Saturday, December 03, 2011

വീണ്ടും ഓര്‍മ്മകള്‍ക്കെന്തുസുഗന്ധം .......!





"ഇന്ന്  മഴപെയ്തപ്പോള്‍   മണ്ണിന്‍റെ  സുഗന്ധം  ത്   ഓര്‍മ്മകളെയാണ്  തിരികെ തന്നത് ?  

സുഗന്ധവും, ഓര്‍മ്മകളും തമ്മില്‍  എന്ത്  ബന്ധംഎന്ന് തോന്നിയോ

ചില  സുഗന്ധങ്ങള്‍ അങ്ങനെയാണ്, വര്‍ഷങ്ങള്‍  പിന്നിലേക്ക്‌  നമ്മളെ കൂ ട്ടിക്കൊണ്ട്  പോകും.എന്നോ കണ്ടു  മറന്ന കാഴ്ചകള്‍,മുഖങ്ങള്‍,അറ്റുപോയ  ബന്ധങ്ങള്‍ ,വേദനകള്‍ ,സന്തോഷങ്ങള്‍ ,അങ്ങനെ എന്തെല്ലാം നമുക്ക്തിരികെ  തരുമെന്നോ...

പൊടി പിടിച്ചു കിടന്ന പഴയൊരു പുസ്തകത്തിന്‍റെതാളുകള്‍  മറിച്ചപ്പോള്‍,  ഇന്ന്  അയല്‍ വീട്ടിലെപിച്ചകം  പൂവിട്ടപ്പോള്‍  എപ്പോഴോ  ഒരു  നന്തിയാര്‍വട്ട  പൂവിന്‍റെ   മണം  നുകര്‍ന്നപ്പോള്‍,എങ്ങോ  പുകഞ്ഞു   കത്തുന്നചന്ദനത്തിരിയുടെ സുഗന്ധം കാറ്റ് കൊണ്ട്വന്നപ്പോള്‍ ………… എത്ര  എത്ര സുഗന്ധങ്ങള്‍,അതിലേറെ ഓര്‍മ്മള്‍  !

എങ്കിലും  ഇന്നോളം  ഞാന്‍   തേടിയിട്ടു  കണ്ടു  കിട്ടാതിരുന്നത്  ബാല്യത്തിലെന്നോ കണ്ടുമറന്ന  ഇലഞ്ഞിപ്പൂക്കളുടെ   സുഗന്ധമാണ്,പണ്ടെങ്ങോ കൈമോശം വന്ന   പൂക്കളെ  നാളിന്നേവരെ  ഞാന്‍  കണ്ടിട്ടില്ല ,  സുഗന്ധം അറിഞ്ഞിട്ടില്ല .

     കാടുകള്‍  വേരറ്റു പോയില്ലെങ്കില്‍....കാവുകള്‍ അന്യം  നിന്ന് പോയില്ലെങ്കില്‍....എന്‍റെ   നഷ്ട്ട  ബാല്യങ്ങളുടെ  ഓര്‍മ്മകള്‍ തിരികെ  തരാന്‍ എനിക്കുവേണ്ടി  എവിടെയെങ്കിലും  പൂത്ത്‌ നില്‍പ്പുണ്ടാകും   ഒരു ഇലഞ്ഞി  മരം "
(ഓര്‍മകള്‍ക്കെന്തുസുഗന്ധം....)

എനിക്കുവേണ്ടി പൊഴിഞ്ഞു വീണ നക്ഷത്ര കുഞ്ഞുങ്ങള്‍..... 


ഈ വരികള്‍ ഞാന്‍ എഴുതിയത്‌ കുറേ നാള്‍ മുന്‍പാണ് ,ബൂലോകത്തേക്ക് വന്ന ആദ്യ വേളകളില്‍ .ഗന്ധങ്ങള്‍ എത്രമേല്‍ എന്‍റെ ഓര്‍മ്മകളെ സ്വാധീനിക്കുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളില്‍ മനസ്സില്‍ കോറിയിട്ട  വരികള്‍ പിന്നീട് എപ്പോഴോ അക്ഷരങ്ങളായി തെളിയുകയായിരുന്നു.
കൈമോശം വന്നു എന്ന് ഞാന്‍ പരിഭവിച്ച ഒരു സുഗന്ധം  "ഓര്‍മകള്‍ക്കെന്തു സുഗന്ധം "എന്നതില്‍ എന്നെ നോവിച്ച് എപ്പോഴും നിറഞ്ഞു നിന്നിരുന്നു. വര്‍ഷങ്ങള്‍ മറച്ചുകളഞ്ഞ കുറേ ഇലഞ്ഞിപൂക്കളുടെ സുഗന്ധം.

