Friday, May 27, 2011

താളം മറന്ന ചിലങ്കകള്‍.....





ശേഖരന്‍  മാമന്‍റെ  മകള്‍ രേണുവിന്‍റെ വിവാഹ നിശ്ചയം ആണ്  .നാട്ടിലേക്ക് പോയിട്ട്   വര്‍ഷം പതിനൊന്നു കഴിഞ്ഞിരിക്കുന്നു .എത്ര നാളായി എല്ലാവരെയും  കണ്ടിട്ട് ....

നാട്ടുവഴികള്‍ മറന്നിരിക്കുന്നു സുഭദ്ര,നാട് ഭദ്രയേയും  .തന്‍റെ ഓര്‍മകളുടെ വേരുകള്‍ക്ക് വളരാന്‍ ഒരു പിടി മണ്ണുപോലും  അവിടെ ഇല്ല എന്ന സത്യം  സുഭദ്രയെ വേദനിപ്പിക്കാറുണ്ട്  .മണ്ണും, ഹൃദയങ്ങളും ഭാഗം വെച്ചപ്പോള്‍ ഭദ്രയെ മാത്രം ആരും ഓര്‍ത്തില്ല ,അല്ലെങ്കില്‍  മനപൂര്‍വം മറന്നു.


എങ്കിലും ഇന്നും ആ മണ്ണില്‍   ഓര്‍മ്മകളുടെ  നിലക്കാത്ത താളം പോലെ ചില സ്വപ്നങ്ങള്‍ ഭദ്രക്ക് വേണ്ടി  ശേഷിക്കുന്നുണ്ട്‌ ,സുഭദ്രക്ക് വേണ്ടി മാത്രം. .......

ഈ പ്രാവിശ്യം എങ്കിലും  അമ്മയോട് ചോദിച്ച്‌ ആ ചിലങ്കകള്‍ വാങ്ങണം. 

നൃത്തം ചെയ്തിട്ട് ഇരുപതു  വര്‍ഷം , ചിലങ്കകള്‍ താളം മറന്നിട്ടുണ്ടാകുമോ?
ഓര്‍മ്മകളില്‍ .....അവസാനം ചിലങ്ക കെട്ടി നൃത്തം ചെയ്തത് എന്നാണ് ....? 

രഘു  മാഷാണ് അമ്മയോട് പറഞ്ഞത് ."ഗുരു വന്ദനം   എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ ചടങ്ങ് നടത്തുന്നുണ്ട്   .സുഭദ്രയുടെ  ഒരു നൃത്തം വേണമെന്ന് ആഗ്രഹിക്കുന്നു."എന്ന് .

ഗുരു വിന്‍റെ  ആഗ്രഹമാണ് ,നിരസിക്കാന്‍ വയ്യ.......
കലാലയത്തിന്‍റെ   പടികള്‍ ചവിട്ടിയതില്‍  പിന്നെ  ഭദ്രക്ക്തന്‍റെ ചിലങ്കകള്‍  ഉമ്മറത്തെ കണ്ണാടിപ്പെട്ടിയിലെ കാഴ്ച വസ്തു മാത്രം ആയിരുന്നു. 

 മാഷിനോട് എന്ത് പറയും ?.

ഇനിയും  ഒരു അരങ്ങില്‍ .......... 

അതും ബിരുദം രണ്ടാം വര്‍ഷം.......

ഒടുവില്‍ അമ്മ  പറഞ്ഞു നോക്കി "അവള്‍ ചുവടുകളൊക്കെ മറന്നിട്ടുണ്ടാകില്ലേ മാഷേ    .....ഇനിയിപ്പോ ..."

 അതിന് മറുപടി  മാഷ്‌ തന്നെ പറഞ്ഞു, ചെറിയ പുഞ്ചിരിയോടെ  "ഭദ്രയോ .........നൃത്ത ചുവടുകള്‍ മറക്കുമെന്നോ .......!"

മാഷ്‌ പറഞ്ഞത് സത്യമായിരുന്നു.അന്ന് ഗുരുവന്ദന ദിനത്തില്‍  ...അരങ്ങില്‍ ഭദ്ര  ഒരു കൊച്ചു കുട്ടി യെപ്പോലെ എല്ലാം മറന്നു ചുവടുകള്‍ വെച്ചു  ..........ഒരു പുനര്‍ജന്മത്തിലെന്നപോലെ ചിലങ്കകളും .

യാത്ര പറഞ്ഞ്  കാല്‍തൊട്ടു  വണങ്ങുമ്പോള്‍  വിറയ്ക്കുന്ന കൈകള്‍ തലയില്‍  തൊട്ടു  മാഷ് അനുഗ്രഹിച്ചു ഭദ്രയെ  "എന്‍റെ കുട്ടിക്ക് നല്ലതേ വരൂ ...........".

അച്ഛനോളം വാത്സല്യമായിരുന്നു ആ വാക്കുകളില്‍ .

അന്നും ....എന്നും ,അനുഗ്രഹങ്ങള്‍ ഭദ്രയെ തേടി വന്നുകൊണ്ടിരുന്നു.

പണ്ട്  ശിവ ക്ഷേത്രത്തില്‍ വെച്ച്‌  മാഷിന്  ദക്ഷിണ കൊടുത്ത്  അരങ്ങേറ്റം കുറിച്ച ആ നിമിഷം ,അന്ന് നാല് വയസ്സുള്ള  കൊച്ചു സുഭദ്രയായിരുന്നു   .

പിന്നെ എത്ര എത്ര അരങ്ങുകള്‍ .....

ഓരോ നൃത്ത വേദികള്‍ പിന്നിടുമ്പോഴും  ഭദ്രയെ  തേടിവന്ന ,പുരസ്ക്കാരങ്ങള്‍   ,അഭിനന്ദനങ്ങള്‍ .......

പഠിച്ച വിദ്യാലയത്തിലും ജനിച്ച നാട്ടിലും  താരപരിവേഷത്തോടെ തിളങ്ങിയ ആ നാളുകള്‍ .

ഒരു ജന്മ സുകൃതം പോലെ നൃത്ത സപര്യക്ക് പതിച്ചു കിട്ടിയ "കലാതിലക പട്ടം".

പിന്നെ എപ്പോഴാണ് തിളക്കങ്ങള്‍ കുറഞ്ഞു പോയത് ......
കോളേജ് പഠനം തുടങ്ങിയപ്പോള്‍  അച്ഛനും അമ്മയുംഎടുത്ത തീരുമാനങ്ങള്‍ ആണോ ഭദ്രയുടെ ജീവിതം വഴി മാറ്റിവിട്ടത് ...?
അതോ നിനച്ചിരിക്കാതെ അച്ഛനെ ആക്രമിച്ച കട ബാധ്യതകളോ ?.

"ഗുരു വന്ദനം " കഴിഞ്ഞു കൃത്യം ഒരു വര്‍ഷത്തിനു ശേഷം,ഒരു ദിവസം  രഘു  മാഷ്‌ ഈ ലോകം വിട്ടു പോയി.
വിവരം അറിഞ്ഞു അമ്മയോടൊപ്പം ഭദ്ര എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
"കാണാഞ്ഞത് നന്നായ് കുട്ട്യേ .....ആകെ  കരുവാളിച്ച ആ മുഖം "എന്ന് പലരും പറഞ്ഞപ്പോള്‍ വൈകി വന്നത് നന്നായി എന്ന് ഭദ്രക്കും തോന്നി. 
.ദൈവം  വിളിച്ചിട്ടാണ് മാഷ്‌ പോയതെന്ന് ഭദ്ര പറയില്ല .
എല്ലാം വിധിയെന്ന് സമാധാനിക്കാം .
പക്ഷെ .....
 സ്നേഹമയിയായ ഭാര്യയേയും ഏക മകളെയും അനാഥമാക്കിയിട്ടു  എന്തിനായിരുന്നുമാഷ്‌ അങ്ങനെ ഒരു കടും കൈ ചെയ്തത് ?
നൃത്തത്തിനു വേണ്ടി   കുടുംബം മറന്നതോ ?അതോ കുടുംബത്തിനു വേണ്ടി ജീവിക്കാന്‍  മറന്നതോ .?  
ഇന്നും ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍    ഭദ്ര യുടെ മനസ്സില്‍ വിങ്ങുന്നുണ്ട് . 

അതില്‍ പിന്നെ എത്ര വര്‍ഷങ്ങള്‍ ,ആരുടെയൊക്കെ വേര്‍പാടുകള്‍ ,എന്തെല്ലാം  മാറ്റങ്ങള്‍.........

 ഒടുവില്‍ ഒരു  നിമിഷത്തെ ഇടവേളയില്‍  ഹൃദയ താളം നിശ്ചലമായപ്പോള്‍  കാലത്തിന്‍റെ കണക്കു പുസ്തകത്തില്‍ കിട്ടാക്കടങ്ങള്‍  മാത്രം ശേഷിപ്പിച്ച്‌......അച്ഛനും പോയി ,കടങ്ങള്‍ ഇല്ലാത്ത ലോകത്തിലേക്ക്‌ ...

