിരികെയുള്ള യാത്രയിലുടനീളം വിജയനെയും കുടുംബത്തെയും കുറിച്ചായിരുന്നു സംസാരം.വീണ്ടും ഒരു ഫീനിക്സ് പക്ഷിയെപോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന വിജയനെ പ്രതീക്ഷയോടെ ഞാനോര്‍ത്തു .
കരുണയുള്ളവന്‍ ഇവരില്‍ അല്‍പ്പമെങ്കിലും കാരുണ്യം ചൊരിയാതിരിക്കുമോ?
ആയിരം മനസ്സുകള്‍ അനുഭവിക്കുന്ന നൊമ്പരത്തിന്‍റെ  ഒരംശം മാത്രമാണിത് .
യാത്രയില്‍ കാണുന്ന വര്‍ണ്ണാഭമായ കാഴ്ചകള്‍ക്കപ്പുറം ഇത്തരം ചില സത്യങ്ങളെ കണ്ടില്ലെന്ന്‌  നടിക്കാനാവുന്നില്ല.

വിജയനും കുടുംബത്തിനും വേണ്ടി സര്‍വ്വശക്തനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് ......

ചിത്രം:കടപ്പാട് ഗൂഗിള്‍ 

Sunday, April 08, 2012

ഗ്രാന്റിസ്സ്



അങ്ങിങ്ങായി അടുക്കും ചിട്ടയുമില്ലാതെ നില്‍ക്കുന്ന വേലിക്കല്ലുകള്‍  മാത്രമാണ്  ആ ഗ്രാമത്തിന്‍റെ ഭംഗികുറക്കുന്നതെന്ന് തോന്നിയിട്ടുണ്ട് .ഇതിപ്പോള്‍ ഗ്രാന്റിസ്സിന്‍റെ   രണ്ടാം വിളവെടുപ്പ് കാലം .മതിച്ചു വിറ്റാല്‍ ലക്ഷങ്ങള്‍  തരുന്ന തമിഴ് രുചിയുള്ള മലയാള മണ്ണിനോട് പ്രിയം തുടങ്ങിയിട്ട് കൊല്ലം പതിനേഴാകുന്നു.
"അവര്‍ വന്നിട്ടുണ്ട് സര്‍ ...."
പതിഞ്ഞ കൊലുസ്സിന്റെ കിലുക്കം അടുത്തു വന്നു.ഉരുളക്കിഴക്കും വെളുത്തുള്ളിയും  വിളഞ്ഞ  മണ്ണിന്‍റെ  അഴുക്കു പിടിച്ച കാല്‍ പാദങ്ങള്‍ ഇരുട്ടില്‍ കാണുവാന്‍ കഴിഞ്ഞില്ല.
"കറന്റ്‌ പോയി സര്‍ മെഴുകുതിരി എടുത്തു വരാം ....."
അരികില്‍ നിന്ന കൊലുസ്സിട്ട രൂപം ഒന്നും മിണ്ടിയില്ല.അപ്പോള്‍ വിടര്‍ന്നു തുടങ്ങിയ   മുല്ലമൊട്ടിന്‍റെ  വാസന കാറ്റ് കൊണ്ട് വന്നു .
കത്തിച്ച മെഴുകുതിരി കട്ടില്‍ പടിയില്‍ അമര്‍ത്തുമ്പോള്‍ ചിന്ന റാസ ഓര്‍മ്മപ്പെടുത്തി .
"മലയാളം കുറച്ച്‌ അറിയാം സര്‍ ....ഊര്   കുടി പെണ്ണ് "
നാല് കണ്ണുകള്‍ ഇരുട്ടില്‍ തിളങ്ങിയപ്പോള്‍ ഏതോ ഉള്‍ക്കാട്ടില്‍ ഒറ്റപ്പെട്ട പോലെ അവള്‍ ഭയന്നു നിന്നു.പുറത്ത് മഴപെയ്തൊഴിഞ്ഞു 
"നിന്‍റെ പേരെന്താ ?"
ഇരുട്ടില്‍ കറുത്ത മിഴികളില്‍ തിളക്കം.
"വെണ്ണില.."
ആകാശ ചരുവില്‍ ഒന്നുരണ്ടു നക്ഷത്രങ്ങള്‍ ചിമ്മി മറഞ്ഞു. 
മഴ തുടങ്ങിയാലുള്ള ഈ കറന്റ്‌  പോക്ക് നാട്ടിലേപ്പോലെ ഇവിടെയും ഇപ്പോള്‍ പതിവായിട്ടുണ്ട് .
മന്നവന്‍ ചോല  വീശിയടിച്ച തണുത്ത കാറ്റ് മലകള്‍ താണ്ടി, പാതിവഴി പിന്നിട്ട് തിരികെ പോയ   മുല്ലപ്പൂ  മണവും കൊണ്ട്  വീണ്ടും  വന്നു. 
"ഇങ്ങടുത്തു വാ ......"
ചിന്ന രാസ പകര്‍ന്നിട്ടുപോയ ഹണീ ബീ ബ്രാണ്ടി ഒരു സിപ് അകത്താക്കി, 
തിളങ്ങുന്ന മൂക്കുത്തിയിലൂടെ മെല്ലെ  വിരലുകളോടിച്ചു.മുടിയിഴകളില്‍ ഇളം കാട്ട് കൊളുന്തിന്റെ ഗന്ധം.
"പെണ്ണെ നീ അടുത്ത വരവിന്  ഊര് വാസികളെ  കൂട്ടി സമരത്തിനൊന്നും വരില്ലല്ലോ ..."
അറിയാത്തൊരു ഉള്‍ഭയം മനസ്സില്‍ ഒളിപ്പിച്ച് വിറകൊടിച്ചു  തഴമ്പുള്ള   കൈവിരലുകള്‍  കവര്‍ന്നു  വെറുതെ ഒരു ചോദ്യം .
"കുഴപ്പമില്ല സര്‍.മാലാഡി ഉണ്ടുമേ ........""
തണുപ്പിന്‍റെ ചില്ല് പാത്രത്തിലെവിടെയോ ഊര് കുടി പെണ്ണിന്‍റെ  ചിരി മൊഴികള്‍  ചിതറി വീണു 
കാട്ട്  മുളയില്‍  തേവിയ  ചെറു തേനിന്‍റെ   മധുര സ്വരം.

" മാലാ - ഡി അത് മറ്റേ ഗുളികയല്ലേ പെണ്ണെ .....?ഊര് കുടി പെണ്ണിനെങ്ങനെ.....!"

ആകാശത്ത് വീണ്ടും നക്ഷത്രങ്ങള്‍ നിറയവേ ,മുല്ലപൂമണം ചോല വന ങ്ങളിലേക്ക് തിരികെ പോകവേ, രാവിന്‍റെ അവസാനയാമത്തില്‍ വാടിയ കൊളുന്തുപോലെ  നിലാവ് മാനത്ത് കിടക്കവേ ,അവള്‍  വാലായ്‌മ പുര  യെക്കുറിച്ച് പറഞ്ഞു.മാസത്തില്‍ അഞ്ച്‌ ദിവസം  ഊര് കുടി പെണ്ണുങ്ങള്‍  വാലായ്‌മ പുരയില്‍ ഒളിക്കണം.ദുര്‍ഗന്ധം വമിക്കുന്ന  ഇരുളടഞ്ഞ  മുറിയില്‍ പുറം ലോകം കാണാതെ പേടിച്ച്, ഭീകരത നൃത്ത മാടുന്ന ആ ഇരുട്ടില്‍  ഒറ്റയ്ക്ക് .

വയസ്സറിയിച്ച   ശേഷം  വല്ലായ്മ പുരയിലെ   ഇരുട്ടില്‍ തണുത്തു  വിറച്ച്‌   പേടിച്ചു കഴിഞ്ഞഅനേകം നാളുകള്‍ വെണ്ണില ഓര്‍ത്തെടുത്തു  
 ഒരിക്കല്‍ നാട്ടില്‍ നിന്നു  വന്ന ഒരാള്‍ പറഞ്ഞാണത്രേ  ഈ ഗുളികകളെ കുറിച്ചറിഞ്ഞത് 
വാലായ്‌മപുരയെ ഭയന്നു ഇന്ന് ഊരിലെ എല്ലാ പെണ്ണുങ്ങളും ഇത്‌ കഴിക്കുമത്രേ.
ഇന്ന് ഊര് കുടിയിലെ  ഒരു പെണ്ണുങ്ങള്‍ക്കും വാലായ്‌മ പുര യിലേക്ക് പോകണ്ട.ടൌണില്‍ വന്ന് ഈ ഗുളിക വാങ്ങാന്‍ സ്ഥിരം ഒരാളുമുണ്ട് .

കാലത്ത് യാത്ര പറഞ്ഞു പോകുമ്പോള്‍ "എങ്ക ഊരില്‍  ഇനിഅച്ഛനില്ല കുട്ടികള്‍ ഉണ്ടാകില്ല സര്‍  "എന്ന് വെണ്ണില ചിരിച്ചു കൊണ്ട് പറഞ്ഞു.
വെണ്ണില എയ്ത് പോയ പരിഹാസത്തിന്‍റെ  മൂര്‍ച്ചയുള്ള ശരങ്ങള്‍ എവിടെയൊക്കെയോ   കൊണ്ട്   നീറി .
അസ്ഥിപഞ്ജരം പോലെ യുള്ള  മൂന്നു  നാല്  ജീപ്പുകള്‍   മല മുകളില്‍  നിന്ന് തടികള്‍ നിറച്ച്‌ താഴേക്കു ഞരങ്ങിയെത്തി.പറ ഞ്ഞവില ഉറപ്പിച്ച  തൊലിയുരിഞ്ഞ ഗ്രാന്റിസ്സ് ലോറിയില്‍ നിറഞ്ഞു.നിരവധി വഴിക്കടകളില്‍ വില്‍പ്പനക്കായി  തൂക്കിയിട്ടിരിക്കുന്ന വിത്തിനത്തിലുള്ള വെളുത്തുള്ളി  കൂട്ടം പൂര്‍ണ്ണഗര്‍ഭിണികളെ  ഓര്‍മ്മപ്പെടുത്തി. മണ്ണിനും ഇവിടെ ഗര്‍ഭം ധരിക്കാം.പക്ഷെ ഊര്  കുടിയിലെ വെണ്ണിലക്ക് ഒരിക്കലും ഒരമ്മയാകാന്‍ കഴിയില്ല.


ഗ്രാന്റിസ്സ്(grandis ):യൂക്കാലിപ്ട്ടസ്സ്  ഇനത്തില്‍പ്പെട്ട  ഒരു വൃക്ഷം (ucalyptus grandis)
ചിത്രം  :കടപ്പാട് ഗൂഗിള്‍ 

Saturday, March 24, 2012

ഡാന്യൂബ്




                                    ആള്‍ബേര്‍ഗിലേക്കുള്ള പാതയോരങ്ങള്‍ മഞ്ഞില്‍ മൂടിക്കിടന്നു.സെന്‍റ്ആന്‍റോണിന്‍റെ തണുത്ത വഴിയിലൊരിടത്ത് ഓരം ചേര്‍ന്ന് ഞങ്ങള്‍ നിന്നു .മഞ്ഞുപൂത്ത വേലി പടര്‍പ്പുകള്‍ക്കപ്പുറം "കന്നുകാലി ഫാം "  എന്നെഴുതിയ വഴികാട്ടിയുടെ അരികിലുള്ള വഴിയില്‍ നിറഞ്ഞു കിടന്നിരുന്ന മഞ്ഞില്‍ അല്‍പ്പം മുന്‍പ് കടന്നു പോയ ഏതോ വാഹനത്തിന്‍റെ ചക്രം പതിഞ്ഞിരിക്കുന്നു....
കഴിഞ്ഞ വസന്ത കാലത്ത് വരുമ്പോള്‍ ഈ പുല്‍മേട്ടില്‍ ധാരാളം കാലികള്‍ മേഞ്ഞു നടപ്പുണ്ടായിരുന്നു,വെള്ളയും കറുപ്പും നിറമുള്ള കന്നുക്കുട്ടികളും .
ഇപ്പോള്‍ വെളുത്ത മഞ്ഞിന്‍ കൂമ്പാരങ്ങള്‍ അല്ലാതെ മറ്റൊന്നുമേ കാണാനില്ല.

