ശേഖരന്‍ മാമന്‍റെ മകള്‍ രേണുവിന്‍റെ വിവാഹ നിശ്ചയം ആണ് .നാട്ടിലേക്ക് പോയിട്ട് വര്‍ഷം പതിനൊന്നു കഴിഞ്ഞിരിക്കുന്നു .എത്ര നാളായി എല്ലാവരെയും കണ്ടിട്ട് ....
നാട്ടുവഴികള്‍ മറന്നിരിക്കുന്നു സുഭദ്ര,നാട് ഭദ്രയേയും .തന്‍റെ ഓര്‍മകളുടെ വേരുകള്‍ക്ക് വളരാന്‍ ഒരു പിടി മണ്ണുപോലും അവിടെ ഇല്ല എന്ന സത്യം സുഭദ്രയെ വേദനിപ്പിക്കാറുണ്ട് .മണ്ണും, ഹൃദയങ്ങളും ഭാഗം വെച്ചപ്പോള്‍ ഭദ്രയെ മാത്രം ആരും ഓര്‍ത്തില്ല ,അല്ലെങ്കില്‍ മനപൂര്‍വം മറന്നു.
എങ്കിലും ഇന്നും ആ മണ്ണില്‍ ഓര്‍മ്മകളുടെ നിലക്കാത്ത താളം പോലെ ചില സ്വപ്നങ്ങള്‍ ഭദ്രക്ക് വേണ്ടി ശേഷിക്കുന്നുണ്ട് ,സുഭദ്രക്ക് വേണ്ടി മാത്രം. .......
ഈ പ്രാവിശ്യം എങ്കിലും അമ്മയോട് ചോദിച്ച് ആ ചിലങ്കകള്‍ വാങ്ങണം.
നൃത്തം ചെയ്തിട്ട് ഇരുപതു വര്‍ഷം , ചിലങ്കകള്‍ താളം മറന്നിട്ടുണ്ടാകുമോ?
ഓര്‍മ്മകളില്‍ .....അവസാനം ചിലങ്ക കെട്ടി നൃത്തം ചെയ്തത് എന്നാണ് ....?
രഘു മാഷാണ് അമ്മയോട് പറഞ്ഞത് ."ഗുരു വന്ദനം എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ ചടങ്ങ് നടത്തുന്നുണ്ട് .സുഭദ്രയുടെ ഒരു നൃത്തം വേണമെന്ന് ആഗ്രഹിക്കുന്നു."എന്ന് .
ഗുരു വിന്‍റെ ആഗ്രഹമാണ് ,നിരസിക്കാന്‍ വയ്യ.......
കലാലയത്തിന്‍റെ പടികള്‍ ചവിട്ടിയതില്‍ പിന്നെ ഭദ്രക്ക്തന്‍റെ ചിലങ്കകള്‍ ഉമ്മറത്തെ കണ്ണാടിപ്പെട്ടിയിലെ കാഴ്ച വസ്തു മാത്രം ആയിരുന്നു.
മാഷിനോട് എന്ത് പറയും ?.
ഇനിയും ഒരു അരങ്ങില്‍ ..........
അതും ബിരുദം രണ്ടാം വര്‍ഷം.......
ഒടുവില്‍ അമ്മ പറഞ്ഞു നോക്കി "അവള്‍ ചുവടുകളൊക്കെ മറന്നിട്ടുണ്ടാകില്ലേ മാഷേ .....ഇനിയിപ്പോ ..."
അതിന് മറുപടി മാഷ് തന്നെ പറഞ്ഞു, ചെറിയ പുഞ്ചിരിയോടെ "ഭദ്രയോ .........നൃത്ത ചുവടുകള്‍ മറക്കുമെന്നോ .......!"
മാഷ് പറഞ്ഞത് സത്യമായിരുന്നു.അന്ന് ഗുരുവന്ദന ദിനത്തില്‍ ...അരങ്ങില്‍ ഭദ്ര ഒരു കൊച്ചു കുട്ടി യെപ്പോലെ എല്ലാം മറന്നു ചുവടുകള്‍ വെച്ചു ..........ഒരു പുനര്‍ജന്മത്തിലെന്നപോലെ ചിലങ്കകളും .
യാത്ര പറഞ്ഞ് കാല്‍തൊട്ടു വണങ്ങുമ്പോള്‍ വിറയ്ക്കുന്ന കൈകള്‍ തലയില്‍ തൊട്ടു മാഷ് അനുഗ്രഹിച്ചു ഭദ്രയെ "എന്‍റെ കുട്ടിക്ക് നല്ലതേ വരൂ ...........".
അച്ഛനോളം വാത്സല്യമായിരുന്നു ആ വാക്കുകളില്‍ .
അന്നും ....എന്നും ,അനുഗ്രഹങ്ങള്‍ ഭദ്രയെ തേടി വന്നുകൊണ്ടിരുന്നു.
പണ്ട് ശിവ ക്ഷേത്രത്തില്‍ വെച്ച് മാഷിന് ദക്ഷിണ കൊടുത്ത് അരങ്ങേറ്റം കുറിച്ച ആ നിമിഷം ,അന്ന് നാല് വയസ്സുള്ള കൊച്ചു സുഭദ്രയായിരുന്നു .
പിന്നെ എത്ര എത്ര അരങ്ങുകള്‍ .....
ഓരോ നൃത്ത വേദികള്‍ പിന്നിടുമ്പോഴും ഭദ്രയെ തേടിവന്ന ,പുരസ്ക്കാരങ്ങള്‍ ,അഭിനന്ദനങ്ങള്‍ .......
പഠിച്ച വിദ്യാലയത്തിലും ജനിച്ച നാട്ടിലും താരപരിവേഷത്തോടെ തിളങ്ങിയ ആ നാളുകള്‍ .