......നൃത്തം,ചിലങ്കകള്‍,അരങ്ങുകള്‍ .........എല്ലാം ഭദ്രയുടെ മനസ്സില്‍ വെറും ഓര്‍മ്മകള്‍ മാത്രമായി.
എങ്കിലും മനസ്സില്‍ ഇപ്പോഴും പിഴക്കാത്ത ആ താള ചുവടുകള്‍ ഉണ്ടെന്നു ഭദ്രയ്ക്ക് തോന്നാറുണ്ട്.

രേണുവിന്‍റെ   വിവാഹ നിശ്ചയം  കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങുന്ന നേരം,  മറക്കാത്ത ആ താളം മനസ്സിലിട്ട്   അമ്മയോട് തന്‍റെ  ചിലങ്കയെപ്പറ്റി സുഭദ്ര  ചോദിച്ചു .
തട്ടിന്‍ പുറത്ത് കാല്‍പ്പെട്ടിക്കകത്ത്‌ ഇരിക്കുന്ന ചിലങ്കകള്‍   തനിക്കു വേണം എന്ന് പറയുമ്പോള്‍ അമ്മയുടെ മുഖത്തെ  പരിഭ്രമം കലര്‍ന്ന ചോദ്യ ഭാവം കണ്ടില്ല എന്ന് നടിച്ചു ഭദ്ര .

പൊടി തട്ടിയെടുത്തപ്പോള്‍ ഭദ്രയോട്  പല പരിഭവങ്ങളും പറഞ്ഞു ആ ചിലങ്ക .ചുറ്റും മുഴങ്ങുന്ന പരിഹാസം കലര്‍ന്ന തമാശകള്‍ക്കൊന്നും അപ്പോള്‍ ഭദ്രയുടെ  മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല .


ഹൃദയത്തില്‍  ഇപ്പോഴും നിലക്കാത്ത താളം.നൃത്ത ചുവടുകളുടെ ചടുലമായതാളം.
ഓരോ  പദചലനങ്ങളിലും, പരിഭവം പറയാറുള്ള ചിലങ്ക .

"നീ   ഉറങ്ങിയില്ലേ ഭദ്രേ  ...?"

"ഇല്ല.......ഉറക്കം വരണില്ല്യ ഏട്ടാ ...."

"നീ ഇപ്പോഴും ആ ചിലങ്കകളെ ക്കുറിച്ച് ഓര്‍ക്കുന്നു അല്ലെ ....."

"ഉം ........."

"അതിപ്പോ എവിടെയാ വെച്ചിരിക്കണേ ......ഇങ്ങ് എടുത്തോണ്ട് വരൂ ഭദ്രേ  ...."

"ഏത് ......?ചിലങ്കകളോ !.....ഇപ്പോഴോ ......ഈ രാത്രിയില്‍   .....!"

"അതേല്ലോ .....കൊണ്ട് വരൂ   ......" 

അലമാരയില്‍ ഭദ്രമായി വച്ചിരിക്കുന്ന ചിലങ്കകള്‍  എടുത്ത്  ഭദ്ര കണ്ണുകളോട് ചേര്‍ത്ത് വെച്ചു.
ഒരു പരിഭവം പറച്ചിലിന്‍റെ  താളം,ഒരു വിരഹത്തിന്‍റെ  ഗദ്ഗതം  ഭദ്രയുടെ കാതോരം മുഴങ്ങി .....

"അതിങ്ങു തരൂ ഭദ്രേ.......കാലില്‍ ഞാന്‍  കെട്ടി തരാം "

"യ്യോ......ഏട്ടാ ...അത്......... അപ്പുറത്ത് അമ്മായി......ഉണ്ണിയും ,അപ്പുവും  ഉറങ്ങിയിട്ടുണ്ടാവില്യാ... " 

"................എന്ത് ഭംഗിയ ഈ ചിലങ്കകള്‍ നിന്‍റെ കാലിന്........നീ  ചുവടുകള്‍ മറന്നിട്ടില്ലല്ലോ ഭദ്രേ ......"

"ഈശ്വരാ ....ഈ വേഷത്തിലോ  .....ഒക്കെ മുഷിഞ്ഞിരിക്യാണ്  ഏട്ടാ  .....അതും ഈ രാത്രിയില്‍......!  "

"ചിലങ്കകളുടെ നാദം അത് മതി ......ഞാന്‍ ഇന്നേ വരെ നിന്‍റെ നൃത്തം കണ്ടിട്ടില്യാല്ലോ  .........."

ഭദ്ര യുടെ ചിലങ്ക കെട്ടിയ പാദങ്ങള്‍ മെല്ലെ തറയില്‍ അമര്‍ന്നു  .  മേയ് വഴക്കത്തോടെ ഭദ്ര ചുവടുകള്‍ വെച്ചു .ലാസ്യ ഭാവങ്ങള്‍ മുഖത്ത് മിന്നിത്തെളിഞ്ഞു. മുറിയില്‍ ഇപ്പോള്‍ ഇരുട്ടല്ല .പ്രകാശം നിറഞ്ഞിരിക്കുന്നു..പക്കമേളക്കാര്‍ ....ജതികള്‍ ചൊല്ലുന്നത്‌ രഘു  മാഷ്‌ ആണ് .ഭദ്രയുടെ പാദങ്ങള്‍ ദ്രുതഗതിയില്‍ചലിക്കുന്നു  ...........കണ്മു ന്പില്‍ ഒരു  ജനസമുദ്രം ആര്‍പ്പു വിളിക്കുന്നു .മുന്‍നിരയില്‍ ഏട്ടന്‍ ,അമ്മ ,അമ്മായി,ഉണ്ണിക്കുട്ടന്‍,അപ്പു  .....എല്ലാരുമുണ്ട്. രഘു  മാഷിന്‍റെ  പിന്നിലായി  അച്ഛന്‍ ,അമ്മമ്മ,........മണ്മറഞ്ഞു പോയവര്‍ .  കാണികളുടെ ആരവം പിന്നെയും  കൂടി വരുന്നു .

ഈശ്വരാ ....കാലിലെ ചിലങ്കകള്‍ അഴിഞ്ഞു പോകുമോ ?.......അരങ്ങില്‍ ചിലങ്ക അഴിഞ്ഞ് വീണാല്‍  പിന്നെ നൃത്ത ഉപേക്ഷിക്കേണ്ടി വരും എന്ന് രഘു മാഷ്‌ തന്നെയാണ് പറഞ്ഞിട്ടുള്ളത് .
ചുവടുകള്‍ തെറ്റരുത് .
ഭദ്ര  വല്ലാതെ വിയര്‍ത്തു.വിയര്‍പ്പിന്‍റെ  മഴ പെയ്തിറങ്ങുന്നു .

"അമ്മേ..........എന്‍റെ ചിലങ്ക .........."ഒരാര്‍ത്തനാദമായി അരങ്ങില്‍ തളര്‍ന്നു വീണത്‌ ഭദ്രയാണോ ?.

വിയര്‍പ്പില്‍ കുളിച്ച്‌.......   കട്ടിലില്‍നിന്നും ഭദ്ര പിടഞ്ഞെണീറ്റു . 

"എന്താ സുഭദ്രേ ഇത്  ........നിനക്കൊട്ടു ഉറക്കോം  ഇല്ല്യാ .  ബാക്കിയുള്ളോരെ  ഉറക്കുകേമില്ല  .......കഷ്ട്ടം തന്നെ  "

"അത്  ..........ഞാന്‍..... ഏട്ടാ  ...............ആ ചിലങ്ക "

 ഭദ്രപറഞ്ഞത് ആരും  കേട്ടില്ല .

താളങ്ങള്‍ സ്വപ്നം കണ്ട്  അപ്പോഴും സുഭദ്രയുടെ അലമാരിയില്‍ ആ ചിലങ്കകള്‍  പരാതികളും ,പരിഭവങ്ങളും  നെഞ്ചേറ്റി ഉറങ്ങുകയായിരുന്നു,



Friday, May 06, 2011

ആലീസിന്‍റെ സ്വയംവരം ...............



നേരം  പുലരാന്‍ ഇനിയുമുണ്ട്  അരനാഴിക  .

കണ്ണുകള്‍ ഇറുകെ അടച്ചു ഉറക്കം വരാതെ ആലീസ് കിടന്നു .

"അമ്മച്ചീടെ നേര്‍ച്ചക്കോഴി ആകാന്‍ എന്നെ കിട്ടില്ല  ...... മഠത്തില്‍   ചേരണം പോലും....".

തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ,നാലു നേരവും താന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ച കര്‍ത്താവ്‌ തന്നെ തന്‍റെ  ഉറക്കം കെടുത്തുകയാണല്ലോ എന്ന്   ആലീസിന് തോന്നിപ്പോയി.

പുറത്തു മഴ പെയ്തുകൊണ്ടിരുന്നു .
കണ്ണ് ചിമ്മിച്ചു മിന്നിയ കൊള്ളിയാന്‍റെ വെളിച്ചത്തില്‍ മുന്നില്‍ തെളിഞ്ഞ തിരുരൂപം കണ്ട്  ആലീസ് ഞെട്ടി.