ഇരുട്ടിന്‍റെ മറവില്‍ കുത്തിനോവിക്കുന്ന ആ തണുപ്പില്‍ ഞങ്ങള്‍ക്കിടയില്‍ തെല്ലും ദൂരം ഇല്ലാതെയായി.
നിറം മങ്ങിയ അവന്‍റെ ചുണ്ടുകള്‍ക്ക് അപ്പോള്‍ " ഡാവിഡോഫ് " ന്‍റെ ഗന്ധമാണെന്ന് എനിക്ക് തോന്നി .
എന്‍റെ പ്രിയപ്പെട്ട ജോണ്‍ ഉപയോഗിച്ചിരുന്ന അതേ " ഡാവിഡോഫ് ".
വര്‍ഷങ്ങളായി സിഗരട്ടിനെ വെറുത്തിരുന്ന ഞാന്‍ ആ ജര്‍മന്‍ പുകയുടെ നനുത്ത മണം ഇഷ്ട്ടപ്പെട്ടുതുടങ്ങിയതിന് കാരണം ജോണ്‍ എന്ന "റിച്ചാര്‍ഡ്‌ ജോസഫ്‌ ജോണ്‍" " ""ആയിരുന്നല്ലോ
ഒരിക്കല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ഡസ്സ്റ്റ് ബിന്നില്‍ നിന്ന് ഒരു സിഗരറ്റ് പാക്കെറ്റിന്‍റെ ഒഴിഞ്ഞ കവര്‍ എടുത്തു പീറ്റര്‍ കാണാതെ മണക്കുമ്പോള്‍. ഉള്ളില്‍ നിറഞ്ഞത്‌ ജോണിനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു. പിന്നീടൊരിക്കല്‍ പീറ്റര്‍ അത് മമ്മയോട് പറയുകയും ചെയ്തു .
"നീ സിഗ്രെട്ട് വലിക്കാറുണ്ടോ ഗ്രേസ്സ്...?"
"ഇല്ല മമ്മ....."
"നമ്മുടെ രീതി അനുസരിച്ച് ഇതൊക്കെ ശരിയായിരിക്കാം ഗ്രേസ്സ്...
പക്ഷെ എന്‍റെ കുട്ടികള്‍ ഇതൊന്നും ശീലിക്കാന്‍ പാടില്ല .....പീറ്റര്‍ പറഞ്ഞു നിന്‍റെ ചില വട്ടുകളെ കുറിച്ച് "
കത്തിച്ച മെഴുകുതിരി സാക്ഷിവെച്ച്‌ ഒടുവില്‍ സത്യം ചെയ്യേണ്ടി വന്നു മമ്മയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ .

മമ്മയെപ്പോഴും ഇങ്ങനെയാണ്..പപ്പയെക്കൊണ്ട് ,എന്നെക്കൊണ്ട് ,എന്‍റെ സഹോദരന്‍ പീറ്ററിനെ കൊണ്ട് ,അനുജത്തി വോള്‍ഗയെ ക്കൊണ്ട് ,എന്തിന് വിക്കിയെ കൊണ്ട് പോലും ഇങ്ങനെ പല സത്യങ്ങളും ചെയ്യിപ്പിക്കാറുണ്ടായിരുന്നു എന്‍റെ മമ്മ .
"നിങ്ങള്‍ എന്നോട് കള്ളം പറയില്ലല്ലോ......" മുഖത്തേക്ക് നോക്കി മമ്മ വിതുമ്പും .
മമ്മയ്ക്ക്‌ ജീസ്സസ്സിനോടുള്ളതിനെക്കാള്‍ വിശ്വാസം ഞങ്ങളുടെ പ്രാര്‍ഥനാ മുറിയില്‍ എരിഞ്ഞമരുന്ന മെഴുകുതിരികളോടാണോ എന്നു പോലും ചിലപ്പോള്‍ എനിക്ക് തോന്നിയിരുന്നു .ആ മെഴുകുതിരി വെളിച്ചത്തെ തൊട്ട്‌ ആരും കള്ളം പറയില്ല എന്ന് പൂര്‍ണമായും, അന്ധമായും വിശ്വസിച്ചിരുന്ന ഒരു സാധു സ്ത്രീ ആയിരുന്നു എന്‍റെ മമ്മ.
പപ്പയുടെ ഭാഷയില്‍ പറഞ്ഞാല്‍ "ലോകത്തിലെ ഏറ്റവും ബുദ്ധിമതിയും ,അതിലേറെ വിഡ്ഢിയുമായ ഇന്ത്യന്‍ സ്ത്രീ "

ഞാനുള്‍പ്പെടെ എല്ലാവരും .....പപ്പയും,പീറ്ററും,വോള്‍ഗയുംവരെ മമ്മയെ ഓരോ നിമിഷവും പറ്റിച്ചുകൊണ്ടിരുന്നു.
വിക്കി മമ്മയെ പറ്റിച്ചിരുന്നോ? അറിയില്ല ....
ഇല്ല എന്ന് വിശ്വസിക്കാനാണ് മമ്മയ്ക്കിഷ്ടം ;എനിക്കും , കാരണം വിക്കി അനുസരണയും നന്ദിയുമുള്ള ഞങ്ങളുടെ വളര്‍ത്തുനായ ആയിരുന്നല്ലോ .വിക്കിക്കുള്ള ആ രണ്ട് ഗുണങ്ങളും ഞങ്ങള്‍ക്കാര്‍ക്കും ഇല്ല എന്ന് മമ്മ ഒരു ദിവസം അഞ്ച് തവണ എങ്കിലും പറയാറുണ്ടായിരുന്നു .

മമ്മയോട്‌ ഏറ്റവും കൂടുതല്‍ കള്ളങ്ങള്‍ പറഞ്ഞത് ഞാന്‍ തന്നെയായിരുന്നു. അല്ലെങ്കില്‍ ആ ദിവസവും ഞാന്‍ മമ്മയോട് കള്ളം പറയുമോ. ?
അന്ന് പപ്പയുടെ ഓര്‍മ്മ ദിവസമായിരുന്നിട്ടും........
മമ്മയുടെ പ്രാര്ത്ഥന അന്ന് രാവേറെ ചെല്ലുവോളം നീണ്ടു നിന്നു. പീറ്ററിന്‍റെ മുറിയില്‍ അപ്പോഴും ഒരു അരണ്ട വെളിച്ചം ഉണ്ടായിരുന്നു.
പതിവില്ലാതെ നേരത്തെ വോള്‍ഗ ഉറങ്ങിയ ആരാത്രിയില്‍,
ജോണിനെ തേടി പുറപ്പെടുമ്പോള്‍ ,പുറത്ത് തണുപ്പ് അധികമാണെന്ന് മമ്മ ഓര്‍മിപ്പിച്ചിരുന്നിട്ടും ......
ദേഹം മൂടാന്‍ പപ്പയുടെ പഴയ കമ്പിളിയുടുപ്പണിയിച്ചിട്ടും. ...
മമ്മയോട് ഞാന്‍ കള്ളം പറഞ്ഞതെന്തിനായിരുന്നു ?

തണുപ്പിനെ വക വെയ്ക്കാതെ സിറ്റി ക്ലോഡിയ മാളിന്‍റെ ഇരുണ്ട ഇടനാഴിയില്‍ രാത്രി  വെളുക്കുവോളം ഞാന്‍   ജോണിന്‍റെ കൈകളിലായിരുന്നുവല്ലോ .ഇരുട്ട് വെളിച്ചത്തിന് വഴിമാറുന്ന ഓരോ വേളകളിലും ജര്‍മ്മന്‍ പുകയുടെ ഗന്ധം ആവോളം നുകര്‍ന്ന്............
പുറത്ത് അപ്പോഴും മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു.

ഇതേപോലെ മഞ്ഞ് പെയ്ത മറ്റൊരു രാത്രിയില്‍ ആയിരുന്നല്ലോ സെവന്ത്ഡേ അപ്പാര്‍ട്ട്മെന്റിലേക്ക്
ഓടിക്കതച്ച്‌ എത്തി ജോണിന്‍റെ എക്സിക്യൂട്ടീവ് സ്യൂട്ടിലെ ബെഡ്ഡിലേക്ക് ഞാന്‍ പിടഞ്ഞ് വീണത്‌ .

"എന്നെ ഉപേക്ഷിക്കല്ലേ ജോണ്‍ എന്ന് കാലില്‍ വീണു അപേക്ഷിച്ചത് .......നീ ഇല്ലാതെ എനിക്കിനി ഒരു ജീവിതമില്ല എന്ന് പുലമ്പിയത്........നീ കൈ വിട്ടാല്‍ ഞാന്‍ ജീവന്‍ വെടിയും എന്ന് കരഞ്ഞു പറഞ്ഞത്........"


സ്നേഹിക്കപ്പെടാന്‍ ഇത്രമേല്‍ തരം താഴേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു .പണ്ട് സ്നേഹം അഭിനയിച്ച് ജോണ്‍ കാട്ടികൂട്ടിയതൊക്കെ വെറും കോപ്രായങ്ങള്‍ ആയിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ചിരിയും.
എങ്കിലും....
"പ്രണയം മനസ്സിലെ കുളിരുള്ള സുഖമാണെന്ന് പറഞ്ഞ ജോണ്‍.......
പ്രണയിനിയുടെ സാമീപ്യം ലോകത്തേതിലും ദിവ്യമെന്ന്‌ പറഞ്ഞ എന്‍റെ ജോണ്‍ ......

കരഞ്ഞു കൊണ്ടു അന്ന് സെവന്ത്ഡേ അപ്പാര്‍ട്ട്മെന്റിന്‍റെ പടികള്‍ ഇറങ്ങുമ്പോള്‍ ജോണ്‍ തിരികെ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത് എത്ര വിഡ്ഢിത്തമായിപ്പോയി .
വഴിയോരത്ത് തണുത്തു വിറച്ച് ഒരു ഭ്രാന്തിയെപ്പോലെ നിന്നത് രാത്രി പീറ്റര്‍ കണ്ടില്ലായിരുന്നുവെങ്കില്‍
ഡാന്യൂബ് നദിയില്‍ മഞ്ഞുറഞ്ഞ് കിടന്ന ആ രാത്രിയില്‍ ..........ഇതാണ് ലോകവസാനമെന്ന് തോന്നിയ അതേ രാത്രിയില്‍ .....എല്ലാം മമ്മയോട് ഏറ്റു പറയേണ്ടി വന്ന നശിച്ച രാത്രിയില്‍ .....മമ്മയാണ്‌ പറഞ്ഞത് ജീവിതം അവസാനിപ്പിക്കാം എന്ന്.
ഞാന്‍ പറഞ്ഞുപോയ കള്ളങ്ങള്‍ക്കെല്ലാം തിരിച്ച് മമ്മ എന്നോടും പകരം വീട്ടിയ ഒരു രാത്രി ആയിരുന്നോ അത്?.അന്ന് പതിവില്ലാതെ പീറ്ററിനും വോള്‍ഗയ്ക്കും എനിക്കും വിക്കിക്കും കഴിക്കുവാന്‍ ആഹാരം വിളമ്പിയത് മമ്മയായിരുന്നു ,ഞങ്ങള്‍ കഴിച്ച പഴച്ചാറില്‍ വിഷം ചേര്‍ത്തതും.

പപ്പയോടൊപ്പം ജീവിച്ച നാളുകളിലും ,പപ്പയെ നഷ്ട്ടപ്പെട്ട നിമിഷങ്ങളിലും ചെയ്യുവാന്‍ കഴിയാതെ പോയ ഒരു കൃത്യം ചെയ്യുന്നവല്ലാത്തോരാവേശം മമ്മയുടെ മുഖത്ത് അപ്പോള്‍ നിറഞ്ഞു നിന്നിരുന്നു.

.പാതിരാ കുര്‍ബാനയ്ക്ക് കത്തീഡ്രലില്‍ മണി മുഴങ്ങുമ്പോഴും ഞങ്ങളാരും ഉറങ്ങിയിരുന്നില്ല.പിന്നെ എപ്പോഴോ എന്നെ മടിയില്‍ കിടത്തി ,അപ്പോഴേക്കുംഉറങ്ങി പോയ വോല്‍ഗയുടെയും പീറ്ററിന്‍റെയും നെറുകയില്‍ തഴുകി "എന്‍റെ മക്കള്‍ ഉറങ്ങിക്കോ......... "എന്ന് ഇടയ്ക്കിടെ മമ്മ പറയുന്നത് ഞാന്‍ കേട്ടിരുന്നു ,പുറത്ത് മഞ്ഞ് പൊഴിയുന്ന ഒച്ചയില്‍ ചിലപ്പോഴൊക്കെ വിക്കിയുടെ നേര്‍ത്ത കരച്ചിലും.

ഉണര്‍വിന്‍റെ ഓര്‍മകളില്‍ ചില നിമിഷങ്ങളില്‍ ഉള്ളിലെവിടെയോ ഒരു പാല്‍ മണം നിറഞ്ഞു തുളുമ്പി
തൂവെള്ള ഗൗണില്‍ വരുന്നത് മമ്മയായിരുന്നു,ഒപ്പം പപ്പയും .മമ്മയുടെ കൈയ്യില്‍ കൈക്കുഞ്ഞായി ഞാനും.
"ഇവള്‍ക്ക് നമുക്ക് ഗ്രേസ്സ് എന്ന് പേരിടാം "പപ്പയാണ്‌ പറഞ്ഞത്.എന്നെ മാറോട് ചേര്‍ത്ത് നെറുകയില്‍ ഉമ്മ വെച്ച്‌ മമ്മ പപ്പയോടൊപ്പം ചേര്‍ന്ന് നടന്നുപോകുന്നു.
പിന്നെ വരുന്നത് ഒരു കൂട്ടം ആളുകള്‍ .പപ്പയെ ആരോ താങ്ങിയെടുത്ത് ,പിന്നാലെ അലമുറയിട്ടു കരഞ്ഞ് മമ്മയും,ഒന്നുമറിയാതെ കരയുന്ന എന്നോടൊപ്പം പരിഭ്രമിച്ച മുഖവുമായി മൂന്ന് വയസ്സുള്ള പീറ്ററും ,കുഞ്ഞ് വോള്‍ഗയും.
മങ്ങിയ ഓര്‍മ്മയില്‍ ആള്‍ബേര്‍ഗിലേക്കുള്ള പാതയോരങ്ങള്‍ തെളിഞ്ഞു .വഴിയോരത്തെ പൂക്കള്‍ നിറഞ്ഞ പുല്‍മേടിന്‍റെ ഓരം ചേര്‍ന്ന് ജോണ്‍ നടന്നു വരുന്നു ,കൂടെ ഞാനും.

