Sunday, June 26, 2011

അമരാവതിയിലെ കണ്ണീര്‍ പൂക്കള്‍ ........


സിന്ധു ഇപ്പോഴും ഒഴുകുകയാണ് ,വളരെ ശാന്തമായി ......അമരാവതിയിലൂടെ........

മലയാള സിനിമയ്ക്ക്ഒരു കാലഘട്ടത്തിന്‍റെനേര്‍കാഴ്ചകള്‍   സമ്മാനിച്ച           ശ്രീ ലോഹിതദാസ് എന്ന  അനശ്വര കലാകാരന്‍    കാല യവനികക്കുള്ളില്‍ മറഞ്ഞിട്ട് ഈ ജൂണ്‍ 28  ന് രണ്ട് വര്‍ഷം തികയുന്നു .നൊമ്പരങ്ങളുടേയും ,ഓര്‍മകളുടെയും കണ്ണീര്‍ പൂക്കള്‍ അമരാവതിയില്‍ സിന്ധുവിന് കൂട്ടായി ഇന്നും ,ഇപ്പോഴും ഉണ്ട്    ശ്രീ ലോഹിതദാസ് സാറിന്‍റെ  പ്രിയപ്പെട്ട ചിന്തുവിന്......  എന്‍റെ സിന്ധു ചേച്ചിക്ക് .




                            മുത്തപ്പനില്ലാതെ(ലോഹിസാറിനെ അങ്ങനെയാണ് സിന്ധു ചേച്ചി വിളിക്കാറ്) വീണ്ടും ഒരു ഓണം കൂടി സിന്ധുചേച്ചിയെതേടി  വരുന്നു .ആയുസ്സില്‍ രണ്ട് വര്‍ഷം കുറഞ്ഞുകിട്ടിയല്ലോ എന്ന് ആശ്വസിക്കുകയാണ് ആ മനസ്സ്. സിന്ധു ചേച്ചി മുത്തപ്പന്  വെച്ചുവിളമ്പി ,ഊട്ടിയ കറികളില്‍ പലതും എനിക്കിന്ന് മനപ്പാഠമാണ് 

.ഓരോ സംഭാഷണങ്ങളിലും ഓരോ കറിക്കൂട്ടുകള്‍   എന്നെ പഠിപ്പിച്ച്‌ ,  ഓര്‍മകളിലൂടെ കഴിഞ്ഞുപോയ ഓണക്കാലം ആഘോഷിക്കുകയായിരുന്നു   സിന്ധു ചേച്ചി .ഓര്‍മകളുടെ വേലിയേറ്റങ്ങളില്‍പ്പെട്ട്‌ വല്ലാതെ ഉലയുമ്പോഴും തീരത്തടുക്കുന്ന മനസ്സിന്‍റെ തിരമാലകള്‍ക്ക് നിറഞ്ഞ ശാന്തത.
അമരാവതിയിലൂടെ ഒഴുകുമ്പോള്‍ മാത്രംമാണ് സിന്ധുവിലെ   ഓളങ്ങള്‍ക്ക് ഈ ശാന്തത .അവിടുത്തെ കാറ്റും, കിളികളും ,പൂക്കളും, കുളവും ,പച്ചപ്പും വിട്ട് സിന്ധുവിന് ഇനിയൊരു ഒഴുക്കില്ല.
സത്യത്തില്‍ സിന്ധു ഇന്ന് ,ഒഴുകുന്ന നദിയാണോ ?ഭാരമില്ലാതെ പൊങ്ങിപ്പറക്കുന്ന തൂവലാണോ ?.

അമരാവതിയിലെ ജീവ വായുവിലും ,അവിടെ പൊഴിയുന്ന  മഴയിലും ,പെയ്തിറങ്ങുന്ന വെയിലിലും നിറയെ തന്‍റെ മുത്തപ്പന്റെ  സാനിധ്യം  ചിന്തു അറിയുന്നു .ആ അന്തരീക്ഷത്തെ ചൂഴ്ന്നു നില്‍ക്കുന്ന മൂകതപോലും ചിന്തുവിന്‍റെ   മനസ്സിന് ഇന്ന് ആഹ്ലാദമാണ്‌.