"മിശിഹായേ..............................നീ"


കര്‍ത്താവ്‌ ഇതാ മുന്നില്‍ നില്‍ക്കുന്നു  .രൂപക്കൂട്ടില്‍ കണ്ട അതേ കാരുണ്യം ആ കണ്ണുകളില്‍ .
ശിരസ്സില്‍ ആ മുള്‍ക്കിരീടവും......


ഉണര്‍വിനും,ഉറക്കത്തിനുമിടക്ക്, പറന്നുപൊങ്ങിയ ഒരു  തൂവാലായി മാറി ആലീസ്   ...........  


"പ്രാര്‍ത്ഥനകളുടെ ഫലം  വൈകിയെങ്കിലും നിങ്ങളെ തേടി വരും " എന്ന്  പാതിരാ കുര്‍ബാനയ്ക്ക് ഇന്നലെ എസ്താപ്പച്ചന്‍പറഞ്ഞത്   എത്ര സത്യമാണെന്ന് ആലീസ് ഓര്‍ത്തു.
കര്‍ത്താവിനോട് ചോദിയ്ക്കാന്‍,  കുറെനാളായി  മനസ്സില്‍ അക്കമിട്ടു  സൂക്ഷിച്ച  ചോദ്യങ്ങള്‍   വെറുതെ ആയില്ലല്ലോ എന്ന്  ആശ്വസിച്ചെങ്കിലും ,ഉണങ്ങി  വരണ്ടു പോയ തന്‍റെ  തൊണ്ടയില്‍ക്കിടന്നു  പിടയുന്ന ചോദ്യങ്ങളെ രക്ഷപ്പെടുത്താന്‍ ഒരു വിഫല  ശ്രമം തന്നെ നടത്തി ആ നിമിഷങ്ങളില്‍ ആലീസ്‌

കര്‍ത്താവ്‌  ചിരിക്കുകയാണോ?... .....തിരുമുറിവുകളില്‍ ഇപ്പോഴും രക്തത്തിന്‍റെ   പാടുകള്‍ .......

"ആലീസേ.................." 


കര്‍ത്താവല്ലേ  തന്നെ വിളിച്ചത് .......... ?
മഴ പൂവിട്ടു കൊഴിഞ്ഞ  മരത്തിന്‍റെ  ചില്ലകളില്‍  തട്ടി നനഞ്ഞ തൂവലായി ആലീസ്‌ താഴേക്ക്‌ പതിച്ചു   ..............തിരുരൂപതിന്‍റെ  കാല്‍ക്കല്‍....


"ആലീസ്സെ ..............നിനക്കിന്നു സ്വയംവരം ......."


"സ്വയം വരമോ....?എനിക്കോ  !......നീ എന്നെ പരിഹസിക്കുകയാണോ ദൈവമേ........"


"നോക്കൂ ആലീസേ  .................."


മിന്നല്‍ പിണരുകള്‍ തെളിച്ച പ്രകാശത്തില്‍ കര്‍ത്താവിന്‍റെ    വലം ഭാഗത്ത്‌   നിരന്നിരിക്കുന്ന അഞ്ചു പുരുഷന്മാരെ ആലീസ്‌  കണ്ടു .


"മിശിഹായേ ..........ഇതാണോ  അങ്ങ് പറഞ്ഞ സ്വയം വരം? ഇവരില്‍ ആരെ ഞാന്‍................?"


എവിടെയൊക്കെയോ കണ്ടുമറന്ന ആ മുഖങ്ങളില്‍ ആലീസ്‌ തന്‍റെ  പ്രിയനെ   തേടിയലഞ്ഞു.....


ധര്‍മ്മിഷ്ടന്‍ ആണ് ഒന്നാമന്‍,എത്ര  ശാന്തമാണ്  ആ മുഖം !....  പക്ഷെ.... 
സുന്ദരനും ,വീരനുമായ രണ്ടാമനെ ആയാലോ ....?,
ആരോഗ്യവാനും ,ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നവനുമായ  മൂന്നാമനാകുമോ ശ്രേഷ്ഠന്‍.....?.
പിന്നെയും രണ്ടു പേര്‍ ..............


ഇതില്‍ ആരാവും എന്‍റെ പ്രിയന്‍..........?


"എന്‍റെ ദൈവമേ നീ എന്നെ വീണ്ടും പരീക്ഷിക്കുവാണോ?       "
ആലീസിന്‍റെ  കണ്ണുകള്‍ നിറഞ്ഞൊഴുകി 


"ഈ ഉള്ളവരിലൊന്നും ഞാന്‍ ആഗ്രഹിക്കുന്ന എന്‍റെ പ്രിയനില്ല  മിശിഹായേ .........
അഞ്ചുപേരിലും അഞ്ചു ഗുണങ്ങള്‍ ,അതിലേറെ ദോഷങ്ങള്‍ ..........
നീ സൃഷ്ട്ടി കര്‍ത്താവ്‌ അല്ലെ  . ......എനിക്ക് വേണ്ടി എല്ലാ ഗുണങ്ങളുമുള്ള ഒരുവനെ നീ എന്തേ കാട്ടിത്തരുന്നില്ല........"


 പുണ്യ രൂപത്തിന്  ഒരു ചലനവും ഇല്ലല്ലോ .......ആലീസ്‌ ഓര്‍ത്തു  


കാറ്റ് പിന്നെയും വീശി ,മഴയുടെ ആരവം കൂടി. .ഇരുട്ടില്‍ കര്‍ത്താവിന്‍റെ  തിരുമുഖം പ്രകാശിച്ചു.  


"ആലീസേ ......നീ പറയുന്ന ഈ അഞ്ചു ഗുണങ്ങളും ഉള്‍ക്കൊള്ളുവാന്‍  ഒരു പുരുഷജന്മത്തിനും  കഴിയില്ല .അഞ്ചു   ഗുണങ്ങളും ഒരുവനില്‍ വേണം എന്നത്, നീയാകുന്ന സ്ത്രീയുടെ വെറും ശാഠ്യം,അല്ലെങ്കില്‍ അറിവുകേട്‌ ............................."


ആലീസ്‌ കര്‍ത്താവിന്‍റെ കണ്ണുകളിലേക്ക്  നോക്കി.പരിഹാസമാണോ ഈ വാക്കുകളില്‍ ..?
"നീ എന്ന സ്ത്രീ തകരുന്നതും ,കുടുംബബന്ധങ്ങള്‍ അകലുന്നതും ഇതേ കാരണം കൊണ്ട് തന്നെയാണ്"
എന്ന് കൂടി ദൈവം പറയുമെന്ന് ആലീസ്‌ ഭയപ്പെട്ടു ,


"ഇനി നിനക്ക് നിന്‍റെ തീരുമാനം പറയാം   ......സമയം വൈകുന്നു........."


ഉത്തരങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമിടയില്‍  പരതിനടക്കവേ ഒരു വെളിപാടെന്നപോലെ ആലീസ്സ്    കര്‍ത്താവിനോട് പറഞ്ഞു .

"സര്‍വ സൃഷ്ട്ടിക്കും കാരണം നീ ആണല്ലോ മിശിഹായേ ................................നന്മയും ,തിന്മയും എന്നില്‍ നിറച്ചതും നീ ......
ഈ സ്വയംവരത്തില്‍.......... ഞാന്‍.........ഞാന്‍  അങ്ങയുടെ തിരുമാണവാട്ടി ആയിക്കൊള്ളാം  ............."

കര്‍ത്താവ്‌പുഞ്ചിരിച്ചോ?.
കണ്ണുകളില്‍ കാരുണ്യത്തിന്‍റെ  വറ്റാത്ത ഉറവ  ഇപ്പോഴും ശേഷിക്കുന്നുണ്ടോ ?
ഉണങ്ങാത്ത തിരുമുറിവുകള്‍ ലീസിന്‍റെ ഹൃദയത്തെ നോവിച്ചു..........

അടഞ്ഞു പോകുന്ന കണ്ണുകള്‍ വലിച്ചു തുറന്നപ്പോള്‍ പുറത്ത്  പകല്‍ വെളിച്ചം.
തുറന്നിട്ട ജനലുകള്‍ക്കപ്പുറം  നനഞ്ഞ  മുറ്റവും, വയലുകളും .

അമ്മച്ചിയോടൊപ്പം ബാഗുമെടുത്ത്  ആലീസ്‌   വീടിന്‍റെ   പടിക്കെട്ടുകളിറങ്ങുമ്പോള്‍, അപ്പുറത്തെ കയ്യാലക്കരികില്‍ നിന്നും കത്രീനാമ്മയുടെ  ശബ്ദം.

"ഒടുവില്‍ കൊച്ചു സമ്മതിച്ചല്യോടീ   മറിയേ ................കര്‍ത്താവിനു  സ്തുതി "

നിറഞ്ഞു പോയ കണ്ണുകള്‍ ആലീസ്‌ കാണാതെ  തുടച്ചിട്ട്   കറുത്ത ചരടിലെ   കുരിശില്‍ മുത്തുമ്പോള്‍ മറിയച്ചേടത്തിയുടെ ചുണ്ടുകള്‍ മന്ത്രിച്ചു.....
"കര്‍ത്താവേ   എന്‍റെ കുഞ്ഞിനെ കാത്തോളണേ............. ".