ഒരു ജന്മ സുകൃതം പോലെ നൃത്ത സപര്യക്ക് പതിച്ചു കിട്ടിയ "കലാതിലക പട്ടം".
പിന്നെ എപ്പോഴാണ് തിളക്കങ്ങള്‍ കുറഞ്ഞു പോയത് ......
കോളേജ് പഠനം തുടങ്ങിയപ്പോള്‍ അച്ഛനും അമ്മയുംഎടുത്ത തീരുമാനങ്ങള്‍ ആണോ ഭദ്രയുടെ ജീവിതം വഴി മാറ്റിവിട്ടത് ...?
അതോ നിനച്ചിരിക്കാതെ അച്ഛനെ ആക്രമിച്ച കട ബാധ്യതകളോ ?.
"ഗുരു വന്ദനം " കഴിഞ്ഞു കൃത്യം ഒരു വര്‍ഷത്തിനു ശേഷം,ഒരു ദിവസം രഘു മാഷ് ഈ ലോകം വിട്ടു പോയി.
വിവരം അറിഞ്ഞു അമ്മയോടൊപ്പം ഭദ്ര എത്തിയപ്പോഴേ ക്കും എല്ലാം കഴിഞ്ഞിരുന്നു.
"കാണാഞ്ഞത് നന്നായ് കുട്ട്യേ .....ആകെ കരുവാളിച്ച ആ മുഖം "എന്ന് പലരും പറഞ്ഞപ്പോള്‍ വൈകി വന്നത് നന്നായി എന്ന് ഭദ്രക്കും തോന്നി.
.ദൈവം വിളിച്ചിട്ടാണ് മാഷ് പോയതെന്ന് ഭദ്ര പറയില്ല .
എല്ലാം വിധിയെന്ന് സമാധാനിക്കാം .
പക്ഷെ .....
സ്നേഹമയിയായ ഭാര്യയേയും ഏക മകളെയും അനാഥമാക്കിയിട്ടു എന്തിനായിരുന്നുമാഷ് അങ്ങനെ ഒരു കടും കൈ ചെയ്തത് ?
നൃത്തത്തിനു വേണ്ടി കുടുംബം മറന്നതോ ?അതോ കുടുംബത്തിനു വേണ്ടി ജീവിക്കാന്‍ മറന്നതോ .?
ഇന്നും ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍ ഭദ്ര യുടെ മനസ്സില്‍ വിങ്ങുന്നുണ്ട് .
അതില്‍ പിന്നെ എത്ര വര്‍ഷങ്ങള്‍ ,ആരുടെയൊക്കെ വേര്‍പാടുകള്‍ ,എന്തെല്ലാം മാറ്റങ്ങള്‍.........
ഒടുവില്‍ ഒരു നിമിഷത്തെ ഇടവേളയില്‍ ഹൃദയ താളം നിശ്ചലമായപ്പോള്‍ കാലത്തിന്‍റെ കണക്കു പുസ്തകത്തില്‍ കിട്ടാക്കടങ്ങള്‍ മാത്രം ശേഷിപ്പിച്ച്......അച്ഛനും പോയി ,കടങ്ങള്‍ ഇല്ലാത്ത ലോകത്തിലേക്ക് ...
......നൃത്തം,ചിലങ്കകള്‍,അരങ്ങുകള്‍ .........എല്ലാം ഭദ്രയുടെ മനസ്സില്‍ വെറും ഓര്‍മ്മകള്‍ മാത്രമായി.
എങ്കിലും മനസ്സില്‍ ഇപ്പോഴും പിഴക്കാത്ത ആ താള ചുവടുകള്‍ ഉണ്ടെന്നു ഭദ്രയ്ക്ക് തോന്നാറുണ്ട്.
രേണുവിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങുന്ന നേരം, മറക്കാത്ത ആ താളം മനസ്സിലിട്ട് അമ്മയോട് തന്‍റെ ചിലങ്കയെപ്പറ്റി സുഭദ്ര ചോദിച്ചു .
തട്ടിന്‍ പുറത്ത് കാല്‍പ്പെട്ടിക്കകത്ത് ഇരിക്കുന്ന ചിലങ്കകള്‍ തനിക്കു വേണം എന്ന് പറയുമ്പോള്‍ അമ്മയുടെ മുഖത്തെ പരിഭ്രമം കലര്‍ന്ന ചോദ്യ ഭാവം കണ്ടില്ല എന്ന് നടിച്ചു ഭദ്ര .
പൊടി തട്ടിയെടുത്തപ്പോള്‍ ഭദ്രയോട് പല പരിഭവങ്ങളും പറഞ്ഞു ആ ചിലങ്ക .ചുറ്റും മുഴങ്ങുന്ന പരിഹാസം കലര്‍ന്ന തമാശകള്‍ക്കൊന്നും അപ്പോള്‍ ഭദ്രയുടെ മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല .
ഹൃദയത്തില്‍ ഇപ്പോഴും നിലക്കാത്ത താളം.നൃത്ത ചുവടുകളുടെ ചടുലമായതാളം.
ഓരോ പദചലനങ്ങളിലും, പരിഭവം പറയാറുള്ള ചിലങ്ക .
"നീ ഉറങ്ങിയില്ലേ ഭദ്രേ ...?"
"ഇല്ല.......ഉറക്കം വരണില്ല്യ ഏട്ടാ ...."
"നീ ഇപ്പോഴും ആ ചിലങ്കകളെ ക്കുറിച്ച് ഓര്‍ക്കുന്നു അല്ലെ ....."
"ഉം ........."
"അതിപ്പോ എവിടെയാ വെച്ചിരിക്കണേ ......ഇങ്ങ് എടുത്തോണ്ട് വരൂ ഭദ്രേ ...."
"ഏത് ......?ചിലങ്കകളോ !.....ഇപ്പോഴോ ......ഈ രാത്രിയില്‍ .....!"
"അതേല്ലോ .....കൊണ്ട് വരൂ ......"