ലോഹിസാര്‍ പോയ ശേഷം ഒറ്റ യുക്ക്  നടന്ന  വഴികളിലെല്ലാം മുള്‍പ്പടര്‍പ്പുകള്‍ മാത്രം  ,ആവശ്യമില്ലാതെ കുത്തി വേദനിപ്പിക്കുന്നു  അതിലെ  മുള്ളുകള്‍.കവിതകളോടും ,കഥകളോടും മാത്രം പരിഭവങ്ങള്‍ പറയുന്ന സമയങ്ങള്‍ ഒഴിച്ചാല്‍ ശിഷ്ട്ടജീവിതം കടമകള്‍ നിറവേറ്റാന്‍  മാത്രം എന്ന് സിന്ധുചേച്ചി  ആശ്വസിക്കുന്നു .

കഴിഞ്ഞ വേനലില്‍ അമരാവതിയിലെ കുളത്തിലെ വെള്ളം പരിഭവിച്ചു പടിയിറങ്ങി പോയെന്നും ,പിന്നെ ചിന്തുവിന്‍റെ  വിഷമം കണ്ടു തിരിച്ചു വന്നു വെന്നും പറയുമ്പോള്‍ ലോഹിസാറിന്‍റെ  ഓര്‍മ്മകള്‍ ഉറങ്ങുന്ന ആ മണ്ണും ,അവിടുത്തെ  കുളവും, ആ കുളത്തില്‍ മുഖം നോക്കുന്ന ചുറ്റു വട്ടമുള്ള വൃക്ഷ ജാലങ്ങളും ,അതില്‍ സഹവസിക്കുന്ന നാനാ ജാതി ജീവ ജാലങ്ങളും എന്‍റെ സിന്ധുചേച്ചിയുടെ  ഹൃദയതുടിപ്പുകളായി മാറുന്നത് ഞാന്‍ അറിയുന്നു . 

ജൂണ്‍ 28  ന് രാവിലെ അമരാവതിയില്‍                     അനുസ്മരണ യോഗം ചേരുന്നുണ്ടെന്ന് സിന്ധു ചേച്ചി    പറഞ്ഞു.  .സമൂഹത്തിന്‍റെ നാനാ തുറയില്‍പെട്ടവര്‍  ഓര്‍മ്മകള്‍ പങ്കുവെക്കുവാന്‍ അവിടെയുണ്ടാകും.നാടിന്‍റെ പലഭാഗത്തും അനുസ്മരണ യോഗങ്ങള്‍  അന്നേ ദിവസം നടത്തുന്നുണ്ടാകും . പ്രിയപ്പെട്ട ചലച്ചിത്രകാരനെ ,അദ്ദേഹത്തിന്‍റെകഥകളെ ,നെഞ്ചേറ്റിയ നാം അറിഞ്ഞോ , അറിയാതെയോ  മറന്ന് പോയ ചില സ്വകാര്യദുഃഖങ്ങള്‍ ഉണ്ട് .ഒഴിയാത്ത ജീവിത പ്രശ്നങ്ങള്‍ക്കും ,തീരാത്ത കട ബാധ്യതകള്‍ക്കുംഇടയില്‍  ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ ജീവിക്കുന്ന പലരെയും നാം കാണാതെ പോകുന്നു ,അല്ലെങ്കില്‍ മനപൂര്‍വം മറക്കുന്നു. ഭൂതക്കണ്ണാടിയിലൂടെ  നോക്കി എല്ലാം തനിയാവര്‍ത്തനങ്ങള്‍  എന്ന്  പറഞ്ഞ് പിന്തിരിഞ്ഞു 
നടക്കുവാന്‍ നാം ഏവരും പഠിച്ചിരിക്കുന്നു.

കിരീടവും ചെങ്കോലും മറ്റുള്ളവര്‍ക്കേകി  ഓര്‍മകളില്‍ മറഞ്ഞു പോയ ആ പ്രതിഭാശാലിയുടെ കഥകള്‍ ,അഭ്രപാളികളില്‍ കണ്ടു നാം കണ്ണീരോഴുക്കുമ്പോള്‍  അമരാവതിയുടെ ആത്മസംഘര്‍ഷങ്ങള്‍ നമ്മില്‍ എത്ര പേരാണ് ഓര്‍ക്കുക ?