ഒരു വിരലില്‍ സിഗരറ്റും മറുകയ്യില്‍ എന്നെയും ചേര്‍ത്ത്പിടിച്ച്‌.........
ഇരുട്ടു മാഞ്ഞു തെളിഞ്ഞു വന്ന നിമിഷം എന്‍റെ കണ്ണുകളില്‍ നോക്കി ജോണ്‍ ചോദിക്കുന്നു
"ചുണ്ട് നന്നായി ചുവന്നു .....വേദനിച്ചോ നിനക്ക്?"
സെന്‍റ്ആന്‍റോണില്‍ വീശിയ തണുത്ത കാറ്റും ഞാനും അന്നാദ്യമായി "ഡാവിഡോഫ്"  ന്‍റെ മധുരം അറിഞ്ഞു  .
വീണ്ടും അവന്‍ എന്‍റെ മുഖം അടുപ്പിച്ചപ്പോള്‍ ചുണ്ടുകള്‍ പൊള്ളുമെന്നു ഭയന്ന്‌ ഞാന്‍ മുഖം തിരിക്കുന്നു.പുല്‍ മേടില്‍ പൂക്കള്‍ കൊഴിഞ്ഞപ്പോള്‍ മഞ്ഞ് വീണ പാതയില്‍ ജോണ്‍ എന്നെയും കൂട്ടി നടന്നു മറഞ്ഞു.


കത്തീഡ്രലില്‍ നിന്നും മണി മുഴങ്ങി
മമ്മ നല്ല ഉറക്കമായി.കണ്ണുകള്‍ പാതിയടയും പോലെ ഞാനും.

"എന്തൊരു തണുപ്പ് ....."അവന്‍റെ കൈകളില്‍ ഞാന്‍ മുറുകെ പിടിച്ചു.
"എന്തെ തിരികെ പോകണോ ....?"ചോദ്യത്തില്‍ ദേഷ്യം കലര്‍ന്ന പരിഭവം.
സെന്‍റ്ആന്‍റോണിലെ വഴിമരങ്ങള്‍ തണുത്ത കാറ്റില്‍ വിറക്കുന്നത് ഞാന്‍ കണ്ടു.
"വേണ്ട.....പക്ഷെ ഈ തണുപ്പെനിക്ക് താങ്ങുവാന്‍ കഴിയുന്നില്ല .."
"സൂര്യന്‍ ഉദിക്കട്ടെ അപ്പോള്‍ ചൂടെന്നു പരാതി പറയരുത് ......"
ഞാനും അവനും നോക്കിനില്‍ക്കെ സൂര്യന്‍ കിഴക്കുദിച്ചുയര്‍ന്നു.
ചൂടേറ്റുവാടി മരച്ചില്ലകളിലെ മഞ്ഞിന്‍ പൂക്കള്‍ കൊഴിഞ്ഞു വീണു .
പാതയോരങ്ങളിലെ മഞ്ഞുരുകി തുടങ്ങിയിരുന്നു. വെള്ളയും ,കറുപ്പും നിറമുള്ള കന്നിന്‍ കുട്ടികള്‍ കൂട്ടത്തോടെ മലയിറങ്ങി വരുന്നു .

മഞ്ഞിന്‍റെ പുതപ്പുകള്‍ ഉരുകി ഒലിച്ചിറങ്ങുന്ന മഹാപ്രളയത്തില്‍ ഞങ്ങള്‍ മുങ്ങിത്താഴുമെന്ന് ഞാന്‍ ഭയന്നു.
എന്‍റെ ചുണ്ടില്‍ അപ്പോഴും " ഡാവിഡോഫ് " ന്‍റെ കയ്പ്പുള്ള "രുചി" നിറഞ്ഞു നില്‍ക്കുന്നത് ഞാന്‍ അറിഞ്ഞു.
"പ്രണയം കൂലം കുത്തിയൊഴുകുന്ന പ്രളയമെന്നും ,അത് തണുത്തുറഞ്ഞ മരണമെന്നും".ചില പുതിയ നിര്‍വചനങ്ങള്‍ കൂടി ഞാന്‍ എഴുതിച്ചേര്‍ത്തു .

"പ്രിയപ്പെട്ടവനേ ഈ വാക്കുകള്‍ നിനക്കുള്ള എന്‍റെ പ്രണയ സമ്മാനമെന്ന് "ഞാന്‍ പറയുമ്പോള്‍ കഴുത്തോളം മുങ്ങിയ വെള്ളത്തില്‍ നില്‍ക്കുന്ന എന്‍റെ ചുണ്ടില്‍ മരണത്തിന്‍റെ  നേര്‍ത്ത ഗന്ധവുമായി വീണ്ടും വീണ്ടും അവന്‍ അമര്‍ത്തി ചുംബിച്ചു.


ചിത്രം :കടപ്പാട് ഗൂഗിള്‍  

Sunday, March 18, 2012

മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ (5)

ഹിമശൈല സൈകത ഭൂവില്‍......

ശ്രീനഗര്‍ തണുപ്പിന്‍റെ പുതപ്പില്‍ നിന്നും ഉണര്‍ന്നെണീറ്റ മറ്റൊരു പകല്‍..
ഇന്ന് ഗുല്‍ മാര്‍ഗിലേക്ക് യാത്ര പോകുവാന്‍ മുന്‍കൂട്ടി തീരുമാനിച്ചതാണ്.നിനച്ചിരിക്കാതെ വന്ന ഹര്‍ത്താല്‍ കൊണ്ടുപോയത് കാശ്മീര്‍  യാത്രയിലെ രണ്ട് ദിവസങ്ങള്‍ .ഓരോ ദേശത്തിനും ഹര്‍ത്താലിന് ഓരോ മുഖങ്ങളാണെന്ന് തോന്നി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ യാത്രയുടെ ക്ഷീണം മാറ്റുവാന്‍ ഈ ഹര്‍ത്താലിനെ മാനസീകമായി ഉള്‍ക്കൊള്ളുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു .
തലേന്ന് നടന്ന ബോംബു സ്ഫോടനത്തില്‍ മരണപ്പെട്ട മത നേതാവിനെ അനുകൂലിക്കുന്ന മത സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആയതിനാല്‍ ശ്രീനഗറിലെ മിക്ക ഇടങ്ങളിലും ഈ പ്രതിഷേധം പൂര്‍ണമായിരിക്കും എന്ന് ഫയാസ്സ് ഫായി പറഞ്ഞു .കാലത്ത് വന്ന "ഗ്രേറ്റര്‍ കാശ്മീര്‍ "പത്രത്താളില്‍ മരണമടഞ്ഞ നേതാവിന്‍റെ പുഞ്ചിരി തൂകുന്ന മുഖം.അന്നേദിവസം കാശ്മീര്‍ പത്രങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തയും അത് തന്നെയായിരുന്നു.
മരണം,അത് ആര്‍ക്കാണെങ്കിലും വേദനതന്നെയാണ്.ചില മരണങ്ങള്‍ ചിലര്‍ക്ക് ആഘോഷമെങ്കില്‍ മറ്റ് ചിലര്‍ക്ക് തീരാത്ത നൊമ്പരവും .
കാശ്മീര്‍ മുഖ്യ മന്ത്രി ശ്രീ. ഒമര്‍ അബ്ദുള്ളയുടെ അനുശോചനവാക്കുകള്‍ ,മതനേതാക്കന്മാരുടെ,മത പണ്ഡിതന്മാരുടെ സ്വാന്തനിപ്പിക്കല്‍ തുടങ്ങി പല വാര്‍ത്തകളും നിറഞ്ഞ പത്രത്താളുകളില്‍ കണ്ണീര്‍ വറ്റാത്ത സ്ത്രീ ഹൃദയങ്ങളെ ഫിരണിലും ,ബുര്‍ഖയിലും മൂടി മറച്ചിരുന്നു.

അന്നത്തെ പ്രഭാത ഭക്ഷണം ചായയും ,കാശ്മീര്‍ റോട്ടിയും . ഹര്‍ത്താല്‍ പ്രമാണിച്ച് കിട്ടിയ അവധിയില്‍ സന്തോഷിച്ചിരിക്കുകയാണ് മുന്‍തസ്സിറും ,അര്‍ബിനയും .ഇളയ കുട്ടി രാവിലെ തന്നെ ഉറക്കമുണര്‍ന്നത് നഗീനുമായി അടുക്കളയില്‍ കലപില തുടങ്ങി.
ഉച്ച ഭക്ഷണത്തിന് മീന്‍ വാങ്ങി വരാമെന്ന് പറഞ്ഞ്‌ ഫയാസ്സ് ഫായി  പുറത്തേക്കു പോയി.



ഇന്നത്തെ ഹര്‍ത്താല്‍ യാത്ര അല്‍പ്പനേരം ഖാസി അങ്കിളിന്‍റെ വീടിന്‍റെ പിന്നിലെ ആപ്പിള്‍ തോട്ടത്തിലേക്കാവാം.കൂട്ടിന്‌ അര്‍ബിനയും  മുന്‍തസ്സിറും  ഉണ്ട് .തോട്ടത്തില്‍ അക്രൂട്ട്(വാല്‍ നട്ട് ) ,ആപ്പിള്‍ തുടങ്ങിയ മരങ്ങള്‍ നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നു.നഗീന്‍റെ സ്വന്തം അടുക്കളത്തോട്ടത്തില്‍ വിവിധയിനം ചീരകള്‍ .



അല്‍പ്പം മാറി നിറയെ പൂത്ത് നില്‍ക്കുന്ന കടുക് ചെടികള്‍....
ചുവന്ന പൂക്കള്‍ നിറച്ചു നില്‍ക്കുന്ന ഒരിനം റോസാ ചെടിയില്‍ പടര്‍ന്നു കയറിയ മുന്തിരി വള്ളിയില്‍ തളിരിട്ട ധാരാളം  ഇലകള്‍..
വിവിധയിനം പേരറിയാത്ത പൂക്കള്‍ അവിടെയെങ്ങും നിറഞ്ഞു നില്‍ക്കുന്നു  ണ്ടായിരുന്നു.
ക്രീം കളര്‍ പൂക്കള്‍ നിറഞ്ഞു തറയില്‍ പറ്റിപിടിച്ചു വളര്‍ന്നു നില്‍ക്കുന്ന ചെടി " സ്ട്രോ ബെറി" ആണെന്ന് അര്‍ബിനയാണ് പറഞ്ഞു തന്നത്.



ആ ചെടിയില്‍ നിറയെ പാകമാകാത്ത പച്ച നിറത്തിലുള്ള കായകള്‍ .നാട്ടിലേക്ക് പോരുമ്പോള്‍ കൂടെ കൊണ്ട് പോകണമെന്ന് പറഞ്ഞു അര്‍ബിന എനിക്കൊരു ഒരു ആപ്പിള്‍ തൈ കാട്ടി തന്നു .കുറച്ചു സ്ട്രോ ബെറി ചെടി കൂടെ എടുക്കാന്‍ ഓര്‍മ്മിപ്പിക്കണേ എന്ന് മുന്തസ്സിറിനോട് അപ്പോഴേ ഞാന്‍ പറഞ്ഞു വെച്ചു .നാട്ടിലെ മാവിന്‍റെ അരികിലായി ഒരു ആപ്പിള്‍ മരത്തിനു വളരുവാന്‍ മനസ്സുകൊണ്ട് കുറച്ചിടം ഞാന്‍ ഒരുക്കിയിട്ടു. ആ നിമിഷം എന്‍റെ വീട്ടുമുറ്റത്തു നിറഞ്ഞു പൂത്ത് നില്‍ക്കുന്ന ഒരു ആപ്പിള്‍ മരം മനസ്സില്‍ വ്യര്‍ത്ഥമായ സ്വപ്നം നിറച്ചു എന്നതും സത്യം.




ഉച്ച ഭക്ഷണത്തിനായി നഗീനോടൊപ്പം ചീരയ്ക്ക് സമാനമായ ചില ഇലകള്‍ ശേഖരിച്ചു.ഓരോ ദേശങ്ങളിലും ജീവിത ശൈലിയില്‍ എന്തെല്ലാം വ്യത്യസ്തതകള്‍..



