Friday, May 06, 2011

ആലീസിന്‍റെ സ്വയംവരം ...............



നേരം  പുലരാന്‍ ഇനിയുമുണ്ട്  അരനാഴിക  .

കണ്ണുകള്‍ ഇറുകെ അടച്ചു ഉറക്കം വരാതെ ആലീസ് കിടന്നു .

"അമ്മച്ചീടെ നേര്‍ച്ചക്കോഴി ആകാന്‍ എന്നെ കിട്ടില്ല  ...... മഠത്തില്‍   ചേരണം പോലും....".

തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ,നാലു നേരവും താന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ച കര്‍ത്താവ്‌ തന്നെ തന്‍റെ  ഉറക്കം കെടുത്തുകയാണല്ലോ എന്ന്   ആലീസിന് തോന്നിപ്പോയി.

പുറത്തു മഴ പെയ്തുകൊണ്ടിരുന്നു .
കണ്ണ് ചിമ്മിച്ചു മിന്നിയ കൊള്ളിയാന്‍റെ വെളിച്ചത്തില്‍ മുന്നില്‍ തെളിഞ്ഞ തിരുരൂപം കണ്ട്  ആലീസ് ഞെട്ടി.

"മിശിഹായേ..............................നീ"


കര്‍ത്താവ്‌ ഇതാ മുന്നില്‍ നില്‍ക്കുന്നു  .രൂപക്കൂട്ടില്‍ കണ്ട അതേ കാരുണ്യം ആ കണ്ണുകളില്‍ .
ശിരസ്സില്‍ ആ മുള്‍ക്കിരീടവും......


ഉണര്‍വിനും,ഉറക്കത്തിനുമിടക്ക്, പറന്നുപൊങ്ങിയ ഒരു  തൂവാലായി മാറി ആലീസ്   ...........  


"പ്രാര്‍ത്ഥനകളുടെ ഫലം  വൈകിയെങ്കിലും നിങ്ങളെ തേടി വരും " എന്ന്  പാതിരാ കുര്‍ബാനയ്ക്ക് ഇന്നലെ എസ്താപ്പച്ചന്‍പറഞ്ഞത്   എത്ര സത്യമാണെന്ന് ആലീസ് ഓര്‍ത്തു.
കര്‍ത്താവിനോട് ചോദിയ്ക്കാന്‍,  കുറെനാളായി  മനസ്സില്‍ അക്കമിട്ടു  സൂക്ഷിച്ച  ചോദ്യങ്ങള്‍   വെറുതെ ആയില്ലല്ലോ എന്ന്  ആശ്വസിച്ചെങ്കിലും ,ഉണങ്ങി  വരണ്ടു പോയ തന്‍റെ  തൊണ്ടയില്‍ക്കിടന്നു  പിടയുന്ന ചോദ്യങ്ങളെ രക്ഷപ്പെടുത്താന്‍ ഒരു വിഫല  ശ്രമം തന്നെ നടത്തി ആ നിമിഷങ്ങളില്‍ ആലീസ്‌

കര്‍ത്താവ്‌  ചിരിക്കുകയാണോ?... .....തിരുമുറിവുകളില്‍ ഇപ്പോഴും രക്തത്തിന്‍റെ   പാടുകള്‍ .......

"ആലീസേ.................." 


കര്‍ത്താവല്ലേ  തന്നെ വിളിച്ചത് .......... ?
മഴ പൂവിട്ടു കൊഴിഞ്ഞ  മരത്തിന്‍റെ  ചില്ലകളില്‍  തട്ടി നനഞ്ഞ തൂവലായി ആലീസ്‌ താഴേക്ക്‌ പതിച്ചു   ..............തിരുരൂപതിന്‍റെ  കാല്‍ക്കല്‍....


"ആലീസ്സെ ..............നിനക്കിന്നു സ്വയംവരം ......."


"സ്വയം വരമോ....?എനിക്കോ  !......നീ എന്നെ പരിഹസിക്കുകയാണോ ദൈവമേ........"


"നോക്കൂ ആലീസേ  .................."


മിന്നല്‍ പിണരുകള്‍ തെളിച്ച പ്രകാശത്തില്‍ കര്‍ത്താവിന്‍റെ    വലം ഭാഗത്ത്‌   നിരന്നിരിക്കുന്ന അഞ്ചു പുരുഷന്മാരെ ആലീസ്‌  കണ്ടു .