ഒറ്റപ്പാലത്തിനടുത്ത്‌ പഴയ ലക്കിടിയിലെ അമരാവതിയില്‍  ഈ അനശ്വര പ്രതിഭയുടെ സ്മൃതി കുടീരത്തില്‍ കഴിഞ  രണ്ട്  വര്‍ഷത്തിനിടയ്ക്ക് ഒരു സ്മാരകം പോലും ഉയര്‍ന്നിട്ടില്ല എന്നുള്ളത് വേദനിപ്പിക്കുന്ന മറ്റൊരു സത്യം. ലോഹി സാര്‍ തന്‍റെ തൂലികയിലൂടെ കഥകളുടെ വസന്തം വിരിയിച്ച അമരാവതിയുടെ ഹൃദയം വിട്ട് പോകുവാന്‍ സിന്ധു  ചേച്ചി ക്ക്  ഒരിക്കലും കഴിയില്ല.ഏകാന്തതയില്‍ പെയ്യുന്ന കണ്ണീര്‍ മഴയോട് കലഹിച്ചും ,പാതി വിടരുന്ന പൂക്കളോട് സല്ലപിച്ചും,ഒറ്റപ്പെടലിനെ പ്രണയിച്ചും ഈ  ജന്മം  മുഴുവന്‍ അമരാവതിയിലൂടെ സിന്ധു  ഒഴുകും.കല്‍പ്പടവുകള്‍ കയറി എന്നെങ്കിലും തന്‍റെ മുത്തപ്പന്‍ "ചിന്തൂ......"എന്ന് വിളിച്ച് തിരികെ വരുമെന്ന് ഇപ്പോഴും കാത്തിരിക്കുന്നുണ്ടാകും എന്‍റെ സിന്ധു ചേച്ചി .അക്ഷരങ്ങളില്‍  സങ്കടങ്ങളെ മറക്കുവാന്‍ ശ്രമിച്ച്,കടമകള്‍ നിറവേറ്റാന്‍ ഓരോദിവസവും തള്ളിനീക്കി ,ആയുസ്സിന്‍റെ പുസ്തകത്താളുകള്‍   അവസാനിക്കുന്നത്   കണ്ട് സ്വയം ആശ്വസിച്ച്  ഇനിയും എത്ര ദിവസങ്ങള്‍...........ഇങ്ങനെ !


ഓര്‍മ്മകളില്‍ ഇന്നും ജീവിക്കുന്ന ലോഹിസാറിനും ,ആ ഓര്‍മകളെ ഹൃദയത്തിലേറ്റി ജീവിക്കുന്ന ലോഹിസാറിന്‍റെചിന്തുവിനും,അവരുടെ പ്രിയപ്പെട്ട കുഞ്ഞുവിനും ,പൊന്നുവിനും ഇത് സമര്‍പ്പിക്കുന്നു. 

,


28 comments:

  1. ആദരാഞ്ജലികള്‍ .... അനശ്വരനായ ആ കലാകാരന്...

    നന്ദി, ആ ഓര്‍മ്മകള്‍ പങ്കുവച്ചതിന്.

    ReplyDelete
  2. മനുഷ്യാവസ്ഥകളെ തന്മയീ ഭാവത്തോടെ അക്ഷരങ്ങളില്‍ ആവാഹിച്ച പ്രതിഭ ലോഹിതദാസ് ..അദ്ദേഹത്തിന്റെ വേര്‍പാടിന് രണ്ടു വയസ് തികയുന്നു .. അദ്ദേഹത്തെ നേരിട്ട് അറിയാവുന്ന ഒരാളുടെ ഓര്‍മ്മക്കുറിപ്പ്‌ എന്ന നിലയില്‍ ഹൃദയം തൊടുന്നതായി ഇത് .
    ലോഹിയുടെ സിനിമകളിലൂടെ ഉയരങ്ങളിലേക്ക് പോയ സിനിമാക്കാരില്‍ പലരും ആ കുടുംബത്തെ പിന്നീട് മറന്നു എന്നാണു കേട്ടിട്ടുള്ളത് ..അതെങ്ങനെ ?" രാജാവിന്റെ അമ്മ യുടെ പിറന്നാളിന് ആള് കൂടും ..രാജാവിന്റെ മരണ ച്ഛടങ്ങ്‌ കാണാന്‍ ആരും വരില്ല "എന്ന് പറയുന്നത് പോലെയാണ് മനുഷ്യ സ്വഭാവം ..ആ കുടുംബം പ്രതി സന്ധികളില്‍ നിന്ന് കര കയറട്ടെ എന്ന് നമുക്കാശിക്കാം ...അദ്ദേഹത്തിനു ആദരാഞ്ജലികള്‍ ..