അലമാരയില്‍ ഭദ്രമായി വച്ചിരിക്കുന്ന ചിലങ്കകള്‍ എടുത്ത് ഭദ്ര കണ്ണുകളോട് ചേര്‍ത്ത് വെച്ചു.
ഒരു പരിഭവം പറച്ചിലിന്‍റെ താളം,ഒരു വിരഹത്തിന്‍റെ ഗദ്ഗതം ഭദ്രയുടെ കാതോരം മുഴങ്ങി .....
"അതിങ്ങു തരൂ ഭദ്രേ.......കാലില്‍ ഞാന്‍ കെട്ടി തരാം "
"യ്യോ......ഏട്ടാ ...അത്......... അപ്പുറത്ത് അമ്മായി......ഉണ്ണിയും ,അപ്പുവും ഉറങ്ങിയിട്ടുണ്ടാവില്യാ... "
"................എന്ത് ഭംഗിയ ഈ ചിലങ്കകള്‍ നിന്‍റെ കാലിന്........നീ ചുവടുകള്‍ മറന്നിട്ടില്ലല്ലോ ഭദ്രേ ......"
"ഈശ്വരാ ....ഈ വേഷത്തിലോ .....ഒക്കെ മുഷിഞ്ഞിരിക്യാണ് ഏട്ടാ .....അതും ഈ രാത്രിയില്‍......! "
"ചിലങ്കകളുടെ നാദം അത് മതി ......ഞാന്‍ ഇന്നേ വരെ നിന്‍റെ നൃത്തം കണ്ടിട്ടില്യാല്ലോ .........."
ഭദ്ര യുടെ ചിലങ്ക കെട്ടിയ പാദങ്ങള്‍ മെല്ലെ തറയില്‍ അമര്‍ന്നു . മേയ് വഴക്കത്തോടെ ഭദ്ര ചുവടുകള്‍ വെച്ചു .ലാസ്യ ഭാവങ്ങള്‍ മുഖത്ത് മിന്നിത്തെളിഞ്ഞു. മുറിയില്‍ ഇപ്പോള്‍ ഇരുട്ടല്ല .പ്രകാശം നിറഞ്ഞിരിക്കുന്നു..പക്കമേളക്കാ ര്‍ ....ജതികള്‍ ചൊല്ലുന്നത് രഘു മാഷ് ആണ് .ഭദ്രയുടെ പാദങ്ങള്‍ ദ്രുതഗതിയി ല്ചലിക്കുന്നു ...........കണ്മു ന്പില്‍ ഒരു ജനസമുദ്രം ആര്‍പ്പു വിളിക്കുന്നു .മുന്‍നിരയില്‍ ഏട്ടന്‍ ,അമ്മ ,അമ്മായി,ഉണ്ണിക്കുട്ടന്‍,അപ്പു .....എല്ലാരുമുണ്ട്. രഘു മാഷിന്‍റെ പിന്നിലായി അച്ഛന്‍ ,അമ്മമ്മ,........മണ്മറഞ്ഞു പോയവര്‍ . കാണികളുടെ ആരവം പിന്നെയും കൂടി വരുന്നു .
ഈശ്വരാ ....കാലിലെ ചിലങ്കകള്‍ അഴിഞ്ഞു പോകുമോ ?.......അരങ്ങില്‍ ചിലങ്ക അഴിഞ്ഞ് വീണാല്‍ പിന്നെ നൃത്ത ഉപേക്ഷിക്കേണ്ടി വരും എന്ന് രഘു മാഷ് തന്നെയാണ് പറഞ്ഞിട്ടുള്ളത് .
ചുവടുകള്‍ തെറ്റരുത് .
ഭദ്ര വല്ലാതെ വിയര്‍ത്തു.വിയര്‍പ്പിന്‍റെ മഴ പെയ്തിറങ്ങുന്നു .
"അമ്മേ..........എന്‍റെ ചിലങ്ക .........."ഒരാര്‍ത്തനാദമായി അരങ്ങില്‍ തളര്‍ന്നു വീണത് ഭദ്രയാണോ ?.
വിയര്‍പ്പില്‍ കുളിച്ച്....... കട്ടിലില്‍നിന്നും ഭദ്ര പിടഞ്ഞെണീറ്റു .
"എന്താ സുഭദ്രേ ഇത് ........നിനക്കൊട്ടു ഉറക്കോം ഇല്ല്യാ . ബാക്കിയുള്ളോരെ ഉറക്കുകേമില്ല .......കഷ്ട്ടം തന്നെ "
"അത് ..........ഞാന്‍..... ഏട്ടാ ...............ആ ചിലങ്ക "
ഭദ്രപറഞ്ഞത് ആരും കേട്ടില്ല .
താളങ്ങള്‍ സ്വപ്നം കണ്ട് അപ്പോഴും സുഭദ്രയുടെ അലമാരിയില്‍ ആ ചിലങ്കകള്‍ പരാതികളും ,പരിഭവങ്ങളും നെഞ്ചേറ്റി ഉറങ്ങുകയായിരുന്നു,
ആദ്യ കമന്‍റിട്ട് വെറുതേ ഈ നല്ല കഥയുടെ രാശി കളയണ്ടെന്ന് കരുതി കാത്തിരുന്നു. ഇനിയിപ്പൊ നോക്കീട്ട് കാര്യംല്യ.
ReplyDeleteസുഭദ്രയുടെ ചിന്തകള്‍ മനോഹരമായി പകര്‍ത്തിയിട്ടുണ്ട് കഥയില്‍. പതിവുപോലെതന്നെ ലളിതമായ അവതരണവും.