മനുഷ്യരിലെന്നപോലെ ചെടികളില്‍ ,പൂക്കളില്‍ പോലും ആ വൈവിധ്യം എത്ര വ്യക്തം.ഓരോ ഇലകളിലും,ഓരോ പൂക്കളിലും....
"ഭാഷയും,രുചിയും വ്യത്യസ്തമെങ്കിലും കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഒരൊറ്റ ജനത ഒരേഒരിന്ത്യ "


ഹര്‍ത്താല്‍ ദിനത്തിലും തുറന്ന പ്രവര്‍ത്തിച്ച ഏതോ മാര്‍ക്കറ്റില്‍ നിന്നും ഫയാസ്സു ഫായി വാങ്ങിവന്ന മീന്‍ നഗീന്‍ നന്നായി കഴുകിയെടുത്ത് കൊണ്ടുവന്നു .കേരള തനിമയിലുള്ള മീന്‍ കറി എന്‍റെ വകയെന്ന് തീരുമാനം കൂടെയുള്ള മലയാളി മുഖങ്ങളില്‍ സന്തോഷം നിറച്ചു ,ഒപ്പം എന്നിലും.നാട്ടില്‍ നിന്നും വന്നിട്ട് രണ്ട് ആഴ്ചയോളം ആയി എന്ന്‌ മാത്രമല്ല മീന്‍ കറി ഒക്കെ കണ്ട ദിവസങ്ങളേ മറന്നു .
തിരുവനതപുരം സ്റ്റൈല്‍ മീന്‍ കറി വെയ്ക്കുവാനുള്ള ശ്രമം തേങ്ങയുടെ ദൗര്‍ല്ലഭ്യം മൂലം മനസ്സുകൊണ്ട് ആദ്യമേ ഉപേക്ഷിച്ചിരുന്നു . കുമരംപേരൂര്‍ സ്റ്റൈല്‍ കാശ്മീരി മുളകരച്ച കുടംപുളിയിട്ടു വെച്ച നല്ല ചുവന്ന മീന്‍ കറിയെ മനസ്സി ലോര്‍ത്ത് നഗീന്‍റെ അടുക്കളയില്‍ കയറി കറിക്കൂട്ടുകള്‍ പരതി .മുളക് ,മല്ലി,മഞ്ഞള്‍ തുടങ്ങി വിവിധയിനം പൊടികള്‍ ഞാന്‍ തന്നെ അലമാരയില്‍ നിന്നും തിരഞ്ഞു പിടിച്ചു.അടുക്കളക്കാരിയായ നഗീന് കാശ്മീരി ഭാഷയല്ലാതെ മറ്റൊന്നുമേ വഴങ്ങുന്നില്ല എന്ന സത്യം എന്നെ വീണ്ടും വിഷമിപ്പിച്ചു .ഏകദേശം ആ അടുക്കള മുഴുവന്‍ പരതിയിട്ടും മീനിന്‍റെ മുഖ്യ ചേരുവയായ പുളി മാത്രം കണ്ടു കിട്ടിയില്ല.പുളിയില്ലാതെ എങ്ങനെ ഒരു മീന്‍ കറി !
എന്‍റെ പരതല്‍ കണ്ടു നഗീന്‍ എന്ത് വേണമെന്നു കൈകൊണ്ടു ആംഗ്യ ഭാഷയില്‍ വീണ്ടും വീണ്ടും ചോദികൊണ്ടിരുന്നു."പുളി "എന്ന് പറഞ്ഞു ഫലിപ്പിക്കാന്‍ ഒരു ആംഗ്യ ഭാഷയില്ലാതെ ഞാന്‍ കഷ്ട്ടപ്പെടുന്നു എന്ന് നഗീന് തന്നെ ഒടുവില്‍ മനസ്സിലായി എന്ന് തോന്നുന്നു.അവസാനം നല്ല പഴുത്ത തക്കാളിയില്‍ കിടന്ന്‌ കാശ്മീരി മീന്‍ കഷണങ്ങള്‍ അടുപ്പില്‍ വെട്ടി തിളയ്ക്കുന്നത് കണ്ട് എന്‍റെ മനസ്സിന്‌ തൃപ്തിയടയേണ്ടി വന്നു.അന്നത്തെ ഉച്ചയൂണ് അങ്ങനെ പോയി.
(വീണ്ടുമൊരു ദിവസം നല്ല പുളിപ്പുള്ള കാശ്മീര്‍ സ്പെഷ്യല്‍ ഇറച്ചി കറിയില്‍ ചേര്‍ത്ത ചെരുവകകള്‍ക്കിടയില്‍ നഗീന്‍ കാട്ടിതന്ന നല്ല നാടന്‍ പുളി കണ്ട് എന്‍റെ മനസ്സ്കരഞ്ഞു.കാശ്മീര്‍ ഭാഷയില്‍ പുളിക്ക് നഗീന്‍ പറഞ്ഞ വാക്ക് വികാര വിക്ഷോപത്തിനിടയില്‍ എനിക്ക് ഓര്‍ത്തിരിക്കാന്‍ കഴിഞ്ഞില്ല. തേങ്ങാപ്പാലും ,പുളിയും ചേര്‍ത്ത ആ കാശ്മീരി ഇറച്ചിക്കറിയുടെ "രുചിയില്‍" "" ""പിന്നീട് ആ വാക്ക് വീണ്ടും ഓര്‍ക്കുവാനും മനസ്സു വന്നില്ല.)

രണ്ടുദിവസ ഹര്‍ത്താല്‍ ദിനങ്ങളും നല്ല തെളിഞ്ഞ അന്തരീക്ഷമായിരുന്നു.ശ്രീനഗര്‍ ദിനങ്ങള്‍ ഇത്രയേറെ തെളിഞ്ഞു വരിക അപൂര്‍വമാണ്.ഗുല്‍മാര്‍ഗ് പോകുവാന്‍ ഏറ്റവും നല്ല കാലാവസ്ഥ ആയിരുന്നു അതെന്ന് ഫയാസ്സു ഫായി പറഞ്ഞു.നാട്ടില്‍ നിന്ന് ഖാസി അങ്കിള്‍ വിവരങ്ങള്‍ അറിയാന്‍ ആ ദിവസവും വിളിച്ചിരുന്നു.കഴിഞ്ഞ ആഴ്ച എത്തിയ ബാബാ(ഫയാസ്സ്ഫായിയുടെ അച്ഛന്‍ )പിറ്റേന്ന് കൊല്‍ഗാമിലേക്ക് തിരികെ പോകുന്നു എന്ന് പറഞ്ഞു  .അന്നേദിവസ ഹര്‍ത്താല്‍ വാര്‍ത്തകള്‍ പറയുന്ന കൂട്ടത്തില്‍ മുന്‍പ് ശ്രീനഗറിലെ ഹര്‍ത്താല്‍ മാസങ്ങള്‍ നീണ്ടു നിന്നിട്ടുണ്ട് എന്ന് ബാബ പറയുമ്പോള്‍ ഫയാസ്സ് ഫായി പുഞ്ചിരിച്ച്‌ ഞങ്ങളെ കടന്നു പോയി.എന്തിനായിരുന്നു ആ ചിരി എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല .ഒരു പക്ഷെ കഴിഞ്ഞ നാളുകള്‍ ശ്രീനഗര്‍ നേരിട്ട അരക്ഷിതത്വം,അസ്വാതന്ത്ര്യം,വേദന,നൊമ്പരം അങ്ങനെ പലതും ആ ചിരിയില്‍ഉണ്ടായിരിക്കാം .

തിങ്കളാഴ്ച അതിരാവിലെ തന്നെ ഞങ്ങള്‍ ഗുല്‍ മാര്‍ഗിലേക്ക് പുറപ്പെട്ടു.ശ്രീനഗര്‍ നിന്നും നാല്പത്തിയാറു കിലോമീറ്റര്‍ അകലെയാണ് ഗുല്‍ മാര്‍ഗ്ഗ് .തലേന്ന് രാത്രി വീണ്ടും പെയ്തു തുടങ്ങിയ മഴ ഗുല്‍ മാര്‍ഗ്ഗ് യാത്ര മാറ്റി വെക്കേണ്ടി വരുമോ എന്ന എന്‍റെ വിഷമം കണ്ടിട്ടാകണം പ്രഭാതമായപ്പോഴേക്കും മാറി നിന്നു.കാശ്മീര്‍ ദിനങ്ങളില്‍ മനോഹരങ്ങളായ ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു യാത്രയായിരുന്നു അത്. ദാല്‍ തടാകം ഉണരും മുന്‍പ് ഞങ്ങള്‍ ഹസ്രത് ബാല്‍ കഴിഞ്ഞിരുന്നു.രാത്രിമഴയില്‍ കുളിച്ച ശ്രീനഗറിന്‌ പതിവിലും തണുപ്പ് കൂടിയത് കൊണ്ടാവണം ദല്‍ കുളിരിന്‍റെ മൂടല്‍ മഞ്ഞു പുതച്ച് ഉറങ്ങി ഉണരാന്‍ വൈകിയെതെന്നു തോന്നി.കാശ്മീര്‍ പ്രഭാതങ്ങളാണോ സന്ധ്യകളാണോ മനോഹരമെന്നു ചോദിച്ചാല്‍ ആകെ കുഴങ്ങി പോകും.ഈ പകല്‍ക്കാഴ്ചയില്‍ മഞ്ഞു മൂടിയ ഈ പ്രഭാതമാണ്‌ കൂടുതല്‍ സുന്ദരിയെന്ന് ഞാന്‍ പറഞ്ഞാല്‍ ഒരു പക്ഷെ കാശ്മീര്‍ സന്ധ്യകള്‍ എന്നോട് പരിഭവിക്കും .

വഴിയോരങ്ങളില്‍ നിറയെ വില്ലോ മരങ്ങള്‍ .നിറഞ്ഞൊഴുകുന്ന ഹിമ വാഹിനികളെ ഒരു നോക്കു കാണുവാന്‍ കാറിന്‍റെ ചില്ല് ജാലകം ഞാന്‍ താഴ്ത്തി. മനസ്സില്‍ ചിനാബ് നദിയുടെ ഓര്‍മ വന്നു .കാശ്മീരിന്‍റെയും പാകിസ്ഥാനിലെ പഞ്ചാബിന്‍റെയും വറ്റാത്ത നീരുറവയാണ് ചിനാബ്. ഹിമാചല്‍ പ്രദേശിലെ മലനിരകളില്‍ നിന്നും ജന്മം കൊണ്ട ചിനാബ് ജമ്മു പ്രവശ്യ വഴി ഒഴുകി  പാകിസ്താനിലെത്തുന്നു .
1960 സെപ്റ്റംബര്‍ 19 തിന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയും(ജവഹര്‍ലാല്‍ നെഹ്‌റു) പാകിസ്താന്‍ പ്രസിഡന്റും  (മുഹമ്മദ്‌ ആയുബ് ഖാന്‍) ))കറാച്ചിയില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് (Indus Waters Treaty )ചെനാബ് നദിയിലെ ജലം ഇരു രാജ്യങ്ങളും ഇന്നും പങ്കിട്ടെടുക്കുന്നത് .ഇത്തരത്തിലുള്ള കരാറുകളുടെ പിന്‍ബലത്തിലാണ് തങ്ങള്‍ ഒഴുകുന്നത്‌ എന്നറിയാതെ ഇനിയും എത്രയോ നദികള്‍ ഇന്നും നമുക്ക് ദാഹജലം നല്‍കുന്നുണ്ട്. ജ്ഹലം,സിന്ധു ,സത് ലജ് ,രവി ........അങ്ങനെ പലതും.
അതിരുകള്‍ അറിയാതെ ഒഴുകിയ നദികള്‍ക്കറിയില്ലല്ലോ നമ്മള്‍ വേര്‍തിരിച്ചിട്ട അതിര്‍ത്തികള്‍ .
നമ്മള്‍ നയിക്കുന്ന വഴിയിലൂടെ ഒഴുകാന്‍ മാത്രം പഠിച്ചവരാണല്ലോ പാവം നീര്‍ച്ചാലുകള്‍..
അതിരുകള്‍ തിരിക്കുന്നതും അണകള്‍ കെട്ടി തടയുന്നതും സ്വാര്‍ത്ഥരായ നമ്മള്‍ മനുഷ്യര്‍ .
എന്നിരിക്കിലും പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ആരോ ഒരാള്‍ ഒരിക്കല്‍ പറഞ്ഞുപോല്‍ "India and Pakistan can go on shouting on Kashmir for all time to come, but an early settlement on the Indus waters is essential for maintenance of peace in the sub-continent"എന്ന്.