    ReplyDelete
  3. കലാ കൈരളിയുടെ തീരാ നഷ്ട്ടം ഒരിക്കല്‍ കൂടി സ്മരിക്കുന്നു ഈ നല്ല കലാകാരനെയും ഒരിക്കല്‍ നിലമ്പൂരില്‍ വെച്ച് കണ്ടു മുട്ടി സംസാരിക്കാന്‍ കഴിഞ്ഞ ധന്യ മുഹൂര്തതെയും

    ReplyDelete
  4. ആദരാഞ്ജലികള്‍
    ഓര്‍മ്മക്കുറിപ്പിനു നന്ദി

    ReplyDelete
  5. പതിവ് ഓര്‍മ്മകുറിപ്പുകളില്‍ നിന്നും തികച്ചും വേറിട്ട്‌ നില്‍ക്കുന്നു ഇത്.
    അവരുടെ നൊമ്പരങ്ങളെ അടുത്തറിഞ്ഞ്‌ , മനോഹരമായ ഭാഷയില്‍ ഒരുക്കിയ ഈ കുറിപ്പ് ഹൃദ്യമായി.
    മിക്ക വരികളും മനസ്സില്‍ കയറി ഇരിക്കുന്നു.
    നല്ലൊരു സമര്‍പ്പണം.

    ReplyDelete
  6. ഓര്‍മ്മക്കുറിപ്പ്‌ വളരെ നന്നായി സുജാ. .. പിന്നെ ശ്രീ ലോഹിതദാസിന് വേണ്ടി ആരും സ്മാരകങ്ങള്‍ പണിതില്ലായിരിക്കാം.. പക്ഷെ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ച അമൂല്യങ്ങളായ ചിത്രങ്ങള്‍ നല്ല സിനിമയെ സ്നേഹിക്കുന്ന ആളുകള്‍ എന്നും ഓര്‍ക്കും..അതല്ലേ സ്മാരകങ്ങലെക്കാള്‍ വലുത്... ആദരാഞ്ജലികള്‍

    ReplyDelete
  7. മനസ്സില്‍ തൊട്ട ഓര്‍മ്മകുറിപ്പ് .....സസ്നേഹം

    ReplyDelete
  8. അദ്ദേഹം സൃഷ്‌ടിച്ച ഉപ്പുരസമുള്ള അനേകം മനുഷ്യമുഖങ്ങളുണ്ടിവിടെ. മലയാളിയുടെ ഹൃദയത്തില്‍ കൊളുത്തിട്ടു പിടിക്കുന്ന ചില സൂചകങ്ങള്‍..!! അതുവഴി അദ്ദേഹത്തെയും കാണാം. പിന്നെ, അദ്ദേഹത്തിന്റെയെന്നല്ല ഇതുപോലെ ഒരുപാട് പേരുടെ കുടുംബങ്ങളുടെ നിലവിലെ അവസ്ഥ ഏറെ പരിതാപകരമാണെന്ന് അറിയാത്തവരല്ല ഈ 'അമ്മയും' മക്കളുമൊന്നും..! അതിനു അവര്‍ക്കെവിടെ സമയം... ആ സമയം കൊണ്ട് ഇനിയെത്ര പേരുടെ അന്നം മുടക്കി തനിക്കൊറ്റക്ക് വിഴുങ്ങാം എന്നന്വേഷിക്കുകയല്ലേ..? അവര്‍ മാത്രമല്ല, ഓരോ മലയാളിക്കുമുണ്ട് ഏറെ ഉത്തരവാദിത്തങ്ങള്‍.. കുടുംബത്തിനു സമാധാനം ആശംസിക്കുന്നു. കൂടെ, സുജയുടെ ഈ നല്ല മനസ്സിനും.

    ReplyDelete
  9. സുജ...
    ലോഹിയെ കുറിച്ചുള്ള ഈ ഓര്‍മ്മപ്പെടുത്തല്‍ എന്റെ മനസ്സിനെ വീണ്ടും ഒരിക്കല്‍ കൂടി മുറിവേല്‍പ്പിച്ചു... ഓരോ മലയാളിയുടെയും മനസ്സില്‍ എക്കാലവും അദ്ദേഹം ഉണ്ടാകും എന്നിരിക്കെ തന്നെ കഥയ്ക്കപ്പുറമുള്ള ജീവിതത്തില്‍ അദ്ദേഹം ഒരു വട്ടപ്പൂജ്യമായിരുന്നൂ എന്നത് ആരെയും വേദനിപ്പിക്കുന്നതാണ്...പല കലാകാരന്മാരുടെയും ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്..
    എന്ത് കൊണ്ടാണിങ്ങനെ? അറിയില്ല...