രാത്രിയില്‍ ചിലങ്കയണിഞ്ഞ് നൃത്തത്തിനിറങ്ങിയപ്പൊ അസ്വഭാവികത തോന്നി, സ്വപ്നമായിരുന്നെന്നറിഞ്ഞപ്പൊ എല്ലാം വോക്കെ. ചിന്തകള് സ്വപ്നത്തിലേക്ക് വഴിമാറിയത് എവ്ടെയെന്നറിയാന്‍ ഒന്നുകൂടി പുറകിലേക്ക് പോകേണ്ടി വന്നെങ്കിലും........... ചെറുതിനീ കഥ നന്നായി ഇഷ്ടപെട്ടു.
ആശംസകള്‍...!
വെറും കഥ ആണെങ്കിലും, മനസ്സിലെ മോഹം കഥയായി വന്നതാണെങ്കിലും , കൊള്ളാം. ആശംസകള്‍.
ReplyDeleteഹൃദയത്തില്‍ ഇപ്പോഴും നിലക്കാത്ത താളം.നൃത്ത ചുവടുകളുടെ ചടുലമായതാളം.
ReplyDeleteനന്നായിട്ടുണ്ട് അഭിനന്നനങ്ങൾ......
കഥ മോശമായില്ല... കുറച്ചു മെലോഡ്രാമ ആയി എന്ന് തോന്നുന്നു..
ReplyDeleteമനസ്സില്‍ തോന്നിയ ചിലത്.. നൃത്തത്തില്‍ നിന്ന് അകലാനുണ്ടായ സാഹചര്യം വ്യക്തമാണെങ്കിലും, സുഭദ്ര കുടുംബവുമായി അകലാനുണ്ടായ സാഹചര്യം മനസ്സിലായില്ല. പിന്നെ, ചിലങ്ക കെട്ടി ആടാന്‍ പറഞ്ഞ ഏട്ടന്‍ ആരാണെന്നും മനസ്സിലായില്ല. സ്വപ്നത്തില്‍ വരാന്‍ മാത്രം സുഭദ്രയോടു അത്രയും അടുപ്പമുള്ള ആരും ഉള്ളതായി കഥയില്‍ കാണുനില്ല. (നൃത്താധ്യാപകന്‍ ഒഴികെ..) അവിടെ ഒരു അസ്വാഭാവികത ഉണ്ട്..
തുടര്‍ന്നും എഴുതൂ... ആശംസകള്‍,
സ്നേഹപൂര്‍വ്വം,
ശാലിനി
ഭദ്രയുടെ ചിലങ്കകള്‍ താളം മറന്നിരിക്കാം.
ReplyDeleteപക്ഷെ മനോഹരമായ ഈ കഥയ്ക്ക് നല്ല താളമുണ്ട്.
ശേഖരന്‍ മാമന്‍റെ മോളുടെ വിവാഹം കൂടാന്‍ ഭദ്ര നാട്ടിലേക്ക് പോകുന്നത് മുതല്‍ ഞാനും ഈ കഥയോടൊപ്പം ഉണ്ട്. അല്ല ഭദ്രയോടൊപ്പം.
കഥ വായിച്ചു തീര്‍ന്നിട്ടും ചുറ്റുപാട് മനസ്സില്‍ തങ്ങി നില്‍ക്കുന്നു. അത് കഥയുടെ വിജയം.
"നാട്ടുവഴികള്‍ മറന്നിരിക്കുന്നു സുഭദ്ര, നാട് ഭദ്രയേയും .തന്‍റെ ഓര്‍മകളുടെ വേരുകള്‍ക്ക് വളരാന്‍ ഒരു പിടി മണ്ണുപോലും അവിടെ ഇല്ല എന്ന സത്യം സുഭദ്രയെ വേദനിപ്പിക്കാറുണ്ട് .മണ്ണും, ഹൃദയങ്ങളും ഭാഗം വെച്ചപ്പോള്‍ ഭദ്രയെ മാത്രം ആരും ഓര്‍ത്തില്ല ,അല്ലെങ്കില്‍ മനപൂര്‍വം മറന്നു.
ഈ വരി കൂടുതല്‍ മനോഹരമായി.
നല്ലൊരു കഥവായിച്ച സന്തോഷമുണ്ട്. അഭിനന്ദനങ്ങള്‍ .
മുമ്പ് പുനര്‍ജന്മത്തിലെന്ന പോലെ കിലുങ്ങിയ ആ ചിലങ്കകള്‍ താളം വീണ്ടെടുത്തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി .
നൃത്തത്തെ സ്നേഹിച്ച ആ സപര്യ യിലൂടെ ജീവിക്കാന്‍ കൊതിച്ചു പരാജയപ്പെട്ട ഒരു കലാകാരിയുടെ നൊമ്പരം ഹൃദയ സ്പര്‍ശിയായി പറഞ്ഞിരിക്കുന്നു..നെഞ്ചേറ്റിയ കല കൈവിട്ടു പോയാല്‍ ,ചിലങ്കകള്‍ താളം മറന്നാല്‍ ഒരു കലാകാരിക്ക്/കലാകാരന് എത്ര മാത്രം ആഴത്തില്‍ ദുഃഖം ഉണ്ടാകുമെന്ന് അത് അനുഭവിക്കുന്നവര്‍ക്കെ തിരിച്ചറിയാന്‍ പറ്റൂ..ഇവിടെ ഏട്ടന്‍ ഭദ്രയുടെ അരസികനായ ഭര്‍ത്താവ് ആകാം ..അരസികന്മാര്‍ക്കിടയില്‍ അന്ഗീകരിക്കപ്പെടാതെ ജീവിക്കുന്നതില്‍പ്പരം കഷ്ടം മറ്റൊന്നുമില്..നന്നായി പറഞ്ഞു ഭദ്രയുടെ ധര്‍മ സങ്കടങ്ങള്‍ ..മോഹ ഭംഗങ്ങള്‍...