ഓര്‍മ്മകളില്‍ സുഗന്ധം മാത്രം ശേഷിപ്പിച്ച്‌ കടന്നുപോയ എന്‍റെ പ്രിയപ്പെട്ട ആ പൂക്കളെ ഇനിയും വേരറ്റു പോകാത്ത കാടുകളിലും ,ഇന്നും അന്യം നിന്ന് പോകാത്ത കാവുകളുടെ പുറം കാഴ്ചകളിലും ഞാന്‍ തേടിയിരുന്നു.

ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ മരത്തണലില്‍ എന്നെ കൊണ്ടു വന്നു നിര്‍ത്തിയ ആ അദൃശ്യ ശക്തി ഏതാണ്?.ആകാശമരത്തില്‍ നിന്നും  'പകല്‍നക്ഷത്രങ്ങള്‍' പൊഴിയുന്നുവോ ?.
ഭൂമിയില്‍ പൊഴിഞ്ഞു വീണ് കിടക്കുന്ന നക്ഷത്ര കുഞ്ഞുങ്ങളെ കണ്ട് ഒരു നിമിഷം സ്വപ്നമോ എന്ന് സംശയിച്ച്‌ മുകളിലേക്ക് നോക്കുമ്പോള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നുഒരു ചെറിയഇലഞ്ഞി മരം .

വഴിയരികില്‍ എവിടെയെങ്കിലും പൊഴിഞ്ഞു  വീണ ഇലഞ്ഞിപ്പൂക്കള്‍  കിട്ടിയാല്‍ എനിക്ക് വേണ്ടി കരുതാന്‍ നീ മറക്കണ്ട......."

ഓര്‍മ്മകളില്‍ വീണ്ടും "നക്ഷത്രങ്ങളുടെ സുഗന്ധം" .....................

ഇലഞ്ഞിമരചോട്ടില്‍ എന്നെ നോക്കി ചിരിച്ച്‌ ചിതറി കിടക്കുന്ന സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന പകല്‍ നക്ഷത്രങ്ങളെ ആവേശത്തോടെ പെറുക്കിയെടുത്തു ഞാന്‍ .ഒന്നല്ല ,രണ്ടല്ല ........കൈ നിറയുവോളം.
എന്‍റെ അരികില്‍ നിന്ന എനിക്കപരിചിതരായ കുരുന്നുകളുടെകാതുകളില്‍ പതുക്കെ ചൊല്ലി..... "ഇതാണ് ഇലഞ്ഞി പൂക്കള്‍.........ഒരുനാള്‍ ആകാശമരത്തില്‍ നിന്നും  ഭൂമിയില്‍ ചിതറി വീണ നക്ഷത്രകുഞ്ഞുങ്ങള്‍ .....
കാറ്റില്‍ ഉലഞ്ഞ മാനത്തിന്‍റെ  ചില്ലയില്‍ നിന്നു അടര്‍ന്നു വീണ പൊന്‍പൂക്കള്‍".

കൈകുമ്പിള്‍ നിറഞ്ഞപ്പോള്‍ മണത്തു നോക്കി.ഇതാകുമോ  "ആകാശത്തിന്‍റെ സുഗന്ധം ,നിലാവിന്‍റെയും  നക്ഷത്രങ്ങളുടെയും സുഗന്ധം"

സുഗന്ധം എന്നെ വഴി നടത്തുകയാണ് ,സംവത്സരങ്ങള്‍ പിന്നിലേക്ക്‌.കണ്ണടച്ചപ്പോള്‍  ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്ന ഭൂതകാലത്തിന് നഷ്ട്ട ബാല്യത്തിന്‍റെ നേര്‍ത്ത മധുരം...
 ഈ പ്രഭാതം എനിക്ക് കരുതിവെച്ച സമ്മാനം എനിക്കേറ്റവും പ്രിയപ്പെട്ടതാകുന്നു.