    പോസ്റ്റിനെ കുറിച്ച് പറഞ്ഞാല്‍ അവതരണ രീതി വിത്യസ്തമുന്ടെങ്കിലും കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി... അടുത്ത പോസ്റ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുക...

    ReplyDelete
  10. ഓർമ്മക്കുറിപ്പ് നന്നായി സുജാ...വാക്കുകളിലൂടെ അമരാവതിയിലെ മൌനസംഗീതമായ ചിന്തുവിനെയും കുരുന്നുകളേയും സഹൃദയങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു...അവഗണിക്കപ്പെട്ടു പോയ ആ മഹത് വ്യക്തിത്വത്തിന്റേയും അതിന്റെ നോവുന്ന ശേഷിപ്പുകളുടേയും സ്മരണയ്ക്ക് മുന്നിൽ കണ്ണീരോടെ ആദരാഞ്ജലികൾ..

    ReplyDelete
  11. സുജ........ ഈ പോസ്റ്റിന് നന്ദി... വ്യക്തിപരമായി..ഒന്നോ, രണ്ടോ തവണ മാത്രമേ ആ വലിയ ചലച്ചിത്രകാരനുമായി..ഇടപഴകാനുള്ള അവസരം കിട്ടിയിട്ടുള്ളൂ... പക്ഷേ.. ആ തിരക്കഥാകാരനെ എന്നെന്നെന്നും മനസ്സാ പൂജിക്കുന്ന ഒരു ജേഷ്ട സഹോദരനാണ് ഞാൻ... അദ്ദേഹത്തിന്റെ തിരക്കഥകളിലൂടെ സ്വന്തംവഴി വെട്ടിപ്പിടിച്ച് വിരാജിക്കുന്നവർ ഒരുപാടുണ്ട് മലയാള സിനിമയിൽ... ആനപ്പുറത്ത് കയറിയാൽ പിന്നെ തിരിഞ്ഞു നോക്കാത്തവരാണല്ലോ നമ്മൾ മലയാളികൾ... നടീനടന്മാർ(അദ്ദേഹത്തിലൂടെ വളർന്നവർ) ഒരു സിനിമക്ക് കിട്ടുന്ന പ്രതിഫലം അദ്ദേഹത്തിന്റെ കുടുംബത്തിന് സംഭാവനയായി നൽകിയാൽ മാത്രം മതി... അവരുടെ കുടുംബത്തിലെ ഇന്നത്തെ പ്രയാസങ്ങൾ മാറിക്കിട്ടാൻ അതു അവർ മനസ്സിലാകി ചെയ്യൂമെന്നു തന്നെ ഞാൻ വിശ്വസിക്കുന്നൂ.... അദ്ദേഹത്തിന്റെ കുടുംബത്തിനു എല്ലാ മംഗളങ്ങളും ഭവിക്കട്ടേ.....

    ReplyDelete
  12. അനശ്വരനായ കലാകരനെക്കുറിച്ചുള്ള ഈ പോസ്റ്റ്‌ വായിച്ചു മനസ്സ് കരഞ്ഞു. ഒപ്പം നന്ദി ഇല്ലാത്ത സിനിമ ലോകത്തെ കുറിച്ച് ഈര്‍ഷ്യയും നിറഞ്ഞു.

    ReplyDelete
  13. ലോഹിതദാസെന്ന പ്രതിഭ മരണമില്ലാതെ ഇനിയുമിവിടെ ജീവിക്കും; അദ്ദേഹം വരച്ചിട്ട ജീവിത ചിത്രങ്ങളിലൂടെ.....

    ഈ സ്മരണയ്ക്ക് ശരിക്കും കണ്ണീരിന്റെ നനവുണ്ട്.

    ReplyDelete
  14. സുജാ...കിട്ടിയ ഇത്രയും കമന്റ്സില്‍ നിന്ന് നിന്ന് തന്നെ മനസിലകാം ആ മഹത്തായ കലാകാരന്റെ ഓര്‍മ്മകള്‍ എത്രത്തോളം മനസുകളെ കീഴടക്കിയിരിക്കുന്നു എന്ന്...പടുകൂറ്റന്‍ സ്മരകങ്ങലെകാള്‍ എത്രയോ അനശ്വരമാണ് മനസുകളിലെ ഈ അംഗീകാരം..ആദരാഞ്ജലികൾ..