നദിയുടെ കാഴ്ചകള്‍ കണ്ണില്‍ നിന്നും മറഞ്ഞു .
ശ്രീനഗര്‍ - ലേ (Sreenagar -lay )നാഷണല്‍ ഹൈവേയില്‍ വാഹനങ്ങളുടെ നല്ല തിരക്കാണ്

ഇടതടവില്ലാതെ ഒഴുകി വരുന്ന പട്ടാള വണ്ടികള്‍ ആണ് പിന്നീടുള്ള കാഴ്ച.കാശ്മീരിന്‍റെ വടക്ക് ദിക്ക് ലക്ഷ്യമാക്കി നീങ്ങുന്ന ഈ ശകടങ്ങളില്‍ ഇരിക്കുന്ന ധീര ജവാന്‍മാരുടെ മുഖങ്ങള്‍ കാര്‍ഗില്‍ ഓര്‍മ്മകള്‍ മനസ്സില്‍ നിറച്ചു.പെട്ടെന്ന് മനസ്സില്‍ വന്നത് ക്യാപ്റ്റന്‍ ജെറി പ്രേം രാജിനെയാണ്.എന്നെ കടന്നു പോകുന്ന ഓരോ സൈനീക വാഹങ്ങളിലും ഞാന്‍ കാണുന്നത് കാര്‍ഗില്‍ യുദ്ധത്തില്‍ പൊലിഞ്ഞു പോയ ആ ധീര യോദ്ധാവിന്‍റെ മുഖം തന്നെയോ എന്ന് എനിക്ക് തോന്നി.ഇന്നും ഓരോ ജൂലൈ 7 കടന്നു പോകുമ്പോഴും ഓര്‍മ്മയുടെ കണ്ണീരില്‍ തെളിയാറുള്ള  ആ ധീര മുഖങ്ങള്‍........ ഏതെല്ലാമാണ് !

ഇടയ്ക്കൊരു സ്ഥലത്ത് വെച്ച്‌ റോഡു രണ്ടായി പിരിഞ്ഞു .ഞങ്ങളെ പിന്തുടര്‍ന്ന് വന്ന സൈനീക വാഹനങ്ങള്‍ ബാരമുള്ളയിലേക്ക് തിരിയുന്ന മറ്റൊരു റോഡു ലക്ഷമാക്കി നീങ്ങവേ അന്‍സാരി ഞങ്ങളുടെ വാഹനം ഗുല്‍ മാര്‍ഗിന്‍റെ വഴിയിലേക്ക് തിരിച്ചു വിട്ടു.

"പൂക്കളുടെ താഴ്വാരം" എന്ന്‌ കൂടി പ്രസിദ്ധമായ ഗുല്‍ മാര്‍ഗിലെ ഓരോ പുല്‍ ചെടികളിലും പൂവുകള്‍ക്ക് പകരമായി മഞ്ഞിന്‍റെ വിസ്മയ കാഴ്ചകള്‍ നിറച്ചിരുന്നു അന്ന്. പ്രഭാതം പൊട്ടിവിരിഞ്ഞു തുടങ്ങിയെങ്കിലും തണുപ്പിന്‍റെ തലോടല്‍ വിട്ടു ഉണര്‍ന്നെണീക്കാന്‍ എന്നെപ്പോലെ ഓരൊ പുല്‍ക്കൊടിക്കും മടി പോലെ .വഴിയോരങ്ങളില്‍ പെയ്തൊഴിഞ്ഞ മഴവെള്ളത്തില്‍ കുതിര്‍ന്ന് കാശ്മീര്‍ സൗന്ദര്യം അലിഞ്ഞു പോയോ എന്നും എനിക്ക് തോന്നി. ഗ്രാമാതിര്‍ത്തി കഴിഞ്ഞാല്‍ പിന്നെ കാടിന്‍റെ ഒരു അനിര്‍വച്ചനീയ സൗന്ദര്യമാണ് .പൈന്‍,ഫിര്‍ മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന കുന്നിന്‍ ചരിവുകളിലൂടെ അന്‍സാരിയുടെ കാര്‍ അനായാസം മുന്‍പോട്ടു പോയി.കാടിന്‍റെ ഇരുട്ടില്‍ വീണ്ടും അന്തിമയങ്ങിയ പ്രതീതി.ഒരു വേള കണ്മുന്‍പിലെ റോഡ്‌ മൂടല്‍ മഞ്ഞില്‍ മുങ്ങി കാടിന്‍റെ നിഗൂഡതകളെല്ലാം  മഞ്ഞില്‍ മറഞ്ഞ മനോഹരമായ ഒരു കാണാക്കാഴ്ച സമ്മാനിച്ചപ്പോള്‍ അന്‍സാരി വാഹനത്തിന്‍റെ വേഗത കുറച്ചു.

.മുകളിലേക്ക് കയറുന്ന വാഹനങ്ങളും എതിരെ വരുന്ന വാഹനങ്ങളും മഞ്ഞ ലൈറ്റ് തെളിച്ച് ഇടയ്ക്കിടക്ക് ഹോണ്‍ മുഴക്കിക്കൊണ്ടിരുന്നു.റോഡിന്‍റെ ഒരു വശം അഗാധ ഗര്‍ത്തമെങ്കില്‍ മറുവശം ഇളകുന്ന മണ്ണിന്‍ കൂനകളില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്ന വഴി മരങ്ങള്‍.. .
മഴയെങ്ങാന്‍ പെയ്തു പോയാല്‍ ദുര്‍ഘടമാകുന്ന വഴികളെക്കുറിച്ച് അന്‍സാരി പറഞ്ഞു താരതെതന്നെ ഏകദേശ ധാരണ മനസ്സില്‍ ഉണ്ടായി. വഴിയോരങ്ങളില്‍ ചിലയിടങ്ങളില്‍ "മാര്‍ബിള്‍ "എന്ന്‌ എന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ഉരുകാതെ അവശേഷിച്ച മഞ്ഞിന്‍റെ പാളികള്‍.. കണ്ടു .ഹിമവാന്‍റെ ശിരസ്സില്‍ നിന്നും താഴേക്കുള്ള ഒഴുക്കിനിടയില്‍ ശാപം കിട്ടിയതിനാലോ, എന്നോ ഒരുനാള്‍ ഹിമ ശിലയായ് മാറി ഇന്നും ശാപ മോക്ഷം കാത്തുകിടക്കുന്ന അനേകം കൊച്ചരുവികളും ആ വഴിയാത്രയിലെ പുതിയ കാഴ്ചകള്‍ ആയിരുന്നു .ഗുല്‍ മാര്‍ഗിലേക്ക് അടുക്കുംതോറും മഞ്ഞു പൂവിട്ട മരങ്ങള്‍ കണ്ടുതുടങ്ങി .റോഡിനിരു വശങ്ങളിളിലും മഞ്ഞിന്‍റെ കൂമ്പാരം .വെളുത്ത പൂക്കള്‍ക്കിടയില്‍ വഴിനടക്കുവാന്‍ ആരോ വിരിച്ചിട്ട തിളങ്ങുന്ന കറുത്ത പട്ടുപോലെ തോന്നിച്ചു ടാറിട്ട റോഡ്‌ .സഞ്ചാരികളുടെ വാഹനങ്ങള്‍ കടന്നു പോകുന്നതിനാല്‍ റോഡുകളില്‍ മഞ്ഞിന്‍റെ പരലുകള്‍ കാണാനേയില്ല.


സമുദ്രനിരപ്പില്‍ നിന്നും 2653 മീറ്റര്‍ ഉയരത്തില്‍ പീര്‍ പഞ്ചാല്‍ മലനിരയുടെ ചരുവില്‍ കിലന്‍ മാര്‍ഗ് അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു മനോഹര താഴ്വരയാണ് ഗുല്‍ മാര്‍ഗ്ഗ്.കാശ്മീരിലെ അവസാന സ്വതന്ത്രഭരണാധികാരിയായിരുന്ന യുസുഫ് ഖാന്‍ ചൗക് ആണ് ഈ മനോഹര ദേശം ലോകത്തിനു മുന്‍പില്‍ കാട്ടിക്കൊടുത്തത് എന്ന്‌ ചില രേഖകള്‍ വ്യക്തമാക്കുന്നു. അദ്ദേഹം തന്‍റെ പ്രിയ പത്നിയും കവിതകള്‍ രചിക്കുകയും ചെയ്യുമായിരുന്ന ഹബ്ബ ഖാടൂനോടൊപ്പം പലപ്പോഴും ഗുല്‍മാര്‍ഗ് സന്ദര്‍ശിച്ചിരുന്നു എന്നും പറയപ്പെടുന്നു.പിന്നീട്‌ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ പ്രിയ സഖി നൂര്‍ജഹാനോടൊപ്പം ശ്രീനഗറില്‍ ഗ്രീഷ്മം തുടങ്ങുന്ന നാള്‍ ഈ സ്വര്‍ഗ്ഗ ഭൂമിയില്‍ വിശ്രമ വേളകള്‍ ചിലവഴിച്ചതായും ചില കുറിപ്പുകളില്‍ ഉണ്ട് . സര്‍ വാള്‍ട്ടര്‍ ലോറെന്‍സ്(ദി ലാന്‍ഡ്‌ സെറ്റില്‍മെന്റ്റ് ഓഫീസര്‍ from 1889  to 1895 -കാശ്മീര്‍ ) അദ്ദേഹത്തിന്റെ "ദി വാലി ഓഫ്‌ കാശ്മീര്‍" എന്ന ഗ്രന്ഥത്തില്‍ പറയുന്ന പ്രകാരം മുന്‍ കാലങ്ങളില്‍ ചില യൂറോപ്യന്‍ സഞ്ചാരികള്‍ ഗുല്‍ മാര്‍ഗില്‍ വന്നിട്ടുണ്ട്. അവര്‍ അവിടെ ചെറിയ കുടിലുകള്‍ നിര്‍മ്മിക്കുകയും വളരെ നാളുകള്‍ക്കു ശേഷം ഈ കുടിലുകള്‍ വേനല്‍ക്കാല വസതികളായി മാറുകയും ചെയ്തത്രേ .വീണ്ടും അനേക വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഗുല്‍ മാര്‍ഗ്ഗ് മഞ്ഞുകാല വിനോദങ്ങള്‍ക്കുള്ള ഒരു സ്ഥലമായിമാറിയത് എന്നും ചരിത്രം സൂചിപ്പിക്കുന്നു.
സഞ്ചാരികള്‍ക്ക് പ്രകൃതി ഭംഗികള്‍ ആവോളം ആസ്വദിക്കാന്‍ ധാരാളം സൗകര്യങ്ങള്‍ ഇന്ന് ഗുല്‍ മാര്‍ഗില്‍ ലഭ്യമാണ്. ജമ്മു ആന്‍ഡ്‌ കാശ്മീര്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്റ് ശ്രീനഗര്‍ നിന്നും ഗുല്‍ മാര്‍ഗിലേക്ക് പ്രത്യേകം ഹെലിക്കോപ്പ്റ്റെര്‍ സര്‍വീസും മഞ്ഞു കാലം ആസ്വദിക്കാന്‍ ജോംഗ ( ഒരു പ്രത്യേക തരം ജീപ്പ് ) സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട് .


ഏപ്രില്‍ മാസങ്ങളില്‍ മഞ്ഞു പൂക്കള്‍ മാത്രം വിരിയുന്ന ആ പൂക്കളുടെ താഴ്വര ഞങ്ങളെ എതിരേറ്റത്‌ എനിക്കപരിചിതമായ ഒരു കാഴ്ച സമ്മാനിച്ചു കൊണ്ടായിരുന്നു .റോഡില്‍ നിറഞ്ഞു കിടക്കുന്ന മഞ്ഞിന്‍ കട്ടകള്‍ മുറിച്ചു മാറ്റുകയാണ് ഒരു വാഹനം .അന്നാട്ടുകാരായ ചിലരും ചില സഞ്ചാരികള്‍ക്കുമൊപ്പം വളരെ ആകാംഷയോടെ ഞാനും അല്‍പ്പ നേരം ആ കാഴ്ച ആസ്വദിച്ചു .



ഗുല്‍ മാര്‍ഗ് എങ്ങും മഞ്ഞില്‍ നിറഞ്ഞു കിടക്കുന്ന മനോഹര കാഴ്ച .മഞ്ഞു മലകളില്‍ പോകുമ്പോള്‍ ധരിക്കാറുള്ള വിന്റെര്‍ ബൂട്സ് പിന്നെ സൂട്ടും തുടങ്ങിയവ ഒരു കടയില്‍ നിന്നും വളരെ തുശ്ചമായ വാടകയ്ക്ക് വാങ്ങി .അന്‍സാരിയുടെ സഹായമുള്ളതിനാല്‍ അധികം വിലപേശല്‍ ഉണ്ടായില്ല . സഞ്ചാരികള്‍ പലരും പറ്റിക്കപ്പെടുക ഇത്തരം സാധനങ്ങള്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ ആണെന്നുള്ള മുന്‍ അനുഭവത്തിന്‍റെ ഓര്‍മ്മയില്‍ കോട്ടും ബൂട്സ് അണിഞ്ഞ്‌ മഞ്ഞ്‌ നിറഞ്ഞ ഗുല്‍ മാര്‍ഗ്ഗ് കാഴ്ചകള്‍ ആസ്വദിക്കാന്‍ ഞാന്‍ തയ്യാറായി.വലിക്കുന്ന ഒരു തരം വണ്ടിയുമായി ഒരു കൂട്ടം ആളുകള്‍ അപ്പോള്‍ ഞങ്ങളുടെ പിന്നാലെ കൂടി.കുതിരകളുമായി മാറ്റൊരു കൂട്ടര്‍ വേറെയും .ഗുല്‍ മാര്‍ഗ്ഗ് ചുറ്റി കാണിച്ചു തരാമെന്നായി ഇരുവരും .മുന്‍പൊരിക്കല്‍ ആഗ്ര റിവേ റെയില്‍വേ സ്റ്റേഷന്‍ ഇറങ്ങിയപ്പോള്‍ ഞങ്ങളെ പൊതിഞ്ഞ് കൂടെ കൂടിയ റിക്ഷ വണ്ടികള്‍ ഓര്‍മവന്നു .
.ഗുല്‍ മാര്‍ഗ് മുഴുവന്‍ ചുറ്റിക്കാണി ക്കാം എന്നായി കുതിരക്കാരന്‍.
വലിക്കുന്ന വണ്ടിയില്‍ ഒരു യാത്ര പോകാന്‍ 800 രൂപ മതിയാകുമെന്നു മറ്റേ കൂട്ടര്‍ വില പേശല്‍ തുടങ്ങി.
ആളുകള്‍ വലിക്കുന്ന വണ്ടികള്‍ കണ്ടപ്പോള്‍ പണ്ട് കുട്ടികാലത്ത് നാട്ടില്‍ കവുങ്ങില്‍ പാളയില്‍ കുട്ടികളെ ഇരുത്തി വലിച്ചു കൊണ്ട് പോകുന്ന ഓര്‍മ വന്നു.