"മിശിഹായേ ..........ഇതാണോ  അങ്ങ് പറഞ്ഞ സ്വയം വരം? ഇവരില്‍ ആരെ ഞാന്‍................?"


എവിടെയൊക്കെയോ കണ്ടുമറന്ന ആ മുഖങ്ങളില്‍ ആലീസ്‌ തന്‍റെ  പ്രിയനെ   തേടിയലഞ്ഞു.....


ധര്‍മ്മിഷ്ടന്‍ ആണ് ഒന്നാമന്‍,എത്ര  ശാന്തമാണ്  ആ മുഖം !....  പക്ഷെ.... 
സുന്ദരനും ,വീരനുമായ രണ്ടാമനെ ആയാലോ ....?,
ആരോഗ്യവാനും ,ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നവനുമായ  മൂന്നാമനാകുമോ ശ്രേഷ്ഠന്‍.....?.
പിന്നെയും രണ്ടു പേര്‍ ..............


ഇതില്‍ ആരാവും എന്‍റെ പ്രിയന്‍..........?


"എന്‍റെ ദൈവമേ നീ എന്നെ വീണ്ടും പരീക്ഷിക്കുവാണോ?       "
ആലീസിന്‍റെ  കണ്ണുകള്‍ നിറഞ്ഞൊഴുകി 


"ഈ ഉള്ളവരിലൊന്നും ഞാന്‍ ആഗ്രഹിക്കുന്ന എന്‍റെ പ്രിയനില്ല  മിശിഹായേ .........
അഞ്ചുപേരിലും അഞ്ചു ഗുണങ്ങള്‍ ,അതിലേറെ ദോഷങ്ങള്‍ ..........
നീ സൃഷ്ട്ടി കര്‍ത്താവ്‌ അല്ലെ  . ......എനിക്ക് വേണ്ടി എല്ലാ ഗുണങ്ങളുമുള്ള ഒരുവനെ നീ എന്തേ കാട്ടിത്തരുന്നില്ല........"


 പുണ്യ രൂപത്തിന്  ഒരു ചലനവും ഇല്ലല്ലോ .......ആലീസ്‌ ഓര്‍ത്തു  


കാറ്റ് പിന്നെയും വീശി ,മഴയുടെ ആരവം കൂടി. .ഇരുട്ടില്‍ കര്‍ത്താവിന്‍റെ  തിരുമുഖം പ്രകാശിച്ചു.  


"ആലീസേ ......നീ പറയുന്ന ഈ അഞ്ചു ഗുണങ്ങളും ഉള്‍ക്കൊള്ളുവാന്‍  ഒരു പുരുഷജന്മത്തിനും  കഴിയില്ല .അഞ്ചു   ഗുണങ്ങളും ഒരുവനില്‍ വേണം എന്നത്, നീയാകുന്ന സ്ത്രീയുടെ വെറും ശാഠ്യം,അല്ലെങ്കില്‍ അറിവുകേട്‌ ............................."


ആലീസ്‌ കര്‍ത്താവിന്‍റെ കണ്ണുകളിലേക്ക്  നോക്കി.പരിഹാസമാണോ ഈ വാക്കുകളില്‍ ..?
"നീ എന്ന സ്ത്രീ തകരുന്നതും ,കുടുംബബന്ധങ്ങള്‍ അകലുന്നതും ഇതേ കാരണം കൊണ്ട് തന്നെയാണ്"
എന്ന് കൂടി ദൈവം പറയുമെന്ന് ആലീസ്‌ ഭയപ്പെട്ടു ,


"ഇനി നിനക്ക് നിന്‍റെ തീരുമാനം പറയാം   ......സമയം വൈകുന്നു........."


ഉത്തരങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമിടയില്‍  പരതിനടക്കവേ ഒരു വെളിപാടെന്നപോലെ ആലീസ്സ്    കര്‍ത്താവിനോട് പറഞ്ഞു .

"സര്‍വ സൃഷ്ട്ടിക്കും കാരണം നീ ആണല്ലോ മിശിഹായേ ................................നന്മയും ,തിന്മയും എന്നില്‍ നിറച്ചതും നീ ......
ഈ സ്വയംവരത്തില്‍.......... ഞാന്‍.........ഞാന്‍  അങ്ങയുടെ തിരുമാണവാട്ടി ആയിക്കൊള്ളാം  ............."