ReplyDeleteനന്നായി പറഞ്ഞു,സുഭദ്രയുടെ മോഹഭംഗം . കൈവിട്ടു പോയ നല്ല കാലങ്ങളെ സ്വപ്നത്തിലൂടെ വീണ്ടും എത്തി പിടിക്കാനുള്ള പാഴായി പോകുന്ന വൃഥാ ശ്രമം. ആകെക്കൂടി ഒരു ആന ചന്തമുണ്ട്, കഥയ്ക്ക്. ആശംസകള്‍.
ReplyDeleteശാലിനിയുടെ അഭിപ്രായത്തോട് യോജിക്കുന്നൂ...നൃത്തത്തെ പ്രകടമാക്കാൻ,ചിലങ്കകളുടെ പിന്നലെ പോയതുകോണ്ടാവാം, സുജയുടെ മറ്റ് രചനകളെപ്പോലെ ഇതത്ര ശരിയായോ എന്നോരു സംശയം...നൃത്തത്തിന്റെ എല്ലാതലങ്ങളിലും കഥാകാരി സഞ്ചരിച്ചൂ, താളം,ജതി,സ്വരം,ചൊൽക്കെട്ടുകൾ ഒക്കെ...രമേശപറഞ്ഞപ്പൊലെ ഇവിടെ ഏട്ടന്‍ ഭദ്രയുടെ അരസികനായ ഭര്‍ത്താവ് ആകാം ..അരസികന്മാര്‍ക്കിടയില്‍ അംഗീകരിക്കപ്പെടാതെ ജീവിക്കുന്നതിന്റെ ധര്‍മ സങ്കടങ്ങളാകാം... മോഹഭംഗങ്ങളാകാം.. പക്ഷേ അത് അത്ര വ്യക്തമായില്ലാന്നാണ് എന്റെ പക്ഷം...ഇതു എന്റേത് മാത്രമായ ചിന്തയാണ്..എന്തായാലും വിഷയം നന്നേ ഇഷ്ടപ്പെട്ടൂ...ഭാവുകങ്ങൾ
ReplyDeleteഅസ്വഭാവികതകള്‍ ഒന്നും തോന്നിയില്ല ....ചില വ്യക്തി പരാമര്‍ശങ്ങള്‍ ഇല്ലാതിരിക്കുന്നതു കഥയുടെ ഭംഗി കൂട്ടിയിട്ടെ ഉള്ളൂ ..നന്നായിട്ടുണ്ട്
ReplyDeleteഭദ്രയുടെ ഇന്നലകളിലെ ആരവത്തിലേക്കുള്ള ഒരു മടക്കയാത്ര.
ReplyDeleteഎന്നും കൊതിക്കുന്ന ആ നല്ല നിമിഷങ്ങള്‍ ഒരു രാത്രികാല സ്വപനത്തിലൂടെ പുനര്‍ജ്ജനിക്കുന്നു. അവിടെ, തന്‍റെ ഭര്‍ത്താവിന്‍റെ വാക്കുകള്‍ അവള്‍ക്ക് ഊര്‍ജ്ജം പകരുന്നു. അവളുടെ മോഹം പൂക്കുന്നു. പക്ഷെ..???
ഇപ്പോള്‍, വ്യക്തമാകുന്ന കാരണം ഭര്‍ത്താവിനു നേരെ കുറ്റം വിധിക്കുന്നു.
രഘു മാഷും, ഭദ്രയുടെ അച്ഛനും, ഭദ്രയും, ഭദ്രയുടെ ഭര്‍ത്താവുമൊന്നും നമുക്കന്യരല്ല.. നമുക്ക് പരിചിതമായ മുഖങ്ങളില്‍ നമുക്കിവരെ കാണാം.
ആദ്യമായാണിവിടെ.. വീണ്ടും കാണാം.
മനസ്സില്‍ അങ്ങിനെ പലതും ഉറക്കി കിടത്തുന്നത് കൊണ്ടാണല്ലോ
ReplyDeleteനമ്മള്‍ നല്ല സ്വപ്നങ്ങളും ചീത്ത സ്വപ്നങ്ങളും ഒക്കെ കണ്ടു പ്രതീക്ഷിച്ചും പരിഭവം പറഞ്ഞും ജീവിതം തള്ളി നീക്കുന്നത്....
അത് കൂടി ഇല്ലെങ്കില്‍ ജീവിതത്തിനെന്തു വ്യത്യസ്തത........
ഒറ്റക്കൊരു ചിലങ്ക...
ReplyDeleteഅഴിച്ചു വച്ച ചിലങ്കകൾ ഇന്നും പലയിടത്തുമിരുന്ന് പൊടി പിടിച്ച് പരിഭവം പറയുന്നുണ്ട്...അത് കെട്ടാനാകാത്ത മനസ്സുകൾ തേങ്ങുന്നുമുണ്ട്...മനസ്സിൽ ഒരു പഴകിയ ഓർമ്മ പൊടി തട്ടിയെടുത്ത കഥ...ആശംസകൾ സുജാ...നന്നായി എഴുതി..
ReplyDeleteഇന്നലകളുടെ ഓര്‍മ്മക്കൂട്ടില്‍ നിന്നും പൊടിതട്ടിയെടുത്ത ഈ ചിലങ്ക നന്നായിരിക്കുന്നു. ആശംസകള്‍...
ReplyDeletekettittund.. first time aanivide.. nice story. keep it up.. blog nu " standard" und tto:) #label: joke
ReplyDeleteരാത്രി ചിലങ്ക കെട്ടി ആടൂ എന്ന് പ്രോത്സാഹിപ്പിക്കുന്ന ഒരു ഭര്‍ത്താവുണ്ടായിട്ടും എന്തെ ഭദ്രയുടെ ചിലങ്കകള്‍ നിശബ്ദമായി എന്നൊന്ന് സംശയിച്ചു. അത് ആ പാവത്തിന്‍റെ സ്വപ്നം മാത്രമായിരുന്നു എന്ന് മനസിലായതോടെ കഥ പൂര്‍ണം .... എനിക്കീക്കഥ ഇഷ്ടായി...