ദൂരെ പലരും ഈ "പാളയാത്ര" നടത്തുന്നത് മങ്ങി കാണാം .ഈ "സ്ലെട്ജു " "പോണി "വാലകളെ പറഞ്ഞു വിടാന്‍ തന്നെ അല്‍പ്പം കഷ്ട്ടപ്പെടെണ്ടി വന്നു.
എന്നെപോലെ ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍ ഓരൊ വേഷം കെട്ടേണ്ടി വരുന്ന പാവം മനുഷ്യ ജന്മങ്ങള്‍ !

അങ്ങനെ മഞ്ഞു മൂടിക്കിടക്കുന്ന വിശാലമായ ഭൂമിയിലേക്ക് ഞങ്ങള്‍ ഇറങ്ങി. .
കാഴ്ചകളുടെ ഒരു പകുതിയും മഞ്ഞില്‍ മൂടിയിരുന്നു എന്നത് സത്യം.
മുന്‍പ് മണാലിയില്‍(( ((kullu -manaali -ഹിമാചല്‍ പ്രദേശ്‌  ) മഞ്ഞിന്‍റെ ദ്രിശ്യ വിസ്മയം കണ്ടിട്ടുണ്ട് എങ്കിലും .
കാഴ്ചകളെ ഇങ്ങനെ പൂര്‍ണമായി മറയ്ക്കുന്ന "വൈറ്റ് ഔട്ട്‌ "എന്ന പ്രതിഭാസം അന്ന് ആദ്യമായി ആസ്വദിച്ചു.
ഭൂമിയും ,ആകാശവും ,ചക്രവാളവും ഒന്നും തന്നെ വേര്‍തിരിച്ചറിയുവാന്‍ കഴിയാത്ത ഒരത്ഭുത ലോകം.
എങ്ങും മഞ്ഞിന്‍റെ നിറം,മണം,വികാരം.......ആകാശമില്ല ,ഭൂമിയില്ല ,സൂര്യനില്ല ഒരു വൃക്ഷങ്ങള്‍ പോലുമില്ല .വളരെ നേരിയ ഒരു വെള്ളപ്പുതപ്പ് കൊണ്ട് സര്‍വ്വം മൂടിയിട്ട പോലെ .
ഭൂമിയില്‍ നിന്നും ഒരു നിമിഷ നേരത്തേക്ക് മറ്റേതോ ഒരു ലോകത്ത് എത്തിയ പ്രതീതി.തൊട്ടടുത്ത്‌ നില്‍ക്കുന്ന വ്യക്തിയെപോലും കാണുവാന്‍ കഴിയാതെ, കാഴ്ചകള്‍ എന്തെന്നറിയാതെ ഏതോ മായിക ലോകത്തില്‍ പറന്ന് നടക്കുന്ന ഭാരമില്ലാത്ത പഞ്ഞികെട്ട് പോലെ തോന്നിക്കുന്ന അവസ്ഥ .......
ഇടയ്ക്കു മൂടല്‍ മഞ്ഞില്‍ തെളിഞ്ഞു വന്നത് അല്‍പ്പം ദൂരെയുള്ള ഒരു ക്ഷേത്ര ഗോപുരമാണെന്ന് മനസ്സിലായി. നോക്കിനില്‍ക്കുമ്പോള്‍ തന്നെ അത് തെളിയുകയും പിന്നെ മറഞ്ഞ് മഞ്ഞിന്‍റെ നിറത്തോട് ചേരുകയും ചെയ്തു.

സഞ്ചാരികളെ വലിച്ച് കൊണ്ട് പോകുന്നവരുടെ ആര്‍പ്പു വിളികള്‍ കാതോര്‍ത്താല്‍ കേള്‍ക്കാം.അല്‍പ്പം അകലെയുള്ള അമ്പലത്തില്‍ നിന്നും മുഴങ്ങുന്ന പ്രാര്‍ഥനാ ഗീതങ്ങള്‍ കാറ്റിന്‍റെ ദിശക്കനുസരിച്ച് ശബ്ദം കൂടിയും കുറഞ്ഞും കേട്ടുകൊണ്ടിരുന്നു . സത്യത്തില്‍ ഞാന്‍ ഭൂമിയില്‍ തന്നെയാണ് നില്‍ക്കുന്നതെന്ന തിരിച്ചറിവ് എന്നില്‍ ഉണ്ടാക്കിയത് ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്ന ആ പ്രാര്‍ഥനാ ഗീതമായിരുന്നു.
പരിസരം അല്‍പ്പം തെളിഞ്ഞു വന്നപ്പോള്‍ തൊട്ടടുത്ത്‌ നിന്ന ആകാംഷ നിറഞ്ഞ പുഞ്ചിരിക്കുന്ന മുഖങ്ങള്‍ കണ്ടു തുടങ്ങി.
കൈകള്‍ പരസ്പ്പരം കോര്‍ത്ത്‌ നിമിഷ വിരഹം മറക്കുമ്പോള്‍ മഞ്ഞിന്‍റെ പുതപ്പ് വീണ്ടും ഞങ്ങളെ മറച്ചു നിന്നു.

സമയം ഒരു മണിയായി എന്ന്‌ കാറില്‍ അന്‍സാരിയോടൊപ്പം വിശ്രമിച്ചിരുന്ന ഫയാസ്സു ഫായി പറയുമ്പോഴാണ് അറിയുന്നത്.കാലവും സമയവും തിരിച്ചറിയാന്‍ കഴിയാത്ത ഒരു ലോകത്താണല്ലോ അപ്പോള്‍ നില്‍ക്കുന്നത് .
തണുപ്പിന്‍റെ കാഠിന്യത്തില്‍ ഊണ് കഴിക്കുവാന്‍ തണുത്ത വെള്ളത്തില്‍ കൈ കഴുകുവാന്‍ തന്നെ എനിക്ക് മടി തോന്നി.
അടുത്തായി കണ്ട ഒരു കടയുടെ ഉള്ളില്‍ അവരുടെ അനുവാദത്തോടെ ഉച്ചഭക്ഷണം കഴിച്ചു തുടങ്ങി.കൈകള്‍ തണുപ്പിക്കുവാനുള്ള ഒരു നെരിപ്പോട് കടക്കുള്ളില്‍ അല്‍പ്പം ചൂടിന്‍റെ സുഖം നിറച്ചു.നഗീന്‍റെ സ്പെഷ്യല്‍ ചീര കറിയും ,ചിക്കനും അന്നത്തെ ഊണ് സ്വാദിഷ്ട്ടമാക്കി.വളരെ ഇഷ്ട്ടത്തോടെ ചോറും കറികളും എല്ലാവര്‍ക്കും വിളമ്പിത്തന്നത് ഫയാസ്സു ഫായി ആയിരുന്നു.












ഭക്ഷണ ശേഷം വീണ്ടും അല്‍പ്പനേരം മഞ്ഞില്‍ കളിക്കമെന്നായി കുട്ടികള്‍.
തമ്മില്‍ കാണുവാന്‍ കഴിയുമെന്നായപ്പോള്‍ പരസ്പ്പരം മഞ്ഞിന്‍റെ കട്ടകള്‍ എറിഞ്ഞ്‌ കുഞ്ഞുങ്ങള്‍ കളികള്‍ തുടങ്ങി.



കുറച്ചു സമയം കുട്ടികളോടൊപ്പം ഞങ്ങളെല്ലാവരും അവരുടെ കളിയില്‍ പങ്കാളികളായി എന്ന്‌ തന്നെ പറയാം. ആര്‍ത്തു ല്ലസ്സിക്കുന്ന ബാല്യത്തിനെ കളികള്‍ ഏല്‍പ്പിച്ച് അല്‍പ്പം അകലെ കണ്ട ഐസ് മൂടിയ തടാകം ലക്ഷ്യമാക്കി ഞാന്‍ നടന്നു. മുകള്‍ ഭാഗം വെള്ളം ഐസ് ആയി ഉറഞ്ഞു കിടക്കുന്ന ഒരു ചെറിയ തടാകം. കരയും വെള്ളവും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ.ഉള്ളില്‍ നിറഞ്ഞു കിടക്കുന്ന ജലത്തിന്‍റെ ആഴത്തെക്കുറിച്ച് യാതൊരു വ്യക്തതയുമില്ല.കരയില്‍ ഇരുന്ന് വെള്ളത്തിലേക്ക്‌ തൊട്ടപ്പോള്‍ വിരലുകള്‍ മരവിച്ചു. മുകള്‍പ്പരപ്പിലുള്ള ഐസ് പാളികള്‍ പതുക്കെ മാറ്റി ഉള്ളിലെ തണുപ്പുള്ള വെള്ളം കൈയില്‍ കോരിയെടുത്തു.ക്യാമറയില്‍ ഒന്ന് രണ്ട് ചിത്രങ്ങള്‍ എടുക്കുവാനുള്ള ആഗ്രഹത്തില്‍ കൂടെയുള്ളവരെ വിളിക്കുവാന്‍ തിരിഞ്ഞ എന്‍റെ ഉള്ളില്‍ ഒരു നിമിഷം രക്തമുറഞ്ഞപോലെയായി..ഒന്നുമേ കാണുവാന്‍ കഴിയുന്നില്ല ,വീണ്ടും ആ വൈറ്റ് ഔട്ട്‌" .
ദിക്കും ദിശയുമറിയാതെ ആകാശവും ഭൂമിയും തിരിച്ചറി യാതെ എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയ ആ നിമിഷം.

നടന്നു വന്ന വഴിയെ തിരികെ പോകാന്‍ ധൈര്യമില്ല. വഴിയെങ്ങാന്‍ തെറ്റിപോയാലോ എന്ന ഉള്‍ഭയം.മുന്‍പ് കേട്ട ആ ഭക്തിഗീതം ദൂരെ എവിടെയോ കേള്‍ക്കുന്നു.പതറിപ്പോകാതിരിക്കാന്‍ അപ്പോള്‍ എന്‍റെ മനസ്സിന്‌ ആ സ്നേഹഗീതം താങ്ങായി എന്ന്‌ പറയുന്നതാവും ഏറെ സത്യം. ഏതു ഭാഷയിലെന്നോ അതിന്‍റെ അര്‍ദ്ധമെന്തെന്നോ അറിയുന്നില്ല.എങ്കിലും മനസ്സിന്‌ വല്ലാത്തൊരു ധൈര്യം തോന്നിയ നിമിഷമായിരുന്നു അത്.അല്‍പ്പ സമയത്തിനുള്ളില്‍ ചിലരുടെ സംഭാഷണ ശബ്ദങ്ങള്‍ കേട്ടുതുടങ്ങി .നിന്ന സ്ഥലത്ത് നിന്നും ഒരു ചുവടു പോലും മുന്‍പോട്ടു വെക്കാന്‍ കഴിയാതെ നില്‍ക്കുകയാണ് .അടക്കി പിടിച്ച ശബ്ദത്തോടൊപ്പം മഞ്ഞിന്‍റെ മറയില്‍ തെളിഞ്ഞു വരുന്ന പരിചിത മുഖങ്ങള്‍... കണ്ട് പരിസരം മറന്ന് അവരുടെ അടുത്തേക്ക് ഓടുകയായിരുന്നു. "പറയാതെ ഇതെങ്ങോട്ട് പോയി ?"എന്ന പരിഭവം കലര്‍ന്ന കണ്ണുകളോട് മറുപടി പറയുവാന്‍ തണുപ്പും,ഭയവും അനുവദിക്കുന്നില്ല.
ഈ നിമിഷ വിരഹത്തിന്‌ ഒരു വിരല്‍ സ്പര്‍ശം മതിയാകുമോ ?