Saturday, March 26, 2011

പകലുകള്‍ പറയാതിരുന്നത് ............




"ഓപ്പോളേ................."

ചാറ്റ് വിന്‍ഡോയില്‍ അനന്തന്‍റെ ആര്‍ദ്രമായ വിളി അക്ഷരങ്ങളായി തെളിഞ്ഞു .

"ഉം ................" അതിലേറെ വാത്സല്യത്തോടെ ദേവി വിളികേട്ടു .

"ഓപ്പോള്‍ക്ക്‌ സുഖമാണോ ? ......"

"സുഖമാ .............അനിയന്‍ കുട്ടനോ?............"

"ഉം ....എനിക്കും ....."

"ഇന്ന് എനിക്ക് പോകാന്‍ സമയമായി .....ഞാന്‍ പൊയ്ക്കോട്ടേ ഓപ്പോളേ  ?"


"പോവ്വാണോ?"    ദേവിയുടെ മനസ്സില്‍ എവിടെയോ നൊന്തു.


"നാളെ എപ്പഴാ വരികാ ?"


"നാളെ ഓഫീസ്‌ അവധിയല്ലേ ....മറ്റന്നാള്‍ കാണാട്ടോ ......ഗുഡ് നൈറ്റ്‌ ഓപ്പോളേ........"


"ഗുഡ് നൈറ്റ്‌ ............."


ദേവി നോക്കിയിരിക്കെ ചാറ്റ് വിന്‍ഡോയില്‍ അനന്തന്‍റെ പേരിനു നേരെയുള്ള പച്ച വെളിച്ചം അണഞ്ഞു .
എവിടെയോ  ഒരു മൂകത ....
ഉള്ളില്‍ കത്തുന്ന ഗ്രീഷ്മത്തിന്റെ ചൂടില്‍ പിന്നെയും ദേവിയുടെ മനസ്സ്  നീറിത്തുടങ്ങി.വരാനിരിക്കുന്ന നാളെയുടെ വിരഹം ദേവിയെ വീര്‍പ്പുമുട്ടിച്ചു .


ഒരു ബ്ലോഗര്‍ ആയ ദേവിയുടെ  കഥകള്‍ക്ക് അഭിപ്രായം പറഞ്ഞുകൊണ്ടായിരുന്നു  അനന്തന്‍ എന്ന "അനിയന്‍ കുട്ടന്‍", ദേവി എന്ന "ഓപ്പോളുടെ"  മനസ്സിലേക്ക്   ചേക്കേറിയത്   .
ഒരക്കമുള്ള ദേവിയുടെ ഫോളോവേഴ്സ്  ലിസ്റ്റ് "അപ്ഗ്രേട്‌"   ചെയ്തു രണ്ടക്കത്തില്‍ എത്തിച്ചതും ഇതേ അനന്തന്‍ തന്നെ .എല്ലാം തികച്ചും സ്വാഭാവികം എന്നത് ദേവിയുടെ മനസ്സിന്‍റെ ഭാഷ്യം .


അന്നുവരെ ദേവിയുടെ പകലുകള്‍  വിരസവും ,രാത്രികള്‍ വരണ്ടതും ആയിരുന്നു .

കണ്മുന്‍പില്‍ കാണുന്നതെല്ലാം മൃഗത്രിഷ്ണകള്‍ ആണെന്ന് അറിയാമായിരുന്നിട്ടും ചില  ദിവസങ്ങളുടെ ഇടവേളകളിലെപ്പോഴോ അനന്തന്‍  "ഓപ്പോളുടെ"  പ്രിയപ്പെട്ട  "അനിയന്‍കുട്ടനായി "  മാറുകയായിരുന്നു,  "സൗഹൃദങ്ങളിലെ  തുല്യത"  പാടെ നിഷേധിച്ചു കൊണ്ട് .


നന്നായി കഥകള്‍ എഴുതിയിരുന്നു ദേവി .
ഒരു ബ്ലോഗ്ഗര്‍ ആയ തനിക്കും  ,തന്റെ കഥകള്‍ക്കും  കിട്ടാതെ പോകുന്ന അംഗീകാരങ്ങളെ  ഓര്‍ത്തു  ദേവിക്ക് എന്നുംനിരാശയായിരുന്നു. ഒഴിഞ്ഞു കിടക്കുന്ന കമന്റ്‌ ബോക്സ്‌ ,  ഒരക്കത്തില്‍ നിന്ന് ഒരു മാറ്റവുമില്ലാതെ  നില  നില്‍ക്കുന്ന ഫോളോവേഴ്സ്  ലിസ്റ്റ്........ ....അങ്ങനെ തീരെ നിസ്സാരമെന്നു മറ്റുള്ളവര്‍ക്ക് തോന്നുന്ന  പലതും കഴിഞ്ഞുപോയ ഓരോ രാത്രികളിലും ദേവിയുടെ ഉറക്കം കെടുത്തിയിരുന്നു .


  സൗഹൃദങ്ങള്‍ വളരെ കുറവായിരുന്നു ദേവിക്ക്.പ്രത്യേകിച്ചു പുരുഷ സൗഹൃദങ്ങള്‍


  പുരുഷന്‍റെ ഏതു സൗഹൃദവും   അവസാനിക്കുന്നത്  അവിഹിതമായ തലങ്ങളില്‍ ആണെന്നും ,സ്ത്രീയുടെ കാമുക സങ്കല്പം  രതിബന്ധത്തില്‍   മാത്രം ഒതുങ്ങുന്നതല്ല, എന്നും ഉള്ള വ്യക്തമായചില  കാഴ്ചപാടുകള്‍ ദേവിക്കുണ്ടായിരുന്നു.


അതുകൊണ്ടുതന്നെയാവണം   "ഓപ്പോള്‍ ","അനിയന്‍ കുട്ടന്‍"എന്ന അതിര്‍ വരമ്പുകള്‍ക്കിടയില്‍ താന്‍ എന്നും സുരക്ഷിതയാണെന്ന ഒരു ധാരണ ദേവി സ്വയം സൃഷ്ട്ടിച്ചെടുത്തത് .    
എന്നിരിക്കിലും അനന്തന്‍റെ     "ഓപ്പോളേ ................"
എന്ന  വിളികള്‍ക്കുവേണ്ടി പലപ്പോഴും ദേവി കാത്തിരുന്നു എന്നത് മറ്റൊരു സത്യം.

ഇന്ന് ദേവിയുടെ പകലുകള്‍ക്ക്  വിരസതയില്ല,രാത്രികള്‍ക്ക് വരള്‍ച്ചയും .
മഹി ഓഫീസിലേക്ക് പോയിക്കഴിഞ്ഞാല്‍,വിഷ്ണുമായയെ  സ്കൂളിലേക്ക് വിട്ടു കഴിഞ്ഞാല്‍ പിന്നെ ദേവിയുടെ ലോകം അനന്തമാണ്‌.
കൃത്യം ഒരു മണിക്കൂറിനുള്ളില്‍  വീട്ടു ജോലികളെല്ലാം തീര്‍ത്തിട്ടുണ്ടാവും  ദേവി .
പിന്നെ ഒരു ആവേശമാണ് ,ചാറ്റ് വിന്‍ഡോ ഓപ്പണ്‍ ചെയ്യും , ഇന്റെര്‍നെറ്റിന്റെ  അനന്ത വിഹായസ്സില്‍ എവിടെയെങ്കിലും ആ   വെളിച്ചം തെളിയുന്നുണ്ടോ എന്ന് കാത്തിരിക്കും ........
"ഓപ്പോളേ ........" എന്ന  "അക്ഷര"  വിളിക്ക് കണ്ണുംനട്ട്


ദേവിയിലെ മാറ്റങ്ങള്‍ മഹിയെ  വല്ലാതെ അത്ഭുതപ്പെടുത്തി .
വാക്കിലും ,നോക്കിലും ,പ്രവര്‍ത്തിയിലും ദേവിക്കാകെ മാറ്റം.
ദിനചര്യകള്‍ പോലും മാറിയിരിക്കൂന്നു .
എല്ലാക്കാര്യങ്ങള്‍ക്കും  ഒരിക്കലും കണ്ടിട്ടില്ലാത്ത ക്രിത്യനിഷ്ഠത,അടുക്കും ചിട്ടയും .
കിടപ്പറയില്‍ പോലും "അവള്‍" ആ പഴയ "വരണ്ട ദേവി" അല്ല എന്ന സത്യം മഹിക്ക് മനസ്സിലായി.


കഴിഞ്ഞ രാത്രി മഹി ദേവിയോട് ചോദിക്കുകപോലും ചെയ്തു
"എന്ത് പറ്റി ?എന്‍റെ ദേവിക്ക് ആ പഴയ പരിഭവം പറച്ചില്‍ ഒന്നും ഇല്ല .......വളരെ ഉത്സാഹവതി ആയിരിക്കുന്നു............"