ReplyDelete@ചെറുത്
ReplyDeleteആദ്യ കമന്‍റിനു ഹൃദയം നിറഞ്ഞ നന്ദി .
കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം .
വീണ്ടും വരണം.
@ഏപ്രില്‍ ലില്ലി
മനസ്സിലെ മോഹങ്ങള്‍ കഥയെങ്കിലും ആക്കാമല്ലോ ....
ആശംസകള്‍ക്ക് നന്ദി
@പൊന്മളക്കാരന്‍
വളരെ നന്ദി ഈ വായനയ്ക്ക്
@ശാലിനി
പ്രിയ ശാലിനി
വളരെ നന്ദി ഈ വരവിനും ,വായനയ്ക്കും.
ഒരു കഥ എഴുതുമ്പോള്‍ തീര്‍ച്ചയായും വായനക്കാരില്‍ നിന്നും ഇതുപോലെയുള്ള അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.ഏത് തരത്തിലുള്ള വിമര്‍ശനങ്ങള്‍ ആയാലും അത് ഉള്‍ക്കൊള്ളുവാനുള്ള പൂര്‍ണമായ മനസ്സുണ്ടെന്ന് സന്തോഷപൂര്‍വ്വം പറയുന്നു.
സത്യത്തില്‍ ഈ കഥ നൃത്തത്തെ മനസ്സില്‍ സ്നേഹിച്ച,പൂജിച്ച ഒരു കലാകാരിയുടെ ആത്മനൊമ്പരങ്ങള്‍ പറയുന്നതാണ് . സുഭദ്രയുടെ കുടുംബ പശ്ചാത്തലങ്ങള്‍ വിശദമാക്കേണ്ട ആവശ്യകത തോന്നഞ്ഞതും അതുകൊണ്ടാണ് .
"ഏട്ടനും ,ഭദ്രയും "തമ്മിലുള്ള സംഭാഷണ ശകലങ്ങളില്‍ അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആണെന്ന് വായനക്കാര്‍ ഉള്‍ക്കൊള്ളുമെന്നായിരുന്നു എന്‍റെ ധാരണ .
കഥയിലെ ഓരോ സന്ദര്‍ഭങ്ങളേയും കാര്യ കാരണ സഹിതം വിശദീകരിക്കാതെ ചില ചിന്തകള്‍ വായനക്കാര്‍ക്ക് ,അവരുടെ ഭാവനക്ക് വിട്ടു കൊടുക്കണം എന്ന എന്‍റെ ചിന്തകൂടിയാകാം ശാലിനി സൂചിപ്പിച്ച അവ്യക്തതകള്‍ ഈ കഥയില്‍ ഉണ്ടാകുവാന്‍ കാരണം .
സുഭദ്ര തന്‍റെ സ്വപ്നത്തില്‍ പ്രിയപ്പെട്ടവരും ,അല്ലാത്തവരും ഉള്‍പ്പെടെഒരു ജനസമുദ്രം തന്നെ കാണുന്നുണ്ട്,ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത മുഖങ്ങള്‍ നാം സ്വപ്നത്തില്‍ കാണാറുണ്ടല്ലോ ......(സ്വപ്നം എന്നത് ഉപബോധ മനസ്സില്‍ അടങ്ങി കിടക്കുന്ന ചിന്തകളുടെ പ്രതിഫലനം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു)
ഈ വിശദമായ വായനയ്ക്കും ,ഉള്ളുതുറന്നു പറഞ്ഞ ഈ അഭിപ്രായങ്ങള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. വീണ്ടും വരണം ഈ വഴി...
@മന്‍സൂര്‍
പ്രിയ മന്‍സൂര്‍
വളരെ നന്ദി . ഈ വരവിനും അഭിപ്രായങ്ങള്‍ക്കും .
കഥ എഴുതുമ്പോള്‍ ഞാനും വളരെ ഇഷ്ട്ടപ്പെട്ടു എഴുതിയ വരികളാണ് മന്‍സൂര്‍ ഇവിടെ എടുത്തു പറഞ്ഞത് .ഒരിക്കല്‍ കൂടി നന്ദി .
പുനര്‍ജന്മത്തിലെന്ന പോലെ കിലുങ്ങിയ ആ ചിലങ്കകള്‍ താളം വീണ്ടെടുത്തെങ്കില്‍ എന്ന് ഞാനും ആഗ്രഹിച്ചു പോകുന്നു .
വീണ്ടും വരുമല്ലോ ..
@രമേശ് അരൂര്‍
ഞാന്‍ എന്താണ് കഥയില്‍ പറയുവാന്‍ ഉദ്ദേശിച്ചത് അതുതന്നെയാണ് താങ്കളുടെ ഈ വരികളില്‍ എനിക്ക് കാണുവാന്‍ കഴിയുന്നത് .
കാരണം "നെഞ്ചേറ്റിയ കല കൈവിട്ടു പോയാല്‍ ,ചിലങ്കകള്‍ താളം മറന്നാല്‍ ഒരു കലാകാരിക്ക്/കലാകാരന് എത്ര മാത്രം ആഴത്തില്‍ ദുഃഖം ഉണ്ടാകുമെന്ന് അത് അനുഭവിക്കുന്നവര്‍ക്കെ തിരിച്ചറിയാന്‍ പറ്റൂ."
വളരെ വളരെ സത്യം ......
ഇവിടെ ഈ കഥയില്‍ ഒരുപക്ഷെ ഭദ്രയുടെ ഭര്‍ത്താവ് അരസികന്‍ ആകണമെന്ന് ഇല്ല.