ഏറെ നേരം കളിച്ചു തിമര്‍ത്ത ബാല്യം കളിമതിയാക്കിയപ്പോള്‍ ഞങ്ങള്‍ ഗുല്‍ മാര്‍ഗില്‍ നിന്നും തിരികെ യാത്ര തുടര്‍ന്നു.
മഞ്ഞിന്‍റെ വഴികള്‍ പിന്നിട്ടു കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ അന്‍സാരിയാണ് പറഞ്ഞത് സഞ്ചാരികള്‍ അധികം വരാറില്ലാത്ത ഒരു സ്ഥലത്തേക്ക് പോകാമെന്ന്. കാടിന്‍റെ ഊടുവഴികള്‍ പിന്നിട്ട് വാഹനം മഞ്ഞില്‍ പുതച്ച മറ്റൊരു കുന്നു കയറി. വഴിലൊരിടത് "ബാബാ ഋഷി "എന്നൊരു വഴികാട്ടി കണ്ടു. കുന്നിന്‍ നെറുകയിലുള്ള ഒരു പള്ളിയിലേക്കായിരുന്നു ആ യാത്ര. "ബാബാ ഋഷി "എന്ന്‌ പേരുള്ള ഒരു ആരാധനാലയം.വഴിയോരങ്ങളിലെ മരക്കൂട്ടങ്ങളില്‍ നിറയെ പഞ്ഞിക്കെട്ടുപോലെ മഞ്ഞു നിറഞ്ഞു നിന്നു. തണുപ്പിന്‍റെ കൈകള്‍ക്ക് ഒരു പ്രാര്‍ഥനാ മന്ത്രത്തിന്റെ സാന്ത്വനം .
പണ്ട് കാശ്മീര്‍ ഭരിച്ചിരുന്ന സൈനുല്ലാബ്ദീന്‍ എന്ന രാജാവിന്‍റെ കൊട്ടാരത്തിലെ പണ്ഡിത ശ്രേഷ്ടനായിരുന്നു ബാബാ ഋഷി.
ലാര്‍ പ്രദേശത്ത് ജനിച്ച ബാബാ പായം ഉദ്ദിന്‍ ആണ് പില്‍ കാലത്ത് ബാബാ ഋഷി എന്ന്‌ അറിയപ്പെട്ടത് എന്നും പറയപ്പെടുന്നു.എങ്കിലും ബാബ  ഋഷിയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നുംതന്നെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.
ലോകത്തിന്‍റെ കഷ്ട്ടകളില്‍ മനം നൊന്തു ജീവിത സുഖങ്ങള്‍ എല്ലാം ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ച ഒരു ഋഷി വര്യന്‍ ആയിരുന്നു ബാബാ.സന്യാസം സ്വീകരിക്കുവാന്‍ വീട് വിട്ടു ഇറങ്ങുമ്പോള്‍ പത്നി ഗര്‍ഭവതി ആയിരുന്നു എന്നും, "താന്‍ മാര്‍ഗ്ഗ് "എന്ന സ്ഥലത്ത് നിന്നും മൂന്നു മൈല്‍ അകലെ ഗുല്മാര്‍ഗിനടുത്തു വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്നും,ചില വിവരണങ്ങള്‍ പറയുന്നു.
ബാബയുടെ ജീവിതത്തിന് ഭഗവാന്‍ ശ്രീ ബുദ്ധന്‍റെ ജീവിതവുമായി എവിടെയോക്കെയോ എനിക്ക് സാമ്യത തോന്നി.

പള്ളിയുടെ അല്‍പ്പം അകലെയായി ഞങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്തു.
അന്‍സാരി പറഞ്ഞത് വളരെ സത്യമാണ്. തിരക്ക് അല്‍പ്പം പോലും ഇല്ലാത്ത ശാന്ത സുന്ദരമായ ഒരിടം. പടിക്കെട്ടുകള്‍ കയറി പോയാല്‍ പഗോഡ മാതൃകയില്‍ ഉള്ള ഒരു പള്ളി കാണാം,പരിസരങ്ങളില്‍ അവിടവിടെ ഉരുകി തീരാത്ത വലിപ്പമുള്ള മഞ്ഞു കട്ടകളും .ദേവദാരു മരങ്ങളെ തഴുകി വരുന്ന തണുത്ത കാറ്റിനും എന്തെന്നില്ലാത്ത ഒരു സാന്ത്വന സ്പര്‍ശം .
അല്‍പ്പം മുന്‍പ് ദിക്കറിയാതെ ഒരു നിമിഷം ഈ ഭൂമിയില്‍ പെട്ട് പോയ നിമിഷത്തെ കുറിച്ച് അപ്പോള്‍ ഓര്‍ത്തു.
മനസ്സിന്‌ ധൈര്യം പകര്‍ന്ന്  ദൂരെ മുഴങ്ങിയ ഏതോ  പ്രാര്ത്ഥനാ മന്ത്രവും.

1480 കളിലെ ഈ ആരാധനാലയം പേര്‍ഷ്യന്‍ ,മുഗള്‍ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.അനേകം വിശ്വാസികള്‍ രാജ്യത്തിന്‍റെ നാനാഭാഗത്തുനിന്നും ഇവിടെ ഓരൊ വര്‍ഷവും എത്തുന്നു എന്നും പറയപ്പെടുന്നു.കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതികള്‍ സന്താന സൗഭാഗ്യത്തിനു വേണ്ടി പ്രത്യേക നേര്‍ച്ച അര്‍പ്പിക്കുന്നു എന്നതും ഈ ആരാധനാലയത്തിന്‍റെ സവിശേഷതയാണ് ,പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ക്ക് വേണ്ടി.ബാബാ ഋഷി അന്ത്യ വിശ്രമം കൊള്ളുന്ന ഈ പള്ളിയില്‍ ഏതെങ്കിലും രീതിയില്‍ അഗ്നി ബാധ ഉണ്ടാകുന്നു എങ്കില്‍ അത് കാശ്മീര്‍ ജനതയ്ക്ക് വരാനിരിക്കുന്ന ഏതോ അത്യാപത്തുകളുടെ സൂചനയാണ് എന്നൊരു വിശ്വാസവും കൂടി ഈ ദേശക്കാരില്‍ ഉള്ളതായി അറിയുവാന്‍ കഴിഞ്ഞു .

പടിക്കെട്ടുകള്‍ തീരുന്നിടത്ത് തോക്കേന്തിയ ഒരു ജവാന്‍ നില്‍പ്പുണ്ട്.ചെരുപ്പ് പള്ളിക്ക് പുറത്ത് ഇടണമെന്ന് അദ്ദേഹം തന്നെയാണ് ആവശ്യപ്പെട്ടതും.മാര്‍ബിള്‍ തറയില്‍ ചവിട്ടിയപ്പോള്‍ തണുപ്പിന്‍റെ വൈദ്ദ്യുത പ്രവാഹം ഉള്ളം കാലില്‍നിന്നും അരിച്ചു കയറി.അകത്തളത്തില്‍ വിരിച്ച കാര്‍പെറ്റില്‍ ചവുട്ടി ഉള്ളിലേക്ക് കയറി.
ബാബാ ഋഷിയുടെ ഖബറിടമായിരുന്നു അവിടെ.ഞങ്ങളെ കൂടാതെ അവിടെയുണ്ടായിരുന്നത് ഒരു പഞ്ചാബി കുടുംബം മാത്രം . അവരുടെ കൈ കുഞ്ഞിനു വേണ്ടിയുള്ള ഏതോ നേര്‍ച്ചയാണെന്ന് കാഴ്ചയില്‍ത്തന്നെ മനസ്സിലായി.
മതത്തിന്‍റെ അതിരുകള്‍ വിശ്വാസങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നില്ല എന്നത് മനസ്സില്‍ സന്തോഷം തോന്നിച്ചു.
പള്ളിയില്‍ ഒരു ഭാഗത്ത്‌ ഒരു ജനല്‍ പാളി പോലെ തോന്നിക്കുന്ന ഇടത്ത് പട്ടു നൂലുകളും,സ്വര്‍ണ്ണ വളകളും ,തങ്ക മോതിരങ്ങളും നേര്‍ച്ചയായി കെട്ടിയിട്ടിരിക്കുന്നതും കണ്ടു. മഞ്ഞില്‍ മൂടി കിടക്കുന്ന ഈ ഗിരി ശിഖരത്തിലും സമാധാനം തേടി, സന്തോഷം തേടി മനുഷ്യര്‍ വന്നെത്തണമെങ്കില്‍ അതിനു പിന്നിലെ അദൃശ്യ ശക്തി എന്താകും.?
തിരിച്ചിറങ്ങുമ്പോള്‍ ചിലര്‍ അവിടെനിന്നും പ്രസാദമായി എന്തോ വാങ്ങുന്നത് കണ്ടു.കാണിക്ക അര്‍പ്പിക്കണമെന്ന് യാതൊരു നിര്‍ബന്ധമില്ല. ഇഷ്ട്ടമുള്ളത്‌ കൊടുക്കാം. നിര്‍ബന്ധ പൂര്‍വ്വം കാണിക്കകള്‍ വാങ്ങുന്ന പേര് കേട്ട ആരാധനാലയങ്ങള്‍ ഓര്‍മവന്നു.മനസ്സിരുത്തി പ്രാര്‍ത്ഥിക്കുവാന്‍ പോലും സാവകാശം തരാതെ തിരക്കുകള്‍ക്കിടയില്‍ "നിസ്സഹായനായ ദൈവത്തിന്‍റെ "മുന്‍പില്‍ നമ്മള്‍ ആരുമല്ലാതായി തീരുന്ന നിമിഷങ്ങള്‍... എത്രയോ അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്.
നേര്‍ച്ചപ്പെട്ടിയുടെ അരികില്‍ ഇരിക്കുന്ന ആള്‍ ഒരു ചെറിയ പൊതിയും അല്‍പ്പം മലരും എനിക്ക് തന്നു തന്നു.പ്രസാദമായി പൊതിഞ്ഞു തന്നത് ചാര നിറത്തിലുള്ള മധുരമുള്ള ഒരു പൊടിയായിരുന്നു.
മനസ്സില്‍ ടെന്‍ഷന്‍ തോന്നുമ്പോള്‍ ഇതില്‍ ഒരു നുള്ള് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാന്‍ ആള്‍ പറഞ്ഞു.അന്ധമായി നാം  ഒന്നിലും വിശ്വസിക്കുന്നില്ല എങ്കിലും ചില നിമിഷങ്ങളില്‍ സമാധാനത്തിനു വേണ്ടി ഏതു ശക്തിയോടും അപേക്ഷിച്ച് പോകും എന്ന സത്യം ഒരു സത്യം തന്നെയാണ്.
ആള്‍ പറഞ്ഞത് സത്യമാണെങ്കില്‍ ?അതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടെങ്കില്‍ ?
ബാബ റിഷിയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ആ പൊതി ഞാന്‍ ഭദ്രമായി എന്‍റെ ഹാന്‍ഡ്‌ ബാഗില്‍ സൂക്ഷിച്ചു.ഗുല്‍ മാര്‍ഗില്‍ നിന്നും മഞ്ഞു മലയിറങ്ങി വന്ന യാത്രയിലെ ക്ഷീണം തീര്‍ത്തും ഇല്ലാതെയായി എന്നൊരു തോന്നല്‍. .
മനസ്സ് നിറഞ്ഞ്‌ അല്‍പ്പ നേരം സര്‍വേശ്വരനോട്  പ്രാര്‍ത്ഥിച്ചത് കൊണ്ടാവാം   .പള്ളിയുടെ പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ മനസ്സിന്‌ എന്തെന്നില്ലാത്ത ഉന്മേഷം.നമ്മള്‍ മനുഷ്യര്‍ എന്നും കൊതിക്കുന്നത് സാന്ത്വനവും ,സമാധാനവുമാണ്.വേദനിക്കുമ്പോള്‍ ഒന്ന് ആശ്വസിപ്പിക്കാന്‍,ഒന്ന് സ്വാന്തനിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എല്ലാ വിഷമങ്ങളും മാറും.ഈ സാന്ത്വനം നല്‍കുന്നത് ഒരു വ്യക്തിയാകണമെന്നും ഇല്ല.ചിലപ്പോള്‍ പ്രാര്ത്ഥനയില്‍  നിന്നാകാം,ചില ദര്‍ശനങ്ങളില്‍ നിന്ന് ആകാം .
പള്ളിയില്‍ നിന്നും കിട്ടിയ ആ മധുരത്തിന്‍റെ പൊതിയില്‍ എന്തുമായിക്കോട്ടേ ,അന്ന് വൈകി ഖാസി അങ്കിളിന്‍റെ വീടെത്തുമ്പോള്‍ എന്‍റെ പെട്ടിയില്‍ അത് പവിത്രമായിത്തന്നെ സൂക്ഷിക്കണം എന്ന്‌ ഞാന്‍ തീരുമാനിച്ചു.