ഉറങ്ങികിടന്ന വിഷ്ണുമായയെ മെല്ലെ   നീക്കി കിടത്തി മഹി തന്‍റെ   അടുത്തേക്ക് ചേര്‍ന്നു കിടന്നപ്പോള്‍ ദേവി വല്ലാതെ അസ്വസ്തയായി .
മഹിയുടെ നനുത്ത സ്പര്‍ശനങ്ങളേറ്റ്  കണ്ണുകള്‍ ഇറുകെ അടച്ചപ്പോള്‍ ,ഉള്ളില്‍ എങ്ങോ  ഉറങ്ങിക്കിടന്ന  "ഓപ്പോളേ............."എന്ന ആര്ദ്രതയാര്‍ന്ന വിളികളില്‍ ദേവി വിയര്‍ത്തു പോയി .
തന്‍റെ  നിശ്വാസത്തിന്‍റെ  തീവ്രത  മഹി തിരിച്ചറിയുമോ എന്ന ഉള്‍ഭയത്താല്‍  ദേവി   മഹിക്ക് കീഴടങ്ങിക്കൊണ്ടേയിരുന്നു .


മനസ്സിലെ ,സൗഹൃദങ്ങളുടെ നിര്‍വ്വചനങ്ങള്‍  തിരുത്തിയെഴുതിക്കൊണ്ടുള്ള ദേവിയുടെ ആദ്യത്തെ കീഴടങ്ങല്‍ ..........


 പകലുകള്‍ രാവിനും ,രാവുകള്‍ ആര്ദ്രതക്കും വഴിമാറിയ നിമിഷങ്ങള്‍ ........
അനന്തനുമായുള്ള ചാറ്റ് റൂമുകളില്‍ ദേവിയുടെ പകലുകള്‍ പൂക്കുകയും,വാടുകയും ,കൊഴിയുകയും ചെയ്തുകൊണ്ടിരുന്നു ....

അങ്ങനെ........ഏതോ ഒരു രാത്രിയുടെ അവസാന യാമത്തില്‍ വിഷ്ണുമായയെ ചേര്‍ത്തുപിടിച്ചു മഹിയോടൊപ്പം ദേവി ഉറങ്ങുമ്പോള്‍ ,അടുത്ത ദിവസം  "ഓപ്പോളി" നോട് "അനിയന്‍കുട്ടന്" പറയുവാനുള്ള  "അക്ഷരകൂട്ടങ്ങള്‍ "  മനസ്സില്‍ ഉരുവിട്ട് ഉറങ്ങാതെ കിടക്കുകയായിരുന്നു മഹി എന്ന മഹാദേവന്‍...............



Sunday, February 27, 2011

എന്‍റെ ആമി..........




ഞാന്‍ അസ്സ്ഹരുദ്ദീന്‍.


എല്ലാരും എന്നെ  "അസ്സു " ന്നാ വിളിക്കാറ്.

ഇത് കണ്ടോ കളിപ്പാട്ടങ്ങള്‍ .....ഇതെല്ലാം എന്‍റെ    ആമീടെ  കളിപ്പാട്ടങ്ങളാ  ,ന്‍റെ  കുഞ്ഞനിയത്തീന്‍റെ  .


"അസുവേ.....ആമിയെ  നോക്കിക്കോണേടാ.........."

"ഉം ................നോക്കുവാ  "

അതാരാന്ന്   നിങ്ങക്ക് അറിയാമോ?  ന്‍റെ  ഉമമിച്ചിയാ......

ഉമ്മിച്ചി എപ്പോഴും ഇങ്ങനാ .അടുക്കളെ നിക്കുമ്പോ ,പൂവാലീനെ കറക്കുമ്പോ ,ഉപ്പുപ്പാന്‍റെ   ദേഹം  ചൂടുവെള്ളം തൊട്ടു തുടക്കുമ്പോ ഒക്കെ ഉമ്മിച്ചി എന്നെ വിളിച്ചു പറയും.

"അസൂ....ആമീ അവിടെ ഒണ്ടോടാ  ,....നീ    നോക്കിക്കോണേടാ അവളെ .    ...... "
ഉമ്മിച്ചിക്ക്  ആയിരം കണ്ണാ അവള്‍ക്ക് ചുറ്റും ,അല്ലെങ്കി   വിളിയാ .....പാവം ന്‍റെ ഉമ്മിച്ചി .

ഞാന്‍ ഒന്നാംക്ലാസ്സില്‍  പഠിക്കുമ്പോളാ ആമീയെ ഉമ്മിച്ചി പ്രസവിച്ചത് .അന്നൊരു ഉത്സവമായിരുന്നു  ന്‍റെ വീട്ടില് .
ഷാര്‍ജേന്നു ഫോണ്‍ ചെയ്തപ്പോ വാപ്പിച്ചി എന്നോട് ചോദിച്ചു 
"നിനക്ക് ഇഷ്ട്ടപ്പെട്ടോ അസുക്കുട്ടാ..... കുഞ്ഞു വാവേനെ ...."

അന്ന് ആമി തീരെ കുഞ്ഞായിരുന്നില്ലേ...വെരലുകളൊക്കെ പഞ്ഞി പോലെ ....

"  വാവ ..കുഞ്.......ഞാ........വാപ്പിച്ചി  .....ചെറുത്‌ "

അന്ന്  ഞാന്‍ പറയുന്നത്  കേട്ട് ഫോണീക്കൂടെ   വാപ്പിച്ചി എന്തോരം ചിരിച്ചെന്നോ ....
അവള്‍ക്ക് "ആമിനാ  "ന്ന് പേരിട്ടത് ഉപ്പുപ്പായാ
"ആമീന്ന് വിളിച്ചത് ഉമമിച്ചിയും  .ഉമ്മിച്ചിക്ക് ഇഷ്ട്ടമുള്ള വല്യ ഒരു എഴുത്തുകാരീന്‍റെ പേരാത്രെ അത്.

"ന്‍റെ വാപ്പിച്ചി ഒരു ക്രിക്കറ്റ്  ഭ്രാന്തനല്ലേ  ...അതല്ലേ ന്‍റെ പേര് അസ്സ്ഹരുദീന്എന്ന്  ഇട്ടത് "   ഉപ്പുപ്പാ   പറയും .

പിന്നെ എപ്പോഴാ ആമി വളര്‍ന്നത്‌...............?

സ്കൂളില്‍ പോയ ആദ്യ ദിവസം ആമി എന്ത് കരച്ചിലായിരുന്നെന്നോ.അത് കണ്ട് ഞാന്‍ ചിരിച്ചപ്പോ ഉമ്മിച്ചി പറഞ്ഞു.

"നീയും ഇത് പോലെ ആയിരുന്നുട്ടോ .രണ്ടീസം കഴിയുമ്പോ കരച്ചിലൊക്കെ മാറിക്കോളും ".

 സ്കൂള്‍ വാനില്‍ ആമിയും  ഞാനും ഒരുമിച്ചാ   പോകാറ്‌.ഉമ്മിച്ചി പറഞ്ഞപോലെ കൊറച്ചു ദിവസം കഴിഞ്ഞപ്പോ ആമീടെ കരച്ചിലൊക്കെ മാറി .

ഉമമിച്ചിന്‍റെ വീട് അങ്ങ് ആലപ്പുഴയില് കായലോരത്താ .അവധിയൊക്കെ ഉള്ളപ്പോ ഞങ്ങളങ്ങോട്ട്‌ പോകും.
സാദിക്ക് മാമ കായലില്  ചൂണ്ടയിട്ടു കരിമീന്‍ പിടിക്കുമ്പോ ഞാനും ആമിയും കരയില് നോക്കിയിരിക്കും.
അപ്പോളും ഉമ്മിച്ചിന്‍റെവിളി  പതിവുപോലെ അടുക്കളേന്നു കേള്‍ക്കാം  


വാപ്പിച്ചിക്ക്  തിരുവനന്തപുരത്ത് ഒരു പ്രൈവറ്റ് കമ്പനിയില്ജോലി കിട്ടും വരെ ഞങ്ങള് ആലപ്പുഴേ ലായിരുന്നു .അന്ന് ഞാന്‍ ചെറിയ കുട്ടിയായിരുന്നു കേട്ടോ .
പിന്നെ വാപ്പിച്ചി ഷാര്ജയില്‍ ജോലികിട്ടി പോയപ്പോള്ന്‍റെ പഠിത്തം നല്ല സ്കൂളില്‍ത്തന്നെ വേണമെന്ന് പറഞ്ഞാത്രേ ഇവിടെ പുതിയ വീടൊക്കെ വെച്ച് താമസം തുടങ്ങിയത് .
പക്ഷെ എനിക്കും ആമിക്കും ഇഷ്ട്ടം ആലപ്പുഴയായിരുന്നു .അവിടേം  ഉണ്ടാരുന്നുട്ടോ,നല്ല സ്കൂളൊക്കെ .
കായലും ,വെള്ളോം,തെങ്ങിന്‍ തോപ്പും ഒക്കെ ഉള്ള ഉമമിച്ചിന്‍റെ ആ നാട് എന്നെക്കാളിഷ്ട്ടം ആമിക്കായിരുന്നു  .

"അസൂ .......നീ അവളെ നോക്ക്  ............. അവളവിടതന്നെ ഉണ്ടല്ലോ.....ല്ലേ ?"

നിങ്ങള് വിചാരിക്കും ഉമ്മിച്ചി എന്താ ഇങ്ങനേന്ന് .