കര്‍ത്താവ്‌പുഞ്ചിരിച്ചോ?.
കണ്ണുകളില്‍ കാരുണ്യത്തിന്‍റെ  വറ്റാത്ത ഉറവ  ഇപ്പോഴും ശേഷിക്കുന്നുണ്ടോ ?
ഉണങ്ങാത്ത തിരുമുറിവുകള്‍ ലീസിന്‍റെ ഹൃദയത്തെ നോവിച്ചു..........

അടഞ്ഞു പോകുന്ന കണ്ണുകള്‍ വലിച്ചു തുറന്നപ്പോള്‍ പുറത്ത്  പകല്‍ വെളിച്ചം.
തുറന്നിട്ട ജനലുകള്‍ക്കപ്പുറം  നനഞ്ഞ  മുറ്റവും, വയലുകളും .

അമ്മച്ചിയോടൊപ്പം ബാഗുമെടുത്ത്  ആലീസ്‌   വീടിന്‍റെ   പടിക്കെട്ടുകളിറങ്ങുമ്പോള്‍, അപ്പുറത്തെ കയ്യാലക്കരികില്‍ നിന്നും കത്രീനാമ്മയുടെ  ശബ്ദം.

"ഒടുവില്‍ കൊച്ചു സമ്മതിച്ചല്യോടീ   മറിയേ ................കര്‍ത്താവിനു  സ്തുതി "

നിറഞ്ഞു പോയ കണ്ണുകള്‍ ആലീസ്‌ കാണാതെ  തുടച്ചിട്ട്   കറുത്ത ചരടിലെ   കുരിശില്‍ മുത്തുമ്പോള്‍ മറിയച്ചേടത്തിയുടെ ചുണ്ടുകള്‍ മന്ത്രിച്ചു.....
"കര്‍ത്താവേ   എന്‍റെ കുഞ്ഞിനെ കാത്തോളണേ............. ".


26 comments:

  1. ആലീസിന്റെ തിരുമണവാട്ടി ആകാനുള്ള മാനസിക യാത്രയെ എത്ര ഭംഗിയായാണ് പറഞ്ഞിരിക്കുന്നത്.
    പിന്നെ പെട്ടൊന്ന് മനസ്സിലേക്ക് ഓടികയറുന്ന ആഖ്യാനവും .
    നന്നായി തുടങ്ങി , ഭംഗിയായി അവസാനിപ്പിച്ചു.
    ഇന്നൊരു നല്ല കഥ വായിച്ചു എന്ന് സന്തോഷത്തോടെ പറയാം.
    അഭിനന്ദനങ്ങള്‍ സുജ.

    ReplyDelete
  2. സുജാ മനോഹരമായി ആഖ്യാനം കേട്ടോ...സർവ്വ ഗുണങ്ങളുമൊത്ത് ഒരു മനുഷ്യനെ കിട്ടുക പ്രയാസം തന്നെ...എല്ലാ ജീവിതങ്ങളും അങ്ങനെ തന്നെ...കുറ്റങ്ങളും കുറവുകളും മനസ്സില്ലാക്കി ജീവിക്കുമ്പോൽ ജീവിതം സ്വർഗ്ഗമാകുന്നു...ഇല്ലെങ്കിൽ നരകവും....ഇനി സർവ്വ ഗുണങ്ങളുമൊത്ത ആളിനെയാണു തിരക്കുന്നതെങ്കിൽ ദേവലോകം തന്നെ ആശ്രയം...ഹിഹി...ഫോണ്ട് ഒന്നു ശ്രദ്ധിക്കൂട്ടോ ക്ലീയറാവണില്യാ...ചിലപ്പോ എന്റെ മാത്രം പ്രശ്നമാണോ എന്നും അറിയില്യാ

    ReplyDelete
  3. വളരെ ഭംഗിയായി അവതരിപ്പിച്ചു. എന്നാലും ഈ കര്‍ത്താവിന്റെ മണവാട്ടിയായി നേര്‍ച്ചയാക്കപ്പെടുക എന്നത് ഇത്തിരി കഷ്ടം തന്നെ. സ്വന്തം താല്പര്യപ്രകാരം പോകുന്നത് വേറെ കാര്യം.
    സ്വപ്നത്തിലുള്ള ഇത്തരം ദര്‍ശനങ്ങള്‍ വിശ്വാസം കൊണ്ടുള്ള ഫാന്റസി മാത്രമായിരിക്കാം.