ഇന്നിന്‍റെ ബാല്യത്തിന്  ഓര്‍ക്കുവാന്‍ ഈ പൂക്കള്‍ ഒരു ഓര്‍മ്മകൂട്ടായെങ്കില്‍....!
കാലങ്ങള്‍ കഴിയുമ്പോള്‍ ഇവരില്‍ ഒരാളെങ്കിലും ഈ സുഗന്ധം സ്വപ്നത്തില്‍ നിറച്ച്‌  വീണ്ടും ഒരിലഞ്ഞി മരം തേടി നടക്കുമായിരിക്കും ....

അന്നും എവിടെയെങ്കിലും പൂവിട്ടു നില്‍ക്കുമായിരിക്കും ഈ ഇലഞ്ഞി മരങ്ങള്‍ .......

കാലം നമുക്കായി ഓരോന്ന് കരുതും.
നഷ്ട്ട സ്വപ്നങ്ങളില്‍ മറഞ്ഞവയെന്ന്‌ നമ്മള്‍ കരുതുന്ന ചിലതൊക്കെ  എത്ര വൈകിയാലും ഒരിക്കല്‍ നമുക്ക് തിരിച്ചു കിട്ടും.
കാത്തിരിപ്പിനൊടുവില്‍  കിട്ടുന്നത് ഏറെ പ്രിയകരവുമാകും ....

പ്രതീക്ഷകള്‍ ഒന്നും വ്യര്‍ത്ഥമല്ല.ഇന്നിന്‍റെ പ്രതീക്ഷകള്‍ പുലരിടുന്ന നാളെകള്‍ ആണല്ലോ........

എന്നും നിറമുള്ള സ്വപ്‌നങ്ങള്‍ കാണുവാന്‍ പഠിപ്പിച്ച ആ മനസ്സിന് ആയിരം നന്ദി ......



16 comments:

  1. രചന മികവുറ്റതായിരിക്കുന്നു.
    ഇലഞ്ഞിപൂക്കളുടെ സുഗന്ധം. ബാല്യത്തിന്റെ നേര്‍ത്തമധുരം
    പ്രതീക്ഷകളുടെ വസന്താഗമം.
    ആശംസകളോടെ,
    സിവി.തങ്കപ്പന്‍

    ReplyDelete
  2. ഇലഞ്ഞി പൂകളെ കുറിച്ച് പറഞ്ഞപ്പോള്‍ ..എന്നും രാവിലെ നടക്കാന്‍ പോകുമ്പോള്‍ ഞാന്‍ കാണാറുണ്ട് ..റോഡ്‌ നിറയെ വീണു കിടക്കുന്നത് ..എന്ത് സുഗന്ധം ആണെന്നോ ......ഇനി എന്നും രാവിലെ പോകുമ്പോള്‍ സുജയെ ഒര്‍മ വരും...ഇവിടെ പൂമാല കാവിലും ഉണ്ട് നിറയെ ഇലഞ്ഞി മരം...അടുത്ത ആഴ്ച അവിടെ കളത്തിലരി ഉത്സവം ആണ് ....കാവിലെക് കേറുമ്പോഴേ നല്ല സുഗന്ധം വരും.....ഞാന്‍ എടുത്തു വക്കാം ഒരു ഇലഞ്ഞി മാല .......സുജയ്ക്ക് വേണ്ടി......ഇഷ്ടമായി ഈ ഇലഞ്ഞി മണമുള്ള പോസ്റ്റ്‌..ആശംസകള്‍

    ReplyDelete
  3. ഓര്‍മകളിലെ അറിഞ്ഞ സുഗന്ധങ്ങള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന നഷ്ട സൗഭാഗ്യങ്ങള്‍ .സുഗന്ധമുള്ള രചന.ആശംസകള്‍ !