പക്ഷെ രമേശ് സൂചിപ്പിച്ചപോലെ "അരസികന്മാര്‍ക്കിടയില്‍ അംഗീകരിക്കപ്പെടാതെ ജീവിക്കുന്നതില്‍പ്പരം കഷ്ടം മറ്റൊന്നുമില്......"എന്നത് മറ്റൊരു സത്യം .
വളരെ നന്ദി രമേശ്
@ഷാനവാസ്
വളരെ നന്ദി...ഈ പ്രോത്സാഹനത്തിനും ,ആശംസകള്‍ക്കും.
ജീവിതത്തില്‍ കൈവിട്ടു പോകുന്ന പലതും വീണ്ടെടുക്കാന്‍ നമ്മുടെ ഉപബോധ മനസ്സ് നടത്തുന്ന ഒരു തന്ത്രം തന്നെയാണെന്ന് തോന്നുന്നു ഈ സ്വപ്‌നങ്ങള്‍...
@ചന്തുനായര്‍
ആദ്യം തന്നെ ഈ വിശദമായ വായനക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.
സത്യത്തില്‍ ചിലങ്കകള്‍ക്ക് പ്രാധാന്യം കൊടുത്തു തന്നെയാണ് ഈ കഥ മുന്‍പോട്ടു കൊണ്ട് പോകുവാന്‍ ശ്രമിച്ചത്.നര്‍ത്തകിയുടെ മോഹഭംഗങ്ങള്‍ ചിലങ്കയുടെ താളത്തിലൂടെ കൊണ്ട് പോയതും , സുഭദ്രയുടെ വ്യക്തിപരമായ കാര്യങ്ങള്‍ കൂടുതല്‍ വിവരിക്കാഞ്ഞതും അതുകൊണ്ടായിരുന്നു.
പറഞ്ഞ അഭിപ്രായങ്ങള്‍ എല്ലാം ഞാന്‍ മനസ്സാ സ്വീകരിക്കുന്നു .എഴുത്തിന്‍റെ ലോകത്ത് താങ്കളെപ്പോലുള്ളവര്‍ നല്‍കുന്ന ഇത്തരം അഭിപ്രായപ്രകടനങ്ങളും,തിരുത്തലുകളും പൂര്‍ണമനസ്സോടെ അംഗീകരിക്കുന്നു.
വീണ്ടും വരുമെന്നും അഭിപ്രായങ്ങള്‍ പറയുമെന്നും പ്രതീക്ഷിക്കുന്നു.
@ലിനു ആര്‍ കെ നായര്‍
വളരെ നന്ദി ലിനു .
വായിക്കുന്നര്‍ അവരുടെ ഭാവനയില്‍ ഈ കഥ ഉള്‍ക്കൊണ്ടു എന്ന് അറിയുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു.
"ചില വ്യക്തി പരാമര്‍ശങ്ങള്‍ ഇല്ലാതിരിക്കുന്നതു കഥയുടെ ഭംഗി കൂട്ടിയിട്ടെ ഉള്ളൂ ..നന്നായിട്ടുണ്ട്"
താങ്കളുടെ ഈ വാക്കുകള്‍ സന്തോഷം നല്‍കുന്നു
@നാമൂസ്
ReplyDeleteവൈകിയെങ്കിലും ഇവിടെ എത്തിയതിന് ആദ്യമേ നന്ദി പറയുന്നു.
താങ്കള്‍ പറഞ്ഞതുപോലെ "രഘു മാഷും, ഭദ്രയുടെ അച്ഛനും, ഭദ്രയും, ഭദ്രയുടെ ഭര്‍ത്താവുമൊന്നും നമുക്കന്യരല്ല.. നമുക്ക് പരിചിതമായ മുഖങ്ങളില്‍ നമുക്കിവരെ കാണാം......"
നമുക്ക് ചുറ്റും.
ഭദ്രയുടെ ഭര്‍ത്താവ് ഒരു അരസികന്‍ ആയിരിക്കണമെന്നില്ല ,ഒരു പക്ഷെ അങ്ങനെയും ആകാം.
കുറ്റം ആരുടേയും നേരെ വിധിക്കാന്‍ പറ്റില്ല ,പക്ഷെ എല്ലാവരും കുറ്റക്കാര്‍ ആണ് താനും.
സാഹചര്യങ്ങള്‍ അങ്ങനെ ആക്കി തീര്‍ക്കുന്നതാണ് എന്ന് സമാധാനിക്കാനേ നമ്മള്‍ക്ക് കഴിയൂ .
നമുക്ക് ചുറ്റും ജീവിച്ചിരിക്കുന്ന ഓരോ ഭദ്രമാര്‍ക്കും വേണ്ടി......ഈ കഥ സമര്‍പ്പിക്കാം.
നന്ദി ,വീണ്ടും ഈവഴി വരണം.
@ഞാന്‍
തീര്‍ച്ചയായും ....ഈ വാക്കുകള്‍ എനിക്കിഷ്ട്ടപ്പെട്ടു .....
"മനസ്സില്‍ അങ്ങിനെ പലതും ഉറക്കി കിടത്തുന്നത് കൊണ്ടാണല്ലോ
നമ്മള്‍ നല്ല സ്വപ്നങ്ങളും ചീത്ത സ്വപ്നങ്ങളും ഒക്കെ കണ്ടു പ്രതീക്ഷിച്ചും പരിഭവം പറഞ്ഞും ജീവിതം തള്ളി നീക്കുന്നത്.."
സ്വപ്‌നങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ പിന്നെ എന്ത് ജീവിതം ...!
വളരെ നന്ദി
@ഒരില വെറുതെ
നന്ദി ഒരില
@സീത
പ്രിയ സീതേ
പൊടിപിടിച്ച ആ ചിലങ്കകളുടെ പരിഭവങ്ങള്‍ ......അതൊരു തേങ്ങല്‍ തന്നെയാണ് എന്നും മനസ്സില്‍.
അനുഭവിച്ചവര്‍ക്കേ ആ വിങ്ങല്‍ മനസ്സിലാകൂ ,ഭദ്രയെപ്പോലെ......