    ReplyDelete
  4. നന്നായി പറഞ്ഞ ഒരു കഥ വായിച്ച സംതൃപ്തി.ഒത്തിരി ഇഷ്ടപ്പെട്ടു.ആശംസകള്‍.

    ReplyDelete
  5. "മഴ പൂവിട്ടു കൊഴിഞ്ഞ മരത്തിന്‍റെ ചില്ലകളില്‍ തട്ടി നനഞ്ഞ തൂവലായി ആലീസ്‌ താഴേക്ക്‌ പതിച്ചു "

    നല്ല ഭാഷ...നല്ല ഒഴുക്ക്.... but an unrealistic dream.
    നേര്‍ച്ചക്കോഴി ആയി കര്‍ത്താവിന്റെ തിരുമണവാട്ടി ആകേണ്ടി വരുന്ന സഹോദരികളെ ഓര്‍ത്തു ദുഖമുണ്ട്....
    ആലീസ് മതില് ചാടാതിരിക്കട്ടെ എന്നാശംസിച്ചു കൊണ്ട്...
    ആശംസകള്‍............

    ReplyDelete
  6. നന്നായി പറഞ്ഞു. എങ്കിലും
    ജീവിതത്തിന്റെ പടവിറങ്ങുന്ന
    ആലീസ് സങ്കടമാണ് ശേഷിപ്പിച്ചത്.
    നിത്യജീവിതത്തിന്റെ പരിമിതി തന്നെ വലുതെന്ന്
    ശാഠ്യം പിടിക്കുന്നു, ഇപ്പോഴും ഉള്ളിലാരോ.

    ReplyDelete
  7. എന്തായാലും കര്‍ത്താവിന് ഒരു മണവാട്ടിയെ കിട്ടിയല്ലോ

    ReplyDelete
  8. ആഹാ ഫാന്റസി ഇവിടെയും വര്‍ക്ക്‌ ഔട്ട്‌ ആയി തുടങ്ങിയല്ലോ ...
    പാപികളുടെ ഭാര്യമാരായ എല്ലാ പെണ്ണുങ്ങളും ഈ കഥ വായിച്ചു മിശിഖാ തമ്പുരാനോട് മുട്ടിപ്പായി കുമ്പസാരിക്കട്ടെ ..ആമേന്‍ ..
    സുജ വളരെ ഇഷ്ടപ്പെട്ടു കഥ ..:)

    ReplyDelete
  9. സുജ..കഥ കൊള്ളാം. കര്‍ത്താവ്‌ ഒരു പൊടിക്കൈ പ്രയോഗിച്ചു അപ്പോള്‍ ആലീസിനെ വശത്താക്കി. അല്ലെ. സത്യത്തില്‍ അച്ഛനമ്മമാരുടെ "നേര്ച്ച കാരണം " മഠത്തില്‍ ചേരേണ്ടി വരുന്ന കുട്ടികളെ ഓര്‍ക്കുമ്പോള്‍ വിഷമം വരും. സ്വയം തീരുമാനം എടുത്തു ചേരുന്നത് കുഴപ്പമില്ല. ആശംസകള്‍

    ReplyDelete
  10. കര്‍ത്താവ്‌ പറഞ്ഞതില്‍ കാര്യമില്ലാതില്ല ആലീസേ... അപ്പോള്‍, അത് തിരിച്ചറിഞ്ഞു ജീവിക്കുകയല്ലേ വേണ്ടത്...? അല്ലാതെ ഇഷ്ടമില്ലാതെ,ആര്‍ക്കോ വേണ്ടി കന്യാസ്ത്രീ മഠത്തില്‍ പോകേണ്ടായിരുന്നു...!

    നല്ല രചനാശൈലി സുജാ... ഒഴുക്കോടെ വായിക്കാന്‍ കഴിഞ്ഞ നല്ലൊരു കഥക്കു നന്ദി.

    ReplyDelete
  11. നല്ല കഥ. വളരെ നന്നായി പറഞ്ഞു.
    ആശംസകള്‍...

    ReplyDelete
  12. നല്ല കഥ
    നന്നായി അവതരിപ്പിച്ചു

    ReplyDelete
  13. വളരെ സിമ്പിളായി നല്ല ഒരു കഥ പറഞ്ഞു...
    നന്നായി ആസ്വദിച്ചു..
    ഒത്തിരിയൊത്തിരി ആശംസകള്‍....!!!