    ReplyDelete
  4. അങ്ങിനെ ചിലതുണ്ട്. നമ്മുടെ ബാല്യവുമായി എളുപ്പം കണക്ക്റ്റ് ചെയ്യുന്ന ചില കാര്യങ്ങള്‍. ഇലഞ്ഞിപ്പൂക്കള്‍ , മഴ അങ്ങിനെ പലതും.
    ഇലഞ്ഞിപ്പൂകള്‍ എന്നാല്‍ എനിക്ക് ക്ലാസ് മുറികളുടെ ഗന്ധമാണ് ഓര്‍മ്മവരിക.
    പണ്ടെങ്ങോ കണ്ട ആ ഇലഞ്ഞിപ്പൂക്കള്‍, വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടപ്പോള്‍ ഉണ്ടായ വികാരത്തെ ഭംഗിയായി പറഞ്ഞിടുണ്ട് പോസ്റ്റില്‍.

    "കൈകുമ്പിള്‍ നിറഞ്ഞപ്പോള്‍ മണത്തു നോക്കി.ഇതാകുമോ "ആകാശത്തിന്‍റെ സുഗന്ധം ,നിലാവിന്‍റെയും നക്ഷത്രങ്ങളുടെയും സുഗന്ധം"
    ഈ വരികളില്‍ ഒക്കെ നല്ല ഫീല്‍ ഉണ്ട് സുജേ.

    ഹൃദ്യമായ ഒരനുഭവമായി ഈ പോസ്റ്റ്‌.
    അഭിനന്ദനങ്ങള്‍

    ReplyDelete
  5. നന്ദി സുജ ചേച്ചി..
    ഒരിക്കല്‍ കൂടി ഇലഞ്ഞിപ്പൂക്കളുടെ മണം പകര്‍ന്നു തന്നതിന്.. ഒപ്പം കുറെ ഓര്‍മ്മകളും.. ബാല്യത്തില്‍ ഇലഞ്ഞിപ്പൂ, നേര്‍ത്ത വാഴ നാരില്‍ കോര്‍ത്തി കൂട്ടുകാരിയ്ക്ക് കൊടുത്ത ഓര്‍മ്മയുണ്ട്.. ഇപ്പോള്‍ അവളില്ലാ.. ഇലഞ്ഞിപ്പൂക്കളുടെ മണം ഓര്‍മ്മകളില്‍ മാത്രം എന്നില്‍ നിറയുന്നു.. ഒരു പിടി നക്ഷത്രപൂക്കള്‍ എറിയുന്നു നിലാ വാനം... (ഇലഞ്ഞി രാത്രിയില്‍ ആണ് പൂക്കുന്നതെന്ന് തോന്നുന്നു..)

    പഴയൊരു പാട്ട് ഓര്‍മ്മ വരുന്നു..
    "ഇലഞ്ഞിപ്പൂ മണമൊഴുകി വരുന്നു..
    ഇന്ദ്രിയങ്ങളില്‍ അവ പടരുന്നു... etc etc..."

    പിന്നേയ് ഫോട്ടോയില്‍ കാണുന്ന പൂക്കള്‍ വാടിയതാണ്.. നറുംപാലിന്റെ നിറമുള്ള, വിശുദ്ധിയുള്ള ഇലഞ്ഞിപ്പൂക്കള്‍ കിട്ടുമെങ്കില്‍ അത് വെച്ച് ഒരിക്കല്‍ കൂടി ഫോട്ടോ എടുക്കണം.. വീടിനടുത്തുണ്ട് ഒരു മരം.. അങ്ങോട്ടോന്നും പോവാറില്ല ആരും... പണ്ട് ഞങ്ങളുടെ കളിസ്ഥലം ആയിരുന്നു അത്.. :) ഫോട്ടോ കണ്ടപ്പോ ഒരു ആഗ്രഹം.. എനിക്കും ഇലഞ്ഞിപ്പൂവിന്റെ പടം പിടിക്കണം.. :)

    ഇലഞ്ഞിയുടെ പഴം കഴിച്ചിട്ടുണ്ടോ സുജ ചേച്ചി.. നല്ലപോലെ പഴുത്തതെങ്കില്‍ ചവര്‍പ്പ് ഉണ്ടാവില്ലാ.. ചെറുപ്പത്തില്‍ ഞങ്ങള്‍ ഇലഞ്ഞിയുടെ കുരു പെറുക്കി എടുക്കും.. എന്നിട്ട് "ഒറ്റയും ഇരട്ട"യും കളിക്കാന്‍ എടുക്കും... അങ്ങനെയങ്ങനെ എന്തെന്തോര്‍മ്മകള്‍ ഇലഞ്ഞിയെ ചുറ്റിപ്പറ്റി..