    ReplyDelete
  15. സുജേ.. ഈ ഓര്മ്മക്കുറിപ്പ്‌ അവസരോചിതമായി. അകാലത്തില്‍ പൊലിഞ്ഞുപോയ ആ മഹാനു ഒരിക്കക്കൂടി ആദരാഞ്ജലികള്‍. ഒപ്പം ലോഹിസാറിന്റെ ചിന്തുവിന്റെയും കുഞ്ഞുവിന്റെയും പൊന്നുവിന്റെ യും ദു:ഖങ്ങളില്‍ പങ്കുചേരുന്നു...

    ReplyDelete
  16. ലോഹിസാറിന്‍‌റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.
    ഹൃദയസ്പര്‍ശിയായ ഈ കുറിപ്പിന് നന്ദി!

    ReplyDelete
  17. ആദരാജ്ഞലികള്‍..

    ReplyDelete
  18. മഹാപ്രതിഭയുടെ ഓര്‍മ്മകള്‍ മുന്‍പില്‍ പ്രണാമം.. സുജ നന്നായി ചിത്രീകരിച്ചു ആ ഓര്‍മ്മകളെ..

    ReplyDelete
  19. പോസ്റ്റിനു നന്ദി സുജേ ....
    ഒരുപാടിഷ്ടമായിരുന്നു അനശ്വരനായ ആ കലാകാരന്‍റെ സിനിമകള്‍.
    അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്ക് ആ വേര്‍പാടിന്‍റെ തകര്‍ച്ചയില്‍ നിന്നും മോചിതരാവാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ .....
    അദ്ദേഹത്തിന് ആദരാഞ്ജലികള്‍....

    ReplyDelete
  20. ആദരാഞ്ജലികള്‍

    ReplyDelete
  21. പ്രിയപ്പെട്ട സുജാ,
    മനോഹരമായ ഈ സുപ്രഭാതത്തില്‍ മഹാനായ സംവിധായകന്റെ അനുസ്മരണ കുറിപ്പ് വായിച്ചു കണ്ണ് നനഞ്ഞു...സുജക്ക് ആ കുടംബത്തോട് ഉള്ള സ്നേഹം,കലാകരനോടുള്ള ആദരവു എല്ലാം വരികള്‍ ഭംഗിയായി പറഞ്ഞു..അദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാം തന്നെ പ്രിയപ്പെട്ട സ്മാരകങ്ങള്‍ ആണ്,സുജാ!ഇന്നും എന്നും ഈ പ്രശസ്ത കലാകാരന്‍ ജനഹൃദയങ്ങളില്‍ ജീവിക്കും!
    വര്‍ഷങ്ങള്‍ക്കു മുന്‍പ്,തൃശൂരില്‍ മുണ്ടും മടക്കി കുത്തി രണ്ടു കൂട്ടുകാരുടെ കൂടെ നടന്നു പോവുകയായിരുന്ന ശരി ലോഹിത ദാസിന്റെ അടുത്ത് ചെന്ന് ,'ലോഹിത ദാസല്ലേ?''എന്ന് ഞാന്‍ ചോദിച്ചു!ഒന്ന് പുഞ്ചിരിച്ചു,''അതെ'' എന്ന് പറഞ്ഞു!ഒന്ന് മിണ്ടാന്‍ വേണ്ടി മാത്രം ചോദിച്ചതാണ്!
    സിന്ധു,കടമകള്‍ നിറവേറ്റി ജീവിതം ജീവിച്ചു തീര്‍ക്കണം!
    മഹാനായ ശ്രീ ലോഹിത ദാസിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍!
    ആ ഓര്‍മ്മകള്‍ സിന്ധുവിന് ശക്തി പകരട്ടെ!
    ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  22. വാക്കുകള്‍ കൊണ്ട് ഈറനണിയിച്ച അനുസ്മരണക്കുറിപ്പ് അവസരോചിതമായി.മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തിനെ അനുസ്മരിച്ചതിനും,അദ്ദേഹത്തിന്റെ പ്രിയ ചിന്തുവിനെ ഇവിടെ പരിചയപ്പെടുത്തിയതിനും നന്ദി പറയുന്നു.