    ReplyDelete
  14. മനോഹരമായ കഥ.മികച്ച അവതരണം.അഭിനന്ദനങ്ങള്‍

    ReplyDelete
  15. കൊള്ളാം നല്ല കഥ...നല്ല എഴുത്ത്...
    പക്ഷെ ഈ ടെമ്പ്ലേറ്റ് ഒന്ന് മാറ്റരുതോ..വായിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നു...

    ReplyDelete
  16. നല്ല കഥയാണു.കഥ മാത്രമാകുമ്പോള്‍.ആലീസ് കുട്ടികളും കുടുംബവുമായ് കഴീണത് കാണാനാ എനിക്കിഷ്റ്റം.
    ആശംസകളോടെ.

    ReplyDelete
  17. കഥ വളരെ നന്നായി...സ്വപ്‌നങ്ങള്‍ വ്യാഖ്യാനിക്കാനുള്ള കഴിവുനടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു...

    ReplyDelete
  18. സ്വപ്നം ചിലർക്ക് ചില(ചിര) കാലമൊത്തിടും.... നല്ല കഥ .."അമ്മച്ചീടെ നേര്‍ച്ചക്കോഴി ആകാന്‍ എന്നെ കിട്ടില്ല ...... മഠത്തില്‍ ചേരണം പോലും....".ഒരമ്മയുടെ അല്ലെങ്കിൽ ആ കുടുംബത്തിലെ നേർച്ചക്കോഴിയാണ് ആലീസ്.സാധാരണ എല്ലാസ്ത്രീകളും ആഗ്രഹിക്കുന്നത്പോലെ അവൾക്ക് ഒരു ഭാര്യ ആകണം അമ്മയാകണം എന്നൊക്കെയുള്ള വികാര വിചാരങ്ങളോടെയാണ് അവൾ ഉറങ്ങാൻ കിടന്നത്..ഉപബോധമനസ്സിൽ ആ ചിന്ത വളരെയേറെ സ്ഥാനം പിടിച്ചത് കൊണ്ടാവാം അവളുടെ സ്വപ്നത്തിൽ... കണ്ണ് ചിമ്മിച്ചു മിന്നിയ കൊള്ളിയാന്‍റെ വെളിച്ചത്തില്‍ മുന്നില്‍ തെളിഞ്ഞ തിരുരൂപം കണ്ട്..അവൾ അവ്ലൂടെ സശയങ്ങൾ മിശിഹായോട് ചോദിച്ചൂ തമ്പുരാൻ ഉത്തരം പറഞ്ഞൂ.."ആലീസേ ......നീ പറയുന്ന ഈ അഞ്ചു ഗുണങ്ങളും ഉള്‍ക്കൊള്ളുവാന്‍ ഒരു പുരുഷജന്മത്തിനും കഴിയില്ല .അഞ്ചു ഗുണങ്ങളും ഒരുവനില്‍ വേണം എന്നത്, നീയാകുന്ന സ്ത്രീയുടെ വെറും ശാഠ്യം,അല്ലെങ്കില്‍ അറിവുകേട്‌.".."നീ എന്ന സ്ത്രീ തകരുന്നതും ,കുടുംബബന്ധങ്ങള്‍ അകലുന്നതും ഇതേ കാരണം കൊണ്ട് തന്നെയാണ്".ഉത്തരങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമിടയില്‍ പരതിനടക്കവേ ഒരു വെളിപാടെന്നപോലെ ആലീസ്സ് കര്‍ത്താവിനോട് പറഞ്ഞു .

    "സര്‍വ സൃഷ്ട്ടിക്കും കാരണം നീ ആണല്ലോ മിശിഹായേ ...നന്മയും ,തിന്മയും എന്നില്‍ നിറച്ചതും നീ ......
    ഈ സ്വയംവരത്തില്‍... ഞാന്‍...ഞാന്‍ അങ്ങയുടെ തിരുമാണവാട്ടി ആയിക്കൊള്ളാം."