ഞാനും  മുന്‍പ് അങ്ങനൊക്കെ വിചാരിച്ചിട്ടുണ്ട് കേട്ടോ .
പക്ഷെ ........ഇപ്പൊ ഉമ്മിച്ചിന്‍റെ  വിളി കേട്ടില്ലേല് എനിക്കുറക്കം വരില്ല .
എനിക്കെന്നല്ല .ഉപ്പുപ്പാനും,ഉമ്മുമ്മയ്ക്കും,,ഷാര്ജേലുള്ള ന്‍റെ വാപ്പിച്ചിക്കും ,എല്ലാര്‍ക്കും ...

ഇന്ന് ഞായറാഴചയാ  .നാളെ  പഠിത്തം ഉണ്ട് .സ്കൂളില്‍ പോകാന്‍ എനിക്ക് തോന്നണേയില്ല .

എത്ര  നോക്കിയതാണെന്നോ  ഞാന്‍  ന്‍റെ ആമീയെ  ....
  .......................പൊന്നു പോലെ അല്ലേ   കൊണ്ടുനടന്നത്  ....
എന്നിട്ട്...............

      തിങ്കളാഴ്ച .
 അന്ന് 
എനിക്ക്  പനിയായത് കൊണ്ട് ഉമ്മിച്ചിയാ പറഞ്ഞെ 

" അസ്സു ,സുഖമില്ലാണ്ടു നീ  ഇന്ന് സ്കൂളില്‍  പോകണ്ടാ ....."ന്ന്.

അപ്പോഴേക്കും ആമി ചിണുങ്ങി തുടങ്ങി .
"ഇക്കാക്ക ഇല്ലേ ഞാനും പോണില്ല ഉമ്മിച്ചി ...."
പുതപ്പിനടിയില്‍ പാതി ഉറക്കം നടിച്ചു കിടന്ന എനിക്ക് കേള്‍ക്കാമായിരുന്നു  ആമീടെ പരിഭവം.

പിന്നെ ഞാന്‍ ജന്നലീക്കൂടി  നോക്കുമ്പോള്‍ കള്ള ഉറക്കം മൂടിയഎന്‍റെ കണ്ണിലൂടെ ആമി സ്കൂള്‍ വാനിലേക്ക് കയറുന്നത് കണ്ടു.

പിന്നെ..........
പിന്നെ അവിടെ സംഭവിച്ചതെന്താണെന്ന് ഇപ്പോഴും എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല .
ആമിയെ വിട്ടിട്ടു ഉമ്മിച്ചി വീട്ടിലേക്കു കയറിയതെയുള്ളൂ  .റോഡിലെ ബഹളവും ഉമ്മിച്ചിയുടെ നിലവിളിയും കേട്ടാണ് ഞാന്‍ ഉമ്മറത്തേക്ക് വന്നത് .

അകത്തെ മുറിയില്‍ നിന്ന് ഉപ്പുപ്പ ചോദിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു .
" റബ്ബേ .......എന്താ പറ്റിയത്  .....മോനേ .............."
ഉമ്മിച്ചി അലമുറയിട്ടു റോഡിലേക്ക് ഓടുന്നു ,ഒന്നു മനസ്സിലാകാതെ  ഞാനും മുറ്റത്തേക്കിറങ്ങി   .റോഡിലാകെ  ആള്‍ക്കൂട്ടം ,നിലവിളി.....

തിരക്കിലെവിടെയോ  ഉമ്മിച്ചിടെ   " ആമി........ന്‍റെ പൊന്നു മോളേ.........." ന്ന  നിലവിളി ഞാന്‍ തിരിച്ചറിഞ്ഞു .

റോഡിന്‍റെ ഓരം ചേര്‍ന്ന്  വളരെ പഴക്കം ചെന്ന  ഒരു തോടുണ്ട് .നിറയെ വെള്ളോം പായലുമൊക്കെ നിറഞ്ഞിട്ട്‌.

ന്‍റെ ആമി പോയ ഞങ്ങടെ   സ്കൂള്‍ വാന്‍   തോട്ടി ലേക്ക് മറിഞ്ഞു മുങ്ങി താണുപോയി .
..........................................

റോഡരികില്‍  വാരിക്കൂട്ടിയിട്ടിരുന്ന പായല്‍ കൂട്ടങ്ങള്‍ക്കിടയില്‍  ന്‍റെ  ആമീടെ സ്കൂള്‍ ബാഗ് ഞാന്‍ കണ്ടു .......നനഞ്ഞു കുതിര്‍ന്ന്  ....................

അങ്ങനെ ഞങ്ങടെ ആമി എന്നേം ,ഉമ്മിച്ചിനേം ,വാപ്പിച്ചിനേം എല്ലാരേം വിട്ടു പോയി .

ന്‍റെ വാപ്പിച്ചി ഒരിക്കല്‍  പോലും ആമീയെ കണ്ടിട്ടില്ല .
വിവരം അറിഞ്ഞു വാപ്പിച്ചിക്ക് നാട്ടിലെത്താന്‍  കഴിഞ്ഞത് ഒരാഴ്ച കഴിഞ്ഞാണ് .
വീട്ടില്‍ വന്നദിവസം വാപ്പിച്ചി എന്നെ കെട്ടിപ്പിടിച്ചു എന്ത് കരഞ്ഞെന്നോ...?

"റബ്ബ് ഒരാളെയെങ്കിലും  ........... നിനക്ക് തന്നല്ലോ എന്ന് സമാധാനിക്കു മോനെ........"

ആരോ വാപ്പിച്ചിനെ ആശ്വസിപ്പിക്കുന്നത്  ഞാന്‍ കേട്ടു .

എന്നാലും ന്‍റെ ആമിയോളം ആകുമോ ഞാന്‍ ....

ആമിപോയശേഷം  ന്‍റെ ഉമ്മിച്ചി  ഒന്ന് ചിരിച്ച്‌ ഞാന്‍ കണ്ടിട്ടേയില്ല.... .
ആ ദിവസത്തിനു ശേഷം ഉമ്മിച്ചി കരഞ്ഞിട്ടുമില്ല .എപ്പോഴും ഒരേ ഇരിപ്പ് തന്നെ .
ഒന്നും കഴിക്കില്ല ,മിണ്ടില്ല .
സാദിക്ക് മാമ പറയും "മോന്‍ പറഞ്ഞ ഉമ്മിച്ചി മരുന്ന് കഴിക്കും ,മോന്‍ കൊടുത്ത ഉമ്മിച്ചി കഞ്ഞി കുടിക്കും"
അത് സത്യമാ
ഞാന്‍ പറയുമ്പോഴാ ഉമ്മിച്ചി വല്ലതും കഴിക്കുന്നെ.എന്നോടാ ഉമ്മിച്ചി എന്തെങ്ങിലും ഒന്ന് മിണ്ടുന്നേ .
ഇപ്പോഴും എന്നോട് പറയും
"നീ ആമീയെ നോക്കിക്കൊണേടാ ........."

............ഞാന്‍ ഒന്നും മിണ്ടാതെ ഉമമിച്ചീടെ അടുത്തിരിക്കും,

ഉമ്മിച്ചി ന്‍റെ തലയില്‍ തടവിത്തരും .
ചിലപ്പോള്‍ ,പണ്ട് ആമിയെ  ഉറക്കാറുള്ള പാട്ട്  പാടിക്കൊണ്ടേയിരിക്കും .

വാപ്പിച്ചി ഇന്നലേം ഷാര്ജേന്ന്   വിളിച്ചിരുന്നു
"ഉമ്മിച്ചി മരുന്ന് കഴിച്ചോ അസുക്കുട്ടാ....... "ന്നൊക്കെ ചോദിച്ചു.
ഫോണില്‍ക്കൂടി വാപ്പിച്ചി കരയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു .
എനിക്കും കരച്ചില്വന്നു
നാളെ  എനിക്ക് സ്കൂളില് പോകണം.സാദിക്ക് മാമായ ഇപ്പോള്‍  എന്നെ സ്കൂളില്‍ കൊണ്ട് വിടുന്നത് 
റോഡിന്‍റെ ഓരം ചേര്‍ന്ന്  മാമാടെ കൈ പിടിച്ചു പോകുമ്പോ ഞാന്‍ ഓരോന്ന് ചോദിക്കും 

" തോടിനുഒത്തിരി ആഴമുണ്ടോ മാമ?"
അപ്പോഴൊക്കെ സാദിക്ക് മാമ വേറെ എന്തെങ്കിലും വിഷയം എടുത്തിടും.

"സമയം  പോണ് ണ്ട്  ഒന്ന് പെട്ടെന്ന് നടക്കു അസൂട്ടിയെ ........." എന്ന് പറഞ്ഞു വേഗം നടക്കും .

ആമീയെ ആഴങ്ങളിലേക്ക് കൊണ്ടുപോയ  പുഴയുടെ ഭാഗത്ത്റോഡരികിലായി ഒരു മരമുണ്ട് .അതിന്‍റെവേരിലൂടെയാണ് റോഡിന്‍റെ ടാറിംഗ് .അതില്കയറിയാണത്രേ സ്കൂള്‍ വാന്‍ മറിഞ്ഞത് .