    ReplyDelete
  23. "ഒഴിയാത്ത ജീവിത പ്രശ്നങ്ങള്‍ക്കും ,തീരാത്ത കട ബാധ്യതകള്‍ക്കുംഇടയില്‍ ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ ജീവിക്കുന്ന പലരെയും നാം കാണാതെ പോകുന്നു ,അല്ലെങ്കില്‍ മനപൂര്‍വം മറക്കുന്നു. ഭൂതക്കണ്ണാടിയിലൂടെ നോക്കി എല്ലാം തനിയാവര്‍ത്തനങ്ങള്‍ എന്ന് പറഞ്ഞ് പിന്തിരിഞ്ഞു
    നടക്കുവാന്‍ നാം ഏവരും പഠിച്ചിരിക്കുന്നു."

    സാമൂഹ്യ യാഥാർത്ഥ്യങ്ങൾക്കു നേരേ കണ്ണുതുറന്നിരിക്കുന്ന കഥാകാരിയാണെന്ന് ഈ വരികൾ സൂചിപ്പിക്കുന്നു.

    ലോഹിതദാസിനെക്കുറിച്ച് ഇങ്ങനെ ഒരു അനുസ്മരണമെഴുതിയത് ഉചിതമായി. മണ്മറഞ്ഞു പോയ പ്രതിഭാ ശാലികളെ ഇങ്ങനെ വല്ലപ്പോഴുമൊന്ന് ഓർക്കാൻ ആർക്കെങ്കിലുമൊക്കെ കഴിയണ്ടേ? അവരുടെ കുടുംബങ്ങൾക്ക് അത്രയെങ്കിലും ഒരു ആസ്വാസം നൽകുവാൻ കഴിയണം. എഴുത്തിന് ആശംസകൾ!

    ReplyDelete
  24. ഒന്നും രണ്ടുമല്ല നല്പത്തിരണ്ടു കഥകളാണു നമ്മുടെ
    ആഴ്ചപ്പതിപ്പുകളും മാസികകളും അദ്ദേഹത്തിനു തിരി
    ച്ചയച്ചു കൊടുത്തതു്.യേശുദാസിനോടു ആഡിഷന്‍
    ടെസ്റ്റ് കഴിഞ്ഞപ്പോള്‍ ശബ്ദം കൊള്ളില്ല തിരികെ
    പോകാമെന്നു ആകാശവാണി കല്പിച്ചതാണു
    ഇതിനു സമാനമായ മറ്റൊരു ചരിത്ര സംഭവം.
    അങ്ങനെ തിരികെ വന്ന കഥകള്‍ മലയാളി തിരക്കഥ
    കളായി നെഞ്ചിലേറ്റി. എന്നാല്‍ ആ തിരസ്കൃത കാലത്തു്
    ഉലപോലെ ചുട്ടുപ്പൊള്ളുകയായിരുന്നു ആ ഉള്ളം.പ്രിയ
    ലോഹിതദാസിന്റെ അഭാവം മികച്ച തിരക്കഥാ ശൂന്യതയിലൂടെ
    നമ്മളനുഭവിക്കുന്നു.കാലത്തിന്റെ മതിലു തുരന്നു ഹ‍ൃദയത്തിന്റെ
    ഭുതക്കണ്ണാടി വെച്ചു നോക്കിയാല്‍ സര്‍ഗ്ഗസപര്യ ന‍ടത്തുന്ന
    ലോഹിയെ കാണാം...

    ReplyDelete
  25. ഹ്റ്ദയസ്പര്‌ശിയായ ഓറ്മ്മക്കുറിപ്പ്...അദ്ദേഹത്തോടും കുടുംബത്തോടും ഉള്ള ആദരവ് നല്ല വരികളില്‍ കുറിച്ചിട്ടു..ആദരാഞ്ജലികള്‍...

    ReplyDelete
  26. ലോഹിസാറിന്‍‌റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം

    ReplyDelete
  27. വളരെ വൈകി ഈ കുറിപ്പ് വായിക്കുവാന്‍ .മനോഹരമായിട്ലിടുണ്ട് എഴുത്തും അതിലെ അടുപ്പവും.ലിങ്ക് അയച്ചുതന്നതിന് നന്ദി സുജ.ആശംസകള്‍ .

    ReplyDelete

daemon tools, limewire