    കര്‍ത്താവ്‌പുഞ്ചിരിച്ചോ?.ഉണങ്ങാത്ത തിരുമുറിവുകള്‍ ആലീസിന്‍റെ ഹൃദയത്തെ നോവിച്ചു.. അവൾ തീരുമാനമെടുക്കുന്നൂ.. തന്നിലെ കൌമാരവും യൌവ്വനവും വിട്ട് ആ സവിധത്തിൽ അലിഞ്ഞു ചേരാനുള്ള തീരുമാനം...നിറഞ്ഞു പോയ കണ്ണുകള്‍ ആലീസ്‌ കാണാതെ തുടച്ചിട്ട് കറുത്ത ചരടിലെ കുരിശില്‍ മുത്തുമ്പോള്‍ മറിയച്ചേടത്തിയുടെ ചുണ്ടുകള്‍ മന്ത്രിച്ചു.....
    "കര്‍ത്താവേ എന്‍റെ കുഞ്ഞിനെ കാത്തോളണേ....! നേർച്ച നേർന്ന് പോയത് എന്നോ? എന്തിനോ? അതിന് മകൾ തയ്യാറായപ്പോൾ ആ അമ്മയുടെ മനസ്സിന്റെ വേദന... എന്തു കൊണ്ടൂം നല്ലൊരു കഥ സുജ പറഞ്ഞിരിക്കുന്നൂ.. ചിന്തിക്കാൻ തക്കവണ്ണമുള്ള രചന.... കുഞ്ഞേ... എല്ലാ ഭാവുകങ്ങളൂം നേരുന്നൂ ഇനിയും എഴുതുക..ശക്തമായ ഇത്തരം കഥകൾ...

    ReplyDelete
  19. ‘ഈ അഞ്ചു ഗുണങ്ങളും ഉള്‍ക്കൊള്ളുവാന്‍ ഒരു പുരുഷജന്മത്തിനും കഴിയില്ല .അഞ്ചു ഗുണങ്ങളും ഒരുവനില്‍ വേണം എന്നത്, നീയാകുന്ന സ്ത്രീയുടെ വെറും ശാഠ്യം,അല്ലെങ്കില്‍ അറിവുകേട്‘


    അവതരണം കൊണ്ട് മികച്ചു നിൽക്കുന്നു ഈ തിരുമണവാട്ടിയുടെ കഥ കേട്ടൊ സുജ
    അഭിനന്ദനങ്ങൾ

    ReplyDelete
  20. @ചെറുവാടി

    വളരെ സന്തോഷം ....വിശദമായ വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും.
    വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു


    @സീത

    സീതേ സർവ്വ ഗുണങ്ങളുമൊത്ത് ഒരു മനുഷ്യരും ഇല്ല എന്നതാണ് യഥാര്‍ത്ഥ സത്യം.
    സീത പറഞ്ഞതുപോലെ "കുറ്റവും കുറവുകളും മനസ്സിലാക്കി ജീവിക്കുമ്പോള്‍ ജീവിതം സ്വര്‍ഗമാകുന്നു ".
    "എല്ലാ ജീവിതങ്ങളും സ്വര്‍ഗതുല്യമാകട്ടെ ....! "ല്ലേ ?

    നന്ദി ....ഈ വായനയ്ക്കും,അഭിപ്രായങ്ങള്‍ക്കും.

    ഫോണ്ട് ഞാന്‍ മാറ്റിയിട്ടുണ്ട് .ഇപ്പോള്‍ ക്ലിയര്‍ ആണോ?


    @shukoor

    വളരെ നന്ദി ,ഈ വഴി വന്നതിനും ,അഭിപ്രായങ്ങള്‍ പറഞ്ഞതിനും.

    "ഈ കര്‍ത്താവിന്റെ മണവാട്ടിയായി നേര്‍ച്ചയാക്കപ്പെടുക എന്നത് ഇത്തിരി കഷ്ടം തന്നെ. സ്വന്തം താല്പര്യപ്രകാരം പോകുന്നത് വേറെ കാര്യം."
    സത്യമാണ് .പക്ഷെ ചില ജീവിത സാഹചര്യങ്ങള്‍ അത്തരം "നേര്‍ച്ചപെടലുകള്‍ക്ക് "വഴി തെളിക്കുന്നതാണ്.
    ഒരു പക്ഷെ താങ്കള്‍ പറഞ്ഞത് പോലെ സ്വപ്നത്തിലുള്ള ഇത്തരം "ദര്‍ശനങ്ങള്‍" വിശ്വാസങ്ങള്‍ കൊണ്ടുള്ള തോന്നലുകള്‍ മാത്രമായിരിക്കാം.