ആശംസകള്‍ക്ക് നന്ദി
@ഷമീര്‍ തളിക്കുളം
ആ ചിലങ്ക ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷിക്കുന്നു.
വളരെ നന്ദി .വീണ്ടും വരണം.
@കിങ്ങിണിക്കുട്ടി
ഫസ്റ്റ് ടൈം ആണെങ്കിലും സ്വാഗതം ....
വളരെ സന്തോഷം കിങ്ങിണിക്കുട്ടി.
പിന്നെ ........
"blog nu " standard" und tto:)
#label: joke
എന്ന് എഴുതിയത് എന്താണ് എന്ന് മനസ്സിലായില്ല .(തമാശ പറഞ്ഞതാണോ ? ....:-))
എന്തായാലും " standard" ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി ,ഇനി jokeആണെങ്കില്‍ പോലും....:-)
വളരെ നന്ദി
@ലിപി രഞ്ജു
കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം
നന്ദി വീണ്ടും വരിക
പ്രമേയം പുതിയതല്ലെങ്കിലും
ReplyDeleteകഥയില്‍ അസ്വാഭാവികമായി ഒന്നും തോന്നിയില്ല.
എനിക്കിഷ്ട്ടപ്പെട്ടു.
ന്യത്തത്തോടുള്ള അടങ്ങാത്ത അഭിവാഞ്ഛ,ചിന്താ മണ്ഡലത്തില്‍ നിന്നു സ്വപ്നമായി അരങ്ങുതകര്‍ത്തു..സ്വാഭാവികമായും അതിനൊരു നിമിത്തം അറിഞ്ഞോ അറിയാതെയോ ഉണ്ടായിരിക്കും.
അരസികനായ ഏട്ടന്‍ അതില്‍ ഭാഗമായത് മറ്റൊരു ഇച്ഛാഭംഗത്തിന്റെ പ്രതിസ്ഫുരണമായി കരുതാം...!!
നന്നായിട്ട്ണ്ട് ട്ടോ....
ഒത്തിരിയാശംസകള്‍...!
(ഹൊ..!! ഒന്നു കമന്റിയപ്പം.എന്തൊരാശ്വാസം...!!)
സ്വപ്നം എന്നത് ഉപബോധ മനസ്സില്‍ അടങ്ങി കിടക്കുന്ന ചിന്തകളുടെ പ്രതിഫലനം ആണെങ്കിൽ തെറ്റുകാരി ഭദ്ര തന്നെയാണ്.ആ ചിലങ്കകളോട് അവൾ വിശ്വാസ വഞ്ചന ചെയ്തിരിക്കുന്നു..നല്ല താളമുള്ള കഥ...നല്ല ചില വരികളും..
ReplyDeleteനൃത്തത്തോടുള്ള അടങ്ങാത്ത മോഹം കഥയില്‍ വ്യക്തമായി കാണുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ “കഥയല്ലിത് ജീവിതം.” ഭര്ത്താവ് അരസികനാനെങ്കിലും ഒരിക്കലെങ്കിലും സ്വന്തം നൃത്തം കാണുമെന്നു ഭദ്ര ആശിക്കുന്നത് വളരെ നന്നായിട്ടുണ്ട്. ജീവിത യാഥാര്ത്ഥ്യങ്ങള്‍ നിറഞ്ഞു നില്ക്കുന്ന കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു... ആശംസകള്‍...
ReplyDeleteകഥ നന്നായി പറഞ്ഞു, ആശംസകള്‍
ReplyDeletehai...njan... puthiya alla.... pradeep .kusumbu parayanvendi vannatha
ReplyDeleteedyke enne onnu nokkane...
venamengil onnu nulliko....
nishkriyan
ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു. വായന അടയാളപ്പെടുത്തുന്നു.
ReplyDeleteപുതുമ ഒട്ടുമില്ലാത്ത ഒരു പ്രമേയം ,കാക്കത്തൊള്ളായിരം പ്രാവശ്യം വായിച്ചിട്ടുണ്ട് ഇമ്മാതിരി കഥകള്‍ .അസ്സല്‍ ഭാഷയുള്ളവര്‍ കാമ്പുള്ള കഥയെഴുതാന്‍ ശ്രദ്ധിക്കണം .മേലാല്‍ ഡാന്യൂബ് മാതിരിയുള്ള കഥകള്‍ മാത്രം എഴുതൂ ..
ReplyDeleteഎനിക്കൊരുപാടിഷ്ടായി ഈ കഥ. നല്ല കഥ, നല്ല പ്രമേയം. ആരും പറയാത്ത ഒരു പ്രമേയം തീര്‍ച്ചയായും അല്ല, പക്ഷേ നല്ല അവതരണഭംഗി, മനസ്സില്‍ തട്ടുന്ന എഴുത്ത്, വളരെ പരിചിതമായൊരു സ്ത്രീ മനസ്സ്. എഴുത്തുകളെന്നും എല്ലാ തലങ്ങളിലേക്കും മാറി മാറി സഞ്ചരിക്കട്ടെ സുജാ.. കണ്ടതെല്ലാം സ്വപ്നമായിരുന്നു എന്നിടത്താണ് ഞാനീ കഥയെ മനസ്സോട് ചേര്‍ത്തുവെയ്ക്കുന്നത്. ആശംസകള്‍ ഇനിയും ഇനിയും കൂടുതല്‍ കൂടുതല്‍ എഴുതാന്‍., ഇത്തരം ഗൃഹാതുരത്വം നിറഞ്ഞ കഥകള്‍ വായിക്കുമ്പോള്‍ മനസ്സ് നിറയുന്നൊരു ഫീലുണ്ട്.അതിവിടേയുമെന്നിക്ക് ലഭിച്ചു. നന്ദി.
ReplyDelete