അവിടെ എത്തുംമ്പോള്‍ ഇപ്പോഴും സാദിക്ക് മാമാടെ വിരലുകള്‍ അറിയാതെ ന്‍റെ കൈയ്യില്മുറുക്കെ പിടിക്കും.

ഇതുപോലെ കൊണ്ട് നടന്നതാ ഞാന്‍ ന്‍റെ ആമിയേ.....ഇങ്ങനെ മുറുകെ പിടിച്ച് ......


നിങ്ങള് കളിപ്പാട്ടങ്ങള് കണ്ടോ ?
 ആന , ഒട്ടകം ,ബില്ഡിംഗ്ബ്ലോക്ക്സ് ഇതെല്ലാം ആമീടെ കളിപ്പാട്ടങ്ങളാ

ദാ ഇത് കണ്ടോ .... കാറ്റ് നെറച്ച ജിറാഫിനെ ...
കഴിഞ്ഞ പെരുന്നാളിന് വാപ്പച്ചി  കൊടുത്തു വിട്ടതാ,ആമിക്ക് .

ഇത് ആമി തന്നെയാ ഊതി വലുതാക്കിയെ .....ഇതിനുള്ളില് ആമിടെ ശ്വാസമാ......
........................

ഒക്കെ ഞാന്‍  അടുക്കി വെക്കുവാ .ഇനി ഇവരുടെകൂടെ  കളിക്കാന്‍ആമി ഇല്ലല്ലോ................കരയണ്ടാന്നു എത്ര പറഞ്ഞാലും എനിക്ക് സങ്കടം വരുവാ .


ഉമ്മിച്ചി ഇപ്പം എന്നെ വിളിക്കും
 മരുന്ന് കൊടുക്കണ്ടേ  ഉമ്മിച്ചിക്ക്..
ഇന്ന് ഇത് വരെ ന്‍റെ ഉമ്മിച്ചി ഒന്നും കഴിച്ചിട്ടില്ല .
..............................

അവളില്ലാതെ,ന്‍റെ ആമി ഇല്ലാതെ ഒരു രസോമില്ല .


അന്ന് ആമീയെ സ്കൂളില് വിടണ്ടായിരുന്നു ...................

ദിവസം എനിക്ക് തന്ന പനി , ന്‍റെ ആമിക്കും നീ കൊടുക്കാഞ്ഞതെന്താ റബ്ബേ ...........?.



Sunday, February 20, 2011

MALE / FEMALE

  
 

കുടുംബ സമേതം പ്രവാസി ജീവിതത്തിലേക്ക് ചേക്കേറിയ എന്റെ ഒരേ ഒരുസഹോദരന്‍ കഴിഞ്ഞ വര്ഷം ആദ്യമാണ് നാട്ടിലൊരു വീട് വാങ്ങിയത് .അതിന്റെ അറ്റകുറ്റ പണികള്
സംബധിച്ച് ഇല്ലാത്ത അവധി ഉണ്ടാക്കി സഹോദരന്‍‍ നാട്ടിലേക്ക് വരുന്ന ദിവസം.

സംഭവ  സ്ഥലം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം .

സ്വീകരനാര്ത്ഥം കാലാത്തു 6 :30 തിനു തന്നെ ഞങ്ങള്എയര്പോര്‍ ‍ട്ടില്എത്തിയിരുന്നു .അതിരാവിലെ ആയതു കൊണ്ടോ എന്തോ  തിരക്ക് നന്നേ കുറവായിരുന്നു.
പ്രിയപ്പെട്ടവരെ സ്വീകരിക്കാനും യാത്രയാക്കാനും  വന്നവരില്‍  പലരും ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാത്തവര്‍.

എല്ലാം പതിവ് കാഴ്ചകള്‍ .(സഹോദരന്റെ പെട്ടെന്നുള്ള വരവ് വര്ഷം തന്നെ ഇത് നാലാം തവണ,കാരണങ്ങള്പലതാണ് കേട്ടോ )
അവിടെ ഒന്നിന് പുറകെ ഒന്നായി ട്രോളികള്‍    നിരത്തിയിട്ടിട്ടുണ്ട്  (സത്യം പറയാമല്ലോ
ട്രോളികളെ ക്കുറിച്ചോര്ക്കുമ്പോള്വിഷമം  തോന്നാറുണ്ട് .എപ്പോഴും കിടപ്പ് തന്നെ .ഉത്സവത്തിനുള്ള എഴുന്നള്ളിപ്പ് കാത്തു കിടക്കുന്ന ആനകളുടെ അവസ്ഥ.പണ്ടാരോ പറഞ്ഞതുപോലെ,ആളിനെ വ്യക്തമായി ഓര്‍‍ ക്കുന്നില്ല, ആനയ്ക്ക് ഒന്നുമല്ലെങ്കില് ഓലതിന്നു പിണ്ടമെങ്കിലും ഇടാം.പാവം ട്രോളികള്‍‍ക്ക് അതിനും ഭാഗ്യമില്ല.വല്ലപ്പോഴും ചുമലില്‍‍ ഏറ്റുന്ന മുന്തിയ ഇനം ലഗ്ഗെജും ‍സ്വപ്നം കണ്ടു ഇതേ കിടപ്പ് തന്നെ)

ഫ്ലൈറ്റ് എത്തിച്ചേരുന്നു എന്ന അന്നൌന്സുമെന്റ്റ്  കേട്ട് തുടങ്ങി .മംഗലാപുരം വിമാന  അപകടം നടന്നിട്ട് (മണ്മറഞ്ഞു പോയവര്‍‍ ക്ക് ഓര്‍‍ ‍മ്മപ്പൂക്കള്‍ .............)ഒരാഴ്ചയേ ആയിട്ടുള്ളൂ.അതുകാരണം അനാവശ്യമായ ഒരു ഭയം മനസ്സിലുണ്ട് .ദുബായില്‌  നിന്നും ഇപ്പോള്‍ ‍ തന്നെ മൂന്നും രണ്ടും അഞ്ചു കാളുകള്‍ ‍ വന്നിട്ടുണ്ട് . സഹോദരന്റെ  ഭാര്യയുടെ  വക മൂന്നും .പിന്നെ എന്റെ അമ്മയുടെ വക  രണ്ടും .
പല കസേരകളും ഒഴിഞ്ഞു കിടക്കുന്നുണ്ട് .എല്ലാം ഒരുമാതിരി, സയാമീസ് ഇരട്ടകള്‍......,എന്ന് പറയാന്‍‍ പറ്റില്ല ,ഇവിടെ മൂന്നും നാലും കസേരകള്ഒന്നിനോടൊന്നു ഒട്ടിച്ചു വെച്ച അവസ്ഥ(രണ്ടാണെങ്കില്സയാമീസ് ഇരട്ടകള്പോലെ എന്ന് പറയാമായിരുന്നു. മൂന്നും,നാലും ഒക്കെ ഒട്ടിയിരിക്കുന്നതിനു ഇനി എന്താണാവോ പറയുക?.എന്തെങ്കിലും ആകട്ടെ...... )

.അങ്ങനെ മൂന്നെണ്ണം ഒട്ടിച്ചു വെച്ച  ഒന്നിന്റെ നടുക്കായി ഒഴിഞ്ഞു കിടന്ന ഒരു കസേരയില്ഞാന്സ്ഥാനം പിടിച്ചു .ഒരു വശത്ത്  ഒരു തരുണീ മണി .ഞാന്ഇരുന്നത് അത്ര ഇഷ്ട്ട പ്പെടാത്ത മട്ടാണ്(അത് പിന്നെ അങ്ങനെയല്ലേ വരൂ.അതിനും പണ്ടാരോ എന്തോ പറഞ്ഞിട്ടുണ്ട്.)മറുവശത്ത് ഒരു പുരുഷ കേസരി ,എന്നെ  ഒന്ന് നോക്കിയിട്ട് ആള്അഭിമാനപൂര്‍‍വം ഒന്ന് ഇളകിയിരുന്നു. (കാഴ്ചയില്വലിയ തരക്കേടില്ലാത്ത ഞാന്അല്ലെ അടുത്ത് ഇരുന്നത് , എന്റെ വിലയിരുത്തലാണ് കേട്ടോ. ദയവു ചെയ്തു സ്വയം പുകഴ്ത്തിയെന്നു  തെറ്റിദ്ധരിക്കരുത് ).ഏട്ടന്‍  അല്പ്പം ദൂരെ നിന്ന് ഇങ്ങോട്ട് തന്നെ ശ്രദ്ധിക്കുന്നുണ്ട് .സത്യത്തില്ഏട്ടന്റെ   നോട്ടം  എന്നിലേക്കല്ലായിരുന്നു  , പിന്നെയോ ഒരു ചെയര്‍‍ ഹാന്ഡില്ദൂരം എന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടില്ഇരിക്കുന്ന പുരുഷ കേസരിയിലായിരുന്നു.ഒരു മൊബൈല്‍  ഫോണില്കുത്തി കുത്തി മെസ്സേജ് അയക്കുന്ന തത്രപ്പാടിലാണ് എന്റെ അടുത്തിരിക്കുന്ന ആള്‍. പോകുന്ന മെസ്സേജ്നെക്കാള്വേഗത്തില്തിരിച്ചെത്തുന്ന മറുപടികളെ അറിയിക്കുന്ന മണിനാദം ഇടതടവില്ലാതെ മുഴങ്ങുന്നുണ്ട് .എന്തായാലും ഇത്ര സന്തോഷവാനായി ഇരുന്നു ഇത്രയും സമയം(അതും മെസ്സേജ് അയച്ച്...!) സ്വന്തം ഭാര്യക്ക് വേണ്ടി ചിലവഴിക്കാന്മാത്രം അത്ര "അരസികന്‍ " ആണ് സഹ ഇരിപ്പ് കാരനെന്നു എനിക്ക് തോന്നിയില്ല .
(ഭാര്യക്ക്എസ്‌.എം .എസ്‌  അയച്ചു  സമയം ചിലവഴിക്കുന്ന  ഭര്ത്താക്കന്മാര്ക്ക് ഫീല്ചെയ്തെങ്കില്‍  എന്നോട്  ക്ഷമിക്കണേ .....ഞാന്ഒന്നും ഉദ്ദേശിച്ചു എഴുതിയതല്ല..... )