    കഥയിലല്ലാതെ യഥാര്‍ഥ ജീവിതത്തിലും ചില സ്വപ്ന ദര്‍ശനങ്ങള്‍ മനസിലെ ചിന്തകളെയും ,തീരുമാനങ്ങളെയും അപ്പാടെ മാറ്റിക്കളയും .അതും ഈ പറയുന്ന "വിശ്വാസം കൊണ്ടുള്ള ഫാന്റസി" എന്ന് സമാധാനിക്കാം അല്ലെ ..
    ഒരിക്കല്‍ കൂടി നന്ദി

    @SHANAVS
    ആശംസകള്‍ക്ക് നന്ദി

    @മഹേഷ്‌ വിജയന്‍

    നന്ദി മഹേഷ്‌ ഈ വായനയ്ക്കും ,അഭിപ്രായങ്ങള്‍ക്കും ,ആശംസകള്‍ക്കും .

    @ഒരില വെറുതെ
    വളരെ നന്ദി .

    @ഫെനില്‍

    നന്ദി ഈ വായനയ്ക്ക്.



    @രമേശ്‌ അരൂര്‍

    അല്‍പ്പം ഫാന്റസി .അത്രേയുള്ളൂ.
    ആരാ പാപികള്‍ ?
    അങ്ങനെ എന്തെങ്കിലും ഞാന്‍ പറഞ്ഞോ ? ...:-)

    നന്ദി രമേശ്‌


    @ഏപ്രില്‍ ലില്ലി
    അയ്യോ അങ്ങനെയൊന്നും പറയല്ലേ ...ആലീസ്സു സ്വപ്നം കണ്ടതിനു കര്‍ത്താവ്‌ എന്ത് പിഴച്ചു ?.

    വളരെ നന്ദി

    @കുഞ്ഞൂസ്സ്

    കര്‍ത്താവ്‌ പറഞ്ഞതില്‍ കാര്യമില്ലാതില്ല എന്ന് കുഞ്ഞുസ്സിന് തോന്നിയില്ലേ .....എനിക്കും തോന്നി . ആലീസ്സിനും അതുതന്നെ തോന്നിയിട്ടുണ്ടാകും.
    നന്ദി ഈ വായനയ്ക്കും ,അഭിപ്രായങ്ങള്‍ക്കും.


    @ഷമീര്‍ തളിക്കുളം

    നന്ദി ഷമീര്‍

    @റിയാസ് മിഴിനീര്‍ത്തുള്ളി

    നന്ദി റിയാസ്

    ReplyDelete
  21. സാധാരണ കര്‍ത്താവിന്‍‍റെ മണവാട്ടിയും, ശുശ്രൂഷകരും ആകാനുള്ളവര്‍ക്ക് ദൈവവിളി വേണമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതായിരിക്കുമല്ലേ “ദൈവവിളി” എന്ന് പറയുന്നത്.

    കഥ ഇഷ്ടപെട്ടു. അവതരിപ്പിച്ച രീതിയും. ലളിതം

    വീണ്ടും കാണാം. ഭാവുകങ്ങള്‍!

    ReplyDelete
  22. @പ്രഭന്‍ കൃഷ്ണന്‍

    ആശംസകള്‍ക്ക് നന്ദി

    @ശ്രീക്കുട്ടന്‍

    വളരെ നന്ദി ഈ വായനക്ക് .


    @ രഘുനാഥന്‍

    വളരെ നന്ദി

    ടെമ്പ്ലേറ്റ് മാറ്റിയിട്ടുണ്ട് .
    വീണ്ടും വരണം .

    @ മുല്ല

    നന്ദി മുല്ല ഈ .ആശംസകള്‍ക്ക്
    കുടുംബവും കുട്ടികളുമായി കഴിയുന്ന എല്ലാ "ആലീസ്സുമാര്‍ക്കും....." നല്ല ജീവിതം ഉണ്ടാകട്ടെ ....

    @ജസ്മിക്കുട്ടി

    നന്ദി .കഥ നന്നായി എന്ന്‌ അറിഞ്ഞതില്‍ വളരെ സന്തോഷം .