    ഞങ്ങള്‍ തൃശ്ശൂര്‍ക്കാര്‍ക്ക് ഇനിയും പറയാന്‍ ബാക്കിയുണ്ട്.. പൂരത്തോടനുബന്ധിച്ചുള്ള ഇലഞ്ഞിത്തറമേളം മറക്കാനാവില്ലാ ലോ.. :)

    ഗന്ധത്തില്‍ തുടങ്ങിയ ഓര്‍മ്മ ശ്രവണത്തില്‍ വെച്ച് നിര്‍ത്തുന്നു..

    സ്നേഹപൂര്‍വ്വം..
    സന്ദീപ്‌

    ReplyDelete
  6. മനസ്സില്‍ നിറയെ സുഗന്ധം പകര്‍ന്നുതന്നതിന്
    ഒരായിരം നന്ദി.
    ആശംസകളോടെ...പുലരി

    ReplyDelete
  7. വളരെ നന്നായിരിക്കുന്നു.

    ReplyDelete
  8. വശ്യമായ വരികള്‍. നഷ്ട സ്വപ്നങ്ങളുടെ ഗന്ധം മനോഹരമായിരിക്കുന്നു. . പക്ഷെ പലപ്പോഴും മനസ്സില്‍ ഉമിത്തീയായ് നീരുന്നത് വേണ്ടപ്പെട്ടവരുടെ മരണത്തിന്റെ ഗന്ധമാണ്.

    ReplyDelete
  9. വെറുതെയല്ല ഇങ്ങനെ പാടിയത
    ഓര്‍മ്മകള്‍ക്കെന്തുസുഗന്ധം .......!

    ReplyDelete
  10. വരികള്‍ മനസ്സിനെ ഒരു പാട് സ്പര്‍ശിച്ചു ....ഒരു പക്ഷെ ഞാനും ഓര്‍മകളെ ഒരു പാടിഷ്ടപ്പെടുനതും കൊണ്ടും വരികള്‍ അത്രയ്ക്ക് മനോഹര മായതുകൊണ്ടും ആയിരിക്കാം .....ഓരോ വരികളിലും ഓര്‍മകളുടെ വശ്യത നില നില്‍ക്കുന്നു ഇനിയും എഴുതണം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  11. നല്ല രസമുണ്ട് വായിക്കാന്‍ .....ഇഷ്ടായി ട്ടോ ......ആശംസകള്‍ നേരുന്നു ...ഓര്‍മ്മകള്‍ ഓടി കളിക്കുവാന്‍ എത്തുന്ന മുറ്റത്തെ ആ പാട്ടില്ലേ ...ചാച്ചു വിനു നല്ല ഇഷ്ടമാ ...ചാച്ചു ഇടയ്ക്കിടയ്ക്ക് കേള്‍ക്കും ആ പാട്ട്

    ReplyDelete
  12. ഇലഞ്ഞിപ്പൂക്കളോടുള്ള ഇഷ്ടമറിഞ്ഞപ്പോള്‍ സന്ദീപാണിങ്ങോട്ട് വഴിക്കാട്ടിയത്.. വായിച്ചുകഴിഞ്ഞപ്പോള്‍ ഒരായിരം ഇലഞ്ഞിപ്പൂക്കളൊരുമിച്ച് എന്നിലേക്ക് പൊഴിഞ്ഞുവീണ പ്രതീതി. മനസ്സ് നിറഞ്ഞു.. ഇലഞ്ഞിപ്പൂവിന്‍റെ നറുമണമുള്ള വരികള്‍...

    ReplyDelete
  13. ഇലഞ്ഞിപ്പൂക്കള്‍ക്ക് മാത്രമല്ല, അത്ന്റെ ഓര്‍മകളില്‍ പോലും ആ സുഗന്ധം പരക്കുന്നുണ്ട്. പക്ഷെ എന്റെ മനോഹര ഓര്‍മകള്‍ക്ക് കൂട്ട് ചെമ്പകപൂക്കള്‍ക്ക് ആയിരുന്നു. കാരണം അതങ്ങിനെ ആയിരുന്നു.

    ReplyDelete

daemon tools, limewire