ഒഴിഞ്ഞു  കിടന്ന പല കസേരകള്ഉണ്ടായിരുന്നിട്ടും ഞാന്അവിടെത്തന്നെ ഇരിപ്പുറപ്പിച്ചതിനു പിന്നില്‍  മറ്റൊരു കാരണം ഉണ്ടായിരുന്നു.‍ ചെക്കിംഗ് ക്ളിയരെന്സ് കഴിഞ്ഞു വരുന്നവരെ അവിടെ ഇരുന്നാല് പെട്ടെന്ന് കാണാം മാത്രമല്ല ഫ്ലൈറ്റ് എത്തിച്ചേരുന്നതും,പുറപ്പെടുന്നതും   മറ്റും വിവരങ്ങള്മിന്നിമറയുന്ന സ്ക്രീന്തൊട്ടു മുന്പിലും .ഓരോ അറിയിപ്പുകള്‍ സ്ക്രീനില്‍ തെളിയുന്നുണ്ട് .ഇടക്കെപ്പോഴോ ഒരു വിമാനത്തിന്റെ വരവ്അറിയിച്ചു മിന്നി മറഞ്ഞ  ചില വിവരങ്ങള്‍  ഞാന്വായിച്ചു .
Air   India     Male  .......

ഈശ്വരാ ഇതെന്താണ്?

Male  . വീണ്ടും ഞാന്വായിച്ചു നോക്കി .സ്പെല്ലിംഗ് തെറ്റിയിട്ടില്ല  "Male " തന്നെ .
എന്റെ അറിവില്‍ ‍രണ്ടു "മെയില്‍ " മാത്രമാണുള്ളത് ഒന്ന്  MALE  മറ്റൊന്ന് MAIL . ഇതില്ആദ്യത്തെ  "മെയില്‍ "ആണ് വിശാലമായ സ്ക്രീനില്മിന്നി മറയുന്നത്.എന്റെ ഇന്നോളമുള്ള ജീവിതത്തില്ഇന്നേവരെ  ഉള്ള അറിവുവെച്ച് ജന്തു ജീവജാലങ്ങള്ക്കാണ്  ഇങ്ങനെയൊരു Male  , Female   വേര്‍ ‍തിരിവ് .ഇതെന്താണ് വിമാനങ്ങള്ക്കും ഇങ്ങനെ വല്ലതും ?(ടെക്നോളജി വികസിക്കുകയല്ലേ എന്തുസംഭവിക്കാം....!!!!)

എന്നാലും..........

ദാ വീണ്ടും ..വരുന്നു
Air Arabia    Male

അടുത്തത്
Emirates         Female     എന്നായിരിക്കും......

പക്ഷെ എഴുതിക്കാണിച്ചു കൊണ്ടിരിക്കുന്നതെല്ലാം പുരുഷ മേധാവിത്തം വിളിച്ചോതുന്നവ ആയിരുന്നു.എന്റെ സംശയം മറ്റൊന്നായി . ഇനി പുരുഷന്മാര്ക്കുവേണ്ടി  പ്രത്യേക വിമാന സര്വീസ് തുടങ്ങിയതാവുമോ? ലേഡീസ് ഒണ്ലി   ബസ്സ്പോലെ .മിക്കവാറും അത് ആകാനാണ് സാധ്യത .പക്ഷെ വീട്ടില്
വരുത്തുന്നത്  രണ്ടു   പത്രങ്ങള്‍  ഒന്ന്  മലയാളം ,പിന്നെ   കുട്ടികള്‍(ഞാനും...)  വായിക്കുമെന്ന  പ്രതീക്ഷയില്‍  വരുത്തുന്ന  ഒരു  ആംഗലേയ  ഭാഷ   പത്രം, .ന്യൂസ്‌  ചാനല്സ്   വേണ്ടുവോളംകൂടാതെ വിവരങ്ങള്‍  അറിയാന്‍   എന്തെല്ലാം  ഉപാധികള്‍  .എന്നിട്ടും ഇങ്ങനെ ഒരു  ന്യൂസ്‌  ഇത്  വരെ  കേട്ടതേ  ഇല്ലല്ലോ .എയര്‍  ഇന്ത്യ  നഷ്ട്ടത്തിലാണെന്നും  പറയുന്നു
.
ദാ   വീണ്ടും  അടുത്തത്

Dubai Air Arabia male
അതും male

എന്തെങ്ങിലും  ആകട്ടെ  .എങ്കിലും    സംശയം  വിട്ടു  കളയാനും വയ്യ .ഏട്ടനോട് ചോദിച്ചാലോ? അങ്ങനെ  വിചാരിച്ചതും  എന്റെ  തൊട്ടടുത്തിരുന്ന  ആള്‍  എഴുന്നേറ്റു  പോയതും  ഒരേ  സമയം .എവിടെ  നിന്നെന്ന്  അറിയില്ല  ഏട്ടന്‍  വന്ന്  സീറ്റില്  ഇരുന്നു .(മന്ത്രി  കസേരക്ക്   ഇത്രയും വെയിറ്റ്   കാണുമോ  ആവോ ?)
സീറ്റ്‌  ഒഴിഞ്ഞു  പോയ    പുരുഷ  കേസരിയെ  ഏട്ടന്‍ ‍  അന്ഗോപാന്ഗം  ഒന്ന്
ഉഴിഞ്ഞു  വിടുന്നതും  ഇതിനിടയില്‍  ഞാന്‍   കണ്ടു .
അത്  പോട്ടെ
എന്തായാലും  എന്റെ  ഡൌട്ട്  ക്ലിയര്‍  ചെയ്യണമല്ലോ

അതെ  ഏട്ടാ   ഇതെന്താ     Air India Male.. Air Arabia Male….
ഒരല്പം  ഉറക്കെ  തന്നെയാണ് ഞാനത്  ചോദിച്ചത് .ഏട്ടന്റെ  ഉത്തരത്തിനു  വേണ്ടി  വളരെ ആകാംഷാപൂര്വ്വം   കാതോരത്തിരുന്ന  എന്നോട്  വളരെ  സ്വകാര്യം  പോലെ ,അതിലുപരി  ഒരു   ശാസനയുടെ  സ്വരത്തില്‍  ഏട്ടന്‍  പറഞ്ഞു
അപ്പുറത്തിരിക്കുന്നവര്‍  കേള്ക്കണ്ടാ  ,ഒന്ന്  പതുക്കെ  പറ …..”
എനിക്കാകെ  വല്ലായ്മ   തോന്നി .ഇത്രയ്ക്കു  ശാസിക്കാന്‍  ഞാന്‍   സഭ്യതയുടെ  അതിര്ലങ്ഘിച്ചു  ഒരു  വാക്ക്  പോലും  പറഞ്ഞില്ലല്ലോ.
ഇനി  എന്റെ  ചോദ്യത്തിന്   ഏട്ടന്‍   നല്കിയ  മറുപടി  ഇവിടെ  ചേര്ക്കാം

Air India     മാലി (Male)
Air Arabia   മാലി (male)
ചെക്കിംഗ് ക്ളിയരെന്സ് കഴിഞ്ഞു  അധികം  താമസിയാതെ  സഹോദരന്വന്നു  , ഞങള്‍  വീട്ടിലേക്കു  പോയി  അത്  വേറെ  കാര്യം .
ഒരു   ആനയെ  നോക്കിയ   ക്ഷീണം മാറിയിട്ടില്ലാത്ത എനിക്ക്
ഓര്ക്കാപ്പുറത്തുള്ളതായിരുന്നു
  “Male”  അറ്റാക്ക്
 
കുറിപ്പ്  Maldives ന്റെ തലസ്ഥാനം ആണ് Male . (അവിടെയാണത്രേ Male International Airport (MLE) .വേറെ ചുരുക്കപ്പേരുകള്‍   ഒന്നും ഇവര്ക്ക് കിട്ടിയില്ലേ .....?  ചുമ്മാ  മനുഷ്യനെ  നാണം  കെടുത്താന്‍.അല്ല  പിന്നെ