    സ്വപ്നം വ്യാഖ്യാനിക്കാന്‍ പറ്റും എന്ന്‌ ശാസ്ത്രം പറയുന്നു...:-)

    "The Interpretation of Dreams(Sigmund Freud)
    സ്വപ്‌നങ്ങളുടെ അര്‍ഥവും മനഃശാസ്‌ത്രവും(Wilhelm Stekel, Wilhelm Stekel, an Austrian physician, psychologist and one of Sigmund Freud's earliest followers, explains the techniques to interpret dreams in this book. Translation is by A S Ayoob,Publisher: Olive Publications, Kozhikode Pages: 378 )"

    @ചന്തു നായര്‍

    ദീര്‍ഘമായ ഈ വായനയ്ക്ക് ആദ്യം നന്ദി പറയുന്നു.

    "ഒരമ്മയുടെ അല്ലെങ്കിൽ ആ കുടുംബത്തിലെ നേർച്ചക്കോഴിയാണ് ആലീസ്.സാധാരണ എല്ലാസ്ത്രീകളും ആഗ്രഹിക്കുന്നത്പോലെ അവൾക്ക് ഒരു ഭാര്യ ആകണം അമ്മയാകണം എന്നൊക്കെയുള്ള വികാര വിചാരങ്ങളോടെയാണ് അവൾ ഉറങ്ങാൻ കിടന്നത്..ഉപബോധമനസ്സിൽ ആ ചിന്ത വളരെയേറെ സ്ഥാനം പിടിച്ചത് കൊണ്ടാവാം അവളുടെ സ്വപ്നത്തിൽ...

    ........നേർച്ച നേർന്ന് പോയത് എന്നോ? എന്തിനോ? അതിന് മകൾ തയ്യാറായപ്പോൾ ആ അമ്മയുടെ മനസ്സിന്റെ വേദന... ...."

    കഥയുടെ ആഴങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ഈ അഭിപ്രായങ്ങള്‍ക്ക് ,ഈ വരികള്‍ക്ക് മനസ്സ് നിറഞ്ഞ സന്തോഷം അറിയിക്കുന്നു .

    ഇനിയും വരണം ....


    @മുരളി മുകുന്ദന്‍ -ബിലാത്തി പട്ടണം

    വായനയ്ക്ക് നന്ദി ,ഈ വരവിനും .


    @ചെറുത്‌

    ചിലപ്പോള്‍ ഇതായിരിക്കും ആ ദൈവവിളി .
    കഥ ഇഷ്ട്ടപ്പെട്ടു എന്ന്‌ അറിഞ്ഞതില്‍ വളരെ സന്തോഷം .
    നന്ദി ...

    തീര്‍ച്ചയായും വീണ്ടും കാണാം.

    ReplyDelete
  23. "നീ എന്ന സ്ത്രീ തകരുന്നതും ,കുടുംബബന്ധങ്ങള്‍ അകലുന്നതും ഇതേ കാരണം കൊണ്ട് തന്നെയാണ്" ഫെമിനിസ്റ്റുകൾ കാണേണ്ട!

    ReplyDelete
  24. ആലീസിന്റെ മനസ്സ് വച്ച് നോക്കിയാല്‍
    സംഭിക്കാന്‍ വളരെ സാധ്യത കുറഞ്ഞ സ്വപ്നം.
    നല്ല അവതരണം

    ReplyDelete
  25. നന്നായി കഥ പറഞ്ഞു ....വാക്കുകള്‍ മനോഹരം ..അവതരണവും ......പക്ഷ ചില ചോദിയ്ങ്ങള്‍ ബാക്കിയുണ്ട്

    സന്തം തീരുമത്തില്‍ ഉറച്ചു നില്ക്കാന്‍ അലിസിന്റെ കഴിഞ്ഞില്ല ? അതോ അവിടയും അവള്‍ വെറും ഒരു പെണ്ണ് ആയോ ?

    ReplyDelete
  26. അസ്സല്‍ ഒരു കഥ ,പക്ഷെ പുരുഷ വിദ്വേഷത്തിന്റെ കെട്ട നാറ്റം ..അത് കൊണ്ട് ഈ കഥക്ക് വയല്പ്പൂവിന്റെ ഒരു കഥയുടെയും നിലവാരത്തില്‍ എത്താന്‍ കഴിഞ്ഞില്ല എന്ന് വിധിച്ചിരിക്കുന്നു ..ദുംടുംട്ടും ഡും

    ReplyDelete

daemon tools, limewire