മലയിറങ്ങുന്ന വഴിയില്‍ മഞ്ഞു മൂടിയ ഒരു ഭാഗത്തായി അന്‍സാരിയോട് ആവശ്യപ്പെട്ടു വാഹനം നിര്‍ത്തി.
കാട്ട് പാതയുടെ ഇരു വശങ്ങളിലും മഞ്ഞു പുതച്ച് കിടക്കുന്ന പ്രദേശം.ദേവദാരു പൈന്‍ ,ഫിര്‍ മരങ്ങള്‍ ധാരാളമായി നിറഞ്ഞു നില്‍ക്കുന്ന ഇരുളിമയില്‍ മഞ്ഞിന്‍റെ ശുഭ്ര നിറം കാഴ്ചകള്‍ കൂടുതല്‍ ഭംഗിയുള്ളതാക്കി.
മരങ്ങളുടെ ഇടയില്‍, കുന്നിന്‍ ചരുവില്‍,ഇലകളില്‍ എവിടെയും മഞ്ഞിന്‍റെ വിസ്മയം. റോഡിനരികിലെ മഞ്ഞു തിട്ടയില്‍ വിരലുകള്‍ കൊണ്ട് ഓര്‍മകളുടെ ചിത്രങ്ങളും അക്ഷരങ്ങളും നിറച്ചു.കുത്തനെയുള്ള മലയുടെ ചെരുവിലെ മഞ്ഞില്‍ ചവുട്ടി മുകളിലേക്ക് കയറാന്‍ ഒരു വിഫല ശ്രമം .മരങ്ങള്‍ പൊഴിച്ചിട്ട ഇലകള്‍ മഞ്ഞുമായി കൂടി കലര്‍ന്ന് വല്ലാത്ത വഴുക്കല്‍ ഉണ്ട് എന്ന്‌ തോന്നി.പരസ്പ്പരം കൈകള്‍ കോര്‍ത്ത്‌ ഭാവിയില്‍ എനിക്ക് താങ്ങാകുവാന്‍ പോകുന്ന ബാല്യത്തിന്‍റെ ചെറു കൈതാങ്ങില്‍ ഒരു സാഹസീക യാത്ര.
മഞ്ഞു മലയുടെ മുകള്‍പ്പരപ്പില്‍ എത്തി താഴെ വാഹനം കിടക്കുന്ന റോഡിലേക്ക് നോക്കിയപ്പോള്‍ ഒരാവേശം,ഒന്ന് കൂടി മുകളിലേക്ക് പോകുവാന്‍.. ..അതിനും മുകളിലെ മഞ്ഞിന്‍റെ സ്വര്‍ഗ്ഗം വശ്യമായി ആകര്‍ഷിക്കും പോലെ .സാഹസം കൂടുന്നു എന്ന്‌ തോന്നിയതിനാലാവണം അന്‍സാരിയും ,ഫയാസ്സ് ഫായിയും താഴെനിന്നും ഉറക്കെ വിളിച്ചു പറഞ്ഞു കൂടുതല്‍ മുകളിലേക്ക് പോകുന്നത് അപകടമാണെന്ന് ..ആലോചിച്ചപ്പോള്‍ സത്യമാണ് .തീരെ പരിചയമില്ലാത്ത സ്ഥലം.മഞ്ഞി ന്‍റെ പാളികള്‍ക്കിടയില്‍ പതിയിരിക്കുന്ന അഗാധ ഗര്‍ത്തങ്ങള്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. ഒരു ചുവടു വെയ്ക്കുന്നത് മഞ്ഞിന്‍റെ പൂക്കളിലെങ്കില്‍ അടുത്ത ചുവട്‌ .......

മഞ്ഞു കാഴചകള്‍ ക്യാമറയില്‍ പകര്‍ത്തി .മൂടല്‍ മഞ്ഞു കുറവായതിനാല്‍ ചിത്രങ്ങള്‍ നന്നേ വ്യക്തമായിരുന്നു. റോഡിലൂടെ സൈനീക വാഹങ്ങളില്‍ ചിലത് കടന്നു പോയി.ചില സഞ്ചാരികള്‍ മഞ്ഞു മലയില്‍ നില്‍ക്കുന്ന ഞങ്ങളെ നോക്കി ആര്‍ത്തു വിളിച്ചു കൊണ്ട് പോകുന്നതും കണ്ടു
മുകളിലേക്ക് കയറുമ്പോലെ അത്ര എളുപ്പമല്ല തിരിച്ചുള്ള യാത്ര എന്ന്‌ മനസ്സിലാക്കുവാന്‍ ഏതാനും നിമിഷങ്ങളേ  വേണ്ടി വന്നുള്ളൂ
വല്ലാതെ വഴുതി പോകുന്ന കാലടികള്‍..
ഒന്ന് കാല് തെറ്റിയാല്‍ പിന്നെ താഴെയുള്ള റോഡില്‍ ചെന്ന് നില്‍ക്കുന്ന അവസ്ഥ.
വീണ്ടും കൈകള്‍ പരസ്പ്പരം കോര്‍ത്ത്‌ ക്യാമറ കഴുത്തില്‍ തൂക്കി മലയിറങ്ങി.
മഞ്ഞിന്‍ പൂക്കള്‍ കാലടികളില്‍ ഞെരിഞ്ഞമര്‍ന്നു
വിന്‍റര്‍ ബൂട്സ് ഇല്ലാത്ത വിരലുകള്‍ തണുപ്പ് തിരിച്ചറിയാന്‍ കഴിയാത്തത് പോലെ മരവിച്ചുപോയിരുന്നു .അടുത്ത് കണ്ട ഫിര്‍ മരത്തിന്‍റെ  അരികില്‍ നിന്ന് വീണ്ടും ഫോട്ടോക്ക് പോസ് ചെയ്തു .
കാഴ്ചകള്‍ വിട്ട് തിരികെ പോകുവാന്‍ എന്‍റെ കണ്ണുകള്‍ എന്നെ സമ്മതിക്കുന്നില്ല.കണ്ണെത്താ ദൂരമെല്ലാം മഞ്ഞിന്‍റെ പുതപ്പില്‍ .

ചുവടുകള്‍ സൂക്ഷിച്ച് വീണ്ടും താഴേക്ക്‌ വെച്ച ആരുടെ കാലടികളാണാവോ പിഴച്ചു പോയത് .മറ്റൊന്ന് ചിന്തിക്കുവാന്‍ സമയം കിട്ടും മുന്‍പ് രണ്ട് മീറ്റര്‍ താഴെയുള്ള ദേവ ദാരുവിനെ സാഷ്ടാംഗം നമസ്ക്കരിച്ചു ഞാന്‍ കാശ്മീര്‍ മണ്ണില്‍ കിടക്കുന്നു .റോഡിന്‍റെ ഭാഗത്തുനിന്നും കൂവലും ,വിളിയും,ഒപ്പമുള്ളവരിലെ ചിരിയുംഎന്നെ ഉണര്‍ത്തിയപ്പോള്‍ എന്‍റെ ക്യാമറയയെയാണ് ഞാന്‍ ആദ്യം നോക്കിയത്.ഭാഗ്യത്തിന് ഒരു കുഴപ്പവുമില്ല.മഞ്ഞില്‍ മരവിച്ച എനിക്കും ഒരു പ്രശ്നവും ഇല്ല എന്ന്‌ സ്വയം സമാധാനിച്ചു.
ചിരിയും തമാശയുമായി തിരികെ കാറില്‍ കയറുമ്പോള്‍ മലമുകളിലെ മഞ്ഞില്‍ എന്നെ രക്ഷിച്ച ദേവ ദാരുവിനെ ഒരു വട്ടം ഒന്ന് തിരിഞ്ഞു നോക്കി.ഒരു കൈത്താങ്ങ്‌ തന്നതിന് ,ആ ഒരു നിമിഷത്തിന്‌ ഞാന്‍ മൗനമായി നന്ദി പറഞ്ഞു . മഞ്ഞിന്‍റെ പൂക്കള്‍ വിരിഞ്ഞ ഇലകള്‍ ഉലച്ചു എനിക്കവന്‍ യാത്ര മംഗളങ്ങള്‍ നേര്‍ന്നു.ചില ബന്ധങ്ങള്‍ അങ്ങനെയാണ് നിമിഷങ്ങള്‍ മാത്രം അനുഭവിക്കാന്‍ ഭാഗ്യം.ജന്മാന്തരങ്ങള്‍ കാണുവാന്‍ കഴിയാതെ അകന്നു പോകുന്ന ചില നൈമീഷിക ബന്ധങ്ങള്‍.......

അന്‍സാരി വാഹനം സ്ട്രാറ്റ് ചെയ്തു ,
ജമ്മു ശ്രീനഗര്‍ ഹൈവേയില്‍ എത്തിയപ്പോള്‍ തണുപ്പിനു അല്‍പ്പം കുറവ് വന്നപോലെ.
കാറിന്‍റെ ഗ്ലാസ്‌ താഴ്ത്തി കാശ്മീര്‍ നാട്ടു കാഴ്ചകളിലേക്ക് കുറച്ചു നേരം .
ബാരമുള്ള റോഡിലേക്ക് പോകുവാനുള്ള സൈനീക വാഹനങ്ങളുടെ തിരക്ക് അപ്പോഴും ഉണ്ട് .
ഹര്‍ത്താല്‍ ദിവസത്തെ ബാക്കി പത്രങ്ങളായ കല്ലും ,തടികളും വഴിയോരങ്ങളില്‍ ചിതറി കിടക്കുന്നു.ഗുല്‍ മാര്‍ഗിലേക്കുള്ള യാത്രയില്‍ ഈ കല്ലും ,മരത്തടികളും കണ്ണില്‍ പെട്ടതും ഇല്ല.
അധികം മുന്‍പോട്ടു പോകും മുന്‍പ് വഴിയില്‍ ഒരിടത്ത്‌ കുറച്ച്‌ ആള്‍ കൂട്ടം കണ്ടു .യാത്രയുടെ ക്ഷീണം കാരണം കുട്ടികളെല്ലാം അപ്പോള്‍ ഉറക്കമായിരുന്നു. അന്‍സാരി ഹോണ്‍ അടിച്ചു വാഹനം സ്പീഡ് കൂട്ടി .പെട്ടെന്ന് വഴിയോരത്ത് ഇടവഴിയില്‍ ഒന്ന് രണ്ട് സൈനീകര്‍ തോക്കുമേന്തി ഓടുന്നതും ,മറഞ്ഞു നിന്നു ഒരു സൈനികന്‍ വെടിയുതിര്‍ക്കുന്നതും മിന്നല്‍ പോലെ കണ്ണില്‍ മറഞ്ഞു പോയി ,അതിനെ പിന്‍ തുടര്‍ന്ന് പിന്നെയും കുറേ വെടിയൊച്ചകളും.
എന്തെന്നോ ഏതെന്നോ ചോദിക്കും മുന്‍പ് വാഹനം ഏറെ ദൂരം പിന്നിട്ട് കഴിഞ്ഞിരുന്നു  .
"അവിടെ എന്തോ പ്രശ്നമാണ് അത് നമ്മള്‍ അറിയേണ്ട കാര്യമില്ലല്ലോ "
എന്നായിരുന്നു അന്‍സാരിയുടെ മറുപടി.
ഒന്നും അറിയാതെ ഉറങ്ങുന്ന കുഞ്ഞുങ്ങള്‍ .
നിഷ്കളങ്ക ബാല്യം.
സമയം സന്ധ്യ മയങ്ങി തുടങ്ങി.
വിന്‍ഡോ ഗ്ലാസില്‍ കൂടെ തണുപ്പ് എന്‍റെ ഉള്ളിലേക്കും അരിച്ചിറങ്ങി .
എന്തായിരിക്കും അവിടെ നടന്നത് എന്നറിയാന്‍ ഒരു മാര്‍ഗവുമില്ല.
മുന്‍പ് കേട്ട ആ വെടിയോച്ചയുടെ ശബ്ദം കാതില്‍ നിന്നും പോകുന്നതേയില്ല .
ഫയസ്സു ഫായിയുടെ മൊബൈലില്‍ നിന്നും ആ പഴയ കാശ്മീരി ഗാനം ഒന്ന് കേട്ടിരുന്നുവെങ്കില്‍ .
ശരീരത്തിലെ മരവിപ്പ് മാറിയപ്പോള്‍ എവിടെയൊക്കെയോ വേദന തുടങ്ങിയെന്നൊരു തോന്നല്‍
മഞ്ഞിലെ വീഴ്ചയുടെ സമ്മാനമാണ് .അണച്ച് പിടിച്ച ദേവ ദാരുവിനെ ഓര്‍മവന്നു,മഞ്ഞിന്‍റെ തണുത്ത തലോടലും.
സമയം വളരെ വൈകി ഖാസി അങ്കിളിന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ ആരോ ചോദിച്ചു
"ഒന്നൂടെ മല കയറുന്നോ ....ഒരു വീഴ്ചകൂടെ......?"
കൂടെയുള്ളവര്‍ കളിയാക്കി ആര്‍ത്തു ചിരിച്ചു.
ചില വീഴ്ചകള്‍ മറ്റുള്ളവരെ ചിരിപ്പിക്കുന്നു.
വേദനകള്‍ നമുക്ക് മാത്രവും.
ഓരോ വീഴ്ചകളും ഓരോ പാഠങ്ങള്‍
ഓരോ യാത്രകളും ഓരോ അനുഭവങ്ങള്‍ ......
(തുടരും )


മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(1)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(2)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(3)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(4)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(6)